തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം, ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തെ മുൻനിറുത്തിയുള്ള പ്രാർഥനകള്‍

മുസ്‌ലിം രാജ്യങ്ങള്‍ ഒരുമിക്കണം. എല്ലാ മുസ്‌ലിം രാജ്യങ്ങളും ഒരേ ശബ്ദത്തില്‍ പ്രതികരിക്കുകയാണെങ്കില്‍ അത് ശക്തമായ ഒരു സ്വാധീനം ചെലുത്തുന്നതായിരിക്കും.

തിരുനബി ചരിത്രം: ചില സംഭവങ്ങളുടെ വിവരണം, ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തെ മുൻനിറുത്തിയുള്ള പ്രാർഥനകള്‍

മുസ്‌ലിം രാജ്യങ്ങള്‍ ഒരുമിക്കണം. എല്ലാ മുസ്‌ലിം രാജ്യങ്ങളും ഒരേ ശബ്ദത്തില്‍ പ്രതികരിക്കുകയാണെങ്കില്‍ അത് ശക്തമായ ഒരു സ്വാധീനം ചെലുത്തുന്നതായിരിക്കും.

മുസ്‌ലിം രാജ്യങ്ങള്‍ ഒരുമിക്കണം. എല്ലാ മുസ്‌ലിം രാജ്യങ്ങളും ഒരേ ശബ്ദത്തില്‍ പ്രതികരിക്കുകയാണെങ്കില്‍ അത് ശക്തമായ ഒരു സ്വാധീനം ചെലുത്തുന്നതായിരിക്കും.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 20 ഒക്ടോബര്‍ 2023ന് മസ്ജിദ് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ്

ഒക്ടോബര്‍ 24, 2023

തശഹ്ഹുദും തഅവ്വുദും സൂറഃ ഫാത്തിഹയും ഓതിയ ശഷം ഖലീഫ തിരുമനസ്സ് പറഞ്ഞു: ബദ്ര്‍ യുദ്ധത്തിന് ശേഷം തിരുനബി(സ) യുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ചുള്ള പരാമര്‍ശം ഇന്നും തുടരുകയാണ്.

ഹദ്‌റത് അബുല്‍ ആസ്(റ)ന്റെ ഇസ്ലാം സ്വീകരണം

ഖലീഫ തിരുമനസ്സ് പറയുന്നു:  മക്കക്കാരുടെ ഒരു കച്ചവട സംഘം സിറിയയില്‍ നിന്ന് വരുന്നെന്നും  ഈ കച്ചവട സംഘത്തിന്റെ ലാഭം കൊണ്ട് മുസ്ലിംകളെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വരുന്നതെന്നും നബിതിരുമേനി(സ)ക്ക് അറിവ് ലഭിച്ചു. ഈ കച്ചവട സംഘത്തെ തടയുന്നതിനായി ഹിജ്റ ആറാം വര്‍ഷം ജമാദിയുല്‍ ഊല മാസത്തില്‍ നബിതിരുമേനി(സ)ക്ക് സൈദ് ഇബ്‌നു ഹാരിസയുടെ നേതൃത്വത്തില്‍ ആറു ദിവസം യാത്രാദൂരമുള്ള ഈസ് എന്ന സ്ഥലത്തേക്ക് ഒരു സൈന്യസംഘത്തെ അയക്കുകയുണ്ടായി. ഈ കച്ചവട സംഘത്തോടൊപ്പം അബുല്‍ ആസും തടവുകാരനായി പിടിക്കപ്പെട്ടു.

ഈ സംഭവത്തെ കുറിച്ച് ഹദ്‌റത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ് എഴുതിയ ഭാഗത്തെ ഖലീഫ തിരുമനസ്സ് ഉദ്ദരിക്കുന്നുണ്ട്; പറയുന്നു: ഈസിലേക്ക് നടന്ന സൈനീക നീക്കത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട വരുടെ കൂട്ടത്തില്‍ അബുല്‍ ആസ് ബിന്‍ റബീഅ്(റ)യും  ഉണ്ടായിരുന്നു. ഇദ്ദേഹം തിരുനബി(സ) യുടെ മകളുടെ ഭര്‍ത്താവും ഹദ്‌റത് ഖദീജ(റ)യുടെ അടുത്ത  ബന്ധുവുമായിരുന്നു. ഇതിന് മുമ്പ് ഇദ്ദേഹം ബദ്റിലും തടവുകാരനായി പിടിക്കപ്പെട്ടിരുന്നു. മക്കയിലേക്ക് പോയിക്കഴിഞ്ഞാല്‍ തന്റെ മകള്‍ ഹദ്‌റത് സൈനബ് (റ) യെ മദീനയിലേക്ക് പറഞ്ഞയക്കണമെന്ന നിബന്ധനയില്‍ നബിതിരുമേനി(സ) അദ്ദേഹത്തെ ബദ്ര്‍ യുദ്ധത്തിനു ശേഷം വിട്ടയച്ചതായിരുന്നു.

സൈദ് ബിന്‍ ഹാരിസ(റ) ഇദ്ദേഹത്തെ തടവുകാരനായി പിടിച്ച് മദീനയിലേക്ക് കൊണ്ടുവന്നപ്പോള്‍ രാത്രിയായിരുന്നു. എങ്കിലും താന്‍ തടവുകാരനായി പിടിക്കപ്പെട്ടിരിക്കുന്നു അതിനാല്‍ തന്റെ മോചനത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണം എന്ന് അബുല്‍ ആസ് സൈനബിന് സന്ദേശം എത്തിക്കുകയുണ്ടായി. നബിതിരുമേനി(സ)യും അദ്ദേഹത്തിന്റെ സഹാബാക്കളും പ്രഭാത നമസ്‌കാരം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന വേളയില്‍, ”അല്ലയോ മുസ്ലീങ്ങളേ, ഞാന്‍ അബുല്‍ ആസിന് അഭയം നല്കിയിരിക്കുന്നു’ എന്ന ഹദ്‌റത് സൈനബ് വിളിച്ച് പറഞ്ഞു. നമസ്‌കാരം പൂര്‍ത്തിയാക്കിയതിനു ശേഷം നബിതിരുമേനി(സ) തന്റെ സഹാബാക്കളോടായി പറഞ്ഞു: ”സൈനബ് പറഞ്ഞതെല്ലാം നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അല്ലാഹുവണ! എനിക്ക് ഇതിനെ കുറിച്ച് എനിക്ക് യാതൊരു മുന്നറിവും ഇല്ല. എന്നാല്‍ വിശ്വാസികള്‍ എല്ലാവരും  ഏക ആത്മാവു പോലെയാണ്. അവരില്‍ ഒരാള്‍ ഏതെങ്കിലും അവിശ്വാസിക്ക് അഭയം നല്കുകയാണെങ്കില്‍ അതിനെ ബഹുമാനിക്കേണ്ടതും നമ്മുടെ കടമയാണ്.’ ശേഷം നബിതിരുമേനി(സ) സൈനബിനോടായി പറഞ്ഞു: ‘നീ അഭയം നല്കിയവര്‍ക്ക് ഞങ്ങളും അഭയം നല്കുന്നു.’

ഈ സൈനീക നീക്കത്തില്‍ അബുല്‍ ആസിന്റെ പക്കല്‍ നിന്ന് ലഭിച്ച സമ്പത്ത് അദ്ദേഹത്തിന് തന്നെ തിരികെ നല്കി. പിന്നെ,  നബിതിരുമേനി(സ) വീട്ടിലേക്ക് പോയി,  എന്നിട്ട് തന്റെ മകള്‍ സൈനബിനോടു പറഞ്ഞു:”അബുല്‍ ആസിന് നല്ല രീതിയില്‍ ആതിഥ്യമരുളുക. എന്നാല്‍ അദ്ദേഹവുമായി സ്വകാര്യനിമിഷങ്ങള്‍ പങ്കുവയ്ക്കരുത്. ഇപ്പോഴത്തെ അവസ്ഥയും അദ്ദേഹവുമായി നീ സ്വകാര്യത പങ്കുവയ്ക്കുന്നത് അനുവദനീയമല്ല.’ കുറച്ച് ദിവസം മദീനയില്‍ തങ്ങിയതിന് ശേഷം അബുല്‍ ആസ് മക്കയിലേക്ക് തിരികെ പോയി. എന്നാല്‍ ഇത്തവണ മക്കയിലേക്ക് പോയത് അവിടെ താമസിക്കാനായിരുന്നില്ല. അദ്ദേഹം താമസിയാതെ തന്നെ തന്റെ ഇടപാടുകള്‍ തീര്‍ത്ത് കലിമ ശഹാദത്ത് ചൊല്ലിക്കൊണ്ട് മദീനയിലേക്ക് വന്നു. നബിതിരുമേനി(സ) ഹദ്‌റത് സൈനബിനെ നിക്കാഹ് കൂടാതെ തന്നെ അദ്ദേഹത്തോടൊപ്പം അയച്ചു. അതായത് നബിതിരുമേനി(സ) സൈനബ്(റ) ന് അബുല്‍ ആസുമായി വൈവാഹിക ബന്ധം തുടരാന്‍ അനുവാദം നല്കി. ചില നിവേദനങ്ങളില്‍ ഹദ്‌റത് സൈനബിന്റെയും അബുല്‍ ആസിന്റെയും നിക്കാഹ് വീണ്ടും നടന്നു എന്ന് വരുന്നുണ്ട്. എങ്കിലും വിശ്വസനീയവും ആധികാരികവുമായിട്ടുള്ളത് ആദ്യം പ്രതിപാദിച്ച നിവേദനമാണ് . (സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 3 പേജ് 15,16 )

ഹുസൂര്‍ പറയുന്നു: ഒരു സ്ത്രീ തന്റെ  ഭര്‍ത്താവിനെ അവിശ്വാസിയാണെന്ന കാരണത്താല്‍ ഉപേക്ഷിക്കുകയും, പിന്നീട് ആ ഭര്‍ത്താവ് വിശ്വസിക്കുകയുമാണെങ്കില്‍ രണ്ടാമത് ഒരു നിക്കാഹ് നടത്തേണ്ട ആവശ്യമില്ല.

ഹദ്‌റത് സൈനബിന്റെയും(റ) ഹദ്‌റത് അബുല്‍ ആസിന്റെയും(റ) മരണം

ഹദ്‌റത് സൈനബ്(റ) തന്റെറ ഭര്‍ത്താവ് ഇസ്ലാം സ്വീകരിച്ച് അധികം താമസിയാതെ തന്നെ മരണപ്പെടുകയുണ്ടായി. ചില നിവേദനങ്ങള്‍ അനുസരിച്ച് നബിതിരുമേനി(സ) ഹദ്‌റത് സൈനബിനെ വുളു ചെയ്യുന്ന രീതിയില്‍ വലത് ഭാഗത്ത് നിന്ന് കുളിപ്പിക്കാന്‍ ആരംഭിക്കണം എന്ന് നിര്‍ദേശിച്ചു. മറ്റൊരു നിവേദനമനുസരിച്ച് അവരെ മൂന്നു മുതല്‍ അഞ്ചു തവണ വരെ കുളിപ്പിക്കണം എന്ന് നിര്‍ദേശിക്കുകയുണ്ടായി. ശേഷം നബിതിരുമേനി(സ) തന്റെ മകളുടെ ജനാസ നമസ്‌കരിക്കുകയും മറവ് ചെയ്യുകയും ചെയ്തു.

ഖലീഫ തിരുമനസ്സ് തുടരുന്നു: ഹദ്‌റത് അബുല്‍ ആസിന്റെ വ്യാപാരം മക്കയില്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് അധികം ദിവസം മദീനയില്‍ താങ്ങാന്‍ കഴിഞ്ഞിരുന്നില്ല, അതിനാല്‍ അദ്ദേഹം നബിതിരുമേനി(സ)യില്‍ നിന്ന് അനുവാദം വാങ്ങി മക്കയില്‍ താമസാമായി. ഇക്കാരണത്താല്‍ അദ്ദേഹത്തിന് യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല:. എന്നിരുന്നാലും അദ്ദേഹം ഹദ്‌റത് അലിയുടെ നേതൃത്വത്തില്‍ ഉള്ള ഒരു സൈനീക നീക്കത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം ഹിജ്റ പന്ത്രണ്ടാം വര്‍ഷം വഫാത്തായി.

ഹദ്‌റത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ് പറയുന്നു:

നബിതിരുമേനി(സ)യുടെ മകളുടെ ഭര്‍ത്താവ് അബുല്‍ ആസ് ബിന്‍ റബീഅ് ഹദ്‌റത് ഖദീജ(റ) വിന്റെ അടുത്ത ബന്ധുവും ആയിരുന്നു. അദ്ദേഹം ഒരു ബഹുദൈവാരാധകന്‍ ആയിരുന്നു എങ്കിലും തന്റെ  ഭാര്യയുമായി അദ്ദേഹം വളരെ നല്ല രീതിയില്‍ പെരുമാറിയിരുന്നു. ഇസ്ലാം സ്വീകരിച്ചതിന് ശേഷവും ഭാര്യാഭര്‍തൃ ബന്ധം സന്തോഷകരമായി തന്നെ തുടര്‍ന്നു. അതുകൊണ്ട് തന്നെ നബിതിരുമേനി(സ) അബുല്‍ ആസിനെ കുറിച്ച് അദ്ദേഹം എന്റെ മകളോട് നല്ല രീതിയില്‍ പെരുമാറിയിരുന്നു എന്ന് പ്രശംസിക്കുമായിരുന്നു. അബുല്‍ ആസ് ഹിജ്റ പന്ത്രണ്ടാം വര്‍ഷം ഹദ്‌റത് അബൂബക്കര്‍(റ)ന്റെ ഖിലാഫത്ത് കാലത്ത് വഫാത്തായി. ഇദ്ദേഹത്തിന്റെ ഭാര്യ, നബിതിരുമേനി(സ)യുടെ മകള്‍, നബിതിരുമേനി(സ)യുടെ ജീവിതകാലത്ത് തന്നെ വഫാത്തായിരുന്നു. ഇവരുടെ മകള്‍ ഉമാമ നബിതിരുമേനി(സ)ക്ക് വളരെ പ്രിയപ്പെട്ടവളായിരുന്നു. ഹദ്‌റത് ഫാത്തിമയുടെ വഫാത്തിന് ശേഷം ഹദ്‌റത് അലി ഇവരെ വിവാഹം കഴിച്ചു. എന്നാല്‍ ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല.

(സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം 3 പേജ് 15 16 )

സവീഖ് യുദ്ധം

ഖലീഫ തിരുമനസ്സ് പറയുന്നു: സവീഖ് യുദ്ധം ഹിജ്റ രണ്ടാം വര്‍ഷം ദുല്‍ഹിജ്ജ മാസത്തില്‍ ആണ് നടന്നത്. ബദ്റിലെ മക്കക്കാരുടെ പരാജയത്തിന് പകരം ചോദിക്കാതെ താന്‍ മുടിയില്‍ എണ്ണ പുരട്ടുകയോ കുളിക്കുകയോ ചെയ്യില്ല എന്ന് അബു സുഫിയാന്‍ ശപഥമെടുത്തിരുന്നു. നിവേദനങ്ങള്‍ അനുസരിച്ച് അബൂസുഫിയാന്‍ നാല്പതോ ഇരുനൂറോ സൈനികരുമായി തന്റെ ശപഥം പൂര്‍ത്തിയാക്കാന്‍ ഇറങ്ങിത്തിരിച്ചു. ഈ സംഘം മദീനയില്‍ നിന്ന് 12 മൈലുകള്‍ അകലെ ഒരു താഴ്വരയില്‍ തമ്പടിച്ചു. രാത്രിയായപ്പോള്‍ അബു സുഫിയാന്‍ ബനു നദീര്‍ ഗോത്രത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്തുകയും നബിതിരുമേനി(സ)യെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അതിന് ശേഷം അബുസുഫിയാന്‍ അവിടെ നിന്ന് തിരിച്ച് വന്ന് മദീനയില്‍ നിന്ന് മൂന്ന് മൈല്‍ അകലെയുള്ള ഒരു ഈന്തപ്പന തോട്ടത്തിലേക്ക് തന്റെ  കുറച്ച് ആളുകളെ അയച്ചു. അവിടെ അവര്‍ ഈന്തപ്പനകള്‍ കത്തിക്കുകയും ഒരു അന്‍സാര്‍ സഹാബിയെ വധിക്കുകയും ചെയ്തു. ഒരു പരിധിവരെയെങ്കിലും താന്‍ പ്രതികാരം ചെയ്ത് തന്റെ ശപഥം പൂര്‍ത്തിയാക്കി എന്ന് കരുതി അബുസുഫിയാന്‍ മക്കയിലേക്ക് തിരിച്ചു.  ഇതിനെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ നബിതിരുമേനി(സ) മുഹാജിറുകളും അന്‍സാറുകളും അടങ്ങുന്ന 200 പേരുടെ സൈന്യവുമായി അബൂസുഫിയാനെ പിന്തുടര്‍ന്ന് ഖര്‍ഖറത്തുല്‍ കുദ്ര്‍ എന്ന സ്ഥലം വരെ എത്തി. എന്നാല്‍ അബുസുഫിയാനും സംഘവും മുസ്ലിംകള്‍ക്ക് പിടികൊടുക്കാതെ  തന്ത്രപരമായി ഒഴിഞ്ഞുമാറികൊണ്ടിരുന്നു. നബിതിരുമേനി(സ)മദീനയിലേക്ക് തിരിച്ചു വരികയും ചെയ്തു.

ഖലീഫ തിരുമനസ്സ് പറയുന്നു: ആദ്യത്തെ ഈദുല്‍ അദ്ഹ ആഘോഷിച്ചത് രണ്ടാം ഹിജ്രിയിലാണ്. നബിതിരുമേനി(സ) ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ഒരു മൃഗത്തെ ബലി നല്കുകയും ചെയ്തു.

തിരുമനസ്സ് പറയുന്നു: ഹദ്‌റത് ഫാത്തിമയുടെ വിവാഹവും ഹിജ്റ രണ്ടാം വര്‍ഷമാണ് നടന്നത്. ഇതിനെ കുറിച്ച് സീറത്ത് ഖാത്തമുന്നബിയ്യീനില്‍ വന്ന ഭാഗം ഖലീഫ തിരുമനസ്സ് ഉദ്ദരിക്കുന്നു. പറയുന്നു ”ഹദ്‌റത് ഫാത്തിമ നബിതിരുമേനി(സ)യുടെ ഏറ്റവും ഇളയമകളായിരുന്നു. തിരുനബി(സ)ക്ക് ഹദ്‌റത് ഫാത്തിമ ഏറെ പ്രിയപ്പെട്ടവള്‍ ആയിരുന്നു. അവരുടെ പ്രത്യേക ഗുണങ്ങളാല്‍ അവര്‍ നബിതിരുമേനി(സ)യുടെ പ്രത്യേക സ്‌നേഹത്തിനു എന്ത് കൊണ്ടും അര്‍ഹയായിരുന്നു. അവര്‍ക്ക് ഏകദേശം പതിനഞ്ചു വയസ്സ് പ്രായമായപ്പോള്‍ ചില വിവാഹാലോചനകള്‍ വന്നു തുടങ്ങി. ആദ്യം ഹദ്‌റത് അബൂബക്കര്‍ ഹദ്‌റത് ഫാത്തിമയെ വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ തിരുനബി(സ) ക്ഷമാപണത്തോടെ നിരസിച്ചു. തുടര്‍ന്ന് ഹദ്‌റത് ഉമറിന്റെ അപേക്ഷയും സ്വീകരിക്കപ്പെട്ടില്ല. ഹദ്‌റത് ഫാത്തിമയെ ഹദ്‌റത് അലി(റ) വിവാഹം കഴിക്കണം എന്നാണ് നബിതിരുമേനി(സ) ആഗ്രഹിക്കുന്നത് എന്ന് ഇവര്‍ രണ്ടു പേരും മനസ്സിലാക്കി. ഹദ്‌റത് അലി(റ)വും  ഒരു പക്ഷെ  ഈ ബന്ധം ആഗ്രഹിച്ചിരുന്നു എങ്കിലും ലജ്ജ കാരണം ഇക്കാര്യം അവതരിപ്പിച്ചിരുന്നില്ല. ഹദ്‌റത് അബൂബക്കറും ഹദ്‌റത് ഉമറും ഈ വിവാഹാലോചന അവതരിപ്പിക്കാന്‍ ഹദ്‌റത് അലിയെ പ്രേരിപ്പിച്ചു. അദ്ദേഹം നബിതിരുമേനി(സ)യുടെ സന്നിധിയില്‍ ഹാജരായി വിവാഹാലോചനയുടെ കാര്യം അവതരിപ്പിച്ചു. ഹദ്‌റത് ഫാത്തിമയുടെ വിവാഹം ഹദ്‌റത് അലിയുമായി നടക്കും എന്നതിനെ കുറിച്ചുള്ള സൂചന നബിതിരുമേനി(സ)

ക്ക് വെളിപാട് മുഖേന ലഭിച്ചിരുന്നു. ഹദ്‌റത് അലി(റ) ഫാത്തിമക്ക് വേണ്ടി നബിതിരുമേനി(സ)യോട് അപേക്ഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”എനിക്ക് ഇതിനെ കുറിച്ച് നേരത്തെ തന്നെ ദൈവിക സൂചന ലഭിച്ചിട്ടുണ്ട്.’

നബിതിരുമേനി(സ) ഹദ്‌റത് ഫാത്തിമയുടെ സമ്മതം വാങ്ങുകയും മുഹാജിര്‍ അന്‍സാര്‍ സഹാബാക്കളുടെ ഇടയില്‍ ഹദ്‌റത് അലിയുടെയും ഹദ്‌റത് ഫാത്തിമയുടെയും വിവാഹം വിളംബരപ്പെടുത്തുകയും ചെയ്തു. ഹദ്‌റത് അലി(റ)ന് ബദ്റിലെ ഗനീമത്തുമുതലില്‍ നിന്ന് ലഭിച്ച ഒരു പടച്ചട്ട വിറ്റ് മഹറിനുള്ള ഏര്‍പ്പാട് ചെയ്തു. ഹദ്‌റത് അലി ഹദ്‌റത് ഫാത്തിമയെ കൂട്ടി തന്റെ  വീട്ടിലേക്ക് പോയതിനു ശേഷം നബിതിരുമേനി(സ) അവരെ സന്ദര്‍ശിക്കാന്‍ വരുകയും അവര്‍ക്ക് വേണ്ടി ഇപ്രകാരം ദുആ ചെയ്യുകയും ചെയ്തു: ‘അല്ലാഹുവേ, ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ അനുഗ്രഹം വര്‍ഷിക്കേണമേ. ഇവരുമായുള്ള മറ്റുള്ളവരുടെ ബന്ധങ്ങളിലും നീ അനുഗ്രഹം വര്‍ഷിക്കേണമേ. ഇവരുടെ തലമുറകളിലും നീ അനുഗ്രഹം വര്‍ഷിക്കേണമേ.’

ഖലീഫ തിരുമനസ്സ് പറയുന്നു: ഇന്നത്തെ കാലഘട്ടത്തിലും മാതാപിതാക്കള്‍ തങ്ങളുടെ സന്താനങ്ങളുടെ വിവാഹ വേളയില്‍ ഈ ദുആ ചെയ്യേണ്ടതാണ്. ലൗകീക ആഗ്രഹങ്ങള്‍ അധികമാകുന്നത് കൊണ്ട് ഇന്നത്തെ കാലത്ത് ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ അധികമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വിശ്വാസത്തെ മുന്തിക്കുകയും ഈ ദുആ ചെയ്യുകയും ചെയ്താല്‍ ബന്ധങ്ങള്‍ സുദൃഢമാകും.

തുടര്‍ന്ന് ഖലീഫ തിരുമനസ്സ് ലോകത്തിന്റെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് പരാമര്‍ശിച്ചു. അവിടുന്ന് പറയുന്നു:

ലോകത്തിന്റെ ഇപ്പോഴുള്ള അവസ്ഥയെ പരിഗണിച്ച് കൊണ്ട് എല്ലാവരും ദുആ ചെയ്യേണ്ടതാണ്. ഇപ്പോള്‍ ചില പാശ്ചാത്യ മാധ്യമപ്രവര്‍ത്തകര്‍,  അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും,  പ്രതികാര നടപടികള്‍ക്കും ഒരു പരിധി വേണമെന്ന് തങ്ങളുടെ പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. അതുകൂടാതെ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളും ഇസ്രായേലിനെയും ഹമാസിനെയും യുദ്ധത്തില്‍ നിന്ന് തടയാനും അനുരഞ്ജനം നടത്താനും വെടിനിര്‍ത്താനും പരിശ്രമിക്കണം എന്നും അഭിപ്രായപ്പെടുന്നു. എന്നാല്‍ അതോടൊപ്പം അവര്‍ പറയുന്നത്:  ഇവര്‍ ഈ യുദ്ധം തടയുന്നതിന് പകരം യുദ്ധത്തീ  ആളിക്കത്തിക്കുകയാണ് ചെയ്യുന്നത്.

ഇതുപോലെ, നാം അതിരുകള്‍ ലംഘിച്ചിരിക്കുന്നു, നിരപരാധികളായ ഫലസ്തീന്‍ ജനതയോട് നാം അനീതി ചെയ്തിരിക്കുന്നു, ലോകശക്തികള്‍ ഈ കാര്യത്തില്‍ ഇടപെടണം എന്ന് പറഞ്ഞ് ഒരു  ഉന്നത വിദേശകാര്യ മന്ത്രി രാജിവെച്ചത് കഴിഞ്ഞ ദിവസം അമേരിക്കയില്‍ വാര്‍ത്തയായിരുന്നു. ഇവരില്‍ ഇപ്പോഴും മാന്യരായ ആളുകള്‍ ഉണ്ട്.

ജൂത റബ്ബിമാര്‍ ഇടക്കിടക്ക് മാധ്യമങ്ങളില്‍ വന്ന് ഫലസ്തീന് വേണ്ടി സംസാരിക്കുകയും അധിനിവേശത്തെ അപലപിക്കുകയും ചെയ്യുന്നുണ്ട്. റഷ്യയുടെ വിദേശകാര്യ മന്ത്രി പറയുന്നത് രാജ്യങ്ങള്‍ ഈ രീതി തന്നെ തുടരുകയാണെങ്കില്‍ ഈ യുദ്ധം ആ പ്രദേശമാകെ പടരും എന്നാണ്. എന്നാല്‍  ഇത് ലോകം മുഴുവന്‍ വ്യാപിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇവര്‍ തങ്ങളുടെ സുബോധത്തിലേക്ക് വരേണ്ടതുണ്ട്. ഞാന്‍ മുന്‍പും പറഞ്ഞത് പോലെ മുസ്ലിം രാജ്യങ്ങള്‍ ഏകാഭിപ്രായക്കാരായി ഒരുമിക്കണം. 53, 54 മുസ്ലിം രാജ്യങ്ങളുണ്ട് എന്ന് പറയപ്പെടുന്നു. ഇവര്‍ എല്ലാവരും ഒരേ ശബ്ദത്തില്‍ പ്രതികരിക്കുകയാണെങ്കില്‍ അത് ശക്തമായ ഒരു സ്വാധീനം ചെലുത്തുന്നതായിരിക്കും. അല്ലാത്തപക്ഷം ഓരോരുത്തരായി പ്രതികരിക്കുകയാണെങ്കില്‍ അതിന് യാതൊരു വിലയും ഉണ്ടാകില്ല. ലോകത്ത് സമാധാനം സ്ഥാപിക്കാനും യുദ്ധം നിര്‍ത്തലാക്കാനും ഈയൊരു വഴിയാണ് ഉള്ളത്. ലോകത്തെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മുസ്ലിം രാജ്യങ്ങള്‍ കഠിനമായി പരിശ്രമിക്കണം. അല്ലാഹു അവരെ ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുമാറാകട്ടെ.

എന്നിരുന്നാലും, നാം ആത്മാര്‍ത്ഥമായി ദുആ ചെയ്യണം. അല്ലാഹു ഈ യുദ്ധം അവസാനിപ്പിച്ച് നിരപരാധികളായ, അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീനികളെ സംരക്ഷിക്കട്ടെ, അങ്ങനെ അവര്‍ കൂടുതല്‍ അനീതികള്‍ക്ക് വിധേയരാകാതിരിക്കട്ടെ, ലോകത്തിലെ എല്ലാ അനീതികളും അത് എവിടെയാണെങ്കിലും അല്ലാഹു അവസാനിപ്പിക്കട്ടെ. പ്രാര്‍ഥിക്കാന്‍ അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed