റിഷാദ്. എം, ഖുദ്ദാമുല്‍ അഹ്‍മദിയ്യാ കേരള പ്രസിഡന്‍റ്
സെപ്റ്റംബര്‍ 27-28 2025-ന് ഖുദ്ദാമുൽ അഹ്‌മദിയ്യാ (അഹ്‍മദിയ്യാ യുവജനസംഘടന) കേരളയും, നൂറുൽ ഇസ്‌ലാം, ദഅ്‌വത്തെ ഇലല്ലാഹ് എന്നീ വകുപ്പുകളും സംയുക്തമായി Into the Woods എന്ന പേരില്‍ വയനാട്ടിലെ കോസി കാസ റിസോര്‍ട്ടില്‍ വച്ച് യുവാക്കള്‍ക്കായി ഒരു ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. രണ്ടാം വട്ടമാണ് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് Into the Woods എന്ന പേരില്‍ യുവാക്കള്‍ക്കായുള്ള ഈ ആത്മീയ സൗഹൃദ സംഗമം നടത്തുന്നത്. ക്യാമ്പില്‍ കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്ന് അമ്പതില്‍ പരം ഖുദ്ദാം സഹോദരന്മാര്‍ പങ്കെടുത്തു.
യുവാക്കൾ ഒത്തൊരുമിച്ചു കൊണ്ട് പ്രാർഥനയിൽ മുഴുകുകയും പാനൽ ചർച്ചകളിലും സംശയ നിവാരണ സെഷനുകളിലും പങ്കെടുക്കുകയും ചെയ്‌തു. ഇസ്‌ലാമിൽ വ്യായാമത്തിന്‍റെയും കായികവിനോദങ്ങളുടെയും പ്രാധാന്യം ഉണർത്തിക്കൊണ്ട് പൂൾ ഗെയിംസും, ലഹരിവിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ട് ട്രെക്കിങ്ങും ക്യാമ്പിന്‍റെ ഭാഗമായി നടത്തപ്പെട്ടു.
തങ്ങളുടെ ജീവിതലക്ഷ്യം തിരിച്ചറിയുന്നതിനും അത് സ്വായത്തമാക്കുന്നതിനും, ആത്മീയതയുടെയും യുക്തിചിന്തയുടെയും പാതയില്‍ സഞ്ചരിക്കേണ്ടതിന്‍റെ പ്രാധാന്യം യുവാക്കള്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ രണ്ട് ദിവസം നീണ്ടു നിന്ന ഈ പരിപാടി മൂലം സാധിച്ചു.
ക്യാമ്പിന്‍റെ ഒന്നാം ദിവസം “Beyond the Horizon” എന്ന പേരിൽ നടന്ന പാനൽ ചർച്ചയിൽ ജാമിഅ അഹ്‍മദിയ്യാ (അഹ്‍മദിയ്യാ തിയോളജിക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) എപ്രകാരം ജ്ഞാനത്തിലൂടെയും സേവനത്തിലൂടെയും ത്യാഗത്തിലൂടെയും ഒരു പുതിയ ലോകം സൃഷ്ടിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് മൗലവി ശബീല്‍ അഹ്‍മദ് സാഹിബ് യുവാക്കളെ അഭിസംബോധന ചെയ്തു. കൂടാതെ, നേതൃപാടവം, ബിസിനസ്സ്, ശാസ്ത്ര സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ വിഷയങ്ങളിലും ഇതേ സെഷന്‍റെ ഭാഗമായി വിദഗ്ധര്‍ സംസാരിച്ചു. ആത്മീയതയും ഭൗതികതയും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാമെന്നും, ആത്മീയതക്ക് ഭൗതികതയുടെ മേൽ നല്കേണ്ട പ്രാധാന്യം എന്താണെന്നും വിശദീകരിക്കുന്നതായിരുന്നു ഈ പരിപാടി.
“Tableegh in the Age of Technology” എന്ന സെഷനില്‍, സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ, ഇസ്‌ലാമിന്‍റെ ശരിയായ സന്ദേശം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിന് ഇന്‍റർനെറ്റിന്‍റെ സാധ്യതകൾ എങ്ങനെ ഉപയോഗിക്കാമെന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ ഔട്ട്‌റീച്ച് കോര്‍ഡിനേറ്ററായ പി. ഒ. താഹിര്‍ അഹ്‍മദ് ക്ലാസ്സെടുത്തു. ജമാഅത്തിന്‍റെ വിവിധ ഓൺലൈന്‍ ഔട്ട്‌റീച്ച് പ്ലാറ്റ്ഫോമുകളെ അദ്ദേഹം തന്‍റെ സംസാരത്തില്‍ യുവാക്കള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
തുടർന്ന് നടന്ന “Talk It Out” സെഷൻ ഒരു തുറന്ന സംവാദത്തിന് വേദി ഒരുക്കുകയും, ക്യാമ്പിൽ പങ്കെടുത്തുവർക്ക് തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമുള്ള അവസരം നല്കുകയും ചെയ്‌തു.
ആഗോള അഹ്‍മദിയ്യാ ഖലീഫയുടെ സ്ത്രീകളെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള തത്സമയ പ്രഭാഷണം പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് ആദ്യ ദിവസത്തെ പരിപാടികള്‍ സമാപിച്ചത്.
സുബ്ഹി നമസ്ക്കാരത്തോട് കൂടി ആരംഭിച്ച രണ്ടാം ദിനത്തിൽ “Trekking Against Drugs” എന്ന പേരിൽ നടത്തിയ ട്രെക്കിംഗ് ആയിരുന്നു പ്രധാന ആകർഷണം. ലഹരിക്കെതിരിൽ യുവാക്കളിൽ അവബോധം വളർത്തിയെടുക്കുകയും കായികവിനോദങ്ങളിലും വ്യായാമങ്ങളിലും മുഴുകുന്നതിന്‍റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
തുടര്‍ന്ന്, “Personal Journey of Faith” എന്ന ഹൃദയസ്പർശിയായ സെഷനോട് കൂടി ക്യാമ്പ് അവസാനിച്ചു. നാല് നവ അഹ്‌മദി യുവാക്കൾ തങ്ങളുടെ അഹ്‍മദിയ്യാ ജമാഅത്തിലേക്കുള്ള വിശ്വാസയാത്രയെ സംബന്ധിച്ച് ശ്രോതാക്കളുമായി പങ്കുവെച്ചു. അവരുടെ ധീരവും ത്യാഗസജ്ജമായ ജീവിതവും ഖിലാഫത്തിനോടുള്ള ആഴമേറിയ സ്നേഹവും മറ്റു അഹ്‌മദി യുവാക്കൾക്ക് പ്രചോദനം നല്കുന്നവയായിരുന്നു. അവരുടെ അനുഭവകഥകൾ ഓരോ യുവാക്കൾക്കും തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ തിരിച്ചറിയാനും ദൈവത്തോട് നന്ദി പ്രകടിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം സ്‌മരിക്കാനും വേദിയൊരുക്കുകയുണ്ടായി.
അല്ലാഹുവുമായി സ്നേഹം ഊട്ടിയുറപ്പിക്കുക, ഖിലാഫത്തുമായി ദൃഢമായ ബന്ധം സ്ഥാപിക്കുക, വാഗ്ദത്ത മസീഹ്(അ) നമുക്ക് നല്കിയ ജ്ഞാനനിധികളെപ്പറ്റി യുവാക്കളെ ബോധവാന്മാരാക്കുക എന്നിവയായിരുന്നു ഈ ക്യാമ്പ് സംഘടിപ്പിച്ചതിന്‍റെ പ്രധാന ഉദ്ദേശ്യം. പങ്കെടുത്തവര്‍ക്ക് ആത്മീയമായ ഒരു നവോന്മേഷം പ്രദാനം ചെയ്യാനും അവരെ വൈജ്ഞാനികമായും വൈകാരികമായും ഉണർത്താനും ക്യാമ്പിന് സാധിച്ചു. ക്യാമ്പിൽ ലഭിച്ച അനുഭവങ്ങൾ തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികരൂപത്തിൽ കൊണ്ടുവരുമെന്ന ദൃഢനിശ്ചയത്തിലാണ് പലരും അവിടെ നിന്ന് മടങ്ങിയത്.
വെറുമൊരു ക്യാമ്പ് എന്നതില്‍ ഉപരി Into the Woods 2.0, വിശ്വാസത്തെയും യുക്തിബോധത്തെയും ദൃഢപ്പെടുത്തിയ, യുവാക്കളില്‍ പരസ്പര സഹോദര്യവും ഐക്യവും ഉണര്‍ത്തിയ ഒരു ജീവിതയാത്രയായി പരിണമിക്കുകയുണ്ടായി.

0 Comments