ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്

സമാധാനസാമ്രാട്ട്

ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്

സമാധാനസാമ്രാട്ട്

ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്

സമാധാനസാമ്രാട്ട്

ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്മദ്(അയ്യദഹു) ലോകമെമ്പാടുമുള്ള അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതാവും, അഹ്മദിയ്യത്തിന്റെ സ്ഥാപകനും വാഗ്ദത്ത മസീഹുമായ ഹദ്‌റത്ത് മിര്‍സ ഗുലാം അഹ്മദ്(അ)ന്റെ അഞ്ചാമത്തെ ഖലീഫയുമാണ്.

ആദ്യകാല ജീവിതം

പാകിസ്താനിലെ റബ്‌വ പട്ടണത്തില്‍ 1950 സെപ്റ്റംബര്‍ 15ന് ജനിച്ച അദ്ദേഹത്തിന്റെ പിതാവ് പരേതനായ മിര്‍സ മന്‍സൂര്‍ അഹ്മദ് സാഹിബും, മാതാവ് പരേതയായ നാസിറ ബീഗം സാഹിബയുമായിരുന്നു. ഫൈസലാബാദ് സര്‍വകലാശാലയില്‍ നിന്നും 1977ല്‍ എഗ്രിക്കള്‍ച്ചറല്‍ എക്കൊണോമിക്സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം തന്റെ ജീവിതം ഇസ്‌ലാമിക സേവനത്തിനായി സമര്‍പ്പിച്ചു.

Khalifatul-Masih-V
His Holiness Mirza Masroor Ahmad - The fifth Khalifa (Caliph) of the Ahmadiyya Muslim Community

തുടര്‍ന്ന് 1977ല്‍ അദ്ദേഹത്തെ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലേക്ക് അയക്കുകയും അവിടത്തെ വിവിധ അഹ്മദിയ്യ സ്‌കൂളുകളില്‍ പ്രിന്‍സിപ്പളായി കുറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്തു. ഈ കാലയളവില്‍ ഘാനയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ മണ്ണില്‍ വിജയകരമായി ഗോതമ്പ് കൃഷിയും അദ്ദേഹം ചെയ്തു. പിന്നീട് തിരികെ പാകിസ്താനില്‍ എത്തിയ അദ്ദേഹം, റബ്‌വയില്‍ സ്ഥിതിചെയ്യുന്ന അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ആസ്ഥാനത്തില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചു.

ഖിലാഫത്ത് പദവിയിലേക്ക് ദൈവിക നിയമനം

അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ നാലാം ഖലീഫ ഹദ്രത്ത് മിര്‍സാ താഹിര്‍ അഹ്മദ്(റഹ്)യുടെ വിയോഗാനന്തരം 2003 ഏപ്രില്‍ 22ന് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹു) വാഗ്ദത്ത മസീഹ്(അ)ന്റെ അഞ്ചാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മുതല്‍ അദ്ദേഹം ഇരുന്നൂറിലധികം രാജ്യങ്ങളിലായി പരന്നുകിടക്കുന്ന ശതലക്ഷക്കണക്കിലുള്ള അഹ്മദി മുസ്‌ലിങ്ങളുടെ ആത്മീയ നേതാവായി പ്രവര്‍ത്തിച്ച്‌ വരുന്നു. വാഗ്ദത്ത മസീഹിന്റെ ഖലീഫ എന്ന നിലക്ക് അദ്ദേഹം ഖലീഫത്തുല്‍ മസീഹ് എന്ന് വിളിക്കപ്പെടുന്നു.

ഇസ്‌ലാമിനെതിരെ അഭൂതപൂര്‍വമായ നിലയിലുള്ള വെറുപ്പ് ലോകജനതയുടെ മനസ്സില്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു) അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതൃത്വസ്ഥാനത്തേക്ക് അവരോധിതനാവുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ഏതാണ്ട് രണ്ട് ദശകങ്ങളായി അദ്ദേഹം ഇസ്‌ലാമിന്റെ സമാധാനപരമായ മുഖം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാം ഭയപ്പെടേണ്ട ഒരു മതമല്ല എന്ന് മാത്രമല്ല, ലോകം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ശാശ്വതപരിഹാരങ്ങള്‍ പ്രദാനം ചെയ്യുന്ന, മനുഷ്യന് ഏറ്റവും ആവശ്യമായിട്ടുള്ള ഒരു ആശയസംഹിത കൂടിയാണ് ഇസ്‌ലാം എന്ന് അദ്ദേഹം ലോകജനതയ്ക്ക് മുമ്പില്‍ സമര്‍ത്ഥിക്കുന്നു.

അഹ്മദികളും മറ്റുള്ളവരുമായുള്ള ആശയവിനിമയം

അഹ്മദിയ്യത്തിന്റെ ആഗോള ആത്മീയ നേതാവ് എന്ന നിലയില്‍ ലോകം മുഴുവനുമുള്ള അഹ്മദി മുസ്‌ലിങ്ങളില്‍ നിന്നും പ്രാര്‍ഥനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി ദിനം പ്രതി ആയിരക്കണക്കിന് കത്തുകളാണ് ഹദ്രത്ത് ഖലീഫത്തുല്‍ മസീഹിന് ലഭിക്കുന്നത്. അഹ്മദികളല്ലാത്തവരും അദ്ദേഹത്തിന് കത്തുകള്‍ അയക്കാറുണ്ട്. ഈ കത്തുകള്‍ക്ക് മറുപടി നല്‍കുന്നതോടൊപ്പം അദ്ദേഹം അഹ്മദികളും അല്ലാത്തവരുമായി വ്യക്തിപരമായ കൂടിക്കാഴ്ച്ചകളും നടത്തുന്നു.

ഇതിന് പുറമെ എല്ലാ വെള്ളിയാഴ്ച്ചയും ലോകം മുഴുവനുമുള്ള അഹ്മദി മുസ്‌ലിങ്ങളെ പ്രത്യേകമായും മറ്റുള്ളവരെ പൊതുവിലും അഭിസംബോധന ചെയ്തു കൊണ്ട്, ഹദ്രത്ത് ഖലീഫത്തുല്‍ മസീഹ് ജുമുഅ ഖുതുബ നിര്‍വഹിക്കുന്നു. ഈ ഖുതുബ അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ആഗോള സാറ്റ്ലൈറ്റ് ടെലിവിഷന്‍ ചാനലായ MTA Internationalലൂടെ വ്യത്യസ്ത ഭാഷകളില്‍ പരിഭാഷ ചെയ്തുകൊണ്ട് തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നു. ഈ ഖുതുബകളിലൂടെ ഹദ്രത്ത് ഖലീഫത്തുല്‍ മസീഹ് പ്രാധാന്യമര്‍ഹിക്കുന്ന പല വിഷയങ്ങളിലും അഹ്മദി മുസ്‌ലിങ്ങളെയും അതുപോലെ തന്നെ ലോകത്തെയും ഉപദേശിക്കുന്നു.

സമാധാന സംരഭങ്ങള്‍

പരസ്പര മതസൗഹാര്‍ദ്ദത്തിനും ആഗോള സമാധാനത്തിനും വേണ്ടി നിലകൊള്ളുകയും അതിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ലോകത്തിലെ മുസ്‌ലിം നേതാവാണ് ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു). തന്റെ പ്രഭാഷണങ്ങളിലൂടെയും, പുസ്തകങ്ങളിലൂടെയും വ്യക്തിപരമായ കൂടിക്കാഴ്ചകളിലൂടെയും, അദ്ദേഹം തുടര്‍ച്ചയായി ദൈവാരാധനയേയും മാനവരാശിയോടുള്ള സേവനത്തെയും പറ്റി ജനങ്ങളെ ഉല്‍ബോധിപ്പിക്കുന്നു. കൂടാതെ, മതവും രാഷ്ട്രവും തമ്മിലുള്ള അകല്ച്ചക്ക് വേണ്ടിയും ആഗോള മനുഷ്യാവകാശങ്ങളുടെ സംസ്ഥാപനത്തിന് വേണ്ടിയും നീതിയിലധിഷ്ടിതമായ ഒരു സമൂഹത്തിനു വേണ്ടിയും അദ്ദേഹം നിരന്തരമായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്നു.

ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇസ്‌ലാമിന്റെ ശാന്തിയുടെ സന്ദേശം ലോകമെമ്പാടും എത്തിക്കുതിനായി വിശാലമായ രീതിയിലുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. എല്ലാവിധ ഡിജിറ്റല്‍ അച്ചടി മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേത്യത്വത്തിന്റെ കീഴില്‍ അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ എല്ലാ ദേശീയഘടകങ്ങളും ഇസ്‌ലാമിന്റെ യഥാര്‍ത്ഥവും സമാധാനപരവുമായ അധ്യാപനങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനും മുസ്‌ലിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമിടയില്‍ സാഹോദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സമാധാന സംസ്ഥാപനത്തിന്റെ പ്രാധാന്യത്തെ വിവരിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ തയ്യാറാക്കുകയും സമൂഹത്തിലെ എല്ലാ തലങ്ങളിലും പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കിടയില്‍ ഈ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങളോടൊപ്പം സര്‍വമതസമ്മേളനങ്ങള്‍, പീസ് സിമ്പോസിയങ്ങള്‍, വിശുദ്ധ ഖുര്‍ആന്റെ വിശിഷ്ടവും മനോഹരവുമായ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷനുകള്‍ തുടങ്ങിയ പരിപാടികളും അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകത്തെല്ലായിടത്തും നടത്തുന്നു. ഈ പരിപാടികള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുകയും അതുവഴി ഇസ്‌ലാം യഥാര്‍ത്ഥത്തില്‍ സമാധാനം, മാനവികത, രാജ്യസ്നേഹം എന്നീ മൂല്യങ്ങള്‍ക്ക് നിലകൊള്ളുന്ന മതമാണ് എന്ന സത്യം ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ആഗോള തലത്തില്‍ സമാധാനം സ്ഥാപിക്കുന്നതിനായി 2004ല്‍ ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു) പീസ്‌ സിംപോസിയം എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആശയധാരകള്‍ പിന്‍പറ്റുന്ന ആളുകള്‍ ഒരു വേദിയില്‍ ഒത്തുകൂടി ആഗോള സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ഉദ്ദേശ്യമാണ് ഈ പരിപാടിയുടെ പിന്നിലുള്ളത്. എല്ലാ വര്‍ഷവും യൂക്കെയില്‍ നടന്നുവരുന്ന ഈ സിംപോസിയങ്ങളില്‍ മന്ത്രിമാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, മതനേതാക്കള്‍ തുടങ്ങി ഒരുപാട് വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു. ഈ മാതൃക പിന്‍പറ്റിക്കൊണ്ട് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത്, ഇന്ത്യ ഉള്‍പ്പടെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഇത്തരം സിംപോസിയങ്ങള്‍ നടത്തി വരുന്നു.

ഇതു കൂടാതെ, ഹദ്രത്ത് ഖലീഫത്തുല്‍ മസീഹ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും, വിവധ പാര്‍ലമെന്റുകളില്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. വളരെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ആഗോള സാമ്പത്തിക പ്രതിസന്ധി നൂതനവും ഗൗരവാഹവുമായ വിപത്തുകളാണ് ആഴ്ചകള്‍ തോറും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ലോകനേതാക്കളെ നിരന്തരം ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നു. ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അതിന്റെ പരിണിതഫലം തീര്‍ച്ചയായും ഒരു മൂന്നാം ലോകമഹായുദ്ധമായിരിക്കുമെന്ന് ഏതാണ്ട് രണ്ട് ദശകങ്ങളായി അദ്ദേഹം ലോകത്തെ ഉണര്‍ത്തുന്നു.

2012 ജൂണ്‍ 27ന് ഹദ്രത്ത് ഖലീഫത്തുല്‍ മസീഹ് അമേരിക്കയിലെ കാപിറ്റോള്‍ ഹില്ലില്‍ വച്ച് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ന്യായാധിഷ്ടിതമായ ബന്ധങ്ങളുടെ പ്രാധാന്യത്തെ സംബന്ധിച്ച് വളരെ ബൃഹത്തായ ഒരു പ്രഭാഷണം നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രതിനിധി സഭ അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു.

2012 ഡിസമ്പര്‍ 4ന് ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു) ബ്രസ്സല്‍സില്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കുകയും 30 രാജ്യങ്ങളില്‍ നിന്നുള്ള 350 അംഗങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് ചരിത്രപ്രധാനമായ ഒരു പ്രഭാഷണം നടത്തുകയുമുണ്ടായി. 35 മിനിറ്റ് നീണ്ട പ്രസംഗത്തില്‍, യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കണമെന്നും അന്താരാഷ്ട്ര ബന്ധങ്ങളില്‍ നീതിയ്ക്കും തുല്യതയ്ക്കും വേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി.

2014 ഫെബ്രുവരി 11ന്, ലണ്ടനിലെ ഗില്‍ഡ് ഹാളില്‍ സംഘടിപ്പിക്കപ്പെട്ട ‘ലോക മതങ്ങളുടെ സമ്മേളന’ത്തില്‍, ഹദ്രത്ത് ഖലീഫത്തുല്‍ മസീഹ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളുടെയും പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ജീവിതത്തിന്റെയും അടിസ്ഥാനത്തില്‍, പരസ്പര ധാരണയും ബഹുമാനവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമികാധ്യാപനങ്ങള്‍ അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

ഇതിന് പുറമെയും അദ്ദേഹം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധ പാര്‍ലമെന്റുകളില്‍ പ്രഭാഷണങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.

2009ല്‍ ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു)ന്റെ നേതൃത്വത്തില്‍ സമാധാനത്തിനും മാനവികതയുടെ സേവനത്തിനുമായി പ്രതിജ്ഞാബദ്ധരായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വേണ്ടി ‘അഹ്മദിയ്യാ മുസ്‌ലിം പീസ് പ്രൈസ്’ എന്ന പേരില്‍ ഒരു പുരസ്കാരം ആരംഭിക്കുകയുണ്ടായി.

പൊതുസേവനം

മനുഷ്യസേവനം ലക്ഷ്യമാക്കിക്കൊണ്ട് ഹദ്രത്ത് ഖലീഫത്തുല്‍ മസീഹ് ലോകത്തിന്റെ വിവധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും രാഷ്ട്രനേതാക്കളോട് മാനവികതയുടെ സേവനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഉണര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനം ലോകത്തിന്റെ വലിയ ഒരു പ്രശ്നമാണെങ്കിലും, അത്ര തന്നെയോ അല്ലെങ്കില്‍ അതിനേക്കാലും മുന്‍ഗണന നല്‍കേണ്ട ഒരു പ്രശ്നമാണ് അവികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതാവസ്ഥ എന്നും, ഇന്ന് തങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുമോ എന്ന ആശങ്കയോടെ എല്ലാ ദിവസവും എഴുന്നേല്‍ക്കുന്ന അവരുടെ പ്രശ്നങ്ങള്‍ ലോകത്തിന്റെ പ്രശ്നങ്ങളായി അംഗീകരിക്കേണ്ടത് അനിവാര്യമാണെന്നും 2018ല്‍ യൂക്കെയില്‍ നടന്ന പീസ്‌ സിംപോസിയത്തില്‍ രാഷ്ട്രനേതാക്കളും പാര്‍ലമെന്റ് അംഗങ്ങളും അടങ്ങുന്ന ഒരു സദസ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു)ന്റെ നേതൃത്വത്തില്‍ അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകമെമ്പാടും, പ്രത്യേകിച്ച് ആഫ്രിക്ക പോലുള്ള അവികസിത രാജ്യങ്ങളില്‍, ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിന് വേണ്ടി അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നു. ശുദ്ധജലത്തിനുള്ള സൗകര്യം ഉണ്ടാക്കുക, വൈദ്യുതി സ്ഥാപിക്കുക, സ്കൂളുകള്‍ നിര്‍മ്മിക്കുക, ആശുപത്രികള്‍ പണിയുക തുടങ്ങിയ കാര്യങ്ങള്‍ ഈ പ്രദേശങ്ങളില്‍ അഹ്മദിയ്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ Humanity Firstലൂടെ നടത്തപ്പെട്ട് വരുന്നു.

Hazrat Mirza Masroor Ahmadaba is the world’s leading Muslim figure promoting peace and inter-religious harmony.

കൂടാതെ, അഹ്മദി ആര്‍കിടെക്റ്റുകളുടെയും എഞ്ചിനീയര്‍മാരുടെയും ആഗോള സംഘടനയായ International Association of Ahmadi Architects and Engineers (IAAAE)യുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു) നേതൃത്വം വഹിക്കുകയും അവികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ സംഘടനയുടെ പ്രവര്‍ത്തനവും പ്രാവിണ്യവും ത്വരിതഗതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ഇതിന് പുറമെ, അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വിവിധ പദ്ധതികളിലൂടെ ജാതിമതഭേദമന്യേ ലോകമെമ്പാടുമുള്ള നിരവധി നിരാലംബരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ചിലവുകളും വഹിക്കപ്പെടുന്നു.

പീഡനങ്ങളോടുള്ള പ്രതികരണം

2003ല്‍ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, തന്റെ ജന്മനാടായ പാകിസ്താനില്‍ നിന്നും ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹമദ്(അയ്യദഹു)ന് ലണ്ടനിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. പാകിസ്താന്‍ ഭരണഘടനയും പീനല്‍ കോഡും, അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ അംഗങ്ങളെ മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും, ഇസ്‌ലാമികാചാരങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുകയും, സ്വയം മുസ്‌ലിങ്ങളാണെന്ന് പറയാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഈ കിരാത നിയമങ്ങളുടെ ലംഘനങ്ങള്‍ പിഴ, തടവ്, വധശിക്ഷ എന്നിവയ്ക്ക് പോലും കാരണമായേക്കാവുന്നതാണ്. ഖലീഫയാകുന്നതിന് മുമ്പ് സ്വയം ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു)നെയും ഇത്തരം ഒരു കേസ് ചുമത്തി ജയിലില്‍ അടച്ചിരുന്നു. ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അഹ്മദിയ്യ ജമാഅത്തിന്റെ ആഗോള നേതാവ് എന്ന നിലയിലുള്ള ചുമതലകള്‍ രാജ്യത്ത് വച്ച് നിര്‍വഹിക്കുക എന്നത് അസാധ്യമാവുകയും ഹദ്രത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹു)ന് പാകിസ്താനിലേക്ക് മടങ്ങാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ അഹ്മദി മുസ്‌ലിങ്ങള്‍ വിഭാഗീയ പീഡനങ്ങള്‍ക്ക് ഇരകളാകുന്നുണ്ടെങ്കിലും എല്ലാ രീതിയിലുള്ള അക്രമത്തെയും ഹദ്രത്ത് ഖലീഫത്തുല്‍ മസീഹ് വിലക്കുന്നു. 2010 മെയ് 28ന് ലാഹോറില്‍ സ്ഥിതി ചെയ്യുന്ന രണ്ട് അഹ്മദി പള്ളികള്‍ തീവ്രവാദികള്‍ ആക്രമിക്കുകയുണ്ടായി. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്കിടെ നടന്ന ഈ ആക്രമണത്തില്‍, 86 അഹ്മദി മുസ്‌ലിങ്ങള്‍ രക്തസാക്ഷികളാവുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മനുഷ്യകുലത്തോടുള്ള ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് നടുവിലും, പ്രാര്‍തഥനയിലൂടെയും തികച്ചും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും മാത്രമേ ഇവയ്ക്ക് ഉത്തരം നല്‍കാന്‍ പാടുള്ളൂ എന്ന് ഹദ്രത്ത് ഖലീഫത്തുല്‍ മസീഹ് ലോകമെമ്പാടുമുള്ള അഹ്മദി മുസ്‌ലിങ്ങളോട് നിര്‍ദ്ദേശിച്ചു.

LIVE Friday Sermon

Watch and listen to the latest Friday Sermon and keynote addresses delivered by

Hazrat Khalifatul Masih, worldwide head of Ahmadiyya Muslim Community.

Watch Now
Play Video