അഹ്‌മദികളും ഖലീഫയും തമ്മിലുള്ള സ്നേഹത്തിന്റെ വിശുദ്ധിയും ആത്മാര്‍ഥതയും സമാനതകളില്ലാത്തതാണ്. ഗോത്ര, വംശ, ദേശീയ, രാഷ്ട്രീയ അതിരുകള്‍ക്കതീതമാണത്.
അംനാസ് പി. കെ, ഖാദിയാന്‍
മെയ് 27, 2023
ഒരു മനുഷ്യക്കുഞ്ഞ് പിറന്നുവീഴുന്നത് കൃത്യമായ ഒരു സാമൂഹിക ഘടനയിലേക്കും സമൂഹക്രമത്തിലേക്കുമാണ്. അവന്‍റെ ജന്മസിദ്ധമായ കഴിവുകളും പ്രാപ്തികളും വികസിപ്പിക്കുന്നതിനും പരിണമിപ്പിക്കുന്നതിനും ബഹുസ്വരമായ ഒരു സാമൂഹിക പരിസരത്തില്‍ വിവിധങ്ങളായ ഉപസമൂഹങ്ങളില്‍ അതായത് ഭാഷ, ദേശം, ഗോത്രം തുടങ്ങിയ സംസ്‌ക്കാരങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ ഒരാളുടെ വ്യക്തിത്വം പരിപക്വമാകുന്നതും ക്രമാനുഗതം അഭിവൃദ്ധിപ്പെടുന്നതും സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുമ്പോഴാണ്. സാമൂഹിക ഘടനയിലെ ഒരു സുശക്തവും സജീവവുമായ ഘടകമാണ് മതം. മതസ്വീകരണത്തിന്‍റെയോ മതനിരാസത്തിന്‍റെയോ വ്യാപ്തി ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. കൃത്യമായ സൈദ്ധാന്തിക അടിത്തറയും വ്യവസ്ഥിതിയും സജീവമായ നേതൃത്വവുമുണ്ടെങ്കിലേ ഒരു മതമോ മതരാഹിത്യമോ മതനിരപേക്ഷതയോ വ്യക്തിവികാസത്തിനും സാമൂഹികോദ്ഗ്രഥനത്തിനും സഹായകമാകുകയുള്ളു. അല്ലാത്ത പക്ഷം ഇവയെല്ലാം മനുഷ്യനെ കള്ളിചേര്‍ക്കുമെങ്കിലും കണ്ണിചേര്‍ക്കാനാകാതെ പ്രഹസനമായി ഭവിക്കുന്നതാണ്.
മതസമുദായത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മതലോകത്തും നിര്‍മതലൗകീകതയിലും എന്നും, ഇന്ന് പ്രത്യകിച്ചും, ഒരു ചര്‍ച്ചാവിഷയമാണ് ഇസ്‌ലാം. ഒരു പ്രബലമായ ആഗോളമതമാണ് ഇസ്‌ലാം. അത് പഠിപ്പിക്കുന്നത് സാമൂഹിക ജീവിതത്തിന്‍റെ ഭദ്രതയ്ക്കും സമഗ്രമായ അഭിവൃദ്ധിക്കും സഹവര്‍ത്തിത്വത്തിനും യുക്തിപരമായ സമഭാവനയ്ക്കും നിദാനം പരസ്പര ഐക്യവും സഹോദര്യവുമാണ് എന്നാണ്. ‘അല്‍-ഖല്‍ക്കു അയാലുല്ലാഹ്’ അഥവാ ലോകത്തുള്ള സര്‍വസൃഷ്ടികളും സ്രഷ്ടാവായ അല്ലാഹുവിന്‍റെ കുടുംബമാണെന്നും അതില്‍ അവനേറ്റവും പ്രിയപ്പെട്ടത് സര്‍വസൃഷ്ടിജാലങ്ങളോടും നന്മ പ്രവൃത്തിക്കുന്നവനുമാണെന്നാണ് തിരുനബി(സ) നമ്മെ ഉദ്‌ബോധിപ്പിച്ചത്. പുണ്യപ്രവാചകന്‍(സ) ഇത് പ്രബോധിപ്പിക്കുക മാത്രമല്ല അതിന്‍റെ ഉദാത്തജീവിത മാതൃക സ്വയം സ്ഥാപിക്കുകയും ചെയ്തു.
അതിലുപരിയായി തിരുനബി(സ) ഇസ്‌ലാമിക സാഹോദര്യം (Islamic fraternity) എന്ന സമാന്തരമായ പരികല്പനയും വിഭാവനം ചെയ്തു. എന്നാല്‍ അക്കാര്യത്തിലുള്ള പ്രാരംഭദശയില്‍ തന്നെയുള്ള തിരുദൂതരുടെ ആത്മാര്‍ഥ പ്രയത്‌നങ്ങളും ഹിജ്‌റത്തിനു ശേഷം ആ പുണ്യാത്മാവ് രണ്ട് മുസ്‌ലീങ്ങളെ വീതം പേരെടുത്ത് സഹോദരങ്ങളായി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ മുആഖാത്ത് പോലുള്ള വ്യവസ്ഥാപിതമായ പദ്ധതികളും ഫലം കണ്ടത് ദൈവാനുഗ്രഹത്താലാണെന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വിളംബരം ചെയ്യുന്നു.
“അവന്‍(അല്ലാഹു) അവരുടെ ഹൃദയങ്ങളെ പരസ്പരം ബന്ധിച്ചിരിക്കുന്നു. നീ (തിരുനബി (സ)) ഭൂമിയിലുള്ളത് മുഴുവനും ചെലവഴിച്ചാലും അവരുടെ ഹൃദയങ്ങളെ പരസ്പരം കൂട്ടിയിണക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ (ഹൃദയങ്ങളാല്‍) കൂട്ടിയിണക്കിയിരിക്കുന്നു. അവന്‍ തീര്‍ച്ചയായും സമ്പൂര്‍ണ പ്രതാപവാനും യുക്തിജ്ഞനുമാകുന്നു.”(8:64)
അറബ് ജനതക്കിടയില്‍ ഇസ്‌ലാം മതത്തിന്റെ വരവോടെ ഉടലെടുത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തമായ ബന്ധത്തെ കുറിച്ചാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. പരസ്പര ശത്രുതയുടെ ദീര്‍ഘകാല പാരമ്പര്യമുണ്ടായിരുന്ന ഗോത്രവിഭാഗക്കാരായിരുന്നിട്ടും അവര്‍ക്കിടയില്‍ ശക്തമായ ഐക്യദാര്‍ഢ്യമുണ്ടാക്കാന്‍ ഇസ്‌ലാമിനു സാധിക്കുകയുണ്ടായി. ഉദാഹരണത്തിന് ഔസ്, ഖസ്റജ് എന്നീ ഗോത്രങ്ങള്‍ ഇസ്‌ലാം സ്വീകരണത്തിനു രണ്ടു വര്‍ഷം മുമ്പ് പരസ്പരം രക്തദാഹികളായിരുന്നു. ബുആഥ് യുദ്ധത്തില്‍ ഇവര്‍ ഒരുകൂട്ടര്‍ മറ്റൊരുകൂട്ടരെ ഉന്മൂലനം ചെയ്യാന്‍ പോലും തയ്യാറായിരുന്നു. (ഇബ്നു ഹിശാം, വാള്യം. 1. പേജ്. 427). രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ തന്നെ അത്തരം കൊടിയ ശത്രുത സൗഹാര്‍ദത്തിലേക്കും പരസ്പര ഭിന്നതകള്‍ അഖണ്ഡതയിലേക്കും വഴിമാറിയതിന് ചരിത്രം സാക്ഷിയാണ്. ഭൗതിക മാര്‍ഗോപാധികളാല്‍ മാത്രം അത്തരം വിപ്ലവാത്മകമായ ഹൃദയപരിവര്‍ത്തനം അസാധ്യമായിരുന്നു.
അത്തരം സ്നേഹത്തിന്റെ അസാധാരണവും ശക്തവുമായ പ്രകടനത്തെയാണ് ‘മനസ്സുകളെ ബന്ധിപ്പിക്കല്‍’ (താലീഫ്-ഉല്‍-ക്വുലൂബ്) എന്ന് മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. വിവിധ രചനകളിലെ താളുകളെ ഒരു ഗ്രന്ഥത്തില്‍ സമാഹരിക്കുക എന്നാണ് താലീഫ് എന്ന പദത്തിന്റെ അര്‍ഥം. ഓരോരോ താളുകളും പരസ്പര ബന്ധമുള്ളതാണെങ്കിലും അല്ലെങ്കിലും, പൊതുവായി ഒരു ശീര്‍ഷകം നല്കാവുന്ന തരത്തില്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കുക എന്നാണ് അതുകൊണ്ടുള്ള വിവക്ഷ.
തിരുനബി (സ)യുടെ ദീര്‍ഘദര്‍ശനം നടത്തിയ പോലെ വാഗ്ദത്ത മസീഹ് ആഗമിക്കുകയും തുടര്‍ന്ന് പ്രവാചക പാതയിലുള്ള ഖിലാഫത്തെന്ന ആത്മീയ നേതൃത്വം സ്ഥാപിതമാകുകയും ചെയ്തു. അപ്രകാരം ലോക അഹ്‌മദികള്‍ മാനസികൈക്യവും അഖണ്ഡതയും പരസ്പരം സാഹോദര്യവും സഹാനുഭൂതിയും വച്ചു പുലര്‍ത്തുന്നവരായി നിലകൊള്ളുന്നു. ഇന്ന് ആഗോളഗ്രാമം ശീഘ്രഗതിയില്‍ സാക്ഷാല്‍ക്കരിച്ചു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ ഭൂമുഖത്ത് അഹ്‌മദിയ്യത്ത് മാത്രമാണ് ആത്മീയമായി മാത്രമല്ല ഭൗതികമായ നിലയിലും ഒരാഗോള കുടുംബസങ്കല്പം വിഭാവനം ചെയ്യുന്നത്. ലണ്ടനിലെ തങ്ങളുടെ ഖലീഫയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തല്‍സമയമായി കുറഞ്ഞത് ആഴ്ച്ചയിലൊരിക്കല്‍ വെള്ളിയാഴ്ച്ച ലോകത്തുള്ള എല്ലാകോണുകളിലെ അഹ്‌മദികളും ഒരേസമയത്ത് കാണുകയും കേള്‍ക്കുകയും അവപാലിക്കുന്നത് ജീവിതവ്രതമായി കണക്കാക്കുകയും ചെയ്യുന്നു.
1967ല്‍ ഡെന്‍മാര്‍ക്കില്‍ വച്ച് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ മുന്നാമത്തെ അഹ്‌മദിയ്യാ ഖലീഫയോട് അഹ്‌മദിയ്യാ ജമാഅത്തില്‍ താങ്കളുടെ പദവി എന്താണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി.
”ജമാഅത്തംഗങ്ങളും ഇമാമും ഒരേ സംഗതിയുടെ രണ്ടുനാമങ്ങളാണ്. കാലത്തിന്റെ ഖലീഫയും ജമാഅത്തും സമന്വയിച്ച് ഒന്നായി മാറുന്നു. അതുകൊണ്ടു തന്നെ ജമാഅത്തംഗങ്ങളുടെ വേദനയും ദുരിതവും ലഘൂകരിക്കലാണ് ഖിലാഫത്തിന്റെ പ്രഥമദൗത്യം.” (അല്‍ ഫസല്‍, 21 മെയ് 1978)
അഹ്‌മദികളും ഖലീഫയും തമ്മിലുള്ള സ്നേഹത്തിന്റെ വിശുദ്ധിയും ആത്മാര്‍ഥതയും സമാനതകളില്ലാത്തതാണ്. ഗോത്ര, വംശ, ദേശീയ, രാഷ്ട്രീയ അതിരുകള്‍ക്കതീതമാണത്. അതിന്റെ പലകാര്യങ്ങളും ഒരു ദിവ്യാത്ഭുതമായി മനുഷ്യന്റെ ബുദ്ധിയെ അതിശയിപ്പിക്കുകയും അവന്റെ അനുമാനങ്ങളെ തകിടം മറിക്കുകയും ചെയ്യുന്നു.
ഈ പ്രണയപുസ്തകത്തിന്റെ താളുകള്‍ മറിച്ചുനോക്കുമ്പോള്‍, ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന എണ്ണമറ്റ സംഭവങ്ങള്‍ നമുക്ക് കാണാം.
ഖലീഫത്തുല്‍ മസീഹ് ഒന്നാമന്‍ (റദിയല്ലാഹു അന്‍ഹു, അദ്ദേഹത്തിന് ദൈവപ്രീതിയുണ്ടാകട്ടെ)
ഒരിക്കല്‍ ഖലീഫത്തുല്‍ മസീഹ് ഒന്നാമന്‍ (റ) രോഗബാധിതനായപ്പോള്‍, ഒരുകുട്ടി തന്റെ മാതാവിന്റെ അസുഖത്തില്‍ അസ്വസ്ഥനാകുന്ന പോലെ ജമാഅത്തംഗങ്ങള്‍ ആകുലചിത്തരാകുകയും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥനാ നിരതരാകുകയും ചെയ്തു.
ശെയ്ഖ് മുഹമ്മദ് ഹുസൈന്‍ സാഹിബ് ഇപ്രകാരം പ്രാര്‍ഥിച്ചു, ‘അല്ലാഹുവേ! ഖലീഫാ തിരുമനസ്സിന്റെ സകലപീഡകളും എനിക്ക് നല്കി അദ്ദേഹത്തിന് രോഗശാന്തി നല്‌കേണമേ’
സയ്യിദ് ഇറാദത്ത് ഹുസൈന്‍ സാഹിബ് പ്രാര്‍ഥിച്ചു, ‘അല്ലാഹുവേ, ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു, എന്റെ ആയുസ്സില്‍ നിന്ന് രണ്ട് വര്‍ഷമെടുത്ത് ഖലീഫാ തിരുമനസ്സിന് പ്രദാനം ചെയ്യേണമേ’ (താരിഖെ-അഹ്‌മദിയ്യത്ത്, വാള്യം. 3, പേജ്. 329-331)
ഖലീഫത്തുല്‍ മസീഹ് രണ്ടാമന്‍ (റദിയല്ലാഹു അന്‍ഹു, അദ്ദേഹത്തിന് ദൈവപ്രീതിയുണ്ടാകട്ടെ)
ഒരു കുട്ടിക്ക് മാതൃവിരഹം അസഹനീയമാകുന്നതുപോലെ, അഹ്‌മദികളും തങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അകലുന്നതിന്റെ വേദന അനുഭവിക്കുന്നു. 1924-ല്‍ രണ്ടാം ഖലീഫ യൂറോപ്പ് പര്യടനത്തിന് പുറപ്പെട്ടപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ബാബു സിറാജുദ്ദീന്‍ സാഹിബിന്റെ വികാരപ്രകടനം ഇങ്ങനെയായിരുന്നു:
”എന്റെ പ്രിയപ്പെട്ട ഗുരുവേ, ഞങ്ങള്‍ താങ്കളില്‍ നിന്ന് വളരെ അകലെയും നിസ്സഹായരുമയിരിക്കുന്നു. സാധ്യമെങ്കില്‍ ഞങ്ങള്‍ ഖലീഫാ തിരുമനസ്സിന്റെ പാദുകത്തിലെ മണ്ണായി മാറുമായിരുന്നു. അങ്ങനെയായാല്‍ വേര്‍പിരിയലിന്റെ വേദന സഹിക്കേണ്ടതില്ല. (സവാനിഹ് ഫസ്‌ലെ ഉമര്‍, വാള്യം 5, പേജ് 475)
വാസ്തവത്തില്‍ രണ്ടാം ഖലീഫയ്ക്ക് ജമാഅത്തംഗങ്ങളോടുണ്ടായിരുന്ന സ്‌നേഹവായ്പിന്റെ പ്രതിഫലനം മാത്രമായിരുന്നു അവര്‍ക്ക് അദ്ദേഹത്തോടു തിരിച്ചുണ്ടായ സ്‌നേഹാതിരേകം. ആ മഹാത്മാവ് തന്റെ സ്ഥായിയായ അവസ്ഥയെ കുറിച്ച് ഒരിക്കല്‍ പറഞ്ഞു:
”നിങ്ങളോട് യഥാര്‍ഥ സഹാനുഭൂതിയുള്ള ഒരാളുണ്ട്; നിങ്ങളെ ശരിക്കും സ്‌നേഹിക്കുന്നവന്‍; നിങ്ങളുടെ വേദനകളും കഷ്ടപ്പാടുകളും തന്റേതായി കരുതുന്നവന്‍; നിങ്ങള്‍ക്കായി എപ്പോഴും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവന്‍. (ബര്‍ക്കാത്തെ ഖിലാഫത്ത്)
ഖലീഫത്തുല്‍ മസീഹ് മൂന്നാമന്‍ (റഹിമഹുല്ലാഹ്, അദ്ദേഹത്തിന് ദൈവകാരുണ്യമുണ്ടാകട്ടെ)
ഖലീഫയുടെ പ്രാര്‍ഥന എല്ലാ അഹ്‌മദികളെയും ഉള്‍ക്കൊള്ളുന്നു. മൂന്നാം ഖലീഫ ഒരു വേളയില്‍ പറഞ്ഞു:
‘നമസ്‌കാരത്തിലെ സുജൂദില്‍ (സാഷ്ടാംഗപ്രണാമം) ഞാന്‍ പലപ്പോഴും ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ട്, ‘അല്ലാഹുവേ, എനിക്ക് പ്രാര്‍ഥനയ്ക്കായി കത്തെഴുതിയവരുടെ ഉത്കണ്ഠ, രോഗം, പരീക്ഷകളെ കുറിച്ചുള്ള ആകുലത എന്നിവയില്‍ നിന്ന് അവരെ മോചിപ്പിക്കേണമേ. എനിക്ക് കത്തെഴുതാന്‍ ആഗ്രഹിച്ചിട്ടും അതിനു കഴിയാത്തവരിലും നിന്റെ കാരുണ്യം ചൊരിയേണമേ. അതുപോലെ അക്കാര്യത്തില്‍ വിമുഖതയോ അലസതയോ ഉള്ളവരോടും ദയവായി നീ കരുണ കാണിക്കേണമേ. എനിക്ക് അവരെല്ലാരുമായും ബന്ധവും എല്ലാവരോടും എന്റെ ഹൃദയത്തില്‍ അഗാധമായ സ്‌നേഹവാത്സല്യങ്ങളും ഉള്ളതിനാലാണ് ഞാന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നത്.’
ഖലീഫത്തുല്‍ മസീഹ് നാലാമന്‍ (റഹിമഹുല്ലാഹ്, അദ്ദേഹത്തിന് ദൈവകാരുണ്യമുണ്ടാകട്ടെ)
നാലാം ഖലീഫ 1984ല്‍ ലണ്ടനിലേക്ക് കുടിയേറുന്നതിന്റെ തലേന്ന് പാകിസ്ഥാനില്‍ റബ്വയിലുള്ള മസ്ജിദ് മുബാറക്കില്‍ സന്നിഹിതരായിരുന്ന ജമാഅത്തംഗങ്ങളോട് പറഞ്ഞു:
”ഞാന്‍ ഇന്ന് നിങ്ങളെ ഇവിടെ വിളിച്ചുകൂട്ടിയത് ഔപചാരികമായ ഒരു പ്രഭാഷണ താല്പര്യാര്‍ഥമല്ല . വെറുതെ നിങ്ങളെയൊന്ന് കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. നിങ്ങളെ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ കുളിര്‍ക്കുകയും, മനസ്സിന് വല്ലാത്ത ആശ്വാസമുണ്ടാകുകയും ചെയ്യുന്നു. അല്ലാഹുവാണ! ഒരു മാതാവ് സ്വന്തം കുഞ്ഞിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. (ഖാലിദ് മാസിക, സയ്യിദ്‌നാ താഹിര്‍ നമ്പര്‍ 2004, പേജ് 36)
അത്താഉല്‍ മുജീബ് സാഹിബ് എഴുതുന്നു, ലണ്ടനില്‍ നാലാം ഖലീഫയെ കാണാന്‍ കാനഡക്കാരനായ ഒരഹ്‌മദി തന്റെ ഒരു അമുസ്‌ലിം സുഹൃത്തായ പ്രൊഫസര്‍ ഡോ. ഗ്വാല്‍ട്ടറുമായി വന്നു. അത്താഉല്‍ മുജീബ് റാശിദ് സാഹിബ് കൂടിക്കാഴ്ച്ചയ്ക്കുമുമ്പായി അദ്ദേഹത്തിന് ഖലീഫയെ കുറിച്ച് പറഞ്ഞുകൊടുത്തപ്പോള്‍ ഏതൊരഹ്‌മദിയെയും പോലെ അല്പം വികാരാധീനനായി. ശേഷം ഡോ ഗ്വാല്‍ട്ടര്‍ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍, അദ്ദേഹം തന്റെ സുഹൃത്തായ അഹ്‌മദിയോട് തന്റെ തദവസരത്തിലുണ്ടായ നിരീക്ഷണം പങ്കുവെച്ചു, ‘ഞാന്‍ ഇമാം റാശിദ് സാഹിബിനെ കണ്ടപ്പോള്‍, അഹ്‌മദികള്‍ക്ക് തങ്ങളുടെ ആത്മീയ നേതാവിനോട് അതിയായ സ്‌നേഹമുണ്ടെന്ന് മനസ്സിലാക്കി. എന്നാല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഖലീഫ അഹ്‌മദികളെ തിരിച്ച് അതിലും എത്രയോ ഉപരിയായി സ്‌നേഹിക്കുന്നെന്ന നിഗമനത്തിലാണ് ഞാന്‍ എത്തിയത്. (ഖാലിദ് മാസിക, സയ്യിദ്‌ന താഹിര്‍ നമ്പര്‍ 2004, പേജ് 299)
ഖലീഫത്തുല്‍ മസിഹ് അഞ്ചാമന്‍(അയ്യദഹുല്ലാഹു, അല്ലാഹു അദ്ദേഹത്തെ സഹായിക്കുമാറാകട്ടെ)
നമ്മുടെ പ്രിയപ്പെട്ട ഇമാം, ഖലീഫ തിരുമനസ്സിന് നമ്മോട് എത്രമാത്രം സ്‌നേഹവും കരുതലുമുണ്ടെന്ന് നോക്കുക, 2014 ജൂണ്‍ 6-ലെ ജുമുഅ ഖുത്ബയില്‍ അദ്ദേഹം പ്രസ്താവിച്ചു:
‘രാത്രി ഉറങ്ങുന്നതിന് മുമ്പ്, ഞാന്‍ ഭാവനാവിലാസത്തിലൂടെ സന്ദര്‍ശിക്കാത്തതായ ഒരു രാജ്യവും ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സ്മരിക്കാത്ത ഒരഅഹ്‌മദിയും ലോകത്തില്ല.
അഹ്‌മദികളും ഖലീഫാ തിരുമനസ്സും തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു നേര്‍ക്കാഴ്ച ലഭിക്കാന്‍ ആബിദ് ഖാന്‍ സാഹിബിന്റെ ഡയറിക്കുറിപ്പുകളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ മതി. ഖിലാഫത്തിനോടുള്ള സ്‌നേഹം സജീവമാക്കാനും വര്‍ദ്ധിപ്പിക്കാനും പ്രേരണ നല്കുന്ന പരസ്പര സ്‌നേഹത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങള്‍ ഈ ഡയറിക്കുറിപ്പുകളില്‍ കണ്ടെത്താനാകും.
ബെനിനില്‍ നിന്നുള്ള ഫ്രഞ്ചുകാരനായ ഒരു പത്രപ്രവര്‍ത്തകന്‍ ഒരിക്കല്‍ ഖലീഫാ തിരുമനസ്സിനോട് പറഞ്ഞു, ”ഞാന്‍ ഇവിടെ യു.കെ ജല്‍സയ്ക്ക് (രാജ്യാന്തര വാര്‍ഷിക സമ്മേളനം) വന്നപ്പോള്‍ താങ്കളുടെ അണികള്‍ താങ്കളെ വളരെയധികം സ്‌നേഹിക്കുന്നെന്ന് മനസ്സിലാക്കി. അവര്‍ താങ്കളെ ആരാധിക്കുന്നില്ല. പക്ഷേ അവരുടെ ഹൃദയം ഖലീഫയോടുള്ള സ്‌നേഹത്താല്‍ കവിഞ്ഞൊഴുകുകയാണ്. അതുപോലെ എനിക്ക് തോന്നുന്നത് താങ്കളും എല്ലാ അഹ്‌മദികളെയും ആത്മാര്‍ഥമായി സ്‌നേഹിക്കുന്നുവെന്നും വ്യക്തിപരമായ ബന്ധം നിലനിറുത്തുന്നെന്നുമാണ്.
മറുപടിയായി ഹുസൂര്‍(അ) പറഞ്ഞു:
”ഇത് അഹ്‌മദിയ്യത്തിന്റെ സത്യസാക്ഷ്യമാണ്. ഖലീഫയും അഹ്‌മദികളും തമ്മില്‍ ശാശ്വതമായ ആത്മീയ സ്നേഹബന്ധമുണ്ട്. ഈ ബന്ധത്തിലും അടുപ്പത്തിലും സ്വാഭാവികതയുണ്ട്. അത് അഹ്‌മദി മുസ്ലിംകളുടെ ഹൃദയങ്ങളില്‍ സര്‍വ്വശക്തനായ അല്ലാഹു സംജാതമാക്കിയതാണ്. ഇസ്ലാമില്‍ തിരുനബി(സ)യും അനുചരന്മാരും തമ്മിലുണ്ടായിരുന്ന ദ്വിപക്ഷീയമായ സ്നേഹത്തിന്റെ തുടര്‍ച്ചയാണിത്. (ഡയറി ജല്‍സ യുകെ 2016, ഭാഗം 4)
ലോകമെമ്പാടുമുള്ള അഹ്‌മദികളെ ഒന്നിപ്പിക്കുന്നത് ഖിലാഫത്തിനോടുള്ള സ്‌നേഹമാണ് എന്നതില്‍ സംശയമില്ല. ഹുസൂര്‍(അ) ഒരിക്കല്‍ ആബിദ് സാഹിബിനോട് പറഞ്ഞു:
”2008-ലെ എന്റെ ആഫ്രിക്കന്‍ പര്യടനത്തില്‍ താങ്കള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു, അവിടെ താങ്കള്‍ ആഫ്രിക്കന്‍ അഹ്‌മദികളെ കണ്ടു, ഇപ്പോള്‍ (പാശ്ചാത്യരെ കൂടാതെ) താങ്കള്‍ പൗരസ്ത്യരായ (ഫാര്‍ ഈസ്റ്റേണ്‍) അഹ്‌മദികളെയും കണ്ടു. ഖിലാഫത്തിനോടുള്ള സ്‌നേഹം സാര്‍വത്രികമാണെന്നും പാക്കിസ്ഥാനി അഹ്‌മദികള്‍ക്ക് മാത്രമുള്ളതല്ലെന്നും താങ്കള്‍ മനസ്സിലാക്കിയിരിക്കും. (ഡയറി സിംഗപ്പൂര്‍ 2013)
നിശ്ചയമായും ഖലീഫമാരോട് അഹ്‌മദികള്‍ക്കുള്ള സ്‌നേഹം ഖലീഫമാര്‍ നമുക്ക് നല്കിയ സ്‌നേഹസാഗരത്തില്‍ നിന്നും ബാഷ്പീകരിക്കപ്പെട്ട ഒരു ജലകണം മാത്രമാണ്. അല്ലാഹുവിന്റെ അനുഗ്രഹകടാക്ഷത്താലാണ് നമ്മുടെ ഹൃദയങ്ങള്‍ പരസ്പരവും ഖലീഫമാരുമായും സ്‌നേഹത്താല്‍ ബന്ധിക്കപ്പെടുകയും ഐക്യപ്പെടുകയും ചെയ്തിട്ടുള്ളത്. അത് നിലനിറുത്താന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണ്.
0 Comments