മസ്തിഷ്കം യുക്തിയുടെയും ചിന്തയുടെയും ഉറവിടമാണ്. എന്നാല്‍ ഹൃദയമാണ് ആത്മീയ ഗുണങ്ങളുടെ ഉറവിടം.
അഹ്മദിയ്യത്തിന്‍റെ വന്ദ്യസ്ഥാപകന്‍ ഹദ്രത്ത് മിര്‍സാ ഗുലാം അഹ്മദ്(അ)ന്‍റെ വാക്കുകളുടെയും ഉപദേശങ്ങളുടെടെയും സമാഹാരമായ മല്‍ഫൂസാത്തില്‍ നിന്ന് എടുത്തതാണ് ഈ ലേഖനം. മലയാള വിവര്‍ത്തനം സത്യദൂതന്‍ മാസികയുടെ 2021 ഒക്ടോബര്‍ ലക്കത്തില്‍ വന്നതാണ്.
സെപ്റ്റംബര്‍ 11, 2022
ദൈവം മനുഷ്യനില്‍ മൂന്ന് വിധത്തിലുള്ള നിയന്ത്രണ ഘടകങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. മസ്തിഷ്കം, ഹൃദയം, നാവ് എന്നിവയാണവ. മസ്തിഷ്കം ബുദ്ധിയും യുക്തിയുമുപയോഗിച്ച് ആശയങ്ങള്‍ രൂപീകരിക്കുകയും പുതിയ ചിന്തകളും വിശദീകരണങ്ങളും വാദമുഖങ്ങളും ആവിഷ്കരിക്കുകയും ചെയ്യുന്നു. വിവിധ സങ്കേതങ്ങളിലൂടെ രൂപവത്കൃതമാവുന്ന ഫലങ്ങള്‍ മസ്തിഷ്കം പുനപരിശോധിക്കുകയും ചെയ്യുന്നു. ഹൃദയം എല്ലാ സത്തകളുടെയും രാജാവാണ്. ഹൃദയം തെളിവുകളും വാദമുഖങ്ങളും ഉപയോഗിക്കുന്നില്ല. അതിന് രാജാധിരാജനായ അല്ലാഹുവുമായിട്ടാണ് ബന്ധം. ആയതിനാല്‍ വ്യക്തവും സ്വച്ഛവുമായ വെളിപാട് മുഖേനയോ ചിലപ്പോള്‍ രഹസ്യമായോ ഗൂഢമായോ വെളിപാട് മുഖേന മനുഷ്യന് അറിവുകള്‍ നല്‍കപ്പെടുന്നു.
ഇതിനെ മറ്റൊരു വിധത്തില്‍ പറയാം. മസ്തിഷ്കം മന്ത്രിയാണ്. മന്ത്രി ഭരണ നിര്‍വ്വാഹകനായതിനാല്‍ തന്ത്രങ്ങളും പദ്ധതികളും മിനഞ്ഞെടുക്കുന്ന ആളാകുന്നു. അപ്രകാരം മസ്തിഷ്കം അഭിപ്രായങ്ങള്‍, വ്യവസ്ഥകള്‍, കാര്യകാരണങ്ങള്‍, ഫലങ്ങള്‍ എന്നിവയില്‍ സദാ വ്യാപൃതനാണ്. എന്നാല്‍ ഹൃദയത്തില്‍ അല്ലാഹു സഹജാവബോധത്തെയാണ് നിക്ഷേപിച്ചിരിക്കുന്നത്. മധുരമുള്ള സ്ഥലത്ത് ഉറുമ്പ് എത്തിച്ചേരുന്നത് പോലെയാണിത്. ഒരിടത്ത് മധുരമുണ്ടെങ്കില്‍ ഉറുമ്പിന് അത് ഗ്രഹിക്കാന്‍ വസ്തുതകളുടെയും തെളിവിന്റെയും ആവശ്യമില്ല. ദൈവം അതിന് നല്‍കിയ സഹജാവബോധം അതിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനാല്‍ അത് മധുരമുള്ളിടത്ത് എത്തിച്ചേരുന്നു. ഇപ്രകാരം ഉറുമ്പിന് ഹൃദയവുമായി സാദൃശ്യമുണ്ട്. കാരണം അതിലും സഹജാവബോധമുണ്ട്. അതിന്റെ ബലത്താല്‍ ഹൃദയം ആനയിക്കപ്പെടുന്നു. അതിന് തെളിവുകളുടെയും യുക്തിവാദങ്ങളുടെയും നിഗമനങ്ങളുടെയും ഫലപരിണിതിയുടെയും ആവശ്യമില്ല. ഹൃദയത്തിന് അത്തരം തെളിവുകള്‍ എത്തിച്ച് കൊടുക്കാന്‍ മസ്തിഷ്കം സദാസന്നദ്ധമാണ് എന്നത് മറ്റൊരു കാര്യമാണ്.
ഹൃദയം (ഖല്‍ബ്) എന്നതിന് സ്ഥൂലവും ശാരീരികവുമായ അര്‍ത്ഥമുണ്ട്. ‘ഖല്‍ബ്’ എന്ന വാക്കിന് ചംക്രമണം, മടങ്ങിവരുന്ന സഞ്ചാരം എന്നെല്ലാമുള്ള അര്‍ത്ഥമുണ്ട്. ശരീരത്തില്‍ രക്തചംക്രമണത്തിന്റെ സ്രോതസ്സായതിനാലാണ് ഹൃദയത്തെ ‘ഖല്‍ബ്’ എന്ന് വിളിക്കുന്നത്. ‘ഖല്‍ബ്’ എന്ന വാക്കിന്റെ ആത്മീയമായ അര്‍ത്ഥം മനുഷ്യനുണ്ടാകുന്ന അഭിവൃദ്ധിയും പുരോഗതിയും ഹൃദയത്തെ ചുറ്റിക്കൊണ്ടുള്ള പരിക്രമണത്തിലൂടെ ലഭ്യമാകുന്നു എന്നാണ്. എപ്രകാരമെന്നാല്‍ മനുഷ്യന്റെ ജീവന് ആവശ്യമായ രക്തസഞ്ചാരത്തിന്റെ പ്രഭവകേന്ദ്രം ഹൃദയമാണ്. ആയതിനാല്‍ ആത്മീയ പുരോഗതി ആത്മീയ ഹൃദയത്തെ ആശ്രയിച്ചിരിക്കുന്നു.
ഇക്കാലത്തെ ദാര്‍ശനികരെന്ന് പറയപ്പെടുന്ന ചിലര്‍ അറിവില്ലാത്തവരാണ്. അവര്‍ എല്ലാ നല്ല കാര്യങ്ങളെയും മസ്തിഷ്കവുമായി ബന്ധപ്പെടുത്തുകയാണ്. എന്നാല്‍ മസ്തിഷ്കം വെറും തെളിവുകളുടെയും വാദമുഖങ്ങളുടെയും ഇരിപ്പിടം മാത്രമാണ്. ചിന്താശക്തിയും ഓര്‍മ്മശക്തിയും തലച്ചോറുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ ഹൃദയം അതിന്റെ പ്രത്യേകത നിമിത്തം പരമാധികാരിയാണ്. അതായത്, തലച്ചോറില്‍ ഒരുവിധത്തിലുള്ള കല്‍പ്പിത ഘടകങ്ങളുണ്ട്. ഹൃദയത്തില്‍ ഈ കല്‍പ്പിത ഘടകങ്ങളില്ല. അതുകൊണ്ട് ഹൃദയത്തിന് ‘റബ്ബുല്‍ അര്‍ശു’മായി ഒരു പ്രതീകാത്മക ബന്ധമുണ്ട്. വെറും സഹജാവബോധം കൊണ്ട് ഒരു വിധത്തിലുള്ള അടയാളവും ദൃഷ്ടാന്തവും ആവശ്യമില്ലാതെ (ആത്മീയ സത്യങ്ങള്‍) അത് അറിയുന്നു. അതുകൊണ്ടാണ് ഹദീസില്‍ “നീ ഹൃദയത്തോട് ഫത്‌വ (വിധി) ചോദിക്കുക”[1] എന്ന് പറഞ്ഞിരിക്കുന്നത്. അല്ലാതെ, മസ്തിഷ്കത്തോട് ഫത്‌വ ചോദിക്കണം എന്നല്ല വന്നിരിക്കുന്നത്. ഉലൂഹിയത്തിന്റെ (ദൈവത്വം) തന്തുക്കള്‍ ഹൃദയവുമായിട്ടാണ് ബന്ധപ്പെട്ട് കിടക്കുന്നത്. ആരും അതിനെ വിദൂരമാണെന്ന് കരുതരുത്. വളരെ സൂക്ഷ്മവും പ്രയാസകരവുമായ കാര്യമാണിത്. എന്നാല്‍, ഹൃദയപരിശുദ്ധി വരുത്തുന്നവര്‍ ഇത്തരം ഉദാത്ത ഗുണങ്ങള്‍ ഹൃദയത്തിനുണ്ടെന്ന് മനസ്സിലാക്കുന്നു. ഹൃദയത്തിന് ഈ ശക്തികളും ഊര്‍ജ്ജങ്ങളും ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്റെ അസ്തിത്വം തന്നെ പ്രയോജന ശൂന്യമായി ഭവിക്കുന്നതാണ്.
തസവ്വുഫിലും മുജാഹിദയിലും മുഴുകിയിരിക്കുന്ന സൂഫികളും മുജാഹിദീങ്ങളും ശരിക്കും മനസ്സിലാക്കിയ ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഹൃദയത്തില്‍ നിന്നും പ്രകാശത്തിന്റെയും ദീപ്തിയുടെയും സ്തൂപം പ്രത്യക്ഷമായിത്തന്നെ ആകാശത്തേക്ക് പോകുന്നതായിട്ടവര്‍ക്ക് കാണാന്‍ സാധിക്കുന്നു. വളരെ വ്യക്തവും യഥാര്‍ത്ഥവുമായ സത്യമാണിത്. എനിക്കിതിനെ പ്രത്യേകമായ ഉദാഹരണം മൂലം വ്യക്തമാക്കി തരുവാന്‍ സാധ്യമല്ല. എന്നാല്‍ ആര്‍ക്കാണ് ‘മുജാഹിദ’ ചെയ്യുവാന്‍ സാധിക്കുന്നത്, അതേ പ്രകാരം ആത്മീയ സഞ്ചാരത്തിന്റെ ഘട്ടങ്ങളെ തരണം ചെയ്യുവാന്‍ സാധിക്കുന്നത്, അവര്‍ക്ക് ഇത് നേരിട്ടും അനുഭവത്തില്‍ കൂടിയും കാണുവാന്‍ സാധിച്ചിട്ടുണ്ട്. ഹൃദയത്തിനും അര്‍ശിനുമിടയില്‍ സൂക്ഷ്മമായ ഒരു തന്തുവുണ്ട്. ഹൃദയത്തിന് ആരാണോ കല്‍പ്പന നല്‍കുന്നത്, അവനില്‍ നിന്നും ദിവ്യാനുഭൂതി ഉണ്ടാകുന്നു. അത് ബുദ്ധിപരമായ അടയാളങ്ങളെയും ദൃഷ്ടാന്തങ്ങളെയും ആശ്രയിച്ചിട്ടുള്ളതല്ല. മറിച്ച് മുല്‍ഹം (ദിവ്യവേളിപാട് കിട്ടിയ ആള്‍) അല്ലാഹുവിനോട് ആന്തരികമായി സംവദിച്ച് കാര്യങ്ങള്‍ ഗ്രഹിച്ച് കൊണ്ട് രൂപം കൊള്ളുന്ന ഫത്‌വകള്‍ (വിധികള്‍) ആണ്.
അതെ, ഒരു കാര്യം സത്യമാണ്. എതുവരെയെന്നാല്‍ ഹൃദയം ഹൃദയമായി മാത്രം നിലകൊള്ളുകയും, അതായത്, “നാം (ദൈവിക സന്ദേശം) കേള്‍ക്കുകയും അറിയുകയും ചെയ്തിരുന്നുവെങ്കില്‍”[2] എന്ന ദൈവിക വചനമനുസരിച്ച് ആവുകയും ചെയ്യുന്നത് വരെ. അതായത്, ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും ശക്തികള്‍ പ്രകടമാകാതിരുന്ന ഒരു നിദ്രാന കാലഘട്ടം മനുഷ്യനില്‍ കടന്ന് പോയിട്ടുണ്ട്. മസ്തിഷ്കത്തിന്റെ കഴിവുകള്‍ വികസിക്തമായ ഒരു കാലഘട്ടം വന്നു. അതിന് ശേഷമാണ് ഹൃദയം പ്രകാശ സമ്പൂര്‍ണ്ണമായ ഒരു കാലഘട്ടം ആഗതമായത്. ഹൃദയത്തിന്റെ പ്രകാശ പൂര്‍ണ്ണമായ കാലഘട്ടം വന്നതോടുകൂടി മനുഷ്യന്‍ ആത്മീയമായ വളര്‍ച്ച പ്രാപിച്ചു. അങ്ങനെ മസ്തിഷ്കത്തിന് മേല്‍ ഹൃദയത്തിന്റെ അധീശ്വത്വം നിലവില്‍ വന്നു. മസ്തിഷ്കപരമായ കഴിവുകള്‍ക്ക് ഹൃദയത്തിന്റെ സവിശേഷതകളുടെയും ശക്തികളുടെയും മേല്‍ ഒരാധിപത്യവുമില്ല. ഒരു കാര്യം ഓര്‍ക്കുക. മസ്തിഷ്കപരമായ കഴിവുകള്‍ സത്യവിശ്വാസികള്‍ക്ക് മാത്രം പ്രത്യേകമായിട്ടുല്ലതല്ല. മറ്റെല്ലാ മതവിശ്വാസികളും താന്താങ്ങളുടെ തലച്ചോറിനെ ഉപയോഗിക്കുന്നു. ഭൗതികമായ കാര്യങ്ങളിലും വ്യാപാരങ്ങളിലും മുഴുകിയിരിക്കുന്നവരെല്ലാം തന്നെ തങ്ങളുടെ ബുദ്ധിയെ (തലച്ചോറിനെ) പ്രയോജനപ്പെടുത്തുന്നു. അവരുടെ മസ്തിഷ്കപരമായ കഴിവുകള്‍ പൂര്‍ണ്ണമായും വികസിതമാണ്. ദിവസവും അവര്‍ തങ്ങളുടെ വ്യാപാരപരമായ പല നവീന കാര്യങ്ങളും കണ്ടുപിടിക്കുന്നു. യൂറോപ്പിലേക്കും ആധുനിക ലോകത്തിലേക്കും ദൃഷ്ടി പായിക്കുക. ഇക്കൂട്ടര്‍ എത്ര കണ്ടാണ് തങ്ങളുടെ വിധിയെ പ്രയോജനപ്പെടുത്തി പുതിയ പുതിയ ഗവേഷണങ്ങള്‍ നടത്തുന്നത്.
മനുഷ്യന്‍ ദൈവത്തിന്റെതായി തീരുമ്പോള്‍ ഹൃദയത്തിന്റെ ശക്തികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നു. ആ അവസരത്തില്‍ എല്ലാ ഊര്‍ജ്ജങ്ങളും ഇല്ലാതായി ഹൃദയത്തിന്റെ ഭരണകൂടം ആധിപത്യത്തില്‍ വരികയും ഹൃദയത്തിന്റെ നിയന്ത്രണത്തിലും ഭരണത്തിന്റെ കീഴിലും ആവുകയും ചെയ്യുന്നു. അപ്പോഴാണ് മനുഷ്യന്‍ പരിപൂര്‍ണ്ണ മനുഷ്യന്‍ എന്ന്‍ പറയപ്പെടുന്നത്. ആ അവസരത്തിലാണ് അതില്‍ “ഞാനെന്റെ ആത്മാവിനെ ഊതി”[3] എന്ന വചനത്തില്‍ മനുഷ്യന്‍ സജീവ സാക്ഷിയാവുന്നത്. ആ അവസരത്തില്‍ മലക്കുകള്‍ കൂടി അയാളെ സജ്ദ ചെയ്യുന്നു. അപ്പോള്‍ അയാള്‍ ഒരു നവീന മനുഷ്യനായി തീരുന്നു. അയാളുടെ ആത്മാവ് അവാച്യമായ ഒരാത്മീയ അനുഭൂതി അനുഭവിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം. ഈ ആനന്ദം ഒരു ദുഷിച്ച പ്രകൃതമുള്ളവന് വ്യഭിചാരത്തില്‍ നിന്നും ലഭിക്കുന്ന ആനന്ദം പോലെയായിരിക്കുന്നതല്ല. അല്ലെങ്കില്‍ മധുരസ്വരത്തില്‍ ആലപിക്കപ്പെടുന്ന ഗാനാസ്വാദനത്തില്‍ അനുഭവപ്പെടുന്ന ആനന്ദം പോലെയുള്ളതല്ല. ആത്മീയാനന്ദം ഉണ്ടാകുന്നത് മനുഷ്യന്‍ മൃദുചിത്തനായി വ്യാകുലതയോടും ദൈവഭക്തിയോടും സ്വയം അലിഞ്ഞ് ജലം പോലെ ഒഴുകാന്‍ തുടങ്ങുമ്പോഴാണ്. ആ അവസരത്തില്‍ അവന്‍ വചനം (കലിമ) ആയിത്തീരുന്നു.
അവലംബങ്ങള്‍
[1]
0 Comments