ദൈവത്തിന്റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല, അതിനാൽ ഒരാൾ എപ്പോഴും അവന്റെ കൃപയും സഹായവും തേടിക്കൊണ്ടിരിക്കേണ്ടതുണ്ട്.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 25 ഓഗസ്റ്റ് 2023ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ഓഗസ്റ്റ് 30, 2023
സർവശക്തനായ അല്ലാഹു തന്റെ ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കുന്നു എന്നാൽ കേവലം വാക്കുകൾ കൊണ്ടുള്ള പശ്ചാത്താപമല്ല മറിച്ച് ആത്മാർത്ഥമായ പശ്ചാതാപമായിരിക്കണം എന്നതാണ് നിബന്ധനയെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നവരെ സമ്പത്തും സന്താനവും കൊണ്ട് അല്ലാഹു അനുഗ്രഹിക്കുമെന്നും, അത് സർവശക്തനായ അല്ലാഹുവിന്‍റെ അപ്രീതിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗമായി മാറുമെന്നും വിശുദ്ധ ഖുർആനിൽ പ്രസ്താവിച്ചിരിക്കുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. വിശുദ്ധ ഖുർആനിൽ പാപമോചനം തേടുന്നവർക്ക് സന്തോഷവാർത്ത നൽകിക്കൊണ്ട് ഒരു സ്ഥലത്ത് സർവ്വശക്തനായ അല്ലാഹു പറയുന്നു:
“അവർ (പാപമോചനം തേടിയിരുന്നുവെങ്കിൽ) അല്ലാഹുവിനെ വളരെയധികം കരുണ ചെയ്യുന്നവനും അതീവദയാലുവുമായി കാണുമായിരുന്നു.”[1]
എന്നാൽ, ഒരാൾ ആത്മാർത്ഥമായി പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ നിബന്ധനയെന്ന് ഖലീഫാ തീരുമനസ്സ് പറഞ്ഞു. ആത്മാർത്ഥമായി പശ്ചാത്തപിക്കുന്ന ഒരാൾ തെറ്റ് ചെയ്യാത്തവനെ പോലെയാണെന്ന് ഒരിക്കൽ തിരുനബി (സ) പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട് . തെറ്റിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് ഒരാൾ സുരക്ഷിതനാകുന്നു. അപ്പോൾ തിരുനബി (സ) താഴെ കൊടുത്തിരിക്കുന്ന സൂക്തം ഉദ്ധരിച്ചു:
“നിശ്ചയമായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്നേഹിക്കുന്നു. പരിശുദ്ധി കൈവരിക്കുന്നവരെയും അവൻ സ്നേഹിക്കുന്നു.”[2]
എന്താണ് യഥാർത്ഥ പശ്ചാത്താപം?
യഥാർത്ഥ പശ്ചാത്താപം എന്താണെന്ന് തിരുനബി(സ)യോട് ചോദിക്കുകയുണ്ടായി എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഖേദവും ദുഖവും പ്രകടിപ്പിക്കുക എന്നാണ് തിരുനബി(സ) മറുപടി പറഞ്ഞത്. അങ്ങനെ ചെയ്യുന്നതിലൂടെ ഒരാൾക്ക് അവരുടെ പാപപ്പൊറുതിയും അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് പ്രയോജനവും നേടാൻ കഴിയുന്നതാണ്.
വാഗ്ദത്ത മസീഹ്(അ) യഥാർത്ഥ പശ്ചാത്താപത്തിനുള്ള നിബന്ധനകൾ വിവരിച്ചിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ദുഷിച്ച ചിന്തകൾ ഉപേക്ഷിക്കുക എന്നതായിരുന്നു അദ്ദേഹം പറഞ്ഞ ആദ്യത്തെ നിബന്ധന. യഥാർത്ഥ പശ്ചാത്താപം കൈവരിക്കാൻ ഒരാൾ കഠിന പ്രയത്നം ചെയ്യേണ്ടതുണ്ട്.
വാഗ്ദത്ത മസീഹ് (അ) നിർവചിച്ച യഥാർത്ഥ പശ്ചാത്താപത്തിനുള്ള രണ്ടാമത്തെ നിബന്ധന ആത്മാർഥമായ ഖേദവും ദുഃഖവും പ്രകടിപ്പിക്കണമെന്നതാണ് എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഈ ലോകത്തിന്റെ ആസ്വാദനങ്ങളും ആകർഷണങ്ങളും താൽക്കാലികമാണെന്നും അവയോട് ചേർന്നുനിൽക്കുന്നത് പ്രയോജനം ചെയ്യില്ലെന്നും അവർ മനസ്സിലാക്കണം.
യഥാർത്ഥ പശ്ചാത്താപത്തിന് വാഗ്ദത്ത മസീഹ് (അ) അനുശാസിക്കുന്ന മൂന്നാമത്തെ നിബന്ധന ഇനിയൊരിക്കലും അത്തരം തിന്മയുടെ അടുത്തേക്ക് പോകില്ലെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഇത് കേവലം ദൃഢനിശ്ചയത്തിൽ ഒതുങ്ങരുത്, പകരം തിന്മകൾക്ക് പകരം നല്ലതും പുണ്യവുമായ പ്രവൃത്തികൾ ചെയ്യാൻ ഒരു കൂട്ടായ പരിശ്രമം നടത്തണം.
ഒരു തിന്മയിൽ അകപ്പെടുന്നത് മറ്റു തിന്മകളിലേക്ക് നയിക്കുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതിനാൽ യഥാർത്ഥ പശ്ചാത്താപത്തിന് വളരെ പ്രാധാന്യമാനുള്ളത്. സർവ്വശക്തനായ അല്ലാഹുവിനോടും അവന്റെ സൃഷ്ടികളോടുമുള്ള കടമകൾ നിറവേറ്റുന്നതിൽ നാം ഒരിക്കലും വീഴ്ച വരുത്താതിരിക്കാനും നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാനും ശ്രമിക്കണം. നമ്മുടെ പ്രതിജ്ഞയുടെ ഉദ്ദേശ്യം നിറവേറ്റുന്നതിനായി അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും (സ) വാഗ്ദത്ത മസീഹിന്റെയും (അ) അധ്യാപനങ്ങൾ എപ്പോഴും നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ് . യഥാർത്ഥ പശ്ചാത്താപത്തിനായുള്ള ശ്രമങ്ങളില്ലെങ്കിൽ, സ്വന്തം സംസ്‌കരണത്തെക്കുറിച്ചുള്ള നമ്മുടെ പ്രതിജ്ഞ പൊള്ളയായി മാറും.
വാഗ്ദത്ത മസീഹ് (അ) അനേകം അവസരങ്ങളിൽ ആത്മാർഥമായ പശ്ചാത്താപത്തിലേക്ക് തന്റെ ജമാഅത്തിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടെന്നും വാസ്തവത്തിൽ ഈ വിഷയം വ്യക്തമാക്കാൻ അദ്ദേഹം എല്ലാ അവസരങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു . ഈ വിഷയത്തിൽ വാഗ്ദത്ത മസീഹ് (അ) യുടെ ലിഖിതങ്ങളിൽ നിന്നുള്ള ചില ഭാഗങ്ങൾ അവതരിപ്പിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
പാപമോചനം തേടുന്നതിന്റെ പ്രയോജനങ്ങൾ
പാപമോചനം തേടുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് വാഗ്ദത്ത മസീഹിന്റെ (അ) വാക്കുകൾ ഖലീഫാ തിരുമനസ്സ് ഉദ്ധരിച്ചു. മുസ്ലീം ഉമ്മത്തിന് രണ്ട് കഴിവുകളുണ്ട്. ഒന്ന് ശക്തി നേടാനുള്ള കഴിവ്, രണ്ടാമത്തേത് ആ ശക്തി പ്രായോഗികമായി പ്രകടിപ്പിക്കാനുള്ള കഴിവാണ്. പാപമോചനം തേടുന്നതിലൂടെയും സഹായം തേടുന്നതിലൂടെയും ശക്തി കൈവരിക്കാനാകും. ആളുകൾ ഭാരം ഉയർത്തി വ്യായാമം ചെയ്യുന്നതുപോലെ, പാപമോചനം തേടുന്നത് ആത്മാവിനെ ശക്തിപ്പെടുത്തുകയും സ്ഥിരചിത്തത കൈവരികയും ചെയ്യുന്നതാണ്. “ഗഫാർ” എന്ന വാക്ക് ആവരണത്തെ സൂചിപ്പിക്കുന്നു; അതിനാൽ, ഇസ്തിഗ്ഫാർ ചെയ്യുന്നതിലൂടെ – പാപമോചനം തേടുന്നതിലൂടെ – ഒരാൾ ദൈവത്തിൽ നിന്ന് തന്നെ അകറ്റുന്ന വികാരങ്ങളെയും വിചാരങ്ങളെയും കീഴടക്കാനും മറയ്ക്കാനും ശ്രമിക്കുന്നു.
ഖലീഫാ തിരുമനസ്സ് വാഗ്ദത്ത മസീഹിനെ ഉദ്ദരിച്ചു കൊണ്ട് പറഞ്ഞു തീയിൽ എറിയപ്പെട്ടാലും അതേ ദുഷ്പ്രവൃത്തിയിൽ വീണ്ടും ഏർപ്പെടാത്ത വിധത്തിൽ ആയിരിക്കണം പശ്ചാത്താപം. സർവ്വശക്തനായ അല്ലാഹുവിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് അവൻ ജനങ്ങളുടെ യഥാർത്ഥ പശ്ചാത്താപം സ്വീകരിക്കുന്നു. ചിലർ ചോദ്യം ചോദിക്കുന്നു ഒരുവന്റെ വിധി ഇപ്രകാരകാരമായിരുന്നുവെങ്കിൽ പിന്നെ പശ്ചാത്തപിച്ചിട്ട് എന്താണ് കാര്യം? എന്നാൽ അങ്ങനെയല്ല. യഥാർത്ഥത്തിൽ, ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം ദൈവം സ്വീകരിക്കുന്നു.മോശം പര്യവസാനത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. താൻ കരുണയോടെ മടങ്ങിവരുന്നവനാണെന്നും പശ്ചാത്താപം സ്വീകരിക്കുന്നുവെന്നും പ്രസ്താവിച്ചുകൊണ്ട് ദൈവം പ്രത്യാശ നൽകിയിരിക്കുന്നു.
വാക്കുകൾ മാത്രം അപര്യാപ്തം
പാപമോചനം തേടുന്നത് കേവലം സാഷ്ടാംഗപ്രണാമത്തിൽ ഉരുവിടുന്ന വാക്കുകളിൽ മാത്രം പരിമിതപ്പെടുത്താനാവില്ല, മറിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിൽ നിന്ന് തിന്മ ഒഴിവാക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള യഥാർത്ഥ പരിശ്രമങ്ങളും പ്രവർത്തനങ്ങളും ഉണ്ടായിരിക്കണമെന്ന് വാഗ്ദത്ത മസീഹ് (അ) പറഞ്ഞതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ലോകത്തിന്റെ ഇന്നത്തെ അവസ്ഥയിൽ നാം കൂടുതലായി പാപമോചനത്തിനായി അർത്ഥിക്കേണ്ടതാണ്.
യഥാർത്ഥ പശ്ചാത്താപം ഒരു വ്യക്തിയിൽ പൂർണ്ണമായ മാറ്റം കൊണ്ടുവരുന്നു
തന്നോട് കൂറ് പുലർത്തുന്നതാണെന്ന പ്രതിജ്ഞ ചെയ്തതിന് ശേഷം ഒരാളുടെ ഭാര്യയോടുള്ള പെരുമാറ്റം അതേപടി തുടരുകയോ കുട്ടികളോട് അവർ പെരുമാറുന്ന രീതി അതേപടി നിലനിൽക്കുകയോ ചെയ്താൽ അവരുടെ ബൈഅത്ത് ന് ഒരു മൂല്യവുമില്ല എന്ന് വാഗ്ദത്ത മസീഹ് (അ) പറഞ്ഞതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. ആ വ്യക്തിയിൽ ഒരു യഥാർത്ഥ മാറ്റം വന്നിട്ടുണ്ടെന്ന് മറ്റുള്ളവർക്ക് ബോധ്യമാകുന്ന കർമങ്ങൾ പ്രകടമാകണം. ഇതായിരിക്കണം യഥാർത്ഥ പശ്ചാത്താപത്തിന്റെ ഫലം.
പ്രവാചകന്മാരുടെ പാപമോചനം തേടൽ
ഖലീഫാ തിരുമനസ്സ് വാഗ്ദത്ത മസീഹിനെ (അ) ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു , തിരുനബി (സ) കരയുകയും തുടർന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞത് ദുരന്തങ്ങൾ ഒരു മനുഷ്യന്റെ കൂടെ ഉറുമ്പുകളെപ്പോലെ പിന്തുടരുന്നുവെന്നും അതിൽ നിന്ന് രക്ഷ നേടാനുള്ള ഒരേയൊരു മാർഗ്ഗം ആത്മാർത്ഥമായ പാപമോചനം തേടലും പശ്ചാത്താപവുമാണെന്നാണ്.
തിരുനബി (സ) യും പാപമോചനം തേടാറുണ്ടായിരുന്നതിനാൽ അദ്ദേഹം പാപിയാണ് ,എന്ന അടിസ്ഥാനരഹിതമായ ആരോപണം ചില ക്രിസ്ത്യൻ പുരോഹിതന്മാർ ഉന്നയിക്കാറുണ്ടെന്ന് വാഗ്ദത്ത മസീഹ് (അ) പറയുകയുണ്ടായി. അത്തരക്കാർ പാപമോചനം തേടുകയോ ഇസ്തിഗ്ഫാർ ചെയ്യുകയോ ചെയ്യുന്നത് ഉന്നത സ്വഭാവ ഗുണമാണെന്ന് മനസ്സിലാക്കുന്നില്ലെന്ന് വാഗ്ദത്ത മസീഹ് (അ) പ്രതികരിച്ചു. “ഗഫറ” എന്നാൽ മറയ്ക്കുക എന്നാണ്. ഒരു പ്രവാചകനും ദൈവത്തിന് തുല്യമായ സ്ഥാനമില്ല , അതിനാൽ ആർക്കും സ്വയം സുരക്ഷിതനാകുവാൻ കഴിയില്ല, അതിനാൽ അവർക്കും ദൈവത്തിന്റെ സംരക്ഷണം ആവശ്യമാണ്, അതിനാലാണ് എല്ലാ പ്രവാചകന്മാരും ഇസ്തിഗ്ഫാർ ചെയ്തത് . യേശു ഒരിക്കലും ഇസ്തിഗ്ഫാർ ചെയ്തിട്ടില്ലെന്ന് ക്രിസ്ത്യാനികൾ പറയുന്നത് ഒരു തെറ്റിദ്ധാരണ കൂടിയാണ് . വാസ്‌തവത്തിൽ, യേശു (അ)’എന്റെ കർത്താവേ ( ഏലി ഏലി ) നീ എന്തിനാണ് എന്നെ കൈവിട്ടത്?’ എന്ന് പ്രാർത്ഥിച്ചു കൊണ്ട് യഥാർത്ഥത്തിൽ ദൈവത്തിന്റെ കരുണയും സംരക്ഷണവും തേടുകയായിരുന്നു.
പശ്ചാത്താപത്തിന്റെ യാഥാർത്ഥ്യത്തെ നിരാകരിക്കുന്നത് പുരോഗതിക്കും വിജയത്തിനും തടസ്സമാകുന്നു
പശ്ചാത്താപത്തിന്റെ യാഥാർത്ഥ്യത്തെ നിരാകരിക്കുന്നത് പുരോഗതിക്കും വിജയത്തിനും തടസ്സമാകുമെന്ന് വാഗ്ദത്ത മസീഹ് (അ) പറഞ്ഞതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. സ്വന്തം സത്തയിൽ ഒരു വ്യക്തി പൂർണ്ണനല്ലെന്നത് സുവ്യക്തമായ കാര്യമാണ് ഉദാഹരണത്തിന് ഒരു വ്യക്തി ജ്ഞാനിയായി ജനിക്കുന്നില്ല എന്നാൽ അതിനായി പ്രയത്നിക്കുന്നു. അതുപോലെ, ഒരാളുടെ ധാർമ്മിക നിലവാരത്തിന് വികസനം ആവശ്യമാണ്. അങ്ങനെ, ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ ഒരു വ്യക്തി അധമമായ അഭിനിവേശങ്ങൾക്ക് വിധേയമാകുന്നു. ഈ നികൃഷ്ടമായ അവസ്ഥ മനസ്സിലാക്കി അതിൽ നിന്ന് പുറത്തുകടന്ന് ദൈവത്തോട് അടുക്കുന്നതിന് വേണ്ടി, അവർ പശ്ചാത്തപിക്കുകയും ദൈവത്തോട് പാപമോചനം തേടുകയും ചെയ്യുന്നു.
പ്രാർത്ഥനയിൽ സന്തോഷവും സംതൃപ്തിയും വളർത്തിയെടുക്കുക
ഒരിക്കൽ, ഒരു വ്യക്തി വാഗ്ദത്ത മസീഹിനോട് (അ) പ്രാർത്ഥനയിൽ ആനന്ദം വളർത്തുന്നതെങ്ങനെയെന്ന് ചോദിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു – ഇത് ഇന്നും ആളുകൾ ചോദിക്കുന്ന കാര്യമാണ്. വാഗ്ദത്ത മസീഹ് (അ) ഇതിന് മറുപടിയായി പറഞ്ഞത് പുണ്യപ്രവൃത്തികളിലൂടെയാണ് ഇത് സംഭവിക്കുക എന്നാണ്. അവന്റെ സഹായമില്ലാതെ ഈ ആനന്ദം ലഭ്യമാവുക അസാധ്യമായതിനാൽ ദൈവത്തോട് പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, സ്ഥിരോത്സാഹവും നിബന്ധനയാണ്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഒരാൾ പരിശ്രമിക്കുന്നില്ലെങ്കിൽ, അവർ ആഗ്രഹിക്കുന്നത് നേടാൻ അവർക്ക് കഴിയില്ല. ദൈവത്തിന്റെ കൃപയില്ലാതെ ഒരാൾക്ക് ഒന്നും നേടാൻ കഴിയില്ല, അതിനാൽ ഒരാൾ എപ്പോഴും അവന്റെ കൃപയും സഹായവും തേടണം. ദൈവത്തിൽ നിന്ന് അകന്നു പോകുന്നവൻ സാത്താനെപ്പോലെയാകുന്നു. അതിനാൽ, ഒരാൾ എപ്പോഴും പാപമോചനം തേടിക്കൊണ്ടിരിക്കേണ്ടതാണ്, അങ്ങനെ അവർ നാശത്തിൽ നിന്ന് രക്ഷിക്കപ്പെടും.
ദൈവകൃപയുടെ വാതിലുകൾ ഒരിക്കലും അടയുകയില്ലെന്ന് മനസ്സിലാക്കേണ്ടതാണ്. ഒരാൾ യഥാർത്ഥത്തിൽ പശ്ചാത്തപിക്കുന്നുവെങ്കിൽ, ദൈവം കരുണയോടെ മടങ്ങുന്നവനാണ്. ദൈവം ചിലരുടെ പാപം പൊറുക്കുന്നതാണെന്നും മറ്റു ചിലരുടെ പാപങ്ങൾ പൊറുക്കുകയില്ലെന്ന് ആരും കരുതരുത്.അത് അവനോടുള്ള അനാദരവാണ്, കാരണം ദൈവത്തിന്റെ കാരുണ്യം വളരെ വിശാലമാണ്. അവന്റെ കാരുണ്യത്തിന്റെ കവാടം ആർക്കു വേണ്ടിയും അടഞ്ഞിട്ടില്ല.
ഒരാളിൽ ഒരു മാറ്റം കൊണ്ടുവരാൻ, അവർ പാപമോചനം തേടണമെന്ന് വാഗ്ദത്ത മസീഹ് (അ) പറഞ്ഞതായി ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. ദൈവത്തിങ്കലേക്ക് തിരിഞ്ഞ് പ്രാർത്ഥിക്കുന്നതിലേക്ക് ശ്രദ്ധിക്കാൻ കഴിയാത്തവിധം ലൗകിക ജോലികൾ കാരണം തിരക്കിലാണെന്ന് ഒഴികഴിവ് പറയുന്നവർ ഭയപ്പെടേണ്ടതാണ് . അവർ ഇക്കാര്യം ശ്രദ്ധിക്കണം. ആരാധനയുടെ അടിസ്ഥാന കൽപ്പനകൾ പാലിക്കുമ്പോൾ മാത്രമേ യഥാർത്ഥ പശ്ചാത്താപവും പാപമോചനവും ഫലപ്രദമാകൂ.
പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും യഥാർത്ഥ ചൈതന്യം മനസ്സിലാക്കാനും ആത്മാർഥമായി പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നവരായി നാം മാറട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുർആൻ 4:65
[2] വിശുദ്ധ ഖുർആൻ 2:223
0 Comments