മുസ്ലിങ്ങള്‍ അംഗബലത്തിലും ആയുധബലത്തിലും ശത്രുക്കളെക്കാള്‍ ദുര്‍ബലരായിരുന്നുവെങ്കിലും, ലോകത്തിലെ ഒരു ശക്തിക്കും അതിജയിക്കാനാകാത്ത വിശ്വാസദാർഢ്യം അവര്‍ക്കു മുതല്‍കൂട്ടായി ഉണ്ടായിരുന്നു.
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) 7 ജൂലൈ 2023ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ജൂലൈ 9, 2023
അവിശ്വാസികളുടെ ഹൃദയത്തിൽ മുസ്ലിം സൈന്യത്തെ കുറിച്ച് ഉണ്ടായ ഭീതിയെയും അത് കാരണത്താൽ ഉത്ബയുടേയും അബൂ ജഹ്ലിന്റെയും ഇടയിൽ നടന്ന തർക്കത്തെയും കുറിച്ച് താന്‍ കഴിഞ്ഞ ഖുത്ബയില് പരാമര്‍ശിച്ചിരുന്നുവെന്ന്, തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. അബൂ ജഹ്ലിന്റെ പരിഹാസവും പ്രകോപനപരമായ വാക്കുകളും കേട്ട് ഉത്ബ യുദ്ധത്തിന് തയ്യാറായി. തങ്ങളോട് ഏറ്റുമുട്ടാൻ തയ്യാറായി ആരുണ്ടെന്ന് ഉത്ബ ചോദിച്ചപ്പോൾ അൻസാറുകളിൽ പെട്ട ചില യുവാക്കൾ തങ്ങൾ തയ്യാറാണെന്ന് അറിയിച്ചു.
അതുകേട്ടപ്പോൾ, ഞങ്ങൾക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ലെന്നും ഖുറൈശികളിൽ നിന്നുള്ള തങ്ങളുടെ ബന്ധുക്കളുമായി യുദ്ധം ചെയ്യുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശ്യമെന്നും ഉത്ബ പറഞ്ഞു. ഉത്ബ തിരുനബി(സ)യെ വിളിച്ച് അവരോട് മത്സരിക്കാൻ കഴിയുന്നവരും അവരുടെ കുടുംബത്തിൽ നിന്നുള്ളവരുമായ ആളുകളെ മുന്നോട്ട് അയക്കണമെന്ന് പറഞ്ഞു. അപ്പോൾ, നബി(സ) ഹദ്റത്ത് ഹംസ(റ), ഹദ്റത്ത് അലി(റ), ഹദ്റത്ത് ഉബൈദ ബിൻ ഹാരിസ്(റ) എന്നിവരെ അതിനായി വിളിച്ചു. ഹദ്റത്ത് ഹംസ(റ) ഉത്ബയോടും, ഹദ്റത്ത് അലി(റ) ശൈബയോടും, ഹദ്റത്ത് ഉബൈദ(റ) വലീദിനോടും യുദ്ധം ചെയ്തു. ഹദ്റത്ത് ഹംസ(റ), ഹദ്റത്ത് അലി(റ) എന്നിവർ വിജയിച്ചു. ഹദ്റത്ത് ഉബൈദ(റ)ക്ക് പരിക്കേറ്റു. ഹദ്റത്ത് ഹംസ(റ), ഹദ്റത്ത് അലി(റ) എന്നിവർ അദ്ദേഹത്തെ സഹായിക്കാൻ പോയി.
ഈ യുദ്ധത്തിൽ ഹദ്റത്ത് ഉബൈദ(റ)യുടെ കാലു നഷ്ടപ്പെട്ടതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. തിരുനബി(സ)യുടെ അടുത്തേക്ക് കൊണ്ടുപോയപ്പോൾ, താൻ രക്തസാക്ഷി അല്ലേ എന്ന് അദ്ദേഹം ചോദിച്ചു. അതിന് പ്രവാചകൻ(സ) തീർച്ചയായും അതെ എന്ന് മറുപടി നല്കി. ബദ്റിൽ നിന്ന് മടങ്ങും വഴി ഹദ്റത്ത് ഉബൈദ(റ) മരണത്തിന് കീഴടങ്ങുകയും രക്തസാക്ഷിയാകുകയും ചെയ്തു. അദ്ദേഹത്തെ കാലു നഷ്ടപ്പെട്ട് തിരുനബി(സ)യുടെ അടുത്തേക്ക് കൊണ്ടുപോയപ്പോൾ അദ്ദേഹത്തെ തിരുനബി(സ)യുടെ അടുത്ത് കിടത്തുകയും തിരുനബി(സ) തന്റെ അനുഗൃഹീത പാദം ഉബൈദ(റ)യുടെ താഴെ വെക്കുകയും ചെയ്തുവെന്ന് രേഖപ്പെട്ടിട്ടുണ്ട്.
യുദ്ധത്തില്‍ ഇരുകൂട്ടരും ഏറ്റുമുട്ടാന്‍ തുടങ്ങവെ അബൂ ജഹ്ൽ ഇപ്രകാരം പ്രാർത്ഥിച്ചതായി രേഖപ്പെട്ടു കിടക്കുന്നുണ്ട്: “ഞങ്ങൾ ഇരുവരിൽ ആരാണോ സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കുകയും കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കുകയും ചെയ്യുന്നത്, അവനെ നീ നശിപ്പിക്കേണമേ”. പ്രവാചകൻ(സ) (നഊദുബില്ലാഹ്) അശുദ്ധമായ ജീവിതമാണ് നയിക്കുന്നതെന്ന് അബൂ ജഹ്ൽ ചിന്തിച്ചിരിക്കാം. അതിനാലാണ് ഈ പ്രാർത്ഥന നടത്തിയത് എന്ന് വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുകയുണ്ടായി. എന്നിരുന്നാലും, ഈ പ്രാർത്ഥന നടത്തി ഒരു മണിക്കൂറിനകം അബൂ ജഹ്ല് കൊല്ലപ്പെട്ടു.
ബദ്റിലെ രക്തസാക്ഷികൾക്ക് ലഭിച്ച സ്വർഗീയ പദവി
മുസ്ലിങ്ങൾ അംഗബലത്തിലും ആയുധബലത്തിലും ശത്രുക്കളെക്കാള്‍ ദുര്‍ബലരായിരുന്നുവെങ്കിലും, ലോകത്തിലെ ഒരു ശക്തിക്കും തന്നെ അതിജയിക്കാനാകാത്ത ഒരു കാര്യം അവർക്കുണ്ടായിരുന്നുവെന്നും, അത് അവരുടെ വിശ്വാസദാർഢ്യമായിരുന്നുവെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷി ഹദ്റത്ത് ഉമർ(റ) മോചിപ്പിച്ച അടിമയായിരുന്ന ഹദ്റത്ത് മഹ്ജ(റ) ആയിരുന്നു.
ഹാരിസ ബിൻ സുറാഖ ബിൻ ഹാരിസ്(റ) എന്ന യുവാവ് ബദ്ര് യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ചപ്പോൾ അദ്ദേഹത്തിന്റെ മാതാവ് നബി(സ)യോട് തന്റെ മകന്റെ സ്ഥാനത്തെ കുറിച്ച് ചോദിച്ചു. നിങ്ങളുടെ മകൻ ജന്നത്തുൽ ഫിർദൗസിൽ (സ്വര്‍ഗത്തിലെ ഏറ്റവും ഉയർന്ന പദവി) ആണുള്ളതെന്ന് നബി(സ) മറുപടി നല്കി.
സഹാബികൾ വളരെ ധീരതയോടെ പോരാടിയെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. സഹിഷ്ണുതയോടെ യുദ്ധം ചെയ്യുകയും പിന്തിരിഞ്ഞു പോകാതിരിക്കുകയും ചെയ്യുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് പ്രവാചകൻ(സ) തന്റെ അനുചരന്മാരോട് പറഞ്ഞു.
അബൂ ജഹ്ലിന്റെ പതനം
ഹദ്റത്ത് അബ്ദുറഹ്മാൻ ബിൻ ഔഫ്(റ) വിവരിക്കുന്നതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. യുദ്ധസമയത്ത് അദ്ദേഹം തന്റെ ഇരുവശത്തുമായി രണ്ട് ആൺകുട്ടികളെ കണ്ടപ്പോൾ ഈ രണ്ടുപേർക്കും എങ്ങനെ തന്നെ സംരക്ഷിക്കാൻ കഴിയുമെന്ന് ചിന്തിച്ചു. ആ ആൺകുട്ടികളിലൊരാൾ അദ്ദേഹത്തോട് ചെവിയിൽ മന്ത്രിച്ചു കൊണ്ട് അബൂ ജഹ്ലിനെ വധിക്കുവാൻ വേണ്ടി അയാളെ ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെട്ടു, അപ്പോൾ, മറുവശത്തുള്ള മറ്റേ കുട്ടിയും അദ്ദേഹത്തോട് അതേ കാര്യം തന്നെ ചെവിയിൽ മന്ത്രിച്ചു. അദ്ദേഹം അബൂ ജഹ്ലിനെ ഇരുവർക്കും ചൂണ്ടിക്കാണിച്ച ആ നിമിഷം തന്നെ അവര്‍ അബൂ ജഹ്ലിനു നേരെ കുതിച്ചു. മുആദും മുഅവ്വിദും ആയിരുന്നു ഇവർ രണ്ടു പേർ.
യുദ്ധാനന്തരം തിരുനബി(സ) അബൂ ജഹ്ലിനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അയാൾ രക്ഷപ്പെടാതിരിക്കാൻ നബി(സ) പ്രാർത്ഥിച്ചു. തുടർന്ന് അബൂ ജഹ്ലിനെ കണ്ടെത്താൻ തിരുനബി(സ) നിർദേശം നല്കി. ഹദ്റത്ത് അബ്ദുല്ലാഹ് ബിൻ മസ്ഊദ്(റ) ഒടുവിൽ അബൂ ജഹ്ലിനെ പാതി ജീവനുള്ള അവസ്ഥയിൽ കണ്ടെത്തി. അബൂ ജഹ്ല് അപ്പോഴും ഹദ്റത്ത് അബ്ദുല്ലാഹ് ബിൻ മസ്ഊദ്(റ)നെ പരിഹസിച്ചുകൊണ്ടിരുന്നു. അദ്ദേഹം അവനെ കൊന്നു, എന്നിട്ട് അവന്റെ ശിരസ്സ് തിരുനബി(സ)യുടെ അടുത്തേക്ക് കൊണ്ടുപോയി.
അബൂ ജഹ്ലിന്റെ അവസാന ആഗ്രഹം പോലും സഫലമായില്ലെന്ന് രണ്ടാം ഖലീഫ(റ) പറഞ്ഞ കാര്യം ഖലീഫാ തിരുമനസ്സ് ഉദ്ധരിച്ചു. അക്കാലത്ത്, മക്കയിലെ ഏതെങ്കിലും പ്രധാനിമാർ കൊല്ലപ്പെട്ടാൽ അവരെ തിരിച്ചറിയാൻ അവരുടെ തല കഴുത്തിന്റെ താഴ് ഭാഗത്ത് നിന്ന് വേർപെടുത്തുകയായിരുന്നു പതിവ്. പക്ഷെ അബൂ ജഹ്ല് ഈ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അബ്ദുല്ലാഹ് ബിൻ മസ്ഊദ്(റ) അത് നിറവേറ്റിയില്ല.
മുസ്ലിങ്ങൾക്ക് ദൈവിക സഹായം
യുദ്ധത്തിൽ അല്ലാഹു മലക്കുകളെ അയച്ചു കൊണ്ട് നബി(സ)യെയും അനുയായികളേയും സഹായിക്കുകയുണ്ടായി.
തന്റെ കൂടാരത്തിൽ നിന്ന് പുറത്തു കടന്ന് തിരുനബി(സ) നാല് ദിശകളിലേക്കും കണ്ണോടിച്ചു. പിന്നീട് തിരുനബി(സ) ഒരുപിടി മണലും ചരലും എടുത്ത് സത്യനിഷേധികൾക്ക് നേരെ എറിഞ്ഞു, “അവരുടെ മുഖം വികൃതമാകട്ടെ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സഹാബികളോട് ഒറ്റയടിക്ക് ആക്രമിച്ചു മുന്നേറാൻ നബി(സ) നിർദേശം നല്കി. നബി(സ) ഒരു പിടി മണൽ മാത്രമേ എറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. ആ സമയത്ത് അവിശ്വാസികളുടെ നേർക്ക് ആഞ്ഞടിച്ച കാറ്റ് അവരുടെ കണ്ണുകളിൽ മണൽ നിറച്ചു. മുസ്ലിങ്ങളുടെ ഈ പെട്ടെന്നുള്ള ആക്രമണത്തിന്റെയും ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെയും ഫലമായി, ഖുറൈശികളുടെ ശക്തി ക്ഷയിക്കാൻ തുടങ്ങി. ഖുറൈശികളുടെ സൈന്യത്തിൽ പെട്ടെന്ന് പരിഭ്രാന്തി പടർന്നു. ക്ഷണനേരം കൊണ്ട് അവരുടെ യുദ്ധക്കളം കാലിയായി.
യുദ്ധത്തിൽ മുസ്ലിങ്ങൾക്ക് വിജയം ലഭിക്കുകയുണ്ടായി. യുദ്ധത്തിൽ പതിനാലു മുസ്ലിങ്ങൾ രക്തസാക്ഷികളായി. എഴുപതു മക്കാ നിഷേധികൾ കൊല്ലപ്പെട്ടു. അവരിൽ പലരും മക്കൻ പ്രഭുക്കന്മാരായിരുന്നു.
ഈ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ദുആക്ക് വേണ്ടിയുള്ള ആഹ്വാനം
ചില ദുആകള്ക്കു വേണ്ടിയും താൻ ശ്രദ്ധ ചെലുത്താന്‍ ആഗ്രഹിക്കുന്നു എന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. ഫലസ്തീനിലെ മുസ്ലിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഖലീഫാ തിരുമനസ്സ് പറഞ്ഞു, അല്ലാഹു അവര്‍ക്ക് എളുപ്പം സൃഷ്ടിക്കുമാറാകട്ടെ, അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് സമാശ്വാസം നല്കട്ടെ, അവരോടുള്ള കടമകള്‍ നിറവേറ്റുകയും അവര്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കുകയും അവരെ അതിക്രമങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്ന നേതൃത്വം അല്ലെങ്കില്‍ നേതാക്കളെ അവന് അവര്‍ക്ക് നല്കട്ടെ. ഫലസ്തീനികള്‍ അത്യധികം അതിക്രമങ്ങള്‍ നേരിടുന്ന അവസ്ഥാവിശേഷമാണുള്ളതെന്നും, ഇപ്പോള്‍ അവരെ ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത പ്രതീതിയാണെന്നും, അവര്‍ക്ക് മാര്‍ഗദര്‍ശനം നല്കാന് ആരുമില്ലാതായിരിക്കുന്നുവെന്നും ഖലീഫാ തിരുമനസ്സ് കൂട്ടിച്ചേര്‍ത്തു. മുസ്ലിങ്ങള്‍ ഒത്തൊരുമിച്ചാല്‍ ഈ കഷ്ടതകളില്‍ നിന്നും അവര്‍ മോചിതരാകുന്നതാണെന്നും ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
തുടര്‍ന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു, സ്വീഡനിലും മറ്റു രാജ്യങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ജനങ്ങള്‍ക്ക് എന്തിനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. അതിന്റെ മറവില്‍, മുസ്ലിങ്ങളുടെ വികാരങ്ങളെ വച്ച് അവർ കളിക്കുന്നു. ഇടക്കിടയ്ക്ക് മുസ്ലിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന അങ്ങേയറ്റം വെറുപ്പുളവാക്കുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തു കൂട്ടുന്നത്. വിശുദ്ധ ഖുര്‍ആനെ അവഹേളിക്കുകയും മുഹമ്മദ് നബി(സ)യെക്കുറിച്ച് അനുചിതമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. അല്ലാഹു തന്നെ അവര്‍ക്ക് തക്കശിക്ഷ ലഭിക്കാനുള്ള സാഹചര്യമുണ്ടാക്കട്ടെ. ഇതും മുസ്ലിം ഭരണകൂടങ്ങളുടെ വീഴ്ച്ച കാരണമായാണ് നടക്കുന്നത്. അവരുടെ പരസ്പരമുള്ള ഭിന്നിപ്പു കാരണമായാണ് ഇസ്ലാം വിരുദ്ധ ശക്തികള്‍ ഇത്തരം തെറ്റായ പ്രവൃത്തികള്‍ ചെയ്യാൻ മുതിരുന്നത്. മുസ്ലിങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രതികരണമുണ്ടായാല്‍ തന്നെ അത് താല്ക്കാലികവും, വലിയ സ്വാധീനം ചെലുത്താന്‍ കഴിവില്ലാത്തതും ആകുന്നു. അതുകൊണ്ട് തന്നെ മുസ്ലിം നേതാക്കള്‍ക്കും ഉമ്മത്തിനും വേണ്ടി ഒരുപാട് പ്രാര്‍ഥിക്കേണ്ടതുണ്ട്. അത് വളരെ അത്യാവശ്യമാണ്.
ഖലീഫാ തിരുമനസ്സ് തുടര്‍ന്നു പറഞ്ഞു, ഫ്രാന്‍സിലും മുസ്ലിങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു. അതിനോടുള്ള മുസ്ലിങ്ങളുടെ പ്രതികരണവും ശരിയല്ല. കലാപവും കുഴപ്പവും സൃഷ്ടിച്ചതു കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുകയില്ല. മുസ്ലിങ്ങള്‍ തങ്ങളുടെ പ്രവൃത്തികള്‍ ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് അനുസൃതമാക്കേണ്ടതാണ്. മുസ്ലിങ്ങളുടെ വാക്കുകളും പ്രവൃത്തികളും ഇസ്ലാമികാധ്യാപനങ്ങളുമായി പൊരുത്തപ്പെടുമ്പോള്‍ മാത്രമേ അവര്‍ക്ക് വിജയമ ലഭിക്കുകയുള്ളൂ.
നമുക്കു ദുആ ചെയ്യാനാണ് സാധിക്കുകയെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് പ്രത്യേകിച്ചും, പൊതുവില്‍ മുഴുലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഖലീഫാ തിരുമനസ്സ് പറഞ്ഞു, സര്‍വശക്തനായ അല്ലാഹു എല്ലാ ജനങ്ങളെയും അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. ലോകത്ത് ശാന്തിയുടെയും സമാധാനത്തിന്റെയും അവസ്ഥ സംജാതമാകട്ടെ. പരസ്പരമുള്ള കടമകൾ നിറവേറ്റേണ്ടതിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കട്ടെ. അല്ലാത്ത പക്ഷം, താന്‍ പലവട്ടം പറഞ്ഞതു പോലെ, ലോകം ഒരു മഹാനാശത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഖലീഫാ തിരുമനസ്സ് ഓര്‍മപ്പെടുത്തി. അല്ലാഹു കരുണ ചൊരിയുമാറാകട്ടെ.
പാക്കിസ്താനിലെ അഹ്മദികള്ക്കു വേണ്ടിയും ദുആ ചെയ്യാന്‍ ഖലീഫാ തിരുമനസ്സ് ആഹ്വാനം ചെയ്യു കൊണ്ട് പറഞ്ഞു, അല്ലാഹു അവരെയും എല്ലാവിധത്തിലുമുള്ള ഉപദ്രവങ്ങളില്‍ നിന്നും രക്ഷിക്കുമാറാകട്ടെ.
ഖലീഫാ തിരുമനസ്സ് പറഞ്ഞു, ഫ്രാന്‍സില്‍ ഒരുപാട് പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. വധിക്കപ്പെട്ട ആണ്‍കുട്ടിയെ പിന്തുണയ്ക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, യാഥാര്‍ഥ്യം അതല്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിക്കും പിടികൂടപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും വേണ്ടി ഫണ്ട് സ്വരൂപിക്കപ്പെടുന്നുണ്ട്. പ്രസ്തുത കുട്ടിക്കു വേണ്ടിയുള്ള ഫണ്ടില്‍ വെറും രണ്ടു ലക്ഷം യൂറോ സമാഹരിക്കപ്പെട്ടപ്പോള്‍, കസ്റ്റഡിയിലായ പോലീസ് ഉദ്യോഗസ്ഥനു വേണ്ടിയുള്ള ഫണ്ടിലേക്ക് ഒരു ദശലക്ഷത്തിലധികം യൂറോ ആണ് ശേഖരിക്കപ്പെട്ടത്. അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകുകയും, ഇക്കൂട്ടര്‍ക്ക് നീതി നടപ്പാക്കാന്‍ സാധിക്കുകയും, മുസ്ലിങ്ങള്‍ക്ക് ഒരുമിക്കാനുള്ള സൗഭാഗ്യം ഉണ്ടാകുകയും ചെയ്യട്ടെ.
0 Comments