ഖുറൈശികള്‍ മുസ്‌ലിങ്ങളോട് ചെയ്ത ക്രൂരതകളും ഇസ്‌ലാമിനെ തുടച്ചു നീക്കാന്‍ ആവിഷ്കരിച്ച പദ്ധതികളും ഏത് ധാര്‍മിക മാനദണ്ഡമനുസരിച്ചും രണ്ട് ജനതകള്‍ക്കിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ മതിയായ കാരണങ്ങളായിരുന്നു.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 2 ജൂണ്‍ 2023ന് മസ്ജിദ് ബൈത്തുല്‍ ഫുത്തൂഹ് ലണ്ടനില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ജൂണ്‍ 6, 2023
തശഹ്ഹുദും തഅവ്വുദും സൂറ: ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത പ്രവാചക അനുയായികളുടെ ജീവിതങ്ങളും, സംഭവങ്ങളും ത്യാഗങ്ങളും വിവരിച്ചുകൊണ്ടുള്ള ജുമുഅ ഖുത്ബ പരമ്പര നടത്തിയ ശേഷം, തിരുനബി(സ)യുടെ ജീവിതത്തെ കുറിച്ചും അതുപോലെ വിശദമായ വിവരണം നടത്തണമെന്ന് പലരും എന്നോട് അഭ്യര്‍ഥിക്കുകയുണ്ടായി. ആ സഹാബി വര്യന്മാര്‍ മഹാത്മാക്കളായത് യഥാര്‍ഥത്തില്‍ തിരുനബി(സ)യുടെ സഹവാസം ലഭിച്ചത് കൊണ്ട് മാത്രമാണ്. അവര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുക മാത്രമല്ല, തിരുനബി(സ) പഠിപ്പിച്ച ദൈവത്തിന്റെ ഏകത്വം ഉള്‍ക്കൊള്ളുകയും ചെയ്തു.
വാസ്തവത്തില്‍ എല്ലാ ജുമുഅ ഖുത്ബകളിലും ഇതരപ്രഭാഷണങ്ങളിലും തിരുനബി(സ)യുടെ ജീവചരിത്രത്തില്‍ നിന്നും പലകാര്യങ്ങളും വിവരിക്കപ്പെടാറുണ്ട്. കാരണം അദ്ദേഹത്തിന്റെ മാതൃക മുന്നില്‍ വയ്ക്കാതെ നമുക്ക് ശരീഅത്ത് (മതനിയസംഹിത) അനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ല. ഇനി തുടര്‍ന്നും വിവിധ സന്ദര്‍ഭങ്ങളില്‍ തിരുനബി(സ)യുടെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങള്‍ വിവരിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഇവിടെ തിരുനബി(സ)യുടെ ജീവിതചരിത്രം വിവരിച്ചുകൊണ്ടുള്ള ഖുത്ബ പരമ്പര തുടങ്ങുകയാണ്.
ബദ്ര്‍ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍
യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനുമുമ്പ്, യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യം വിവരിക്കാനായി ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ്(റ)ന്റെ ഗ്രന്ഥമായ സീറത്ത് ഖാത്തമുന്നബിയ്യീന്‍ ഉദ്ധരിക്കുകയുണ്ടായി.
തിരുനബി(സ)യുടെ മക്കാജീവിത സാഹചര്യവും, ഖുറൈശികള്‍ മുസ്‌ലിങ്ങളോട് ചെയ്ത ക്രൂരതകളും ഇസ്‌ലാമിനെ തുടച്ചു നീക്കാന്‍ അവര്‍ ആവിഷ്‌കരിച്ച പദ്ധതികളും രണ്ട് ജനതകള്‍ക്കിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ ഏതുകാലത്തും മതിയായ കാരണങ്ങളായിരുന്നു. കൂടാതെ, അങ്ങേയറ്റം നിന്ദ്യമായ പരിഹാസങ്ങള്‍ക്കും ഭര്‍ത്സനങ്ങള്‍ക്കും പുറമെ, മക്കയിലെ അവിശ്വാസികള്‍ ഏകദൈവത്തെ ആരാധിക്കുന്നതില്‍ നിന്നും അവന്റെ ഏകത്വം പ്രഖ്യാപിക്കുന്നതില്‍ നിന്നും മുസ്‌ലിങ്ങളെ ബലമായി തടഞ്ഞിരുന്നെന്ന് ചരിത്രം വ്യക്തമാക്കുന്നു. അവര്‍ വളരെ ക്രൂരമായി മര്‍ദിക്കപ്പെടുകയും അവരുടെ സമ്പത്ത് അന്യായമായി അധീനപ്പെടുത്തപ്പെടുകയും ചെയ്തിരുന്നു. അവരെ വധിക്കാനും നശിപ്പിക്കാനുമായി ബഹിഷ്‌കരണ നടപടികളും നടത്തപ്പെടുകയുണ്ടായി. ചിലരെ നിഷ്‌കരുണം രക്തസാക്ഷികളാക്കി, അവരുടെ സ്ത്രീകളെ അപമാനിച്ചു. ഈ ക്രൂരതകളാല്‍ അസ്വസ്ഥരായ നിരവധി മുസ്‌ലിങ്ങള്‍ മക്ക വിട്ട് അബിസ്സീനിയയിലേക്ക് പലായനം ചെയ്തു. എന്നിട്ടും ഖുറൈശികള്‍ അടങ്ങിയില്ല. ഈ മുഹാജിറുകള്‍ എങ്ങനെയെങ്കിലും മക്കയിലേക്ക് മടങ്ങാനും, അവരുടെ വിശ്വാസത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും, അല്ലെങ്കില്‍ അവരെ ഉന്മൂലനം ചെയ്യാനും ആ രാജ്യത്തെ രാജാവായ നജ്ജാശിയുടെ ദര്‍ബാറിലേക്ക് ഖുറൈശികള്‍ ഒരു പ്രതിനിധി സംഘത്തെ അയച്ചു. തുടര്‍ന്ന്, മുസ്‌ലിങ്ങളുടെ യജമാനപ്രഭുവായ, അവര്‍ക്ക് പ്രാണനേക്കാള്‍ പ്രിയനായിരുന്ന തിരുനബി(സ)യെ അവര്‍ എല്ലാത്തരം കഷ്ടപ്പാടുകള്‍ക്കും വിധേയനാക്കി. ദൈവിക സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ തായിഫില്‍ വെച്ച് നടന്ന കല്ലേറില്‍ തിരുനബി(സ)യുടെ ശരീരം രക്തത്തില്‍ കുതിര്‍ന്നു. ഖുറൈശികളിലെ വിവിധ ഗോത്രപ്രതിനിധികളുടെ സമ്മതത്തോടെ, ഇസ്‌ലാമിനെ നാമാവശേഷമാക്കുന്നതിന്, അല്ലാഹുവിന്റെ തിരുനബി(സ)യെ വധിക്കാന്‍ മക്കയിലെ ദേശീയ പാര്‍ലമെന്റില്‍ തീരുമാനമുണ്ടായി. തുടര്‍ന്ന്, ഈ രക്തരൂക്ഷിതമായ പ്രമേയം പ്രായോഗികമായി നടപ്പിലാക്കുന്നതിനായി, ഖുറൈശികളിലെ വിവിധ ഗോത്രങ്ങളില്‍ നിന്നുള്ള മക്കയിലെ യുവാക്കളുടെ ഒരു സംഘം ഒത്തുചേര്‍ന്ന് രാത്രിയില്‍ മുഹമ്മദ് നബി(സ)യുടെ വീട് ആക്രമിച്ചു. എന്നിരുന്നാലും, ദൈവം തിരുനബി(സ)യെ സംരക്ഷിച്ചു, അദ്ദേഹം തന്റെ വീട്ടില്‍ നിന്ന് അക്രമികളുടെ കണ്ണുവെട്ടിച്ച് സൗര്‍ ഗുഹയില്‍ അഭയസ്ഥനായി. ഖുറൈശികളുടെ ഈ ക്രൂരതകളും രക്തരൂക്ഷിതമായ തീരുമാനങ്ങളും യുദ്ധപ്രഖ്യാപനത്തിന് തുല്യമായിരുന്നില്ലേ? ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, മക്കയിലെ ഖുറൈശികള്‍ ഇസ്‌ലാമിനോടും മുസ്‌ലിങ്ങളോടും യുദ്ധം ചെയ്തിട്ടില്ലെന്ന് സുബോധമുള്ള ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? അപ്പോള്‍ ഖുറൈശികളുടെ ഈ ക്രൂരതകള്‍ മുസ്‌ലിങ്ങളുടെ ഒരു പ്രതിരോധ യുദ്ധത്തിന് മതിയായ കാരണമായി മാറില്ലേ? തീര്‍ച്ചയായും, മുസ്‌ലിങ്ങളുടെ സ്ഥാനത്ത് മറ്റൊരു രാഷ്ട്രം ആയിരുന്നെങ്കില്‍, അവര്‍ ഖുറൈശികള്‍ക്കെതിരായ പോരാട്ടത്തിന് വളരെ മുമ്പേ ഇറങ്ങുമായിരുന്നു. എന്നാല്‍, മുസ്‌ലിങ്ങളോട് ക്ഷമ കൈകൊള്ളാനായിരുന്നു അവരുടെ നേതാവിന്‍റെ കല്പന. ഖുറൈശികളുടെ പീഡനം രൂക്ഷമായപ്പോള്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ഔഫ്(റ)ഉം മറ്റു സഹാബികളും തിരുനബി(സ)യുടെ മുമ്പാകെ ഹാജരായി ഖുറൈശികളുമായി യുദ്ധം ചെയ്യാന്‍ അനുവാദം തേടിയെന്ന് കാണാം. പക്ഷെ തിരുനബി(സ) ഇപ്രകാരം പ്രതികരിച്ചു: “ഇപ്പോള്‍, മാപ്പ് നല്കാനാണ് ദൈവകല്പന. അതിനാല്‍, യുദ്ധം ചെയ്യാന്‍ എനിക്ക് അനുവാദം നല്കാനാകില്ല”.
ചുരുക്കത്തില്‍, തിരുനബി(സ) മക്കയില്‍ വസിക്കുന്നത് വരെ എല്ലാവിധ പീഡനങ്ങളും സഹിച്ചുവെങ്കിലും ഖുറൈശികള്‍ക്കെതിരെ വാളെടുത്തില്ല. കാരണം, ഒന്നാമതായി, ഖുറൈശികള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ്, അല്ലാഹുവിന്റെ നിയമമനുസരിച്ച്, ദൈവിക സന്ദേശം വ്യക്തമായി അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. അതിന് സമയം ആവശ്യമാണ്. രണ്ടാമതായി, മുസ്‌ലിങ്ങള്‍ ക്ഷമയുടെയും സഹനത്തിന്റെയും ഒരു മാതൃക അന്തിമ പരിധി വരെ പ്രകടിപ്പിക്കണമെന്നത് ദൈവാഭിലാഷമായിരുന്നു. അതിനു ശേഷം നിശ്ശബ്ദത പാലിക്കുന്നത് ആത്മഹത്യാപരമാണ്. വിവേകമുള്ള ഒരാളും അതിനോട് യോജിക്കുകയില്ല. മൂന്നാമതായി, ഖുറൈശികള്‍ മക്കയില്‍ ഒരു തരം ജനാധിപത്യ ഗവണ്‍മെന്റിന് നേതൃത്വം വഹിക്കുകയായിരുന്നു. പ്രവാചകന്‍(സ) അതിനു കീഴിലെ ഒരു പൗരനുമായിരുന്നു. അതിനാല്‍, ഒരു നല്ല പൗരനെന്ന നിലക്ക് പ്രവാചകന്‍(സ) മക്കയില്‍ തുടരുന്നത് വരെ അധികാരത്തെ ബഹുമാനിക്കാനും ക്രമസമാധാനഭംഗം വരുത്തുന്ന യാതൊന്നും അനുവദിക്കാതിരിക്കാനും, ക്ഷമ അതിന്റെ പരിധിവിട്ടാല്‍ അവിടെ നിന്ന് പലായനം ചെയ്യാനും ബാധ്യസ്ഥനായിരുന്നു. നാലാമതായി, ദൈവദൃഷ്ടിയില്‍ ജനങ്ങള്‍ തങ്ങളുടെ പ്രവൃത്തികള്‍ കാരണം ശിക്ഷയ്ക്ക് അര്‍ഹരായിത്തീരുന്നത് വരെ, അവരുടെ നാശത്തിനുള്ള സമയം ആഗതമാകാത്തത് വരെ, പ്രവാചകന്‍(സ) അവരുടെ ഇടയില്‍ വസിക്കേണ്ടത് ആവശ്യമായിരുന്നു. അതുപോലെ, ശിക്ഷയുടെ സമയമായി കഴിഞ്ഞാല്‍ പ്രവാചകന്‍(സ) അവിടെ നിന്ന് പലായനം ചെയ്യേണ്ടതുമായിരുന്നു. കാരണം, അല്ലാഹുവിന്റെ നിയമമനുസരിച്ച്, ദൈവത്തിന്റെ ഒരു പ്രവാചകന്‍ തന്റെ ജനതയില്‍ നിലനില്ക്കുന്നതുവരെ, അവരെ നശിപ്പിക്കുന്ന തരത്തിലുള്ള ശിക്ഷ അവരെ ബാധിക്കുകയില്ല. വിനാശകരമായ ശിക്ഷ ആസന്നമായാല്‍ അത്തരമൊരു സ്ഥലം വിടാന്‍ പ്രവാചകനോട് കല്പിക്കപ്പെടുന്നു. ഇക്കാരണങ്ങളാല്‍, തിരുനബി(സ)യുടെ പലായനത്തിന് പിറകില്‍ വേറിട്ട സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സൂചനകള്‍ തിരിച്ചറിയാതെ തെറ്റിലകപ്പെട്ട ഈ ജനം സ്വേച്ഛാധിപത്യത്തിലും അടിച്ചമര്‍ത്തലിലും പുരോഗമിച്ചുകൊണ്ടിരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഖുറൈശികള്‍ ആ സമയത്തെങ്കിലും മതകാര്യത്തില്‍ ബലപ്രയോഗം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്ക്കുകയും മുസ്‌ലിങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് മാപ്പ് ലഭിക്കുമായിരുന്നു. കാരണം അല്ലാഹു ഏറ്റവുമധികം കരുണയുള്ളവനും അവന്റെ ദൂതന്‍ തിരുനബി(സ) മുഴുലോകകാരുണ്യമായി ആഗതനായതുമാണ്. എന്നിരുന്നാലും, ദൈവവിധിയില്‍ രേഖപ്പെട്ടത് നടപ്പിലാകേണ്ടതും അനിവാര്യമായിരുന്നു. തിരുനബി(സ)യുടെ പലായനത്തിന് ശേഷം ഖുറൈശികള്‍ ഇസ്‌ലാമിനെ തുടച്ചുനീക്കാന്‍ പൂര്‍വോപരി ഉത്സാഹം കൊണ്ടു.
മുസ്‌ലിങ്ങള്‍ക്ക് ഖുറൈശികളുടെ ഭീഷണി
ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ്(റ)ന്‍റെ ഗ്രന്ഥം ഉദ്ധരിച്ച് കൊണ്ട് ഖലീഫ തിരുമനസ്സ് തുടര്‍ന്നു:
ഖുറൈശികളിലെ വിവിധ ഗോത്രങ്ങളില്‍ നിന്നുള്ള നിരവധി യുവാക്കള്‍ പ്രതിഫലേച്ഛയാല്‍ തിരുനബി(സ)യെ അന്വേഷിച്ചു പുറപ്പെട്ടു. സുറാഖ ബിന്‍ മാലികും നബിയെ പിന്തുടര്‍ന്നത് ഈ പ്രതിഫല പ്രഖ്യാപനത്തിന്റെ ഫലമായിട്ടായിരുന്നു. എന്നിരുന്നാലും, ഈ പദ്ധതിയിലും ഖുറൈശികള്‍ക്ക് പരാജയം നേരിടേണ്ടി വന്നു.
നബി(സ)യുടെ സംരക്ഷണം ഉപേക്ഷിക്കാന്‍ മദീനയിലെ രണ്ട് ഗോത്രങ്ങളായ ഔസും ഖസ്റജും വിസമ്മതിച്ചതോടെ മദീനയില്‍ ഇസ്‌ലാം വേരൂന്നാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ അറേബ്യയിലെ മറ്റ് ഗോത്രങ്ങളില്‍ പര്യടനം നടത്തുകയും അവരെ മുസ്‌ലിങ്ങള്‍ക്കെതിരെ പ്രകോപിപ്പിക്കുകയും ചെയ്തു. കഅ്ബയുടെ സംരക്ഷകരായത് കാരണം ഖുറൈശികള്‍ക്ക് അറേബ്യന്‍ ഗോത്രങ്ങളില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നതിനാല്‍ ഖുറൈശികളുടെ പ്രേരണയാല്‍, പല ഗോത്രങ്ങളും മുസ്‌ലിങ്ങളുടെ ബദ്ധവൈരികളായി മാറി.
ആ സന്ദര്‍ഭത്തെ കുറിച്ചാണ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇക്കാര്യം പറയുന്നത്:
“നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്കുകയും അവന്റെ സഹായം കൊണ്ട് നിങ്ങളെ പ്രബലമാക്കുകയും നല്ല വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആഹാരം നല്കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.”[1]
വാള് കൊണ്ട് പ്രതിരോധ യുദ്ധം ചെയ്യാനുള്ള അനുമതി
ഏത് സമയത്തും ഒരു യുദ്ധം ഉണ്ടാകാം എന്ന ഈ സാഹചര്യത്തിലാണ് ദൈവത്തില്‍ നിന്ന് മുസ്‌ലിങ്ങള്‍ക്ക് പ്രതിരോധ യുദ്ധത്തിനുള്ള അനുമതി ലഭിക്കുന്നത്. അല്ലാഹു പറയുന്നു:
“യുദ്ധം ചെയ്യപ്പെടുന്നവര്‍ക്ക് തിരിച്ചും യുദ്ധം ചെയ്യാന്‍ അനുമതി നല്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍ അവര്‍ അക്രമിക്കപ്പെട്ടിരിക്കുയാണ്. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കുവാന്‍ കഴിവുള്ളവനാകുന്നു. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പറയുന്നതൊഴിച്ച് മറ്റൊരു കാരണവും കൂടാതെ അന്യായമായി തങ്ങളുടെ ഭവനങ്ങളില്‍നിന്ന് ബഹിഷ്‌ക്കരിക്കപ്പെട്ടവരാണ് അവര്‍. മനുഷ്യരില്‍ ചിലര്‍ക്ക് മറ്റു ചിലരില്‍ നിന്നുള്ള അക്രമത്തെ ആത്മരക്ഷാര്‍ഥം ചെറുക്കുന്നതിന് അല്ലാഹു അനുമതി നല്കിയില്ലായിരുന്നുവെങ്കില്‍ സന്യാസി മഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ജൂതപ്പള്ളികളും മുസ്‌ലിം പള്ളികളും എല്ലാം തകര്‍ക്കപ്പെടുമായിരുന്നു. അവയില്‍ വച്ച് അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്നു. തന്നെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കുകതന്നെ ചെയ്യും.”[2]
മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള ശത്രുതയെ പ്രതിരോധിക്കാന്‍ അവലംബിച്ച നാല് തന്ത്രങ്ങള്‍
ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ്(റ)നെ ഉദ്ധരിച്ച് കൊണ്ട് യുദ്ധസമാനമായ സാഹചര്യത്തില്‍ നിന്നും മുസ്‌ലിങ്ങളെ സംരക്ഷിക്കാനായി മുഹമ്മദ് നബി(സ) അവലംബിച്ച നാല് തന്ത്രങ്ങളെ സംബന്ധിച്ച് ഖലീഫാ തിരുമനസ്സ് പ്രതിപാദിക്കുകയുണ്ടായി.
ഒന്നാമതായി: മദീനയുടെ ചുറ്റുപാടുമുള്ള പ്രദേശം ഭീഷണിയില്‍ നിന്ന് മുക്തമാകുന്നതിനായി, പ്രവാചകന്‍(സ) അടുത്തുള്ള ഗോത്രങ്ങളിലേക്ക് യാത്ര ചെയ്യാനും അവരുമായി സമാധാന ഉടമ്പടികള്‍ സ്ഥാപിക്കാനും തുടങ്ങി.
രണ്ടാമതായി: മദീനയില്‍ നിന്ന് വിവിധ ദിശകളിലേക്ക് രഹസ്യവിവരം ലഭിക്കുന്നതിനായി പ്രവാചകന്‍(സ) ചെറുസംഘങ്ങളെ അയക്കാന്‍ തുടങ്ങി. അതിനാല്‍ ഖുറൈശികളുടെയും അവരുടെ സഖ്യകക്ഷികളുടെയും നീക്കങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിയാന്‍ കഴിഞ്ഞു. മുസ്‌ലിങ്ങള്‍ അശ്രദ്ധരല്ലെന്ന് ഖുറൈശികള്‍ക്കും മനസ്സിലാക്കാനും മദീനയെ മിന്നലാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാനും അതുപകരിക്കുമായിരുന്നു.
മൂന്നാമതായി: മക്കയിലെയും പരിസര പ്രദേശങ്ങളിലെയും ദുര്‍ബലരും ദരിദ്രരുമായ മുസ്‌ലിങ്ങള്‍ക്ക് മദീനയിലെ മുസ്‌ലിങ്ങളോടൊപ്പം ചേരാന്‍ ഇതുവഴി അവസരം കണ്ടെത്തുക എന്നതായിരുന്നു ഈ സംഘത്തെ അയച്ചതിന് പിന്നിലെ മറ്റൊരു ഉദ്ദേശ്യം. മക്കയുടെ പ്രദേശത്ത് ഹൃദയം കൊണ്ട് മുസ്‌ലിങ്ങളായ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഖുറൈശികളുടെ ക്രൂരതകള്‍ കാരണം ഇസ്‌ലാമിലുള്ള തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കൂടാതെ, അവരുടെ ദാരിദ്ര്യവും ബലഹീനതയും കാരണം, അവര്‍ക്ക് പലായനം ചെയ്യാനും കഴിഞ്ഞില്ല. കാരണം ഖുറൈശികള്‍ അത്തരം ആളുകളെ പലായനം ചെയ്യുന്നതില്‍ നിന്ന് ബലമായി തടയുമായിരുന്നു.
നാലാമതായി: മക്കയില്‍ നിന്ന് മദീനയിലൂടെ സിറിയയിലേക്ക് പോകുന്ന ഖുറൈശികളുടെ കച്ചവടസംഘത്തെ തടയുക എന്നതായിരുന്നു പ്രവാചകന്‍(സ) പ്രയോഗിച്ച നാലാമത്തെ തന്ത്രം. കാരണം, ഒന്നാമതായി, ഈ സംഘങ്ങള്‍ തങ്ങള്‍ സഞ്ചരിക്കുന്ന മാര്‍ഗങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ശത്രുതയുടെ തീ ആളിക്കത്തിക്കും. മദീനയുടെ ചുറ്റുപാടില്‍ ശത്രുതയുടെ ഒരു വിത്ത് പാകുന്നത് മുസ്‌ലിങ്ങള്‍ക്ക് അത്യന്തം അപകടകരമായിരുന്നു എന്നത് വ്യക്തമാണ്. രണ്ടാമതായി, ഈ യാത്രാസംഘങ്ങള്‍ എപ്പോഴും ആയുധധാരികളായിരിക്കും. അത്തരം യാത്രാസംഘങ്ങള്‍ മദീനയ്ക്ക് വളരെ അടുത്തുകൂടെ കടന്നുപോകുന്നത് അപകടകരമായിരുന്നു. മൂന്നാമതായി, ഖുറൈശികളുടെ ഉപജീവനമാര്‍ഗം പ്രധാനമായും വ്യാപാരത്തെ ആശ്രയിച്ചായിരുന്നു. അതിനാല്‍, ഈ സാഹചര്യത്തില്‍, ഖുറൈശികളെ കീഴടക്കാനും അവരുടെ ക്രൂരതകള്‍ക്ക് അറുതി വരുത്താനും അവരെ അനുരഞ്ജനത്തിലേക്ക് പ്രേരിപ്പിക്കാനുമുള്ള ഏറ്റവും നിര്‍ണ്ണായകവും ഫലപ്രദവുമായ മാര്‍ഗം അവരുടെ വ്യാപാര പാത തടസ്സപ്പെടുത്തുക എന്നതായിരുന്നു. ആത്യന്തികമായി അനുരഞ്ജനത്തിലേക്ക് ചായാന്‍ ഖുറൈശികളെ പ്രേരിപ്പിച്ച ഘടകങ്ങളില്‍, ഈ കച്ചവട സംഘങ്ങളുടെ തടസ്സം നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍, ഉചിതമായ സമയത്ത് വിജയത്തിന്റെ ഫലം നല്കുന്ന അങ്ങേയറ്റം വിവേകപൂര്‍ണമായ തന്ത്രമായിരുന്നു ഇത്. നാലാമതായി, ഖുറൈശികളുടെ ഈ യാത്രാസംഘങ്ങളില്‍ നിന്നുള്ള വരുമാനം കൂടുതലും ചെലവഴിച്ചത് ഇസ്‌ലാമിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കാണ്. മറിച്ച്, ചില കച്ചവട സംഘങ്ങള്‍, അതിന്‍റെ ലാഭം മുഴുവനും മുസ്‌ലിങ്ങള്‍ക്കെതിരെ വിനിയോഗിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ അയക്കപ്പെട്ടിരുന്നു.[3]
ഈ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2, പേ. 54-60
[2] വിശുദ്ധ ഖുര്‍ആന്‍ 22:40-41
[3] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2, പേ. 90-92
0 Comments