സംസ്ഥാന ഇജ്തിമ പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ മായാസ്മരണകളാണ്. വൈജ്ഞാനികവും ആത്മീയവുമായ പരിപാടികള്‍, സൗഹൃദസംഭാഷണങ്ങള്‍, അപൂര്‍വ അവസരങ്ങള്‍ എന്നിവ അതിനെ അനുപമമായ ആത്മീയ സംഗമവേദിയാക്കുന്നു.
ജന്നത്തുന്നിസാഅ്, പള്ളിപ്പുറം
ജൂണ്‍ 10, 2023
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ ആഗോള മഹിളാ സംഘടനയായ ലജ്‌ന ഇമായില്ലാഹ് നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1922ല്‍ പഞ്ചാബിലെ ഖാദിയാനില്‍ നാന്ദി കുറിച്ച ഈ സംഘടനയ്ക്ക് കേരളത്തില്‍ ബീജാവാപം നടന്നത് 1945ല്‍ കണ്ണൂരില്‍ വച്ചാണ്. അതുകൊണ്ട് തന്നെ കേരള ഘടകത്തിന്റെ സംസ്ഥാന ഇജ്തിമ (വാര്‍ഷിക സമ്മേളനം) മെയ് 13, 14 തിയ്യതികളില്‍ കണ്ണൂരില്‍ വച്ച് നടത്താന്‍ തീരുമാനിക്കപ്പെടുകയുണ്ടായി. സംസ്ഥാന തലത്തില്‍ ഇജ്തിമ നടക്കുന്നത് ഒരിടവേളയ്ക്ക് ശേഷമായതിനാല്‍ ഇജ്തിമ തീരുമാനിക്കപ്പെട്ടത് മുതല്‍ തന്നെ എല്ലാ അംഗങ്ങളും വളരെ ആകാംക്ഷാഭരിതരായിരുന്നു.
സംസ്ഥാന ഇജ്തിമ വരുന്നു എന്നറിയുമ്പോഴേ എല്ലാവരും ആവേശഭരിതരാകും. കാരണം അത് പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ മായാസ്മരണകളാണ്. വൈജ്ഞാനികവും മതപരവുമായ പരിപാടികള്‍, സൗഹൃദ സംഭാഷണങ്ങള്‍, സ്റ്റേജുകള്‍, അലങ്കാരങ്ങള്‍, ഒന്നിച്ചുണ്ട വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍, ഒന്നിച്ചുറങ്ങിയ കൂട്ടുകാര്‍, സമ്മാനങ്ങള്‍, അപൂര്‍വ അവസരങ്ങള്‍ എന്നിവ അതിനെ അനുപമമായ ആത്മീയ സംഗമവേദിയാക്കുന്നു.
കൊറോണക്കാലം തളളിനീക്കിയതിനു ശേഷം നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഈ ആത്മീയ സംഗമത്തില്‍ കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള ലജ്‌ന (15 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍) നാസിറാത്ത് (7 മതല്‍ 15 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍) അംഗങ്ങള്‍ ഒത്തുച്ചേര്‍ന്നു. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മെയ് 13ന് ഞങ്ങളെല്ലാവരും അത്യധികം ആവേശത്തോടെയും സന്തോഷത്തോടെയും ഇജ്തിമയില്‍ പങ്കെടുക്കാനെത്തി.
വിവിധ പ്രദേശത്തുള്ള ലജ്ന അംഗങ്ങള്‍ കൂട്ടം കൂട്ടമായി കണ്ണൂരില്‍ വന്നിറങ്ങി. വളണ്ടിയര്‍മാര്‍ വാഹനങ്ങളില്‍ ഞങ്ങളെ സമ്മേളന വേദിയായ ഇ.കെ. നായനാര്‍ അക്കാദമിയില്‍ എത്തിച്ചു. അവിടെ ഞങ്ങളെ വരവേല്ക്കാന്‍ ആതിഥേയര്‍ പുഞ്ചിരിയോടെ കാത്തിരിപ്പുണ്ടായിരുന്നു. എല്ലാ ലജ്‌നകളും വെള്ളവസ്ത്രത്തില്‍ വസന്തം തീര്‍ത്തു. കുഞ്ഞുമക്കള്‍ മാലാഖമാരെപ്പോലെ പരിപാടിക്ക് നിറപ്പകിട്ടേകി.
പരിപാടിയുടെ കൊടിയേറ്റത്തിന് സമയമായിരിക്കുന്നു. അതിനുള്ള അവസാന തയ്യാറെടുപ്പുകളില്‍ സേവനനിരതരായ കര്‍മസംഘങ്ങള്‍ വ്യാപൃതരായിരുന്നു. ഈ സമ്മേളനത്തിന്റെ സംഘാടകര്‍ സ്ത്രീകളായിരുന്നു. കണ്ണൂര്‍ മേഖലയിലെ ലജ്‌ന, നാസിറാത്ത് കുട്ടികളുടെ ആത്മാര്‍ഥമായ നിസ്തുല സേവനം രാപ്പകല്‍ ഭേദമന്യേ സര്‍വ മേഖലകളിലും കാണാമായിരുന്നു. യാതൊരു പ്രതിഫലേച്ഛയുമില്ലാതെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്ന ‘ലജ്‌നാ ഇമാഇല്ലാഹ്’ (ദൈവദാസികള്‍) എന്ന പേരിനെ അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ വിജയ രഹസ്യം.
സമ്മേളനത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ അഖിലേന്ത്യാ സദര്‍ ബുശ്‌റ പാഷാ സാഹിബ അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പ്രഭവകേന്ദ്രവും ദേശീയ തലസ്ഥാനവുമായ പഞ്ചാബിലെ ഖാദിയാനില്‍ നിന്നും നേരത്തെ എത്തിയിരുന്നു. സദസ്സിനെ ധന്യമാക്കി കൊണ്ട് അവര്‍ നല്കിയ വിലയേറിയ ഉപദേശനിര്‍ദേശങ്ങള്‍ നമ്മള്‍ എപ്പോഴും മുന്നില്‍ വെക്കേണ്ടവയായിരുന്നു. ചുരുങ്ങിയ ഇടവേളകളില്‍ അവര്‍ സുസ്‌മേരവദനയായി സലാം പറയുകയും കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. കൂട്ടത്തില്‍ പരിചിത മുഖങ്ങള്‍ കണ്ട് അവര്‍ ഖാദിയാനിലെ അഖിലേന്ത്യാ വാര്‍ഷിക സമ്മേളനത്തിലെ (ജല്‍സ സാലാന) ഓര്‍മ പങ്ക് വെച്ചതും നല്ലൊരനുഭവമായിരുന്നു.
ലജ്‌ന ഇമായില്ലായുടെ പതാക ഉയര്‍ത്തിക്കൊണ്ട് അവര്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പതാക അങ്ങനെ കൂടുതല്‍ ശോഭയോടെ നീലാകാശത്ത് പാറിപ്പറക്കുന്നത് എല്ലാവരും കണ്‍കുളിര്‍ക്കെ കണ്ടു. ഒരു നൂറ്റാണ്ടായി വിജയഗാഥ തീര്‍ത്ത് മുന്നോട്ട് നീങ്ങിയ സംഘടനയുടെ ത്യാഗസുരഭില നിമിഷങ്ങളാലും സ്തുതികീര്‍ത്തനങ്ങളാലും ആശംസാവചനങ്ങളാലും, ഖലീഫാ തിരുമനസ്സ് നമുക്ക് അയച്ച സ്‌നേഹ സന്ദേശങ്ങളാലും വേദി മുഖരിതമായി.
ഇജ്തിമയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സമൂഹത്തിലെ ഉന്നത സ്ഥാനമലങ്കരിക്കുന്ന സ്ത്രീരത്‌നങ്ങള്‍ അഹ്‌മദി സ്ത്രീകൂട്ടായ്മയെ മുക്തകണ്ഠം പ്രശംസിച്ചു. സ്ത്രീ വിദ്യാഭ്യാസവും സ്ത്രീകളുടെ പുരോഗമന ചിന്താഗതികളും പങ്കുവെച്ചു. സമാധാനത്തിനും മതസൗഹാര്‍ദത്തിനുമായുള്ള ഈ കൂടിച്ചേരല്‍ കണ്ട് അവര്‍ പ്രകടിപ്പിച്ച സന്തോഷം വിവരണാതീതമാണ്. ബഹുമാന്യ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആര്‍ ബിന്ദു, മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ എന്നിവരെ കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആര്‍.ഡി.ഒ, ഡെപ്യൂട്ടി മേയര്‍, പോലീസ് ഇന്‍സ്പെക്ടര്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നാനാതുറകളിലുള്ളവരും സദസ്സിനു മാറ്റുകൂട്ടി.
വേനലിന്റെ കൊടും ചൂടിനൊപ്പം ആത്മീയാനുഗ്രഹ വേദിയിലെ ചൂടുള്ള പ്രഭാഷണങ്ങളും, ചര്‍ച്ചകളും ക്ഷമയോട് കൂടി ശ്രവിക്കാന്‍ അഹ്‌മദി സഹോദരിമാരെയും കുട്ടികളെയും കൂടാതെ ഇതര മതസ്ഥരും, അനുഭാവികളുമുണ്ടായിരുന്നു. ജമാഅത്തിന്റെ ഇത്തരം ഇജ്തിമകള്‍ ആദ്യമായി ആസ്വദിക്കാനെത്തിയവര്‍ക്ക് ഇതൊരു അത്ഭുതമായിരുന്നുവെന്ന് അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു.
ഇജ്തിമയുടെ വിജ്ഞാനപ്രദവും മതപരവുമായ മത്സരയിനങ്ങളില്‍ സഹോദരിമാര്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. നിസ്സംശയം അവിടെയൊരു പ്രതിഭാ സംഗമം തന്നെ അരങ്ങേറി. കേരളക്കരയുടെ അങ്ങോളമിങ്ങോളമുള്ള ആത്മമിത്രങ്ങളേയും ഉമ്മമാരെയും കുഞ്ഞു മക്കളേയും വീണ്ടുമൊന്നിച്ച് കാണാന്‍ കഴിഞ്ഞത് വലിയൊരനുഭവം തന്നെയായിരുന്നു. ഇവരെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കി ഓരോ നേരവും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ തീന്‍മേശയിലെത്തിക്കുന്ന സംഘാടകര്‍ ഈ ഇജ്തിമയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. എവിടെ നോക്കിയാലും പരസ്പര സ്‌നേഹത്തിന്റേയും ഐക്യത്തിന്റേയും നേര്‍ക്കാഴ്ച്ചകളായിരുന്നു. സ്‌നേഹത്തില്‍ വിരിയുന്ന പുഞ്ചിരിയോടെയുള്ള സലാം. ആദ്യവസാനം ഈ ഇജ്തിമയില്‍ നമ്മള്‍ കടന്നു പോയത് അനര്‍ഘനിമിഷങ്ങളിലൂടെയായിരുന്നു. മലക്കുകള്‍ ഈ സദസ്സിനെ വലയം ചെയ്ത പ്രതീതി ആയിരുന്നു. ലജ്‌ന ഇമാഇല്ലായുടെ ഈ ശതവാര്‍ഷിക സംസ്ഥാന സമ്മേളനം നമുക്കേവര്‍ക്കും മനസ്സില്‍ എന്നെന്നും ചേര്‍ത്തുവെക്കാം. ഇന്‍ശാഅല്ലാഹ്.
3 Comments
Fathima · ജൂൺ 11, 2023 at 12:11 am
Masha Allah
Innum maayade kidakkunna aa sneha smaranakalkk veendum thiritheliyicha Jannathin Jazakallah
CG Jamaludeen HA · ജൂൺ 11, 2023 at 1:22 am
മാഷാ അള്ളാ , അള്ളാഹ ഈ ഇജിത്തിമ യുടെ അനുഭവങ്ങളെ എന്നും നിലനിർത്തുമാറാകട്ടെ പുരോഗതിക്കുള്ള മാർഗ്ഗമാകട്ടെ 🤲🏻
Muneera Beegom · ജൂൺ 11, 2023 at 8:56 am
Masha allah..valare nalloru vivaranam veendum orikal koodi aa anugraheeta prgmlk poyth pole toni..jazakkalah