ജൂലൈ 27, 2023
മതസ്വാതന്ത്ര്യം ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ഒരു സംഘടനക്കും സ്ഥാപനത്തിനും ഈ അവകാശം ഇല്ലാതാക്കാൻ സാധിക്കില്ല.
അഹ്‌മദി മുസ്‌ലിങ്ങളെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ച പ്രമേയത്തെ അപലപിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ അഭ്യർത്ഥനയോട് കേന്ദ്രമന്ത്രാലയം ഉടൻ പ്രതികരിക്കുകയും പ്രസ്തുത പ്രമേയം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.
ഒരു മുസ്‌ലിം സംഘടന പുറപ്പെടുവിച്ച ഫത്‌വയുടെ (മതവിധി) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ വഖ്ഫ് ബോർഡ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തിൽ ഇടപെടുകയും പ്രമേയം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വ്യക്തമാക്കുകയും ചെയ്ത കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തോട് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ കൃതജ്ഞത അറിയിയിച്ചു കൊള്ളുന്നു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ വ്യത്യസ്ത വിശ്വാസ ആദർശമുള്ളവരും വ്യത്യസ്ത മതസ്ഥരും സ്നേഹത്തോടും സാഹോദര്യത്തോടും കൂടി ഒരുമിച്ച് വസിക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അവനിഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം നല്കുന്നുണ്ട്. ഇതിനെ അവഗണിച്ചാണ് ചില മുസ്‌ലിം സംഘടനകളും, വഖ്ഫ് ബോർഡുകളും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ മതപരമായ അവകാശങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇത് രാജ്യത്തെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനും ജനങ്ങളിൽ അഹ്‌മദിയ്യാ മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമമാല്ലാതെ മറ്റൊന്നുമല്ല.
ആരാണ് മുസ്‌ലിം എന്നതിന് വിശുദ്ധ ഖുർആനിലും പരിശുദ്ധ പ്രവാചകന്‍റെ(സ) പ്രസ്താവനകളിലും സച്ചരിതരായ ഖലീഫമാരുടെ (റാശിദൂന്‍ ഖലീഫമാര്‍) കാലഘട്ടത്തിൽ പ്രചാരത്തിലുണ്ടായിരുന്നതുമായ നിർവചനങ്ങളെ മാത്രമേ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സ്വീകരിക്കുകയുള്ളൂ.
പരിശുദ്ധ പ്രവാചകൻ(സ) പറയുന്നു:
“ഇസ്‌ലാമിന്‍റെ അടിസ്ഥാനം അഞ്ച് കാര്യങ്ങളിലാണ്: ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്‍റെ ദൂദനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം അനുഷ്ഠിക്കുക, സകാത്ത് നല്കുക, കഴിവുള്ളവർ ഹജ്ജ് ചെയ്യുക, റമദാനിൽ വ്രതമനുഷ്ഠിക്കുക.”
[സഹീഹ് മുസ്‌ലിം കിതാബുല്‍ ഈമാൻ]
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇസ്‌ലാമിന്‍റെ അടിസ്ഥാനപരമായ ഈ വിശ്വാസാദർശങ്ങളിൽ പൂർണഹൃദയത്തോടും ആത്മാർഥതയോടും കൂടി വിശ്വസിക്കുകയും അവ പാലിക്കുകയും ചെയ്യുന്നവരാണ്.
അഹ്‌മദിയ്യാ മുസ്‌ലിങ്ങള്‍ സമാധാനപ്രിയരും രാജ്യത്തെ നിയമങ്ങൾ പൂർണമായി പാലിക്കുന്നവരുമാണ്. സമാധാന സ്ഥാപനത്തിനായി ഈ ജമാഅത്ത് നടത്തിവരുന്ന വിവിധ പ്രയത്നങ്ങൾ രാജ്യത്തുടനീളം പ്രസിദ്ധമാണ്.
ഞങ്ങള്‍ പ്രവാചകന്‍ മുഹമ്മദ്(സ)യിൽ വിശ്വസിക്കുന്നില്ലെന്നും, ഞങ്ങളുടെ കലിമ വ്യത്യസ്തമാണെന്നും ഉള്ള പല തെറ്റായ ആരോപണങ്ങളും ഇതര മുസ്‌ലിംപണ്ഡിതന്മാരുടെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. ഈ ആരോപണങ്ങളെല്ലാം തീർത്തും വ്യാജവും അടിസ്ഥാന രഹിതവുമാണ്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇസ്‌ലാമിന്‍റെ സ്ഥാപകരായ പുണ്യപ്രവാചകന്‍ മുഹമ്മദ്(സ) ഖാത്തമുന്നബിയ്യീൻ ആണെന്ന് വിശ്വസിക്കുന്നവരും അദ്ദേഹത്തിന്‍റെ മഹിതസ്ഥാനത്തിനു വേണ്ടി എല്ലാ വിധത്തിലുള്ള ത്യാഗത്തിനും സര്‍വസജ്ജരുമാണ്. ഇസ്‌ലാമിന്‍റെ കലിമയായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് തന്നെയാണ് ഞങ്ങളുടെയും കലിമ. വിശുദ്ധ ഖുർആൻ പരിപൂർണവും അവസാനത്തെ ശരീഅത്തും ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ അഹ്‌മദി മുസ്‌ലിമും ഇസ്‌ലാം കാര്യങ്ങൾ അഞ്ചും പാലിക്കുന്നവരും, ഈമാൻ കാര്യങ്ങള്‍ ആറിലും അടിയുറച്ച് വിശ്വസിക്കുന്നവരുമാണ്.
2011-ലെ സെൻസസ് റിപ്പോർട്ടിൽ ഇന്ത്യ ഗവൺമെന്‍റ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ ഒരു ഇസ്‌ലാമിക വിഭാഗമായി അംഗീകരിച്ചിരുന്നു.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അമുസ്‌ലിങ്ങളായി പ്രഖ്യപിക്കാൻ ആർക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധവും ഇസ്‌ലാമികാധ്യാപനങ്ങളുടെ ലംഘനവുമാണ്.
അതുപോലെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിലെ അംഗങ്ങളെ സാമൂഹികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് രാജ്യത്തെ ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് സമവും രാജ്യത്ത് ക്രമസമാധാനഭംഗം ഉണ്ടാക്കുന്നതിന് തുല്യവുമാണ്.
അഹ്‌മദികളെ സാമൂഹികമായി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പത്രക്കുറിപ്പുകൾ ഇറക്കുന്നത് രാജ്യത്ത് അശാന്തിയുണ്ടാക്കുന്നതും വിദ്വേഷം പരത്തുന്നതും രാജ്യത്തെ ജനങ്ങളുടെ ഐക്യം തകർക്കുന്നതുമാണ്. ഇത് തടയാൻ ഗവൺമെന്‍റ് നടപടി സ്വീകരിച്ചത് തീര്‍ത്തും ശ്ലാഘനീയമാണ്. ഈ സത്വരനടപടിയിൽ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഗവണ്‍മെന്റിനോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രസ്സ് റിലീസ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131
0 Comments