സര്‍ക്കാരുകളും രാഷ്ട്രീയക്കാരും ഫലസ്തീനികളുടെ ജീവന് ഒരു പ്രാധാന്യവും നല്‍കുന്നില്ല. അവര്‍ക്ക് അവരുടേതായ താല്പര്യങ്ങളുണ്ട്. എന്നിരുന്നാലും, സര്‍വശക്തനായ അല്ലാഹു ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ അവധി നല്‍കുകയുള്ളൂ.
നവംബര്‍ 17, 2023
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) 10 നവംബര്‍ 2023ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു: ഇന്നും ബദ്ര് യുദ്ധാനന്തരം തിരുനബിയുടെ(സ) ജീവിതത്തിലെ സംഭവ വികാസങ്ങളാണ് പരാമര്‍ശിക്കുന്നത്.
ജന്നത്തുല്‍-ബഖീഅ്; അതില്‍ അടക്കം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി
ഖലീഫാ തിരുമനസ്സ് പറയുന്നു: മദീനയില്‍ ജന്നത്തുല്‍-ബഖീഅ് എന്നു പേരുള്ള ഒരു ഖബര്സ്ഥാന് സ്ഥാപിതമായത് ഹിജ്റ വര്‍ഷം രണ്ടിനാണ്. തിരുദൂതര്‍(സ) മദീനയില്‍ എത്തിയപ്പോള്‍ ജൂതന്മാര്ക്കും മറ്റ് അറബ് ഗോത്രങ്ങള്‍ക്കും വ്യത്യസ്ത ശ്മശാനങ്ങളുണ്ടായിരുന്നു. ഇവയില്‍ ഏറ്റവും പഴക്കമുള്ള ശ്മശാനം ബഖീഅ് അല്‍-ഗര്‍ഖദ് ആയിരുന്നു. തിരുദൂതര്‍(സ) മുസ്ലിംകളുടെ ഖബര്‍സ്ഥാനായി അത് തിരഞ്ഞെടുത്തു. അത് ഇന്നും നിലനില്ക്കുന്നു. തിരുദൂതര്‍(സ) ഒരു ഖബര്സ്ഥാന് അന്വേഷിക്കുകയായിരുന്നു. വിവിധ ഖബര്സ്ഥാന് സന്ദര്‍ശിച്ച് പരിശോധിച്ച ശേഷം, തിരുനബി (സ) ബഖി അല്‍-ഗര്‍ഖദ് അതിനായി തിരഞ്ഞെടുക്കുകയുണ്ടായി. അവിടെ അടക്കം ചെയ്യപ്പെട്ട ആദ്യത്തെ മുസ്ലിം ഹദ്റത്ത് ഉസ്മാന് ബിന്‍ മള്ഊന്(റ) ആണ്. അറബിയില്‍, ബഖീഅ് എന്നത് ധാരാളം മരങ്ങള്‍ ഉള്ള സ്ഥലത്തെ സൂചിപ്പിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്മദ് സാഹിബ് എഴുതുന്നു; ഹിജ്റ വര്‍ഷം രണ്ടിന്റെ അവസാനത്തില്‍ തിരുദൂതര്‍(സ) മദീനയില്‍ തന്റെ അനുചരന്മാര്ക്കായി ഒരു ഖബര്സ്ഥാന് സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. അത് ജന്നത്തുല്‍-ബഖീഅ് എന്നറിയപ്പെട്ടു. അതിന് ശേഷം, സ്വഹാബികളെ പൊതുവെ ഈ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു പോന്നു. ഈ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യപ്പെട്ട ആദ്യത്തെ സ്വഹാബി ഉസ്മാന് ബിന്‍ മള്ഊന് (റ) ആയിരുന്നു . ഉസ്മാന്(റ) പ്രഥമസ്വഹാബിവര്യന്മാരില് ഉള്‍പ്പെട്ട വ്യക്തി ആയിരുന്നു. മാത്രമല്ല അങ്ങേയറ്റം സാത്വികനും ഭക്തനുമായിരുന്നു. മുസ്ലിം ആയ ശേഷം ഒരിക്കല്‍ അദ്ദേഹം തിരുദൂതര്‍ക്ക് (സ) മുമ്പാകെ ഹാജരായി ഇപ്രകാരം ആഗ്രഹം പ്രകടിപ്പിച്ചു: അവിടുന്ന് അനുവാദം നല്കിയാല് ഞാന്‍ എന്റെ ജീവിതത്തിലെ മുഴുവന്‍ സമയവും അല്ലാഹുവിന് വേണ്ടി ആരാധന നിര്‍വഹിക്കാന്‍ വേണ്ടി ചെലവഴിക്കുന്നതും ലൗകികതയെയും ഭാര്യാമക്കളെയും അതിന് വേണ്ടി ഉപേക്ഷിക്കുന്നതുമാണ്. എന്നാല്‍, തിരുദൂതര്‍(സ) അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ലോകത്തെ പൂര്‍ണമായി ഉപേക്ഷിക്കുന്നില്ലെങ്കിലും തങ്ങളുടെ ആശ്രിതരുടെ അവകാശങ്ങളെ ബാധിക്കും വിധം മിക്കപ്പോഴും നോമ്പെടുക്കുകയും, നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച് പോലും, തിരുദൂതര്‍(സ) പറയുന്നു:
”നിങ്ങള്‍ ദൈവത്തോടുള്ള കടമകള്‍ നിറവേറ്റണം. നിങ്ങളുടെ ഭാര്യമാരോടും കുട്ടികളോടുമുള്ള ബാധ്യതകളും പാലിക്കണം. അതിഥികളോടുള്ള കടമകളും നിര്‍വഹിക്കണം. സ്വന്തം ആത്മാവിനോടുള്ള കടമകളും നിറവേറ്റണം. എന്തെന്നാല്‍, ഈ കടമകളെല്ലാം ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടതാണ്. അവ നിറവേറ്റുന്നതും ഒരു ആരാധനയാണ്.
അതിനാല്‍, തിരുനബി (സ) ഉസ്മാന് ബിന്‍ മള്ഊന് (റ) യെ ലൗകികവിരക്തി ചെയ്യാന്‍ അനുവദിച്ചില്ല. ഇസ്ലാമില്‍ ബ്രഹ്മചര്യവും സന്യാസവും നിരോധിച്ചുകൊണ്ട്, തിരുദൂതര്‍(സ) തന്റെ സമുദായത്തിന്റെ മുമ്പാകെ ഒരു മധ്യമാര്‍ഗം സമര്‍പ്പിച്ചു. ഉസ്മാന് ബിന്‍ മള്ഊന്(റ) വിന്റെ വിയോഗത്തില്‍ തിരുദൂതര്‍(സ) അഗാധമായ ദുഃഖം രേഖപ്പെടുത്തി . അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം തിരുദൂതര്‍(സ) അദ്ദേഹത്തിന്റെ നെറ്റിയില്‍ ചുംബിച്ചതായും ആ സമയം തിരുദൂതരുടെ(സ) കണ്ണുകള്‍ ഈറനണിഞ്ഞതായും ഒരു വിവരണമുണ്ട്. അദ്ദേഹത്തെ ഖബറടക്കിയ ശേഷം, തിരുനബി (സ) അടയാളമായി ഒരു കല്ല് വച്ചു. തുടര്‍ന്ന്, അദ്ദേഹം ജന്നത്തുല്‍-ബഖീഅ് സന്ദര്‍ശിക്കുമ്പോഴെല്ലാം അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുമായിരുന്നു. മദീനയില്‍ വഫാത്തായ ആദ്യത്തെ മുഹാജിറാണ് (മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്ത വ്യക്തി) ഉസ്മാന് ബിന്‍ മള്ഊന് (റ).
(സീറത്ത് ഖാതമുന്നബിയ്യീന് വാള്യം: 2 പേജ്: 291)
ദീ അംറിലേക്കുള്ള സൈനിക നീക്കം
ഖലീഫാ തിരുമനസ്സ് ദീ അംറിലേക്കുള്ള സൈനിക നീക്കത്തെ കുറിച്ചാണ് പിന്നീട് പരാമര്‍ശിച്ചത്. ഇസ്ലാമിനും തിരുനബിയ്ക്കും(സ) എതിരെ പ്രകോപിതരായ ബനൂ ഗത്ഫാന്‍ നിവാസികള്‍ ഇസ്ലാമിനെതിരെ ഗൂഢാലോചന നടത്തുകയും മദീനയ്ക്കെതിരെ പെട്ടെന്ന് ആക്രമണം നടത്തുക എന്ന ഉദ്ദേശത്തോടെ ദീ അംര്‍ എന്ന സ്ഥലത്ത് ഒത്തുകൂടുകയും ചെയ്തു. തിരുനബിയ്ക്ക്(സ) അവരുടെ നീക്കങ്ങളെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ അദ്ദേഹം സ്വഹാബികളുടെ ഒരു സേനയെ വിളിച്ചുകൂട്ടി അവിടേക്ക് പുറപ്പെട്ടു. തിരുദൂതര്‍(സ) ദീ അംറിന് സമീപം എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വരവ് അറിഞ്ഞ് ബനൂ ഗത്ഫാന്‍ മലകളിലേക്ക് ഓടിയൊളിച്ചു. അതിനുശേഷം തിരുദൂതര്‍(സ) മദീനയിലേക്ക് മടങ്ങി.
ഹദ്റത്ത് റുഖയ്യയുടെ(റ) വിയോഗവും ഹദ്റത്ത് ഉമ്മു കുല്‍സുമിന്റെ (റ) വിവാഹവും
തിരുദൂതര്‍(സ) ബദ്റിലേക്ക് പുറപ്പെട്ടപ്പോള്‍ ഹദ്റത്ത് ഉസ്മാനെ(റ) രോഗിയായ തന്റെ മകള്‍ ഹദ്റത്ത് റുഖയ്യ (റ)യോടൊപ്പം നിര്‍ത്തിപോയി. ഹദ്റത്ത് സൈദ് ബിന്‍ ഹാരിസ(റ) ബദ്റിലെ വിജയത്തിന്റെ സന്തോഷവാര്‍ത്ത അറിയിക്കാന്‍ മദീനയിലേക്ക് പോയ സമയത്ത് അവര്‍ മരണപ്പെടുകയുണ്ടായി. തിരുദൂതര്‍(സ) ബദ്റില്‍ നിന്നുള്ള യുദ്ധമുതലില് നിന്ന് ഒരു ഭാഗം നീക്കിവെച്ചിരുന്നു.
ഹദ്റത്ത് റുഖയ്യയുടെ (റ) വിയോഗത്തിന് ശേഷം അദ്ദേഹം തന്റെ മകള്‍ ഉമ്മു കുല്‍സുമിനെ (റ) ഹദ്റത്ത് ഉസ്മാന്(റ ) വിവാഹം ചെയ്തുകൊടുത്തു. ഹദ്റത്ത് ഉമ്മു കുല്‍സും (റ) ഹിജ്റ വര്‍ഷം ഒമ്പതില്‍ വഫാത്തായി. തിരുദൂതരുടെ(സ) നേതൃത്വത്തിലായിരുന്നു അവരുടെ ഖബറടക്കം നടന്നത്. തിരുദൂതര്‍(സ) അവരുടെ ഖബറിനരികില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ അശ്രുപൊഴിക്കുന്നുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തനിക്ക് മൂന്നാമതൊരു മകളുണ്ടായിരുന്നെങ്കില്‍ അവരെയും ഹദ്റത്ത് ഉസ്മാന്(റ) വിവാഹം ചെയ്തു കൊടുക്കുമായിരുന്നെന്ന് തിരുദൂതര്‍(സ) പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട് .
ഇതുമായി ബന്ധപ്പെട്ട് ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്മദ് സാഹിബ് എഴുതിയ ഭാഗം ഉദ്ധരിച്ചു കൊണ്ട് ഖലീഫ തിരുമനസ്സ് പറയുന്നു;
തിരുദൂതരുടെ(സ) മകളും ഹദ്റത്ത് ഉസ്മാന് ബിന്‍ അഫ്ഫാന്റെ(റ) ഭാര്യയുമായ റുഖയ്യയുടെ വിയോഗത്തിന് ശേഷം തിരുദൂതര്‍(സ) തന്റെ മറ്റൊരു മകള്‍ ഹദ്റത്ത് ഉമ്മു കുല്സൂമിനെ ഹദ്റത്ത് ഉസ്മാന്(റ) വിവാഹം ചെയ്തു കൊടുക്കുകയുണ്ടായി. പ്രായത്തില്‍ അവര്‍ ഹദ്റത്ത് റുഖയ്യയെക്കാള് ചെറുപ്പവും ഹദ്റത്ത് ഫാത്തിമയേക്കാള്‍ മുതിര്‍ന്നവരുമായിരുന്നു. ഇക്കാരണത്താല്‍ ഹദ്റത്ത് ഉസ്മാന് (റ) ദുന്‍-നൂറൈന്‍ എന്നറിയപ്പെടുന്നു, അതായത്, ഇരട്ടപ്രകാശമുള്ളവന്. ഉമ്മു കുല്‍സുമിന്റെ (റ) രണ്ടാം വിവാഹമായിരുന്നു ഇത്. കാരണം അവരും അവരുടെ സഹോദരി റുഖയ്യ(റ)യും തിരുദൂതരുടെ(സ) പിതൃസഹോദരന് അബൂ ലഹബിന്റെ രണ്ട് ആണ്മക്കളുമായി വിവാഹിതരായിരുന്നു. എന്നിരുന്നാലും, അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് മുമ്പ് തന്നെ മതപരമായ എതിര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഈ ബന്ധം വിച്ഛേദിക്കപ്പെട്ടു. തിരുദൂതര്‍(സ) തന്റെ മകള്‍ റുഖയ്യയെ ആദ്യം ഹദ്റത്ത് ഉസ്മാന്(റ) വിവാഹം ചെയ്തുകൊടുത്തു. പിന്നീട് അവരുടെ വിയോഗത്തിന് ശേഷം ഉമ്മു കുല്സുമിനെയും(റ) വിവാഹം ചെയ്തു കൊടുത്തു. ഈ രണ്ട് പെണ്മക്കളുടെയും സന്താനപരമ്പര നിലനിന്നില്ല. ഉമ്മു കുല്‍സുമിന്(റ) കുട്ടികളില്ലായിരുന്നു, റുഖയ്യ(റ)യുടെ അബ്ദുല്ലാഹ് എന്ന് പേരുള്ള മകന് ആറാം വയസ്സില്‍ മരണപ്പെട്ടു. ഉമ്മു കുല്‍സുമിന്റെ(റ) വിവാഹം ഹിജ്റ 2 റബീഉല്‍ അവ്വലിലാണ് നടന്നത്.
(സീറത്ത് ഖാതമുന്നബിയ്യീന് വാള്യം: 2 പേജ്: 293-294)
ബുഹ്റാനിലേക്കുള്ള സൈനികനീക്കം
ബുഹ്റാനിലേക്കുള്ള സൈനികനീക്കവും ഈ കാലയളവിലാണ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഹദ്റത് മിര്‍സാ ബശീര്‍ അഹ്മദ് സാഹിബ് എഴുതുന്നു:
‘ദീ അംറിലേക്കുള്ള സൈനികനീക്കം കഴിഞ്ഞ് താമസിയാതെ തന്നെ, അതായത്, 3 ഹിജ്റ വര്‍ഷം മൂന്ന് റബീഉല്‍ അവ്വല്‍ മാസാവസാനം മദീനക്ക് നേരെ പെട്ടെന്ന് ആക്രമണം നടത്തുക എന്ന ഉദ്ദേശത്തോടെ ബനൂ സുലൈം വീണ്ടും ബുഹ്റാനില് ഒരുമിച്ചുകൂടുന്നുവെന്ന ഭയാനകമായ വാര്‍ത്ത തിരുദൂതര്‍ക്ക്(സ) ലഭിച്ചു. വലിയൊരു വിഭാഗം ഖുറൈശികളുടെ ഒരു സംഘവും അവരെ അനുഗമിച്ചിരുന്നു. ഗത്യന്തരമില്ലാതെ, ഒരു കൂട്ടം സ്വഹാബികളോടൊപ്പം തിരുനബി (സ) മദീനയില്‍ നിന്ന് വീണ്ടും പുറപ്പെട്ടു. എന്നിരുന്നാലും, അവരുടെ പതിവ് രീതി പോലെ തന്നെ, ഇരയെ പെട്ടെന്ന് ആക്രമിക്കാന്‍ പതിയിരുന്ന് കിടന്നിരുന്ന അറേബ്യയിലെ ഈ വന്യമൃഗങ്ങള്‍, തിരുദൂതരുടെ(സ) ആഗമനവാര്‍ത്ത കേട്ട് ചിതറിപ്പോയി. ഏതാനും ദിവസത്തെ താമസത്തിന് ശേഷം തിരുദൂതര്‍(സ) മടങ്ങി.
ബനൂ സുലൈമും ബനൂ ഗത്ഫാനും മദീനയില്‍ കടന്നാക്രമണം നടത്തുക എന്ന ഉദ്ദേശത്തോടെ വീണ്ടും വീണ്ടും ഒത്തുകൂടുന്നു എന്നത് അറേബ്യന്‍ മരുഭൂമിയിലെ ഈ ഗോത്രങ്ങള്‍ക്ക് ഇസ്ലാമിനോട് എത്രത്തോളം കഠിനമായ ശത്രുത ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു. രാവും പകലും, മുസ്ലിംകളെ പൂര്‍ണമായി നശിപ്പിക്കാന്‍ എന്തെങ്കിലും അവസരം കണ്ടെത്തുന്നതിനായി അവര്‍ ഉത്കണ്ഠാകുലരായിരുന്നു.
ഒരു വശത്ത്, മക്കയിലെ ഖുറൈശികള്‍ അവരുടെ ഇസ്ലാമിക വിദ്വേഷത്താലും ബദ്ര് യുദ്ധത്തിനുള്ള പ്രതികാര മനോഭാവത്താലും അന്ധരായിപ്പോയിരുന്നു. മുസ്ലിംകളെ ഉന്മൂലനം ചെയ്യുന്നതുവരെ വിശ്രമിക്കില്ലെന്ന് അവര്‍ കഅ്ബയുടെ മൂടുപടത്തില്‍ മുറുകെപ്പിടിച്ച് പ്രതിജ്ഞയെടുത്തു. മറുവശത്ത്, ഖുറൈശികളുടെ പ്രേരണയും ഇസ്ലാമിനോടുള്ള വിരോധവും കാരണം മുസ്ലീങ്ങളുടെ രക്തം കുടിക്കാന്‍ അസ്വസ്ഥരായ അറേബ്യന്‍ മരുഭൂമിയിലെ ഈ വന്യമൃഗങ്ങളുമായിരുന്നു.
ആഭ്യന്തര ഭീഷണികളെ സംബന്ധിച്ചിടത്തോളം അവയും ഒട്ടും കുറവായിരുന്നില്ല. മദീനയില്‍ തന്നെ മുസ്ലിംകള്ക്കിടയില് ജീവിച്ചിരുന്ന മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) എന്നറിയപ്പെടുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. അവരെ കൂടാതെ, ജൂതജനതയിലെ വഞ്ചകരും പതിവ് ഗൂഢാലോചനക്കാരും ഉണ്ടായിരുന്നു. അവരുടെ ശത്രുത അതിന്റെ ആഴത്തിലും പരപ്പിലും അതിരു കടന്നിരുന്നു. മുസ്ലിംകള്ക്ക് ഇത് എന്തൊരു പ്രതികൂല കാലമായിരുന്നു നമുക്ക് അവരുടെ വാക്കുകളില്‍ തന്നെ കേള്‍ക്കാം. പ്രശസ്ത സ്വഹാബിയായ ഉബയ്യ് ബിന്‍ കഅബ് വിവരിക്കുന്നു:
ആ കാലഘട്ടത്തില്‍, രാത്രിയിലും പകലും പെട്ടെന്ന് ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുന്നതിനായി ആയുധങ്ങളുമായി ചുറ്റിനടക്കുന്നതായിരുന്നു സഹാബികളുടെ അവസ്ഥ. ദൈവഭയമല്ലാതെ മറ്റൊരു ഭയവും കൂടാതെ രാത്രിയില്‍ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഉറങ്ങാന്‍ കഴിയുന്ന ഒരു കാലം വരെ നമ്മള് ജീവിക്കുമോ എന്ന് നോക്കാം എന്ന് അവര്‍ പരസ്പരം പറയുന്നു.
എന്തൊരു പ്രയാസഭരിതവും നിസ്സഹായപൂര്ണവുമായ അവസ്ഥയാണിത്. സമാധാനവും സുരക്ഷിതത്വവുമുള്ള ഒരു ജീവിതത്തിനായുള്ള ആഗ്രഹമാണ് ഈ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്. ഓരോ സാധാരണക്കാരനും ഇത് സ്വയം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
(സീറത്ത് ഖാതമുന്നബിയ്യീന് വാള്യം: 2 പേജ്: 294-296)
ഇന്ന് ലോകത്തിന്റെ, പ്രത്യേകിച്ച് ഫലസ്തീനികളുടെ അവസ്ഥ ഇത് തന്നെയാണ്.സൈദ് ബിന്‍
ഹാരിസയുടെ(റ) നേതൃത്വത്തിലുള്ള സൈനികനീക്കം
മക്കയ്ക്കും സിറിയയ്ക്കും ഇടയിലുള്ള ഒരു പ്രശസ്തമായ വ്യാപാര പാത മദീനയിലൂടെ കടന്നുപോയിരുന്നതിനാല്‍ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പരാജയം ഏറ്റുവാങ്ങിയ ഇസ്ലാമിന്റെ ശത്രുക്കള്‍ ആശങ്കാകുലരായി. അതിനാല്‍, തങ്ങളുടെ കച്ചവടസംഘങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അവര്‍ പുതിയ വഴി അന്വേഷിക്കാന്‍ തുടങ്ങി. സഫ്വാന് ബിന്‍ ഉമയ്യയുടെ വ്യാപാരസംഘം ഇറാഖ് വഴി മുസ്ലിംകള്ക്ക് അജ്ഞാതമാണെന്ന് പറയപ്പെട്ട ഒരു വഴിയിലൂടെ സിറിയയിലേക്കുള്ള അവരുടെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഇറാഖ് വഴി വ്യാപാരസംഘങ്ങള്‍ക്ക് സിറിയയിലെത്താമെന്ന് അഭിപ്രായമുയര്‍ന്നു. വ്യാപാര ദൗത്യത്തിനായി വന്‍തോതില്‍ സ്വര്‍ണവും വെള്ളിയുമായി സഫ്വാന് പുറപ്പെട്ടു. ഒരു വാര്‍ത്തയും മദീനയില്‍ എത്താതിരിക്കാന്‍ ഖുറൈശികള്‍ വളരെ ശ്രദ്ധയോടെയാണ് നീങ്ങിയത്. എന്നാല്‍, അക്കാലത്ത് അവിശ്വാസിയായിരുന്ന നുഐം ബിന്‍ മസ്ഊദ് അഷ്ജായി എന്ന ഒരാള്‍ ഖുറൈശികളുടെ ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞു. അതേ സമയം അദ്ദേഹം മറ്റേതോ ഒരു കാര്യത്തിനായി ബനൂ നദീറിന്റെ അടുത്തേക്ക് പോയി. അവിടെ പ്രധാനിയായിരുന്ന കിനാനയുടെ കൂടെ താമസിച്ചു. അവിടെ നിന്നും ആ വാര്‍ത്ത തിരുദൂതര്‍ക്ക് (സ) എത്തുകയും ചെയ്തു . തുടര്‍ന്ന് തിരുദൂതര്‍(സ) ഹദ്റത്ത് സൈദ് ബിന്‍ ഹാരിഥ(റ) യുടെ നേതൃത്വത്തില്‍ ഒരു സൈന്യവുമായി ചെന്ന് വ്യാപാര സംഘത്തെ തടഞ്ഞു.
തിരുദൂതര്‍(സ) ഈ കച്ചവട സംഘങ്ങളെ തടയാനുള്ള കാരണം അവര്‍ക്ക് ലഭിക്കുന്ന ലാഭം മുസ് ലീങ്ങള്‍ക്കെതിരെ ആക്രമണത്തിന് തയ്യാറെടുപ്പ് നടത്തുന്നതിന് വേണ്ടിയായിരുന്നു ഉപയോഗിക്കാന്‍ പദ്ധതി ഇട്ടിരുന്നത്. ഇക്കാലത്ത് ഉപരോധം ഏര്‍പ്പെടുത്തുന്നതിനോട് അതിനെ ഉപമിക്കാം. എന്നാല്‍, ഈ കാലഘട്ടത്തില്‍ സര്‍ക്കാരുകള്‍ സ്വന്തം താല്പര്യങ്ങള്ക്കോ തെറ്റായ കാരണങ്ങളാലോ ഉപരോധം ഏര്‍പ്പെടുത്തുന്നു. ഉദാഹരണത്തിന്, യു.എസ്.എ ഉഗാണ്ടയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി, കാരണം അവരുടെ പാര്‍ലമെന്റ് LGBTQ പ്രസ്ഥാനത്തെ എതിര്‍ക്കുന്ന ഒരു നിയമം പാസാക്കി. എന്നാല്‍ യുഎസ് ഇതാണ് യഥാര്‍ഥ കാരണം എന്ന് വ്യക്തമാക്കുന്നില്ല. ഇതാണ് അവരുടെ അവസ്ഥയെന്നിരിക്കെ, ഇസ്ലാമിനെതിരെ എന്ത് ആരോപണമാണ് അവര്‍ക്ക് ഉന്നയിക്കാനാകുക?
ഈ സംഭവങ്ങള്‍ തുടര്‍ന്നും വിവരിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
പലസ്തീനിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനക്കുള്ള അഭ്യര്‍ഥന
ഫലസ്തീനിലെ ജനങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ഥിച്ചു കൊണ്ടിരിക്കാന് ഖലീഫാ തിരുമനസ്സ് വീണ്ടും ഓര്‍മ്മിപ്പിച്ചു. ഖലീഫ തിരുമനസ്സ് പറയുന്നു: ഇപ്പോള്‍, ചില അമുസ്ലിംകളും ചില രാഷ്ട്രീയക്കാരും പേടിച്ച് പേടിച്ചാണെങ്കിലും ഈ അനീതിക്കെതിരെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചില ജൂതന്മാര് പോലും ഇത്തരം ക്രൂരതകള്‍ ചെയ്തുകൊണ്ട് തങ്ങളെ അപമാനിക്കരുതെന്ന് ഇസ്രായേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഏതായാലും ചില ചെറിയ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്.
ഫലസ്തീനിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ദിവസേന പോരാട്ടത്തിന് നാല് മണിക്കൂര്‍ നേരത്തേക്ക് ‘വിരാമം’ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. ഇത് എത്രത്തോളം നടപ്പാക്കുമെന്ന് സര്‍വ്വശക്തനായ അല്ലാഹുവിനറിയാം. ബാക്കിയുള്ള 20 മണിക്കൂര്‍ ഫലസ്തീനികള്‍ക്കെതിരെ എത്രമാത്രം അനീതിയും ബോംബാക്രമണവും നടക്കുമെന്നും അല്ലാഹുവിനറിയാം.
സര്‍ക്കാരുകളും രാഷ്ട്രീയക്കാരും ഫലസ്തീനികളുടെ ജീവന് ഒരു പ്രാധാന്യവും നല്‍കുന്നില്ല. അവര്‍ക്ക് അവരുടേതായ താല്പര്യങ്ങളുണ്ട്. എന്നിരുന്നാലും, സര്‍വശക്തനായ അല്ലാഹു ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ അവധി നല്‍കുകയുള്ളൂ എന്ന് ഈ ആളുകള്‍ ഓര്‍ക്കണം. മാത്രവുമല്ല, ജീവിതം ഇവിടെ മാത്രമല്ല, പരലോകവുമുണ്ട് എന്ന് ഓര്‍ക്കേണ്ടതാണ്.
നാം പ്രാര്‍ഥനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. സര്‍വശക്തനായ അല്ലാഹു ഫലസ്തീനികളെ സഹായിക്കുകയും ഈ അനീതികളില്‍ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യട്ടെ.
ഖലീഫ തിരുമനസ്സ് ഖുത്ബയുടെ അവസാനം ഹമീദുര്‍ റഹ്മാന് ഖാന്റെ ഭാര്യ മന്‍സൂറ ബസ്മ സാഹിബ, അമേരിക്കയിലെ ചൗധരി റഷീദ് അഹ്മദ് സാഹിബ് എന്നിവരുടെ ജനാസ ഗാഇബ് (മരണപ്പെട്ടവര്‍ക്ക് വേണ്ടി മൃതദേഹം ഹാജരല്ലാത്ത നമസ്കാരം) അനുഷ്ഠിക്കുന്നതാണെന്ന് പറഞ്ഞു.
0 Comments