യു.കെ ജല്‍സ സാലാന: ഒരാത്മീയ സംഗമത്തിന്‍റെ അപരിമേയമായ അനുഗ്രഹങ്ങളുടെ ലഘുവിവരണം

സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.

യു.കെ ജല്‍സ സാലാന: ഒരാത്മീയ സംഗമത്തിന്‍റെ അപരിമേയമായ അനുഗ്രഹങ്ങളുടെ ലഘുവിവരണം

സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.

സർവശക്തനായ ദൈവവുമായി ജീവിതകാലം മുഴുവൻ ബന്ധപ്പെട്ടിരിക്കാൻ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ. നമ്മുടെ വിശ്വാസം ദൃഢപ്പെടുന്നതിന് ഈ ജല്‍സ കാരണമായിത്തീരട്ടെ.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 4 ഓഗസ്റ്റ്‌ 2023ന് ബൈത്തുല്‍ ഫുത്തൂഹ് ലണ്ടനില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

ഓഗസ്റ്റ്‌ 6, 2023

അൽഹംദുലില്ലാഹ് (സർവസ്തുതിയും അല്ലാഹുവിനാകുന്നു). കഴിഞ്ഞ വാരാന്ത്യത്തിൽ അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ യു.കെ. ജല്‍സ സാലാന (വാർഷിക സമ്മേളനം) വിജയകരമായി സംഘടിപ്പിക്കപ്പെടുകയുണ്ടായി എന്ന്  തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.

ചില സന്ദർഭങ്ങളിൽ കാലാവസ്ഥ മോശമായി മാറിയെങ്കിലും, എല്ലാ പ്രവർത്തനങ്ങളും സാധാരണപോലെ സുഗമമായി നടന്നു. അതുപോലെ, മുൻവർഷങ്ങളെ അപേക്ഷിച്ച് ഹാജർനില വളരെ കൂടുതലായിരുന്നു.

ഈ ജല്‍സ സാലാന വേളയിൽ സർവശക്തനായ അല്ലാഹു നമുക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ

ഈ സമ്മേളനത്തിൽ അല്ലാഹു നമ്മുടെ മേൽ വർഷിച്ച അനുഗ്രഹങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

അഹ്‌മദികൾക്കും അഹ്‌മദികളല്ലാത്ത അതിഥികൾക്കും ഇത് അനുഭവപ്പെടുകയുണ്ടായി. നമ്മൾ ദുർബലരാണ്. അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ മാത്രമേ നമുക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂ. വിശുദ്ധ ഖുർആനിലെ ഈ വചനത്തിൽ പറഞ്ഞത് പോലെ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങൾ ഈ ജമാഅത്തിന് മേൽ വർഷിച്ചു കൊണ്ടിരിക്കുന്നു.

“അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിങ്ങൾ എണ്ണിനോക്കുന്നപക്ഷം അതെണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്ക് സാധ്യമല്ല. തീർച്ചയായും അല്ലാഹു സർവധാ പൊറുത്തുകൊടുക്കുന്നവനും കരുണാമയനുമത്രെ.”[1]

സർവശക്തനായ അല്ലാഹു അവനോട് നന്ദിയുള്ളവരായിരിക്കാൻ നമ്മോട് കല്പിച്ചിട്ടുണ്ട്. നാം അവനോട് നന്ദിയുള്ളവരാണെങ്കിൽ, സർവശക്തനായ അല്ലാഹു കൂടുതൽ അനുഗ്രഹം ചൊരിയുന്നതാണ്. അതിനാൽ സർവശക്തനായ അല്ലാഹുവിന് നന്ദി പറയേണ്ടത് നമ്മുടെ കടമയാണ്, അങ്ങനെ ചെയ്താൽ നമ്മൾ പുരോഗതി കൈവരിക്കുന്നതാണ്. പ്രവർത്തകരും, അതിഥികളും നന്ദിയുള്ളവരായിരിക്കേണ്ടതാണ്.

ജല്‍സ സാലാനയിലെ പ്രവർത്തകർക്ക് നന്ദി

സമ്മേളനത്തിന് മുമ്പ് നല്കിയ ഉപദേശങ്ങൾക്ക് അനുസൃതമായി പുഞ്ചിരിക്കുന്ന മുഖത്തോടെ സേവനം ചെയ്ത എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

അഹ്‌മദികളല്ലാത്ത അതിഥികൾ പോലും പ്രവർത്തകർ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിച്ച രീതി കണ്ട് അത്ഭുതം പ്രകടിപ്പിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. സർവശക്തനായ അല്ലാഹു അവർക്ക് ഏറ്റവും നല്ല പ്രതിഫലം നല്കട്ടെ.

സ്ത്രീകളുടെയും പുരുഷൻമാരുടെയും ഭാഗത്ത് പ്രവർത്തിച്ചവർ അവരവരുടെ വകുപ്പുകളിൽ മികച്ച പ്രാവീണ്യം പ്രകടിപ്പിക്കുകയുണ്ടായി. ട്രാഫിക്, പാചകം, റൊട്ടി പ്ലാന്‍റ് തുടങ്ങിയ വകുപ്പുകൾ ഏറ്റവും നല്ല നിലയിൽ പ്രവർത്തനം കാഴ്ചവെക്കുകയുണ്ടായി. പ്രത്യേകിച്ച് എം.ടി.എ ഈ വർഷം നവീനമായ മാർഗങ്ങളിലൂടെ ലോകത്തുള്ള ജനങ്ങളെ ജല്‍സയുമായി ബന്ധിപ്പിച്ചു. ഈ സമ്മേളനത്തിൽ സേവനനിരതരായ എല്ലാ പ്രവർത്തകർക്കും താൻ നന്ദി പറയുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

ഒരു കാര്യത്തിലേക്ക് ജല്‍സ സാലാന സംഘാടകരുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. ജല്‍സയുടെ പരിപാടികൾ അവസാനിക്കുമ്പോൾ തന്നെ വെള്ളം ഓഫ് ആക്കിയിരുന്നു. ചുരുങ്ങിയത് പന്ത്രണ്ട് മണിക്കൂറെങ്കിലും വെള്ളം ഓൺ ആക്കി ഇടേണ്ടതാണ്. ബാക്കി എല്ലാ പ്രവർത്തനങ്ങളും മികച്ചതായിരുന്നു.

പങ്കെടുത്ത അതിഥികൾ പ്രകടിപ്പിച്ച വികാരങ്ങളും അഭിപ്രായങ്ങളും

സമ്മേളനത്തിൽ പങ്കെടുത്ത അനഹ്‌മദി മുസ്‌ലിങ്ങളുടെയും, അമുസ്‌ലിങ്ങളുടെയും ചില അഭിപ്രായപ്രകടനങ്ങള്‍ താൻ അവതരിപ്പിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്ത ബുർക്കിനാ ഫാസോയിൽ നിന്നുള്ള ഒരു ഡോക്ടറുടെ അഭിപ്രായങ്ങൾ ഖലീഫാ തിരുമനസ്സ് അവതരിപ്പിച്ചു. പങ്കെടുത്തവരെല്ലാം ഒരുമിച്ച് ഒരൊറ്റ നേതാവിനു ചുറ്റും ഒരൊറ്റ ലക്ഷ്യത്തിനായി ഒരിടത്ത് ഒത്തുകൂടിയെന്ന വസ്തുത അദ്ദേഹത്തെ ആകർഷിച്ചു. ലോകമെമ്പാടുമുള്ളവരും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായ ആളുകൾ എല്ലാവരും ഒറ്റ ലക്ഷ്യത്തിനായി ഒത്തുകൂടിയത് അസാധാരണമായ കാഴ്ചയായിരുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. പ്രസംഗങ്ങളുടെ നിലവാരം വളരെ ഉയർന്നതായിരുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ദൈവികസന്ദേശം ലോകം അംഗീകരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഖലീഫാ തിരുമനസ്സ് നടത്തിയ പ്രഭാഷണവും അദ്ദേഹം കേൾക്കുകയുണ്ടായി. ദൈവവുമായും, അവരുടെ നേതാവുമായും അഹ്‌മദികൾക്കുള്ള അസാധാരണമായ ബന്ധത്തെ കുറിച്ചും അദ്ദേഹം മനസ്സിലാക്കുകയുണ്ടായി. കഴിയുമെങ്കിൽ എല്ലാ വർഷവും ജല്‍സ സാലാനയിൽ പങ്കെടുക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

യു.എസ്.എയിൽ നിന്നുള്ള പ്രമുഖ നിയമ പ്രൊഫസറായ ഡോ. ബ്രാഡ് ഷായും സമ്മേളനത്തിൽ പങ്കെടുത്തതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഇത്രയും വലിയ ജനക്കൂട്ടം കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷൻ ആവശ്യമായി വരുന്ന വിവിധ കോൺഫറൻസുകൾ  അദ്ദേഹം നടത്തിയിട്ടുണ്ട് എന്നാൽ, മിനിറ്റുകൾക്കുള്ളിൽ ഈ സമ്മേളനത്തിൽ രജിസ്ട്രേഷൻ നടത്തിയ സംഘടിത രീതി അദ്ദേഹത്തെ അതിശയപ്പെടുത്തുകയുണ്ടായി എന്നദ്ദേഹം പറഞ്ഞു. രജിസ്ട്രേഷൻ വകുപ്പിന്‍റെ പ്രവർത്തനങ്ങളെ ഖലീഫാ തിരുമനസ്സ് അഭിനന്ദിച്ചു.

ബെലീസിൽ നിന്നുള്ള ഒരു മേയറും സമ്മേളനത്തിൽ പങ്കെടുത്തതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഇത്രയും സമാധാനവും സ്നേഹവുമുള്ള ആളുകളെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ തീവ്രവാദത്തെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തുന്നതിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. താൻ കണ്ട ആത്മീയ അന്തരീക്ഷവും പരസ്പര സ്നേഹവും ശരിക്കും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം വളരെ പ്രചോദിതനായിരുന്നു. ഭാവിയിൽ ഒരു മേയർ എന്ന നിലയിലല്ല, ഒരു പ്രവർത്തകൻ എന്ന നിലയിൽ ജല്‍സയില്‍ പങ്കെടുക്കാനുള്ള തന്‍റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഇത്രയും അത്ഭുതകരമായ ഒരു സമ്മേളനം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്‍റെ ഭാവി അഹ്‌മദിയ്യത്തിന്റെ കൈകളിലാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഘാനയിൽ നിന്നുള്ള അതിഥി മൈക്കിൾ വിൽസണും ജല്‍സയില്‍ പങ്കെടുത്തതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. പരിസ്ഥിതി ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള പ്രധാന സാങ്കേതിക വിദഗ്ധനാണദ്ദേഹം. ലോകമെമ്പാടുമുള്ള വിവിധ സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. ജല്‍സയുടെ പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പും, ജല്‍സക്ക് ശേഷവുമുള്ള പ്രവർത്തനവും, പ്രവർത്തകരുടെ പ്രതിബദ്ധതയും കണ്ട് അദ്ദേഹം ആശ്ചര്യപ്പെടുകയും ദൈവിക കൃപകൊണ്ട് മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചില പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ ജല്‍സയിൽ വ്യത്യസ്തമായ ജോലികൾ ചെയ്യുന്നുണ്ടെന്ന വസ്തുത അദ്ദേഹത്തെ അമ്പരപ്പിച്ചു. ആഗോള ബൈഅത്തും  അദ്ദേഹത്തെ വിസ്മയിപ്പിച്ചു. ഭാവിയിൽ ജല്‍സയില്‍ പങ്കെടുക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. ഘാനയിലെ ജനങ്ങൾക്ക് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ കുറിച്ച് പരിചയപ്പെടുത്താൻ ഘാനയിലെ ജമാഅത്ത് അംഗങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

ഗാംബിയയിൽ നിന്നുള്ള ഇൻഫർമേഷൻ വകുപ്പ് മന്ത്രിയും ജല്‍സയില്‍ പങ്കെടുത്തതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഡ്യൂട്ടിയിലുള്ളവർ ചെയ്യുന്ന നിസ്വാർത്ഥ സേവനം കണ്ട് അദ്ദേഹം അദ്ഭുതപ്പെട്ടു. ഇത്രയും വലിയ സമ്മേളനത്തിൽ ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ല. ജമാഅത്തിലെ അംഗങ്ങള്‍ക്ക് അവരുടെ നേതാവിനോടുള്ള സ്നേഹം സമാനതകളില്ലാത്തതാണ്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കാണിക്കുന്ന മാതൃകയേക്കാൾ മികച്ച സാഹോദര്യത്തിന്‍റെ പ്രായോഗിക ചിത്രം വേറെയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്പെയിനിൽ നിന്നുള്ള ഒരു ചരിത്രകാരനും ജല്‍സ സാലാനയിൽ പങ്കെടുത്തതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. വ്യത്യസ്ത പശ്ചാത്തലത്തിലുള്ള നിരവധി ആളുകൾ ഒരിടത്ത് ഒത്തുകൂടുന്നത് അദ്ദേഹം ഇതുവരെ കണ്ടിട്ടില്ല. പ്രയത്‌നത്തിന്‍റെയും സ്ഥിരോത്സാഹത്തിന്‍റെയും മികച്ച മാതൃകയാണ് അഹ്‌മദിയ്യാ ജമാഅത്ത് കാഴ്ചവെച്ചതെന്നും, അത് താന്‍ തന്‍റെ ജീവിതത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജല്‍സ സാലാനയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാൽ അതിൽ പങ്കെടുത്തത് തികച്ചും വ്യത്യസ്തമായ അനുഭവമായെന്നും ഇറ്റലിയിൽ നിന്നുള്ള ഒരു എഴുത്തുകാരൻ പറഞ്ഞതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. സന്നദ്ധപ്രവർത്തനം, അലങ്കാരം, ശുചിത്വം എന്നിവ അദ്ദേഹത്തെ വളരെയധികം ആകർഷിച്ചു. ഇത് വലിയ സമ്മേളനത്തിൽ എളുപ്പമുള്ള കാര്യമല്ല. നമസ്കാരനിർവഹണം അദ്ദേഹത്തെ വളരെയധികം ആകർഷിച്ചു. അദ്ദേഹം മുസ്‌ലിമല്ലെങ്കിലും, അഹ്‌മദികൾ പ്രാർഥിക്കുന്നത് കണ്ടുകൊണ്ട് ഓരോ വ്യക്തിയുടെയും പരമപ്രധാനമായ കടമയാണതെന്ന് അദ്ദേഹം പറഞ്ഞു.

കൊളംബിയയിൽ നിന്ന് അതിഥിയായി വന്ന ഒരു സ്ത്രീ, ജല്‍സയുടെ സമാധാനപരവും സ്‌നേഹനിർഭരവുമായ അന്തരീക്ഷവും, ഖലീഫാ തിരുമനസ്സിന്‍റെ പ്രഭാഷണവും തന്നെ ആകർഷിച്ചുവെന്ന് പറഞ്ഞു. ഈ സമ്മേളനം കാണുമ്പോൾ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ദൈവം നമ്മോടൊപ്പമുണ്ടാകുന്നതാണെന്ന് തനിക്ക് ബോധ്യമായി എന്നും അവര്‍ പറയുകയുണ്ടായി. എല്ലായിടത്തും പുഞ്ചിരിക്കുന്ന മുഖവുമായി പ്രവർത്തകർ സേവനം ചെയ്യുന്നത് അവരെ  അത്ഭുതപ്പെടുത്തി. ഈ സന്നദ്ധപ്രവർത്തനം ലോകത്തിനും ദൈവത്തെ അന്വേഷിക്കുന്നവർക്കും ഒരു മാതൃകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.

ചിലിയിൽ നിന്നുള്ള ക്രിസ്ത്യൻ പുരോഹിതനും തിയോളജിയനുമായ ഒരു സഹോദരൻ ജല്‍സയില്‍ പങ്കെടുത്തതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. അഹ്‌മദികളുടെ ഐക്യവും സാഹോദര്യവും അദ്ദേഹത്തെ ആകർഷിച്ചു. ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യൻ സമ്മേളനങ്ങളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും, എന്നാൽ മറ്റൊരിടത്തും സന്നദ്ധസേവകരെ കൊണ്ട്‌ മാത്രം സംഘടിപ്പിക്കപ്പെട്ട ഇത്രയും വലിയ ഒരു സമ്മേളനം താൻ കണ്ടിട്ടില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്‍റെ വീക്ഷണത്തിൽ, ഈ സമ്മേളനത്തിന്‍റെ വിജയം ഒരൊറ്റ നേതാവിന്‍റെ കീഴിലുള്ള ഈ ഐക്യമാണ്. അദ്ദേഹം ജമാഅത്തിനെ ഒരു ശരീരമായി വിശേഷിപ്പിക്കുകയുണ്ടായി. ഖലീഫ ശിരസ്സും മസ്തിഷ്കവുമാണ്. ജമാഅത്ത് തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന അവയവങ്ങളാണ്.

കാനഡയിൽ നിന്നുള്ള ഒരു തദ്ദേശീയ വൈസ് ചീഫ് ജല്‍സയില്‍ പങ്കെടുത്തെന്നും അന്താരാഷ്ട്ര ബൈഅത്ത് ചടങ്ങ് അവരെ വളരെയധികം ആകര്‍ഷിച്ചുവെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. എല്ലാവരെയും പോലെ അവരും വികാരഭരിതയായി. ബൈഅത്ത് ചടങ്ങിനിടെ തനിക്കുണ്ടായ ആത്മീയാനുഭൂതി ഇതിനുമുമ്പ് അനുഭവപ്പെട്ടിട്ടില്ലെന്ന് അവർ പറയുന്നു.

ലോകമെമ്പാടുമുള്ള ആളുകളും അവരുടെ വികാരങ്ങൾ പ്രകടിപ്പിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. കോംഗോ-ബ്രാസാവില്ലെയിലെ ഒരു ക്രിസ്ത്യൻ അതിഥി ജൽസയുടെ സമാപന സമ്മേളനം വീക്ഷിക്കാൻ അവിടത്തെ ജമാഅത്ത് സന്ദർശിക്കുകയുണ്ടായി. ശേഷം അദ്ദേഹം പറഞ്ഞു, ഖലീഫാ തിരുമനസ്സ് പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയാൽ ലോകത്ത് ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരില്ല. ‘നമ്മുടെ ഖലീഫ’ ഇസ്‌ലാമിനെ അവതരിപ്പിച്ച രീതി കാരണം തന്റെ ഹൃദയം ശാന്തമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘നമ്മുടെ ഖലീഫ’ എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ‘ഇന്ന് മുതൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്, അദ്ദേഹം ഇപ്പോൾ എന്റെ ഖലീഫ കൂടിയാണ്’ എന്നാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ ജല്‍സ കണ്ടവരില്‍ ചില വ്യക്തികൾ അതിന്‍റെ ഫലമായി ഇസ്‍ലാം അഹ്‌മദിയ്യത്ത് സ്വീകരിച്ചുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഉദാഹരണത്തിന്, ഗിനിയ-ബിസാവു, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്ന്.

(ഇത് ഖലീഫാ തിരുമനസ്സ് അവതരിപ്പിച്ചതില്‍ നിന്നുള്ള ചില ഉദാഹരണങ്ങൾ മാത്രമാണ്)

അതിഥികളിൽ നിന്ന് തനിക്ക് നിരവധി വികാരങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം വായിക്കാൻ സാധിക്കില്ലെന്നും ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.

ജല്‍സ സാലാനയില്‍ ഒത്തുകൂടുന്നതിന്‍റെ യഥാർഥ ഉദ്ദേശ്യവും, പരിപാടിയുടെ കവറേജും

ഈ ജല്‍സയുടെ ഫലമായി സർവശക്തനായ അല്ലാഹു അഹ്‌മദികളെ അവരുടെ ജീവിതകാലം മുഴുവൻ ദൈവവുമായി ബന്ധപ്പെട്ടിരിക്കാൻ പ്രാപ്തരാക്കട്ടെയെന്നും, അവർക്ക് വിശ്വാസത്തിൽ ദൃഢത കൈവരാൻ അത് കാരണമായിത്തീരട്ടെ എന്നും, വാഗ്ദത്ത മസീഹ്(അ)ന്‍റെ ആഗമനോദ്ദേശ്യം നിറവേറ്റുന്നവരായി അവര്‍ മാറട്ടെ എന്നും ഖലീഫാ തിരുമനസ്സ് പ്രാർഥിച്ചു. അനഹ്‌മദികളിൽ സ്ഥായിയായ ഒരു മാറ്റം സംജാതമാകട്ടെ. ഇസ്‌ലാം അഹ്‌മദിയ്യത്തിന്‍റെ  അധ്യാപനങ്ങൾ അവർക്കും ലോകത്തിനുമുള്ള രക്ഷയുടെ യഥാർഥ മാർഗമായി മാറട്ടെ.

വിവിധ മാധ്യമങ്ങളിലൂടെ ജനങ്ങൾ ജല്‍സയുടെ പരിപാടികൾ വീക്ഷിക്കുകയുണ്ടായി. ആഫ്രിക്കയിലെ 24 ചാനലുകൾ ഖലീഫാ തിരുമനസ്സിന്‍റെ എല്ലാ പ്രഭാഷണങ്ങളും പ്രക്ഷേപണം ചെയ്യുകയുണ്ടായി. അത് മുഖേന 40 മില്യൻ ജനങ്ങളിലേക്ക് ആ പ്രഭാഷണങ്ങൾ എത്തുകയുണ്ടായി. 23 മീഡിയ ഡയറക്ടർമാരും ,പത്രപ്രവർത്തകരും സമ്മേളനനഗരിയിലെ മീഡിയ സെന്‍റര്‍ സന്ദർശിച്ചു. എല്ലാ ദിവസവും അവർ റിപ്പോർട്ടുകൾ തയ്യാറാക്കുകയുണ്ടായി. അതിന്‍റെ ഫലമായി അവർ തയ്യാറാക്കിയ 72 റിപ്പോർട്ടുകൾ 50 മില്യൻ ജനങ്ങളിലേക്ക് എത്തുകയുണ്ടായി. 41 വെബ്സൈറ്റുകൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അതിന്‍റെ വായനക്കാരുടെ ഏകദേശ എണ്ണം 19 ദശലക്ഷമാണ്. 15 ദശലക്ഷക്കണക്കിന് വായനക്കാരുള്ള 15 പത്രങ്ങൾ ജൽസ റിപ്പോർട്ട് ചെയ്തു. 14 ടി.വി. വാർത്താ റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്തു. ഇതിലൂടെ 20 ദശലക്ഷം കാഴ്ചക്കാരിലേക്ക് ജമാഅത്തിന്‍റെ എത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. റേഡിയോയിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട 37 റിപ്പോർട്ടുകൾ ഏകദേശം 8 ദശലക്ഷം ആളുകൾ ശ്രവിച്ചു.

ബി.ബി.സിയും ലോകമെമ്പാടുമുള്ള വിവിധ ചാനലുകളും ജല്‍സയുടെ പരിപാടികളെ കുറിച്ച് റിപ്പോർട്ട് ചെയ്തുകൊണ്ട് ഇസ്‌ലാം അഹ്‌മദിയ്യത്തിനെ പരിചയപ്പെടുത്തി.

വിനയാന്വിതരായി നിലകൊള്ളാനും നമ്മെത്തന്നെ നിരന്തരം സംസ്കരിക്കാനും സർവശക്തനായ അല്ലാഹു നമ്മെ പ്രാപ്തമാക്കട്ടെയെന്ന് ഖലീഫ തിരുമനസ്സ് പ്രാർഥിക്കുകയുണ്ടായി. വാഗ്ദത്ത മസീഹ്(അ)ന്റെ ആഗമനോദ്ദേശ്യം നിറവേറ്റുന്നതോടൊപ്പം, നമ്മള്‍ ജമാഅത്തുമായി എപ്പോഴും ചേർന്നിരിക്കണമെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു.

കുറിപ്പുകള്‍

[1] വിശുദ്ധ ഖുര്‍ആന്‍ 16:19

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed