ജൂലൈ 20, 2023
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാ സംഘടനയായ ലജ്‌നാ ഇമാഇല്ലായുടെ കോഴിക്കോട് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂൺ 10 2023ന് കോഴിക്കോട് അഹ്‌മദിയ്യാ മുസ്‌ലിം പള്ളിയായ മസ്ജിദ് ബൈത്തുൽ ഖുദ്ദൂസിൽ വച്ച് മതമൈത്രി സംഗമം നടക്കുകയുണ്ടായി.
അത്തിയത്തുൽ കരീമിന്റെ വിശുദ്ധ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. ആമുഖ പ്രഭാഷണത്തിൽ സുനൈന റോഷൻ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ പരിചയപ്പെടുത്തിക്കൊണ്ട്, ഒരു ആത്മീയ നേത്യത്വത്തിന്‍റെ കീഴില്‍ ജമാഅത്ത് നടത്തി വരുന്ന പ്രവർത്തനങ്ങള്‍ വിവരിച്ചു.
ലജ്നാ ഇമായില്ലാഹ് കോഴിക്കോട് പ്രസിഡന്‍റ് ഡോ. വസീമ സലാം അദ്ധ്യക്ഷപ്രഭാഷണം നടത്തി. മതത്തിന്റെ യഥാർഥ ലക്ഷ്യം സമാധാനമാണെന്നും എല്ലാ മതങ്ങളുടെയും അടിസ്ഥാനം സമാധാനമാണെന്നും ഡോ. വസീമ വ്യക്തമാക്കി. ശേഷം, പർവീൻ സാജിദ് മൈത്രി ഗാനം ആലപിച്ചു.
മുഖ്യപ്രഭാഷണത്തില്‍ ഡോ. സീനത്ത് കരീം ആധുനിക കാലഘട്ടിത്തിൽ മത സൗഹാർദം നിലനിർത്തുന്നതിന്‍റെ ആവശ്യകതയെ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. ഇസ്‌ലാം എന്ന വാക്കിന്‍റെ അര്‍ഥം തന്നെ സമാധാനമാണെന്നും യഥാർഥ ഇസ്‌ലാമിന് ഭീകരവാദവുമായി യാതൊരു ബന്ധവുമില്ലെന്നും സോ. സീനത്ത് കൂട്ടിച്ചേര്‍ത്തു.
സെന്‍റ് വിൻസന്‍റ് കോളനി കൗണ്‍സിലറായ സിസ്റ്റർ മൗറില്ല തന്‍റെ ആശംസപ്രസംഗത്തില്‍ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുടുംബമാണ് സമൂഹത്തിന്‍റെ വിത്തെന്നും, സമൂഹത്തിന്‍റെ സംസ്കരണം കുടുംബത്തിൽ നിന്ന് ആരംഭിക്കണമെന്നും സിസ്റ്റര്‍ പറയുകയുണ്ടായി. ബ്രഹ്‌മകുമാരീസ് കോഴിക്കോട്-വയനാട് സെന്‍റര്‍ ഇന്‍ചാര്‍ജായ രാജയോഗിനി ബ്രഹ്‌മകുമാരി ജലജ ബെഹൻജി ആശംസകളർപ്പിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നാണെന്നും നാം ഒന്നായി പ്രവർത്തിച്ചാൽ ലോകത്ത് മതത്തിന്‍റെ പേരിലുള്ള യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്നും ഉണർത്തുകയുണ്ടായി.
തുടര്‍ന്ന്, സഫിയ സുൽത്താൻ അഥിതികളായി എത്തിയ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. അധ്യക്ഷയുടെ നേതൃത്വത്തിലുള്ള മൗനപ്രാര്‍ഥനയോടെ യോഗം അവസാനിച്ചു.
പരിപാടിയോടനുബന്ധിച്ച് വിശുദ്ധ ഖുർആന്‍റെ വിവിധ ഭാഷകളിലുള്ള പരിഭാഷകളും സ്ത്രീ ഇസ്‌ലാമില്‍ എന്ന പുസ്തകവും പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഒരു എക്സിബിഷനും സംഘടിപ്പിക്കപ്പെട്ടിരുന്നു. കൂടാതെ, അന്നേദിവസം ലജ്‌നാ ഇമാഇല്ലായുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് അതിഥികൾ ഉൾപ്പെടെ നൂറു വീടുകൾക്കായി നൂറു ചെടികൾ വിതരണം ചെയ്യപ്പെട്ടു.
0 Comments