എതിരാളികള്‍ അഹ്മദിയ്യാ മുസ്ലിം ജമാഅത്തിനെ അടിച്ചമര്‍ത്താന്‍ സംഘടിത ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ അല്ലാഹു വാഗ്ദത്ത മസീഹ്(അ)ന് നല്കിയ വാഗ്ദാനം അനുസരിച്ച് ജമാഅത്ത് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു.
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) 19 മെയ് 2023ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
മെയ് 20, 2023
തശഹ്ഹുദും തഅവ്വുദും സൂറ: ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിര്‍സ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, കഠിനമായ എതിര്‍പ്പുകള്‍ക്കിടയിലും അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് പുരോഗതി പ്രാപിക്കുന്നു എന്നത് ഒരു അത്ഭുതദൃഷ്ടാന്തമാണ്.
ഈ ജമാഅത്തിന്റെ പുരോഗതി തടയാന്‍ എതിരാളികള്‍ രാവും പകലും ഗൂഢാലോചനയും തന്ത്രങ്ങളും മെനയുന്നു, എന്നിട്ടും ദൈവം നമ്മുടെ ജമാഅത്തിന് പുരോഗതിയും വിജയവും നല്കിക്കൊണ്ടേയിരിക്കുന്നുവെന്ന് അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ വന്ദ്യസ്ഥാപകരായ ഹദ്റത്ത് അഹ്മദ്(അ) പറഞ്ഞ കാര്യം ഖലീഫ തിരുമനസ്സ് ഉദ്ധരിക്കുകയുണ്ടായി. എന്താണ് ഇതിനു പിന്നിലെ യുക്തി? ദൈവം ആരെയെങ്കിലും ദൗത്യമേല്പിക്കുമ്പോള് ആ വ്യക്തിയും അദ്ദേഹത്തിന്റെ സമൂഹവും അനുദിനം പുരോഗതിയും അതേസമയം അവരുടെ എതിരാളികള്‍ അനുദിനം പരാജയവും അപമാനകരമായ പര്യവസാനവും കാണുന്നു. എതിരാളികള്‍ എത്ര ശ്രമിച്ചാലും അവര്‍ക്ക് ദൈവിക പ്രസ്ഥാനത്തെ തടയാന്‍ സാധിക്കില്ല
ഹദ്റത്ത് അഹ്മദ്(അ)ന്റെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണം നാം അനുദിനം കാണുന്നുവെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. ഈ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള സംഘടിത ശ്രമങ്ങള്‍ പോലും എതിരാളികള്‍ നടത്തിയിട്ടുണ്ട്, എന്നിട്ടും ‘നിന്റെ സന്ദേശം ഭൂമിയുടെ കോണുകളോളം എത്തിക്കുന്നതാണ്’ എന്ന വാഗ്ദത്ത മസീഹ്(അ)ന് ദൈവം നല്കിയ വാഗ്ദാനമനുസരിച്ച് ജമാഅത്ത് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ഥത്തില്‍ തങ്ങള്‍ ദൈവത്തിനെതിരെയാണ് നിലകൊള്ളുന്നതെന്ന് എതിരാളികള്‍ തിരിച്ചറിയുന്നില്ല, ദൈവം തെരഞ്ഞെടുത്തവരെ അവന് സ്വയം സഹായിക്കുന്നതിനാല്‍ അത് അവരുടെ തന്നെ നാശത്തില്‍ കലാശിക്കുന്നതാണ്. ജനങ്ങള്‍ക്ക് പൊതുവെ എത്തിപ്പെടാന്‍ ദുഷ്കരമായ ദൂരദേശങ്ങളില്‍ പോലും ദൈവസഹായത്തിന്റെ ഉദാഹരണങ്ങള്‍ നാം കാണുന്നു. എതിരാളികള്‍ സമ്പത്തിനും ജീവനും ദോഷം വരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ, അവര്‍ എല്ലായ്പ്പോഴും നിരാശരാകുന്ന ദൃശ്യമാണ് നാം കാണുന്നത്.
എതിര്‍പ്പുകള്‍ക്കിടയിലും ജമാഅത്തിലെ ത്യാഗത്തിന്റെ അവിശ്വസനീയമായ ഉദാഹരണങ്ങള്‍
അറിവില്ലായ്മ കാരണവും ചിലര്‍ ഈ പ്രസ്ഥാനത്തെ എതിര്‍ക്കുന്നു എന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. അവര്‍ യാഥാര്‍ഥ്യത്തെക്കുറിച്ച് പഠിക്കുമ്പോള്‍, സത്യം അംഗീകരിക്കുന്നു. കോംഗോ-കിന്‍ഷാസയില്‍ അത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്. അഹ്മദിയ്യാ വിരോധത്തിന് പേരുകേട്ട ഒരാള്‍ ആയിരുന്നിട്ടും ഈസാ നബി(അ)ന്റെ മരണത്തെയും, അവസാനകാലത്ത് വാഗ്ദത്ത മസീഹിന്റെ ആഗമനത്തെയും കുറിച്ചുള്ള ജമാഅത്തിന്റെ നിലപാട് വിശദീകരിച്ചപ്പോള്‍, അദ്ദേഹം അത് മനസ്സിലാക്കുക മാത്രമല്ല, വാഗ്ദത്ത മസീഹിന്റെ സന്ദേശം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം തന്റെ കുടുംബത്തിലെ ആറ് പേരെ കൂടെയും അഹ്മദിയ്യത്ത് സ്വീകരിക്കാനായി കൊണ്ടുവന്നു.
ഗാംബിയയില്‍ നിന്നുള്ള ഒരു ഉദാഹരണവും ഖലീഫാ തിരുമനസ്സ് സമര്‍പ്പിക്കുകയുണ്ടായി. വാഗ്ദത്ത മസീഹ്(അ)ന്റെ സന്ദേശവും ഇസ്ലാമിന്റെ യഥാര്‍ഥ അധ്യാപനങ്ങളും ജനങ്ങളെ അറിയിക്കാന്‍ ഗാംബിയയിലെ ചില അംഗങ്ങള്‍ പുറപ്പെട്ടു. അവര്‍ ഒരു ചെറിയ ഗ്രാമത്തില്‍ ബൈഅത്തിന്റെ പത്ത് നിബന്ധനകള്‍ കേള്‍പ്പിച്ചപ്പോള്‍ അവിടെയുള്ളവര്‍ ആശ്ചര്യപ്പെടുകയുണ്ടായി. ഈ പ്രതിജ്ഞകള്‍ യഥാര്‍ഥ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കി. അതിന്റെ ഫലമായി അവര്‍ അഹ്മദിയ്യത്ത് സ്വീകരിച്ചു. ലോകത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ അഹ്മദിയ്യത്ത് അഥവാ യഥാര്‍ഥ ഇസ്ലാമിന് മാത്രമേ കഴിയൂ എന്നും അവര്‍ അംഗീകരിച്ചു. അതിനാല്‍, നീണ്ട ചര്‍ച്ചകള്‍ക്കും ചോദ്യോത്തര വേളയ്ക്കും ശേഷം ഇരുന്നൂറോളം പേര് അഹ്മദിയ്യത്ത് സ്വീകരിച്ചു.
അഹ്മദിയ്യത്ത് പരിത്യജിക്കുന്നവര്ക്ക് ഈ പ്രസ്ഥാനത്തിന് നഷ്ടമുണ്ടാക്കാനാകില്ല
ഖലീഫ തിരുമനസ്സ് പറഞ്ഞു, ചില സ്വാര്‍ഥ താല്പര്യങ്ങളാലോ ഭയത്താലോ ചിലര്‍ ഈ ജമാഅത്ത് വിട്ടുപോകുകയും തങ്ങള്‍ക്ക് ജമാഅത്തിനെ ഉന്മൂലനം ചെയ്യാനാകുമെന്ന് ധരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ അത്തരം ചിന്തകള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറുന്നു. ജമാഅത്ത് പുരോഗതിയുടെ പടവുകള്‍ താണ്ടുകയും ചെയ്യുന്നു.
ഐവറി കോസ്റ്റിലെ ഒരു പട്ടണത്തിലെ ഭൂരിഭാഗം ജനങ്ങളും 2008-ല്‍ അഹ്മദിയ്യത്ത് സ്വീകരിച്ചിരുന്നു. അവിടെ ഒരു ചെറിയ മസ്ജിദും ഉണ്ടായിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ പ്രാദേശിക ഇമാം ദുര്‍ഭാവനകള്‍ കാരണം ജമാഅത്തിനെ വിട്ടുപോകുകയും അവിടത്തെ മസ്ജിദ് കയ്യടക്കുകയും മറ്റുള്ളവരെ ജമാഅത്ത് വിടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ജമാഅത്തിലെ അംഗങ്ങള്‍ സ്ഥിരചിത്തത പ്രകടിപ്പിച്ചു. ആ പ്രാദേശിക ഇമാം മസ്ജിദ് ഏറ്റെടുത്തപ്പോള്‍, ജമാഅത്തിലെ അംഗങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റുകളും മരക്കഷണങ്ങളും ഉപയോഗിച്ച് നമസ്കാരത്തിനായി സൗകര്യം ഒരുക്കി. ഇപ്പോള്‍, അവിടെ അല്ലാഹു ജമാഅത്തിന് മനോഹരമായ ഒരു ഇരുനില മസ്ജിദ് നല്കി അനുഗ്രഹിച്ചിരിക്കുന്നു. അത് പ്രാദേശിക ഇമാം ഏറ്റെടുത്ത മസ്ജിദിനെക്കാള്‍ വളരെ മനോഹരവുമാണ്. പാക്കിസ്ഥാനില്‍ ശത്രുക്കള്‍ അഹ്മദികളുടെ മസ്ജിദുകള്‍ തകര്‍ക്കുമ്പോള്‍, അല്ലാഹു ലോകമെമ്പാടും ജമാഅത്തിന് പുതിയ മസ്ജിദുകള്‍ നല്കുന്നു.
ജനഹൃദയങ്ങള്‍ അഹ്മദിയ്യത്ത് അംഗീകരിക്കാനും അതിലേക്ക് ആകൃഷ്ടരാകാനും കാരണമാകുന്ന സാഹചര്യങ്ങളും അല്ലാഹു ഒരുക്കാറുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ബെലീസില്‍, മെത്തഡിസ്റ്റ് ക്രിസ്തീയ ദേവാലയത്തില്‍ നിന്നുള്ള ഒരു സ്ത്രീ അഹ്മദിയ്യത്തിന്റെ മസ്ജിദ് പണിയുന്നത് കണ്ടു. മസ്ജിദ് പൂര്‍ത്തിയായപ്പോള്‍, അവിടെ പോയി അവരുടെ വിശ്വാസം സ്വീകരിക്കാന്‍ മനസ്സ് മന്ത്രിക്കുന്നതായി ആ സ്ത്രീ തന്റെ സുഹൃത്തുക്കളോട് പറഞ്ഞു. അവരുടെ വീടിനടുത്തുള്ള ഇതര മസ്ജിദുകളില്‍ പോകാന്‍ സുഹൃത്തുക്കള്‍ അവരോട് പറഞ്ഞു. എന്നാല്‍ അഹ്മദിയ്യത്തിനെ കുറിച്ച് ഇവരാണ് സത്യസന്ധരെന്ന് ദൈവം തന്റെ ഹൃദയത്തില്‍ പ്രത്യേകം തോന്നിപ്പിച്ചതായി അവര്‍ പറഞ്ഞു. അഹ്മദിയ്യത്തിന്റെ അധ്യാപനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍, അത്തരമൊരു ജമാഅത്തിലേക്ക് തനിക്ക് മാര്‍ഗദര്‍ശനം ലഭിച്ചതില്‍ അവര്‍ വികാരാധീനയായി സംസാരിക്കുകയുണ്ടായി.
ചില സമയങ്ങളില്‍, ജനങ്ങളുടെ സന്മാര്ഗത്തിന് കാരണമാകുന്ന സാഹചര്യങ്ങള്‍ നിഗൂഢമായിരിക്കുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. മൊറോക്കോയില്‍ നിന്ന് സാവോ തോമിലേക്ക് പോവുകയായിരുന്ന ഒരാള്‍ സാവോ തോമില്‍ പള്ളിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അഹ്മദിയ്യാ പള്ളിയെക്കുറിച്ച് അദ്ദേഹത്തിന് അറിവ് ലഭിച്ചു. അദ്ദേഹം അവിടെ വെള്ളിയാഴ്ച ജുമുഅ നമസ്കാരം അനുഷ്ഠിക്കുകയുണ്ടായി. അതിന് ശേഷം ചോദ്യോത്തരങ്ങള്‍ക്കും, ജമാഅത്തിന്റെ സാഹിത്യങ്ങള്‍ വായിക്കാനും, എം.ടി.എ ചാനല്‍ കാണാനുമുള്ള അവസരമുണ്ടായി. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം ബൈഅത്ത് ഫോം ആവശ്യപ്പെട്ടു. അത് പൂരിപ്പിച്ച് ഒപ്പിട്ടു. ജമാഅത്തില്‍ അംഗമാകുന്നതിനുള്ള പ്രതിജ്ഞ സമയമെടുത്ത് ചിന്തിച്ചു ചെയ്താല്‍ മതി എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ താന്‍ രാത്രി മുഴുവന്‍ പ്രാര്‍ഥിച്ചുവെന്നും കാലത്തിന്റെ ഇമാമിനെ സ്വീകരിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം മറുപടി നല്കി. മറ്റ് മുസ്ലിങ്ങളുടെ എതിര്‍പ്പിനെ താന്‍ കാര്യമാക്കുന്നില്ലെന്നും സത്യം പുല്കി കൊണ്ടുള്ള മരണത്തെക്കാളും നല്ലത് മറ്റെന്താണ് എന്നും അദ്ദേഹം മറുപടി നല്കി.
ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള മറ്റൊരു സംഭവം ഖലീഫാ തിരുമനസ്സ് വിവരിക്കുകയുണ്ടായി. അവിടെയുള്ള ഒരു വ്യക്തി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ഒരാളെ അന്വേഷിക്കുകയായിരുന്നു. അദ്ദേഹം കണ്ടെത്തിയ അധ്യാപകന് ഒരു അഹ്മദി ആയിരുന്നു. കുറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ആ വ്യക്തി അഹ്മദിയ്യത്ത് സ്വീകരിച്ചു. ഖുര്‍ആന്റെ അധ്യാപകനായി അല്ലാഹു ഒരു അഹ്മദിയെ ആണ് നിയമിച്ചത്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. മറിച്ച് അത്തരം ഉദാഹരണങ്ങള്‍ ലോകമെമ്പാടും കാണാന്‍ സാധിക്കുന്നതാണ്.
ആഫ്രിക്കയിലെ ഒരു ഇമാം മനോഹരമായ ഒരു മസ്ജിദ് കാണുകയും അത് ഏതു കൂട്ടരുടേതാണെന്ന് അന്വേഷിക്കുകയും ചെയ്തു. അത് അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് നിര്‍മ്മിച്ചതാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. അപ്രകാരം ജമാഅത്തിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. ബൈഅത്ത് ഫോം വായിച്ചപ്പോള്‍ തന്റെ മുന്‍കാല ജീവിതത്തെ കുറിച്ച് ഖേദിക്കുന്നുവെന്ന് പറയുകയുണ്ടായി. താന്‍ ഈ പ്രസ്ഥാനത്തെ കുറിച്ച് തെറ്റായ രീതിയില്‍ ആണ് മനസ്സിലാക്കിയിരുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. നേരിട്ട് പഠിച്ചപ്പോള്‍ അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. അങ്ങനെ അദ്ദേഹം അഹ്മദിയ്യത്ത് സ്വീകരിച്ചു.
വാഗ്ദത്ത മസീഹി(അ)നോട് ദൈവം ചെയ്ത വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുന്നതിന്റെ ഇത്തരം എണ്ണമറ്റ ഉദാഹരണങ്ങളുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എതിരാളികള്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു, എന്നിട്ടും ദൈവം ജമാഅത്തിനെ സ്വയം സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. ആയതിനാല്‍ നമ്മള് എന്നും ദൈവത്തോട് നന്ദി പ്രകടിപ്പിക്കുകയും നമ്മുടെ കര്‍മങ്ങളെ വിലയിരുത്തുകയും ആത്മസംസ്കരണം നടത്തുകയും ചെയ്യേണ്ടതാണ്. പരീക്ഷണങ്ങള്‍ ഉണ്ടായേക്കാമെങ്കിലും, ആത്യന്ത വിജയം ലഭിക്കുന്ന യഥാര്‍ഥ ജമാഅത്ത് ഇതാണ് എന്ന് നമുക്ക് നമ്മുടെ ഭാവിതലമുറകള്‍ക്ക് മനസ്സിലാക്കി കൊടുക്കാനാകണം.
0 Comments