യുദ്ധം നടക്കുകയാണെങ്കില്‍ അതിന്റെ പരിണിത ഫലങ്ങള്‍ സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഈ സാഹചര്യത്തില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ പര്സപര ഭിന്നതകള്‍ ഒഴിവാക്കിക്കൊണ്ട് ഐക്യപ്പെടേണ്ടതാണ്.
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) 13 ഒക്ടോബര്‍ 2023ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: അൽഫസൽ ഇൻറർ നാഷണൽ, വിവര്‍ത്തനം: സി. എന്‍. താഹിര്‍ അഹ്മദ്
ഒക്ടോബര്‍ 15, 2023
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു, നബി തിരുമേനി(സ)യുടെ ജീവിതത്തിലെ, ബദ്റുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെ കുറിച്ചുള്ള വിവരണമായിരുന്നു നടന്നു കൊണ്ടിരുന്നത്. ഈ അവസരത്തില്‍ പ്രവാചകന്(സ)യുടെ ഹദ്റത്ത് ആയിശ(റ)യുമായുള്ള വിവാഹത്തെ കുറിച്ച് വിവരിക്കുന്നതാണ്.
ഹദ്റത്ത് ആയിശ(റ)യുമായുള്ള വിവാഹം
പ്രവാചകപത്നിയായ ഹദ്റത്ത് ഖദീജ(റ)യുടെ വഫാത്തിന് ശേഷം ഹദ്റത്ത് ഖൗല ബിന്ത് ഹക്കീം നബി തിരുമേനി(സ)യുടെ അടുക്കല്‍ വന്നു ചോദിച്ചു, അല്ലയോ അല്ലാഹുവിന്റെ പ്രവാചകരെ, അങ്ങ് ഇനി വിവാഹം കഴിക്കുകയില്ലേ? അവിടുന്ന് ചോദിച്ചു. ആരെയാണ് വിവാഹം കഴിക്കേണ്ടത്? ഖൗല പറഞ്ഞു. അങ്ങ് ആഗ്രഹിക്കുകയാണെങ്കില്‍ വിവാഹത്തിനായി ഒരു കന്യകയും ഒരു വിധവയും ഉണ്ട്. കന്യക അബൂബക്കറിന്റെ മകള്‍ ആയിശയും, വിധവ സൗദ ബിന്ത് സംഅയുമാണ്. അവിടുന്ന് രണ്ടു വീട്ടുകാരോടും വിവാഹകാര്യം സംസാരിക്കാന്‍ നിര്‍ദേശിച്ചു. ഖൗല ആദ്യം ഹദ്റത്ത് അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ വീട്ടിലെത്തി വിവാഹകാര്യം സംസാരിച്ചു. പിന്നീട് അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ അനുവാദത്തോടു കൂടി ഹദ്റത്ത് ആയിശ(റ)യുമായുള്ള വിവാഹം നടന്നു.
ഹദ്റത്ത് ആയിശ(റ) നിവേദനം ചെയ്യുന്നു, വിവാഹത്തിന് ശേഷം നബിതിരുമേനി(സ) പറഞ്ഞു: നിക്കാഹിനു മുമ്പ് തന്നെ രണ്ടു തവണ സ്വപ്നത്തില്‍ മഹതിയെ കണ്ടിട്ടുണ്ട്. അല്‍ ഇസ്തിഗാസിന്റെ നിവേദനമനുസരിച്ച് ഹദ്റത്ത് അബൂബക്കര്‍(റ) പ്രവാചകനോട് ചോദിച്ചു: അങ്ങയുടെ പത്നി ആയിശയെ എന്താണ് വീട്ടിലേക്ക് കൊണ്ടുപോകാത്തത്. അവിടുന്ന് പറഞ്ഞു; മഹ്റിനുള്ള പണം ഇല്ലാത്തത് കൊണ്ട്. ഹദ്റത്ത് അബൂബക്കര്‍ തിരുനബി(സ)ക്ക് പന്ത്രണ്ടര ഔഖിയ നല്കി. ഒരു ഔഖിയ നാല്പത് ദിര്‍ഹമിന് സമമാണ്. ഈ പണം മഹ്ര് ആയി നബിതിരുമേനി(സ) ഹദ്റത്ത് അബൂബക്കര്‍(റ)ന്റെ വീട്ടിലേക്ക് കൊടുത്തയച്ചു.
ഹദ്റത്ത് ആയിശ(റ)യുമായുള്ള പ്രവാചകന്റെ വിവാഹം കഴിഞ്ഞപ്പോള്‍ കപടവിശ്വാസികളും ശത്രുക്കളും ആരും തന്നെ വിവാഹവുമായി ബന്ധപ്പെട്ട് യാതൊരു ആരോപണവും ഉന്നയിച്ചില്ല. ഹദ്റത്ത് ആയിശ(റ)യുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് വല്ല പ്രശ്നവും ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ ആരോപണങ്ങളുടെ ശരവര്‍ഷം നടത്തുമായിരുന്നു.
വാഗ്ദത്ത മസീഹ്(അ) പറയുന്നു, വിവാഹസമയം ഹദ്റത്ത് ആയിശക്ക് ഒമ്പത് വയസ്സായിരുന്നു എന്ന് പറയപ്പെടുന്ന കാര്യത്തിനു ഒരു അടിസ്ഥാനവുമില്ല. ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്മദ് സാഹിബ്(റ) ആയിശയുടെ സദ്ഗുണങ്ങളെ കുറിച്ച് പറയുന്നു: ചെറുപ്രായത്തിൽ തന്നെ ഹദ്റത്ത് ആയിശ(റ)യുടെ ബുദ്ധിവൈഭവവും മനഃപാഠമാക്കാനുള്ള കഴിവും അസാമാന്യമായിരുന്നു. പ്രവാചകന്റെ ശിക്ഷണത്തിലും അധ്യാപനത്തിലും അവര്‍ ദ്രുതഗതിയില്‍ അഭിവൃദ്ധി പ്രാപിച്ചു. ചെറുപ്രായത്തില്‍ തന്നെ അവരെ പ്രവാചകന്(സ) വീട്ടിലേക്ക് കൊണ്ടുവന്നതും അവരുടെ മതപരമായ അധ്യാപനത്തിനും പ്രവാചകനുമായുള്ള സഹവാസം കൂടുതല്‍ ലഭിക്കുന്നതിനുമായിരുന്നു. ഒരു പ്രവാചകന്റെ പത്നി എന്ന നിലയില്‍ അവരുടെ വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ അവരെ പ്രാപ്തയാക്കാന്‍ വേണ്ടിയായിരുന്നു.
ഹദ്റത്ത് ആയിശ(റ)യുടെ ഗുണമാഹാത്മ്യങ്ങള്‍
മുസ്ലിം സ്ത്രീകളുടെ മതാധ്യാപനത്തിലും ശിക്ഷണത്തിലും ഹദ്റത്ത് ആയിശ(റ) വലിയ പങ്കാണ് വഹിച്ചത്. അപ്രകാരമുള്ള മറ്റൊരുദാഹരണം ചരിത്രത്തില്‍ കാണാന്‍ സാധ്യമല്ല. നബി തിരുമേനി(സ)യുടെ ഹദീസുകളില്‍ വലിയ ഒരു ഭാഗവും മര്‍മപ്രധാനമായ കാര്യങ്ങളും നിവേദനം ചെയ്തിരിക്കുന്നത് ഹദ്റത്ത് ആയിശ(റ)യാണ്. അവര്‍ 2210-ഓളം ഹദീസുകളാണ് നിവേദനം ചെയ്തിരിക്കുന്നത്. അവര്‍ക്ക് മതകാര്യങ്ങളില്‍ എത്രമാത്രം അവഗാഹം ഉണ്ടായിരുന്നു എന്നാല്‍ പ്രമുഖരായിട്ടുള്ള പല സഹാബാക്കളും മതപരമായിട്ടുള്ള കാര്യങ്ങള്‍ അറിയാനായി അവരെ ബന്ധപ്പെട്ടിരുന്നു. പ്രവാചകന്(സ) ഒരവസരത്തില്‍ പറഞ്ഞു: സ്ത്രീകളില്‍ ഉത്തമ മാതൃകകളാകാന്‍ യോഗ്യരായവര്‍ വിരളമായിട്ടേ ഉണ്ടായിട്ടുള്ളു. ഫിര്‍ഔന്റെ ഭാര്യ ആസിയയെ കുറിച്ചും മറിയം ബിന്ത് ഇംറാനെ കുറിച്ചും വിവരിച്ച ശേഷം പ്രവാചകന്(സ) പറഞ്ഞു, ഥരീദ് എന്ന ഭക്ഷണ വിഭവത്തിന് മറ്റ് അറബ് ഭക്ഷണവിഭവങ്ങള്‍ക്കു മേല്‍ മേന്മയുള്ളതു പോലെ ഹദ്റത്ത് ആയിശക്ക് മറ്റുള്ള സ്ത്രീകള്‍ക്കു മേല്‍ മേന്മയുണ്ട്.
ഹദ്റത്ത് ആയിശ(റ) നബി തിരുമേനി(സ)യുടെ വേര്പാടിന് ശേഷം 48 വര്‍ഷത്തോളം ജീവിക്കുകയും ഹിജ്റ 58ലെ റമദാന് മാസത്തില്‍, 68 വയസ്സില്‍ നിര്യാതയാവുകയും ചെയ്തു.
ഹദ്റത്ത് സൈനബ്(റ)മായി ബന്ധപ്പെട്ട ഒരു സംഭവം
ബദ്റിലെ യുദ്ധത്തടവുകാരില്‍ പ്രവാചകന്റെ മകള്‍ ഹദ്റത്ത് സൈനബ്(റ)ന്റെ ഭര്‍ത്താവ് അബുല്‍ ആസ് ബിന്‍ റബീഉം ഉണ്ടായിരുന്നു. അദ്ദേഹത്തെ മോചിതനാക്കുന്നതിനു വേണ്ടി ഹദ്റത്ത് സൈനബ്(റ) വിവാഹ സമയത്ത് തന്റെ മാതാവ് ഹദ്റത്ത് ഖദീജ തനിക്ക് നല്കിയ മാല അയക്കുകയുണ്ടായി. പ്രവാചകന്(സ) ആ മാല കണ്ടപ്പോള്‍ വളരെ ദുഃഖിതനായികൊണ്ട് സഹാബാക്കളോട് പറഞ്ഞു, നിങ്ങള്‍ ഉചിതമാണെന്നു കരുതുകയാണെങ്കില്‍ സൈനബിന്റെ ഭര്‍ത്താവിനെ മോചിതനാക്കുകയും ആ മാല തിരിച്ച് നല്‍കുകയും ചെയ്യുക. സഹാബാക്കള്‍ പറഞ്ഞു, തീര്‍ച്ചയായും അല്ലാഹുവിന്റെ പ്രവാചകരെ. മക്കയില്‍ എത്തിയാല്‍ ഉടന്‍ തന്നെ ഹദ്റത്ത് സൈനബിന് മദീനയിലേക്ക് ഹിജ്റത്ത് ചെയ്യാനുള്ള അനുവാദം നല്‍കണം എന്ന നിബന്ധനയില്‍ നബി തിരുമേനി(സ) അബുല്‍ ആസിനെ മോചിതനാക്കി. തുടര്‍ന്ന് അബുല്‍ ആസ് മക്കയില്‍ എത്തിയ ശേഷം സൈനബിന്(റ) മദീനയിലേക്ക് പോകാനുള്ള അനുമതി നല്കി. കുറച്ച് കാലത്തിനു ശേഷം അബുല്‍ ആസ് മദീനയിലേക്ക് വരുകയും അവര്‍ വീണ്ടും ഒരുമിക്കുകയും ചെയ്തു.
ഹമാസ്-ഇസ്രായേല്‍ യുദ്ധത്തില്‍ സാധാരണക്കാര്‍ക്കെതിരെ നടമാടുന്ന അതിക്രമങ്ങള്‍
ഖുത്ബയുടെ രണ്ടാം ഭാഗത്ത് ഖലീഫ തിരുമനസ്സ് പറഞ്ഞു, നിലവിലെ ലോകസാഹചര്യത്തെ മുന്‍നിറുത്തി ദുആക്ക് വേണ്ടി ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്റായേലും ഹമാസും തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്.
ഈ യുദ്ധം കാരണം രണ്ടുഭാഗത്ത് നിന്നും സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള സാധാരണക്കാരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. യുദ്ധാവസരത്തില്‍ പോലും സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തില്‍ പങ്കെടുക്കാത്തവരെയും വധിക്കാനുള്ള അനുവാദം ഇസ്ലാം നല്‍കുന്നില്ല. വളരെ ശക്തമായ രീതിയില്‍ നബിതിരുമേനി(സ) നിഷ്കര്‍ഷിച്ച കാര്യമാണിത്. യുദ്ധം സൈന്യത്തോടാണ് നടത്തേണ്ടത്. നിരപരാധികളായ സ്ത്രീകളോടും കുട്ടികളോടും അല്ല. ഇതനുസരിച്ച് ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഒരു തെറ്റായ നീക്കമാണ്. ഇതുകൊണ്ടുള്ള നഷ്ടം വളരെയധികമാണ്.
എന്നാല്‍, അതിനു മറുപടി എന്ന നിലയില്‍ ഇസ്രായേല്‍ ഭരണകൂടം ചെയ്യുന്നത് വളരെ ഭീകരമായ പ്രവര്‍ത്തനമാണ്. ഈ ഒരവസ്ഥ അവസാനിക്കുന്നതായി തോന്നുന്നില്ല. ഇസ്രായേല്‍ ഗവണ്മെന്റ് പറയുന്നത് അവര്‍ ഗസയെ പരിപൂര്‍ണമായി ഇല്ലാതാക്കും എന്നാണ്. അതിനായി അവര്‍ നിരന്തരമായി അവിടെ ബോംബ് വര്‍ഷിക്കുകയും മുഴുവന്‍ നഗരത്തെയും ചാരക്കൂമ്പാരമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കുന്നത് ഒരു മില്യണില്‍ അധികം ആളുകള്‍ ഗസ വിട്ടുപോകണം എന്നാണ്. ഈ അവസരത്തില്‍, പതിയ ശബ്ദത്തില്‍ ആണെങ്കിലും, ഐക്യരാഷ്ട്ര സഭ ഇതിനോട് പ്രതികരിക്കുകയും, ഇത് മനുഷ്യത്വ വിരുദ്ധവും, തെറ്റായ പ്രവൃത്തിയുമാണെന്നും, ഇസ്രായേല്‍ തങ്ങളുടെ തീരുമാനത്തെ പുനപരിശോധിക്കണമെന്നും പറയുകയും ചെയ്തിരിക്കുന്നു.
യുദ്ധത്തില്‍ പങ്കെടുക്കാത്ത ജനങ്ങള്‍ നിരപരാധികളാണ്. ഇസ്രായേലിലുള്ള സ്ത്രീകളെയും കുട്ടികളെയും ലോകം നിരപരാധികളായി കാണുമ്പോള്‍ ഫലസ്തീനിലെ സ്ത്രീകളും കുട്ടികളും നിരപരാധികളാണ് എന്നവര്‍ മനസ്സിലാക്കണം.
ജൂതക്രിസ്ത്യാനികളുടെ വേദപുസ്തകങ്ങളും നിഷ്കര്‍ഷിക്കുന്നത് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ അനുവദനീയമല്ല എന്നാണ്. മുസ്ലിങ്ങല്ക്കെതിരെ അവര്‍ തെറ്റ് ചെയ്തു എന്ന് ആരോപിക്കുമ്പോള്‍ തങ്ങളുടെ അവസ്ഥയെ കുറിച്ചും ഇക്കൂട്ടര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. വളരെയധികം പ്രാര്ഥിക്കേണ്ട ആവശ്യമുണ്ട്. ഫലസ്തീന്റെ അംബാസഡര്‍ ഒരു ഇന്റര്‍വ്യൂയില്‍ പറയുന്നു, ഹമാസ് ഒരു മിലിറ്റന്റ് ഗ്രൂപ്പ് ആണ്, ഗവണ്മെന്റ് അല്ല. അതോടൊപ്പം അദ്ദേഹം പറയുന്നു, യഥാര്‍ഥ നീതി നടപ്പിലായിരുന്നെങ്കില്‍ ഈ സാഹചര്യം തന്നെ ഉണ്ടാകുമായിരുന്നില്ല. വന്‍ ശക്തികള്‍ തങ്ങളുടെ ഇരട്ടത്താപ്പ് ഒഴിവാക്കിയിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള അസമാധാനവും യുദ്ധസാഹചര്യവും ഉണ്ടാകുമായിരുന്നില്ല എന്നാണ്.
ഇപ്പോള്‍ പാശ്ചാത്യ ശക്തികള്‍ നീതിയെ പാടെ അവഗണിച്ചു കൊണ്ട് ഫലസ്തീനെതിരെ ഒരുമിച്ച് കൂടുകയാണ്. മീഡിയകളും തെറ്റായ വാര്‍ത്തകളാണ് നല്കിക്കൊണ്ടിരിക്കുന്നത്. വന്‍ശക്തികളായ ഭരണകൂടങ്ങള്‍ യുദ്ധത്തെ ആളിക്കത്തിക്കാന്‍ ആണ് ശ്രമിക്കുന്നത്. യുദ്ധത്തെ അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലീഗ് ഓഫ് നേഷന്‍സ് സ്ഥാപിക്കപ്പെട്ടു. എന്നാല്‍ നീതിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കാത്തത് കൊണ്ട് അത് ദുര്‍ബലമാവുകയും രണ്ടാം ലോക മഹായുദ്ധം നടക്കുകയും ചെയ്തു. ഏഴ് കോടി ജനങ്ങളാണ് അതില്‍ മരണപ്പെട്ടത്. പിന്നീട് ഐക്യരാഷ്ട്ര സഭ രൂപീകരിക്കപ്പെട്ടു. എന്നാല്‍ അതിന്റെ അവസ്ഥയും ശോചനീയമായിക്കൊണ്ടിരിക്കുകയാണ്. നീതി നടപ്പില്‍ വരുത്താനും മര്‍ദിതര്‍ക്ക് സഹായമേകുന്നതിനും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു ഇത് സ്ഥാപിക്കപ്പെട്ടിരുന്നത് എങ്കിലും ആ ലക്ഷ്യപൂര്‍ത്തീകരണത്തിന് വിദൂര സാധ്യത പോലും കാണുന്നില്ല. എല്ലാവരും തങ്ങളുടെ സ്വാര്‍ഥ താല്പര്യത്തിന് പിന്നാലെയാണ്.
ഈ അനീതി കാരണം യുദ്ധം നടക്കുകയാണെങ്കില്‍ അതിന്റെ പരിണിത ഫലങ്ങളെ കുറിച്ച് സാധാരണക്കാരന് ചിന്തിക്കാന്‍ പോലും സാധിക്കില്ല.
ഇത്തരം സാഹചര്യങ്ങളില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ ഉണര്‍ന്നു പ്രവൃത്തിക്കേണ്ടതാണ്. തങ്ങളുടെ പര്സപരമുള്ള ഭിന്നതകള്‍ ഒഴിവാക്കിക്കൊണ്ട് ഐക്യപ്പെടാന്‍ വേണ്ടി ശ്രമിക്കേണ്ടതാണ്. അക്രമിക്കപ്പെടുന്നവനെയും അക്രമിയെയും (അവനെ അക്രമത്തില്‍ നിന്ന് തടഞ്ഞുകൊണ്ട്) സഹായിക്കുക എന്ന നബി തിരുമേനി(സ)യുടെ നിര്‍ദേശം മുസ്ലിം ശക്തികള്‍ എപ്പൊഴും മുന്നില്‍ വയ്ക്കുക. അല്ലാഹു മുസ്ലിം ഭരണകൂടങ്ങള്‍ക്ക് ബുദ്ധി നല്കട്ടെ. അവര്‍ ഐക്യപ്പെട്ടുകൊണ്ട് നീതി നടപ്പില്‍ വരുത്തുന്നവരാകട്ടെ. ലോക ശക്തികള്‍ ലോകത്തെ യുദ്ധക്കളമാക്കി മാറ്റാതെ ലോകത്തെ നാശത്തില്‍ നിന്നും രക്ഷിക്കുന്നവരാകട്ടെ. ഈ നാശം സംഭവിക്കുകയാണെങ്കില്‍ ലോകത്തെ വലിയ ശക്തികളും സുരക്ഷിതരല്ല എന്ന് അവര്‍ ഓര്‍ക്കേണ്ടതാണ്.
നമ്മുടെ പക്കല്‍ ദുആയുടെ ആയുധം മാത്രമാണുള്ളത്. അതുകൊണ്ട് ഓരോ അഹ്മദിയും മുമ്പത്തേക്കാള്‍ ഏറെ ദുആ ചെയ്യേണ്ടതാണ്. ഗസയില്‍ ചില അഹ്മദികളുടെ വീടുകളും ഉപരോധിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു അവരെയും എല്ലാ നിഷ്കളങ്കരായ ജനങ്ങളെയും സംരക്ഷിക്കട്ടെ. അല്ലാഹു ഹമാസിന് ബുദ്ധി നല്കട്ടെ. അവര്‍ തങ്ങളുടെ ആളുകള്‍ അക്രമിക്കപ്പെട്ടതിനു ഉത്തരവാദികളാകാതിരിക്കട്ടെ. ഒരു സമൂഹത്തോടുള്ള ശത്രുത അവരോട് നീതിയോടെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയാതിരിക്കട്ടെ. ഇത് തന്നെയാണ് വിശുദ്ധ ഖുര്‍ആന്റെ കല്പന. അല്ലാഹു ലോകശക്തികളെ നീതിയില്‍ നിലനിന്നു കൊണ്ട് സമാധാനം സ്ഥാപിക്കുന്നവരാക്കി മാറ്റട്ടെ. അല്ലാഹു നമുക്ക് ലോകത്ത് ശാന്തിയും സമാധാനവും കാണാനുള്ള സൗഭാഗ്യം നല്കുമാറാകട്ടെ.
ഖുത്ബയുടെ അവസാനത്തില്‍ ഖലീഫ തിരുമനസ്സ് പരേതരായ ബശീര്‍ അഹ്മദ് ഖാന് സാഹിബ്, വസീമ ബേഗം സാഹിബ എന്നിവരെ അനുസ്മരിക്കുകയും അവരുടെ ജനാസ നമസ്ക്കരിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.
0 Comments