യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കണമെന്നും, മോചനദ്രവ്യം നല്കാന്‍ പറ്റാത്തവര്‍ക്ക് മദീനയിലെ കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചാല്‍ മോചിതരാകാം എന്നും തിരുദൂതര്‍(സ) ഉത്തരവിട്ടു.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 14 ജൂലായ് 2023ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ജൂലൈ 17, 2023
നബി തിരുമേനി(സ)യുടെ പരിശുദ്ധ ജീവിതം ബദ്ര്‍ യുദ്ധത്തിന്റെ വെളിച്ചത്തിൽ പരാമര്‍ശിച്ചു കൊണ്ടിരിക്കുകയാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
ബദ്ർ യുദ്ധത്തിൽ എഴുപത് മക്കക്കാർ കൊല്ലപ്പെടുകയുണ്ടായി. അവരിൽ പലരും മക്കയിലെ തലവന്മാരായിരുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഒരിക്കൽ നബി തിരുമേനി(സ) കഅ്ബയിൽ നമസ്കരിക്കുന്നതിനിടയില്‍ സുജൂദിൽ ആയിരുന്നപ്പോള്‍ ചില മക്കക്കാര്‍ ദ്രോഹബുദ്ധ്യാ മൃഗങ്ങളുടെ കുടൽമാല നബി തിരുമേനി(സ)യുടെ മുതുകിൽ വെക്കുകയുണ്ടായി. അത് അദ്ദേഹത്തിന് എഴുന്നേൽക്കാൻ കഴിയാത്ത വിധം ഭാരമുള്ളതായിരുന്നുവെന്ന് രേഖപ്പെട്ടിട്ടുണ്ട്. ഹദ്‌റത്ത് ഫാത്തിമ(റ) ഇക്കാര്യം കേട്ടപ്പോൾ നബി തിരുമേനി(സ)യുടെ അടുത്തേക്ക് ഓടിയെത്തി അത് നീക്കം ചെയ്തു. പിന്നീട് നബി തിരുമേനി(സ)യുടെ എഴുന്നേറ്റ ശേഷം, അത് ചെയ്തവരെ ശിക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാർഥിച്ചു. പിന്നീട് അദ്ദേഹം ചില പ്രമുഖരായ മക്കക്കാരുടെ പേരുകൾ എടുത്ത് പറയുകയുണ്ടായി. അവർ പിന്നീട് ബദർ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
മക്കയിലെ പ്രമാണിമാരെ സംബന്ധിച്ച് നബി തിരുമേനി(സ)യുടെ നിര്‍ദേശങ്ങൾ
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, മക്കയിലെ ഓരോരോ നേതാവും എവിടെ വച്ചാണ് കൊല്ലപ്പെടുക എന്ന് നബി തിരുമേനി(സ) തന്റെ അനുചരർക്ക് കാണിച്ചുകൊടുത്തതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. നബി തിരുമേനി(സ) ഓരോ തലവന്റെയും പേരെടുക്കുകയും അയാള്‍ എവിടെ വച്ചാണ് കൊല്ലപ്പെടുകയെന്ന് നിലം തൊട്ട് കാണിക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം, ബദ്ര്‍ യുദ്ധത്തിൽ, തിരുദൂതര്‍(സ) പേരെടുത്ത ആളുകൾ അതാത് സ്ഥലത്ത് തന്നെ കൊല്ലപ്പെടുകയുണ്ടായി.
ബദ്ര്‍ യുദ്ധത്തിന് ശേഷം മക്കക്കാരുടെ മൃതദേഹങ്ങൾ ഒരു പടുകുഴിയില്‍ ഇടാൻ നബി തിരുമേനി(സ) നിർദ്ദേശിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. യുദ്ധത്തിൽ വിജയിച്ചാൽ മൂന്ന് ദിവസം വിജയസ്ഥലത്ത് തങ്ങുക എന്നത് നബി തിരുമേനി(സ)യുടെ പതിവായിരുന്നു. അവിടെ നിന്ന് മടങ്ങുന്നതിനു മുമ്പ്, നബി തിരുമേനി(സ) മക്കക്കാരെ അടക്കം ചെയ്ത സ്ഥലത്തേക്ക് പോയി.
ഈ സംഭവം വിവരിച്ചു കൊണ്ട് ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിർസാ ബഷീർ അഹ്‌മദ്(റ)നെ ഉദ്ധരിച്ചു:
“അതായത്, തിരിച്ചുവരുന്നതിന് മുമ്പ്, നബി തിരുമേനി(സ) ഖുറൈശികളുടെ പ്രമാണിമാരെ അടക്കം ചെയ്ത ഗര്‍ത്തത്തിനരികില്‍ ചെന്ന് ഓരോരുത്തരുടെയും പേരെടുത്ത് ഇപ്രകാരം വിളിച്ച് പറഞ്ഞു:
“‘ദൈവം എന്നിലൂടെ നിങ്ങളോട് ചെയ്ത വാഗ്ദാനം സത്യമായി പുലര്‍ന്നത് നിങ്ങള്‍ കണ്ടില്ലേ? നിശ്ചയമായും, ദൈവം എന്നോട് ചെയ്ത വാഗ്ദാനം സത്യമായി പുലര്‍ന്നത് ഞാൻ കണ്ടിരിക്കുന്നു.’
“തുടർന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു:
“‘പടുകുഴിയിലുള്ള ജനങ്ങളേ! നിങ്ങള്‍ നിങ്ങളുടെ പ്രവാചകന്റെ ഏറ്റവും നികൃഷ്ടരായ ബന്ധുക്കളാണെന്ന് തെളിയിച്ചിരിക്കുന്നു. മറ്റുള്ളവർ എന്റെ സത്യതയ്ക്ക് സാക്ഷ്യം വഹിച്ചപ്പോൾ നിങ്ങൾ എന്നെ തള്ളിക്കളഞ്ഞു. നിങ്ങൾ എന്നെ എന്റെ സ്വദേശത്ത് നിന്ന് നാടുകടത്തിയപ്പോള്‍ മറ്റുള്ളവർ എനിക്ക് സംരക്ഷണം നൽകി. നിങ്ങൾ എനിക്കെതിരെ യുദ്ധം ചെയ്തപ്പോള്‍, മറ്റുള്ളവർ എന്നെ പിന്തുണച്ചു.’
“ഹദ്റത്ത് ഉമർ(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ! അവർ മരിച്ചുപോയി. ഇപ്പോൾ അവർ താങ്കള്‍ പറയുന്നത് എങ്ങനെ കേൾക്കാനാണ്.’ നബി തിരുമേനി(സ) പറഞ്ഞു: ‘നിങ്ങൾ കേൾക്കുന്നതിനേക്കാൾ നന്നായി അവർ ഞാന്‍ പറയുന്നത് കേൾക്കുന്നുണ്ട്.’ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ യാഥാര്‍ഥ്യങ്ങളും അനാവരണം ചെയ്യപ്പെടുന്ന ഒരു ലോകത്ത് അവർ എത്തിയിരിക്കുന്നു. അവിടെ ഒരു മറയും അവശേഷിക്കുന്നില്ല. മുകളിലുദ്ധരിച്ച നബി തിരുമേനി(സ)യുടെ ഈ വാക്കുകളിൽ മനോവേദനയും വ്യഥയുമാണ് സ്ഫുരിക്കുന്നത്. നബി തിരുമേനി(സ)യുടെ അന്നേരത്തെ ഹൃദയാവസ്ഥ ആര്‍ക്കും ഊഹിക്കാവുന്നതാണ്… അതുപോലെ, ഈ യുദ്ധ പരമ്പരയുടെ തുടക്കത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മക്കയിലെ സത്യനിഷേധികള്‍ക്കാണ് എന്നതിന് വ്യക്തമായ തെളിവാണ് തിരുനബി(സ)യുടെ ‘എന്റെ ജനമേ! നിങ്ങൾ എനിക്കെതിരെ യുദ്ധം ചെയ്തപ്പോള്‍ മറ്റുള്ളവർ എന്നെ പിന്തുണച്ചു’ എന്ന വാക്കുകൾ. ചുരുങ്ങിയ പക്ഷം, പുണ്യപ്രവാചകന്‍(സ)യുടെ അഭിപ്രായത്തില്‍, ഈ യുദ്ധം ആരംഭിച്ചത് സത്യനിഷേധികള്‍ ആയിരുന്നെന്നും, താന്‍ വാളെടുത്ത് പ്രതിരോധം ചെയ്യാന്‍ നിര്‍ബന്ധിതനാകുകയാണ് ഉണ്ടായതെന്നും നബി തിരുമേനി(സ) വിശ്വസിച്ചിരുന്നു എന്ന് ഈ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.”[1]
ബദ്ർ യുദ്ധാവസരത്തിലെ ചില അത്ഭുതങ്ങൾ
ബദ്ർ യുദ്ധത്തിൽ ചില അത്ഭുത സംഭവങ്ങൾ നടന്നതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ഉദാഹരണത്തിന്, ബദ്ര്‍ യുദ്ധത്തിൽ ഉകാശാ ബിൻ മിഹ്‌സന്‍(റ)ന്റെ വാൾ പൊട്ടി. അദ്ദേഹം നബി തിരുമേനി(സ)യുടെ അടുത്ത് ചെന്നപ്പോൾ തിരുദൂതര്‍(സ) അദ്ദേഹത്തിന് ഒരു മരക്കഷണം നല്കി. അവിശ്വാസികളോട് യുദ്ധം ചെയ്യാൻ അത് ഉപയോഗിക്കണമെന്ന് നബി തിരുമേനി(സ) പറഞ്ഞു. ഉകാശാ(റ) അത് ഉയർത്തിയപ്പോൾ അതൊരു വാളായി.
ബദ്ർ യുദ്ധത്തിൽ നടന്ന മറ്റൊരു അത്ഭുതം ഖലീഫാ തിരുമനസ്സ് വിവരിക്കുകയുണ്ടായി. ഹദ്റത്ത് ഖതാദ(റ)യുടെ കണ്ണിന് നേരെ ആക്രമണമുണ്ടായി. എത്രത്തോളമെന്നാൽ അദ്ദേഹത്തിന്റെ ഒരു കണ്ണ് പുറന്തള്ളി വന്നു. അദ്ദേഹം അത് ഉപേക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ, അങ്ങനെ ചെയ്യരുതെന്ന് നബി തിരുമേനി(സ) അദ്ദേഹത്തോട് നിര്‍ദേശിച്ചു. നബി തിരുമേനി(സ) തന്റെ കൈത്തലത്തിൽ കണ്ണ് വയ്ക്കുകയും എന്നിട്ട് അത് അതിന്റെ സ്ഥാനത്ത് തിരികെ വയ്ക്കുകയും ചെയ്തു. പിന്നീട് ഹദ്‌റത്ത് ഖതാദ(റ)ക്ക് ഈ കണ്ണിന് എന്തെങ്കിലും സംഭവിച്ചതായി പോലും തോന്നിയിരുന്നില്ല.
മക്കക്കാർ തോറ്റപ്പോൾ അവർ മക്കയിലേക്ക് തിരികെ ഓടിപ്പോയി. ആദ്യത്തെ മക്കക്കാരൻ മക്കയിൽ തിരിച്ചെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവർ യുദ്ധം എങ്ങനെ കലാശിച്ചുവെന്ന് ആ വ്യക്തിയോട് ചോദിച്ചു. കൊല്ലപ്പെട്ട പ്രമുഖരായ മക്കക്കാരുടെ പേരുകൾ ആ വ്യക്തി ഉച്ചരിക്കാന്‍ തുടങ്ങി. അയാൾക്ക് ഭ്രാന്ത് പിടിച്ചെന്ന് ആളുകൾ കരുതി. പക്ഷേ തനിക്ക് ഭ്രാന്തില്ലെന്നും തന്റെ കൺമുമ്പിൽ നടന്ന സംഭവങ്ങളാണിതെന്ന് അയാള്‍ അവർക്ക് ഉറപ്പ് നല്കുകയും ചെയ്തു. മക്കക്കാരിൽ അത് അങ്ങേയറ്റം ഞെട്ടലുണ്ടാക്കി, മുസ്‌ലിങ്ങൾക്ക് സന്തോഷം ആയാലോ എന്ന് കരുതി മരണപ്പെട്ടവരെ ഓർത്ത് വിലപിക്കുന്നതിൽ നിന്ന് പോലും അവർ വിട്ടുനിന്നു.
മദീനയിൽ പ്രചരിച്ച വ്യാജവാർത്തകൾക്ക് വിരാമം
ഹദ്‌റത്ത് സൈദ്(റ) മദീനയിൽ തിരിച്ചെത്തിയപ്പോൾ, യുദ്ധത്തിൽ കൊല്ലപ്പെട്ട എല്ലാ മക്കാ പ്രമാണിമാരെയും പ്രമുഖരെയും കുറിച്ച് അറിയിക്കുകയുണ്ടായി. നേരത്തെ കപടവിശ്വാസികളും യഹൂദരും മുസ്‌ലിങ്ങൾക്ക് പരാജയം സംഭവിച്ചുവെന്നും, തിരുദൂതര്‍(സ) മരണപ്പെട്ടു എന്നും വ്യാജവാർത്തകൾ പ്രചരിപ്പിച്ചിട്ടുണ്ടായിരുന്നു. ഹദ്‌റത്ത് സൈദ്(റ) നബി തിരുമേനി(സ)യുടെ ഒട്ടകപ്പുറത്ത് കയറി മദീനയിലേക്ക് പ്രവേശിച്ചത് കൂടി കണ്ടപ്പോൾ തിരുദൂതര്‍(സ) വഫാത്തായെന്നും, അതിനാലാണ് ഹദ്‌റത്ത് സൈദ്(റ) നബി തിരുമേനി(സ)യുടെ ഒട്ടകപ്പുറത്തേറി വന്നതെന്നും അവര്‍ പറഞ്ഞു പരത്തി. എന്നാൽ, അങ്ങനെയല്ലെന്ന് ഹദ്‌റത്ത് സൈദ്(റ) അവർക്ക് ഉറപ്പ് നല്കി. നബി തിരുമേനി(സ) മടങ്ങിവരുന്നു എന്നറിഞ്ഞ് മുസ്‌ലിങ്ങൾ തിരുദൂതരെ(സ) അഭിവാദ്യം ചെയ്യാനും സ്വാഗതം ചെയ്യാനും റൗഹയിലേക്ക് ഓടി.
യുദ്ധമുതലുകളുടെ വിതരണവും, യുദ്ധ തടവുകാരോടുള്ള സമീപനവും
മുസ്‌ലിങ്ങൾക്ക് നൂറ്റിയമ്പത് ഒട്ടകങ്ങളും പത്ത് കുതിരകളും യുദ്ധമുതലായി ലഭിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. തന്റെ വിഹിതം സഹാബികളുടേതിന് തുല്യമായിരിക്കണമെന്ന് നബി തിരുമേനി(സ) പറയുകയുണ്ടായി. നബി തിരുമേനി(സ)ക്ക് വേണ്ടി സഹാബികൾ ഒരു വാളും അബൂ ജഹ്‌ലിന്റെ ഒട്ടകങ്ങളിലൊന്നും കരുതിയിരുന്നു. വാളും അബൂ ജഹ്‌ലിന്റെതാണെന്ന് ചില വിവരണങ്ങൾ പറയുന്നു. സുൽഫഖാർ എന്നായിരുന്നു ആ വാളിന്റെ പേര്. ഇതേ വാൾ തന്നെ തുടർന്നുള്ള യുദ്ധങ്ങളിലും തിരുദൂതര്‍(സ) ഉപയോഗിച്ചതായി രേഖപ്പെട്ടിട്ടുണ്ട്. ഹുദൈബിയ ഉടമ്പടിയുടെ സമയത്ത് അതേ ഒട്ടകത്തെ ബലിമൃഗമായി നബി തിരുമേനി(സ) കൂടെക്കൊണ്ടുപോയതായും രേഖപ്പെട്ടിട്ടുണ്ട്.
യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്കും നബി തിരുമേനി(സ) യുദ്ധ മുതലുകൾ നല്കിയെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തന്‍റെ പ്രതിനിധികളായി മദീനയിൽ നിയമിക്കപ്പെട്ടവർക്കും മറ്റു ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കപ്പെട്ട സഹാബികൾക്കും തിരുദൂതര്‍(സ) ഒരു വിഹിതം നല്കി.
ദൈവിക കല്പന പ്രകാരം മോചനദ്രവ്യം വാങ്ങി തടവുകാരെ മോചിപ്പിക്കുന്നതിന് നബി തിരുമേനി(സ) നിർദേശിച്ചതായി ഖലീഫ തിരുമനസ്സ് പറഞ്ഞു. ഹദ്‌റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ്(റ)നെ ഉദ്ധരിച്ചു കൊണ്ട് ഖലീഫാ തിരുമനസ്സ് പറഞ്ഞു:
“നബി തിരുമേനി(സ) മദീനയിൽ തിരിച്ചെത്തിയപ്പോൾ തടവുകാരെ എന്തു ചെയ്യണമെന്ന് ഉപദേശം തേടി. പൊതുവെ, തടവുകാരെ വധിക്കുകയോ അവരെ സ്ഥിരം അടിമകളാക്കുകയോ ചെയ്യുന്നത് അറേബ്യയിൽ ഒരു സമ്പ്രദായമായിരുന്നു. എന്നിരുന്നാലും, അത്തരം കഠിനമായ നടപടികളോട് നബി തിരുമേനി(സ)ക്ക് താല്പര്യമില്ലായിരുന്നു. ഇക്കാര്യത്തിൽ അതുവരേക്കും ദൈവിക കല്പനകൾ ഒന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല.
“ഹദ്‌റത്ത് അബൂബക്കർ(റ) തന്റെ അഭിപ്രായം ഇപ്രകാരം അറിയിച്ചു, ‘എന്റെ അഭിപ്രായത്തിൽ, അവരെ മോചനദ്രവ്യം സ്വീകരിച്ചു കൊണ്ട് മോചിപ്പിക്കണം, കാരണം അവർ നമ്മുടെ സഹോദരന്മാരും ബന്ധുക്കളുമാണ്. നാളെ ഇസ്‌ലാം മത വിശ്വാസികൾ ജനിക്കുന്നത് ഇക്കൂട്ടരുടെ ഇടയിൽ നിന്നായിരിക്കും’. ഹദ്‌റത്ത് ഉമർ(റ) ഈ വീക്ഷണത്തെ എതിർത്തുകൊണ്ട് പറഞ്ഞു:
“‘മതത്തിന്റെ കാര്യത്തിൽ ബന്ധുത്വത്തിന്റെ പരിഗണന പാടില്ല. ഈ ആളുകൾ അവരുടെ പ്രവൃത്തികൾ കാരണം വധശിക്ഷയ്ക്ക് അർഹരായിരിക്കുന്നു. അവരെയെല്ലാം വധിക്കണമെന്നാണ് എന്റെ അഭിപ്രായം. വാസ്തവത്തിൽ, മുസ്‌ലിങ്ങൾ അവരവരുടെ ബന്ധുക്കളെ സ്വന്തം കൈകൊണ്ട് വധിക്കണം.’
“തന്റെ സഹജമായ കാരുണ്യത്താൽ നബി തിരുമേനി(സ) ഹദ്‌റത്ത് അബൂബക്കർ(റ)ന്‍റെ നിർദ്ദേശം അംഗീകരിച്ചു. അങ്ങനെ, അദ്ദേഹം വധശിക്ഷയ്‌ക്കെതിരെ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും മോചനദ്രവ്യം നല്കുന്ന വിഗ്രഹാരാധകരെ വിട്ടയയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ദൈവിക നിർദേശവും ലഭിക്കുകയുണ്ടായി. തുടര്‍ന്ന്, ഓരോ വ്യക്തിക്കും പ്രത്യേകമായ നിലയില്‍ 1,000 ദിർഹം മുതൽ 4,000 ദിർഹം വരെ മോചനദ്രവ്യം നിശ്ചയിച്ചിക്കപെടുകയുണ്ടായി.”[2]
മോചനദ്രവ്യം നല്കാൻ സാധിക്കാത്തവരോട് മദീനയിലെ കുട്ടികൾക്ക് എഴുത്തും വായനയും പഠിപ്പിച്ചാല്‍ അവരെ മോചിപ്പിക്കാമെന്ന ഇളവും നബി തിരുമേനി(സ) നല്കുകയുണ്ടായി.
ഈ വിവരണങ്ങൾ തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2 പേ. 155-156
[2] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2 പേ. 160-161
0 Comments