ഒരു ആമുഖം
അവസാനനാളില്‍ അവതരിക്കും എന്ന് പ്രവാചകന്‍(സ) പ്രവചിച്ച വാഗ്ദത്ത മസീഹും ഇമാം മഹ്ദിയും ആഗാതരായി എന്ന് വിശ്വസിക്കുന്ന മുസ്‌ലിങ്ങളിലെ ഒരു വിഭാഗമാണ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത്. 1889ലാണ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് സ്ഥാപിതമാകുന്നത്. ആഗോള തലത്തില്‍ ഒരു ഖലീഫയുടെ ആത്മീയനേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക മുസ്‌ലിം സമുദായമാണ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത്. ഇന്ന് 200ല്‍ പരം രാജ്യങ്ങളില്‍ സ്ഥാപിതമായിക്കഴിഞ്ഞ അഹ്മദിയ്യ ജമാഅത്തില്‍ ഒരു കോടിയിലധികം അംഗങ്ങളുണ്ട്.
1889ല്‍ ലുധിയാനയില്‍ വച്ച് നടന്ന ഒരു ബൈഅത്ത് (അനുസരണപ്രതിജ്ഞ) ചടങ്ങിലൂടെയാണ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ഔദ്യോഗിക ശിലാസ്ഥാപനം നടക്കുന്നത്. ദൈവാരാധനയ്ക്കും മാനിവകസേവനത്തിനും വേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കാന്‍ തയ്യാറുള്ള മുസ്‌ലിങ്ങള്‍ തന്റെ കയ്യില്‍ ഒരുമിക്കണമെന്ന ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ്(അ)ന്റെ ഒരു ആഹ്വാനത്തിന്റെ ഫലമായിരുന്നു ഈ ബൈഅത്ത് ചടങ്ങ്. എന്നിരുന്നാലും, അതിന്റെ ചരിത്രവേരുകള്‍ക്കപ്പുറം അഹ്മദിയ്യത്തിന്റെ യഥാര്‍ത്ഥ ഉത്ഭവം ദൈവികമായ പദ്ധതിയുടെ ഭാഗമാണെന്ന് നമുക്ക് കാണാന്‍ സാധിക്കും.
ഇസ്‌ലാം നാമമാത്രമായി അവശേഷിക്കുകയും വിശുദ്ധ ഖുര്‍ആന്‍ അതിന്റെ ലിപികളില്‍ മാത്രം നിലനില്‍ക്കുകയും ചെയ്യുന്ന ഒരു കാലം വരുമെന്ന് ഹദ്രത്ത് മുഹമ്മദ്(സ) പ്രവചിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഓരോ നൂറ്റാണ്ടിലും അല്ലാഹു ആത്മീയ പരിഷ്കര്‍ത്താക്കളെ നിയോഗിക്കും എന്ന വാഗ്ദാനം നിലനില്‍ക്കെ തന്നെ സംഭവിക്കേണ്ട ഒരു കാര്യമായിരുന്നു ഇത്. ഈ ആത്മീയ പരിഷ്കര്‍ത്താക്കളിലൂടെ പരിപൂര്‍ണമായ ഒരു അധപതനത്തില്‍ നിന്നും ഇസ്‌ലാം സംരക്ഷിക്കപ്പെടുമെങ്കിലും ഇസ്‌ലാമിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ വിധത്തില്‍ അതിന്റെ ആശയങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നതും അതിന്റെ ആദര്‍ശങ്ങള്‍ വികലമാക്കപ്പെടുന്നതുമായ ഒരു കാലം അനിവാര്യമാണ് എന്നതാണ് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
എന്നാല്‍, ഇസ്‌ലാമിന്റെ പുനരുജ്ജീവനത്തിനായി അവസാനകാലത്ത് ആഗാതനാകാനുള്ള ഒരു മഹാനായ പരിഷ്കര്‍ത്താവിനെ സംബന്ധിച്ചും പ്രവാചകന്‍(സ) പ്രവചിച്ചിരുന്നു. ‘മസീഹ്’, ‘ഇമാം മഹ്ദി’ എന്നീ നാമങ്ങളാല്‍ പ്രവാചകന്‍(സ) പരിചയപ്പെടുത്തിയ ഈ പരിഷ്കര്‍ത്താവ് ഇസ്‌ലാമിനെ ആന്തരികമായ നവീകരണങ്ങളില്‍ നിന്ന് മുക്തമാക്കുകയും ബാഹ്യമായ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതായിരിക്കും. അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വന്ദ്യസ്ഥാപകന്‍ ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ്(അ) താന്‍ ആ വാഗ്ദത്ത പരിഷ്കര്‍ത്താവാണെന്ന് വാദിക്കുകയും ആയതിനാല്‍, ഈ യുഗത്തില്‍ ആരെങ്കിലും യഥാര്‍ത്ഥ ഇസ്‌ലാം മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് തന്നെ പിന്‍പറ്റുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് അവകാശപ്പെടുകയും ചെയ്തു.
തന്റെ ആഗമനോദ്ദേശ്യം വിവരിച്ചുകൊണ്ട് ഹദ്രത്ത് അഹ്മദ്(അ) അരുള്‍ ചെയ്യുന്നു:
“മനുഷ്യനും അവന്റെ സൃഷ്ടാവിനുമിടയില്‍ രൂപപ്പെട്ടിട്ടുള്ള അകല്‍ച്ച ദൂരീകരിക്കുകയും മനുഷ്യനും ദൈവത്തിനുമിടയില്‍ ആത്മാര്‍ഥമായ സ്നേഹബന്ധം പുനസ്ഥാപിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ദൈവം എന്നില്‍ അര്‍പ്പിച്ചിട്ടുള്ളത്.”
ഇതിന്റെ അടിസ്ഥാനത്തില്‍ 1889 മാര്‍ച്ച് 23ന് ദൈവിക നിര്‍ദേശപ്രകാരം വാഗ്ദത്ത മസീഹ്(അ) അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന് തുടക്കം കുറിക്കുകയും, ദൈവത്തിനോടും അവന്റെ സൃഷ്ടികളോടുമുള്ള കടമകള്‍ നിറവേറ്റുന്നതിനായി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുന്നു എന്ന്‍ പ്രതിജ്ഞ ചെയ്തുകൊണ്ട് ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ബൈഅത്ത് ചെയ്യുകയും ചെയ്തു.
1908ല്‍ വാഗ്ദത്ത മസീഹിന്റെ വിയോഗാനന്തരം ആത്മീയ നേതൃത്വസംവിധാനമായ ഖിലാഫത്തിലൂടെ അഹ്മദിയ്യത്ത് പുരോഗമിച്ച് വരുന്നു. ഹദ്രത്ത് അഹ്മദ്(അ)ന്റെ മരണശേഷം അഞ്ച് ഖലീഫമാര്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായി. ഇന്ന് അഞ്ചാം ഖലീഫ ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു)ന്റെ ഖിലാഫത്ത് കാലഘട്ടത്തിലൂടെയാണ് ജമാഅത്ത് കടന്ന് പോകുന്നത്.
അഹ്മദിയ്യത്ത് എന്നത് ഇസ്‌ലാമില്‍ തന്നെയുള്ള ഒരു നവോത്ഥാന പ്രസ്ഥാനമാണ്. ആയതിനാല്‍, ആറ് ഈമാന്‍ കാര്യങ്ങളും അഞ്ച് ഇസ്‌ലാം കാര്യങ്ങളും അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വിശ്വാസാദര്‍ശങ്ങളുടെ അടിസ്ഥാനമാണ്. മുഹമ്മദ് നബി(സ)ന് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ ആണ് അഹ്മദി മുസ്‌ലിങ്ങളുടെ പരിശുദ്ധ ഗ്രന്ഥം. വിശുദ്ധ ഖുര്‍ആന്‍ പരിപൂര്‍ണമാണെന്നും അതില്‍ യാതൊരു ഭേതഗതിയുടെയോ നവീകരണത്തിന്റെയോ ആവശ്യമില്ല എന്നും അഹ്മദികള്‍ അടിയുറച്ച് വിശ്വസിക്കുന്നു. ഹദ്രത്ത് മുഹമ്മദ് മുസ്തഫ(സ)മാണ് അഹ്മദികളുടെ വിശുദ്ധ പ്രവാചകന്‍. നബി(സ) എല്ലാ പ്രവാചകന്മാരിലും ശ്രേഷ്ഠനാണെന്നും അവസാന ശരീഅത്തീ പ്രവാചകനാണെന്നും പ്രവാചകന്മാരുടെ മുദ്രയാണെന്നും അഹ്മദികള്‍ വിശ്വസിക്കുന്നു. കൂടാതെ, അഹ്മദികള്‍ സുന്നത്തും (നബിചര്യ) ഹദീസും (മുഹമ്മദ് നബിയുടെ വാക്കുകളും പ്രവൃത്തികളും അടങ്ങുന്ന നിവേദനങ്ങള്‍) അംഗീകരിക്കുന്നു. എന്നാല്‍, ഇവ രണ്ടിന്മേലും വിശുദ്ധ ഖുര്‍ആന് മേല്‍ക്കോയ്മയുണ്ടെന്ന് അഹ്മദികള്‍ വിശ്വസിക്കുന്നു. പ്രവാചകന്റെ വിയോഗത്തിന് ശേഷം ഇസ്‌ലാമിന്റെ നേതൃത്വം വഹിച്ച നാല് ഖുലഫാഉര്‍റാശിദുകളെയും അഹ്മദി മുസ്‌ലിങ്ങള്‍ അംഗീകരിക്കുന്നു.
ഇവയ്ക്ക് പുറമെ, ഇസ്‌ലാമികാധ്യാപനങ്ങളുടെ ശക്തമായ അടിസ്ഥാനത്തില്‍ മുഖ്യധാരാ മുസ്‌ലിങ്ങളുടെ കാഴ്ചപ്പടുകള്‍ക്ക് എതിരായി പല ആശയങ്ങളും അഹ്മദികള്‍ പിന്തുടരുന്നു. അവയില്‍ ചിലത് താഴെ പറയുന്നവയാണ്:
“ഒരു ദൈവിക മുന്നറിയിപ്പ്കാരന്‍ വന്നുകഴിഞ്ഞിട്ടില്ലാത്ത ഒരു സമുദായവുമില്ല” എന്ന ഖുര്‍ആനിക പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ എല്ലാ മതങ്ങളും ദൈവത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും, അവയില്‍ ഇന്ന് നാം കാണുന്ന തെറ്റായ ആശയങ്ങള്‍ പിന്നീട് അതില്‍ വന്നുകൂടിയതാണ് എന്നുമാണ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വിശ്വാസം. ഈ മതങ്ങളുടെയെല്ലാം സ്ഥാപകര്‍ സത്യസന്ധരും ദൈവത്തിന്റെ പ്രതിനിധികളായി ഭൂമിയില്‍ അവതരിച്ചവര്‍ ആണെന്നും അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് വിശ്വസിക്കുന്നു. വാഗ്ദത്ത മസീഹ്(അ) അരുള്‍ ചെയ്യുന്നു:
“ദൈവത്തില്‍ നിന്ന് അവതരിച്ചതാണെന്ന് വ്യക്തമായി വാദിക്കുകയും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് കെട്ടിച്ചമക്കപ്പെട്ടതായിരിക്കുകയും, ജനങ്ങള്‍ ഒരു നീണ്ടകാലം അതിനെ ആദരിക്കുകയും ചെയ്തതായി ഒരൊറ്റ ഗ്രന്ഥം പോലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഒരു ദൈവിക ഗ്രന്ഥം തെറ്റിദ്ധരിപ്പെടുക എന്നത് സംഭവ്യമാണ്.”
ആയതിനാല്‍, സോറോസ്റ്റര്‍, അബ്രഹാം, മോസസ്, യേശു, കൃഷ്ണന്‍, ബുദ്ധന്‍, കണ്‍ഫ്യുഷസ്, ലാവോസി, ഗുരു നാനക്ക് എന്നിവരുള്‍പ്പെടെയുള്ള മതസ്ഥാപകര്‍ യഥാര്‍ത്ഥ ദൈവത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചവരാണെന്നും അവരുടെയെല്ലാം അദ്ധ്യാപനങ്ങള്‍ ഇസ്‌ലാമില്‍ സമ്മേളിക്കുന്നു എന്നും അഹ്മദികള്‍ അടിയുറച്ച് വിശ്വസിക്കുന്നു.
വിശുദ്ധ ഖുര്‍ആന്റെയും നബിവചനങ്ങളുടെയും അടിസ്ഥാനത്തില്‍ മൂന്ന് തരം ജിഹാദുകളെ സംബന്ധിച്ച് നമുക്ക് വിവരം ലഭിക്കുന്നു. അതില്‍ ജിഹാദെ അക്ബര്‍ അഥവാ ഏറ്റവും വലിയ ജിഹാദ് എന്നത് ഒരു വ്യക്തി തന്റെ ദേഹേച്ഛകള്‍ക്കും സ്വാര്‍ത്ഥമായ ആഗ്രഹങ്ങള്‍ക്കും എതിരെ നടത്തുന്ന പോരാട്ടമാണ്. ജിഹാദെ കബീര്‍ അഥവാ വലിയ ജിഹാദ് എന്നത് ഇസ്‌ലാമിന്റെ സമാധാനപരമായ സന്ദേശം പ്രചരിപ്പിക്കുക എന്നതാകുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പേന കൊണ്ടുള്ള ജിഹാദ് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് അഹ്മദികള്‍ വിശ്വസിക്കുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ അതികഠിനമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ പ്രതിരോധത്തിനായി മാത്രം ഒരു ആത്മീയ നേതൃത്വത്തിന്റെ പിന്നില്‍ അണിനിരന്ന് കൊണ്ട് നടത്തുന്ന സായുധ പോരാട്ടം ഇസ്‌ലാമികമായി അറിയപ്പെടുന്നത് ജിഹാദെ അസ്ഗര്‍ അഥവാ ഏറ്റവും ചെറിയ ജിഹാദ് എന്നാണ്. ഇക്കാലഘട്ടത്തില്‍ ഇസ്‌ലാം സൈനികപരമായി ആക്രമിക്കപ്പെടാതിരിക്കുകയും എന്നാല്‍ മീഡിയയിലൂടെയും എഴുത്തുകളിലൂടെയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ സായുധപരമായ ജിഹാദ് ഇന്നത്തെ കാലത്ത് പ്രസക്തമല്ല. വാഗ്ദത്ത മസീഹ്(അ) അരുള്‍ ചെയ്യുന്നു:
“ഇസ്‌ലാമിന്റെ വചനം ഉയര്‍ത്തിപ്പിടിക്കുന്നതിനും, എതിരാളികളുടെ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും, ഇസ്‌ലാമികാദ്ധ്യാപനങ്ങളുടെ മഹത്വം പ്രചരിപ്പിക്കുന്നതിനും, പ്രവാചകന്‍(സ)യുടെ സത്യത ലോകമെമ്പാടും എത്തിക്കുന്നതിനും വേണ്ടി പ്രയത്നിക്കുക എന്നതാണ് ഇക്കാലഘട്ടത്തിലെ ജിഹാദ്. അല്ലാഹു ലോകത്ത് മറ്റൊരു സാഹചര്യം കൊണ്ട് വരുന്നത് വരെ ഇതു തന്നെയാണ് ജിഹാദ്.”
വിശുദ്ധ ഖുര്‍ആന്റെ ചില വചനങ്ങള്‍ മറ്റു ചിലതിനെ ദുര്‍ബലപ്പെടുത്തുന്നു എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഘടകവിരുദ്ധമായിട്ടുള്ള ആശയമാണ്. ഇത്തരത്തിലുള്ള നസ്ഖ് അഥവാ ദുര്‍ബലപ്പെടല്‍ വിശുദ്ധ ഖുര്‍ആനിന്മേല്‍ ആരോപിക്കുന്നത് അതിന്റെ വിശ്വാസ്യതയെ ഇല്ലായ്മ ചെയ്യുന്നതിനും അല്ലാഹുവിന്റെ വിജ്ഞാനത്തെ ചോദ്യം ചെയ്യുന്നതിനും തുല്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ യാതൊരു വൈരുധ്യവുമില്ല എന്ന ആ ഗ്രന്ഥത്തിന്റെ തന്നെ പ്രഖ്യാപനത്തിനും എതിരാണ് ഈയൊരു ആശയം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
“അപ്പോള്‍ അവര്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അത് അല്ലാഹുവല്ലാത്ത [മറ്റുവല്ല]വരില്‍ നിന്നും ഉള്ളതായിരിന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ അതില്‍ വളരെയധികം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു.”
കൂടാതെ, ഹദ്രത്ത് മുഹമ്മദ്(സ) അരുള്‍ ചെയ്തതായി ഒരു നിവേദനത്തില്‍ വന്നിരിക്കുന്നു:
“ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് അതിന്റെ ചില ഭാഗങ്ങള്‍ മറ്റു ചിലതിനെ ദുര്‍ബലപ്പെടുത്തുന്നതിന് വേണ്ടിയല്ല, മറിച്ച്, അതിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ പരസ്പരം സത്യപ്പെടുത്തുന്നവയാണ്. ആയതിനാല്‍, അതില്‍ മനസ്സിലാകുന്ന ഭാഗങ്ങളെ പ്രാവര്‍ത്തികമാക്കുക. അതില്‍ മനസ്സിലാകാത്ത ഭാഗങ്ങളെ സംബന്ധിച്ച് അറിവുള്ളവരോട് ചോദിക്കുക.” (മുസ്നദ് അഹ്മദ്)
പ്രപഞ്ചത്തിന്റെ സൃഷ്ടാവും പരിപാലകനുമായ ദൈവത്തെയാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി മതങ്ങള്‍ അവതരിപ്പിച്ചതും ഇതേ ദൈവം തന്നെയാണ്. ആയതിനാല്‍, ശാസ്ത്രം ഈ പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തെയും അതിന്റെ ഗുണങ്ങളെയും സംബന്ധിച്ച പഠനമായിരിക്കെ, മതത്തിനും ശാസ്ത്രത്തിനുമിടയില്‍ വൈരുധ്യം ഉണ്ടാകുന്ന പക്ഷം രണ്ടിലൊന്നിന് എന്തോ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കേണ്ടി വരും. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍, ശാസ്ത്രം ദൈവത്തിന്റെ പ്രവൃത്തിയും മതം ദൈവത്തിന്റെ വചനവുമാണ്. അത് കൊണ്ട് അവയ്ക്കിടയില്‍ വൈരുധ്യം ഉണ്ടാകാന്‍ പാടുള്ളതല്ല. വാഗ്ദത്ത മസീഹ്(അ) അരുള്‍ ചെയ്യുന്നു:
“പ്രാപഞ്ചികനിയമങ്ങളില്‍ ദൃശ്യമാകുന്ന, പ്രകൃതിയാകുന്ന പുസ്തകം നമുക്ക് മനസ്സിലാക്കിത്തരുന്ന അതേ ദൈവമാണ് ഇസ്‌ലാമിന്റെ ദൈവം. ഇസ്‌ലാം ഒരു പുതിയ ദൈവത്തെയും അവതരിപ്പിച്ചിട്ടില്ല. മറിച്ച്, മനുഷ്യന്റെ ഹൃദയത്തിന്റെ വെളിച്ചത്താല്‍ പ്രകടമാകുന്നതും, അവന്റെ മനസ്സാക്ഷി മുന്നോട്ട് വക്കുന്നതും, ആകാശഭൂമികള്‍ സമര്‍ത്ഥിക്കുന്നതുമായ ദൈവത്തിനെയാണ് ഇസ്‌ലാം നമുക്ക് പരിചയപ്പെടുത്തുന്നത്.”
ഭരണകാര്യങ്ങളില്‍ നിന്ന് മതവിശ്വാസങ്ങള്‍ മാറ്റി നിര്‍ത്തണം എന്ന ആശയത്തെ അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് പിന്തുണയ്ക്കുന്നു. ഇസ്‌ലാം ഭരണകൂടവുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ രാഷ്ട്രസംബന്ധിയോ ആയ വിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കുന്നില്ല എന്ന അടിസ്ഥാനത്തിലല്ല ഇത് എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. ഇസ്‌ലാം ഭരണസംബന്ധിയും രാഷ്ട്രീയവും അന്താരാഷ്‌ട്രീയവുമായ എല്ലാ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുകയും ഈ വിഷയങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നു. എന്നാല്‍, ഇസ്‌ലാം പിന്തുടരാത്തവരുടെ മേല്‍ അതിന്റെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അത് നിഷിദ്ധമാക്കിയിരിക്കുന്നു എന്നതിനാല്‍ രാഷ്ട്രകാര്യങ്ങളില്‍ മതാശയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഇസ്‌ലാമികമായി തെറ്റാകുന്നു.
ഇക്കാര്യം വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളുടെ അടിസ്ഥാനത്തിലും പ്രവാചകന്‍(സ)യുടെ മാതൃകയുടെ വെളിച്ചത്തിലും ശരിയാണെന്ന് കാണാവുന്നതാണ്. മതകാര്യങ്ങളില്‍ ബലാല്‍ക്കാരം പാടില്ല എന്ന്‍ പ്രഖ്യാപിക്കുന്നതോടൊപ്പം തന്നെ ഒരു ഭരണകൂടത്തിന്റെ അടിസ്ഥാനം പരിപൂര്‍ണ നീതിയില്‍ അധിഷ്ഠിതമായിരിക്കണമെന്നും വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. അത് പോലെ തന്നെ, പ്രവാചകന്‍(സ) മദീനയുടെ രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ മറ്റുള്ളവരുടെ മേല്‍ ഇസ്‌ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം അവരുടെ പ്രശ്നങ്ങള്‍ അവരുടെ വിശ്വാസമനുസരിച്ച് പരിഹരിക്കുമായിരുന്നു.
ആയതിനാല്‍, പരിപൂര്‍ണ നീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണവ്യവസ്ഥയാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നത്. അത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ വിശ്വാസകാര്യങ്ങളെ ഭരണകാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണ്.
Founder of the Ahmadiyya Muslim Community
ഇസ്‌ലാമിക സേവനത്തിന്റെ ഭാഗമായി അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് മതപരവും സാമൂഹികവുമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. യഥാര്‍ത്ഥ ഇസ്‌ലാമിന്റെ പ്രചരണത്തിലും മാനിവകതയുടെ സേവനത്തിലും വലിയ പങ്ക് വഹിക്കുന്ന ഒരു സമുദായമാണ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത്.
അഹ്മദിയ്യത്ത് ലോകമെമ്പാടും 16,000ലധികം പള്ളികളും മിഷന്‍ ഹൗസുകളും സ്ഥാപിച്ചിട്ടുണ്ട്. 70ല്‍ പരം ഭാഷകളിലേക്ക് വിശുദ്ധ ഖുര്‍ആന്റെ പരിഭാഷയും അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ചെയ്തിട്ടുണ്ട്. സമൂഹത്തിനും ലോകത്തിനും പ്രയോജനം ചെയ്യുന്ന പൗരന്മാരാകാന്‍ അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് അതിന്റെ യുവാക്കളെ ഉണര്‍ത്തിക്കൊണ്ടിരിക്കുകയും അതിനായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ ഇസ്‌ലാമികാദ്ധ്യാപനങ്ങളെ സംബന്ധിച്ച് മറ്റുള്ള മുസ്‌ലിങ്ങള്‍ക്ക് അറിവ് നല്‍കുന്നതിനും ഇസ്‌ലാമിന്റെ സമാധാനപരമായ യഥാര്‍ത്ഥ മുഖം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിനും ഇസ്‌ലാമുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും വേണ്ടി ജമാഅത്ത് നിരന്തരം പ്രയത്നിക്കുന്നു.
Islam International Publications Ltd. എന്ന പേരില്‍ അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന് സ്വന്തമായി ഒരു പ്രസിദ്ധീകരണ കമ്പനിയുണ്ട്. അത് വഴി ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ അഭൂതപൂര്‍വമായ സേവനങ്ങള്‍ ജമാഅത്ത് കാഴ്ച വയ്ക്കുന്നു.
ഇതിന് പുറമെ, അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് MTA (Muslim Television Ahmadiyya) എന്ന പേരില്‍ 24 മണിക്കൂര്‍ സംപ്രേക്ഷണം ഉള്ള ഒരു satellite ചാനലും നടത്തുന്നു. ഇതിലൂടെയും ലോകമെമ്പാടും യഥാര്‍ത്ഥ ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു.
ദൈവത്തോടുള്ള കടമകള്‍ നിറവേറ്റുന്നതിന് അവന്റെ സൃഷ്ടികളെ സേവിക്കേണ്ടത് അനിവാര്യമാണ് എന്ന ഇസ്‌ലാമികാദ്ധ്യാപനത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന സമുദായമാണ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത്. വാഗ്ദത്ത മസീഹ്(അ) അരുള്‍ ചെയ്യുന്നു:
“[എന്റെ ആഗമനത്തിന്റെ] രണ്ടാമത്തെ ഉദ്ദേശ്യം, ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് വേണ്ടിയും അനുകമ്പ എന്ന മൂല്യത്തില്‍ അധിഷ്ഠിതമായും, എല്ലാ വ്യക്തികളും തങ്ങളുടെ ശക്തിയും കഴിവുകളും ജനങ്ങളുടെ സേവനത്തിനായി ചിലവഴിക്കണം എന്നതാണ്. രാജാകന്മാര്‍ തൊട്ട് സാധാരണ വ്യക്തി വരെ സര്‍വജനങ്ങളോടും അവര്‍ കൃതജ്ഞതയോടും അനുകമ്പയോടും കൂടി പെരുമാറേണ്ടതാണ്.”
അതിനാല്‍, അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് അതിന്റെ ആസ്തിയുടെ വലിയൊരു ഭാഗം മാനവികതയുടെ സേവനത്തിന് വേണ്ടി ചിലവഴിക്കുന്നു. ജമാഅത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു ഉപാംഗമാണ് ‘മാനവികതയുടെ സേവനം’ എന്നര്‍ത്ഥം വരുന്ന ഖിദ്മത്തെ ഖല്‍ക്ക്. കൂടാതെ, Humanity First എന്ന പേരില്‍ ഒരു ജീവകാരുണ്യ സംഘടനയും അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. Humanity First ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്നതും ഐക്യരാഷ്ട്രസഭയുടെ ECOSOC സ്റ്റാറ്റസ് ലഭിച്ചതുമായിട്ടുള്ള ഒരു സംഘടനയാണ്.
അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകമെമ്പാടും 600ഓളം സ്കൂളുകളും 30 ആശുപത്രികളും നിരവധി മെഡിക്കല്‍ ക്ലിനിക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ആഫ്രിക്കയിലെയും ഏഷ്യയിലെയും അവികസിത രാജ്യങ്ങളില്‍ വസിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനും അവരുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിനും, കൂടാതെ യുദ്ധങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും ഇരകളായ ആളുകളെ സഹായിക്കുന്നതിനും അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് അതിന്റെ വിവിധ പദ്ധതികളിലൂടെ പ്രവര്‍ത്തിക്കുന്നു.
ചുരുക്കത്തില്‍, ദൈവത്തിനോടും അവന്റെ സൃഷ്ടികളോടുമുള്ള കടമകള്‍ നിരവേറ്റുന്നവരാണ് അഹ്മദി മുസ്‌ലിങ്ങള്‍. ഈ രണ്ട് നിബന്ധനകള്‍ പൂര്‍ത്തിയാക്കത്ത ഒരാള്‍ക്ക് യഥാര്‍ത്ഥ അഹമദി മുസ്‌ലിം ആകാന്‍ സാധിക്കുകയില്ല. ഇന്ന് ലോക സമാധാനം സ്ഥാപിതമാകാന്‍ ആവശ്യമായിട്ടുള്ള ഗുണങ്ങളാണ് ഇവയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
വാഗ്ദത്ത മസീഹ്(അ) അരുള്‍ ചെയ്യുന്നു:
“മനുഷ്യരാശിയെ സ്നേഹിക്കേണ്ടത് അനിവാര്യമാണ്. എത്രത്തോളമെന്ന് വച്ചാല്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സ്വന്തം പ്രയാസങ്ങളായി ഒരു മനുഷ്യന് അനുഭവപ്പെടേണ്ടതാണ്.”
ഈ അധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകമെമ്പാടും സ്നേഹവും സാഹോദര്യവും പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതരാണ്.
© 2021 All rights reserved