ജല്‍സ സാലാന

അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ വാര്‍ഷിക സമ്മേളനം

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ എല്ലാ വര്‍ഷവും നടന്നു വരുന്ന വാര്‍ഷിക സമ്മേളനം ആണ്‌ ജല്‍സ സാലാന. വാഗ്‌ദത്ത മസീഹും മഹ്‌ദിയും അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ സ്ഥാപകനുമായ ഹദ്രത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌(അ) ആണ്‌ ഇതിന്‌ ആരംഭം കുറിച്ചത്‌. ഈ സമ്മേളനം വെള്ളിയാഴ്‌ച ദിവസം ജുമുഅയോട്‌ കൂടെ ആരംഭിച്ച്‌ മൂന്നു ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു.

ഹദ്രത്ത് അഹ്‌മദ്‌(അ) അരുള്‍ ചെയ്യുന്നു:

“ഈ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശ്യം എന്നത് എല്ലാ ആത്മാര്‍ത്ഥരായ സജ്ജനങ്ങള്‍ക്കും ദീനീ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നതും വിജ്ഞാനം വര്‍ധിപ്പിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ദൈവിക വിജ്ഞാനത്തില്‍ പുരോഗതി ഉണ്ടാക്കുകയും ചെയ്യുക എന്നതും ആണ്‌.

“കൂടാതെ, ജനങ്ങള്‍ പരസ്‌പരം പരിചയപ്പെടുകയും അത് വഴി ജമാഅത്തിന്റെ സാഹോദര്യ ബന്ധം സുദൃഢമാവുകയും ചെയ്യുക എന്ന ഉദ്ദേശ്യവും ഇതിന്‌ ഉണ്ട്.

“ഞാന്‍ വീണ്ടും വീണ്ടും പറയുന്നു ഈ സമ്മേളനത്തെ ഒരു സാധാരണ സമ്മേളനമായി കരുതരുത്‌. ഇത് ഇസ്ലാമിക പ്രചാരണത്തിന് വേണ്ടി ദൈവിക സഹായത്താല്‍ സ്ഥാപിതമായ ഒരു പ്രതിഭാസമാണ്.”

ചരിത്രം

ഹദ്രത്ത് അഹ്മദ്(അ) 1891ല്‍ ആദ്യമായി തന്റെ അനുയായികളോട് ഡിസംബര്‍ മാസത്തില്‍ ഖാദിയാനില്‍ ഒരുമിച്ചുകൂടാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. തന്റെ ആസ്മാനി ഫൈസ്‌ല എന്ന ഗ്രന്ഥത്തില്‍ മുസ്‌ലിം നേതാക്കള്‍ക്ക് അദ്ദേഹം നല്‍കിയ വെല്ലുവിളിക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കുക എന്നതായിരുന്നു ഈ ഒത്തുകൂടലിന്റെ ഒരു ഉദ്ദേശ്യം. ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും 75 അനുയായികള്‍ ഖാദിയാനില്‍ എത്തുകയും ആദ്യത്തെ വാര്‍ഷിക സമ്മേളനം അഥവാ ജല്‍സ സാലാന ഡിസംബര്‍ 27-29 തിയതികളില്‍ ഖാദിയാനിലെ മസ്ജിദ് അഖ്‌സയില്‍ വെച്ച് നടക്കുകയും ചെയ്തു.

ഈയവസരത്തില്‍ ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ ജല്‍സ സാലാന നടത്തപ്പെടുമെന്ന് ഹദ്രത്ത് അഹ്മദ്(അ) അരുള്‍ ചെയ്യുകയും ചെയ്തു. അവിടുന്ന് പറഞ്ഞു:

“എല്ലാ വര്‍ഷവും മൂന്ന് ദിവസം സമ്മേളനത്തിനായി നിശ്ചയിക്കപ്പെടേണ്ടതാണ്. അതില്‍ എന്റെ എല്ലാ ആത്മാര്‍ത്ഥരായ അനുയായികളും പങ്കുചേരേണ്ടതാണ് – ആരോഗ്യപരമോ അല്ലെങ്കില്‍ മറ്റെന്തെങ്ങിലും ശക്തമായ തടസ്സങ്ങളോ ഉള്ളവരൊഴിച്ച്.”

ഇത് പ്രകാരം എല്ലാ വര്‍ഷവും അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വാര്‍ഷിക സമ്മേളനം നടത്തപ്പെടാന്‍ തുടങ്ങി. അടുത്ത വര്‍ഷം 1892ല്‍ ഖാദിയാനിലെ ഒരു തടാകത്തിനു സമീപം ജല്‍സ സംഘടിപ്പിക്കപ്പെട്ടു. തടാകത്തിന് അരികിലുള്ള ചളിമണ്ണില്‍ നിന്ന് സ്റ്റേജ് നിര്‍മ്മിക്കപ്പെടുകയും അതിന്മേല്‍ പരവതാനി വിരിച്ച് ഒരു കസേരിയില്‍ ഹദ്രത്ത് മസീഹ് മൗഊദ്(അ) ഉപവിഷ്ഠനാവുകയും ചെയ്തു. അനുയായികള്‍ അദ്ദേഹത്തിന് ചുറ്റുമായി തറയില്‍ ഇരിക്കുകയും ചെയ്തു. ഈ ജല്‍സയില്‍ 327 അംഗങ്ങള്‍ പങ്കെടുത്തു. 1907ല്‍ ഹദ്രത്ത് അഹ്മദ്(അ) പങ്കെടുത്ത അവസാന ജല്‍സയില്‍ 2000 ആളുകള്‍ പങ്കെടുത്തു.

വിരളം ചില പ്രത്യേക സാഹചര്യങ്ങളിലൊഴിച്ച് ഈ ജല്‍സ എല്ലാ വര്‍ഷവും ഇന്ത്യയിലും അതുപോലെത്തന്നെ മറ്റു രാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നു.

സര്‍വമത സമ്മേളനം

പ്രസ്‌തുത സമ്മേളനത്തില്‍ രണ്ടാമത്തെ ദിവസത്തെ പരിപാടിയില്‍ മതസൗഹാര്‍ദ്ദത്തിന്റെ ഒരു പ്രത്യേക സെഷന്‍ ഉണ്ടാവാറുണ്ട്. മതഗുരുക്കന്മാരുടെ ദിനം’ എന്നും ഈ പരിപാടി അറിയപ്പെടുന്നു. പരസ്പരസാഹോദര്യവും ബഹുസ്വരതയും സംബന്ധിച്ച ഇസ്‌ലാമികാധ്യാപനങ്ങളുടെയും ‘എല്ലാവരോടും സ്‌നേഹം ആരൊടുമില്ല വെറുപ്പ്‌’ എന്ന അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ മുദ്രാവാക്യത്തിന്റെയും പ്രതിഫലനമായ ഈ പരിപാടിയില്‍ ഇതരമതനേതാക്കളും മറ്റു വിശിഷ്ടാതിഥികളും സഹിഷ്ണുത, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് തങ്ങളുടെ വീക്ഷണങ്ങള്‍ ശ്രോതാക്കളുമായി പങ്കുവെക്കുന്നു. അതുപോലെ തന്നെ അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ അവര്‍ അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു.

ഈ സെഷന്‍ അതിഥികളുടെ സെഷന്‍ എന്ന പേരിലും അറിയപ്പെടുന്നു. അനഹ്‌മദി അതിഥികളെ അഹ്മദിയ്യ ജമാഅത്തിന്റെ സന്ദേശം മനസ്സിലാക്കാനും ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ആശയാവതരണം നടത്തുവാനും ക്ഷണിക്കുന്ന ജമാഅത്തിന്റെ പരമ്പരാകത രീതിയുടെയും ഒരു രൂപവുമായി മാറുന്നു ഈ പരിപാടി.

സമ്മേളനത്തില്‍ സന്നിഹിതരാകുന്നവര്‍ക്കും അതിഥികള്‍ക്കും പ്രയോചനപ്പെടുന്നതിനായി ഇസ്ലാമും ആഗോള സമാധാനവും’ എന്ന വിഷയത്തില്‍ ഒരു പ്രത്യേക എക്‌സിബിഷന്‍ സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കാറുണ്ട്. ഈ എക്‌സിബിഷനില്‍ ഇസ്‌ലാമിന്‍റെ ശാന്തിയുടെയും സമാധാനത്തിന്റെയും അദ്ധ്യാപനങ്ങളെയും ആഗോള സമാധാനം നിലനിര്‍ത്തുന്നതിനായി അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതാവ്‌ ഹദ്രത്ത്‌ മിര്‍സ മസ്‌റൂര്‍ അഹ്മദ്‌(അയ്യ)ന്റെ നിരന്തര പരിശ്രമങ്ങളെയും വിശാലമയ നിലയില്‍ ആവിഷ്‌കരിക്കുന്നു.