മെയ് 16, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 10 മെയ് 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
തശഹ്ഹുദും തഅവ്വുദും സൂറഃ ഫാത്തിഹയും പാരായണം ചെയ്ത ശേഷം താന്‍ നബിതിരുമേനി(സ)യുടെ ജീവിതത്തില്‍ നിന്നുള്ള ചില സൈനിക നീക്കങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
നബിതിരുമേനി(സ) സ്വയം പങ്കെടുക്കാതെ മറ്റുള്ളവരെ ഒരു ദൗത്യത്തിന് അയക്കുന്ന സൈനികനീക്കങ്ങളെയാണ് ‘സരിയ്യ’ എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഈ സൈനിക നീക്കങ്ങള്‍ തിരുനബിയുടെ ജീവിതത്തിന്‍റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്നു.
ബനൂ സലമയിലേക്കുള്ള സൈനികനീക്കം
ആദ്യം താന്‍ ബനൂ അസദിന്‍റെ കുഴപ്പങ്ങളെയും അബു സലമയിലേക്കുള്ള സൈനിക നീക്കത്തെയും സംബന്ധിച്ച് പരാമര്‍ശിക്കുന്നതായിരിക്കുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഹദ്റത്ത് അബൂസലമ ബിന്‍ അബു അല്‍ അസദ് മഖ്‌സൂമി(റ)യുടെ നേതൃത്വത്തില്‍ ഹിജ്‌റ 4 മുഹര്‍റം മാസത്തിലാണ് ഈ സൈനിക നീക്കം നടന്നത്. അദ്ദേഹം നബിതിരുമേനി(സ)യുടെ ബന്ധു കൂടിയായിരുന്നു.
ഈ സൈനിക നീക്കത്തിന്‍റെ പശ്ചാത്തലം, ഉഹുദ് യുദ്ധത്തിനു ശേഷം, മദീനയിലെ കപടവിശ്വാസികളും ജൂതന്മാരും ആഹ്ലാദിക്കാന്‍ തുടങ്ങുകയും മുസ്‌ലീങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു എന്നതാണ്. ചുറ്റുപാടുമുള്ള മറ്റു ഗോത്രങ്ങളും മുസ്‌ലീങ്ങള്‍ക്കെതിരില്‍ ആക്രമണം അഴിച്ചുവിടാനുള്ള നല്ല അവസരമായി ഇതിനെ കാണുകയുണ്ടായി. അങ്ങനെ, മുസ്‌ലീങ്ങളെ ആക്രമിക്കാന്‍ സജീവമായ പദ്ധതി തയ്യാറാക്കിയ ആദ്യത്തെ ഗോത്രമാണ് ബനൂ അസദ് ബിന്‍ ഖുസൈമ. ആക്രമണം നടത്തരുതെന്ന് മുന്നറിയിപ്പ് നല്കിയിട്ടും, ബനൂ അസദ് ആക്രമണം നടത്താന്‍ ഉറച്ച തീരുമാനമെടുത്തു. ആസന്നമായ ഈ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത നബിതിരുമേനി(സ)യുടെ അടുക്കല്‍ എത്തി. മദീനയില്‍ വന്ന് ആക്രമിക്കുന്നതിന് മുമ്പ് മുസ്‌ലീങ്ങള്‍ ബനൂ അസദിലേക്ക് പോകണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനാല്‍, ഈ സൈനിക നീക്കത്തിന് വേണ്ടി പുറപ്പെടാന്‍ അദ്ദേഹം ഹദ്റത്ത് അബൂ സലമ(റ)യെ കമാന്‍ഡറായി നിയമിച്ചു.
ശത്രുക്കളെ അതിവേഗം കണ്ടുമുട്ടുന്നതിനായി വളരെ രഹസ്യമായി സാധാരണ ജനങ്ങള്‍ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഈ സൈന്യം നീങ്ങിയത്. ഇവര്‍ പകല്‍ വിശ്രമിക്കുകയും രാത്രി സഞ്ചരിക്കുകയും ചെയ്തു. വഴിയില്‍ മുസ്‌ലീങ്ങള്‍ ചില ഇടയന്മാരെ കണ്ടുമുട്ടി. അവരില്‍ ചിലര്‍ രക്ഷപ്പെടുകയും മുസ്‌ലീങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നതിനായി ബനൂ അസദില്‍ എത്തുകയും ബനൂ അസദ് ഓടിപ്പോവുകയും ചെയ്തു. ബനൂ അസദിലെത്തി ആളുകള്‍ ഓടിപ്പോയതായി കണ്ടപ്പോള്‍, ഹദ്റത്ത് അബു സലമ(റ) അവരെ അന്വേഷിക്കാന്‍ മൂന്ന് ദൂതന്മാരെ അയച്ചു. എന്നാല്‍ ബനൂ അസദ് വളരെ വേഗത്തില്‍ സ്ഥലം വിട്ടതിനാല്‍ മുസ്‌ലീങ്ങള്‍ക്ക് അവരെ കണ്ടെത്താന്‍ സാധിച്ചില്ല. അങ്ങനെ മുസ്‌ലീങ്ങള്‍ മദീനയിലേക്ക് തിരിച്ചു പോന്നു. ഈ സൈനിക നടപടി പത്ത് ദിവസം നീണ്ടു നിന്നതായി നിവേദനത്തില്‍ കാണാം. തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ അബൂ സലമയുടെ ഉഹുദിലെ പരിക്ക് വീണ്ടും രൂക്ഷമാവുകയും ആ വര്‍ഷം തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
ബനൂ ലഹ്‌യാനിലേക്കുള്ള സൈനികനീക്കം
ഈ സംഭവത്തെ കുറിച്ച് ഹദ്‌റത്ത് മിര്‍സാ ബശീര്‍ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു:
“ഖുറൈശികളുടെ പ്രേരണയും ഉഹുദില്‍ മുസ്‌ലീങ്ങളുടെ താത്കാലിക പരാജയവും ഇപ്പോള്‍ അതിന്‍റെ അപകടകരമായ പ്രത്യാഘാതങ്ങള്‍ വളരെ വേഗത്തില്‍ പ്രകടമാക്കാന്‍ തുടങ്ങിയിരുന്നു. ബനൂ അസദ് മദീന ആക്രമിക്കാന്‍ പദ്ധതിയിട്ട അതേ ദിവസങ്ങളില്‍ തന്നെ, ബനൂ ലഹ്‌യാന്‍ ഗോത്രത്തില്‍ പെട്ട ആളുകള്‍ മക്കക്ക് അടുത്തുള്ള പ്രദേശമായ അവരുടെ ജന്മനാടായ ഉറാനയില്‍ ഒരു വലിയ സൈന്യത്തെ ഒരുമിച്ച് കൂട്ടുന്നതായി നബിതിരുമേനി(സ)ക്ക് വാര്‍ത്ത ലഭിച്ചു. അവരുടെ തലവന്‍ സുഫ്‌യാന്‍ ബിന്‍ ഖാലിദിന്‍റെ പ്രേരണയാല്‍ മദീന ഉപരോധിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. വിവിധ അറേബ്യന്‍ ഗോത്രങ്ങളുടെ അവസ്ഥയെക്കുറിച്ചും അവരുടെ പ്രഭുക്കന്മാരുടെ ശക്തിയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും അറിവുണ്ടായിരുന്ന നബിതിരുമേനി(സ)ക്ക്, ഈ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഖാലിദ് ബിന്‍ സുഫ്‌യാന്‍റെ പ്രേരണയാലാണെന്നു ഈ വാര്‍ത്ത ലഭിച്ചപ്പോള്‍ തന്നെ മനസ്സിലായി. അതുകൊണ്ട് തന്നെ ഈ വ്യക്തിയെ ഇല്ലാതാക്കിയാല്‍ ബനൂ ലഹ്‌യാന്‍ ഒരിക്കലും തന്നെ മദീന ആക്രമിക്കാന്‍ തുനിയുകയില്ല. ഈ ഗോത്രത്തില്‍ സുഫ്യാന്‍ ഒഴികെ, ഇത്തരമൊരു പ്രസ്ഥാനത്തെ നയിക്കാന്‍ തക്ക സ്വാധീനമുള്ള മറ്റാരും ഇപ്പോള്‍ ഇല്ലെന്നും തിരുനബി(സ)ക്ക് അറിയാമായിരുന്നു. മാത്രമല്ല, ബനൂ ലഹ്‌യാനെ ചെറുക്കാന്‍ ഒരു സംഘത്തെ അയച്ചാല്‍ ഇത് പാവപ്പെട്ട മുസ്‌ലീങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മാത്രമല്ല, ഈ നടപടി കൂടുതല്‍ അക്രമത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും വാതില്‍ തുറന്നേക്കാമെന്നും നബിതിരുമേനി(സ) മനസ്സിലാക്കി. അതുകൊണ്ട് നബി തിരുമേനി(സ) ഈ കുഴപ്പങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും കാരണക്കാരനായ സുഫ്‌യാന്‍ ഇബ്‌നു ഖാലിദിനെ വധിക്കുവാനായി ഒരാളെ മാത്രം അയക്കുന്നതിനുള്ള നിര്‍ദേശം നല്കി. ഇതിനായി അബ്ദുല്ലാഹ് ഇബ്‌നു അനീസ് അന്‍സാരിയെ നബിതിരുമേനി(സ) നിയമിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം അവിടേക്ക് പോവുകയും അവസരം കിട്ടിയ സന്ദര്‍ഭത്തില്‍ ആ വ്യക്തിയെ വധിക്കുകയുമുണ്ടായി.”[1]
ഖലീഫാ തിരുമനസ്സ് പറയുന്നു, നബിതിരുമേനി(സ) സമാധാനം തകര്‍ത്തിരുവെന്നും ആളുകളെ കൊന്നിരുന്നവെന്നും ഇസ്‌ലാമിന്‍റെ എതിരാളികള്‍ ആരോപണം ഉന്നയിക്കുന്നു. എന്നിരുന്നാലും, നബിതിരുമേനി(സ) മനുഷ്യജീവനെകുറിച്ച് എത്രമാത്രം ശ്രദ്ധാലുവായിരുന്നു എന്ന് നോക്കുക, ആക്രമിക്കാന്‍ തുനിഞ്ഞ ഗോത്രത്തില്‍ പെട്ടവരുടെ പോലും ജീവന്‍ രക്ഷിക്കാന്‍, ഒരു വ്യക്തിയെ ഇല്ലാതാക്കുന്നതാണ് നല്ലത് എന്ന ഒരു പദ്ധതി അദ്ദേഹം ആവിഷ്‌കരിച്ചു. ഇതായിരുന്നു നബിതിരുമേനി(സ)യുടെ കാരുണ്യത്തിന്‍റെ നിലവാരം. ഈ ദിവസങ്ങളില്‍, കുറച്ച് ആളുകളെ കൊല്ലാനെന്ന പേരില്‍, ലോകം നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും കൊല്ലുകയാണ്. ഇത് യുദ്ധത്തിന്‍റെ ഉപോല്പന്നമാണെന്ന് അവര്‍ പറയുന്നു. എന്നിരുന്നാലും, യുദ്ധാവസരത്തില്‍ പോലും കുട്ടികളെയോ സ്ത്രീകളെയോ മുതിര്‍ന്നവരെയോ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാത്ത മതനേതാക്കളെയോ കൊല്ലരുതെന്ന് നബിതിരുമേനി(സ) നിര്‍ദേശിച്ചിരുന്നു. മുഹമ്മദ് നബി(സ)യും ഇസ്‌ലാമിക അധ്യാപനവും നമുക്ക് മുന്നില്‍ വയ്ക്കുന്ന മാതൃകയാണിത്.
റജീഇലേക്കുള്ള സൈനികനീക്കം
ഖലീഫ തിരുമനസ്സ് പറയുന്നു, റജീഅ് എന്നത് ബനൂ ഹുസൈലിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഒരു നീരുറവയാണ്. സുഫ്‌യാന്‍ ബിന്‍ ഖാലിദിന്‍റെ വധത്തിന് ശേഷം ബനൂ ലഹ്‌യാന്‍ ജനത പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ചതാണ് ഈ നീക്കത്തിന്‍റെ പശ്ചാത്തലം. ഈ ഗോത്രത്തിലെ ആളുകള്‍ അമ്പെയ്ത്ത് വിദഗ്ദരായ അദല്‍, ഖറാഹ് എന്നീ ഗോത്രങ്ങളെ സമീപിച്ചു. തങ്ങളുടെ ഗോത്രങ്ങളില്‍ ഇസ്‌ലാം പ്രചരിപ്പിക്കാന്‍ തങ്ങളോടൊപ്പം കുറച്ച് മുസ്‌ലീകളെ അയക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് അവര്‍ നബിതിരുമേനി(സ)യെ സമീപിക്കാന്‍ ഒരു പദ്ധതി തയ്യാറാക്കി.
നബിതിരുമേനി(സ) തങ്ങളോടൊപ്പം ചില അനുചരന്മാരെ അയക്കുമെന്ന് പ്രതീക്ഷിക്കുകയും അങ്ങനെ അവര്‍ അവരെ വില്‍ക്കുകയും മക്കക്കാര്‍ അവരെ കൊല്ലുകയും പിന്നീട് തുക പങ്കിടുകയും ചെയ്യാമെന്നതായിരുന്നു അവരുടെ തീരുമാനം. അങ്ങനെ, അവര്‍ നബിതിരുമേനി(സ)യെ സമീപിച്ചു. അതേ സമയം, മദീനയുടെ പരിസര പ്രദേശങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കാന്‍ നബിതിരുമേനി(സ) പത്ത് അനുചരന്മാരുടെ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടായിരുന്നു. ഈ സംഘത്തെ പ്രവാചകന്‍ അദല്‍, ഖറാഹ് എന്നീ ഗോത്രത്തിലെ ആളുകളോടൊപ്പം അയക്കുകയുണ്ടായി. ഈ വിവരണം തുടരുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
പ്രാര്‍ഥനകള്‍ക്കുള്ള പ്രത്യേക ആഹ്വാനം
യമനില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന അഹ്‌മദികള്‍ക്കുവേണ്ടി, പ്രത്യേകിച്ച് അവിടെയുള്ള അഹ്‌മദിയ്യാ വനിതാ വിഭാഗം ദേശീയ അധ്യക്ഷക്ക് വേണ്ടി ഖലീഫാ തിരുമനസ്സ് പ്രാര്‍ഥനയ്ക്കായി ആഹ്വാനം നടത്തി. മറ്റുള്ളവരെപ്പോലെ അവര്‍ വളരെ പ്രയാസകരമായ സാഹചര്യങ്ങളിലാണ് തടവില്‍ കഴിയുന്നത്. സര്‍വശക്തനായ അല്ലാഹു അവരുടെ മോചനത്തിനുള്ള മാര്‍ഗം സംജാതമാക്കട്ടെ.
ഖലീഫാ തിരുമനസ്സ് പാകിസ്താനില്‍ തടവില്‍ കഴിയുന്ന അഹ്‌മദികളുടെ മോചനത്തിന് വേണ്ടിയും പ്രാര്‍ഥനക്ക് ആഹ്വാനം നടത്തുകയുണ്ടായി. പലസ്തീനികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ തുടരണമെന്ന് ഖലീഫാ തിരുമനസ്സ് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുവെന്ന് തോന്നുമ്പോള്‍, അവര്‍ മോശമായ അവസ്ഥയിലേക്ക് തിരിയുന്നു. ഇസ്രായേല്‍ സര്‍ക്കാര്‍ വളരെ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. സര്‍വശക്തനായ അല്ലാഹു ഫലസ്തീനികളെ ഈ ക്രൂരതയില്‍ നിന്ന് രക്ഷിക്കട്ടെ. മുസ്‌ലീങ്ങളെ അവരുടെ പങ്ക് വഹിക്കാന്‍ അവന്‍ പ്രാപ്തരാക്കട്ടെ.
കുറിപ്പുകള്‍
[1] സീറത്ത് ഖാതമുന്നബിയ്യീന്‍, വാള്യം. 2 പേജ്. 361-362
0 Comments