നിരീശ്വരവാദം വിചാരണ ചെയ്യപ്പെടുന്നു

നവനാസ്തികര്‍ ആരംഭിച്ച യുക്തി വിചിന്തനങ്ങളും ധൈഷണിക സംവാദങ്ങളും പ്രപഞ്ചാസ്തിത്വത്തിന്റെ നിഗൂഢയാതാര്‍ത്ഥ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല. അയുക്തികമായ ദൈവനിഷേധത്തിന്റെ വൈകാരികത ഉത്തേജിപ്പിക്കാനുള്ള പൊള്ളയായ വാചകക്കസറത്തുകള്‍ മാത്രമാണ് അതെല്ലാം.

നിരീശ്വരവാദം വിചാരണ ചെയ്യപ്പെടുന്നു

നവനാസ്തികര്‍ ആരംഭിച്ച യുക്തി വിചിന്തനങ്ങളും ധൈഷണിക സംവാദങ്ങളും പ്രപഞ്ചാസ്തിത്വത്തിന്റെ നിഗൂഢയാതാര്‍ത്ഥ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല. അയുക്തികമായ ദൈവനിഷേധത്തിന്റെ വൈകാരികത ഉത്തേജിപ്പിക്കാനുള്ള പൊള്ളയായ വാചകക്കസറത്തുകള്‍ മാത്രമാണ് അതെല്ലാം.

നവനാസ്തികര്‍ ആരംഭിച്ച യുക്തി വിചിന്തനങ്ങളും ധൈഷണിക സംവാദങ്ങളും പ്രപഞ്ചാസ്തിത്വത്തിന്റെ നിഗൂഢയാതാര്‍ത്ഥ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല. അയുക്തികമായ ദൈവനിഷേധത്തിന്റെ വൈകാരികത ഉത്തേജിപ്പിക്കാനുള്ള പൊള്ളയായ വാചകക്കസറത്തുകള്‍ മാത്രമാണ് അതെല്ലാം.

ജമാഅത്തിന്‍റെ അല്‍ഹക്കം എന്ന അന്താരാഷ്‌ട്ര ഇംഗ്ലീഷ് വാരികയില്‍ നിന്ന്. മലയാള വിവര്‍ത്തനം സത്യദൂതന്‍  മാസികയുടെ 2020 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്.

വിവര്‍ത്തനം: ഏ താരിഖ് അലനല്ലൂര്‍

സബാഹത്ത് അലി രാജ്പൂത്

ഏപ്രില്‍ 4, 2022

ചരിത്രത്തിലെ സമാനതകളില്ലാത്ത ദൈവനിഷേധത്തിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. കെട്ടുകഥകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമ്മില്‍ വേര്‍തിരിക്കാനോ സത്യത്തെ വെളിച്ചത്ത് കൊണ്ട് വരാനോ സാധാരണക്കാരനെ കൊണ്ട് സാധിക്കാത്ത വിധം, വിവിധതരം വിശ്വാസങ്ങളെ പിന്തുടരുന്നവരാല്‍ ദൈവസങ്കല്‍പം വക്രീകരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത് കൊണ്ടിരിക്കുന്നു.

ചിതറിയ ചിന്തകളുടെ അറ്റമില്ലാത്ത കുരുക്കിലകപ്പെട്ട മനുഷ്യന്, അവന്റെ സ്രഷ്ടാവിനെ മുന്‍പത്തെക്കാളേറെ നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പൊതുമാധ്യമങ്ങളിലൂടെ തീവ്ര മതചിന്താഗതി നേടിയെടുത്ത കുപ്രസിധിയുടെയും, മുന്‍വിധിയിലൂടെ മതവിശ്വാസികള്‍ക്ക് അവര്‍ നല്‍കി വരുന്ന പരിവേഷത്തിന്റെയും ഒരു അപകടകരമായ മിശ്രിതമാണ് കൂടുതല്‍ ഭീതിപ്പെടുത്തുന്നത്. സ്വിറ്റ്സര്‍ലന്‍ഡിലെ സേണില്‍ (CERN) നടക്കുന്ന വിസ്മയകരമായ അണുപരീക്ഷണങ്ങളും പ്രപഞ്ചസൃഷ്ടിപ്പിനെയും പരിണാമത്തെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നാസയിലെ ശാസ്ത്രജ്ഞരുടെ പരിശ്രമവും മറ്റ് പല ശാസ്ത്രീയ പുരോഗതികളുമെല്ലാം കാണുമ്പോള്‍, ഒരുപാട് ആളുകള്‍ക്ക് സ്രഷ്ടാവായ ദൈവത്തിന്റെ അസ്തിത്വത്തിലുള്ള താല്‍പര്യം ഒരു പഴഞ്ചന്‍ കാര്യമായി മാറുന്നു. ശാസ്ത്രസാങ്കേതികവിദ്യയുടെ ഈ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളെ ദൈവത്തിനുള്ള ഒരു ബദലായി കരുതുന്ന ‘പുതിയ നാസ്തികര്‍’ക്ക് പ്രത്യേകിച്ചും. അവര്‍ക്ക് ദൈവമെന്നാല്‍ പ്രാകൃതവും അശാസ്ത്രീയവും ഭയമുളവാക്കുന്നതുമായ ഒരു കാര്യമാണ്.

നിരീശ്വരവാദം: പരമ്പരാഗതവും ആധുനികവും

വിക്ടോറിയൻ ഇംഗ്ലണ്ടിലെ ഏറ്റവും സ്വാധീനമുള്ള നാസ്തികനായി കരുതപ്പെടുന്ന ചാൾസ് ബ്രാഡ്‌ലോ (1833-1891) ഇപ്രകാരം വിവരിക്കുന്നു:

ദൈവമില്ലാത്തതാണ് നിരീശ്വരവാദം. അത് ഒരു തരത്തിലുള്ള ദൈവത്തെയും സ്ഥാപിക്കുന്നില്ല.”[1]

ഒരു ബാഹ്യാസ്തിത്വത്തമുള്ള ദൈവീകസത്യത്തെ ജീവിതത്തിൽ പിൻപറ്റാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ടെന്ന ആശയത്തിനുമേലാണ് പരമ്പരാഗത നിരീശ്വരവാദം കെട്ടിപൊക്കിയിരിക്കുന്നത്. ദൈവവിശ്വാസികളെ തുറന്ന രീതിയിൽ വിമർശിക്കാനോ നിരുത്സാഹപ്പെടുത്താനോ പരമ്പരാഗത നാസ്തികർ പൊതുവെ തയ്യാറാവാറില്ല.

9/11ലെ ദുരന്തത്തിനോടുള്ള വിവേകപരമായ തീവ്രപ്രതികരണങ്ങളിൽ നിന്ന് ‘പുതിയ നിരീശ്വരവാദം’ ശക്തമായി പുറത്തേക്ക് വരികയും, ആ അഭൂതപൂർവമായ ദുരന്തത്തിന് മതങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു.

ആ ദുരന്തത്തിന് 19 വർഷങ്ങൾക്കിപ്പുറവും, പുതിയ നിരീശ്വരവാദത്തെപ്പറ്റി ഒരു പൊതു വിശദീകരണം നല്കപ്പെട്ടിട്ടില്ല. ഇന്റർനെറ്റ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി (Internet Encyclopedia of Philosophy) ഇപ്രകാരം എഴുതുന്നു:

നിരീശ്വരവാദത്തെ പിന്തുണക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗ്രന്ഥങ്ങളുടെ രചയിതാക്കളാണ് പുതിയ നാസ്തികർ. സാം ഹാരിസ്, റിച്ചാർഡ് ഡോക്കിൻസ്, ഡാനിയേൽ ഡെന്നെറ്റ്, ക്രിസ്റ്റഫർ ഹിച്ചെൻസ് എന്നിവർ ഗണത്തിൽ പെടുന്നവരാണ്. രചയിതാക്കളൊക്കെ തന്നെ അവരുടെ നിലപാടുകൾ പ്രദർശിപ്പിക്കുന്നതിൽ അസാധാരണമാംവിധം ആത്മവിശ്വാസം പുലർത്തുന്നു.[2]

പരമ്പരാഗത നിരീശ്വരവാദികളേക്കാൾ ദൈവവിശ്വാസത്തെ നിന്ദിക്കുന്നതിൽ വർധിച്ച വീര്യമാണ് പുതിയ നിരീശ്വരവാദികൾക്കുള്ളത്. അവരെ ‘മൗലികവാദികളെ’ന്നും ‘തീവ്രഗതിക്കാരെ’ന്നും ചില വിമർശകർ വിശേഷിപ്പിക്കുന്നു.

പരമ്പരാഗത നിരീശ്വരവാദികൾ ദൈവവിശ്വാസത്തോട് മൃദുവായ സമീപനം സ്വീകരിക്കുമ്പോൾ, ശാസ്ത്രത്തിന്റെ താങ്ങില്ലാതെ നിൽക്കുന്ന വാദമായിട്ടാണ് പുത്തൻ വാദികൾ അവയെ വിശേഷിപ്പിക്കുന്നത്. മതവിശ്വാസങ്ങളെ നിന്ദിക്കുകയും അപകീർത്തിപ്പെടുത്തുകയും തരംതാഴ്ത്തി കാണിക്കുകയും ചെയ്യുന്ന സമീപനം സ്വീകരിക്കുന്ന പുതിയ നാസ്തികർ, ദൈവാസ്തിക്യത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. അവർ മതങ്ങളെ നിന്ദിക്കുന്നതോടൊപ്പം, ലോകത്ത് നിലനിൽക്കുന്ന ഒട്ടുമിക്ക തിന്മകളുടെയും ഉറവിടം മതമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

നവനാസ്തികതയുടെ ചുറ്റുപാട്

നവനാസ്തികരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ ഗ്രന്ഥങ്ങളെല്ലാം പുറത്തുവന്നത് 9/11ലെ ദുരന്തസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എന്നതാണ് ആദ്യത്തെ കാര്യം. ഉദാഹരണമായി, വിശ്വാസത്തിന്റെ അന്ത്യം (The End of Faith) എന്ന ഗ്രന്ഥത്തിന്റെ രചന അക്രമത്തിന്റെ പിറ്റേന്ന് തന്നെ (12 September 2001) താൻ ആരംഭിച്ചുവെന്ന് സാം ഹാരിസ് വ്യക്തമാക്കുന്നു.

രണ്ടാമതായി, പരമ്പരാഗത നാസ്തികരിൽ നിന്ന് വിഭിന്നമായി ‘നോമ സന്ധി’ അഥവാ ‘പരസ്പരം അതിവര്‍ത്തിക്കാത്ത അധികാര’ത്തെ (NOMA Compromise – Non Over-lapping Magisterium) സ്പഷ്ടമായി എതിർക്കുന്നവരാണ് നവനാസ്തികർ. ശാസ്ത്രവും വിശ്വാസവും മുന്നോട്ടുവെക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം വിഭിന്നമായതിനാൽ അവ രണ്ടിനും സ്വതന്ത്രമായി സഹവർത്തിക്കാമെന്നാണ് ഈ നോമ സന്ധി എന്ന സംക്ഷേപ വാക്യത്താല്‍ വ്യക്തമാക്കുന്ന സിദ്ധാന്തം അര്‍ത്ഥമാക്കുന്നത്.

നോമ സന്ധിയുടെ ഉപജ്ഞാതാവായ സ്റ്റീഫൻ ജേയ് ഗോൾഡിനെ ഉദ്ധരിച്ച് കൊണ്ട്  ഡോക്കിൻസ് തന്റെ മിഥ്യയായ ദൈവം (The God Delusion) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:

പ്രപഞ്ചം എന്തിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും (വസ്തുതാപരം) എന്ത്കൊണ്ട് ഇങ്ങനെ പ്രവർത്തിക്കുന്നുവെന്നുമുള്ള (സിദ്ധാന്തപരം) അനുഭവസിദ്ധമായ വിഷയങ്ങൾ ശാസ്ത്രത്തിന്റെ മണ്ഡലത്തില്‍ വരുന്നതാണ്. അന്തിമോദ്ദേശ്യത്തെയും ധാർമ്മികമൂല്യങ്ങളെയും പറ്റിയുള്ള ചോദ്യങ്ങളാണ് മതത്തിന്റെ മണ്ഡലത്തിൽ വരുന്നത്. രണ്ട് മണ്ഡലങ്ങളും പരസ്പരം അതിവര്‍ത്തിക്കുകയോ എല്ലാ അന്വേഷണത്തെയും ഉൾകൊള്ളുകയോ ചെയ്യുന്നില്ല (ഉദാഹരണത്തിന്, കലയുടെ മണ്ഡലവും സൗന്ദര്യത്തിന്റെ വ്യാഖ്യാനവും പോലെ). പറഞ്ഞ് പതിഞ്ഞ പഴമൊഴി പോലെ, ശാസത്രം പാറയുടെ പ്രായം നല്‍കുമ്പോൾ, മതം ശാശ്വതമായ വിശ്വാസസുരക്ഷ നൽകുന്നുശാസ്ത്രം എങ്ങനെ ആകാശത്തേക്ക് പോകാം എന്ന് പഠിപ്പിക്കുമ്പോൾ  സ്വർഗ്ഗത്തിലേക്ക് എങ്ങനെ പോകാമെന്നാണ് മതം പഠിപ്പിക്കുക.[3]

ഈ ഉദ്ധരണിയിലെ പൊള്ളയായ വാക്കുകൾ ഒരുതരത്തിലുള്ള ആശയങ്ങൾക്കും സ്വീകാര്യയോഗ്യമായ ബദലല്ല. ഏതായാലും, ഈ അക്കാദമീയമായ അനുരഞ്ജനത്തെ നവനാസ്തികർ എതിർക്കുന്നു. മതചിന്തകൾ ശാസ്ത്രയുക്തിയുമായി അകലം പാലിക്കുകയും അവയ്ക്ക് പരസ്പരവിരുദ്ധമായി നിലകൊള്ളുകയും ചെയ്യുന്നുവെന്ന് തന്നെയാണ് അവരുടെ അഭിപ്രായം.

പൊതുമധ്യത്തിൽ അമര്യാദയോടെയും ധൈര്യത്തോടും കൂടി വാചാടോപം നടത്താനുള്ള പാടവമാണ് നവനാസ്തികരുടെ മൂന്നാമത്തെ പ്രത്യേകത.  ഭാഷാനൈപുണ്യത്തിലൂടെ തങ്ങളുടെ ഉറപ്പുകളെ അവർ ഊട്ടിയുറപ്പിക്കുകയും, അവ അവരുടെതന്നെ തർക്കരീതികളുടെയും യുക്തിരീതികളുടെയും പ്രയോഗത്തെ പിന്നിലാക്കുകയും ചെയ്യുന്നു. യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്ന രീതിയിലുള്ള വാചക കസറത്ത് നടത്തുന്നതിലൂടെ, വായനക്കാരെയും ആസ്വാദകരെയും വൈകാരികമായി മെരുക്കിയെടുക്കുകയും, മതത്തിലും ദൈവത്തിലുമുള്ള അവരുടെ വിശ്വാസത്തെ പൈശാചികവത്കരിക്കുകയുമാണ് ചെയ്യുന്നത്.

നവനിരീശ്വരവാദത്തിന്റെ ഊരാക്കുടുക്ക്

യഥാർത്ഥത്തിൽ എന്തിനീ പ്രപഞ്ചം നിലനിൽക്കുന്നു?[4] എന്ന ബുദ്ധിപരമായ മറ്റൊരു തടസചോദ്യത്തെയും നവനാസ്തികർ എതിർക്കുന്നു. ഈ ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരുപാട് ഭ്രമാത്മകമായ യുക്തിവാദങ്ങളും പിന്തിരിപ്പൻ നയങ്ങളും രൂപപ്പെടുത്തി ഇതിനോട് പ്രതികരിക്കേണ്ട ബാധ്യതയിൽ നിന്ന് അവർ തടിയൂരുന്നു. അവരുടെ എല്ലാ പരിശ്രമങ്ങൾക്ക് ശേഷവും, ഈ ബ്രഹ്മാണ്ഡ ചോദ്യം ഉത്തരം നല്കപ്പെടാതെ അവശേഷിക്കുന്നു. നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം, യുക്തിയുടെയും വിവേകത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത പരിമിതികളെ തുറന്ന് കാണിക്കുന്ന ഒരു തടസമായി ഈ ചോദ്യം അവശേഷിക്കുകയും ചെയ്യുന്നു. തൃപ്തികരമായ മറുപടി നൽകാതെ, “ഒരു കേവല ദുരൂഹത”യെന്ന് മാത്രം വിശേഷിപ്പിച്ചുകൊണ്ട് ഈ ചോദ്യത്തിൽ നിന്ന് വഴുതി മാറുന്ന സാം ഹാരിസ് തന്നെ ഇതിനൊരുദാഹരണമാണ്. 

എന്തിന് പ്രപഞ്ചം നിലനിൽക്കുന്നു? ഒരു അസ്തിത്വസംബന്ധിയായ അന്വേഷണ കഥ (Why Does the World Exist? An Existential Detective Story) എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ജിം ഹോൾട്ട് മാത്രമാണ് ഈ ചോദ്യവുമായുള്ള ഒരു വിദഗ്ധമായ ഏറ്റുമുട്ടലിന് ധൈര്യപ്പെട്ടിട്ടുള്ളത്. പല ദൈവശാസ്ത്രപണ്ഡിതരോടും തത്വചിന്തകരോടും ശാസ്ത്രജ്ഞരോടും സംവദിച്ചശേഷം, ഈ ചോദ്യത്തിന് ‘ഒരു ഉത്തരം’ ഉണ്ടായേക്കുമെന്ന് അദ്ദേഹം അനുമാനിക്കുന്നു. എങ്കിലും, നിരാശാജനകമെന്ന് പറയട്ടെ, ഒരു അന്തിമമായ തീർപ്പിലേക്ക് എത്തിച്ചേരാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനായ ഡേവിഡ് ഡച്ചിന് മുന്നിൽ ഹോൾട്ട് ഈ ചോദ്യം വെക്കുന്നു. യാഥാർഥ്യത്തിന്റെ പരമമായ ഒരു വിശദീകരണം സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല” എന്നാണ് ഹോൾട്ടിന് മറുപടി ലഭിച്ചത്.

വൈദ്യുതകാന്തികതയിലും (Electromagnetism), ദുർബല-ശക്ത ബലങ്ങളിലും (Weak and Strong Forces), അടിസ്ഥാനബലങ്ങളുടെ ഏകീകരണങ്ങളിലും (Unification of Fundamental Forces) പഠനം നടത്തിയ പ്രശസ്ത ശാസ്ത്രജ്ഞനും 1979ലെ നോബൽ സമ്മാനജേതാവും, സുപരിചിതനുമായ സ്റ്റീവൻ വെയ്ൻബെർഗിനോട് പോലും ഈ ചോദ്യം ചോദിക്കുന്ന നിലയിലേക്ക് ഹോൾട്ട് എത്തിച്ചേരുന്നു. നിഗൂഢതയിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു വഴിയും ഞാൻ കാണുന്നില്ല എന്ന ഉത്തരം നൽകിക്കൊണ്ട് അദ്ദേഹവും ആ ചോദ്യത്തെ കയ്യൊഴിയുന്നു.

തമോഗർത്തങ്ങളും ക്വാസാറുകളും പ്രപഞ്ചവും (Black Holes, Quasars and the Universe) എന്ന പുസ്തകത്തിൽ ഹാരി എൽ ഷിപ്‌മാൻ ഇപ്രകാരം സമ്മതിക്കുന്നു: മഹാവിസ്ഫോടനമായി (Big Bang) പൊട്ടിത്തെറിച്ച വസ്തുവിനെ നിർമിച്ചതാരാണെന്ന ചോദ്യത്തിന് ജ്യോതിശാസ്ത്രജ്ഞർക്ക് ഒരു ഉത്തരവുമില്ല. പ്രപഞ്ചപരിണാമത്തിന്റെ ആദ്യനിമിഷങ്ങളിലേക്ക് നോക്കാൻ നമുക്ക് സാധിച്ചേക്കാം. പക്ഷെ, നമ്മുടെ കാഴ്ച അവിടെ നിലക്കുന്നു.

പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെയും അതിന്റെ നിലനില്പിനെയും പറ്റിയുള്ള അടിസ്ഥാനചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ ശാസ്ത്രലോകത്തെ നിപുണർ പോലും പരാജയപ്പെട്ടുവെന്നത് വ്യക്തമാണ്. ഒരു നിരീശ്വരവാദിക്ക് ഒഴിച്ചുകൂടാനാവാത്ത ഈ ധൈഷണികമായ പ്രതിസന്ധിയെപറ്റി വാഗ്‌ദത്ത മസീഹ്(അ) ഇപ്രകാരം നിരീക്ഷിക്കുന്നു:

പ്രപഞ്ചസൃഷ്ടിപ്പിന്റെ പഠനത്തിൽനിന്ന് ദൈവാസ്തിക്യത്തിന്റെ വസ്തുനിഷ്ഠമായ തെളിവുകൾ ലഭ്യമല്ല എന്നതുകൊണ്ടാണ് ഒരു നാസ്തികന് യുക്തിവാദിയുമായി തർക്കിക്കാൻ സാധിക്കുന്നത് എന്ന വസ്തുതയാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. അതായത്, ദൈവം നിലനിൽക്കുന്നുവെന്ന് അത് തെളിയിക്കുന്നില്ല, മറിച്ച്, നിലനിൽക്കേണ്ടതുണ്ട് എന്ന് മാത്രമാണ് തെളിയുന്നത്. അതിനാൽ തന്നെ, ദൈവാസ്തിക്യത്തിന്റെ യുക്തിയുക്തമായ തെളിവുകൾ ഒരു നാസ്തികന്റെ ദൃഷ്ടിയിൽ അവ്യക്തങ്ങളായി കാണപ്പെടുന്നു. പ്രപഞ്ചസൃഷ്ടിപ്പിലേക്ക് മാത്രം പരിമിതപ്പെടുത്തിക്കൊണ്ട് ദൈവത്തെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരാൾ, ദൈവം നിലനിൽക്കുന്നുവെന്ന് ഉറപ്പിക്കാനുതകുന്ന നിലയിലല്ല ഉള്ളത്. ദൈവം നിലനിൽക്കേണ്ടതുണ്ട് എന്നതിലേക്ക് മാത്രമേ അവന്റെ ജ്ഞാനത്തിന്റെ വ്യാപ്തി എത്തിയിട്ടുള്ളൂ. അതും, അവൻ നിരീശ്വരവാദത്തിലേക്ക് ചാഞ്ഞവനല്ലയെങ്കിൽ മാത്രം.[5]

അത്കൊണ്ടാണ്, യുക്തിവാദങ്ങളിൽ മാത്രം ഒതുങ്ങിനിന്ന മുൻകാല തത്വജ്ഞാനികളെല്ലാം ഗുരുതരതെറ്റുകളിലേക്ക് പതിക്കുകയും, നൂറുകണക്കിന് വിവാദവിഷയങ്ങൾ സൃഷ്ടിക്കുകയും, അവയ്ക്കൊന്നും ഉത്തരം കണ്ടെത്താനാവാതെ മരണമടയുകയും ചെയ്തത്. ആയിരക്കണക്കിന് സംശയങ്ങളിലും തെറ്റിദ്ധാരണകളിലും അഭയം തേടിക്കൊണ്ടുള്ള ഒരു അശാന്തമായ അന്ത്യത്തിലേക്ക്‌ അവർ എത്തിപ്പെടുകയും, നാസ്തികരും, പ്രകൃതിവാദികളും, മതവിരോധികളുമായ നിലയിൽ അവർ മരണപ്പെടുകയും ചെയ്തു. തത്വചിന്തയുടെ കടലാസുവഞ്ചിക്ക് അവരെ കരക്കടുപ്പിക്കാനായില്ല.

ജാമിഅ അഹ്‌മദിയ്യ കാനഡയില്‍ നിന്നും തിയോളജിയില്‍ ബിരുദം കരസ്ഥമാക്കിയ ലേഖകന്‍ ഇപ്പോള്‍ മെക്സിക്കോയില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ മിഷനറിയായി പ്രവര്‍ത്തിക്കുന്നു.

കുറിപ്പുകള്‍

[1] The Freethinkers Textbook, 1879

[2] The New Atheists by James E Taylor, Internet Encyclopedia of Philosophy

[3] The God Delusion പേ. 55

[4] The Basic Question, The New York Times, 4 ഓഗസ്റ്റ്‌ 2012

[5] ബറാഹീനെ അഹ്മദിയ്യ, ഭാഗം 3, പേ. 42-43

1 Comment

MA ZAINUL ABIDEEN · ഒക്ടോബർ 12, 2024 at 3:44 pm

جزاکم اللہ احسن الجزاء

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed