മുസ്ലിങ്ങള്‍ തടവുകാരോട് അത്യധികം കാരുണ്യത്തോടെ പെരുമാറി. അവര്‍ സ്വയം കാല്‍നടയായി സഞ്ചരിക്കുകയും തടവുകാര്‍ക്ക് സവാരിമൃഗം നല്‍കുകയും, സ്വയം ഭക്ഷിക്കാതെ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) 21 ജൂലൈ 2023ന് മസ്ജിദ് ബൈത്തുല്‍ ഫുത്തൂഹ് ലണ്ടനില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ജൂലൈ 23, 2023
ബദ്ർ യുദ്ധവുമായി ബന്ധപ്പെട്ട് നബി തിരുമേനി(സ)യുടെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ താൻ പരാമർശിച്ചു വരികയാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
യുദ്ധത്തടവുകാരോട് മാന്യമായ പെരുമാറ്റം
ബദ്ര് യുദ്ധത്തില്‍ തടവുകാരായി കൊണ്ടുവരപ്പെട്ടവരില് നബി തിരുമേനി(സ)യുടെ പിതൃവ്യനായ അബ്ബാസും ഉണ്ടായിരുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തടവുകാരെ നബി തിരുമേനി(സ)യുടെ അടുക്കൽ കൊണ്ടുവന്ന രാത്രി അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരാൾ നബി തിരുമേനി(സ)യോട് ഉറങ്ങാതിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചപ്പോൾ അബ്ബാസിന്റെ നിലവിളി കാരണമാണെന്ന് അദ്ദേഹം മറുപടി നല്കി. അപ്പോൾ ആരോ ചെന്ന് അബ്ബാസിന്റെ ചങ്ങലകൾക്ക് അയവ് വരുത്തി. അബ്ബാസിന്റെ നിലവിളി കേൾക്കാതായപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നബി തിരുമേനി(സ) ചോദിച്ചു. അദ്ദേഹത്തിന്റെ ചങ്ങലകൾക്ക് അയവ് വരുത്തിയതാണെന്ന് സഹാബികൾ മറുപടി നല്കി. അങ്ങനെയെങ്കിൽ ഇതേ രീതിയിൽ എല്ലാ തടവുകാരുടെയും ചങ്ങലകൾക്ക് അയവ് വരുത്താൻ തിരുദൂതര്‍(സ) നിർദേശിച്ചു.
ഖലീഫാ തിരുമനസ്സ് തന്റെ പ്രഭാഷണത്തിൽ ഹദ്റത്ത് മിർസാ ബശീർ അഹ്മദ് സാഹിബ്(റ)നെ ഉദ്ധരിക്കുകയുണ്ടായി. അദ്ദേഹം എഴുതുന്നു:
“നബി തിരുമേനി(സ) മൂന്ന് ദിവസം ബദ്ർ താഴ്വരയിൽ തങ്ങുകയുണ്ടായി. രക്തസാക്ഷികളെ കഫൻ ചെയ്യാനും അടക്കം ചെയ്യാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനും ഈ സമയം ചെലവഴിച്ചു. അതുപോലെ, ഈ ദിവസങ്ങളിലാണ് യുദ്ധമുതലുകൾ ശേഖരിച്ച് വീതിക്കപ്പെട്ടത്. എഴുപതോളം വരുന്ന സത്യനിഷേധികളായ തടവുകാര്‍ സുരക്ഷിതമായി വിവിധ മുസ്ലിങ്ങളുടെ മേല്‍നോട്ടത്തില്‍ ഏല്പിക്കപ്പെക്കുകയും ചെയ്തു. തടവുകാരോട് സൗമ്യമായും ദയയോടെയും പെരുമാറണമെന്നും, അവരുടെ സൗഖ്യം ഉറപ്പുവരുത്തണമെന്നും നബി തിരുമേനി(സ) മുസ്ലിങ്ങളോട് കർശനമായി നിർദേശിച്ചു. തങ്ങളുടെ യജമാനന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാനുള്ള തീവ്രമായ ആഗ്രഹം ഉള്ള പ്രവാചകന്റെ അനുയായികൾ ഈ നിർദേശങ്ങൾ പ്രാവർത്തികമാക്കിയതിന് സമാനമായ സംഭവം ചരിത്രത്തിൽ കാണാൻ സാധിക്കുകയില്ല. ഈ തടവുകാരില്‍ ഒരാളായിരുന്ന അബു അസീസ് ബിൻ ഉമൈർ എന്ന ഒരു തടവുകാരൻ പറയുന്നു:
“‘നബി(സ)യുടെ ഉദ്ബോധനം കാരണം അൻസാർ എനിക്ക് റൊട്ടി തരികയും, അവര്‍ സ്വയം ഈത്തപ്പഴവും മറ്റും കഴിച്ച് വിശപ്പടക്കുകയും ചെയ്യുമായിരുന്നു. ഒരു ചെറിയ കഷണം റൊട്ടിയാണ് അവര്‍ക്ക് ലഭിക്കുന്നതെങ്കില്‍, അവർ അത് സ്വയം ഭക്ഷിക്കാതെ എനിക്ക് തരുമായിരുന്നു. ലജ്ജ കാരണം ഞാൻ അത് അവർക്ക് തിരിച്ചു നല്കിയാല് തന്നെ, എന്നോട് ഭക്ഷിക്കാൻ നിർബന്ധിക്കുമായിരുന്നു.’
“ആവശ്യത്തിന് വസ്ത്രമില്ലാത്ത തടവുകാർക്ക് വസ്ത്രങ്ങൾ നല്കപ്പെട്ടിരുന്നു. ഈ രീതിയില്‍ അബ്ദുല്ലാഹ് ബിന്‍ ഉബയ്യ് അബ്ബാസിന് തന്റെ വസ്ത്രം നല്കുകയുണ്ടായി.
“തടവുകാരോടുള്ള ഈ സൗമ്യമായ പെരുമാറ്റത്തെ പുകഴ്ത്തിക്കൊണ്ട് സർ വില്യം മ്യൂർ ഇപ്രകാരം എഴുതുന്നു:
“‘മുഹമ്മദിന്റെ കല്പനകൾ അനുസരിച്ച്, മദീനയിലെ പൗരന്മാരും, ഇതിനകം സ്വന്തമായി വീടുകൾ ഉള്ള അഭയാർഥികളും, തടവുകാരെ സ്വീകരിക്കുകയും അവരോട് വളരെ കരുതലോടെ പെരുമാറുകയും ചെയ്തു. ഈ തടവുകാരില്‍ ഉള്‍പ്പെട്ട ഒരാള്‍ പിന്നീട് ഇപ്രകാരം പറയുകയുണ്ടായി, ‘മദീനയിലെ മനുഷ്യർക്ക് മേൽ അനുഗ്രഹം ചൊരിയപ്പെടട്ടെ! അവർ സ്വയം കാല്‍നടയായി സഞ്ചരിക്കുകയും ഞങ്ങള്‍ക്ക് സവാരിമൃഗം നല്‍കുകയും ചെയ്തു. റൊട്ടിക്ക് കുറവുള്ളപ്പോൾ അവർ ഈത്തപ്പഴം കൊണ്ട് തൃപ്തിപ്പെട്ട് ഞങ്ങൾക്ക് റൊട്ടി തിന്നാൻ തന്നു’. ആയതിനാല്‍, അവരുടെ സുഹൃത്തുക്കൾ പിന്നീട് മോചനദ്രവ്യവുമായി വന്നപ്പോൾ, ഈ രീതിയില്‍ പരിചരണം ലഭിച്ച നിരവധി തടവുകാർ, ഇസ്ലാമിന്റെ അനുയായികളായി മാറിയതില്‍ അതിശയിക്കാനൊന്നുമില്ല… അവരുടെ ഈ ദയാപൂര്‍വമായ പെരുമാറ്റം പെട്ടെന്ന് തന്നെ ഇസ്ലാം സ്വീകരിക്കാത്തവരുടെ മനസ്സുകളിലും അനുകൂലമായ പ്രഭാവം ഉണ്ടാക്കി.’”[1]
ബദ്റിലെ വിജയം ഇസ്ലാമിന്റെ എതിരാളികളെ എങ്ങനെ ബാധിച്ചു
മുസ്ലിങ്ങള്‍ വിജയം പ്രാപിച്ച വാർത്ത മദീനയിൽ എത്തിയപ്പോൾ കഅ്ബ് ബിൻ അഷ്റഫ് അതിനെ നിഷേധിക്കാൻ ശ്രമിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. സത്യത്തിൽ ഈ വിജയവും, മുസ്ലിങ്ങൾ മക്കയിലെ പ്രമാണിമാരെ പരാജയപ്പെടുത്തിയതും കണ്ട് ജൂതജനത വളരെയധികം അസൂയപ്പെട്ടു.
ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മീർസാ ബശീർ അഹ്മദ് സാഹിബ്(റ)നെ ഉദ്ധരിക്കുകയുണ്ടായി. അദ്ദേഹം പറയുന്നു:
“ഇത് വരേയ്ക്കും, ഔസ്, ഖസ്റജ് ഗോത്രങ്ങളിൽ പെട്ട നിരവധി ആളുകൾ ബഹുദൈവാരാധനയിൽ ഉറച്ചു നില്‍ക്കുകയായിരുന്നു. ബദ്റിന്റെ വിജയം ഇക്കൂട്ടർക്കിടയിൽ ഒരു ചലനത്തിന് കാരണമായി. പ്രൗഢവും അസാധാരണവുമായ ഈ വിജയം കണ്ടപ്പോൾ, അവരിൽ നിന്നുള്ള നിരവധി ആളുകൾക്ക് ഇസ്ലാമിന്റെ സത്യം ബോധ്യപ്പെട്ടു. അതിനുശേഷം, മദീനയിൽ വിഗ്രഹാരാധനയുടെ ഘടകങ്ങൾ വളരെ വേഗത്തിൽ കുറയാൻ തുടങ്ങി. എന്നിരുന്നാലും, ഇസ്ലാമിന്റെ ഈ വിജയം ചിലരുടെ ഹൃദയങ്ങളില്‍ പകയുടെയും അസൂയയുടെയും തീയും ആളിക്കത്തിച്ചു. പരസ്യമായി ഇസ്ലാമിനെ എതിര്‍ക്കുക എന്നത് അനുചിതമാണെന്ന് കണ്ടുകൊണ്ട് അവര്‍ പ്രത്യക്ഷത്തിൽ ഇസ്ലാം സ്വീകരിച്ചു. എന്നാല്‍, മനസ്സാലെ അതിനെ ഉന്മൂലനം ചെയ്യാന്‍ അവർ ആഗ്രഹിക്കുകയും കപടവിശ്വാസികളുടെ സംഘത്തിൽ ചേരുകയും ചെയ്തു. ഖസ്റജ് ഗോത്രത്തിലെ പ്രമുഖനായ അബ്ദുല്ലാഹ് ബിൻ ഉബയ്യ് ബിൻ സുലുൽ ആയിരുന്നു ഈ ജനവിഭാഗത്തിൽ ഏറ്റവും പ്രമുഖൻ. നബി തിരുമേനി(സ) മദീനയിലേക്ക് വന്നതോടെ തന്റെ നേതൃത്വം നഷ്ടപ്പെട്ടതിന്റെ ആഘാതം അയാളില്‍ ആദ്യമേ ഉണ്ടായിരുന്നു. ബദ്റിന് ശേഷം ഈ വ്യക്തി ബാഹ്യമായി ഇസ്ലാം സ്വീകരിക്കുകയും, ഹൃദയത്തില്‍ ഇസ്ലാമിനോടുള്ള വെറുപ്പും ശത്രുതയും വച്ചുപുലര്‍ത്തുകയും ചെയ്തു. അങ്ങനെ, ഇയാള്‍ കപടവിശ്വാസികളുടെ നേതാവായി മാറുകയും, രഹസ്യമായി ഇസ്ലാമിനും നബി തിരുമേനി(സ)ക്കുമെതിരെ ഗൂഢാലോചനകൾ നടത്താന്‍ ആരംഭിക്കുകയും ചെയ്തു.”[2]
ബദ്ര് യുദ്ധത്തിൽ പങ്കെടുത്ത സഹാബികളുടെ പദവി
ഖലീഫാ തിരുമനസ്സ് പറഞ്ഞു, ജിബ്രീൽ നബി തിരുമേനി(സ)യുടെ അടുത്ത് ചെന്ന് ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത മുസ്ലിങ്ങൾക്ക് എന്ത് പദവിയാണ് നല്‍കിയിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അവരാണ് മുസ്ലിങ്ങളിൽ ഏറ്റവും മികച്ചവരെന്ന് നബിദൂതര്(സ) പറഞ്ഞു. യുദ്ധത്തിൽ പങ്കെടുത്ത മലക്കുകളുടെ കാര്യവും ഇതുതന്നെയാണെന്ന് ജിബ്രീൽ പറഞ്ഞു.
ബദ്റിലും ഹുദൈബിയയിലും പങ്കെടുത്തവരിൽ നിന്ന് ആരും നരകത്തിൽ പ്രവേശിക്കില്ലെന്ന് പുണ്യപ്രവാചകൻ(സ) പറഞ്ഞതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ഹദ്റത്ത് ഉമർ(റ)ന്റെ കാലത്ത് സഹാബികൾക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തിയപ്പോൾ ബദ്ര് യുദ്ധത്തിൽ പങ്കെടുത്തവർക്ക് ഉയർന്ന സംഖ്യ നിശ്ചയിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു.
സർവ്വശക്തനായ ദൈവത്തിന്റെ പിന്തുണ അവൻ തിരഞ്ഞെടുത്തവർക്ക്
ഇസ്രായീൽ ജനത പീഡിപ്പിക്കപ്പെട്ടതുപോലെ, മക്കയിൽ മുസ്ലിങ്ങളും പീഡിപ്പിക്കപ്പെട്ടുവെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഒടുവിൽ, ഇസ്രായീൽ ഈജിപ്തിൽ നിന്ന് പലായനം ചെയ്തതു പോലെ, മുസ്ലിങ്ങളും മക്ക വിട്ടു. ഫിര്ഔൻ ഇസ്രായീല്യരെ പിന്തുടരുകയും തല്‍ഫലമായി സ്വയം നാശമടയുകയും ചെയ്തതു പോലെ, മക്കക്കാരും മുസ്ലിങ്ങളെ പിന്തുടരുകയും, ഒടുവിൽ നശിപ്പിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് ബദ്റിന് ശേഷം യുദ്ധക്കളത്തിൽ അബൂ ജഹ്ലിന്റെ മൃതദേഹം കണ്ടപ്പോൾ, ഇത് മക്കക്കാരുടെ ഫിർഔനാണെന്ന് നബി തിരുമേനി(സ) പറഞ്ഞത്.
“നിങ്ങൾ [ഇതിനു മുമ്പ്] ബലഹീനരായിരിക്കെ ബദ്റിൽ അല്ലാഹു തീര്‍ച്ചയായും നിങ്ങളെ സഹായിച്ചിട്ടുണ്ട്”[3] എന്ന ഖുർആനിക വചനത്തിൽ, ബദ്റിന്റെ സമയത്ത് സംഭവിച്ച പോലെ, പതിനാലാം നൂറ്റാണ്ടിൽ ഇതേ സാഹചര്യങ്ങൾ പ്രകടമാകുമ്പോൾ, ദൈവത്തിന്റെ സഹായം ഉണ്ടാകുമെന്ന ഒരു പ്രവചനവും അടങ്ങിയിരിക്കുന്നു എന്നും, അങ്ങനെയാണ് വാഗ്ദത്ത മസീഹ്(അ) നിയോഗിക്കപ്പെട്ടത് എന്നും, വാഗ്ദത്ത മസീഹ്(അ)നെ തന്നെ ഉദ്ധരിച്ചു കൊണ്ട് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
യു.കെ വാർഷിക സമ്മേളനത്തിലെ പ്രവർത്തകർക്കുള്ള മാർഗനിർദേശങ്ങൾ
അടുത്ത വെള്ളിയാഴ്ച യു.കെ വാർഷിക സമ്മേളനം ആരംഭിക്കുകയാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
മൂന്നോ നാലോ വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇതരരാജ്യങ്ങളില്‍ നിന്നുള്ള അതിഥികൾ വൻതോതിൽ ജൽസയിൽ പങ്കെടുക്കുന്നതായിരിക്കും. അതിഥികൾ ഇതിനകം യു.കെയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
വാർഷിക ജല്‍സയുടെ അനുഗ്രഹങ്ങൾ കരസ്ഥമാക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർഥിക്കുകയുണ്ടായി. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഏക ലക്ഷ്യം ആത്മീയ ഉന്നമനമായിരിക്കണമെന്നും ഖലീഫാ തിരുമനസ്സ് ഓര്‍മപ്പെടുത്തി.
എല്ലാ സന്നദ്ധ പ്രവർത്തകരും അതിഥികളെ അവര്‍ വാഗ്ദത്ത മസീഹ്(അ)ന്റെ അതിഥികളാണെന്ന കാര്യം മനസ്സിൽ വെച്ചുകൊണ്ട് സേവിക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഈ വർഷം കൂടുതൽ ജല്‍സയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അതിനാല്‍ പോരായ്മകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, സമ്മേളനത്തിലെ സന്നദ്ധപ്രവർത്തകർ ഇപ്പോൾ അനുഭവസമ്പത്തുള്ളവരായിത്തീർന്നിട്ടുണ്ടെന്നും, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അവർക്ക് അത് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ഇസ്ലാം ആതിഥ്യമര്യാദക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അപ്പോൾ, പ്രത്യേകിച്ച് വാഗ്ദത്ത മസീഹ്(അ)ന്റെ വിളിക്കുത്തരം പറയാൻ മാത്രം യാത്ര ചെയ്യുന്നവരും അങ്ങനെ അദ്ദേഹത്തിന്റെ അതിഥികളുമായവരോട് സന്നദ്ധപ്രവർത്തകർ വളരെ ബഹുമാനത്തോടെ പെരുമാറേണ്ടതാണ്. സർവശക്തനായ അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് സന്നദ്ധപ്രവർത്തകർ അവരെ സേവിക്കണം.
സദാ പുഞ്ചിരി തൂകുന്നതിന്റെ ഗുണം
ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുന്ന ഒരാൾ തങ്ങളുടെ അതിഥികളെ ബഹുമാനിക്കണമെന്ന് നബി തിരുമേനി(സ) നിർദേശിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. സമ്മേളന ദിവസങ്ങളിൽ, ലോകമെമ്പാടുമുള്ളവരും വ്യത്യസ്ത പ്രകൃതക്കാരുമായ ആളുകൾ പങ്കെടുക്കുന്നു. ചിലപ്പോൾ, അവരുടെ സ്വഭാവമനുസരിച്ച് അവരെ പ്രത്യേകനിലയിൽ എങ്ങനെ ശ്രദ്ധിക്കണമെന്ന് നിശ്ചയിക്കുക പ്രയാസമാണ്. ചില സമയങ്ങളിൽ, ചില അതിഥികൾ പ്രവർത്തകർക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും പറയുകയും ചെയ്യും. എന്നിരുന്നാലും, സാഹചര്യങ്ങൾ എന്തായാലും, അതിഥികളെ ബഹുമാനിക്കാൻ ദൈവം നമുക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
പുഞ്ചിരി ദാനധർമമാണ് എന്ന് പുണ്യപ്രവാചകൻ(സ) പ്രസ്താവിച്ചിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നത് ദാനധർമമാണ്. വഴിതെറ്റിപ്പോയ അല്ലെങ്കിൽ അന്ധനായ ഒരാൾക്ക് വഴി കാണിച്ചു കൊടുക്കുക എന്നത് ദാനധർമമാണ്. വഴിയിൽ നിന്ന് തടസ്സങ്ങൾ നീക്കുന്നത് ദാനധർമമാണ്. നിങ്ങളുടെ പക്കലുള്ളത് നിങ്ങളുടെ സഹോദരന് പങ്കുവയ്ക്കുന്നത് ദാനധർമമാണ്. ഓരോ അഹ്മദിയും നേടിയെടുക്കേണ്ട നിലവാരമാണിത്.
പുഞ്ചിരി വളരെ മഹത്തായ ഒരു സ്വഭാവമാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു, പ്രത്യേകിച്ച് ജൽസയിലെ സേവകർക്ക്. തീർച്ചയായും, സന്നദ്ധപ്രവർത്തകർ ക്ഷീണിതരും, ഉറക്കം നഷ്ടപ്പെട്ടവരുമായിരിക്കും. എന്നാൽ സാഹചര്യങ്ങൾ എന്തായാലും അവർ എപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കണം.
തർബിയ്യത്ത് (ശിക്ഷണ) വകുപ്പും പൊതുവെ മറ്റെല്ലാ വകുപ്പുകളും നമ്മുടെ അധ്യാപനങ്ങൾക്കും രീതികൾക്കും വിരുദ്ധമായി എന്തെങ്കിലും കണ്ടാൽ, ആ വ്യക്തികളോട് കരുതലോടും സൗമ്യമായും കാര്യം വിശദീകരിക്കാൻ ശ്രദ്ധിക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
അതിഥികൾക്ക് വഴി പറഞ്ഞു കൊടുക്കാൻ പ്രത്യേക ടീമുകൾ ഉണ്ട്. അതുപോലെ, സമ്മേളന നഗരിയിൽ വിവിധ സ്ഥലങ്ങളിൽ വിവിധ മാർഗനിർദേശങ്ങളും സൂചനകളും ഉള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതൊക്കെ സ്ഥാപിച്ചാലും, എവിടേക്കെങ്കിലും പോകാൻ ആരെങ്കിലും സന്നദ്ധപ്രവർത്തകരോട് സഹായം ചോദിച്ചാൽ, അവർ അവരെ സഹായിക്കണം. വാസ്തവത്തിൽ ഡ്യൂട്ടി ചെയ്യുന്നവർ മാത്രമല്ല, അവിടെ സന്നിഹിതരായിട്ടുള്ള ആരായാലും സഹായിക്കണം. അവർക്ക് അറിവില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പിൽ അവരെ എത്തിക്കുക.
വികലാംഗരെയും അന്ധരെയും നിർബന്ധമായും സഹായിക്കണമെന്ന് എല്ലാവർക്കും അറിയാം. ഈ വിഷയത്തിൽ കൂടുതൽ വിശദീകരിക്കേണ്ടതില്ല.
സന്നദ്ധപ്രവർത്തകരും കൂടാതെ സമ്മേളനത്തിൽ പങ്കെടുക്കുന്ന ആളുകളും, സമ്മേളന നഗരിയിൽ മാലിന്യങ്ങൾ കണ്ടാൽ, അത് എടുത്ത് നീക്കം ചെയ്യേണ്ടതാണ്.
ഭക്ഷണ വിതരണക്കാർ അതിഥികളെ നന്നായി ശ്രദ്ധിക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എപ്പോഴെങ്കിലും ഭക്ഷണത്തിൽ എന്തെങ്കിലും കുറവുണ്ടായാൽ, എല്ലാവർക്കും ഭക്ഷണം ലഭിക്കാൻ കഴിയുന്ന തരത്തിൽ സഹകരിക്കണമെന്ന് അവർ അതിഥികളോട് സസ്നേഹം വിശദീകരിക്കണം. അതിനുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും, ഇത്തരമൊരു സംഭവമുണ്ടായാൽ, പ്രവർത്തകർ അത് ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യണം.
ട്രാഫിക് കൺട്രോൾ വകുപ്പും നിലവിലുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അവിടെ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അവിടെ അതിഥികൾ പ്രവർത്തകരുമായി സഹകരിക്കേണ്ടതാണ്.
ജൽസയിൽ മറ്റ് നിരവധി വകുപ്പുകളും ഉണ്ട്. പുഞ്ചിരിക്കുക എന്ന നബി തിരുമേനി(സ)യുടെ മാർഗനിർദേശം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
സമ്മേളനത്തിലെ എല്ലാ സന്നദ്ധപ്രവർത്തകർക്കും അവരുടെ കർത്തവ്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ കഴിയട്ടെ. ഈ സമ്മേളനത്തിന്റെ വിജയത്തിനായി ഓരോ അഹ്മദിയും പ്രാർഥിച്ചു കൊണ്ടിരിക്കണം. അല്ലാഹു എല്ലാവരെയും അതിന് പ്രാപ്തരാക്കട്ടെ.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2 പേ. 156-157
[2] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2 പേ. 172-173
[3] വിശുദ്ധ ഖുര്‍ആന്‍ 3:124
0 Comments