ഫൗസിയ അഞ്ചും, സദര്‍ ലജ്നാ ഇമായില്ലാഹ് കാക്കനാട്
ഒക്ടോബര്‍ 11, 2023
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ മഹിളാ സംഘടനയായ ലജ്നാ ഇമായില്ലായുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 23 ജൂലൈ 2023ന് ലജ്നാ ഇമായില്ലാഹ് കാക്കനാടിന്‍റെ നേതൃത്വത്തില്‍ മതമൈത്രി യോഗം സംഘടിക്കപ്പെട്ടു.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫ, ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) സ്ത്രീ ശാക്തീകരണം ലക്‌ഷ്യം വച്ചു കൊണ്ട് 1922ല്‍ രൂപം നല്കിയ സ്ത്രീകളാല്‍ മാത്രം നടത്തപ്പെടുന്ന സംഘടനയാണ് ലജ്നാ ഇമായില്ലാഹ്.
വൈകീട്ട് 3 മണിക്ക് കാക്കനാട് ലജ്ന സദർ ആയ വിനീതയുടെ അധ്യക്ഷതയിൽ അമത്തുസ്സലാം സഹിബയുടെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. ലജ്നാ ഇമയില്ലാഹ് ജില്ലാ പ്രസിഡന്‍റ് റാബിയ ഷൗക്കത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബിഷാറത്തുനിസ്സാ സാഹിബ മൈത്രി ഗാനം ആലപിച്ചു. തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമാ തോമസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ മേധാവി ശ്രീമതി അജിത തങ്കപ്പൻ, രാജഗിരി സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ശ്രീമതി ഡോ. ലാലി മാത്യു, മഹാരാജാസ് മുൻ പ്രിൻസിപ്പൽ ഡോ. ധനലക്ഷ്മി എന്നിവർ ആശംസകൾ അറിയിച്ചു.
പുരുഷന്മാരുടെ വലിയ കൂട്ടം സംഘടിക്കുന്നതിലും വലിയ സ്വാധീനം സ്ത്രീകളുടെ ചെറിയ കൂട്ടം ഇത്തരം ആശയങ്ങൾ പ്രവർത്തികമാക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ സംഭവിക്കുന്നു എന്ന് ഉമാ തോമസ് പറയുകയുണ്ടായി.
ഇത്തരം സമ്മേളങ്ങൾ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും, പരിപാടിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ മതസഹിഷ്ണുത, മതമൈത്രി എന്നീ മൂല്യങ്ങള്‍ ഇന്നത്തെ ലോകത്തിന് അത്യന്താപേക്ഷികമാണെന്നും ഡോ. ലാലി മാത്യു ഓർമപ്പെടുത്തുകയുണ്ടായി.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വിദ്യാർഥി സംഘടനയായ അഹ്‌മദിയ്യാ മുസ്‌ലിം വിമെന്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (AMWSA) ‘The Quest’ എന്ന പേരിൽ പ്രദർശിപ്പിച്ച എക്സിബിഷൻ വളരെ ശ്രദ്ധേയമായി.
പരിപാടിയിൽ ഏതാണ്ട് അമ്പതില്‍ പരം പേര്‍ പങ്കെടുത്തു. അതിഥികൾക്ക് ഖുർആനിനു പുറമെ ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും, തിരുനബി(സ) മാനവികതയുടെ പ്രവാചകൻ എന്നീ ഗ്രന്ഥങ്ങൾ ഉപഹാരമായി നല്കപ്പെട്ടു.
0 Comments