നീതിക്ക് വേണ്ടിയുള്ള ആഹ്വാനം: ഫലസ്തീന്‍ പ്രതിസന്ധിയെ കുറിച്ച് അഹ്‌മദിയ്യാ ഖലീഫ പ്രതികരിക്കുന്നു

ഇരുപക്ഷത്തും നീതി സ്ഥാപിക്കാന്‍ അല്ലാഹു ലോകശക്തികളെ പ്രാപ്തമാക്കുമാറാകട്ടെ. അവര്‍ ഒരു വശത്തേക്ക് ചായുകയും അങ്ങനെ മറുഭാഗത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാകാതിരിക്കട്ടെ.

നീതിക്ക് വേണ്ടിയുള്ള ആഹ്വാനം: ഫലസ്തീന്‍ പ്രതിസന്ധിയെ കുറിച്ച് അഹ്‌മദിയ്യാ ഖലീഫ പ്രതികരിക്കുന്നു

ഇരുപക്ഷത്തും നീതി സ്ഥാപിക്കാന്‍ അല്ലാഹു ലോകശക്തികളെ പ്രാപ്തമാക്കുമാറാകട്ടെ. അവര്‍ ഒരു വശത്തേക്ക് ചായുകയും അങ്ങനെ മറുഭാഗത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാകാതിരിക്കട്ടെ.

ഇരുപക്ഷത്തും നീതി സ്ഥാപിക്കാന്‍ അല്ലാഹു ലോകശക്തികളെ പ്രാപ്തമാക്കുമാറാകട്ടെ. അവര്‍ ഒരു വശത്തേക്ക് ചായുകയും അങ്ങനെ മറുഭാഗത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാകാതിരിക്കട്ടെ.

ഒക്ടോബര്‍ 16, 2023

2023 ഒക്ടോബര്‍ 13 , വെള്ളിയാഴ്ച യു.കെ, റ്റില്‍ഫോര്‍ഡിലെ ഇസ്‌ലാമാബാദിലുള്ള മസ്ജിദ് മുബാറക്കില്‍ വച്ച് നടന്ന ജുമുഅഃ ഖുത്ബയില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള നേതാവും അഞ്ചാമത്തെ ഖലീഫയുമായ ഹദ്‌റത്ത് മിര്‍സാ സ്‌റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തില്‍ നടക്കുന്ന അനീതികളെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഇപ്രകാരം പറയുകയുണ്ടായി:

നിലവിലെ ലോകസാഹചര്യം മുന്‍നിറുത്തി പ്രത്യേക പ്രാര്‍ഥനയ്ക്ക് ഞാന്‍ ആഹ്വാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്രായേലും ഹമാസും തമ്മില്‍ ഒരു യുദ്ധം നടക്കുകയാണ്. ഇതു നിമിത്തം ഇരുഭാഗത്തുമുള്ള സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങിയ സാധാരണക്കാരായ അനവധിപേര്‍ വിവേചനമന്യേ  കൊല്ലപ്പെടുകയും അതു തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

യുദ്ധസമയത്ത് പോലും സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തില്‍ പങ്കെടുക്കാത്തവരെയും വധിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഈ അധ്യാപനങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്ന് നബിതിരുമേനി(സ) നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ലോകം പറയുന്നത് ഹമാസാണ് ഈ യുദ്ധത്തിന് തുടക്കമിട്ടതും ഇസ്രായേലി പൗരന്മാരെ വിവേചനരഹിതമായി കൊലപ്പെടുത്തിയതുമെന്നാണ്. അതില്‍ കുറച്ച് സത്യമുണ്ട്. ഇതിനുമുമ്പ് ഇസ്രായേല്‍ സൈന്യം നിരപരാധികളായ ഫലസ്തീനികളെ കൊന്നൊടുക്കിയിട്ടുണ്ട് എന്ന വസ്തുത മാറ്റിനിറുത്താം,  എന്നിരുന്നാലും മുസ്‌ലീങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എപ്പാഴും ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് അനുസൃതമായി തന്നെ വേണം. ഇസ്രായേല്‍ അതിന്റെ സൈന്യം ചെയ്ത എല്ലാ കൃത്യങ്ങള്‍ക്കും ഉത്തരവാദിയാണ്. ഒരു പരിഹാരത്തിലെത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. നിയമാനുസൃതമായി, ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ തന്നെയും, അത് സൈന്യത്തിനെതിരെ ആവാം. അല്ലാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിരപരാധികള്‍ക്കും നേരെയാകരുത്. ഇങ്ങനെയൊക്കെയായാലും, ഹമാസ് സ്വീകരിച്ച നടപടി തെറ്റായിരുന്നു. അത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചത്.

ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി, അതിനുള്ള ശിക്ഷയോ യുദ്ധമോ ഹമാസിനെതിരെ മാത്രമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. അങ്ങെനെയെങ്കില്‍ ഇത് യഥാര്‍ഥ ധീരതയും ശരിയായ പ്രതികരണവും ആകുമായിരുന്നു. എന്നാല്‍, ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ ചെയ്യുന്നത് അങ്ങേയറ്റം അപകടകരമായ കാര്യമാണ്. ഇത് അവസാനിക്കില്ലെന്ന് തോന്നുന്നു. എത്രമാത്രം സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ പൊലിയുമെന്ന് സങ്കല്പിക്കാന്‍ പോലും സാധിക്കുന്നില്ല.

ഗസയെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനായി, നിരന്തരമായി ബോംബുകള്‍ വര്‍ഷിച്ചുകൊണ്ട് അവിടം ചാരക്കൂമ്പാരമാക്കി. ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഗസ വിടണമെന്ന നിര്‍ദേശം ഇസ്രായേല്‍ സര്‍ക്കാര്‍ ഇതിനകം നല്കിക്കഴിഞ്ഞു. ചിലര്‍ ഇതിനകം തന്നെ രാജ്യം വിടാന്‍ തുടങ്ങി എന്നതാണ് പുതിയ സംഭവവികാസം.

അഹ്‌മദിയ്യാ ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)

ഭാഗ്യവശാല്‍ – ദുര്‍ബലമായ ശബ്ദത്തിലാണെങ്കിലും – ഇക്കാര്യം മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്നും തെറ്റാണെന്നും ധാരാളം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും ഇസ്രായേല്‍ ഈ നിര്‍ദ്ദേശം പുനര്‍വിചിന്തനം ചെയ്യണമെന്നും ഐക്യരാഷ്ട്രസഭ ചില ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഇസ്രായേലിനെ പൂര്‍ണമായി അപലപിക്കുന്നതിനുപകരം അവര്‍ (യു.എന്‍) ഒരു അഭ്യര്‍ഥന മാത്രമാണ് നടത്തുന്നത്.

എന്തുതന്നെയായാലും, യുദ്ധത്തില്‍ ഒരു പങ്കുമില്ലാത്ത നിരപരാധികളെ പഴിക്കാനാകില്ല. ഇസ്രായേലി സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും നിരപരാധികളായാണ് ലോകം വീക്ഷിക്കുന്നതെങ്കില്‍ അതേപോലെ ഫലസ്തീനികളും നിരപരാധികളാണ്.

ഇത്തരം കൊലപാതകങ്ങള്‍ അനുവദനീയമല്ലെന്നാണ് ജൂതക്രിസ്ത്യാനികളുടെ അധ്യാപനങ്ങളിലുമുള്ളത്. മുസ്‌ലീങ്ങള്‍ തെറ്റ് ചെയ്തുവെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു, എന്നാല്‍ അവര്‍ സ്വയം തങ്ങളിലേക്ക് തന്നെ നോക്കേണ്ടതുണ്ട്.

ഏതായാലും നാം വളരെയധികം പ്രാര്‍ഥിക്കണം.

ഹമാസ് ഒരു തീവ്രവാദ ഗ്രൂപ്പാണെന്നും സര്‍ക്കാരല്ലെന്നും ഫലസ്തീന്‍ സര്‍ക്കാരിന് അവരുമായി യാതൊരു ബന്ധവുമില്ലെന്നും യുകെയിലെ ഫലസ്തീന്‍ അംബാസഡര്‍ ബി.ബി.സിക്ക് നല്കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി. അദ്ദേഹം ഒരു ചോദ്യവും ഉന്നയിച്ചു അത് തികച്ചും ന്യായവുമാണ് അതായത്, യഥാര്‍ത്ഥ നീതി സ്ഥാപിക്കപ്പെട്ടിരുന്നെങ്കില്‍, ഈ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ലോകശക്തികള്‍ക്ക് ഇരട്ടത്താപ്പില്ലായിരുന്നെങ്കില്‍ ഇത്തരം അരാജകത്വവും യുദ്ധവും ഒരിക്കലും തന്നെ സംഭവിക്കുമായിരുന്നില്ല. അതിനാല്‍, ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കുന്നപക്ഷം യുദ്ധങ്ങള്‍ സ്വയം അവസാനിക്കുന്നതാണ്.

ഇസ്‌ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ വളരെക്കാലമായി പറയുന്ന കാര്യങ്ങളാണിവ. മറുപടിയെന്നോണം നേതാക്കള്‍ ഇക്കാര്യമെല്ലാം സമ്മതിക്കുമെങ്കിലും ഇതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ സന്നധരല്ല.

നീതിയെ അവഗണിച്ചുകൊണ്ട്, എല്ലാ ലോകശക്തികളും- അല്ലെങ്കില്‍ പാശ്ചാത്യ ശക്തികള്‍ – ഇപ്പോള്‍ ഫലസ്തീനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതില്‍ ഐക്യപ്പെട്ടിരിക്കുന്നു, സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് എല്ലായിടത്തും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

അവിടെ നടക്കുന്ന അനീതികളെ ചിത്രീകരിക്കാന്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ ചിത്രങ്ങള്‍ കാണിക്കുന്നു. അതുപോലെ തെറ്റായ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു ദിവസം, ഇസ്രായേലി സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയെക്കുറിച്ചും അവരുടെ ഭയാനകമായ സാഹചര്യങ്ങളെക്കുറിച്ചും വാര്‍ത്തകള്‍ ഉണ്ടാകുന്നു. പിറ്റേന്ന് അവര്‍ ഇസ്രായേലികളല്ല മറിച്ച് ഫലസ്തീനികളായിരുന്നു എന്ന് വെളിപ്പെടുന്നു. എന്നിട്ടും, മാധ്യമങ്ങള്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. അവരോട് സഹതാപം പ്രകടിപ്പിക്കുന്നില്ല. ഈ ആളുകള്‍  വെറും ‘കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്ന നിയമമാണ് പിന്തുടരുന്നതേ. ഐഹിക സമ്പത്തുള്ളവരുടെ മുമ്പില്‍ അവര്‍ തല കുനിച്ചു നില്‍ക്കുന്നു.

കൂടുതല്‍ വിശകലനം ചെയ്യുമ്പോള്‍, ലോകശക്തികള്‍ യുദ്ധത്തിന്റെ തീജ്വാലകള്‍ അണയ്ക്കുന്നതിനുപകരം അവയെ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് മനസ്സിലാകുന്നു. ഈ യുദ്ധം അവസാനിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഒന്നാം ലോകമഹായുദ്ധാനനന്തരം, യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ലോകശക്തികള്‍ ലീഗ് ഓഫ് നേഷന്‍സ് സൃഷ്ടിച്ചു. എന്നാല്‍ നീതിയുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തതിനാലും (രാഷ്ട്രങ്ങള്‍) സ്വന്തം ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നതിനാലും അത് പരാജയപ്പെട്ടതായി നാം കണ്ടു. പിന്നീട്, രണ്ടാം ലോകമഹായുദ്ധം നടന്നു, അതില്‍ 70 ദശലക്ഷത്തിലധികം ജീവന്‍ നഷ്ടപ്പെട്ടുവെന്ന് പറയപ്പെടുന്നു. യു.എന്നും അതേ അവസ്ഥയിലാണ്. നീതി സ്ഥാപിക്കുന്നതിനും അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിക്കുന്നതിനും യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനുമാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍, ഇവയെല്ലാം യാഥാര്‍ഥ്യത്തില്‍ നിന്ന് ബഹുദൂരമാണ് ഉള്ളത്. ഓരോരുത്തരും നിക്ഷിപ്തടെ താല്പര്യങ്ങളില്‍ ബദ്ധശ്രദ്ധരാണ്.

ഈ അനീതികളുടെ ഫലമായുണ്ടാകുന്ന യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് ഒരു ശരാശരി മനുഷ്യന് മനസ്സിലാക്കാന്‍ സാധിച്ചു എന്നു വരില്ല. എല്ലാ പ്രധാന ശക്തികള്‍ക്കും ഈ പ്രത്യാഘാതങ്ങളെക്കുറിച്ച് നന്നായി അറിയാം, എന്നിട്ടും ലോകത്ത് നീതി സ്ഥാപിക്കുന്നതില്‍ അവര്‍ ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, ഇക്കാര്യം ശ്രദ്ധിക്കാന്‍ പോലും ആരും തയ്യാറല്ല.

അത്തരം സാഹചര്യങ്ങളില്‍, മുസ്‌ലിം രാഷ്ട്രങ്ങള്‍, കുറഞ്ഞപക്ഷം, അവരുടെ അടിസ്ഥാന അധ്യാപനങ്ങളിലേക്ക് തിരിയേണ്ടതാണ്. ഐക്യം സ്ഥാപിക്കുന്നതിന് അവര്‍ പരസ്പരമുള്ള വിയോജിപ്പുകള്‍ മായ്ച്ചുകളയണം. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്കിലേക്ക് നിങ്ങള്‍ വരുവിന്‍ (3:65)’ എന്ന് പറഞ്ഞുകൊണ്ട് വേദക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സര്‍വ്വശക്തനായ അല്ലാഹു മുസ്‌ലീങ്ങളോട് കല്പിച്ചിട്ടുണ്ടെങ്കില്‍ , അത് അല്ലാഹുവിലുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെങ്കില്‍, എന്തുകൊണ്ടാണ് മുസ്‌ലീങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് ഒരുമിച്ചുചേരാന്‍ കഴിയാത്തത്? അവര്‍ ഇതിനെക്കുറിച്ച് ചിന്തിക്കുകയും ഐക്യം സ്ഥാപിക്കുകയും വേണം. ഇന്ന് നാം കാണുന്ന അരാജകത്വത്തില്‍ നിന്ന് ലോകത്തെ മോചിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇതാണ്. അവര്‍ എവിടെയായിരുന്നാലും അവര്‍ ഒന്നിക്കുകയും നീതിയുടെ തേട്ടങ്ങള്‍ നിറവേറ്റുന്നതിനും, അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടിയുള്ള മഹത്തായ ശബ്ദം ഉയര്‍ത്തുകയും വേണം. ഐക്യമുണ്ടെങ്കില്‍ അവര്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് ശക്തിയുണ്ടാകും. അല്ലാത്തപക്ഷം നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് ഈ മുസ്‌ലീം രാഷ്ട്രങ്ങള്‍ ഉത്തരവാദികളായിരിക്കും. അടിച്ചമര്‍ത്തപ്പെട്ടവരെയും (അടിച്ചമര്‍ത്തലില്‍ നിന്നും തടഞ്ഞുകൊണ്ട്) അടിച്ചമര്‍ത്തുന്നവരെയും സഹായിക്കാന്‍ നബിതിരുമേനി(സ) പഠിപ്പിച്ചത് ഈ ശക്തികള്‍ സ്മരിക്കേണ്ടതുണ്ട്. ഈ പ്രധാനപ്പെട്ട കാര്യം അവര്‍ മനസ്സിലാക്കണം.

സര്‍വശക്തനായ അല്ലാഹു മുസ്‌ലീം ഗവണ്‍മെന്റുകള്‍ക്ക് ജ്ഞാനവും വിവേകവും നല്കട്ടെ, നീതി ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി അവര്‍ ഒന്നിക്കുമാറാകട്ടെ. അല്ലാഹു ലോകശക്തികള്‍ക്ക് ജ്ഞാനവും വിവേകവും നല്കട്ടെ, അങ്ങനെ അവര്‍ ലോകത്ത് നാശമുണ്ടാക്കുന്നതിനുപകരം, ലോകത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നവരായി തീരുമാറാക്കട്ടെ. അവരുടെ ഉദ്ദേശ്യം അവരുടെ അഹംഭാവത്തില്‍ മുന്നേറുക എന്നായിരിക്കരുത്. നാശം സംഭവിക്കുമ്പോള്‍ ഈ ശക്തികള്‍ പോലും സുരക്ഷിതമായിരിക്കില്ലെന്ന് എല്ലായ്‌പ്പോഴും ഓര്‍ക്കണം.

ഏതായാലും, നമ്മുടെ പക്കലുള്ള ഒരേയൊരു ആയുധം പ്രാര്‍ഥനയുടെ ആയുധമാണ്. അതിനാല്‍, മുമ്പത്തേക്കാളുപരി എല്ലാ അഹ്‌മദികളും ഇപ്പോള്‍ ഈ ആയുധം ഉപയോഗിക്കണം.

ഗസയിലെ ചില അഹ്‌മദി ഭവനങ്ങള്‍ ഉപരോധിക്കപ്പെട്ടിട്ടുണ്ട്. സര്‍വ്വശക്തനായ അല്ലാഹു അവരെ സുരക്ഷിതരാക്കുമാറാകട്ടെ. നിരപരാധികളും അടിച്ചമര്‍ത്തപ്പെട്ടവരുമായ എല്ലാവരെയും അവര്‍ എവിടെയായിരുന്നാലും അവന്‍ സുരക്ഷിതരാക്കിത്തീര്‍ക്കട്ടെ.

സ്വന്തം ജനതയ്ക്ക് നേരെ നടക്കുന്ന ക്രൂരതകള്‍ക്ക് അവര്‍ ഉത്തരവാദികളാകാതിരിക്കാനും അതുപോലെ ആരോടും അനീതി പ്രവര്‍ത്തിക്കാതിരിക്കാനും സര്‍വ്വശക്തനായ അല്ലാഹു ഹമാസിന് വിവേകം നല്കുമാറാകട്ടെ. അവര്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെങ്കില്‍ ഇസ്‌ലാമിന്റെ കല്പനകള്‍ക്കനുസൃതമായികൊണ്ട് അവര്‍ യുദ്ധം ചെയ്യേണ്ടതാണ്. മറ്റൊരു രാജ്യത്തോടുള്ള ശത്രുത നീതിയോടെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നമ്മെ അകറ്റരുത്. പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിന്റെ കല്പനയത്രെ അത്.

സര്‍വശക്തനായ അല്ലാഹു ഇരുപക്ഷത്തും നീതി സ്ഥാപിക്കാനും അതുവഴി സമാധാനം സ്ഥാപിക്കാനും ലോകശക്തികളെ പ്രാപ്തമാക്കുമാറാകട്ടെ. അവര്‍ ഒരു വശത്തേക്ക് ചായുകയും അങ്ങനെ മറുഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരായിത്തീരരുത്.  അവര്‍ അനീതികളും ക്രൂരതകളും ചെയ്യാതിരിക്കട്ടെ.

ലോകത്ത് സമാധാനവും സുരക്ഷിതത്വവും നടപ്പിലാകുന്നതിന്  സാക്ഷ്യം വഹിക്കാനുള്ള അവസരം സര്‍വ്വശക്തനായ അല്ലാഹു നമുക്ക് നല്കുമാറാകട്ടെ.

1 Comment

Muhammad Ashraf Ap · ഒക്ടോബർ 16, 2023 at 8:52 pm

Assalaamu alaikkum

ലോകം ഇപ്പഴും അധിക ശതമാനവും പിശാചിന്റെ കൈകളിലാണ് . അതുകൊണ്ടല്ലേ എത്രയോ നന്മകളും കരുണയും ചെയ്യാനുള്ള കഴിവും മനസ്സും അല്ലാഹു മനുഷ്യന് കൊടുത്തിട്ടും ക്രൂരതകൾ നടക്കുന്നത്. ഓരോ രാഷ്ട്ര തലവന്മാർക്കും അവർ ചെയ്യേണ്ടത് എന്ത് ,എന്ത് ചെയ്തുകൂടാ എന്തൊക്കെ കാര്യങ്ങൾ തക്ക സമയത് ചെയ്യണം, എന്ന് അറിയില്ലാഞ്ഞിട്ടല്ല അവർ എല്ലാവരും ഭീരുക്കളോ അല്ലെങ്കിൽ ബുദ്ധി ഇല്ലാത്തവരോ അല്ലെങ്കിൽ ഹൃദയത്തിൽ കരുണയോ ഇല്ലാത്തവരാണ് എന്നത് മനസ്സിലാക്കാൻ ഈ സന്ദർഭം തന്നെ ധാരാളം . ലീഡർ ആകാൻ യോഗ്യത ഇല്ലെന്നുള്ള കാര്യം തെളിയിക്കുകയാണ് ഇപ്പഴും സാമ്രാജ്യത്വ ശക്തീ നേതാക്കൾ. അവർക്ക് ഒരു നേതാവിന്റെ കടമകൾ എന്തെന്ന് അറിയില്ലെങ്കിൽ അത് അറിയുന്ന നേതാക്കൾ ആ സ്ഥാനത്തേക്ക് വരാൻ വേണ്ടി എന്ത് ചെയ്യണം അതെല്ലങ്കിൽ അവർക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ ആരെങ്കിലും ഉണ്ടായെങ്കിൽ എത്ര നന്നായേനെ

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed