ജൂലൈ 29, 2023
ജംഇയ്യത്ത് ഉലമായെ ഹിന്ദ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെക്കുറിച്ചും അതിന്‍റെ ഇന്ത്യയില്‍ ഉള്ള നിയമസാധുതയെ കുറിച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ജംഇയ്യത്ത് ഉലമായെ ഹിന്ദ് (ഇന്ത്യൻ മുസ്‌ലിം പണ്ഡിതന്മാരുടെ ഒരു സംഘടന) അടുത്തിടെ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ആന്ധ്രാപ്രദേശ് വഖഫ് ബോർഡിന്‍റെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്.
മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത് കൊണ്ടും മതസൗഹാര്‍ദത്തിന്‍റെ തത്ത്വങ്ങൾക്ക് എതിരായത് കൊണ്ടും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ ജംഇയ്യത്ത് ഉലമായെ ഹിന്ദിന്‍റെ ഈ നിലപാടിനെ ശക്തമായി അപലപിക്കുന്നു.
പത്രക്കുറിപ്പിൽ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെക്കുറിച്ചും ഇന്ത്യയിലെ അതിന്റെ നിയമസാധുതയെ കുറിച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങൾ ഉൾപ്പെടുന്നു.
ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ്, അഥവാ “ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മാറ്റാരുമില്ല, മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണ്” എന്ന പരിശുദ്ധ കലിമ തന്നെയാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തും വിശ്വസിക്കുന്നതും പിന്‍പറ്റുന്നതും.
പ്രവാചകൻ മുഹമ്മദ്(സ) ഖാത്തമുന്നബിയ്യീൻ (പ്രവാചകന്മാരുടെ മുദ്ര) ആണെന്നും വിശുദ്ധ ഖുർആനാണ് അന്തിമ ശരീഅത്ത് എന്നും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് വിശ്വസിക്കുന്നു. ഞങ്ങൾ അഞ്ച് ഇസ്‌ലാം കാര്യങ്ങള്‍ പൂര്‍ണമായും അനുധാവനം ചെയ്യുകയും, ആറ് ഈമാൻ കാര്യങ്ങള്‍ അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. അതിനാൽ, അഹ്‌മദി മുസ്‌ലിങ്ങളെ അമുസ്‌ലിംങ്ങളായി പ്രഖ്യാപിക്കാൻ ആർക്കും അവകാശമില്ല.
ഒരു ഇസ്‌ലാമിക വിഭാഗമായി അംഗീകരിക്കപ്പെടാനുള്ള അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ മൗലികാവകാശം വിവിധ ഇന്ത്യൻ ഹൈക്കോടതികൾ അംഗീകരിച്ചിട്ടുള്ളതാണെന്ന് ഇവിടെ ഓർക്കേണ്ടതാണ്. ഉദാഹരണത്തിന്, ഇന്ത്യൻ ജുഡീഷ്യറിയിലെ സുപ്രധാന വ്യക്തിത്വമായ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ, 1970 ഡിസംബർ 8ന് തന്‍റെ ചരിത്രപരമായ വിധിന്യായത്തിൽ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇസ്‌ലാമിന്റെ തന്നെ ഭാഗമാണ് എന്ന് പ്രസ്താവിക്കുകയുണ്ടായി. “വൈകാരികതയും സദ്‌ഭാവനയും മാറ്റിവച്ചുകൊണ്ട് നിയമത്തിന്‍റെ നിഷ്പക്ഷമായ കണ്ണിലൂടെ വിഷയത്തെ നോക്കിക്കാണുമ്പോൾ അഹ്‌മദിയ്യാ വിഭാഗം ഇസ്‌ലാമിന്‍റെ ഭാഗമാണെന്നും അതിനു പുറത്തല്ലെന്നും പറയാൻ എനിക്ക് യാതൊരു സങ്കോചവുമില്ല” എന്ന് അദ്ദേഹം തന്‍റെ വിധിന്യായത്തിൽ വ്യക്തമാക്കി. അതുപോലെ, 1916ൽ പട്‌ന ഹൈക്കോടതിയും, 1922ൽ മദ്രാസ് ഹൈക്കോടതിയും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ ഇസ്‌ലാമിന്റെ ഒരു വിഭാഗമായി അംഗീകരിച്ചു. മാത്രമല്ല, 2011ലെ സെൻസസ് റിപ്പോർട്ടിൽ, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഒരു ഇസ്‌ലാമിക വിഭാഗമായിട്ടാണ് ഗണിക്കപ്പെട്ടത്.
വിവിധ സംഘടനകളുടെ ഫത്‌വകളെ ജംഇയ്യത്ത് ഉലമായെ ഹിന്ദ് ഉദ്ധരിച്ചത് തീര്‍ത്തും പരിതാപകരവും, ഇന്ത്യയുടെ മുഖമുദ്രയായ മതപരമായ സഹവര്‍ത്തിത്വത്തെ കളങ്കപ്പെടുത്തുന്നതുമാണ്.
ഫത്‌വകൾക്ക് നിയമത്തിന്‍റെ പിന്‍ബലമില്ലാത്തതിനാല്‍, ഒരു സമൂഹത്തിന്‍റെ മതപരമായ സവിശേഷതകളെയോ പദവിയെയോ ചോദ്യം ചെയ്യാൻ അവ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഒരു മതേതര രാജ്യമായ ഇന്ത്യയിൽ ഫത്‌വകൾക്ക് നിയമത്തിന്‍റെ പ്രാബല്യമില്ല എന്നത് ഓർത്തിരിക്കേണ്ടതാണ്. കൂടാതെ, അഹമ്ദിയ്യാ മുസ്‌ലിം ജമാഅത്തിനെതിരെ പുറപ്പെടുവിക്കുന്ന ഫത്‌വകൾ ഇസ്‌ലാമിക അധ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ഉലമാക്കളുടെ താല്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
എല്ലാ മത സംഘടനകളോടും നേതാക്കളോടും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഹാനികരമായേക്കാവുന്ന പ്രസ്താവനകളിൽ നിന്ന് വിട്ടുനില്ക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പകരം, നാം മതങ്ങൾ തമ്മിലുള്ള സൗഹാർദം പ്രോത്സാഹിപ്പിക്കുകയും പരസ്പര ബഹുമാനത്തിന്‍റെ അന്തരീക്ഷം വളർത്തുകയും ചെയ്യേണ്ടതാണ്. ഇസ്‌ലാമും അത് തന്നെയാണ് പ്രബോധിപ്പിക്കുന്നത്.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രസ്സ് റിലീസ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131
2 Comments
Aboobacker · ജൂലൈ 29, 2023 at 2:39 pm
അഹമ്മദിയാക്കൾക്ക് സ്വന്തമായിട്ട് മുസ്ലിം ആവാൻ സാധ്യമല്ലേ മറ്റുള്ളവർ മുസ്ലിം ആക്കിയിട്ട് വേണോ
Dr wasim · ഓഗസ്റ്റ് 1, 2023 at 1:12 pm
Ahmadiya community in India and the world is definitely belongs to Islam because they believe in shahadath Kalima ,the oneness of God, Muhammad the messenger of God and all the compulsory Islamic faith and practices of Islam