തിരുനബി(സ) പല കാര്യങ്ങളിലും അനുയായികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു എന്ന കാര്യം കൂടിയാലോചനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കിത്തരുന്ന വസ്തുതയാണ്.
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) 12 മെയ് 2023ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
മെയ് 13, 2023
തശഹ്ഹുദും തഅവ്വുദും സൂറ: ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം പാരായണം ചെയ്തു.
“അല്ലാഹുവിന്റെ മഹത്തായ കാരുണ്യം കൊണ്ടുതന്നെയാണ് നീ അവരോട് സൗമ്യമായി വര്‍ത്തിക്കുന്നത്. നീ പരുഷ സ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ അവര്‍ നിന്റെ ചുറ്റും നിന്നും ചിതറിപ്പിരിഞ്ഞു പോയ്ക്കളയുമായിരുന്നു. അതിനാല്‍, അവര്‍ക്ക് നീ മാപ്പുനല്‍കുകയും അവര്‍ക്കായി പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും പ്രധാന കാര്യങ്ങളില്‍ അവരുമായി കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ നീ അല്ലാഹുവില്‍ ഭരമേല്പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”[1]
തുടര്‍ന്ന് ഹദ്രത്ത് ഖലീഫത്തുല്‍ മസീഹ്(അയ്യദഹുല്ലാഹ്) പറഞ്ഞു, ഈ ദിവസങ്ങളില്‍ വിവിധ രാജ്യങ്ങള്‍ അവരുടെ മജ്ലിസെ ശൂറ (കൂടിയാലോചനാ സമിതിയുടെ യോഗം) നടത്തുന്നുണ്ട്. ശൂറയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രതിനിധികളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും താന്‍ പറഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നതിനാല്‍, ഈ വിഷയത്തെക്കുറിച്ച് അല്ലാഹുവിന്റെയും, തിരുനബി(സ)യുടെയും കല്പനകളുടെ വെളിച്ചത്തില്‍ വീണ്ടും സംസാരിക്കുന്നത് ഉചിതമാണെന്ന് താന്‍ മനസ്സിലാക്കുന്നുവെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു.
ഇതിനകം കൂടിയാലോചനാ യോഗം നടന്ന രാജ്യങ്ങളില്‍ ഉള്ള പ്രതിനിധികള്‍ക്കും ഈ ഉപദേശത്തില്‍ നിന്ന് പ്രയോജനം നേടാമെന്ന് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു. കാരണം, അവരുടെ നിര്‍ദേശങ്ങള്‍ക്ക് കാലത്തിന്റെ ഖലീഫയുടെ അംഗീകാരം ലഭ്യമാകുമ്പോള്‍ അവ നടപ്പിലാക്കുന്നത് ഉറപ്പുവരുത്തുന്നതിനായി അവരുടെ ഉത്തരവാദിത്വം തുടരുന്നതാണ്.
ദൈവത്തില്‍ പൂര്‍ണമായ വിശ്വാസം അര്‍പ്പിക്കണം
തുടക്കത്തില്‍ പാരായണം ചെയ്ത ഖുര്‍ആനിക സൂക്തവും, മുഹമ്മദ് നബി(സ)യുടെ സുന്നത്തും (തിരുചര്യയും) മുന്‍നിറുത്തി ചില കാര്യങ്ങള്‍ സമര്‍പ്പിക്കുന്നതാണെന്ന് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു. തിരുനബി(സ) തന്റെ ജനതയോട് അങ്ങേയറ്റം ആര്ദ്രഹൃദയനായിരുന്നുവെന്ന് സര്‍വ്വശക്തനായ അല്ലാഹു ഈ വചനത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. അതേ ദൗത്യം നിര്‍വഹിക്കേണ്ടവര്‍, പ്രത്യേകിച്ച് അവസാന നാളുകളില്‍ വരാനിരിക്കുന്ന അവന്റെ യഥാര്‍ഥ ദാസനും അതേ ദയയും അനുകമ്പയും കാണിക്കേണ്ടതാണെന്നും ഈ വചനം പറയുന്നു. ദയ കാണിക്കാതെ കോപവും കര്‍ക്കശതയും കാണിച്ചാല്‍ ആളുകള്‍ ഓടിപ്പോവുമെന്ന് അല്ലാഹു പറയുന്നു. അതിനാലാണ് ക്ഷമിക്കാനും ക്ഷമക്കായി പ്രാര്‍ത്ഥിക്കാനും കല്പന നല്‍കിയിരിക്കുന്നത്. അതുപോലെ പരസ്പരം കൂടിയാലോചിക്കാനും കല്പനയുണ്ട്. അതിന് വേണ്ടിയാണ് മജ്ലിസെ ശൂറ നടക്കുന്നത്. എന്നാല്‍ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഈ കൂടിയാലോചനാ സമിതി നിലനില്‍ക്കുന്നത് കൂടിയാലോചിക്കാനാണ്, തീരുമാനങ്ങള്‍ എടുക്കാനല്ല. കൂടിയാലോചിച്ച ശേഷം, ഒരു തീരുമാനമുണ്ടായാല്‍, അല്ലാഹുവില്‍ പൂര്‍ണമായ വിശ്വാസം അര്‍പിക്കണമെന്ന് അല്ലാഹു പറയുന്നു.
തുടര്‍ന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു, ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഉത്തമ മാതൃക മുഹമ്മദ് നബി(സ)യുടേതായിരുന്നു. പ്രവാചകന്(സ) അല്ലാഹുവില്‍ നിന്ന് ലഭ്യമാകുന്ന വെളിപാടുകളിലൂടെ വിവിധ കാര്യങ്ങള്‍ വ്യക്തമാക്കുമായിരുന്നു. ദൈവിക വെളിപാട് ഇതുവരെ ലഭിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ നബി(സ) തന്റെ അനുചരന്മാരുമായി കൂടിയാലോചിക്കുകയും ചെയ്യുമായിരുന്നു. ജമാഅത്തിലെ അംഗങ്ങളുമായി ഭാരവാഹികളുടെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നും, കാര്യങ്ങള്‍ പരസ്പര കൂടിയാലോചനയോടെ ചെയ്യേണ്ടതാണെന്നും ഇത് നമുക്ക് മനസ്സിലാക്കിത്തരുന്നു. സര്‍വ്വശക്തനായ അല്ലാഹു അഹ്മദിയ്യാ ജമാഅത്തിന് ഖിലാഫത്താകുന്ന അനുഗ്രഹം നല്‍കിയതില്‍ നമ്മള് വളരെ ഭാഗ്യവാന്മാരാണ്. അല്ലാഹുവിന്റെ കല്പനയ്ക്കും മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങള്‍ക്കും അനുസൃതമായി, കാലത്തിന്റെ ഖലീഫ വിവിധ രാജ്യങ്ങളിലെ ജമാഅത്തിലെ അംഗങ്ങളുമായി അവരുടെ അവസ്ഥകളെ കുറിച്ചും, വിവിധ വിഷയങ്ങളെ കുറിച്ചും കൂടിയാലോചന നടത്തിവരുന്നു.
ശൂറ അല്ലാഹുവിന്റെ കാരുണ്യം
തിരുനബി(സ) കൂടിയാലോചന നടത്തിയിരുന്നു എന്ന കാര്യം തീര്‍ച്ചയായും നമ്മെ നേര്‍വഴിയിലാക്കാനും, ജനങ്ങളില്‍ ഐക്യം സ്ഥാപിക്കാനും വേണ്ടി ഒരു മാതൃകയായി വര്‍ത്തിക്കുന്നു എന്ന് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു. പരസ്പര കൂടിയാലോചനയെക്കുറിച്ചുള്ള ഖുര്‍ആനിക വചനം അവതരിച്ചപ്പോള്‍, ഇത് തന്റെ ജനങ്ങള്‍ക്ക് കാരുണ്യമായെന്ന് തിരുനബി(സ) പറഞ്ഞതായി നിവേദനത്തില്‍ വന്നിട്ടുണ്ട്. അതിനാല്‍, കൂടിയാലോചന നടത്തുന്നയാള്‍ക്ക് അനുഗ്രഹം ലഭിക്കുന്നതാണ്. അതുപോലെ തന്നെ കൂടിയാലോചന നടത്താത്ത ആള് അപമാനിതനാകുകയും ചെയ്യുന്നതാണ്. തിരുനബി(സ)ക്ക് കൂടിയാലോചനയെ ആശ്രയിക്കേണ്ട കാര്യമില്ലായിരുന്നില്ലെങ്കിലും, നമ്മെ നേര്‍വഴിയിലേക്ക് നയിക്കാന്‍ പരസ്പര കൂടിയാലോചനയുടെ മാതൃക സ്ഥാപിക്കുകയുണ്ടായി.
തിരുനബി(സ)യുടെയും ഖലീഫമാരുടെയും കൂടിയാലോചനയുടെ മൂന്ന് രീതികള്‍
ഇതിന്റെ വെളിച്ചത്തില്‍, മജ്ലിസെ ശൂറയുടെ സ്ഥാപനത്തിന് നാം നന്ദിയുള്ളവരായിരിക്കണമെന്നും അതിനെ ആദരിക്കണമെന്നും ഖലീഫ തിരുമനസ്സ് പറഞ്ഞു. മുഹമ്മദ് നബി(സ) അഭിപ്രായം തേടിയ രീതിയെ സംബന്ധിച്ച് നമുക്ക് മൂന്ന് തരം ഉദാഹരണങ്ങള്‍ കാണാം. ഒന്ന്, ഒരു വിഷയത്തില്‍ ഉപദേശം ആവശ്യമായി വരുമ്പോള്‍, ജനങ്ങളോട് ഒത്തുകൂടാനുള്ള അറിയിപ്പ് നല്‍കും. അങ്ങനെ ആ വിഷയത്തില്‍ ജനങ്ങളുമായി കൂടിയാലോചിക്കുകയും അതിനുശേഷം അദ്ദേഹം തീരുമാനമെടുക്കുകയും ചെയ്യും. എല്ലാ ആളുകളും ഒത്തുകൂടുമെങ്കിലും, വിവിധ ഗോത്രങ്ങളുടെ നേതാക്കന്മാരും പ്രമാണിമാരുമായിരിക്കും യഥാര്‍ഥത്തില്‍ അതാത് ഗോത്രങ്ങളുടെ പ്രതിനിധികളായി സംസാരിക്കുന്നത്. ആളുകള്‍ ഈ രീതിയില്‍ സംതൃപ്തരുമായിരുന്നു. രണ്ടാമത്തെ രീതി, നിര്‍ദേശങ്ങള്‍ നല്കാന് ഏറ്റവും അനുയോജ്യരെന്ന് കരുതുന്നവരെ തിരുനബി(സ) പ്രത്യേകം വിളിച്ചുവരുത്തും എന്നതാണ്. ആലോചന തേടുന്ന മൂന്നാമത്തെ രീതി, തിരുനബി(സ) അത് ഉചിതമെന്ന് തോന്നുമ്പോള്‍ ഉപദേശം തേടാന്‍ ആളുകളെ ഓരോന്നായി വിളിച്ചുവരുത്തും എന്നതാണ്. തിരുനബിയെ തുടര്‍ന്ന് വന്ന ഖലീഫമാരും ഇതേ രീതികള്‍ തന്നെ സ്വീകരിച്ചിരുന്നു.
മജ്ലിസെ ശൂറ: ഖലീഫയുടെ സഹായി
ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, ശൂറാ നിര്‍ദേശങ്ങള്‍ കാലത്തിന്റെ ഖലീഫയുടെ സവിധത്തിലേക്കാണ് അയക്കപ്പെടുന്നത്. കാലത്തിന്റെ ഖലീഫയുടെ നിര്‍ദേശത്താലാണ് കൂടിയാലോചനയുടെ യോഗം വിളിക്കുന്നത്. ആയതിനാല്‍ മജ്ലിസെ ശൂറ ഖിലാഫത്തിന്റെ സഹായിയായി നിലകൊള്ളുന്നു. ഖിലാഫത്തിന്റെ സംവിധാനത്തിന് ശേഷം മജ്ലിസെ ശൂറയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഒരു ശൂറ പ്രതിനിധി ഒരു വര്‍ഷത്തേക്കാണ് ആ സ്ഥാനം വഹിക്കുന്നത്. അവര്‍ അവരുടെ ഈ സ്ഥാനം മനസ്സിലാക്കേണ്ടതാണ്. ശൂറയുടെ അജണ്ടയും, മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളും കാലത്തിന്റെ ഖലീഫക്ക് വിവിധ രാജ്യങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ച നല്കുന്നു. ഒരു പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍ ചിലപ്പോള്‍ ശൂറ പ്രതിനിധികള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളില്‍ ഇല്ലാതെ വരുമ്പോള്‍ കാലത്തിന്റെ ഖലീഫ അതിനുള്ള പരിഹാരം നിര്‍ദേശിക്കുന്നു. എന്ത് അംഗീകാരം വന്നാലും അത് ഓരോ ശൂറാ അംഗവും നടപ്പിലാക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ വാഗ്ദത്ത മസീഹ്(അ)ന്റെ ദൗത്യത്തില്‍ നമുക്ക് യഥാര്‍ഥ സഹായികളാകാന്‍ കഴിയൂ.
ശൂറയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുക
ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, ചിലപ്പോള്‍ ചിലര്‍ അഭിപ്രായം പറയുമ്പോള്‍ വികാരാധീനരാവുകയും ശൂറയുടെ പവിത്രതക്ക് നിരക്കാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ വൈകാരികമായി സംസാരിക്കാതെ ശാന്തവും, ഉചിതവുമായ രീതിയില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടതാണ്. ചിലപ്പോള്‍ സെഷന് അധ്യക്ഷനായ അമീര്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന ആള് തങ്ങള്‍ക്കോ നിര്‍വാഹകസമിതിക്കോ എതിരെയാണ് സംസാരിക്കുന്നത് എന്ന് കരുതി ശക്തമായ രീതിയില്‍ അവരെ തടയാറുണ്ട്. എന്നാല്‍ ജമാഅത്തിനോടുള്ള സ്നേഹം കൊണ്ടാണ് അവര്‍ ആ രീതിയില്‍ പെരുമാറുന്നത് എന്ന് അധ്യക്ഷത വഹിക്കുന്ന വ്യക്തി മനസ്സിലാക്കേണ്ടതാണ്. ഇനി അവര്‍ ശൂറയുടെ പവിത്രതക്ക് വിരുദ്ധമായി സംസാരിക്കുകയാണെങ്കില്‍ സ്നേഹത്തോട് കൂടി അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. ബജറ്റ് അവതരിക്കുമ്പോഴൊക്കെ ഇത്തരത്തില്‍ വികാരപരമായ പെരുമാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് വികാരാധീനരാവാതെ എല്ലാവരും ശാന്തരായി കൊണ്ട് എല്ലാവരുടെയും നിര്‍ദേശങ്ങള്‍ ശ്രവിക്കാന്‍ ശ്രമിക്കേണ്ടതാണ്. എല്ലാവരും ജമാഅത്തിന്റെ മൊത്തത്തിലുള്ള നേട്ടമാണ് ആഗ്രഹിക്കുന്നതെന്ന് കരുതേണ്ടതാണ്. പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നിര്‍ദേശങ്ങള്‍ ഒരിക്കലും വ്യക്തിപരമായതാകാന് പാടില്ല എന്ന കാര്യം മനസ്സില്‍ വെക്കേണ്ടതാണ്. നീതിയുടെ നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ നിരന്തരം അല്ലാഹുവിനോട് പാപപൊറുതി തേടുകയും തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതാണ്. എല്ലായ്പ്പോഴും കാലത്തിന്റെ ഖലീഫയുടെ സഹായികളായിരിക്കണം. ഖലീഫത്തുല്‍ മസീഹ് എടുത്ത തീരുമാനം കൃത്യമായ രീതിയില്‍ നടപ്പാക്കപ്പെടുന്നുവെന്ന് അവര്‍ ഉറപ്പാക്കേണ്ടതാണ്.
ശൂറയുടെ തീരുമാനം നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം
ഭാരവാഹികളുടെ അലംഭാവം മൂലം ചില സമയങ്ങളില്‍ തീരുമാനങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയാറില്ല എന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. അത്തരം സന്ദര്‍ഭങ്ങളില്‍, തീരുമാനം നടപ്പിലാക്കുന്നതിനായി ശൂറാ പ്രതിനിധികള്‍ ജമാഅത്ത് അംഗങ്ങളെ മാത്രമല്ല, ഭാരവാഹികളെ ഓര്‍മ്മിപ്പിക്കുകയും വേണം. ഇത് ചെയ്തിട്ടും അവര്‍ തീരുമാനം നടപ്പാക്കുന്നില്ലെങ്കില്‍ ശൂറ പ്രതിനിധി കേന്ദ്രത്തിലേക്ക് കത്തയക്കേണ്ടതാണ്. തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ ലോകത്ത് ഒരാള്‍ക്ക് സാധിച്ചേക്കും, എന്നാല്‍ അവരെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ച് അല്ലാഹു അവരോട് ചോദിക്കുന്നതാണ്. ഇത് വളരെ ജാഗ്രത പാലിക്കേണ്ട കാര്യമാണ്. ഒരു പ്രതിനിധിക്ക് ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസമുണ്ടായാല്‍, ഭാരവാഹിക്കെതിരെ ഒരു പ്രതിനിധി പരാതി നല്‍കരുത് എന്നതും ഓര്‍മിക്കേണ്ടതാണ്. അവര്‍ എപ്പോഴും നീതിയുടെ പാതയില്‍ സഞ്ചരിക്കണം. ഈ നിര്‍ദ്ദേശം ഇനിയൊരിക്കലും കാലത്തിന്റെ ഖലീഫയുടെ മുമ്പാകെ അവതരിപ്പിക്കേണ്ടി വരാത്ത തരത്തില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കണം.
കാലത്തിന്റെ ഖലീഫയുടെ തീരുമാനം പൂര്‍ണമായി നടപ്പിലാക്കുന്ന ചില സജീവ ജമാഅത്തുകള്‍ ഉണ്ട്. തീരുമാനങ്ങള്‍ വളരെ ആവേശത്തോടെ നടപ്പിലാക്കുന്നതിലേക്ക് അവരെ സഹായിച്ച കാര്യങ്ങള്‍ എന്താണെന്ന് പഠിക്കുകയും, അതേ തത്വങ്ങള്‍ സജീവമല്ലാത്ത ജമാഅത്തുകളുമായി പങ്കിടുകയും ചെയ്യേണ്ടതാണ്.
കേവലം വാക്കുകള്‍ കൊണ്ട് ലോകത്ത് ഒരു മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. പകരം നാം നമ്മുടെ പ്രവൃത്തികള്‍ മുന്നോട്ട് വയ്ക്കണമെന്ന് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു. ശൂറാ പ്രതിനിധികള്‍ അവരുടെ ആരാധനയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലും പള്ളിയില്‍ ഹാജരാകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍, മൊത്തത്തിലുള്ള ഹാജര്‍ പള്ളികളില്‍ മൂന്നിരട്ടിയായി വര്‍ദ്ധിക്കും. ശൂറാ പ്രതിനിധികള്‍ മറ്റുള്ളവരോട് ദയയോടെയും അനുകമ്പയോടെയും പെരുമാറുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും, കാലത്തിന്റെ ഖലീഫയോടുള്ള തങ്ങളുടെ അനുസരണത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍, ജമാഅത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റം സംഭവിക്കുന്നതാണ്. വലിയൊരു ദൗത്യമാണ് നമ്മില്‍ അര്പിതമായിരിക്കുന്നത്. ഇസ്ലാമിന്റെ മനോഹരമായ അധ്യാപനങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാനും, ദൈവത്തിന്റെ ഏകത്വത്തിന് കീഴില്‍ മുഴുലോകത്തെയും കൊണ്ടുവരാനുമുള്ള ദൗത്യവുമായാണ് വാഗ്ദത്ത മസീഹ്(അ) അയക്കപ്പെട്ടത്. ഈ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് നിരന്തരമായ പരിശ്രമം ആവശ്യമാണ്. ഈ ജോലികളുടെ പൂര്‍ത്തീകരണത്തിനും ഫണ്ട് ആവശ്യമാണ്. അതിനാല്‍, ബജറ്റ് ചര്‍ച്ച ചെയ്യുമ്പോള്‍, കുറഞ്ഞ ചിലവില്‍ കൂടുതല്‍ കാര്യങ്ങള്‍ എങ്ങനെ നടപ്പില്‍ വരുത്താം എന്ന് ചിന്തിക്കേണ്ടതാണ്.
നീതിയുടെ മാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ട് നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നിര്വേറ്റുന്നവരായി നാം മാറുന്നതിനും, അല്ലാഹു നമ്മുടെ പോരായ്മകള്‍ പൊറുത്തു തരികയും അവന്റെ അനുഗ്രഹങ്ങള്‍ നമ്മില്‍ നിരന്തരം വര്‍ഷിപ്പിക്കുകയും ചെയ്യുന്നതിനും ഖുത്ബയുടെ അവസാനത്തില്‍ ഖലീഫ തിരുമനസ്സ് പ്രാര്‍ഥിക്കുകയുണ്ടായി.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആന്‍ 3:160
0 Comments