മുഹമ്മദ്‌ മുസ്തഫാ(സ)

പ്രവാചകമുദ്ര

ഇസ്‌ലാം മതം അവതരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്‌(സ). ഇബ്രാഹീം നബി(അ)ന്റെ തലമുറക്കാരനായ അവിടുന്ന് ക്രിസ്താബ്ദം 570ന് മക്കയില്‍ ഒരു കുലീന കുടുംബത്തില്‍ ഭൂജാതനായി. ‘മുഹമ്മദ്‌’ എന്ന പദത്തിന്റെ അര്‍ഥം ‘സ്തുത്യര്‍ഹമായവന്‍’ എന്നാണ്.

ആദ്യകാല ജീവിതം

ഹദ്രത്ത് മുഹമ്മദ്‌(സ)യുടെ പിതാവ് അബ്ദുല്ലാഹ് പ്രവാചകന്റെ ജനനത്തിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു. അവിടുന്നിന് ആറു വയസ്സുള്ളപ്പോള്‍ ഉമ്മ ആമിനയും മരണമടഞ്ഞു. തുടര്‍ന്ന് പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് പ്രവാചകനെ വളര്‍ത്തി. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹവും മരിച്ചു. അതിനു ശേഷം തന്റെ പിതൃസഹോദരനായ ഹദ്രത്ത് അബൂ താലിബ് ആയിരുന്നു നബി(സ)യെ വളര്‍ത്തിയത്.

ചെറുപ്രായത്തില്‍ തന്നെ ഇത്രയും പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും മുഹമ്മദ്‌(സ) ഉത്കൃഷ്ട സ്വഭാവഗുണങ്ങള്‍ക്ക് ഉടമായിരുന്നു. അവിടുന്ന് വളരെ സത്യസന്ധനും, വിശ്വസ്തനും ബുദ്ധിശാലിയുമായി വളര്‍ന്നു. കൂടാതെ തന്റെ പിതൃസഹോദരനെ കച്ചവടകാര്യങ്ങളില്‍ സഹായിക്കുകയും കച്ചവടയാത്രകളില്‍ അദ്ദേഹത്തോടൊപ്പം വിവിധ നാടുകളിലേക്ക് പോവുകയും ചെയ്യുമായിരുന്നു പ്രവാചകന്‍(സ).

വളരെ ധാര്‍മികവും ലളിതവുമായ ജീവിതം നയിച്ചിരുന്ന മുഹമ്മദ്‌(സ) ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ അതീവതല്പരനായിരുന്നു. തന്റെ അപാരമായ സത്യസന്ധത കാരണം ജനങ്ങളുടെ ഇടയില്‍ പ്രവാചകന്‍ സിദ്ദീക്ക് (സത്യശീലന്‍) അല്‍-അമീന്‍ (അതീവവിശ്വസ്ഥന്‍) എന്നീ പേരുകളാല്‍ അറിയപ്പെടാന്‍ തുടങ്ങി.

നബി(സ)ക്ക് 25 വയസ്സുള്ളപ്പോളാണ് അവിടുന്ന് തന്നെക്കാള്‍ 15 വയസ്സിന് മുതിര്‍ന്ന ഒരു വിഥവയായിരുന്ന ഖദീജ(റ)യെ വിവാഹം ചെയ്യുന്നത്. പ്രവാചകന്റെ ഉത്കൃഷ്ട സ്വഭാവഗുണങ്ങള്‍ കണ്ട് പ്രഭാവിതയായ ഖദീജ(റ) വിവാഹാഭ്യര്‍ത്ഥന അങ്ങോട്ട്‌ ചെയ്യുകയായിരുന്നു. ധനികയായിരുന്ന ഖദീജ(റ) വിവാഹാനന്തരം തന്റെ സ്വത്തും തന്റെ ഉടമസ്ഥതയിലുള്ള അടിമകളെയും മുഹമ്മദ്‌(സ)ക്ക് നല്കി. എന്നാല്‍ നബി(സ) എല്ലാ അടിമകളെയും മോചിപ്പിക്കുകയും ഭൂരിഭാഗം സ്വത്തും ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുകയുമാണ് ചെയ്തത്.

ദൈവനിയോഗം

ദൈവസ്മരണയില്‍ സമയം ചിലവഴിക്കുക എന്നത് മുഹമ്മദ്‌(സ)യുടെ പതിവായിരുന്നു. അതിനായി ഇടയ്ക്കിടെ അവിടുന്ന് മക്കയില്‍ നിന്ന് കുറച്ച് ദൂരെ സ്ഥിതി ചെയ്യുന്ന ഹിറാ ഗുഹയില്‍ പോയി ആരാധനയില്‍ മുഴുകാറുണ്ടായിരുന്നു. തനിക്ക് 40 വയസ്സുള്ളപ്പോള്‍ ഹിറാ ഗുഹയില്‍ ദൈവസ്മരണയില്‍ മഗ്നനായിരുന്ന സമയത്ത് നബി(സ)ക്ക് ഒരു ദര്‍ശനമുണ്ടായി. ആ ദര്‍ശനത്തില്‍ ജിബ്‌രീല്‍ മലക്ക് പ്രവാചകന് ഈ ദൈവിക വെളിപാട് നല്‍കുകയുണ്ടായി:

“[സര്‍വ്വവും] സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ ഓതുക. അവന്‍ മനുഷ്യനെ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. ഓതുക നിന്റെ നാഥന്‍ അത്യുദാരനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവനത്രെ [അവന്‍]. മനുഷ്യന്‍ അറിഞ്ഞിട്ടില്ലാത്തത് അവന്‍ [അല്ലാഹു] അവനെ [മനുഷ്യനെ] പഠിപ്പിച്ചിരിക്കുന്നു.”

[വിശുദ്ധ ഖുര്‍ആന്‍ 96:2-6]

ഈ അനുഭവത്താല്‍ ഭയചകിതനായ പ്രവാചകന്‍(സ) വേഗം വീട്ടിലേക്ക് പോവുകയും നടന്ന കാര്യം ഭാര്യ ഖദീജയോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഖദീജ(റ) പ്രവാചകനെ തന്റെ പിതൃസഹോദരപുത്രനും ഒരു ക്രിസ്തീയ പണ്ഡിതനുമായിരുന്ന വറക്കഹ് ഇബ്നു നൗഫലിന്റെ അടുത്ത് കൊണ്ട് പോയി. മുഹമ്മദ്‌(സ)ന് സംഭവിച്ചത് കേട്ട അദ്ദേഹം പറഞ്ഞു:

“എനിക്കുറപ്പുണ്ട്, താങ്കളുടെയടുക്കല്‍ വന്ന മലക്ക് മുമ്പ് മൂസായുടെ അടുക്കല്‍ വന്ന മലക്ക് തന്നെയാണ്.”

ആവർത്തനപുസ്‌തകം 18:18ല്‍ പരാമര്‍ശിക്കപ്പെട്ട ഭാവിയില്‍ അവതരിക്കാനുള്ള ഒരു പ്രവാചകനെ സൂചിപ്പിക്കുന്ന ഈ പ്രവചനത്തെയാണ്‌ അദ്ദേഹം ഉദ്ദേശിച്ചത്‌:

“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽ നിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.

ഇതോടെ ദൈവദൂതന്‍ എന്ന നിലയില്‍ മുഹമ്മദ്‌(സ) തിരുമേനിയുടെ ദൗത്യത്തിന് ആരംഭം കുറിച്ചു.

വിശുദ്ധ ഖുര്‍ആന്റെ സൂക്തങ്ങളില്‍ കാലക്രമമനുസരിച്ച് ഏറ്റവും ആദ്യം അവതരിച്ചവയാണ് മുകളില്‍ സൂചിപ്പിച്ച സൂക്തങ്ങള്‍. ഇതിനു ശേഷം 23 വര്‍ഷക്കാലങ്ങളിലായി മുഹമ്മദ്‌ നബി(സ)യുടെ മേല്‍ ഘട്ടം ഘട്ടമായി മുഴുവന്‍ വിശുദ്ധ ഖുര്‍ആനും അവതരിക്കുകയുണ്ടായി. ഇന്നും ആ മഹനീയ ഗ്രന്ഥം ഒരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാതെ പരിശുദ്ധമായി നിലകൊള്ളുന്നു.

ദൗത്യം

വ്യാജമായ ആരാധ്യവസ്തുക്കളുടെ പൊള്ളത്തരം തുറന്ന് കാണിക്കുകയും യഥാര്‍ത്ഥ ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കുകയും ആ ദൈവത്തിന്റെ ആരാധനയിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രവാചകന്‍(സ)യുടെ പ്രഥമ ദൗത്യം. പ്രപഞ്ചസൃഷ്ടാവായ അല്ലാഹു മാത്രമാണ് ആരാധ്യനെന്നും അവന് തുല്യമായി ഒന്നും തന്നെയില്ലെന്നും നബി(സ) പ്രഖ്യാപിച്ചു.

യഥാര്‍ത്ഥ ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കുന്നതോടൊപ്പം സമസൃഷ്ടികളോടുള്ള കടമകള്‍ നിറവേറ്റുക എന്നതും മുഹമ്മദ്‌ നബി(സ)യുടെ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. അത് സംബന്ധമായി അവിടുന്ന് തന്റെ അനുയായികള്‍ക്ക് നന്മ ഉപദേശിക്കുകയും സ്വയം ഉത്കൃഷ്ട മാതൃക കാഴ്ച വെക്കുകയും ചെയ്തു. നബി(സ) ദരിദ്രരെ സഹായിക്കുകയും, അടിമകളെ വിമോചിപ്പിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

പരിശ്രമങ്ങളും വിജയങ്ങളും

മക്കയിലെ വിഗ്രഹാരാധകര്‍ മുഹമ്മദ്‌(സ)യുടെ വാക്കുകള്‍ വില കൊണ്ടില്ല. അവര്‍ പ്രവാചകനെയും അനുയായികളെയും നഖശിഖാന്തം എതിര്‍ക്കുകയും വളരെ ക്രൂരമായ പീഡനങ്ങള്‍ അവര്‍ക്ക് മേല്‍ അഴിച്ച് വിടുകയും ചെയ്തു. 13 വര്‍ഷങ്ങള്‍ മക്കാനിവാസികളില്‍ നിന്ന് പീഡനങ്ങള്‍ നേരിട്ടതിന് ശേഷം ഹദ്രത്ത് മുഹമ്മദ്‌(സ) തന്റെ ജന്മനാടായ മക്കയില്‍ നിന്നും യസ്രബിലേക്ക് പാലായനം ചെയ്തു. യസ്രബ് മക്കയില്‍ നിന്നും ഏതാണ്ട് 250 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. പ്രവാചകന്‍(സ) അവിടെ വന്നതിനെ തുടര്‍ന്ന് അത് ‘മദീനത്തുര്‍ റസൂല്‍’ അഥവാ ‘പ്രവാചകന്റെ പട്ടണം’ എന്നും പിന്നീട് ‘മദീന’ എന്നും അറിയപ്പെട്ടു.

മദീനയിലേക്ക് പോയതിന് ശേഷവും അവിശ്വാസികള്‍ മുഹമ്മദ്‌ നബി(സ)യെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിച്ചില്ല. അവര്‍ പ്രവാചകനെ അവിടെയും പിന്തുടരുകയും അവിടുന്നിനെയും അനുയായികളെയും പരിപൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പല യുദ്ധങ്ങളും മുസ്‌ലിങ്ങളും മക്കക്കാരും തമ്മില്‍ നടന്നു. ആള്‍ബലം കൊണ്ടും ആയുധങ്ങള്‍ കൊണ്ടും മക്കക്കാരെക്കാള്‍ വളരെ ദുര്‍ബലരായിട്ട് പോലും ഈ യുദ്ധങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക് വിജയം കരസ്ഥമായി. അവസാനം ഹിജ്റക്ക് (പാലായനം) ശേഷം എട്ടാം വര്‍ഷം മുഹമ്മദ്‌ നബി(സ) മുസ്‌ലിങ്ങളോടൊപ്പം മക്ക കീഴടക്കി. തന്നെയും തന്റെ അനുയായികളെയും അതിക്രൂരമായി പീഡിപ്പിക്കുകയും ഒരു ദയയുമില്ലാതെ കൊല്ലുകയും ചെയ്ത മക്കയിലെ ഖുറൈശികളോടുള്ള തന്റെ ‘പ്രതികാരം’ പ്രവാചകന്‍ നടത്തിയത് പ്രസ്തുത വിളംബരം നടത്തിക്കൊണ്ടാണ്:

“ഇന്ന് നിങ്ങളുടെ പേരില്‍ ഒരു കുറ്റാരോപണവുമില്ല.”

തന്നോട് ക്രൂരത കാണിച്ച ആരോടും പ്രവാചകന്‍(സ) ക്രൂരതയോടെ മറുപടി പറഞ്ഞില്ല. തന്റെ പിതൃസഹോദരനായ ഹംസ(റ)ന്റെ കരള്‍ ചവച്ചു തുപ്പിയ ഹിന്ദക്കും, തന്റെ സ്വന്തം മകളെ വധിച്ച വ്യക്തിക്കും ആ മഹാത്മാവ് മാപ്പ് കൊടുത്തു. അങ്ങനെ ഒരു യുദ്ധമോ രക്തച്ചൊരിച്ചിലോ ഇല്ലാതെ സമാധാനപരമായി മക്കാവിജയം നടന്നു.

“നിസ്സഹായനും നിര്‍ധനനും ശക്തിഹീനനും നിരക്ഷരനും അനാഥനും ഏകാന്തനുമായ വ്യക്തി, സമ്പത്തും ഐശ്വര്യവും സൈനിക ശക്തിശക്തിയും ബുദ്ധിവൈഭവവും ഏറ്റവും തികഞ്ഞു നിന്ന ജനതകള്‍ വാണുവിലസിയ ഒരു കാലത്ത്, വലിയ വലിയ ജ്ഞാനികളും തത്വചിന്തകന്മാരുമായി ഞെളിഞ്ഞു നടന്നവരെയെല്ലാം ഉത്തരം മുട്ടിക്കുകയും നിരുദ്ധകണ്ഠരാക്കുകയും ചെയ്തു എന്നത് അത്ഭുതാവഹമായ ഒരു കാര്യമല്ലേ? കൂടാതെ നിസ്സഹായതയും ദുര്‍ബലതയും ശക്തമായിരുന്നിട്ട് കൂടി, ചക്രവര്‍ത്തിമാരുടെ സിംഹാസനങ്ങളെ മറിച്ചിടുകയും ആ സിംഹാസനങ്ങളില്‍ പാവപ്പെട്ടവരെ കയറ്റിയിരുത്തുകയും ചെയ്യാന്‍ കഴിഞ്ഞത് ദൈവികമായ പിന്തുണ കൊണ്ടല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടായിരിക്കാം?”

ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ്, വാഗ്ദത്ത മസീഹ്(അ)

ആ മഹാപ്രവാചകന്റെ ജീവിതം അത്ഭുതത്തോടെയല്ലാതെ നോക്കിക്കാണുക അസാധ്യമാണ്. കാരണം, ഏതാണ്ട് 62 വര്‍ഷത്തെ കാലയളവിനുള്ളില്‍ ദാരിദ്ര്യം മുതല്‍ സമ്പന്നത വരെയും, പരാജയം മുതല്‍ വിജയം വരെയും, ബലഹീനത മുതല്‍ ശക്തി വരെയും, പീഡനം മുതല്‍ രാജാധികാരം വരെയും, മനുഷ്യാനുഭവങ്ങളുടെ എല്ലാ അവസ്ഥകളും ആ ജീവിതത്തില്‍ കടന്ന് പോയതായി നമുക്ക് കാണാം.

ചെറുപ്രായത്തില്‍ തന്നെ അനാഥനായ പ്രവാചകന്‍(സ) സത്യസന്ധനായ വ്യാപാരിയും സ്നേഹനിധിയായ ഭര്‍ത്താവും വാത്സല്യമുള്ള പിതാവും കരുതലുള്ള അയല്‍ക്കാരനും മഹാനായ യോദ്ധാവും നീതിമാനായ ന്യായാധിപനും ബുദ്ധിമാനായ നിയമദാതാവും പ്രബുദ്ധനായ രാഷ്ട്രതന്ത്രജ്ഞനും വിശ്വസ്തനായ സുഹൃത്തും എല്ലാത്തിനുമുപരി അല്ലാഹുവിന്റെ പ്രവാചകനും അവന്റെ സന്ദേശവാഹകനുമായിരുന്നു.

ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ആത്മീയ വിപ്ലവം സൃഷ്ടിക്കുകയും നീതിനിഷ്ഠരും ധാര്‍മികരുമായ ഒരു വിശ്വാസിസമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്തതിനു ശേഷം ക്രിസ്താബ്ദം 632ല്‍ ഹദ്രത്ത് മുഹമ്മദ്‌(സ) അന്തരിച്ചു. ഇന്നും ഈ പ്രവാചകന്റെ ജീവിതം ജനങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഏതാണ്ട് നൂറു കോടിയിലധികം ആളുകള്‍ ഇന്ന്‍ ലോകത്ത് മുഹമ്മദ്‌ നബി(സ)യുടെ അനുയായികളായി നിലകൊള്ളുന്നു.