അഹ്മദിയ്യാ ഖലീഫ ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് 2026 ജര്‍മന്‍ ജല്‍സ സാലാനയില്‍ (വാര്‍ഷിക സമ്മേളനം) വനിതകളുടെ സെഷനില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം.
അവലംബം: അല്‍ഹക്കം
വിവര്‍ത്തനം: എ. താരിഖ്, അലനല്ലൂര്‍
സെപ്റ്റംബര്‍ 5, 2026-ന് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) 2026 ജര്‍മന്‍ ജൽസാ സലാനയുടെ രണ്ടാം ദിവസം ലജ്ന ഇമായില്ലായുടെ (വനിതകള്‍) സെഷനിൽ പ്രഭാഷണം നടത്തുകയുണ്ടായി. യു.കെ.യിലെ ഇസ്‌ലാമാബാദിൽ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍നിന്ന് തത്സമയ സംപ്രേഷണത്തിലൂടെയാണ് ഖലീഫാ തിരുമനസ്സ് ജര്‍മനിയിലെ സദസ്സിനെ അഭിസംബോധന ചെയ്തത്.
വിജ്ഞാനസമ്പാദനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം അല്ലാഹു അഹ്‌മദീ വനിതകളിൽ ഉണ്ടാക്കിയിരിക്കുന്നു എന്നത് ജമാഅത്തിന് മേലുള്ള അവന്‍റെ അതിമഹത്തായ അനുഗ്രഹമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഖലീഫാ തിരുമനസ്സ് തന്‍റെ പ്രഭാഷണം ആരംഭിച്ചത്. അതുവഴി അവരും അവരുടെ വരുംതലമുറകളും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾക്ക് അർഹരായിത്തീരുന്നു. വിനോദങ്ങളിലും ഭൗതിക താത്പര്യങ്ങളിലും ലോകം അധികമധികമായി മുഴുകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഭൗതിക കാര്യങ്ങള്‍ക്ക് മേൽ വിശ്വാസത്തിന് മുൻഗണന നല്കുമെന്ന തങ്ങളുടെ പ്രതിജ്ഞയിൽ അഹ്‌മദീ വനിതകൾ ഉറച്ചുനിൽക്കേണ്ടതുണ്ട്.
ശൈത്താന്‍റെയും ദജ്ജാലിന്‍റെയും പ്രലോഭനങ്ങളും ആക്രമണങ്ങളും ഇന്ന് സർവവ്യാപിയാണെന്നും പാശ്ചാത്യരാജ്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള അഹ്‌മദികൾ ഇതിൽനിന്ന് മുക്തരല്ലെന്നും ഖലീഫാ തിരുമനസ്സ് ചൂണ്ടിക്കാട്ടി. പലപ്പോഴും വിദ്യാഭ്യാസവും ഭൗതിക വിജയങ്ങളും തന്നെ പ്രലോഭനങ്ങളായി മാറുന്നു. സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നേടുന്നതിനെയോ വിജയം വരിക്കുന്നതിനെയോ ഇസ്‌ലാം തടയുന്നില്ല. മറിച്ച് വിജ്ഞാന സമ്പാദനത്തെയും പുരോഗതിയെയും അത് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും, അതിനോടൊപ്പം തന്നെ മതം നിഷ്കർഷിച്ചിട്ടുള്ള ബാധ്യതകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഒരു വിശ്വാസി എപ്പോഴും ബോധവാനായിരിക്കേണ്ടതാണ്.
ഹദ്റത്ത് ആയിഷ(റ)യുടെയും ഇസ്‌ലാമിന്‍റെ ആദ്യകാലത്തെ മറ്റ് മഹത് വനിതകളുടെയും മാതൃക പരാമർശിച്ചുകൊണ്ട് അവർ ഉന്നതമായ ആത്മീയ നിലവാരവും വലിയ മതവിജ്ഞാനവും കൈവരിച്ചവരായിരുന്നു എന്നും ഖലീഫാ തിരുമനസ്സ് വ്യക്തമാക്കി. അവരുടെ സംഭാവനകൾ കേവലം പ്രാർഥനകളിലും ആരാധനകളിലും മാത്രമായി പരിമിതപ്പെട്ടിരുന്നില്ല. മതപരമായ കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ മുസ്‌ലിം കർമശാസ്ത്ര പണ്ഡിതന്മാർക്ക് ഇന്നും അവരുടെ നിവേദനങ്ങളും അറിവും വഴികാട്ടിയായി നിലകൊള്ളുന്നു. അതേസമയം തന്നെ തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂർണ ബോധമുണ്ടായിരുന്ന അവർ അത് നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തിരുന്നു. സ്വന്തം അവകാശങ്ങൾ നേടിയെടുക്കുന്നതിനെക്കുറിച്ച് മാത്രം സംസാരിക്കാതെ മറ്റുള്ളവർക്ക് ബാധ്യതപ്പെട്ട അവകാശങ്ങൾ നിർവഹിക്കുന്നതിലും അവർ ഒരുപോലെ ജാഗരൂകരായിരുന്നു. അതുകൊണ്ടാണ് ഇസ്‌ലാമിക ചരിത്രത്തിൽ അവർ ആദരവോടെ സ്മരിക്കപ്പെടുന്നത്.
അഹ്‌മദീ വനിതകൾ ഇന്ന് ഈ മാതൃകകൾ മുന്നിൽ വെച്ചുകൊണ്ട് തങ്ങളുടെ വീടുകളോടും മക്കളോടും തങ്ങളുടെ കുടുംബത്തിന്‍റെ ധാർമികവും ആത്മീയവുമായ പുരോഗതിയോടുമുള്ള സ്വന്തം ബാധ്യതകളെക്കുറിച്ച് ചിന്തിക്കണമെന്ന് ഖലീഫാ തിരുമനസ്സ് ഓർമിപ്പിച്ചു. ചില പുരുഷന്മാർ ഇക്കാലഘട്ടത്തിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നുവെന്ന് തോന്നുകയാണെങ്കിൽ പോലും, സ്വന്തം കടമകൾ കൃത്യമായി മനസ്സിലാക്കുകയും അത് നിർവഹിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാരുടെ ഒരു ഭാവി തലമുറയെ വളർത്തിയെടുക്കാൻ അവർ (സ്ത്രീകൾ) പരിശ്രമിക്കേണ്ടതുണ്ട്.
ഇത് നേടിയെടുക്കുന്നതിനായി, തന്നെ വിശ്വസിച്ചവരിൽ നിന്ന് വാഗ്ദത്ത മസീഹ്(അ) എന്തെല്ലാമാണ് പ്രതീക്ഷിച്ചിരുന്നത് എന്ന് അഹ്‌മദികൾ ആവർത്തിച്ചു പഠിക്കുകയും എപ്പോഴും അത് തങ്ങളുടെ മുന്നിൽ വെക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഖലീഫാ തിരുമനസ്സ് വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ അധ്യാപനങ്ങളെ പ്രാവർത്തികമാക്കാതെ ഒരു അഹ്‌മദിയുടെ ഉദ്ദേശ്യലക്ഷ്യം പൂർത്തിയാകുന്നതല്ല.
ഒരു വ്യക്തിയുടെ കർമങ്ങൾ നല്ലതല്ലെങ്കിൽ, താനുമായുള്ള കേവലബന്ധം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് വാഗ്ദത്ത മസീഹ്(അ) അരുളിയിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് ഓര്‍മിപ്പിച്ചു. അല്ലാഹുവിനെ സ്മരിക്കുന്നതിനും അവനെ ആരാധിക്കുന്നതിനോടുമൊപ്പം മറ്റു മനുഷ്യരുടെ അവകാശങ്ങളും വിശ്വാസികൾ നിറവേറ്റേണ്ടതുണ്ട്. നമ്മോട് നല്ല രീതിയിൽ പെരുമാറുന്നവരോട് മാത്രം നന്മ കാണിക്കുക എന്നല്ല ഉന്നത ധാർമിക നിലവാരം കൊണ്ട് അർഥമാക്കുന്നത്. മറിച്ച്, ആരെങ്കിലും നമ്മളോട് തെറ്റ് ചെയ്താൽ പോലും അവർക്ക് മാപ്പുനല്കാനും അവരോട് കാരുണ്യപൂർവം വർത്തിക്കാനും നാം തയ്യാറാകേണ്ടതുണ്ട്. ഈയൊരു മനോഭാവം വളർത്തിയെടുക്കാത്തിടത്തോളം കാലം, ഏത് മഹത്തായ ലക്ഷ്യത്തിനായാണോ ജമാഅത്ത് സ്ഥാപിതമായത്, അത് കൈവരിക്കാൻ നമുക്ക് സാധ്യമാകുന്നതല്ല.
സ്വന്തം വീടുകളിൽ നിന്ന് തുടങ്ങി സമാധാനത്തിന്‍റെയും ഒത്തുതീർപ്പിന്‍റെയും അടിത്തറ പാകാൻ അഹ്‌മദീ പുരുഷന്മാരും സ്ത്രീകളും പരമാവധി പരിശ്രമിക്കണമെന്ന് ഖലീഫാ തിരുമനസ്സ് വ്യക്തമാക്കി. താൻ നിയോഗിതനായത് രണ്ട് അടിസ്ഥാന ലക്ഷ്യങ്ങൾക്കായാണെന്ന് വാഗ്ദത്ത മസീഹ്(അ) വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്‍റെ ഏകത്വം സ്ഥാപിക്കുകയും ആരാധനകളിലൂടെ അവന്‍റെ അവകാശങ്ങൾ നിറവേറ്റുകയും ചെയ്യുക എന്നതാണ് ഒന്നാമത്തേത്. മനുഷ്യർക്കിടയിൽ പരസ്പര സ്നേഹവും കാരുണ്യവും വളർത്തിയെടുത്ത് വിശ്വാസികൾ മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി മാറുക എന്നതാണ് രണ്ടാമത്തേത്.
സഹാബാക്കളിലുണ്ടായ വിപ്ലവകരമായ മാറ്റം ഈ അടിസ്ഥാന തത്ത്വങ്ങളിലധിഷ്ഠിതമായിരുന്നുവെന്ന് ഖലീഫാ തിരുമനസ്സ് കൂട്ടിച്ചേർത്തു. തങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നതെന്തോ അത് മറ്റുള്ളവർക്ക് വേണ്ടിയും കാംക്ഷിക്കാൻ ഒരു വ്യക്തി തയ്യാറാകണം. ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് വിദ്വേഷവും പകയും നീക്കം ചെയ്യപ്പെടും എന്നതാണ് ഇമാം മഹ്ദിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഒരു അടയാളം എന്ന് വാഗ്ദത്ത മസീഹ്(അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് ഓർമിപ്പിച്ചു. അതിനാൽ, ഇമാം മഹ്ദിയെ സ്വീകരിച്ചവർ അത്തരം വികാരങ്ങളെ തങ്ങളുടെ ഉള്ളിൽ നിന്ന് പിഴുതെറിയാൻ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. ഈ സവിശേഷ ഗുണങ്ങളാണ് ഒരു വ്യക്തിയെ യഥാർഥ അഹ്‌മദിയാക്കി മാറ്റുന്നത്.
ഒരു വിശ്വാസിയുടെ ജീവിതത്തിന്‍റെ ഏകലക്ഷ്യമായി ഈ ദുനിയാവ് മാറരുതെന്നും, മതം എന്ന ഉന്നതമായ ലക്ഷ്യത്തെ സേവിക്കുന്ന ഒരു മാർഗമായി മാത്രം ഭൗതികത നിലകൊള്ളണമെന്നും ഖലീഫാ തിരുമനസ്സ് ഉപദേശിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവരെ അഭിസംബോധന ചെയ്തുകൊണ്ട്, പാകിസ്താനിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച സാഹചര്യങ്ങളും കൂടുതൽ അവസരങ്ങളും ഇവിടെ പലർക്കും ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, അവരിൽ പലരും ആദ്യകാലത്ത് പലായനം ചെയ്തത് അവിടെ തങ്ങൾക്ക് സ്വതന്ത്രമായി മതം അനുഷ്ഠിക്കാൻ സാധിക്കാത്തതുകൊണ്ടായിരുന്നു. ഭൗതികമായി മെച്ചപ്പെട്ട സാഹചര്യങ്ങളിൽ എത്തിച്ചേർന്ന ശേഷം, ധനസമ്പാദനത്തിനും ദുനിയാവിന്‍റെ സുഖസൗകര്യങ്ങൾക്കും വേണ്ടി അവർ ദീനിനെ പിന്തള്ളുകയാണെങ്കിൽ, സ്വന്തം ജീവിതത്തെ നയിക്കേണ്ടിയിരുന്ന പ്രഥമകാര്യത്തെത്തന്നെയാണ് അവർ വിസ്മരിച്ചു കളയുന്നത്.
ധനത്തോടുള്ള സ്നേഹമോ മക്കളോടുള്ള സ്നേഹമോ ഒരു വ്യക്തിക്കും അല്ലാഹുവിനുമിടയിൽ ഒരു തടസമായി മാറരുതെന്ന വാഗ്ദത്ത മസീഹിന്‍റെ താക്കീതും ഖലീഫാ തിരുമനസ്സ് ഓർമിപ്പിക്കുകയുണ്ടായി.
ദീനീ വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, ദീനിനെക്കുറിച്ചുള്ള അറിവ് സമ്പാദിക്കുന്നതിനും അല്ലാഹുവിന്‍റെ കല്പനകൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനും വിശുദ്ധ ഖുർആൻ പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഖലീഫാ തിരുമനസ്സ് വ്യക്തമാക്കി. ഈ പഠനം ഒരു വ്യക്തിയുടെ സ്വന്തം ധാർമിക നിലവാരം ഉയർത്തുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവരെ സജ്ജരാക്കുകയും ചെയ്യുന്നു. ഈ ഉത്തരവാദിത്തം പുരുഷന്മാർക്ക് മാത്രമുള്ളതാണെന്ന് സ്ത്രീകൾ ഒരിക്കലും കരുതരുത്. ഇന്നത്തെ ലോകസാഹചര്യത്തിൽ വിശേഷിച്ചും, അല്ലാഹുവിലേക്ക് തിരിയുന്നതിലാണ് യഥാർഥ മോക്ഷം കുടികൊള്ളുന്നത് എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ അഹ്‌മദി വനിതകൾ മുന്നോട്ടുവരികയും തങ്ങളുടെ പങ്ക് നിർവഹിക്കുകയും വേണം.
കേവലം ബൈഅത്ത് (സത്യപ്രതിജ്ഞ) ചെയ്തതുകൊണ്ട് മാത്രം മതിയാവില്ലെന്ന് ഖലീഫാ തിരുമനസ്സ് വ്യക്തമാക്കി. ബാഹ്യമായ പ്രതിജ്ഞ വെറുമൊരു പുറന്തോട് മാത്രമാണെന്നും, ആത്മാർഥമായ കർമങ്ങളിലാണ് അതിന്‍റെ യഥാർത്ഥ കാതൽ അടങ്ങിയിരിക്കുന്നതെന്നും വാഗ്ദത്ത മസീഹ്(അ)ന്‍റെ അധ്യാപനം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും, അതിനെക്കുറിച്ച് ചിന്തിക്കുകയും, അത് മനസ്സിലാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യാതെ ഇത് നേടിയെടുക്കാൻ സാധിക്കുകയില്ല.
ഈ ഉത്തരവാദിത്തം പുരുഷന്മാർക്കെന്നപോലെ സ്ത്രീകൾക്കുമുണ്ടെന്ന് ഖലീഫാ തിരുമനസ്സ് ഓർമിപ്പിച്ചു. ലജ്‌നാ ഇമാഇല്ലായ്ക്ക് സ്ത്രീകളുടെ മതപഠനത്തിനായി സ്വന്തമായൊരു സംവിധാനമുണ്ട്. വിശുദ്ധ ഖുർആൻ പാരായണത്തിനും പരിഭാഷക്കുമായി അവർ പതിവായി ക്ലാസുകൾ സംഘടിപ്പിക്കുന്നു. ലജ്‌നാ അംഗങ്ങൾ ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണം. എന്നാൽ കേവലം പഠിക്കുക എന്നത് മാത്രമായിരിക്കരുത് ഇതിന്‍റെ ലക്ഷ്യം. മറിച്ച്, അല്ലാഹു കല്പിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാനും അവൻ വിരോധിച്ച കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുമുള്ള ദൃഢനിശ്ചയത്തോടെയായിരിക്കണം അവർ പഠിക്കേണ്ടത്.
പർദയെക്കുറിച്ചും ലജ്ജാശീലത്തെക്കുറിച്ചും വിശുദ്ധ ഖുർആൻ വ്യക്തമായ മാർഗനിർദേശങ്ങൾ നല്കിയിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് കൂട്ടിച്ചേർത്തു. വർത്തമാനകാലത്ത് ഇത്തരം കല്പനകൾ പലപ്പോഴും അവഗണിക്കപ്പെടുകയോ നിസ്സാരമായി തള്ളിക്കളയപ്പെടുകയോ ചെയ്യുന്നു. ഈ അധ്യാപനങ്ങൾ ശരിയായ രീതിയിൽ പഠിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള ഉത്തരവാദിത്തം അഹ്‌മദീ വനിതകൾക്കുണ്ട്.
സർവതും അല്ലാഹുവിന് വേണ്ടിയുള്ളതായിരുന്നുവെന്ന് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ മാതൃകയെക്കുറിച്ചും ഖലീഫാ തിരുമനസ്സ് പരാമർശിച്ചു. തങ്ങളുടെ മതത്തെക്കുറിച്ച് പഠിക്കാനും അത് മറ്റുള്ളവർക്ക് പഠിപ്പിച്ചുകൊടുക്കാനും വാഗ്ദത്ത മസീഹ്(അ) മുസ്‌ലിങ്ങളോട് ആവർത്തിച്ച് ഉണർത്തിയിരിക്കുന്നു. സ്ത്രീപുരുഷന്മാർ തങ്ങളിൽ യഥാർഥമായൊരു പരിവർത്തനം വരുത്താത്തിടത്തോളം കാലം, തങ്ങളുടെ ദീനിന്‍റെ താല്പര്യങ്ങൾ നിറവേറ്റി എന്ന് സത്യസന്ധമായി അവകാശപ്പെടാൻ അവർക്ക് സാധിക്കുകയില്ല.
മോശം കൂട്ടുകെട്ടുകൾ ഒഴിവാക്കേണ്ടതിന്‍റെയും പ്രാർഥനകളിൽ നിഷ്ഠ പുലർത്തേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ചും ഖലീഫാ തിരുമനസ്സ് ഊന്നിപ്പറഞ്ഞു. ആധുനിക യുഗത്തിൽ ദോഷകരമായ സ്വാധീനങ്ങൾ കേവലം ഭൗതിക കൂട്ടുകെട്ടുകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. ടെലിവിഷനും ഇന്‍റര്‍നെറ്റും മറ്റ് മാധ്യമങ്ങളും ആളുകളെ വ്യാപകമായ അധാർമികതയിലേക്ക് തള്ളിവിട്ടേക്കാം. ഇത്തരം സ്വാധീനങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ പ്രാർഥനയും നബി തിരുമേനി(സ)യുടെ സഹാബിമാരിൽ ദൃശ്യമായതുപോലുള്ള സ്വഭാവത്തിലെ പ്രായോഗികമായ പരിവർത്തനവും അത്യന്താപേക്ഷിതമാണ്. വിശ്വാസികളുടെ പെരുമാറ്റവും ലോകത്തിന്‍റെ പൊതുവിലുള്ള രീതികളും തമ്മിൽ അർഥവത്തായ വ്യത്യാസങ്ങളൊന്നുമില്ലെങ്കിൽ, മറ്റുള്ളവർക്ക് അവരുടെ മാതൃകയിലേക്ക് ആകർഷിക്കപ്പെടാൻ യാതൊരു കാരണവുമുണ്ടായിരിക്കുകയില്ല.
വാഗ്ദത്ത മസീഹ്(അ)ന്‍റെ മാർഗനിർദേശം പരാമർശിച്ചുകൊണ്ട്, അഞ്ചുനേരനമസ്കാരങ്ങളുടെ ചിട്ടയായ നിർവഹണമാണ് ആരോഗ്യകരമായ ഒരാത്മീയവസ്ഥയുടെ ബാഹ്യപ്രതിഫലനം എന്ന് ഖലീഫാ തിരുമനസ്സ് വ്യക്തമാക്കി. സ്ത്രീകൾ സ്വയം നമസ്കാരങ്ങളിൽ ശ്രദ്ധ ചെലുത്തുകയും തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അല്ലാഹുവിന്‍റെ സ്നേഹം ആകർഷിക്കുന്ന പരിശുദ്ധമായൊരു അന്തരീക്ഷം വീടുകളിൽ രൂപപ്പെടുന്നതാണ്. എന്നാൽ ഈ നമസ്കാരങ്ങൾ കേവലമൊരു ചടങ്ങെന്നതിലുപരി അതിന്‍റെ യഥാർഥ ആത്മാർഥതയോടുകൂടി നിർവഹിക്കപ്പെടേണ്ടതുണ്ട്.
ഭൗതികപുരോഗതി കൈവരിച്ച സമൂഹങ്ങളിൽ ജീവിക്കുമ്പോഴും ഈ സവിശേഷഗുണങ്ങൾ തങ്ങളിൽ വളർത്തിയെടുക്കുമ്പോൾ മാത്രമാണ് അഹ്‌മദീ സ്ത്രീപുരുഷന്മാർക്ക് (മറ്റുള്ളവരിൽ നിന്ന്) വ്യത്യസ്തരായി നിലകൊള്ളാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എങ്കിൽ മാത്രമേ വാഗ്ദത്ത മസീഹ്(അ)നോട് ചെയ്ത ബൈഅത്തിന്‍റെ പ്രതിജ്ഞ നിറവേറ്റിയെന്നും തങ്ങളിലും തങ്ങളുടെ മക്കളിലും യഥാർഥ മുസ്‌ലിമിന്‍റെ സ്വത്വം രൂപപ്പെടുത്തിയെന്നും നബി തിരുമേനി(സ)യുടെ പതാക ലോകമെമ്പാടും ഉയർത്തുന്നതിൽ തങ്ങളുടെ പങ്ക് വഹിച്ചുവെന്നും സത്യസന്ധമായി പറയാൻ അവർക്ക് സാധിക്കുകയുള്ളൂ.
അഹ്‌മദികൾ ഭൗതികരായ ആളുകളെ അനുകരിക്കുകയും സ്വന്തം അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭൗതികലോകത്തെ തങ്ങളുടെ പരമമായ ലക്ഷ്യമാക്കി മാറ്റുകയും ചെയ്യുകയാണെങ്കിൽ, അഹ്‌മദികളാണെന്ന അവരുടെ അവകാശവാദത്തിന് അല്ലാഹുവിന്‍റെ അടുക്കൽ യാതൊരു സ്ഥാനവുമുണ്ടായിരിക്കുന്നതല്ല.
എല്ലാ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ശരിയായി ഗ്രഹിക്കാനും, ഏത് ഉന്നതമായ ലക്ഷ്യത്തിനായാണോ അവർ ജൽസാ സാലാനയിൽ ഒത്തുകൂടിയത് അത് നിറവേറ്റാനും അല്ലാഹു തൗഫീഖ് നല്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർഥിക്കുകയും മൗനപ്രാർഥനക്ക് ശേഷം സ്ത്രീകളുടെ സെഷന് വിരാമമിടുകയും ചെയ്തു.
0 Comments