അഹ്മദിയ്യ മുസ്‌ലിം ജമാഅത്തും

സൃഷ്ടിസേവനവും

[അല്ലയോ മുസ്‌ലിം സമുദായമേ!] മനുഷ്യവംശത്തിന്‍റെ നന്മയ്ക്കായി  എഴുന്നേല്പിക്കപ്പെട്ട ഏറ്റവും ഉല്‍കൃഷ്ട സമുദായമാണ് നിങ്ങള്‍.

സൂറ ആലു ഇംറാന്‍ സൂക്തം 111

മനുഷ്യകുലത്തെ സേവിക്കാനും അവരോട് അനുകമ്പ പുലര്‍ത്താനും അനുശാസിക്കുന്ന മതമാണ്‌ ഇസ്‌ലാം. ജനസേവനം ഇസ്‌ലാമിന്റെ സാരാംശമാണ്. ഒരു മുസ്‌ലിം യഥാര്‍ത്ഥ വിശ്വാസിയാകണമെങ്കില്‍ ഈ ഘടകം അവനില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ അരുള്‍ ചെയ്യുന്നു:

“നിങ്ങള്‍ക്കിടയിലുള്ള ഔദാര്യം നിങ്ങള്‍ മറക്കരുത്.”

[വിശുദ്ധ ഖുര്‍ആന്‍ 2:238]

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് അതിന്റെ ആരംഭം മുതല്‍ക്കെ ജനസേവനത്തില്‍ മുഴുകുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത ഒരു സമുദായമാണ്. ബുദ്ധിമുട്ടില്‍ അകപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നതിനും, യാതൊരു വിവേചനവും കൂടാതെ സമൂഹത്തില്‍ നീതി സ്ഥാപിക്കുന്നതിനും ഈ ജമാഅത്തിനുള്ള ആത്മാര്‍ഥതയും ആവേശവും ഉള്‍ക്കൊള്ളുന്നതാണ് എല്ലാവരോടും സ്നേഹം, ആരോടുമില്ല വെറുപ്പ് എന്ന അതിന്റെ മുദ്രാവാക്യം. സര്‍വസൃഷ്ടികളോടും സ്നേഹവും അനുകമ്പയും അനുശാസിക്കുന്ന ഈ തത്വം വര്‍ഷങ്ങളായി അഹ്‌മദിയ്യ ജമാഅത്തിന്റെ പര്യായമായി അറിയപ്പെട്ട് വരുന്നു.

ജമാഅത്തിന്റെ ശാഖാസംഘടനകളുടെ, വിശിഷ്യാ യുവജനസംഘടനയായ ഖുദ്ദാമുല്‍ അഹ്‌മദിയ്യയുടെ ഉപാംഗമായ ഖിദ്മത്തെ ഖല്‍ക്ക് (അഥവാ സൃഷ്ടിസേവനം) ജമാഅത്തിന്റെ ഈ മുദ്രാവാക്യത്തെ പരിപൂര്‍ണമായും പ്രതിനിധീകരിക്കുന്നു. ഇതിലൂടെ ജമാഅത്ത് തങ്ങളുടെ പ്രഥമലക്ഷ്യമായ സമാധാനസംസ്ഥാപനം, സമൂഹസേവനം എന്നിവ പൂര്‍ത്തീകരിക്കുന്നതോടൊപ്പം ലോകത്തിന്റെ സാമൂഹിക വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ തങ്ങളുടെ പങ്ക് വഹിക്കുകയും ചെയ്യുന്നു.

വിശുദ്ധ ഖുര്‍ആന്റെയും മുഹമ്മദ്‌ നബി(സ)യുടെയും അധ്യാപനങ്ങളുടെ സ്വാധീനമാണ് അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ഓരോ അംഗത്തിലും മനുഷ്യകുലത്തെ സേവിക്കാനുള്ള അതിയായ ഉത്സാഹം ഉണ്ടാക്കിയെടുക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മുസ്‌ലിങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് അരുള്‍ ചെയുന്നു:

“മനുഷ്യവംശത്തിന്റെ നന്മയ്ക്കായി എഴുന്നേല്‍പ്പിക്കപ്പെട്ട ഏറ്റവും ഉത്കൃഷ്ട സമുദായമാണ് നിങ്ങള്‍. നിങ്ങള്‍ നല്ല കാര്യങ്ങള്‍ നിര്‍ദേശിക്കുകയും ചീത്ത കാര്യങ്ങള്‍ നിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഗ്രന്ഥാനുസാരികള്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അവര്‍ക്കത്‌ ഗുണകരമായേനെ. അവരില്‍ വിശ്വാസികളായ ചിലരുണ്ട്. പക്ഷെ അവരില്‍ അധികം പേരും ധിക്കാരികളാണ്.”

[വിശുദ്ധ ഖുര്‍ആന്‍ 3:111]

 “All men, whatever nation or tribe they may belong to, and whatever station in life they may hold, are equal. Allah has made you brethren one to another, so be not divided. An Arab has no preference over a non-Arab, nor a non-Arab over an Arab; nor is a white one to be preferred to a dark one, nor a dark one to a white one.”

വിശുദ്ധ ഖുര്‍ആന്‍ എല്ലാ മുസ്‌ലിംങ്ങളിലും വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ഗുണമാണ് മനുഷ്യനന്മയ്ക്ക് വേണ്ടി പരിശ്രമിക്കുക എന്നത്. സൃഷ്ടിസേവനവുമായി ബന്ധപ്പെട്ട് നബി തിരുമേനി(സ)ക്കുണ്ടായിരുന്ന ആവേശവും ഉത്സാഹവും സര്‍വജനങ്ങള്‍ക്കും ഉത്തമമാതൃകയാണ്. ഒരു സന്ദര്‍ഭത്തില്‍ അവിടുന്ന് അരുള്‍ ചെയ്തു:

“സര്‍വസൃഷ്ടികളും അല്ലാഹുവിന്റെ കുടുംബമാണ്. അതിനാല്‍, അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ അവന്റെ കുടുംബത്തിന് നന്മ ചെയ്യുന്നവനാണ്.”

[അല്‍-മുഅ്ജിം അല്‍-കബീര്‍]

സര്‍വജനങ്ങളും ഒരു കുടുംബം പോലെ ഒന്നായി ചേരണമെന്നും അന്യോന്യം സമാധാനത്തോടും നീതിയോടും കൂടി വര്‍ത്തിക്കണമെന്നും മുഹമ്മദ്‌ നബി(സ) അതിയായി ആഗ്രഹിച്ചിരുന്നു. അവിടുന്ന് തന്റെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ മുസ്‌ലിങ്ങളെ ഉപദേശിച്ചു കൊണ്ട് അരുള്‍ ചെയ്തു:

“അല്ലയോ ജനങ്ങളേ! നിങ്ങളെല്ലാവരുടെയും നാഥന്‍ ഏകനാകുന്നു. നിങ്ങളെല്ലാവരും ഒരേ പിതാവിന്റെ [ആദം] സന്താനങ്ങളാണ്. ഒരു അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ യാതൊരു ഔന്നത്യവുമില്ല. അതുപോലെ, കറുത്തവനെക്കാള്‍ വെളുത്തവനോ വെളുത്തവനെക്കാള്‍ കറുത്തവനോ യാതൊരു സ്ഥാനവുമില്ല. ആര്‍ക്കെങ്കിലും മറ്റാരെക്കാളും വല്ല ഔന്നത്യവുമുണ്ടെങ്കില്‍ അത് ഭക്തിയുടെയും സല്‍പ്രവര്‍ത്തിയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്.”

[മുസ്നദ് അഹ്‌മദ്]

ഈ അധ്യാപനത്തിന്റെ വെളിച്ചത്തിലാണ് അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് എല്ലാ മാര്‍ഗങ്ങളിലൂടെയും ജനങ്ങളെ സേവിക്കുന്നതിനായി പരിശ്രമിക്കുന്നത്. ജാതിമതഭേദമന്യേ സൃഷ്ടിസേവനം അനുഷ്ഠിക്കണം എന്നത് അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളില്‍ പെട്ടതാണ്. സര്‍വജനങ്ങളും അല്ലാഹുവിന്റെ സൃഷ്ടിയാണ്. ആയതിനാല്‍, ദൈവത്തിന്റെ സൃഷ്ടികളോട് സ്നേഹവും, അനുകമ്പയും, സഹാനുഭൂതിയും കാണിക്കുക എന്നത് ദൈവപ്രീതി കരസ്ഥമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. അഹ്‌മദിയ്യ ജമാഅത്തിന്റെ വന്ദ്യസ്ഥാപകന്‍ ഹദ്രത്ത് മിര്‍സ ഗുലാം അഹ്‌മദ് ഖാദിയാനി(അ) മനുഷ്യകുലത്തോട്‌ അതിയായ അനുകമ്പ പുലര്‍ത്തിയിരുന്നു. അവിടുന്ന് അരുള്‍ ചെയ്തു:

“കാരുണ്യവതിയായ ഒരു മാതാവ് തന്റെ സന്താനങ്ങളെ സ്നേഹിക്കുന്നത് പോലെ ഞാന്‍ മനുഷ്യകുലത്തെ സ്നേഹിക്കുന്നു; മറിച്ച്, അതിലുമധികമായി…. മനുഷ്യനോട് അനുകമ്പ പുലര്‍ത്തുക എന്നത് എന്റെ കടമയാകുന്നു.”

[അര്‍ബഈന്‍]

മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം അരുള്‍ ചെയ്തു:

“അനുകമ്പയ്ക്ക് ഊന്നല്‍ നല്‍കാത്ത മതം മതമല്ല. അതുപോലെത്തന്നെ, സഹാനുഭൂതി വച്ചുപുലര്‍ത്താത്ത മനുഷ്യന്‍ മനുഷ്യനെന്ന് വിളിക്കപ്പെടാന്‍ അര്‍ഹതയില്ലാത്തവനാണ്.”

[മൈത്രി സന്ദേശം]

മറ്റൊരിടത്ത് അദ്ദേഹം പറയുന്നു:

“വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളെ രണ്ട് പ്രധാന ഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഒന്നാമത്തേത്, അല്ലാഹുവിന്റെ ഏകത്വവും, അവനോടുള്ള സ്നേഹവും അനുസരണയുമായി ബന്ധപ്പെട്ടതാകുന്നു… രണ്ടാമത്തേത് നിന്റെ സഹോദരങ്ങളോടും സമസൃഷ്ടികളോടും ദയയോട് കൂടി വര്‍ത്തിക്കുക എന്നതാകുന്നു.”

[ഇസാലയെ ഔഹാം]

Our Services Projects

Schools

Ahmadiyya Muslim Community is helping humanity by building and setting up small and big schools.

Hospitals

The Ahmadiyya Muslim Community runs clinics and hospitals worldwide. These include Noor Hospital in India, Fazl-e-Omar Hopital in Rabwah, Hospital Nasir in Guatemala and many more.

Gift of Sight

Ahmadiyya Muslim Community conducts various eye camps all across the country as well as worldwide. Besides, the Gift of Sight program under Humanity First assists tens of thousands of people to restore their vision.

Medical Camps

The Ahmadiyya Muslim Community organizes several medical camps to benefit those who are in need of a better health care.

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് മാനവികതയുടെ പുരോഗതിക്ക് വേണ്ടി സ്കൂളുകളും, ആശുപത്രികളും മറ്റും നിര്‍മ്മിക്കുന്നതിനായും സാമ്പത്തികസേവനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിനു വേണ്ടി തങ്ങളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങളെ പിന്തള്ളേണ്ടി വന്നാലും അതിനു അവര്‍ തയ്യാറാകുന്നു. നൂറുക്കണക്കിനു അഹ്‌മദി സ്ത്രീകള്‍ തങ്ങളുടെ ആഭരണങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിട്ടുണ്ട്.

ജനസേവനത്തിന് വേണ്ടി ത്യാഗം ചെയ്യാനുള്ള അഹ്‌മദി മുസ്‌ലിങ്ങളുടെ ഈ മനോഭാവത്തിന്റെ യഥാര്‍ത്ഥ പ്രേരണ ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ മുഹമ്മദ് നബി(സ)വും അവിടുന്നിന്റെ അനുചരന്മാരും കാണിച്ചിട്ടുള്ള മാതൃകയാണ്.

ആരോഗ്യ മേഖലയില്‍ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ സംഭാവനകള്‍

1917ല്‍ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് ഖാദിയാനില്‍ ജനങ്ങളുടെ ചികിത്സാപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി നൂര്‍ ഹോസ്പിറ്റല്‍ എന്ന പേരില്‍ ഒരു ആശുപത്രി സ്ഥാപിച്ചു. കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമാക്കിയത് കാരണം നൂര്‍ ഹോസ്പിറ്റല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു അനുഗ്രഹമായി മാറി.

നൂര്‍ ഹോസ്പിറ്റലിന്റെ സ്ഥാപനം വാഗ്ദത്ത മസീഹിന്റെ ഒന്നാം ഖലീഫയുടെ കാലത്താണ് നടന്നതെങ്കിലും ഈ ആശുപത്രിയുടെ ചരിത്രം അഹ്‌മദിയ്യത്തിന്റെ സ്ഥാപകനായ വാഗ്ദത്ത മസീഹ് ഹദ്രത്ത് മിര്‍സ ഗുലാം അഹ്‌മദ്(അ)ന്റെ ജീവിതകാലത്തോളം പഴക്കമുള്ളതാണ്. ഖാദിയാനില്‍ ആശുപത്രികളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഹദ്രത്ത് അഹ്‌മദ്(അ) ഖാദിയാനിലും ചുറ്റുവട്ടത്തുമായി വസിച്ചിരുന്ന ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യസഹായം നല്‍കാറുണ്ടായിരുന്നു. അദ്ദേഹം അരുള്‍ ചെയ്യുന്നു:

“രോഗികള്‍ക്ക് വൈദ്യസഹായം നല്‍കുക എന്നത് മഹത്തായ പ്രതിഫലമര്‍ഹിക്കുന്ന പ്രവര്‍ത്തിയാണ്. ഒരു യഥാര്‍ത്ഥ വിശ്വാസി ഇത്തരം കര്‍മ്മങ്ങളില്‍ അലസനോ അശ്രദ്ധനോ ആകാന്‍ പാടുള്ളതല്ല.”

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിനാല്‍ സ്ഥാപിതമായ ആദ്യ അലോപ്പത്തി ആശുപത്രിയാണ് നൂര്‍ ഹോസ്പിറ്റല്‍. ഇതിനു ശേഷം ജമാഅത്ത് ലോകത്ത് പലയിടങ്ങളിലായി – പ്രത്യേകിച്ച് ആഫ്രിക്ക പോലുള്ള അവികസിത രാജ്യങ്ങളില്‍ – ധാരാളം ആശുപത്രികള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ഒരു നൂറ്റാണ്ടു കാലമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ജനങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചു പുരോഗമിക്കുകയും ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. 2017ല്‍ ഈ ആശുപത്രിയുടെ സ്ഥാപനത്തിന് നൂറു വര്‍ഷം പൂര്‍ത്തിയായി.

Medical box
വാഗ്ദത്ത മസീഹിന്‍റെ മരുന്ന് പെട്ടി

ഇന്ന് നൂര്‍ ഹോസ്പിറ്റല്‍ സുസ്ഥാപിതവും പ്രദേശത്ത് സുപ്രസിദ്ധവുമാണ്. വിവിധ മേഖലകളില്‍ പ്രത്യേകപഠനം കരസ്ഥമാക്കിയ അഹ്‌മദി ഡോക്ടര്‍മാര്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു കൊണ്ട് ഇവിടെ സേവനമനുഷ്ഠിക്കുന്നു. രോഗികളുടെ ചികിത്സക്കാവശ്യമായ എല്ലാ വിധ സൗകര്യങ്ങളാലും സുസജ്ജമാണ് നൂര്‍ ഹോസ്പിറ്റല്‍.

ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ അവരുടെ സൗഖ്യത്തിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. കാരണം, ഡോക്ടര്‍മാര്‍ ചികിത്സിക്കുമ്പോഴും യഥാര്‍ത്ഥ സൗഖ്യം പ്രദാനം ചെയ്യുന്നത് അല്ലാഹുവാണ് എന്നാണു നമ്മുടെ ദൃഡമായ വിശ്വാസം. അതുകൊണ്ട് തന്നെ പല സന്ദര്‍ഭങ്ങളിലും ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ അത്ഭുതകരമായി സുഖം പ്രാപിച്ച സംഭവങ്ങള്‍ ഈ ആശുപത്രിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.

ഇന്ന് നൂര്‍ ഹോസ്പിറ്റലില്‍ ENT, ഓഫ്ത്താല്‍മിക്സ്, ഓര്‍ത്തോപീടിക്സ്, അള്‍ട്രാസോണോഗ്രാഫി, ഡെന്‍ടല്‍ സര്‍ജറി, ഫിസിയോത്തെറാപ്പി, കാര്‍ഡിയോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളില്‍ ചികിത്സാസേവനം ലഭ്യമാണ്. അതോടൊപ്പം തന്നെ ലബോറട്ടറി, എക്സ്-റേ, ECG എന്നീ പാരാമെഡിക്കല്‍ സേവനങ്ങളും, കൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാണ്.

നൂര്‍ ഹോസ്പിറ്റല്‍ ഖാദിയാന്‍

2017ലെ കണക്കു പ്രകാരം നൂര്‍ ഹോസ്പിറ്റലില്‍ പത്ത് ഡോക്ടര്‍മാര്‍ അടക്കം 98 ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അതില്‍ നാല് അഹ്‌മദി ഡോക്ടര്‍മാരും ആറ് വിസിറ്റിംഗ് ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു.

ഇതിനു പുറമെ നൂര്‍ ഹോസ്പിറ്റലില്‍ ഹോമിയോപ്പതി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്ക് സൗജന്യചികിത്സ നല്‍കപ്പെടുന്ന ഈ വിഭാഗത്തില്‍ (2017ലെ കണക്ക് പ്രകാരം) മൂന്ന് ഹോമിയോ ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. കൂടാതെ, അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യയിലുടനീളം ഹോമിയോപ്പതി ഡിസ്പെന്‍സറികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കപ്പെടുന്നു. ഇതിന് പുറമെ അഹ്‌മദിയ്യ ജമാഅത്ത് രാജ്യത്തുടനീളം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും അത് വഴി ജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സയും മരുന്നും എത്തികുകയും ചെയ്യുന്നു.

വിദ്യാഭ്യാസ മേഖലയില്‍ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ സംഭാവനകള്‍

വിദ്യാഭ്യാസ രംഗത്ത് അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ചരിത്രം വളരെ പഴക്കമുള്ളതാണ്. 1898ല്‍ വാഗ്ദത്ത മസീഹ്(അ) ഖാദിയാനില്‍ തഅ്ലീമുല്‍ ഇസ്‌ലാം സ്കൂള്‍ എന്ന പേരില്‍ ഒരു പ്രൈമറി സ്കൂള്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് ഭൗതികവിദ്യാഭാസവും ആത്മീയ വിദ്യാഭ്യാസവും ലഭ്യമാക്കുക എന്നതായിരുന്നു ഈ സ്കൂളിന്റെ പ്രധാന സ്ഥാപനോദ്ദേശ്യം.

അറിവ് കരസ്ഥമാക്കുന്നത് ദൈവത്തെ തിരിച്ചറിയുന്നതിനും ആത്മീയതയില്‍ മുന്നേറുന്നതിനും ഏറ്റവും നല്ല മാര്‍ഗമാണെന്ന ഇസ്‌ലാമിന്റെ അധ്യാപനത്തിന്റെ സാക്ഷാത്കാരമായിരുന്നു ഈ സ്കൂളിന്റെ സ്ഥാപനം. മൂന്ന് വര്‍ഷത്തിനുള്ളില്‍ തഅ്ലീമുല്‍ ഇസ്ലാം സ്കൂള്‍ പ്രൈമറി തലത്തില്‍ നിന്നും ഹൈസ്കൂള്‍ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഉയര്‍ന്ന അധ്യാപന നിലവാരം കാരണം സ്കൂളിന് നല്ല പേര് ലഭിക്കുകയും ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് കുട്ടികള്‍ ഈ സ്കൂളില്‍ ചേരാന്‍ ആരംഭിക്കുകയും ചെയ്തു. വിവിധ മതങ്ങളിലും പശ്ചാത്തലങ്ങളിലും പെട്ട കുട്ടികളില്‍ നിന്ന് യാതൊരു ഫീസും ഈടാക്കിയിരുന്നില്ല.

തഅ്ലീമുല്‍ ഇസ്‌ലാം ഹൈസ്കൂള്‍ കെട്ടിടം. പില്‍ക്കാലത്ത് ഇത് തഅ്ലീമുല്‍ ഇസ്‌ലാം കോളേജ് ആയി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിഖ് നാഷണല്‍ കോളേജ് ആയി പ്രവര്‍ത്തിക്കുന്നു.

1903ല്‍ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് ഖാദിയാനില്‍ തഅ്ലീമുല്‍ ഇസ്‌ലാം എന്ന പേരില്‍ ഒരു കോളേജും ആരംഭിച്ചു. മെയ്‌ 28നായിരുന്നു കോളേജിന്റെ ഉദ്ഘാടനം. സാമ്പത്തികമായ പിരിമുറുക്കങ്ങള്‍ ഉണ്ടായിട്ടും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന സാമൂഹിക ദൗത്യം നിറവേറ്റുന്നതില്‍ നിന്നും അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് പിന്മാറിയില്ല. സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം തന്നെ കുട്ടികള്‍ക്ക് പ്രതിമാസ സ്കോളര്‍ഷിപ്പുകള്‍ നല്‍കിയും ഈ കോളേജ് അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. 1905ല്‍ രാജ്യത്തെ യൂണിവേര്‍സിറ്റി നിയമങ്ങളില്‍ വരുത്തിയ ചില ഭേദഗതികളെ തുടര്‍ന്ന് കോളേജിന് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. പുതിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കോളേജിന് ശക്തമായ സാമ്പത്തികസ്ഥിതി ഉണ്ടാകേണ്ടതും സ്റ്റാഫുകള്‍ക്ക് നല്ല ശമ്പളം കൊടുക്കേണ്ടതും അനിവാര്യമായിരുന്നു. എന്നാല്‍ തഅ്ലീമുല്‍ ഇസ്‌ലാം കോളേജില്‍ ജോലി ചെയ്തിരുന്ന അഹ്‌മദി അധ്യാപകരും പ്രൊഫസര്‍മാരും തങ്ങളുടെ ജീവിതം ഈ പ്രവൃത്തിക്കായി സമര്‍പ്പിക്കുകയും, നല്ല ശമ്പളം ലഭിച്ചിരുന്ന തങ്ങളുടെ മുന്‍ ജോലികള്‍ ഉപേക്ഷിച്ച് സേവനമാനോഭാവത്തോടെ ഇവിടെ വരികയും ചെയ്തവരായിരുന്നു.

1944 ജൂണില്‍ അഹ്‌മദിയ്യ ജമാഅത്തിന്റെ രണ്ടാം ഖലീഫയുടെ കാലഘട്ടത്തില്‍ തഅ്ലീമുല്‍ ഇസ്‌ലാം കോളേജ് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ഈ കാലയളവില്‍ അഹ്‌മദിയ്യ ജമാഅത്ത് പെണ്‍കുട്ടികള്‍ക്കായി നുസ്രത്ത് ഗേള്‍സ്‌ ഹൈസ്കൂള്‍ ആരംഭിച്ചിരുന്നു. അതുപോലെതന്നെ തഅ്ലീമുല്‍ ഇസ്‌ലാം ഹൈസ്കൂളും ഇക്കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച്‌ വരുന്നുണ്ടായിരുന്നു. ഈ രണ്ട് സ്കൂളുകള്‍ക്കുമായി പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണവും ആ സമയത്ത് പൂര്‍ത്തിയായിരുന്നു. അതിനാല്‍, തഅ്ലീമുല്‍ ഇസ്‌ലാം ഹൈസ്കൂളിന്റെ കെട്ടിടത്തില്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുകയും സ്കൂള്‍ അതിന്റെ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഉന്നതമായ അധ്യാപനരീതി വച്ചുപുലര്‍ത്തിയ തഅ്ലീമുല്‍ ഇസ്‌ലാം കോളേജ് പല വിദ്യാര്‍ഥികളുടെയും ജീവിതനേട്ടങ്ങളുടെ നാഴികകല്ലായി മാറി. 1947ല്‍ ഇന്ത്യയുടെ വിഭജനത്തെ തുടര്‍ന്ന് ഈ കോളേജ് പ്രവര്‍ത്തനം നിര്‍ത്തി.

തഅ്ലീമുല്‍ ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്കൂളിന്റെ നിലവിലെ കെട്ടിടം

ഇന്ന് അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്ത് ഖാദിയാനില്‍ മൂന്ന് സ്കൂളുകള്‍ നടത്തുന്നുണ്ട് – ആണ്‍കുട്ടികള്‍ക്കായി തഅ്ലീമുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍, പെണ്‍കുട്ടികള്‍ക്കായി നുസ്രത്ത് ഗേള്‍സ് ഹൈ സ്കൂള്‍, ചെറിയ കുട്ടികള്‍ക്കായി ഇഖ്‌റ കിന്റര്‍ഗാര്‍ടന്‍. തഅ്ലീമുല്‍ ഇസ്‌ലാം സ്കൂളിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നു. ഈ സ്കൂളുകളെല്ലാം ജാതിമതഭേദമന്യേ എല്ലാവര്‍ക്കും കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നു. ഈ സ്കൂളുകളില്‍ സ്മാര്‍ട്ട് ബോര്‍ഡുകള്‍, ലബോറട്ടറി തുടങ്ങി ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാണ്.

ഈ സ്കൂളുകള്‍ക്ക് പുറമെ അഹ്‌മദിയ്യ ജമാഅത്ത് കശ്മീരില്‍ 5ഉം ജമ്മുവില്‍ 1ഉം കേരളത്തില്‍ 3ഉം അതുപോലെത്തന്നെ മറ്റു സംസ്ഥാനങ്ങളിലുമായി ഇന്ത്യയില്‍ 15ഓളം സ്കൂളുകള്‍ നടത്തുന്നുണ്ട്. ഇതുവഴി പാവപ്പെട്ട ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കിക്കൊണ്ട് അവര്‍ക്ക് അഭിവൃതിയും ഉയര്‍ച്ചയും നല്‍കുന്നതില്‍ അഹ്‌മദിയ്യ ജമാഅത്ത് വലിയ പങ്ക് വഹിക്കുന്നു.

മജ്‌ലിസ് ഖുദ്ദാമുല്‍ അഹ്‌മദിയ്യ (അഹ്‌മദിയ്യ യുവജനസംഘടന)യുടെ കീഴില്‍ നടന്നു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ യുവജനസംഘടനയാണ് മജ്‌ലിസ് ഖുദ്ദാമുല്‍ അഹ്‌മദിയ്യ. ഖുദ്ദാമുല്‍ അഹ്‌മദിയ്യ രാജ്യത്തിലുടനീളം പ്രാദേശിക തലത്തിലും ദേശീയ തലത്തിലും വിവിധ മാനുഷിക സേവനങ്ങള്‍ വ്യവസ്ഥാപിതമായി നടത്തി വരുന്നു. ഈ പരിപാടികളില്‍ താഴെ പറയുന്നവ ഉള്‍പ്പെടുന്നു.

മെഡിക്കൽ ക്യാമ്പുകൾ: സമൂഹത്തിലെ നിരാലംബരായ ആളുകൾക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്നതിനായി പ്രാദേശിക അധികാരികളുടെ അനുമതിയോടെ മജ്‌ലിസ് ഖുദ്ദാമുല്‍ അഹ്‌മദിയ്യ ഇന്ത്യയിലുടനീളം പതിവായി മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നു. ഈ ക്യാമ്പുകളില്‍ നേത്രപരിശോധനാ ക്യാമ്പുകളും ഹോമിയോപ്പതി ചികിത്സാ ക്യാമ്പുകളും ഉൾപ്പെടുന്നു.

ഭക്ഷണവിതരണം: ഭവനരഹിതരായ ആളുകള്‍ക്ക് മജ്‌ലിസ് ഖുദ്ദാമുല്‍ അഹ്‌മദിയ്യയുടെ കീഴില്‍ പതിവായി ഭക്ഷണമെത്തിക്കപ്പെടുന്നു. പ്രാദേശിക തലത്തില്‍ ഇന്ത്യയിലുടനീളം ഇത്തരം ഭക്ഷണവിതരണ പരിപാടികള്‍ നടക്കാറുണ്ട്.

വസ്ത്രവിതരണം: രാജ്യത്തിലുടനീളം പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും ആവശ്യമായ വസ്ത്രങ്ങളും പുതപ്പുകളും മറ്റ് അവശ്യ സാധനങ്ങളും മജ്‌ലിസ് ഖുദ്ദാമുല്‍ അഹ്‌മദിയ്യയുടെ കീഴില്‍ വിതരണം ചെയ്യപ്പെടുന്നു.

രക്തദാന ക്യാമ്പുകൾ: മജ്‌ലിസ് ഖുദ്ദാമുല്‍ അഹ്‌മദിയ്യയുടെ കീഴില്‍ നടക്കുന്ന മറ്റൊരു സുപ്രധാന പരിപാടിയാണ് രക്തദാന ക്യാമ്പുകള്‍. അഹ്‌മദി യുവാക്കള്‍ ഈ ക്യാമ്പുകളില്‍ സജീവമായി പങ്കെടുക്കുന്നു. ഒരു ജീവന്‍ രക്ഷിക്കുന്നത് മുഴുവന്‍ മനുഷ്യരാശിയെയും രക്ഷിക്കുന്നതിന് തുല്യമാണെന്ന ഇസ്‌ലാമിന്റെ അധ്യാപനത്തിന്റെ പ്രാവര്‍ത്തിക രൂപമാകുന്നു ഇത്തരം ക്യാമ്പുകള്‍.

വൃക്ഷനടല്‍ പരിപാടികൾ: രാജ്യത്തുടനീളം നടക്കുന്ന വിവിധ വൃക്ഷനടല്‍ പരിപാടികളിലും മജ്‌ലിസ് ഖുദ്ദാമുല്‍ അഹ്‌മദിയ്യ പങ്കെടുക്കുന്നു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍: ദുരന്തബാധിതപ്രദേശങ്ങളില്‍ സഹായമെത്തികുകയും പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നത് മജ്‌ലിസ് ഖുദ്ദാമുല്‍ അഹ്‌മദിയ്യയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ഖുദ്ദാമുല്‍ അഹ്‌മദിയ്യ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളോട് പ്രതികരിക്കുകയും പുനഃസ്ഥാപനപരിപാടികളില്‍ തങ്ങളുടെ സേവനങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ദുരന്തബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നു. മജ്‌ലിസ് ഖുദ്ദാമുല്‍ അഹ്‌മദിയ്യ പ്രാദേശിക അധികാരുകളും പോലീസും മറ്റു ദുരന്തപ്രതികരണ ടീമുകളുമായും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും നാശനഷ്ടങ്ങളുടെ തോത് പരമാവധി കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഹ്യുമാനിറ്റി ഫസ്റ്റ്

അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയേതര, മതേതര, അന്താരാഷ്ട്ര ദുരിതാശ്വാസ, വികസന സംഘടനയാണ് ഹ്യൂമാനിറ്റി ഫസ്റ്റ്. അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ നാലാം ഖലീഫ ഹദ്രത്ത് മിര്‍സ താഹിര്‍ അഹ്‌മദ്(റഹ്)യുടെ കൈകളാല്‍ 1995ലാണ് ഹ്യൂമാനിറ്റി ഫസ്റ്റ് സ്ഥാപിതമാകുന്നത്. ഇന്ന് ഇന്ത്യ ഉൾപ്പെടെ ലോകത്തെ 62 രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഹ്യുമാനിറ്റി ഫസ്റ്റ് ലോകമെമ്പാടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും വികസനപരിപാടികളിലും ഏര്‍പ്പെട്ട് വരുന്നു.

മൂന്നാം ലോക രാജ്യങ്ങളിലും മറ്റ് അവികസിത മേഖലകളിലും സ്കൂളുകളും ആശുപത്രികളും സ്ഥാപിക്കുകയും, അതുപോലെ തന്നെ ശുദ്ധജലം തുടങ്ങി മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കികൊടുക്കയും ചെയ്യുന്നു ഹ്യുമാനിറ്റി ഫസ്റ്റ്. ഈ സംഘടനയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.