ഭൂമിയും പര്‍വതങ്ങളും: ഭാഗം 2

പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.

ഭൂമിയും പര്‍വതങ്ങളും: ഭാഗം 2

പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.

അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ നാലാം ഖലീഫ ഹദ്രത്ത് മിര്‍സാ താഹിര്‍ അഹ്മദ്(റഹ്)ന്‍റെ Absolute Justice, Kindness and Kinship എന്ന ഗ്രന്ഥത്തില്‍ നിന്ന്. അവലംബം: സത്യദൂതന്‍ ഡിസംബര്‍ 2022. വിവര്‍ത്തനം: ഏ എം മുഹമ്മദ്‌ സലീം.

മാര്‍ച്ച്‌ 1, 2023

ജീവന് സഹായകമായി പര്‍വ്വതങ്ങള്‍ നിര്‍വ്വഹിക്കുന്ന മറ്റൊരു ധര്‍മ്മം അത് ഭൂമിയിലെ മണ്ണിനെ വിവിധ രീതിയില്‍ ഫലഭൂയിഷ്ടമാക്കുന്നു എന്നതാണ്. പല വിധത്തിലുള്ള അമോണിയം ലവണങ്ങള്‍ അടങ്ങിയ കൃതിമവളങ്ങള്‍ ഉപയോഗിച്ചാണ് നാം മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നതെന്നോര്‍ക്കണം. അത്യധികം വൈദ്യുതപരമായി ചാര്‍ജ്ജ് ചെയ്യപ്പെട്ട മഴമേഘങ്ങള്‍ ശക്തമായ വായുപ്രവാഹത്താല്‍ പര്‍വ്വതങ്ങളിലേക്ക് ചലിപ്പിക്കപ്പെടുമ്പോള്‍, അത് ഒരു വിദ്യുത് പ്രവാഹമായും മിന്നല്‍ പിണരായും ഇടിനാദമായും മാറി മഴകണങ്ങളെയും നൈട്രജന്‍ വാതകങ്ങളെയും വിഘടിപ്പിച്ച് വിവിധങ്ങളായ അമോണിയം ലവണങ്ങളാക്കി മാറ്റുന്നു. അവ മഴയേയോ മഞ്ഞിനേയോ പോഷക സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. ചില കണക്കുകള്‍ വ്യക്തമാക്കുന്നത് മനുഷ്യനിര്‍മ്മിതമായിട്ടുള്ള ലോകത്തെ മുഴുവന്‍ വ്യവസായ ശാലകളിലും ഒരു വര്‍ഷം ഉല്പാദിപ്പിക്കപ്പെടുന്ന വളങ്ങള്‍ക്ക് തുല്യമായ വളം ഈ പ്രക്രിയ മുഖേന ഒരു മണിക്കൂര്‍ കൊണ്ട് നിര്‍മ്മിക്കപ്പെടും എന്നാണ്.

ഇത്തരം പ്രകൃതി പ്രതിഭാസങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ഒരു വിശദമായ പഠനം, മനുഷ്യ ജീവിതത്തില്‍ പര്‍വ്വതങ്ങളുടെ അനുഗ്രഹങ്ങളെ പറ്റി ഖുര്‍ആനില്‍ കാണുന്ന ജ്ഞാനസമ്പത്തിന് യഥാര്‍ത്ഥത്തിലുള്ള ഒരു വിവരണം നല്‍കാനാവും. സൂറ: ഹാ മീം സജ്ദയില്‍ നിന്നുള്ള ഒരു വചനം ഉദ്ധരിക്കാം:

അവന്‍ അതിന്‍റെ ഉപരിതലത്തില്‍ ഉറച്ച മലകള്‍ സ്ഥാപിച്ചു. അതില്‍ അനുഗ്രഹങ്ങള്‍ നിക്ഷേപിക്കുകയും ചെയ്തു. അവനതില്‍ നാല് ഘട്ടങ്ങളിലായി അതിലെ വിഭവങ്ങള്‍ ശരിയായ അളവില്‍ തുലനപ്പെടുത്തുകയും എല്ലാ അന്വേഷകന്മാര്‍ക്കും നിര്‍ണ്ണയിക്കുകയും ചെയ്തിരിക്കുന്നു.”[1]

ചുരുക്കത്തില്‍, നാം ഭൂമിയുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുകയും ആകാശങ്ങള്‍ ഭരിക്കപ്പെടുകയും ചെയ്യുന്ന രീതിയില്‍ പ്രകൃതി നിയമങ്ങളുടെ പ്രകടനങ്ങള്‍ നിരീക്ഷിച്ചാല്‍ പരിപൂര്‍ണമായ സ്വരൈക്യവും ഏകോപനവും സന്തുലനവും കാണാനാവും. പകലില്‍ നിന്ന് രാവിലേക്കും രാവില്‍ നിന്ന് പകലിലേക്കുമുള്ള മാറ്റങ്ങള്‍, വസന്തത്തില്‍ നിന്ന് ഗ്രീഷ്മത്തിലേക്കും ഹേമന്തത്തില്‍ നിന്ന് ശിശിരത്തിലേക്കുമുള്ള ഋതുക്കളുടെ സംക്രമണങ്ങള്‍, ചൂടില്‍ നിന്ന് തണുപ്പിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ മുതലായവയെല്ലാം ഭൂമിയിലെ ജീവവ്യവസ്ഥയില്‍ അഗാധമായ പ്രഭാവങ്ങളാണ് ഉണ്ടാക്കുന്നത്.

അന്തരീക്ഷ വായുവിലെ സന്തുലനം

സ്വാഗതം ചെയ്യപെട്ടാലും ഇല്ലെങ്കിലും ഓരോ ഋതുക്കള്‍ക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. ഭൂമിയിലെ വിവിധ ജീവിരൂപങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ മാത്രമല്ല, അതിലെ ഘടകങ്ങള്‍ തമിലുള്ള ഒരു സന്തുലനം നിലനിര്‍ത്താനും ഓരോ ഋതുവും അവ ഒറ്റയാണെങ്കിലും സംയുക്തമാണെങ്കിലും അനിവാര്യമാണ്.

എന്തുകൊണ്ടാണ് വായുവില്‍ നൈട്രജന്‍ ഓക്സിജന്‍ കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയുടെ നിശ്ചിത അനുപാതങ്ങള്‍? എന്തുകൊണ്ട് അപൂര്‍വ്വ വാതകങ്ങളുടെ (rare gases) സാന്നിദ്ധ്യം? ഇതൊക്കെയാണ് പരിഹരിക്കപ്പെടേണ്ടതും ഉത്തരം കണ്ടെത്തേണ്ടതുമായ ശാസ്ത്രജ്ഞന്‍മാരുടെ എക്കാലെത്തെയും ശ്രദ്ധ ആകര്‍ഷിച്ച ചോദ്യങ്ങള്‍. ഒരു കാര്യം സുനിശ്ചിതമാണ്. ഈ അനുപാതങ്ങള്‍ യാദൃശ്ചികമല്ല. സന്തുലനങ്ങളില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ സംഭവിച്ചാല്‍ മൊത്തം ജൈവആവാസ വ്യവസ്ഥ താറുമാറാകും. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് ഒരു ശതമാനം കൂടിയാല്‍ അതിന്‍റെ പ്രത്യാഘാതം സര്‍വ്വനാശമായിരിക്കും. വാര്‍ത്തകളില്‍ വായിക്കപ്പെടുന്ന ഹരിതഗൃഹ പ്രഭാവത്തിന്‍റെ (green house effect) സ്വാധീനങ്ങളെ പറ്റി സാധാരണ വായനക്കാര്‍ക്ക് കുറഞ്ഞ കാര്യങ്ങളേ മനസ്സിലായിട്ടുണ്ടാവൂ. എന്നാല്‍ ശാസ്ത്രജ്ഞന്‍മാര്‍ ഹരിതഗൃഹ പ്രഭാവത്തിന്‍റെ യഥാര്‍ത്ഥ പ്രാധാന്യം അറിയിക്കുമ്പോള്‍ വായനക്കാരന്‍ ആശങ്കാകുലനാകുന്നു. ഉദാഹരണത്തിന്, കാര്‍ബണ്‍ ഡയോക്സൈഡ് 4 മുതല്‍ 5 ശതമാനം വരെ അന്തരീക്ഷത്തില്‍ കൂടുകയാണെങ്കില്‍ ഭൗമഗ്രഹം ജീവയോഗ്യമല്ലാതായിത്തീരും. ഇത് തീര്‍ച്ചയായും കേവലം അനുപാതത്തിന്‍റെ ഒരു പ്രശ്നം മാത്രമല്ല. അന്തരീക്ഷത്തില്‍ കാണുന്ന ഓരോ മൂലകത്തിനും ഒരു ലക്ഷ്യമുണ്ട്. അതിനെല്ലാം തന്നെ കാണപ്പെടുന്നത് പോലെ കൃത്യവും കണിശവുമായ അനുപാതവും അത്യാവശ്യമാണ്. ഭൂമിയുടെ മേലെയുള്ള പാളിക്കും ഇത് ബാധകമാണ്.

സ്ട്രാറ്റോസ്ഫിയറില്‍ ഓസോണ്‍ പാളി 18 മുതല്‍ 30 മൈല്‍ വരെ കട്ടിയുള്ളതാണ്. എന്തെങ്കിലും അപകടത്താല്‍ ഈ ഓസോണ്‍ പാളിയുടെ സന്തുലനത്തിന് തകരാറ് സംഭവിച്ചാല്‍ ഭൂമിക്ക് എല്ലാ വിധത്തിലും അത് അപകടകരമായിരിക്കും. ജീവന്ന് അത്യന്തം വിനാശകരമായ ഹ്രസ്വ തരംഗദൈര്‍ഘ്യമുള്ള കോസ്മിക് രശ്മികളുടെ വര്‍ഷമായിരിക്കും അതിന്‍റെ ഫലം. ഓസോണ്‍ പ്രത്യേകമായി ഹ്രസ്വ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ് രശ്മികളെ നശിപ്പിക്കുന്ന ഒരു സുരക്ഷാകവചമാണ്.

സസ്യ ജീവലോകത്തിലെ സന്തുലനം

ജീവിവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഓരോന്നിന്‍റേയും പരസ്പര ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള സന്തുലനവും ജീവിവര്‍ഗ്ഗവും സസ്യവര്‍ഗ്ഗവും തമ്മിലുള്ള സന്തുലനവും ശാസ്ത്രജ്ഞന്‍മാരുടെ ശ്രദ്ധ വര്‍ദ്ധിച്ച തോതില്‍ ആകര്‍ഷിക്കുന്നു. ഇത്തരത്തിലുള്ള സന്തുലനം പല രീതിയിലുമുണ്ട്. അതില്‍ ചിലത് താഴെ വിവരിക്കാം.

ഒരു ജീവിരൂപവും അതിന്‍റെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട സന്തുലനം.

പരഭക്ഷിയും (predator) അതിന്‍റെ ഇരയും (prey) തമ്മിലുള്ള സന്തുലനം.

ഒരു മത്സ്യം അതിന്‍റെ പര്‍വ്വത ശിഖരങ്ങളിലെ പ്രജനന കേന്ദ്രത്തില്‍ നിന്നും സമുദ്രത്തിലേക്കുള്ള ദേശാടനവും അതുകഴിഞ്ഞ് മത്സ്യത്തിന്‍റെ പ്രജന കേന്ദ്രത്തിലേക്കുള്ള മടക്ക പ്രയാണവും തമ്മിലുള്ള സന്തുലനം.

നദികളും തടാകങ്ങളും തമ്മിലുള്ള സന്തുലന പാലനവും അവയിലും സമുദ്രത്തിലും ഉള്ളടങ്ങിയിട്ടുള്ള ജീവിരൂപങ്ങള്‍ തമ്മിലുള്ള പരസ്പര വിനിമയവും. ശാസ്ത്രജ്ഞന്‍മാര്‍ ഇത്തരത്തിലുള്ള സന്തുലനാത്മക ബന്ധങ്ങളുടെ പഠനങ്ങളിലും ഇതുപോലെയുള്ള മറ്റു പഠനങ്ങളിലും മുഴുകിയിരിക്കുകയാണ്. ഓരോ കണ്ടുപിടിത്തങ്ങളും അടരുകള്‍ക്ക് പിന്നില്‍ അടരുകളായി വര്‍ത്തിക്കുന്ന സന്തുലനത്തിന്‍റെ നിഗൂഢതയിലേക്കാണ് അവരെ നയിക്കുന്നത്.

ആവാസവ്യവസ്ഥയില്‍ ആസകലം നിവേശിച്ച് നില്‍ക്കുന്ന സന്തുലനത്തിന്‍റെ തത്വം വിശദീകരിക്കുന്ന മുറക്ക്, ജീവിഗണത്തെയും പ്രതിപാദിക്കേണ്ടതുണ്ട്. അതുപോലെ അവ തമ്മിലുള്ള പരസ്പര ഏകോപനത്തേയും കൂടി പരാമര്‍ശിക്കണം. ഇത് വിവരിക്കാന്‍ ഒരാള്‍ക്ക് മൗസൂന്‍ എന്ന പദത്തേക്കാള്‍ ഉചിതമായ മറ്റൊരു പദം ആവിഷ്കരിക്കാന്‍ സാധ്യമല്ല.

ചുരുക്കത്തില്‍, വിശുദ്ധ ഖുര്‍ആനില്‍ കാണുന്ന നീതിയുടെ തത്വം അതിവിശാലമാണ്.പ്രപഞ്ചത്തിലെ ഓരോ കണത്തിലും അത് പ്രവര്‍ത്തനനിരതമാണ്. ഈ വിഷയത്തെ പറ്റി കുറച്ചധികം പറയുകയും എഴുതുകയും ചെയ്ത് കഴിഞ്ഞു. എന്നാല്‍ ഈ വിഷയം അവസാനിക്കാത്തതാണ്. അതിനാല്‍, സങ്കീര്‍ണമായ ശാസ്ത്രസാങ്കേതിക ഭാഷയില്‍ ഇത് വിവരിക്കാന്‍ തുനിയുന്നത് അനുചിതമാണ്. ഈ ചര്‍ച്ച എത്ര തന്നെ കൗതുകകരമായിരുന്നാലും സാധാരണക്കാരന്‍റെ ധാരണക്കതീതമായ ഒരു വിഷയമാണ്.

കുറിപ്പുകള്‍

[1] വിശുദ്ധ ഖുര്‍ആന്‍ 41:11

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed