ഏതവസ്ഥയിലും തങ്ങള്‍ നബി(സ)യെ അനുഗമിക്കുമെന്നും, മൂസാ നബി(അ)യോട് അദ്ദേഹത്തിന്‍റെ സമുദായം പറഞ്ഞ പോലെ ‘നീയും നിന്‍റെ നാഥനും പോയി യുദ്ധം ചെയ്യുക, ഞങ്ങള്‍ ഇവിടെ ഇരുന്നോളാം’ എന്ന് ഒരിക്കലും തങ്ങള്‍ പറയില്ലെന്നും സഹാബികള്‍ മുഹമ്മദ് നബി(സ)യോട് പറഞ്ഞു.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 23 ജൂണ്‍ 2023ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ജൂണ്‍ 26, 2023
വിവരശേഖരണത്തിനായി തിരുനബി(സ) ചില സഹാബികളെ അയച്ചതും, ഒരു സൈന്യം ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന വിവരവുമായി അവർ മടങ്ങിയതുമായ കാര്യങ്ങള്‍ താന്‍ കഴിഞ്ഞ ഖുത്ബയില്‍ പരാമര്‍ശിച്ചിരുന്നുവെന്ന്, തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
അനുയായികളുമായുള്ള മുഹമ്മദ് നബി(സ)യുടെ കൂടിയാലോചന
മുഹമ്മദ് നബി(സ) മക്കക്കാരുടെ ഒരുക്കങ്ങളെക്കുറിച്ച് അനുയായികളെ അറിയിക്കുകയും എന്തു ചെയ്യണമെന്ന് അവരുമായി ആലോചിക്കുകയും ചെയ്തു എന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. അനുയായികൾ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു.
തങ്ങളെല്ലാവരും തിരുനബി(സ)യുടെ കൂടെയാണെന്നും അല്ലാഹു കല്പിച്ച ഏതൊരു കാര്യത്തിലും നബിയോടൊപ്പം ഉണ്ടാകുന്നതാണെന്നും ഹദ്റത്ത് മിഖ്ദാദ് ബിൻ അംർ(റ) പറഞ്ഞു. മൂസാ നബി(അ)യോട് ഇസ്റായീല്യര്‍ പറഞ്ഞ പോലെ ‘നീയും നിന്‍റെ നാഥനും പോയി യുദ്ധം ചെയ്ത് കൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരുന്നോളാം’[1] എന്ന് തങ്ങള്‍ നബി(സ)യോട് പറയില്ലെന്നും, മറിച്ച്, താങ്കളും താങ്കളുടെ രക്ഷിതാവും യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങളും കൂടെ ഉണ്ടാകുന്നതാണ് എന്നായിരിക്കും തങ്ങളുടെ പ്രതികരണം എന്നും അദ്ദേഹം പറയുകയുണ്ടായി.
ഹദ്റത്ത് മിഖ്ദാദ്(റ) ഉദ്ധരിച്ച വാക്യത്തെ സംബന്ധിച്ച് ചില ചരിത്രകാരന്മാർ ഈ വാക്യം കാണപ്പെടുന്ന അദ്ധ്യായം, അഥവാ അൽ-മാഇദ, ബദ്റിന്റെ സംഭവങ്ങൾക്ക് ശേഷം അവതരിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഇതിന് വിവിധ വിശദീകരണങ്ങൾ നല്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഹദ്‌റത്ത് മിഖ്ദാദ്(റ) ജൂതന്മാരിൽ നിന്ന് ഈ സംഭവത്തെക്കുറിച്ച് കേട്ടിരിക്കാം, അല്ലെങ്കിൽ ഹദ്റത്ത് മിഖ്ദാദ്(റ)ന്റെ വാക്കുകളെ പിന്തുണയ്‌ക്കാൻ ഈ വാക്യം ചരിത്രകാരന്മാർ തന്നെ ചേർത്തതാകാം.
മുഹമ്മദ് നബി(സ) മദീനാ വാസികളായ തന്റെ അനുയായികളിൽ നിന്നും അഭിപ്രായം ആരാഞ്ഞപ്പോൾ അവരിൽ നിന്നുള്ള ഹദ്‌റത്ത് സഅ്ദ് ബിൻ മുആദ്(റ) ഏത് അവസരത്തിലും താങ്കളെ അനുസരിക്കുന്നതാണെന്നും താങ്കൾ കടലിൽ ഇറങ്ങിയാൽ ഞങ്ങളെല്ലാവരും താങ്കളെ പിന്തുടരുന്നതാണെന്നും മറുപടി നല്കി.
ഖലീഫാ തിരുമനസ്സ് പറഞ്ഞു, ഇത് കേട്ടപ്പോൾ, തിരുനബി(സ) അത്യന്തം സന്തോഷിച്ചു. [ശത്രുക്കളുടെ] രണ്ട് ഗ്രൂപ്പുകളില്‍ ഒന്നിന്റെ മേൽ മുസ്‌ലിങ്ങള്‍ക്ക് വിജയം ലഭിക്കുമെന്ന സന്തോഷവാർത്ത അല്ലാഹു നല്കിയതായും, എല്ലാവരും യുദ്ധത്തിന് പോകണമെന്നും നബി(സ) പറഞ്ഞു. ശത്രുക്കൾ അന്ത്യശ്വാസം വലിക്കുന്ന സ്ഥലം തനിക്ക് കാണാൻ കഴിയുന്നുവെന്നും പ്രവാചകൻ(സ) പറഞ്ഞു.
തിരുനബി(സ)യുടെ ജാഗ്രത
മുസ്‌ലിങ്ങൾ ബദ്റിലേക്ക് പോകുകയും അതിന്റെ അടുത്തായി തമ്പടിക്കുകയും ചെയ്തുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. പിന്നീട്, തിരുനബി(സ)യും ഹദ്‌റത്ത് അബൂബക്കറും(റ) കുറച്ചു ദൂരേക്ക് പോകുകയും ഒരു വൃദ്ധനായ അറബിയെ കാണുകയും ചെയ്തു. തങ്ങള്‍ ആരാണെന്ന് പറയാതെ, ആ അറബിയോട് മുഹമ്മദ്(സ)യെയും ഖുറൈശികളെയും കുറിച്ച് എന്തെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ചില വിവരങ്ങൾ ചോദിച്ചു. എന്നാല്‍ അവർ ഏത് ഗോത്രത്തിൽ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞ ശേഷം താന്‍ വിവരങ്ങള്‍ പറയാമെന്ന് ആ വ്യക്തി പറഞ്ഞു. വിവരം നല്കിയ ശേഷം ആ കാര്യങ്ങള്‍ പറയാമെന്ന് തിരുനബി(സ) പറഞ്ഞു. തിരുനബി(സ)യുടെ നീക്കങ്ങളെക്കുറിച്ച് കേട്ട കാര്യങ്ങൾ അദ്ദേഹം അവരോട് പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കൃത്യമായിരുന്നു. അതുപോലെ, ഖുറൈശികളെക്കുറിച്ച് താൻ കേട്ട കാര്യങ്ങളും അദ്ദേഹം അവരോട് പറഞ്ഞു. ആ വിവരങ്ങളും ശരിയാണെന്ന് തെളിഞ്ഞു. അവര്‍ എവിടെ നിന്നാണ് വന്നതെന്ന് ആ വൃദ്ധൻ വീണ്ടും ചോദിച്ചു. തങ്ങൾ വെള്ളത്തിൽ നിന്നാണ് എന്ന് തിരുനബി(സ) മറുപടി പറഞ്ഞു.
തിരുനബി(സ) പറഞ്ഞ ഈ ഉത്തരം ശരിയായ ഉത്തരമല്ലെന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എന്നിരുന്നാലും, ഈ ഉത്തരം ഒട്ടും തെറ്റല്ല, മറിച്ച്, യുദ്ധത്തിന്റെ ഭീതി നിലനില്ക്കുന്ന സാഹചര്യമായത് കൊണ്ട്, പ്രവാചകൻ(സ) മുസ്‌ലിങ്ങളെ സംരക്ഷിക്കുന്ന ഒരു ഉത്തരം നല്കുകയാണ് ഉണ്ടായത്. പക്ഷേ അപ്പോഴും ആ ഉത്തരം അസത്യമായിരുന്നില്ല. എല്ലാ വസ്തുക്കളും വെള്ളത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണെന്ന ഖുർആനിക പ്രസ്താവനയെയാണ് നബി(സ) ഉദ്ദേശിച്ചതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. തങ്ങളുടെ പ്രദേശത്തെ ഒരു കിണറിന്റെ പേരിൽ ആളുകൾ സ്വയം പരിചയപ്പെടുത്തുന്നത് അവിടെ സാധാരണമായിരുന്നെന്ന് മറ്റു ചിലർ പറഞ്ഞു. മുസ്‌ലിങ്ങൾ തമ്പടിച്ച ബദ്റിന്റെ നീരുറവയെക്കുറിച്ചായിരിക്കാം പ്രവാചകൻ(സ) ഉദ്ദേശിച്ചത് എന്നും ചിലർ പറയുന്നു.
മുസ്‌ലിങ്ങൾ ക്യാമ്പ് ചെയ്ത സ്ഥലത്തേക്ക് തിരിച്ചെത്തിയതിന് ശേഷം മുഹമ്മദ് നബി(സ) കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു സംഘത്തെ അയക്കുകയുണ്ടായി. അവർ തിരിച്ചെത്തിയപ്പോൾ ഖുറൈശികൾ എവിടെയാണെന്ന് തിരുനബി(സ) അവരോട് ചോദിക്കുകയും അവർ കുന്നിന് പുറകിലാണെന്ന് അവർ മറുപടി പറയുകയും ചെയ്തു. ഖുറൈശികൾ എത്ര പേരുണ്ടെന്ന് തിരുനബി(സ) അവരോട് ചോദിച്ചു. അവർ അറിയില്ല എന്ന് മറുപടി പറഞ്ഞു. ഓരോ ദിവസവും എത്ര ഒട്ടകങ്ങളെ അറുക്കുന്നു എന്ന് തിരുനബി(സ) ചോദിച്ചു. ഏകദേശം 9 മുതൽ 10 വരെ ഒട്ടകങ്ങളെ അറുക്കുമെന്ന് അവർ മറുപടി നല്കി. ഇതിൽ നിന്ന് 900-1000 മക്കക്കാർ ഉണ്ടെന്ന് തിരുനബി(സ) മനസ്സിലാക്കി. ഏത് ഖുറൈശി പ്രഭുക്കന്മാരാണ് സൈന്യത്തോടൊപ്പമുള്ളതെന്ന് തിരുനബി(സ) ചോദിച്ചപ്പോള്‍, ആരോക്കെയുണ്ടെന്ന് അവർ നബി(സ)ക്ക് അറിയിച്ചു കൊടുത്തു.
യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും ക്യാമ്പ് സജ്ജീകരിക്കലും
മുസ്‌ലിങ്ങൾ തമ്പടിച്ച സ്ഥലം ദൈവിക വെളിപാടനുസരിച്ച് തിരഞ്ഞെടുത്തതാണോ എന്ന് ഹദ്‌റത്ത് ഹബ്ബാബ്(റ) നബി(സ)യോട് ചോദിക്കുകയുണ്ടായി. അല്ല എന്ന് നബി(സ) മറുപടി നല്കി. എങ്കിൽ വെള്ളത്തിന്റെ അടുത്തേക്ക് നീങ്ങുന്നതാണ് ബുദ്ധി എന്നദ്ദേഹം അഭിപ്രായം പറയുകയുണ്ടായി. നബി(സ) അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിച്ചു കൊണ്ട് മുസ്‌ലിം സംഘം അരുവിയുടെ അടുക്കലേക്ക് നീങ്ങുകയുണ്ടായി.
സഅ്ദ് ബിന്‍ മുആദിന്റെ നിർദ്ദേശപ്രകാരം തിരുനബി(സ)ക്ക് വേണ്ടി പ്രത്യേകമായി ഒരു കൂടാരം നിർമിക്കപ്പെടുകയുണ്ടായി. അല്ലാഹുവിന്റെ മുമ്പിൽ കരഞ്ഞു വിലപിച്ചു കൊണ്ട് നബി(സ) രാത്രി മുഴുവൻ കഴിച്ചു കൂട്ടി. അടുത്ത ദിവസം രാവിലെ ഖുറൈശികൾ മുന്നോട്ട് ഗമിച്ചു എന്ന് അറിഞ്ഞപ്പോൾ നബി(സ) സൈന്യത്തിലെ അണികളെ ക്രമീകരിക്കുകയുണ്ടായി. തിരുനബി(സ) വരി ക്രമീകരിക്കുമ്പോൾ ഹദ്‌റത്ത് സവാദ് വരിയിൽ നിന്നും അല്പം പുറത്തായിരുന്നു. ആ സമയത്ത് നബി(സ) അദ്ദേഹത്തെ വയറ്റിൽ അമ്പ് കൊണ്ട് ചെറുതായൊന്ന് കുത്തി കൊണ്ട് വരിയിലേക്ക് കയറി നില്ക്കാൻ നിർദേശിച്ചു. അമ്പ് കൊണ്ടുള്ള കുത്ത് തനിക്ക് വേദനയുണ്ടാക്കിയെന്നും പ്രതികാരം ചെയ്യണമെന്നും സവാദ്(റ) പറയുകയുണ്ടായി. നബി(സ) വയറ്റിൽ നിന്നും വസ്ത്രം നീക്കി സവാദിനോട് പ്രതികാരം ചെയ്യാൻ പറഞ്ഞു. പക്ഷെ സവാദ് നബി(സ) തങ്ങളെ ആലിംഗനം ചെയ്യുകയാണുണ്ടായത്. എന്തുകൊണ്ടാണ് താങ്കൾ ഇങ്ങനെ ചെയ്തതെന്ന് നബി(സ) ആരാഞ്ഞപ്പോൾ യുദ്ധത്തിന് ശേഷം താൻ ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാൽ തന്റെ അവസാനത്തെ നിമിഷം നബി(സ)യെ ആലിംഗനം ചെയ്യുന്ന നിമിഷമാവട്ടെ എന്നാഗ്രഹിച്ചു എന്ന് അദ്ദേഹം മറുപടി നല്കി.
അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുത്ബയിൽ ഈ വിഷയം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആന്‍ 5:25
0 Comments