വിശുദ്ധ ഖുര്‍ആന്‍

ഇസ്‌ലാമിന്‍റെ പരിശുദ്ധ ഗ്രന്ഥം

പ്രവാചകന്‍ മുഹമ്മദ്‌(സ)ക്ക് 23 വര്‍ഷത്തെ കാലയളവില്‍ ദൈവത്തില്‍ നിന്ന് വാമൊഴിയായി അവതരിച്ച വെളിപാടുകളാണ് വിശുദ്ധ ഖുര്‍ആന്‍. മുസ്‌ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ മാനവജാതിക്ക് ഒന്നടങ്കം മാര്‍ഗദര്‍ശനമാണെന്ന് അവകാശപ്പെടുന്നു. മനുഷ്യന് തന്റെ ജീവിതത്തിലെ വ്യവഹാരങ്ങള്‍ക്ക്‌ ആവശ്യമായിട്ടുള്ള നിയമങ്ങളും കല്പനകളും അത് പോലെ അവന്റെ സാമൂഹികവും ധാര്‍മികവുമായ ഉന്നമനത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും അടങ്ങുന്ന സമഗ്രമായ ഒരു മത തത്വശാസ്ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.

അറബി ഭാഷയിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. ‘വീണ്ടും വീണ്ടും വായിക്കപ്പെടുന്നത്’ എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ എന്ന യഥാര്‍ത്ഥ നാമത്തിന് പുറമെ ഈ ഗ്രന്ഥം അല്‍-കിത്താബ് (ഗ്രന്ഥം), അല്‍-ഫുര്‍ഖാന്‍ (സത്യാസത്യത്തിന്റെ വിവേചനം), അദ്-ദിക്ര്‍ (പ്രബോധനം), അല്‍-ബയാന്‍ (വിശദീകരണം), അല്‍-ബുര്‍ഹാന്‍ (തെളിവ്), അല്‍-ഹഖ് (സത്യം), അത്-തന്‍സീല്‍ (വെളിപാട്), അല്‍-ഹിക്ക്മ (ജ്ഞാനം), അല്‍-ഹുദാ (മാര്‍ഗദര്‍ശനം), അല്‍-ഹുക്മ് (വിധി), അല്‍-മൗഇള (ഉപദേശം), അര്‍-റഹ്മ (കാരുണ്യം), അന്‍-നൂര്‍ (പ്രകാശം), അര്‍-റൂഹ് (വചനം) എന്നീ ഗുണനാമങ്ങളിലും അറിയപ്പെടുന്നു.

വിശുദ്ധ ഖുര്‍ആന്റെ ഉള്ളടക്കം

മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുര്‍ആന്‍ ദൈവത്തിന്റെ വചനമാണ്. പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ യഥാര്‍ത്ഥ വിവരണം നല്‍കുകയും അവന്റെ യഥാര്‍ത്ഥ ഗുണവിശേഷങ്ങള്‍ അവതരിപ്പിക്കുകയും അവനുമായുള്ള മനുഷ്യന്റെ ബന്ധത്തെ വിശദീകരിക്കുകയും ചെയ്തു കൊണ്ട് മനുഷ്യന് തന്റെ സൃഷ്ടാവിനെ സംബന്ധിച്ച കൃത്യമായ അറിവ് പ്രദാനം ചെയ്യുന്നു വിശുദ്ധ ഖുര്‍ആന്‍.

ഇത് കൂടാതെ സമസൃഷ്ടികളുമായും സഹജീവികളുമായും മനുഷ്യന്റെ ഇടപെടുലുകളെക്കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം ചര്‍ച്ച ചെയ്യുകയും അത് സംബന്ധിയായി കൃത്യമായ കല്പനകള്‍ മനുഷ്യന് നല്‍കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ മനുഷ്യന്റെ ധാര്‍മികവും ആത്മീയവുമായ അഭിവൃതിയെ ലക്ഷ്യമാക്കിക്കൊണ്ട് ഒരുപാട് അധ്യാപനങ്ങളും പാഠങ്ങളും വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നു. അതില്‍ ചില പ്രവാചകന്മാരുടെയും ജനതകളുടെയും ചരിത്രപരമായ വിവരണങ്ങള്‍, മരണാനന്തര ജീവിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ചുരുക്കത്തില്‍, വിശുദ്ധ ഖുര്‍ആന്റെ ഉള്ളടക്കം അഞ്ച് അടിസ്ഥാന ഭാഗങ്ങളായി തിരിക്കാവുന്നതാണ്: ആത്മീയതയും അതിന്റെ യാഥാര്‍ത്ഥ്യവും, നിയമങ്ങളും കല്പനകളും, ചരിത്ര വിവരണങ്ങള്‍, വിജ്ഞാനം, പ്രവചനങ്ങള്‍.

വിശുദ്ധ ഖുര്‍ആനില്‍ 114 അദ്ധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. സൂറത്തുകള്‍ എന്നറിയപ്പെടുന്ന ഈ അധ്യായങ്ങളില്‍ സൂക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇസ്‌ലാമിക പദാവലിയില്‍ ഈ സൂക്തങ്ങള്‍ ആയത്തുകള്‍ എന്ന് വിളിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആനിലെ അദ്ധ്യായങ്ങള്‍ വ്യത്യസ്ത ദൈര്‍ഘ്യമുള്ളവയാണ്. ഏറ്റവും ദൈര്‍ഘ്യമുള്ള സൂറ അല്‍-ബഖറ 287 ആയത്തുകള്‍ ഉള്ളതാണെങ്കില്‍ ഏറ്റവും ഹ്രസ്വമായ സൂറ അല്‍-കൗസറില്‍ നാല് ആയത്തുകള്‍ മാത്രമേ അടങ്ങിയിട്ടുള്ളു.

സാര്‍വത്രിക സന്ദേശം

മനുഷ്യന്‍ നീതിയുടെയും സത്യത്തിന്റെയും പാത ഉപേക്ഷിച്ച് തിന്മയില്‍ മുന്നേറുമ്പോഴെല്ലാം അവനെ അധാര്‍മികമതയുടെ അന്ധകാരത്തില്‍ നിന്ന് ആത്മീയ പ്രകാശത്തിലേക്ക് നയിക്കാന്‍ ദൈവനിയുക്തരായി പ്രവാചകന്മാര്‍ വരുന്നു എന്നത് മനുഷ്യസൃഷ്ടിപ്പിന്റെ പ്രാരംഭം തൊട്ട് നടന്ന് വരുന്ന ദൈവിക സംവിധാനമാണ്. ഇതനുസരിച്ച് ജനങ്ങള്‍ക്ക് ദൈവികമാര്‍ഗം കാണിച്ചുകൊടുക്കുന്നതിന് എല്ലാ ജനതയിലേക്കും പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ട്.

എന്നാല്‍, ഈ പ്രവാചകന്മാരും അവര്‍ കൊണ്ട് വന്ന നിയമങ്ങളുമെല്ലാം പ്രത്യേക ജനതയെ അഭിസംബോധന ചെയ്യുന്നതും പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രമുള്ളതും ആയിരുന്നു. പിന്നീട് മനുഷ്യന്‍ പുരോഗമിക്കുകയും സാര്‍വത്രികത എന്ന ആശയം മനുഷ്യസമൂഹത്തില്‍ രൂപപ്പെടുകയും ചെയ്തപ്പോള്‍ കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമായ, മനുഷ്യനെ സാര്‍വത്രികമായി അഭിസംബോധന ചെയ്യുന്ന പരിപൂര്‍ണവും ശാശ്വതവുമായ ഒരു നിയമം ആവശ്യമായി വന്നു.

ഇത്തരമൊരു നിയമമാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. പൂര്‍വമതഗ്രന്ഥങ്ങളുടെ സന്ദേശങ്ങളെ സമന്വയിപ്പിച്ച്, അവയിലുള്ള ശാശ്വതമായ കല്പനകളെ നിലനിര്‍ത്തി, താല്കാലിക സ്വഭാവമുള്ള നിയമങ്ങളെ ഒഴിവാക്കി, മനുഷ്യപുരോഗതിയുടെ ഗതിവിതികള്‍ക്കനുസൃതമായ പുതിയ കല്പനകള്‍ ഉള്‍കൊള്ളിച്ച് മനുഷ്യന് പരിപൂര്‍ണമായ മാര്‍ഗദര്‍ശനമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നത്.

വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ട് 1400 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിലെ വാചകങ്ങളില്‍ യാതൊരു രീതിയിലുള്ള മാറ്റങ്ങളും നടന്നിട്ടില്ല എന്നത് സംശയത്തിന് ഇടയില്ലാത്ത ഒരു വസ്തുതയാണ്. ദൈവിക സംരക്ഷണത്തിന്റെ വാഗ്ദാനം ലഭിച്ചിട്ടുള്ള ഒരു ഗ്രന്ഥത്തില്‍ മനുഷ്യന് കൈകടത്താന്‍ കഴിയുക എന്നത് അസംഭവ്യമായ ഒരു കാര്യം തന്നെയാണ്. വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:

“സത്യമായും ഈ പ്രബോധന ഗ്രന്ഥം ഇറക്കിയത് നാം തന്നെയാണ്. തീര്‍ച്ചയായും നാം തന്നെ അതിനെ സംരക്ഷിക്കുന്നതുമാണ്.”

[വിശുദ്ധ ഖുര്‍ആന്‍ 15:10]

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രവാചകന്‍(സ) അതിന്റെ സംരക്ഷണത്തിനായി രണ്ട് വ്യത്യസ്തമായ എന്നാല്‍ പരസ്പര പൂരകങ്ങളായ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഒന്ന്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിക്കുമ്പോള്‍ തന്നെ പ്രവാചകന്റെ അനുചരന്മാര്‍ അത് മനപാഠമാക്കുമായിരുന്നു എന്നതാണ്. രണ്ട്, പ്രവാചകന്‍(സ)യുടെ മേല്‍നോട്ടത്തില്‍ ആ സൂക്തങ്ങള്‍ എഴുതി സൂക്ഷിക്കപ്പെടുമായിരുന്നു എന്നതാണ്. ഇതിനായി അവിടുന്ന്‍ ചിലരെ എഴുത്തുകാരായി നിയമിച്ചിരുന്നു. ഓരോ സൂക്തങ്ങളും അധ്യായങ്ങളും ഏത് ഭാഗത്താണ് വരേണ്ടത് എന്നും പ്രവാചകന്‍(സ) ദൈവിക വെളിപാടനുസരിച്ച് പറഞ്ഞു കൊടുക്കുമായിരുന്നു.

ഈ രണ്ട് മാര്‍ഗങ്ങളും വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ സംരക്ഷണ വാഗ്ദാനം യാതാര്‍ത്ഥ്യവല്‍കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി നമുക്ക് കാണാന്‍ സാധിക്കും. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍(സ)ക്ക് അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ് യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാവാതെ ഇന്നും നമ്മുടെ മുമ്പില്‍ ഉള്ളതെന്നത് ഇസ്‌ലാമിന്റെ കടുത്ത ശത്രുക്കള്‍ പോലും സമ്മതിക്കുന്ന വസ്തുതയാണ്.

“അല്ലാത്തപക്ഷം, മുഹമ്മദ്‌ പഠിപ്പിച്ചതും ഉപയോഗിച്ചതുമായ വാചകങ്ങള്‍ തന്നെയാണ് നമ്മുടെ പക്കല്‍ [വിശുദ്ധ ഖുര്‍ആന്റെ രൂപത്തില്‍] ഉള്ളതെന്നതിന് ആന്തരികവും ബാഹ്യവുമായ എല്ലാ തെളിവുകളുമുണ്ട്.”

[സര്‍ വില്ല്യം മ്യൂര്‍, ലൈഫ് ഓഫ് മഹോമെറ്റ് പേ. 561]

“ഖുര്‍ആനില്‍ പില്‍ക്കാലത്ത് മാറ്റത്തിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാനുള്ള യൂറോപ്യന്‍ പണ്ഡിതന്മാരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്.”

[പ്രൊഫ. തിയഡോര്‍ നോള്‍ഡീക്ക്, എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക 9ആം എഡിഷന്‍]

ഇതിന് പുറമെയും ഒരുപാട് ഗവേഷകര്‍ ഈ കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. കൂടാതെ, പുരാവസ്തുഗവേഷണത്തിന്റെ ഭാഗമായി കണ്ടെടുക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്റെ ആദ്യകാല കയ്യെഴുത്തുപ്രതികള്‍ ഈ വസ്തുതക്ക് കൂടുതല്‍ അടിസ്ഥാനം നല്‍കുന്നു. ബര്‍മിങ്ങ്ഹം മാന്യുസ്ക്രിപ്റ്റ്, ടുബിംഗെന്‍ മാന്യുസ്ക്രിപ്റ്റ് തുടങ്ങിയ കയ്യെഴുത്തുപ്രതികളെ നമ്മുടെ കയ്യിലുള്ള ഖുര്‍ആനുമായി താരതമ്യം ചെയ്യുന്നതിലൂടെ ഈ കാര്യം സ്ഥിതീകരിക്കാന്‍ സാധിക്കുന്നതാണ്.

അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വന്ദ്യസ്ഥാപകന്‍ വാഗ്ദത്ത മസീഹ്(അ) അരുള്‍ ചെയ്യുന്നു:

“വിശുദ്ധ ഖുര്‍ആന്‍ ഒരു അപൂര്‍വ രത്നമാണ്. അതിന്റെ പുറം പ്രകാശമാണ്. അതിന്റെ അകം പ്രകാശമാണ്. അതിന്റെ മുകളില്‍ പ്രകാശമാണ്, അതിന്റെ താഴെയും പ്രകാശമാണ്. അതിന്റെ ഓരോ വാക്കിലും പ്രകാശമുണ്ട്. എളുപ്പത്തില്‍ പ്രാപ്യമായ പഴങ്ങള്‍ ഉള്ള, അരുവികള്‍ ഒഴുകുന്ന ഒരു ആത്മീയ പൂന്തോട്ടമാണ് ഇത്. സൗഭാഗ്യത്തിന്റെ എല്ലാ ഫലങ്ങളും അതില്‍ കാണപ്പെടുന്നു. എല്ലാ ദീപങ്ങള്‍ക്കും അതില്‍ നിന്നാണ് പ്രകാശം ലഭിക്കുന്നത്. അതിന്റെ പ്രകാശം എന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറിയിരിക്കുന്നു. മറ്റൊരു മാര്‍ഗത്തിലൂടെയും എനിക്ക് അത് പ്രാപിക്കാന്‍ സാധിക്കുമായിരുന്നില്ല. അല്ലാഹുവിനെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു, ഖുര്‍ആന്‍ ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് ആനന്ദം നല്‍കുന്ന ഒന്നും എന്റെ ജീവിതത്തില്‍ ഞാന്‍ കാണുമായിരുന്നില്ല.”

[ആയിനയെ കമാലാത്തെ ഇസ്‌ലാം, റൂഹാനീ ഖസാഇന്‍ വോ. 5, പേ. 545-546]

ചുരുക്കത്തില്‍, വിശുദ്ധ ഖുര്‍ആന്‍ അതിന്റെ ആത്മീയ പ്രഭാവത്തിലൂടെയും അതിന്റെ ആന്തരിക പ്രകാശത്തിലൂടെയും തന്റെ അനുയായികളെ തന്നിലേക്ക് ആകര്‍ഷിക്കുകയും അവരുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‍, മഹത്തായ അടയാളങ്ങള്‍ കാണിച്ച് അവര്‍ക്കും ദൈവത്തിനുമിടയില്‍ വളരെ ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു.