മുസ്‌ലിം സ്ത്രീയെ അടിച്ചമർത്തപ്പെട്ടവളും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലാത്തവളുമായാണ് സമൂഹം എന്നും കണക്കാക്കി വന്നിട്ടുള്ളത്. അതുപോലെ, സ്ത്രീ വിരുദ്ധമായ ഒരു മതമെന്ന നിലയിലാണ് മുഖ്യധാര മാധ്യമങ്ങളിലെ വാർത്തകളും ചർച്ചകളും ഇസ്‌ലാമിനെ അവതരിപ്പിക്കാറുള്ളത്. ഇതിന് പുറമെ, മതാശയങ്ങള്‍ എന്ന പേരില്‍ യാഥാസ്ഥിതിക മതപുരോഹിതന്മാർ പ്രചരിപ്പിക്കുന്ന അവരുടെ അഭിപ്രായങ്ങള്‍ ഈ തെറ്റിദ്ധാരണ സമൂഹത്തില്‍ കൂടുതല്‍ രൂഢമൂലമാക്കാന്‍ കാരണമാകുകയും ചെയ്തിട്ടുണ്ട്. പർദ്ദ എന്നാൽ സ്ത്രീകളെ വീട്ടിനുള്ളിൽ തന്നെ നിർത്തുക എന്നാണെന്നും സ്ത്രീകൾ പുറത്തിറങ്ങിയാൽ സമൂഹത്തില്‍ നാശമുണ്ടാകും എന്നെല്ലാം ഇസ്‌ലാമികാധ്യാപനങ്ങള്‍ എന്ന നിലയിലാണ് ഇത്തരം പണ്ഡിതന്‍മാര്‍ പറഞ്ഞുവയ്ക്കാറുള്ളത്.
ഇതിനിടയിൽ, ആരും കേൾക്കാതെ പോകുന്നത് അല്ലെങ്കിൽ കേട്ടില്ലെന്ന് നടിക്കുന്നത് മുസ്‌ലിം സ്ത്രീകളുടെ തന്നെ ശബ്ദമാണ്.
മുസ്‌ലിം സ്ത്രീയുടെ പൊതുജീവിതത്തിൽ ഇസ്‌ലാമിന് എന്ത് പങ്കാണുള്ളത്? പർദ്ദ എന്നാൽ സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടലാണോ? സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുസ്‌ലിം സ്ത്രീകളുടെ കാഴ്ചപ്പാട് എന്താണ്? യഥാർഥത്തിൽ ഇസ്‌ലാം സ്ത്രീകളെ ശാക്തീകരിക്കുന്നുണ്ടോ?
ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം മുസ്‌ലിം സ്ത്രീകളില്‍ നിന്ന് തന്നെ കേള്‍ക്കേണ്ടത് അനിവാര്യമാണ്.
ലൈറ്റ് ഓഫ് ഇസ്‌ലാം (Light of Islam) അഹ്‍മദീ മുസ്‌ലിം സ്ത്രീകളോട്, ഇതിനെ അടിസ്ഥാനമാക്കി അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും അന്വേഷിക്കുകയുണ്ടായി. അവർ പങ്കുവെച്ച മറുപടികളിൽ ചിലത് താഴെ ചേർക്കുന്നു:
ഇസ്‌ലാം എന്‍റെ ജീവിതത്തെ മനോഹരമാക്കുന്ന ഒരു സമഗ്ര ജീവിതപദ്ധതിയാണ്.
പര്‍ദ്ദ വസ്ത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നല്ല; മറിച്ച്, അപകർഷതാബോധത്തിൽ നിന്നും ദുർനോട്ടങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കുന്ന ഒരു ആത്മവിശ്വാസക്കവചമാണ്. ബാഹ്യസൗന്ദര്യത്തെ മാത്രം കച്ചവട ഉപാധിയാക്കുന്ന ആധുനിക സമൂഹത്തിൽ, സ്ത്രീയുടെ കഴിവുകൾക്കും വ്യക്തിത്വത്തിനും പ്രാധാന്യം നല്കി അവളെ ആദരണീയയാക്കാൻ ഇസ്‌ലാമിന് സാധിക്കുന്നു. സമൂഹത്തിന്‍റെ കൃത്രിമ സൗന്ദര്യ അളവുകോലുകളിൽ വ്യാകുലപ്പെടാതെ സ്വന്തം കഴിവുകളിൽ വിശ്വസിക്കാൻ ഇസ്‌ലാമിക വസ്ത്രധാരണം കരുത്തുപകരുന്നു.
ഇസ്‌ലാം ഒരിക്കലും എന്‍റെ വളർച്ചയ്ക്ക് തടസ്സമായിട്ടില്ല. ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ സമൂഹത്തിൽ ജീവിക്കാനുള്ള കൃത്യമായ മാർഗദർശനമാണ് അത് എനിക്ക് നല്കുന്നത്.
ഷാരിഹാ സിദ്ദിഖ്, കോഴിക്കോട്
ഒരു കൗൺസിലിംഗ് സൈക്കോളജിസ്റ്റ് എന്ന നിലയിലുള്ള എന്‍റെ പത്തു വർഷത്തെ അനുഭവസമ്പത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഇസ്‌ലാം മനുഷ്യജീവിതത്തെ പ്രായോഗിക തലത്തില്‍ വളരെയധികം സ്വാധീനിക്കുന്നു എന്നാണ്. ഇസ്‌ലാമിലെ ശാസ്ത്രീയവും വിശാലവുമായ പല കാഴ്ചപ്പാടുകളും കൗൺസിലിംഗ് എന്ന പ്രൊഫഷനിൽ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. മനുഷ്യരെ ശരിയായി മനസ്സിലാക്കാനും ഇസ്‌ലാമിന്‍റെ ഉന്നതമായ വീക്ഷണങ്ങളിലൂടെ സമൂഹത്തിന് തണലാകാനും സാധിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
സമൂഹത്തെ സേവിക്കാൻ കഴിയുന്ന ഏതൊരു പ്രൊഫഷനും മുസ്‌ലിം സ്ത്രീകള്‍ എന്ന നിലയില്‍ നമുക്ക് സ്വീകരിക്കാം. കാരണം സമൂഹസേവനം എന്നത് നമ്മുടെ ദീനിന്‍റെ തന്നെ ഭാഗമാണ്. ദൈവത്തെ ആരാധിക്കുന്നതോടൊപ്പം സമസൃഷ്ടികളെ സേവിക്കുകയും വേണമെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെ സമൂഹത്തെ സഹായിക്കുന്ന ഏത് പ്രവൃത്തിയും സ്ത്രീ–പുരുഷ ഭേദമന്യേ നമുക്ക് ഒരു തൊഴിലായി സ്വീകരിക്കാവുന്നതാണ്.
ഇസ്‌ലാമിൽ സ്ത്രീകളുടെ സ്ഥാനം കുടുംബത്തിൽ മാത്രം ഒതുങ്ങുന്നതാണെന്ന ധാരണ പൊതുവെ സമൂഹത്തിലുണ്ട്. തീർച്ചയായും ഇസ്‌ലാം കുടുംബത്തിന് വലിയ പ്രാധാന്യം നല്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാൽ, എന്തുകൊണ്ടാണ് ഈ പ്രാധാന്യം നല്കപ്പെട്ടതെന്ന് പരിശോധിച്ചാൽ, ഒരാളുടെ വ്യക്തിത്വ രൂപീകരണത്തിൽ കുടുംബത്തിനുള്ള പങ്ക് എത്രത്തോളം വലുതാണെന്ന് ആധുനിക ശാസ്ത്രവും പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ജനിതക ഘടകങ്ങൾക്കൊപ്പം പാരന്‍റിങ്, ബാല്യകാല അനുഭവങ്ങൾ, ചുറ്റുപാടുകൾ എന്നിവയൊക്കെ ഒരു നല്ല വ്യക്തിത്വം വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മനോഹരമായ വ്യക്തിത്വമുള്ള ഒരാൾക്ക് മാത്രമേ സമൂഹത്തെ സേവിക്കാനും, സഹജീവികളോടും ദൈവത്തോടുമുള്ള കടമകൾ കൃത്യമായി നിർവഹിക്കാനും സാധിക്കൂ എന്ന കാരണത്താലാണ് ഇസ്‌ലാം കുടുംബത്തിന് ഇത്രയും പ്രാധാന്യം നല്കിയിട്ടുള്ളത്.
കുടുംബപരമായ ഈ ഉത്തരവാദിത്വങ്ങളും പാരന്‍റിങും കൃത്യമായി നിർവഹിക്കുന്നതോടൊപ്പം, സമൂഹത്തോടുള്ള കടമകൾ നിറവേറ്റാനുള്ള കരുത്തും ശേഷിയും സ്ത്രീക്കുണ്ടെന്നതിന് ഇസ്‌ലാമിക ചരിത്രത്തിലെ ഉന്നതരായ നിരവധി സ്ത്രീരത്നങ്ങൾ മാതൃക കാണിച്ചു തന്നിട്ടുണ്ട്.
അതുകൊണ്ടുതന്നെ, ഒരു മുസ്‌ലിം സ്ത്രീയായതുകൊണ്ട് നമുക്ക് പരിമിതികൾ ഉണ്ടെന്ന വാദം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. പ്രാഥമിക ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സമൂഹത്തിന് സേവനം ചെയ്യാൻ കഴിയുന്ന പ്രൊഫഷൻ സ്വീകരിക്കാമെന്നും, അത് നമ്മുടെ ഇബാദത്തിന്‍റെ (ആരാധനയുടെ) ഭാഗമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
പക്ഷെ, ഇന്ന് പല തരത്തിലുള്ള വളച്ചൊടിക്കലുകളിലൂടെ ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ യഥാർഥ ഇസ്‌ലാം അതല്ല. അഹ്‍മദിയ്യത്തിലൂടെ ഇസ്‌ലാമിന്‍റെ പരിപൂർണവും അന്തസ്സുറ്റതുമായ യഥാർത്ഥ രൂപം വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.
സഫൂറ ഷെഫി, കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ്, കണ്ണൂർ
ഇസ്‌ലാം സ്ത്രീ സ്വാതന്ത്ര്യത്തിന് വളരെയധികം മുൻഗണന നല്കുന്ന ഒരു മതമാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധ ഖുർആനിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്നിടത്ത് തന്നെ പുരുഷന്മാരോട് തങ്ങളുടെ കാഴ്ചകൾ നിയന്ത്രിക്കാനും മാന്യത പാലിക്കാനും കല്പിക്കപ്പെട്ടിട്ടുള്ളത്.
എന്‍റെ കാഴ്ചപ്പാടിൽ പര്‍ദ്ദ എന്നത് സ്ത്രീകളെ വീടിനുള്ളിൽ ഒതുക്കി നിർത്താനുള്ള ഒരു ഉപാധിയല്ല; മറിച്ച്, പൂർണ സ്വാതന്ത്ര്യത്തോടെ സമൂഹത്തിലിറങ്ങി തങ്ങളുടെ ജോലികളും ഉത്തരവാദിത്വങ്ങളും നിർവഹിക്കാനുള്ള ഒരു സംരക്ഷണ കവചമാണ്. അത് അപരിചിതരുടെ ദുർനോട്ടങ്ങളിൽ നിന്നും മോശം ചിന്തകളിൽ നിന്നും നമ്മെ കാത്തുസൂക്ഷിക്കുന്നു. അത്തരത്തില്‍, പൂർണ ആത്മവിശ്വാസത്തോടെ പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു.
നമ്മുടെ തൊഴിൽപരമായ ജീവിതത്തിലും മുന്നോട്ടുള്ള പ്രയാണത്തിലും ഇസ്‌ലാമിക മൂല്യങ്ങൾക്ക് വലിയ പങ്കാണുള്ളത്. അത് എപ്പോഴും നമുക്ക് ആത്മവിശ്വാസവും മാർഗദർശനവും നല്കുന്നു.
ഇസ്‌ലാമിൽ പ്രാർഥന (ദുആ) എന്നത് തികച്ചും ശക്തമായ ഒരു ആയുധമാണ്; പ്രാർഥനയിലൂടെ അസാധ്യമായ കാര്യങ്ങൾ പോലും സാധ്യമായിത്തീരുന്നു. ഒരു റിസർച്ച് സ്കോളർ എന്ന നിലയിൽ, എന്‍റെ ഗവേഷണത്തിലെ ഓരോ നല്ല ഫലങ്ങളും പ്രാർഥനയുടെ കൂടി പിൻബലത്തിലാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പര്‍ദ്ദ ധരിച്ച് നടക്കുമ്പോൾ മറ്റുള്ളവരിൽ നിന്ന് അർഹമായ ബഹുമാനം ലഭിക്കുന്നതായി എന്‍റെ അനുഭവത്തിൽ നിന്ന് എനിക്ക് തോന്നാറുണ്ട്. കൂടെയുള്ള സഹപ്രവർത്തകരോ ജൂനിയർ വിദ്യാർഥികളോ അനാവശ്യമായ സംസാരങ്ങളിൽ ഏർപ്പെടുമ്പോൾ, ഞാൻ അവിടെയെത്തുമ്പോൾ അവർ ആ സംസാരം അവസാനിപ്പിക്കാറുണ്ട്. തുടർന്ന് കൂടുതൽ അർഥവത്തായ ശാസ്ത്രീയ ചർച്ചകളിലേക്കോ, ബുദ്ധിപരമായ ആശയവിനിമയങ്ങളിലേക്കോ ആ സംസാരം വഴിമാറുന്നു.
ബയോക്കെമിസ്ട്രിയിൽ കോശങ്ങളെ (cells) അടിസ്ഥാനമാക്കിയാണ് ഞാൻ ഗവേഷണം ചെയ്യുന്നത്. ഏതൊരു ജീവിയുടെയും അടിസ്ഥാന ഘടകം കോശങ്ങളാണല്ലോ. സെൽ കൾച്ചർ റൂമിലേക്ക് (cell culture room) പ്രവേശിക്കുമ്പോൾ ചെരിപ്പുകൾ പുറത്തുവെച്ച്, ഒരു വലിയ കോട്ടും മാസ്കും ഹെഡ് ക്യാപ്പും ഗ്ലൗസുമൊക്കെ ധരിക്കേണ്ടത് തികച്ചും നിർബന്ധമാണ്. സൂക്ഷ്മമായ കോശങ്ങളെ ബാഹ്യമായ മലിനീകരണങ്ങളിൽ നിന്നും രോഗാണുക്കളിൽ നിന്നും സംരക്ഷിക്കാനാണ് ഇതെല്ലാം ധരിക്കുന്നത്. ഇത് ആലോചിക്കുമ്പോൾ നമ്മെ സൃഷ്ടിച്ച അല്ലാഹു എത്ര വലിയവനാണെന്ന് സ്വയം ചിന്തിച്ചുപോകാറുണ്ട്! അവിടെ എല്ലാവരും അറിയാതെ ഉപയോഗിക്കുന്നത് മറ്റൊരു തരത്തിലുള്ള ‘പര്‍ദ്ദ’ തന്നെയാണ്. ആ സാഹചര്യത്തിൽ അത് കോശങ്ങളുടെ സംരക്ഷണത്തിനായാണ് ഉപയോഗിക്കുന്നതെന്ന് മാത്രം.
ഇത് നമുക്ക് വളരെ വലിയൊരു പാഠമാണ് നല്കുന്നത്. ഒരു ചെറിയ കോശത്തിൽ നിന്നാണ് മനുഷ്യനും മറ്റ് ജീവികളുമൊക്കെ രൂപപ്പെടുന്നത്. ആ കോശത്തെ ജീവനോടെയും ശുദ്ധിയോടെയും നിലനിർത്താൻ ഇത്രയും സംരക്ഷണം ആവശ്യമാണെങ്കിൽ, ഒരു മനുഷ്യന് സ്വയം സംരക്ഷിക്കപ്പെടാനും തനിമയോടെ മുന്നേറാനും പര്‍ദ്ദ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
ഹിബത്തുല്‍ കരീം, PhD Scholar (Biochemistry), തിരുവനന്തപുരം
പതിനേഴാം വയസ്സിലാണ് ഞാൻ പര്‍ദ്ദ ധരിച്ച് തുടങ്ങുന്നത്. അന്ന് അതിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന ധാരണയും, വർഷങ്ങൾ പിന്നിട്ട് ജീവിതാനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയ പര്‍ദ്ദയും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കി, അധ്യാപികയായും മാധ്യമപ്രവർത്തകയായും പ്രവർത്തിക്കുകയും, ഇന്ന് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ മീഡിയ പ്രവർത്തനങ്ങളിലും സാമൂഹിക–കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും സജീവമായി ആളുകളുമായി ഇടപഴകുകയും ചെയ്യുന്ന ജീവിതമാണ് എന്‍റേത്. ഇതിലൊന്നും പര്‍ദ്ദ എനിക്ക് തടസ്സമായതായി അനുഭവപ്പെട്ടിട്ടില്ല. മറിച്ച്, ആളുകളെയും സമൂഹത്തെയും കൂടുതൽ അടുത്തറിയാനും, എന്‍റെ കഴിവുകളും കാഴ്ചപ്പാടുകളും വികസിപ്പിക്കാനും പര്‍ദ്ദ ധരിച്ചുകൊണ്ട് തന്നെ എനിക്ക് സാധിച്ചിട്ടുണ്ട്.
പര്‍ദ്ദ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. എന്നാൽ സ്വാതന്ത്ര്യം എന്നത് എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മുക്തമായിരിക്കുക എന്നത് മാത്രമാണോ? അതോ സ്വന്തം വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും അനുസരിച്ച് ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശം കൂടിയാണോ?
അതേസമയം, പര്‍ദ്ദ ധരിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് പറയുന്നത് യാഥാർഥ്യത്തെ നിഷേധിക്കുന്നതിന് തുല്യമായിരിക്കും. കാലാവസ്ഥ മുതൽ യാത്രകളിലും ജോലിസ്ഥലങ്ങളിലും പല പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകാം. ചിലപ്പോൾ ആളുകളുടെ നോട്ടങ്ങളും ചോദ്യങ്ങളും പരിഹാസങ്ങളും തെറ്റിദ്ധാരണകളും നേരിടേണ്ടിയും വരും. ചില സാഹചര്യങ്ങളിൽ, നമ്മളെ വസ്ത്രത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്ന അനുഭവങ്ങളും ഉണ്ടാകും. ഒരു സ്ത്രീക്ക് തന്‍റെ കഴിവുകള്‍ക്കും വ്യക്തിത്വത്തിനും മുമ്പേ അവളുടെ വസ്ത്രം സംസാരിക്കുന്നതുപോലെ തോന്നുന്ന നിമിഷങ്ങളും ഉണ്ടാകും.
ഇത്തരം സാഹചര്യങ്ങളിൽ ഒരു വിശ്വാസിയെ മുന്നോട്ട് നയിക്കുന്നത് എന്താണ്?
എന്നെ സംബന്ധിച്ച് അതിന്‍റെ ഉത്തരം അല്ലാഹുവുമായുള്ള ബന്ധമാണ്. ആളുകളുടെ അംഗീകാരത്തേക്കാൾ അല്ലാഹുവിന്‍റെ പ്രീതിക്ക് പ്രാധാന്യം നല്കാന്‍ ശ്രമിക്കുക എന്നതാണ്. പര്‍ദ്ദ ധരിക്കുന്നതുകൊണ്ട് എല്ലാ ദിവസവും എളുപ്പമാകണമെന്നില്ല. പക്ഷേ, ഒരു വിശ്വാസിക്ക് ദീൻ എളുപ്പമുള്ള ദിവസങ്ങളിൽ മാത്രം പാലിക്കാനുള്ളതല്ല എന്ന് എനിക്ക് ബോധ്യമുണ്ട്.
പര്‍ദ്ദ എന്‍റെ ലോകം ചെറുതാക്കുന്നില്ല. എന്‍റെ വിശ്വാസത്തിന്‍റെ പരിധിക്കുള്ളിൽ നിന്ന് ലോകത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ കാണാനുള്ള ഒരു ഇടമാണ് അത് എനിക്ക് നല്കുന്നത്.
വ്യക്തിസ്വാതന്ത്ര്യം എന്നാല്‍ മറ്റുള്ളവർ നിർവചിച്ച മാര്‍ഗം പിന്‍പറ്റലല്ല. മറിച്ച്, സ്വന്തം വിശ്വാസവും ആദര്‍ശവുമനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ടാകുക എന്നതാണ് യഥാര്‍ഥ സ്വാതന്ത്ര്യം.
അതുകൊണ്ട്, ഞാൻ പര്‍ദ്ദ തിരഞ്ഞെടുക്കുന്നത് എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ നിഷേധമല്ല; മറിച്ച് എന്‍റെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ തന്നെ ഒരു പ്രകടനമാണ്.
അമത്തുല്‍ വർധ, ഹോം മേക്കര്‍, കാക്കനാട്
ഇസ്‌ലാമിക അധ്യാപനങ്ങൾ ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് എപ്പോഴും പൂർണ സ്വാതന്ത്ര്യമാണ് നല്കിയിട്ടുള്ളത്. വസ്ത്രധാരണത്തിലും വിദ്യാഭ്യാസത്തിലും ചിന്തകളിലും കുടുംബബന്ധങ്ങളിലുമെല്ലാം ആ സ്വാതന്ത്ര്യം അനുഭവിച്ചറിയാൻ എനിക്ക് സാധിക്കാറുണ്ട്.
പ്രത്യേകിച്ച് പര്‍ദ്ദയുടെ കാര്യം പറയുകയാണെങ്കിൽ, പുറത്ത് ആളുകളോട് ഇടപഴകുമ്പോൾ ശരീരത്തെക്കുറിച്ചുള്ള അനാവശ്യ ആശങ്കകളില്ലാതെ തികച്ചും സ്വതന്ത്രമായി പെരുമാറാൻ അത് എന്നെ സഹായിക്കുന്നു. മറ്റുള്ള പലരും വസ്ത്രധാരണത്തിന്‍റെ പേരിൽ സ്വയം സങ്കോചിക്കുന്നതും ബുദ്ധിമുട്ടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാൽ പര്‍ദ്ദ ധരിക്കുമ്പോൾ നമുക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ആളുകളുമായി ഇടപെടാൻ കഴിയുന്നു.
ഇക്കാര്യം മറ്റുള്ളവരുടെ സമീപനത്തിലും പ്രതിഫലിക്കുന്നതായി കാണാം. പുരുഷന്മാരായാലും സ്ത്രീകളായാലും ഒരു പരിധിക്കപ്പുറം മോശമായ തമാശകളോ വാക്കുകളോ ഉപയോഗിക്കാതെ, വലിയ ബഹുമാനത്തോടും മാന്യതയോടും കൂടിയാണ് നമ്മോട് സംസാരിക്കാറുള്ളത്. അതുപോലെ പര്‍ദ്ദയിലായിരിക്കുമ്പോൾ ആ മാന്യത കാത്തുസൂക്ഷിക്കാൻ നമ്മളും സ്വയം ശ്രദ്ധിക്കാറുണ്ട്.
ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്ന കുടുംബവ്യവസ്ഥയില്‍ സ്ത്രീയും പുരുഷനും അന്യോന്യം സപ്പോര്‍ട്ട് ചെയ്യുന്ന ഒരു രീതിയാണ് കാണാന്‍ സാധിക്കുക. സ്ത്രീകള്‍ക്ക് സ്വന്തമായി സമ്പാദിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം ഇസ്‌ലാം നല്കുന്നു. എന്നാല്‍ അവരുടെ പ്രഥമ ഉത്തരവാദിത്വം മക്കളുടെ പരിപാലനമാണ്. അതേസമയം, കുടുംബത്തിന്‍റെ സാമ്പത്തിക ചെലവുകളും ഉത്തരവാദിത്വങ്ങളും പൂര്‍ണമായും പുരുഷന്മാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
അതുകൊണ്ടുതന്നെ, സ്ത്രീകള്‍ക്ക് തങ്ങളുടെ സമ്പാദ്യം തങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കാം. അതില്‍ ഭര്‍ത്താവിന് നേരിട്ട് യാതൊരു അവകാശവുമില്ല.
എന്നാല്‍, സമൂഹത്തില്‍ നാം കാണുന്നതും, എന്‍റെ തന്നെ പരിചയത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതുമായ ഒരു പ്രവണത, സ്ത്രീകള്‍ സ്വന്തമായി സമ്പാദിക്കുന്ന പണം ഭര്‍ത്താവിന്‍റെ അനുവാദത്തോടെ മാത്രം ചെലവഴിക്കേണ്ടി വരുന്നു എന്നതാണ്. രണ്ടു പേരുടെയും ശമ്പള അക്കൗണ്ടുകള്‍ ഭര്‍ത്താവ് കൈകാര്യം ചെയ്യുന്ന ഒരുപാട് സ്ത്രീകളെ എനിക്കറിയാം.
എന്നാല്‍, ഇസ്‌ലാമിക അധ്യാപനമനുസരിച്ച് പരിപൂര്‍ണ സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകള്‍ക്കാണ് നല്കപ്പെട്ടിട്ടുള്ളത്.
അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ഭാഗമായതുകൊണ്ട് തന്നെ ഈ വിഷയങ്ങളിലെല്ലാം ശരിയായ വ്യാഖ്യാനങ്ങൾ ലഭിക്കുന്നു എന്നത് വലിയൊരു അനുഗ്രഹമാണ്. മറ്റിടങ്ങളിൽ വ്യക്തമായ മാർഗദർശനം ലഭിക്കാത്തതിനാൽ ചിലരൊക്കെ ചൂഷണം ചെയ്യപ്പെടുന്നത് കാണാറുണ്ട്. പലപ്പോഴും, മതപുരോഹിതന്മാര്‍ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് മതനിയമങ്ങള്‍ എന്ന നിലയില്‍ പ്രചരിപ്പിക്കാറുള്ളത്.
എന്നാൽ ഇതിന്‍റെയൊക്കെ യഥാർഥ ഭംഗി അനുഭവപ്പെടുന്നത് ഇസ്‌ലാം സ്ത്രീകൾക്ക് നല്കുന്ന അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള ഒരു കുടുംബത്തിൽ ജീവിക്കുമ്പോഴാണ്. ഈ അധ്യാപനങ്ങൾ സ്ത്രീകൾക്ക് പുറമെ പുരുഷന്മാർക്കും കൃത്യമായി ലഭിക്കുന്നതിനാൽ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ അവരും പഠിക്കുന്നു. ഇത് കുടുംബജീവിതം കൂടുതൽ സുഗമമാക്കുന്നു. കുടുംബത്തിൽ നിന്ന് ലഭിക്കുന്ന ഈ ശക്തമായ പിന്തുണ പുറത്തും സമാധാനത്തോടെയും മാനസിക സമ്മർദങ്ങളില്ലാതെയും ജീവിക്കാൻ നമുക്ക് കരുത്ത് നല്കുന്നു.
റാബിയ ഷൗക്കത്ത്, ഗവൺമെന്‍റ് ഉദ്യോഗസ്ഥ, എറണാകുളം
പലരും കരുതുന്നത് പോലെ മുസ്‌ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലെന്നത് തെറ്റായ ധാരണയാണ്. എന്‍റെ മതം എനിക്ക് വിദ്യാഭ്യാസത്തിനുള്ള പൂർണ അവകാശവും ഉത്തരവാദിത്തവും നല്കുന്നുണ്ട്. സമൂഹത്തിൽ അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള ആത്മവിശ്വാസമാണ് അത് എനിക്ക് നല്കുന്നത്. അതിനാൽ, സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന സംസാരങ്ങൾ കണ്ടോ കേട്ടോ ഞാൻ തളരാറില്ല; കാരണം, യഥാർഥ വിശ്വാസം എന്നത് വെറുമൊരു ബാഹ്യപ്രകടനമല്ലെന്ന് എനിക്കറിയാം.
നമ്മുടെ ചിന്തയും പ്രവൃത്തിയും ഒന്നായിരിക്കണം. വിശ്വാസം നല്കുന്ന അഭിമാനവും കരുത്തും ഉൾക്കൊണ്ട് നല്ലൊരു മനുഷ്യനായി ജീവിക്കാനും സ്വഭാവം മെച്ചപ്പെടുത്താനും ഞാൻ ശ്രമിക്കാറുണ്ട്. ബാഹ്യമായ സൗന്ദര്യത്തിന് നല്കുന്ന പ്രാധാന്യം കുറയ്ക്കുകയും, വ്യക്തിഗത ഗുണങ്ങൾക്ക് മുൻഗണന നല്കുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു. മാന്യമായ വസ്ത്രധാരണം ഇല്ലെങ്കിൽ, കേവലം ശാരീരിക രൂപത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം ഒരാൾ വിലയിരുത്തപ്പെടാൻ സാധ്യതയേറെയാണ്.
ഒരു സ്ത്രീ വിലയിരുത്തപ്പെടേണ്ടത് അവളുടെ വ്യക്തിത്വം, ബുദ്ധിശക്തി, കഴിവുകൾ, സമൂഹത്തിന് നല്കുന്ന സംഭാവനകൾ എന്നിവയുടെ പേരിലാണെന്ന സന്ദേശമാണ് മാന്യമായ വസ്ത്രധാരണം നല്കുന്നത്. താത്കാലികവും ഹാനികരവുമായ കാര്യങ്ങളിൽ മുഴുകുന്നതിന് പകരം സ്രഷ്ടാവുമായി നല്ലൊരു ബന്ധം കെട്ടിപ്പടുക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. മാന്യമായ വസ്ത്രധാരണം അനാവശ്യ സമീപനങ്ങളെ ചെറുക്കാൻ മാത്രമല്ല, സ്രഷ്ടാവിനോടുള്ള ആഴത്തിലുള്ള ബന്ധത്തെയും ഫാഷൻ ട്രെൻഡുകൾക്കപ്പുറമുള്ള മഹത്തായ പ്രതിബദ്ധതയെയുമാണ് സൂചിപ്പിക്കുന്നത്.
മൂന്ന് ആൺകുട്ടികളുടെ മാതാവ് എന്ന നിലയിൽ, അവരെങ്ങനെ ഭാവിയിൽ പുരുഷന്മാർക്ക് കല്പിച്ചിരിക്കുന്ന പര്‍ദ്ദയെ ആചരിക്കണമെന്നും അത് അവരെ എങ്ങനെ പഠിപ്പിക്കണമെന്നും ഞാൻ ചിന്തിക്കാറുണ്ട്.
റിസ്‌വാന അനസ്, കടലായി
സ്ത്രീക്ക് മാന്യതയും ഉന്നതമായ അവകാശങ്ങളും കൃത്യമായി നല്കുന്നതാണ് ഇസ്‌ലാമിക തത്ത്വങ്ങൾ. പ്രവാചകൻ(സ)യുടെ കാലം മുതൽക്കേ സ്വന്തമായി സ്വത്തുക്കൾ സമ്പാദിക്കാനും, തന്‍റെ വിവാഹത്തിൽ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താനും, ആവശ്യമെങ്കിൽ ഖുൽഅ് (ഭാര്യയുടെ ഭാഗത്ത് നിന്നുള്ള വിവാഹമോചനം) വഴി വേർപിരിയൽ ആവശ്യപ്പെടാനുമുള്ള പൂർണ സ്വാതന്ത്ര്യം സ്ത്രീക്കുമേൽ ഇസ്‌ലാം ഉറപ്പുനൽകുന്നുണ്ട്.
കൂടാതെ, പര്‍ദ്ദ എനിക്ക് അടിച്ചേൽപ്പിക്കലിന്‍റെയോ ഒതുക്കിനിർത്തലിന്‍റെയോ അടയാളമല്ല; മറിച്ച്, എന്‍റെ ആത്മാഭിമാനവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാൻ ഞാൻ സ്വയം കൈക്കൊണ്ട പരമാധികാരമുള്ള ഒരു തീരുമാനമാണ്.
ശരീരത്തിന്‍റെ ബാഹ്യമായ അളവുകോലുകൾക്കപ്പുറം, ഏതൊരു വ്യക്തിയുടെയും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ അന്യരുടെ മുന്നിൽ തനിമ ചോരാതെ സമൂഹത്തിന്‍റെ മുൻനിരയിലേക്ക് ഇറങ്ങിപ്രവർത്തിക്കാനുള്ള വലിയൊരു ആത്മവിശ്വാസമാണ് എനിക്ക് പര്‍ദ്ദയിലൂടെ ലഭിക്കുന്നത്; ഞാൻ അങ്ങനെയാണ് നോക്കി കാണുന്നതും.
മാരിയ മുദസ്സിര്‍, ആലപ്പുഴ
ഒരു മുസ്‌ലിം സ്ത്രീക്ക് പര്‍ദ്ദ എന്നാല്‍ അവളുടെ സ്രഷ്ടാവ് അവള്‍ക്ക് നിഷ്കര്‍ഷിച്ച ഡ്രസ്സ് കോഡാണ്. സാമൂഹിക ഉന്നമനത്തിന്‍റെ പകുതി പങ്കുവഹിക്കുന്നവളായ സ്ത്രീ പര്‍ദ്ദയിട്ട് വീട്ടിലിരുന്നാൽ മതിയെന്നല്ല ദൈവം പറഞ്ഞത്, മറിച്ച് പര്‍ദ്ദ ധരിച്ചേ പുറത്തുപോകാവൂ എന്നാണ്.
സാമൂഹിക ഉന്നമനത്തിന്‍റെ ബാക്കി പകുതി വഹിക്കുന്ന പുരുഷന്മാർക്കുള്ള കല്പന പക്ഷേ, ഒരിക്കലും ചർച്ചാവിഷയമാകാറില്ല. അതിൽ പ്രധാനം, പെണ്ണിനെ കാണുമ്പോൾ ആണുങ്ങൾ അവരുടെ ദൃഷ്ടികള്‍ താഴ്ത്തണം എന്നതാണ്. അഥവാ, ആണിന്‍റെ പ്രകോപന സ്വഭാവത്തെ തടയാൻ സ്ത്രീയെ വീട്ടിൽ പൂട്ടിയിടുകയല്ല ചെയ്യേണ്ടത്, മറിച്ച് ആണുങ്ങൾ അവരുടെ കണ്ണുകൾക്കും ചിന്തകൾക്കും മേലെ നിയന്ത്രണത്തിന്‍റെ പര്‍ദ്ദയിടണം എന്നതാണ്. അതായത് നല്ല ചിന്തയോടെയോ മോശം ചിന്തയോടെയോ അവളെ തുറിച്ചുനോക്കാതെ കണ്ണുകൾ താഴ്ത്തുക എന്ന കല്പനയാണ് മുസ്‌ലിം പുരുഷന്മാർക്ക് നല്കപ്പെട്ടിട്ടുള്ളത്.
ഫൗസിയ ബഷീര്‍, കാക്കനാട്
ഒരു അഹ്‍മദീ മുസ്‌ലിം വനിതയായതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. സ്ത്രീക്ക് അർഹമായ കരുതലും സുരക്ഷിതത്വവും നല്കുന്ന ഇസ്‌ലാമിന്‍റെ യഥാർഥ അധ്യാപനങ്ങളിലൂടെ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനും രാജ്യത്തിന്‍റെ പുരോഗതിയിൽ പങ്കാളിയാകാനും എനിക്ക് സാധിക്കുന്നുണ്ട്.
എന്‍റെ സ്വാതന്ത്ര്യത്തിന് പർദ്ദ ഒരിക്കലും തടസ്സമായിട്ടില്ല. അത് എനിക്ക് മാന്യതയും പവിത്രതയും സുരക്ഷിതത്വവുമാണ് നല്കുന്നത്. പലരും പര്‍ദ്ദയെക്കുറിച്ച് മോശമായി സംസാരിക്കുന്നത് കേൾക്കാറുണ്ട്. എന്നാൽ അതിന്‍റെ യഥാർഥ അർഥവും ലക്ഷ്യവും മനസ്സിലാക്കിയാൽ ആരും ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
പര്‍ദ്ദ സ്വീകരിച്ചുകൊണ്ട് കൊണ്ട് ഈ പ്രായത്തിലും ഉപരിപഠനം നടത്താനും ജോലിക്കായി പുറത്തിറങ്ങാനും എനിക്ക് തടസ്സങ്ങളൊന്നുമില്ല. മാതൃകാപരമായ ഇസ്‌ലാമിക പാഠങ്ങൾ ഉൾക്കൊണ്ട് ആത്മാർഥതയോടെയും സത്യസന്ധതയോടെയും ജോലി ചെയ്യാൻ അത് എനിക്ക് വലിയ പ്രചോദനം നല്കുന്നു.
ജന്നത്തുന്നിസ, ഗവൺമെന്‍റ് ഉദ്യോഗസ്ഥ, ഐരാപുരം
ഒരു അഹ്‍മദീ മുസ്‌ലിം വനിത എന്ന നിലയിൽ, ഇസ്‌ലാം എന്‍റെ ജീവിതത്തിലെ വെറുമൊരു വിശ്വാസം മാത്രമല്ല; എന്‍റെ ചിന്തകൾക്കും തീരുമാനങ്ങൾക്കും ജീവിതലക്ഷ്യങ്ങൾക്കും ദിശ നല്കുന്ന സമ്പൂർണ ജീവിതമാർഗമാണ്.
അഹ്‍മദിയ്യത്തിലൂടെ ഇസ്‌ലാമിന്‍റെ സമാധാനപരമായ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ എനിക്ക് സാധിക്കുന്നു. ഞങ്ങളുടെ പ്രിയ ഖലീഫ ഹദ്റത്ത് മിർസാ മസ്റൂർ അഹ്‍മദ്(അയ്യദഹുല്ലാഹ്) സ്ത്രീകളുടെ വിദ്യാഭ്യാസം, ആത്മീയ വളർച്ച, കുടുംബജീവിതം, സാമൂഹിക ഉത്തരവാദിത്വങ്ങൾ എന്നിവയെക്കുറിച്ച് നല്കുന്ന മാർഗനിർദേശങ്ങൾ എനിക്ക് വലിയ പ്രചോദനമാണ്. ഖിലാഫത്ത് എന്‍റെ ജീവിതത്തിന് എന്നും വഴികാട്ടുന്ന മഹത്തായ ഒരു അനുഗ്രഹമാണ്.
പര്‍ദ്ദ എന്‍റെ ജീവിതത്തെ പരിമിതപ്പെടുത്തുന്ന ഒന്നല്ല; ഞാന്‍ സ്വമേധയാ സ്വീകരിച്ച വിശ്വാസത്തിന്‍റെ ഭാഗമാണ്. അത് നല്കുന്ന സുരക്ഷിതത്വവും മാനസിക സമാധാനവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വസ്ത്രധാരണം എന്‍റെ പഠനത്തിനോ ജോലിക്കോ വ്യക്തിത്വത്തിനോ ഒരിക്കലും തടസ്സമായിട്ടില്ല. സ്ത്രീയുടെ അറിവും കഴിവുകളും സ്വഭാവവുമാണ് അവളെ നിർവചിക്കേണ്ടത്.
എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മോചിതയാകുന്നതിലല്ല സ്ത്രീ സ്വാതന്ത്ര്യം; സ്വന്തം വിശ്വാസങ്ങളും മൂല്യങ്ങളും അനുസരിച്ച് ആത്മാഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള അവകാശത്തിലാണ്. എന്‍റെ മതം സ്വാതന്ത്ര്യത്തെ ഇല്ലാതാക്കിയിട്ടില്ല, മറിച്ച് വ്യക്തമായൊരു ജീവിത അടിത്തറ നല്കുകയാണ് ചെയ്തത്. അതിനാൽ ഒരു മുസ്‌ലിം സ്ത്രീയെ വസ്ത്രത്തിന്‍റെ പേരിൽ അടിച്ചമർത്തപ്പെട്ടവളായി മുദ്രകുത്തുന്നതിന് മുൻപ് അവളുടെ ശബ്ദവും അനുഭവങ്ങളും കേൾക്കാൻ സമൂഹം തയ്യാറാകണം.
0 Comments