അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)20 സെപ്റ്റംബര്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: ജന്നത്ത് എ.പി
തശഹ്ഹുദും തഅവുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം, തിരുനബി(സ)യുടെ ജീവചരിത്രസംബന്ധമായി അഹ്സാബ് യുദ്ധത്തെക്കുറിച്ച് വിവരിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ്, ഹദ്റത്ത് മിര്സാ മസ്റൂർ അഹ്മദ്(അ) പറയുകയുണ്ടായി.
ഒരു അത്ഭുത ദൃഷ്ടാന്തം
ചെറിയ അളവിലുള്ള ഭക്ഷണം അനുഗ്രഹം ചൊരിയപ്പെട്ടുകൊണ്ട് ഒരുപാട് ആളുകളുടെ വിശപ്പകറ്റിയ അത്ഭുത ദൃഷ്ടാന്തത്തിന് പുറമേ ചെറിയ അളവിലുള്ള ഈത്തപ്പഴങ്ങൾ കിടങ്ങ് കുഴിക്കുകയായിരുന്ന എല്ലാവർക്കും കഴിക്കാൻ തികഞ്ഞ മറ്റൊരു സംഭവവും വിവരിക്കപ്പെടുന്നുണ്ട്
ഹദ്റത്ത് ബഷീർ ബിൻ സാദ്(റ)ന്‍റെ മകൾ വിവരിക്കുന്നു: അവരുടെ മാതാവ്, അവരുടെ പിതാവിനും അമ്മാവനും നൽകുന്നതിനുവേണ്ടി കുറച്ച് ഈത്തപ്പഴങ്ങൾ നൽകുകയുണ്ടായി. അവർ അതുമായി തന്‍റെ പിതാവിനെയും അമ്മാവനെയും അന്വേഷിച്ചുകൊണ്ട് തിരു നബി(സ)യുടെ സമക്ഷത്തിലൂടെ കടന്നു പോകുമ്പോൾ അവിടുന്ന് അവളുടെ പക്കൽ എന്താണുള്ളതെന്ന് അന്വേഷിക്കുകയുണ്ടായി. തന്‍റെ പിതാവിനും അമ്മാവനും നൽകാനുള്ള കുറച്ച് ഈത്തപ്പഴങ്ങളാണെന്ന് അവൾ മറുപടി നൽകി. തിരുനബി(സ) ഈത്തപ്പഴം നൽകാൻ ആവശ്യപ്പെട്ടു, അവിടുന്ന് അവ രണ്ട് തുണിക്കഷണങ്ങൾക്കിടയിൽ വെച്ചു. എന്നിട്ട് ഒരു വ്യക്തിയോട് ജനങ്ങളെ ഭക്ഷണത്തിനായി വിളിക്കാൻ ആവശ്യപ്പെട്ടു. അവർ ഈന്തപ്പഴം കഴിക്കാൻ തുടങ്ങി. തുണിയിൽ നിന്ന് വീണുപോകുമാറ് ഈന്തപ്പഴത്തിന്‍റെ അളവ് വർദ്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ എല്ലാ സഹാബിമാരും ഈന്തപ്പഴം കഴിക്കുകയുണ്ടായി.
കിടങ്ങ് കുഴിക്കുകയായിരുന്ന എല്ലാ സഹാബിമാർക്കും ചെറിയ അളവിലുള്ള ഭക്ഷണം തികയുകയുണ്ടായ മറ്റൊരു സംഭവവും ഖലീഫ തിരുമനസ്സ് വിവരിക്കുകയുണ്ടായി.
അനേകർക്ക് ചെറിയ അളവിലുള്ള വെള്ളമോ ഭക്ഷണമോ മതിയാകുകയോ ആരുടെയെങ്കിലും മുറിവിൽ കൈകൾ വയ്ക്കുകയും അത് സുഖപ്പെടുകയോ ചെയ്യുന്നതായ അത്ഭുത സംഭവങ്ങൾ തിരുനബി(സ)യുടെ അപരിമേയമായ ആത്മീയ ശക്തി പ്രഭാവത്തിന്‍റെ പ്രകടനമാണെന്ന് മസീഹ് മഊദ് (അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി.
ഖലീഫ തിരുമനസ്സ് പറയുന്നു: കിടങ്ങ് കുഴിക്കുന്നതിൽ മടികാണിച്ചിരുന്ന ചില കപട വിശ്വാസികൾ ഉണ്ടായിരുന്നു. കുറച്ച് കുഴിച്ച ശേഷം അവർ അവരുടെ വീടുകളിലേക്ക് ഒളിച്ചോടുമായിരുന്നു. അതെസമയം വിശ്വാസികൾ തങ്ങൾക്ക് എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി വീടുകളിലേക്ക് പോകേണ്ടിവരുന്ന അവസരങ്ങളിൽ, അവർ നബി(സ)യോട് അനുവാദം തേടുകയും തങ്ങളുടെ ആവശ്യം പൂർത്തീകരിച്ചാലുടൻ ഉത്തരവാദിത്വങ്ങളിക്ക് മടങ്ങുകയും ചെയ്യുമായിരുന്നു.
കിടങ്ങ് പൂർത്തിയാകുന്നു
ഖലീഫ തിരുമനസ്സ് പറയുന്നു: അബൂസുഫിയാനിന്‍റെ വരവിന് മൂന്ന് ദിവസം മുമ്പാണ് കിടങ്ങ് പൂർണ്ണമായും കുഴിക്കുകയുണ്ടായത്. കിടങ്ങ് കുഴിക്കാൻ സഹായിച്ച കുട്ടികളോടും യുവാക്കളോടും സ്ത്രീകൾ താമസിക്കുന്ന കോട്ടകളിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകി. എന്നിരുന്നാലും, പതിനഞ്ച് വയസ്സ് തികഞ്ഞവർക്ക് ഒന്നുകിൽ അവിടെ തുടരാനോ കോട്ടകളിലേക്ക് മടങ്ങാനോ അവസരം നൽകി. യുദ്ധത്തിന് മുമ്പ് തിരുനബി(സ) ഇബ്നു ഉമ്മു മക്തൂമി(റ)നെ തന്‍റെ പ്രതിനിധിയായി നിയമിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുനബി(സ)ക്ക് വേണ്ടി തുകൽ കൊണ്ട് നിർമ്മിച്ച ഒരു കൂടാരം പണിതു. മുഹാജിറിൻറെ പതാക ഹദ്റത്ത് സൈദ് ബിൻ ഹരിതഹ്(റ)നും അൻസാർ പതാക ഹദ്റത്ത് സഅദ് ബിൻ ഉബാദഹ്(റ)നും നൽകി.
യുദ്ധത്തിൽ പങ്കെടുത്ത മുസ്‌ലീങ്ങളുടെ എണ്ണം
ഖലീഫ തിരുമനസ്സ് പറയുന്നു: ഈ യുദ്ധത്തിൽ പങ്കെടുത്ത മുസ്‌ലീങ്ങളുടെ എണ്ണത്തെ സംബന്ധിച്ചു വ്യത്യസ്തമായ വിവരങ്ങളാണുള്ളത്. ചില ചരിത്രകാരന്മാർ പറയുന്നത് അവർ 900ൽ കൂടുതൽ ഉണ്ടായിരുന്നില്ല എന്നാണ്, മറ്റുള്ളവർ പറയുന്നത് 700, 2,000, 3,000 എന്നിങ്ങനെയാണ്. ഹദ്റത്ത് മിർസ ബഷീറുദ്ദീൻ മഹ്മൂദ് അഹ്മദ്(റ) ഈ വിഷയം വളരെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്നു. കൂടാതെ ചില വിവരണങ്ങൾ തെറ്റാണെന്ന് കണക്കാക്കുന്നതിനുപകരം, അവയെല്ലാം അദ്ദേഹം ശരിവെക്കുകയും ചെയ്യുന്നുണ്ട്. ഉഹ്ദ് യുദ്ധത്തിൽ അവിശ്വാസികൾ തിരിഞ്ഞ് രണ്ടാമത്തെ ആക്രമണം നടത്തിയപ്പോൾ മുസ്‌ലീങ്ങളുടെ എണ്ണം 700 ആയിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഉഹ്ദ് യുദ്ധത്തിനും അഹ്സാബ് യുദ്ധത്തിനും ഇടയിലുള്ള രണ്ട് വർഷങ്ങളിൽ വലിയ ഗോത്രങ്ങളൊന്നും തന്നെ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നില്ല. അതിനാൽ മുസ്‌ലീങ്ങളുടെ എണ്ണം 700ൽ നിന്ന് 3000 ആയി ഉയർന്നുവെന്നത് അംഗീകരിക്കാൻ പ്രയാസമാണ്. മറുവശത്ത്, ഇസ്‌ലാം വിജയിച്ചിട്ടും ഉഹുദ് യുദ്ധത്തിന് ശേഷം മുസ്‌ലിങ്ങളുടെ എണ്ണം ഒട്ടും വർദ്ധിച്ചില്ല എന്നതും അംഗീകരിക്കാൻ പ്രയാസമാണ്. അതിനാൽ, അഹ്സാബ് യുദ്ധത്തിൽ പോരാടാൻ കഴിഞ്ഞ മുസ്‌ലിങ്ങളുടെ എണ്ണം ഏകദേശം 1,200 ആയിരുന്നു എന്നതാണ് അർത്ഥമാക്കുന്നത്. അഹ്സാബ് യുദ്ധത്തിന് മൂന്ന് ഭാഗങ്ങൾ ഉണ്ടായിരുന്നു; ഒന്ന് ശത്രു മദീനക്ക് മുന്നിൽ എത്താത്ത സമയം. അപ്പോഴാണ് കിടങ്ങ് കുഴിക്കാൻ ആരംഭിക്കുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും കിടങ്ങ് കുഴിക്കുന്നതിൽ സഹായിക്കാമായിരുന്നു. അതിനാൽ, കിടങ്ങ് കുഴിക്കുമ്പോൾ, മുസ്‌ലീങ്ങളുടെ എണ്ണം 3000 ആണെന്ന് കണക്കാക്കാകുന്നതാണ്. ഈ സിദ്ധാന്തത്തിന് ചരിത്രത്തിന്‍റെ പിന്തുണയുണ്ട്. യുദ്ധം ആരംഭിച്ചപ്പോൾ സ്ത്രീകളോടും കുട്ടികളോടും മടങ്ങിപോകാൻ തിരുനബി(സ) നിർദേശിക്കുകയുണ്ടായി. യുദ്ധത്തിന് മുമ്പുള്ള എണ്ണം കുറഞ്ഞുവെന്ന് ഇത് കാണിക്കുന്നു. അതിനാൽ, യുദ്ധം ആരംഭിച്ചപ്പോൾ 1,200 മുസ്‌ലീങ്ങൾ അവശേഷിച്ചു.
700 എന്ന സംഖ്യയെ സംബന്ധിച്ചിടത്തോളം, വിശ്വാസ്യയോഗ്യരായ ചരിത്രകാരന്മാരാണ് അത് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ ഇത് ശരിയാണെന്ന് തെളിയിക്കാനാകും. യുദ്ധസമയത് ബനു ഖുറൈസ അവിശ്വാസികളോടൊപ്പം ചേർന്നപ്പോൾ മദീനക്കും സംരക്ഷണം നൽകണമെന്ന് തിരു നബി(സ) നിർദേശിക്കുകയുണ്ടായി. അങ്ങനെ 200 മുസ്‌ലീങ്ങൾ ഒരു ചെക്ക് പോയിന്‍റിലും 300 പേർ മറ്റൊരു ചെക്ക് പോയിന്‍റിലും നിലയുറപ്പിച്ചു. 500 മുസ്‌ലിങ്ങൾ മറ്റൊരു ഭാഗത്തേക്ക് മാറിയതിനാൽ യുദ്ധത്തിൽ പങ്കെടുത്ത മുസ്‌ലിങ്ങളുടെ എണ്ണം 1200 നിന്നും 700 ആയി മാറി. അങ്ങനെ അഹ്സാബ് യുദ്ധത്തിൽ രേഖപ്പെടുത്തിയ മുസ്‌ലിങ്ങളുടെ എണ്ണത്തിലെ പ്രകടമായ പൊരുത്തക്കേട് പരിഹരിച്ചു.
ഹദ്റത്ത് മിർസ ബഷീർ അഹ്മദ്(റ) മദീനക്കടുത്തുള്ള അബു സുഫ്‌യാന്‍റെയും അദ്ദേഹത്തിന്‍റെ പിന്തുണയുള്ള ഗോത്രങ്ങളുടെയും വരവിനു ശേഷമുള്ള സംഭവങ്ങളെക്കുറിച്ച് എഴുതുന്നു:
‘ഇരുപതുദിവസത്തെ തുടർച്ചയായ (മറ്റൊരു വിവരണ പ്രകാരം, ആറുദിവസത്തെ രാവും പകലും) അധ്വാനത്തിനൊടുവിൽ കിടങ്ങ് കുഴിക്കൽ പൂർത്തിയായി. ഈ അസാധാരണമായ പ്രയത്നത്തിന്‍റെയും അധ്വാനത്തിന്‍റെയും ഫലമായി സഹാബാക്കൾ തീർത്തും തളർന്നുപോയി. എന്നാൽ, ഈ ജോലി പൂർത്തിയായ ഉടൻ, അറേബ്യയിലെ ജൂതന്മാരും വിഗ്രഹാരാധകരും തങ്ങളുടെ സൈന്യവും പടക്കോപ്പുകളുമായി തങ്ങളുടെ എണ്ണത്തിലും ശക്തിയിലും ഉന്മത്തരായിക്കൊണ്ട് മദീനയുടെ ചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ടു. മറ്റാരേക്കാളും മുമ്പ് അബൂസുഫിയാൻ ഉഹ്ദ് പർവതത്തിലേക്ക് മുന്നേറി. ആ പ്രദേശം വിജനവും ഉപേക്ഷിക്കപ്പെട്ടതുമാണെന്ന് കണ്ടപ്പോൾ അവർ നഗരത്തിനെതിരായ ആക്രമണത്തിന് ഏറ്റവും അനുയോജ്യമായതും എന്നാൽ ഇപ്പോൾ ഒരു കിടങ്ങിനാൽ ചുറ്റപ്പെട്ടതുമായ മദീനയുടെ ആ ഭാഗത്തേക്ക് അയാൾ മാർച്ച് ചെയ്തു. അവിശ്വാസികളുടെ സൈന്യം മദീനയില്‍ സ്ഥലത്ത് എത്തിയപ്പോൾ, തങ്ങളുടെ മുമ്പിൽ ഒരു കിടങ്ങ് തടസ്സമായി നില്ക്കുന്നത് കാണുകയാൽ, എല്ലാവരും അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്തു. അതിനാൽ, കിടങ്ങിനപ്പുറം സമതലത്തിൽ ക്യാമ്പ് ചെയ്യാൻ അവർ നിർബന്ധിതരായി. എതിർ മുന്നണിയിൽ, അവിശ്വാസികളായ സൈന്യത്തിന്‍റെ ആസന്നമായ ആഗമനത്തെക്കുറിച്ചുള്ള വാർത്തകൾ ലഭിച്ചപ്പോൾ, തിരുനബി(സ) 3,000 മുസ്‌ലിങ്ങളുമായി നഗരത്തിൽ നിന്ന് പുറപ്പെട്ടു, അദ്ദേഹം കിടങ്ങിനടുത്തെത്തിയപ്പോൾ, സാല പർവ്വതം തന്‍റെ പിൻഭാഗത്തുള്ള രീതിയിൽ നഗരത്തിനും കിടങ്ങിനും ഇടയിൽ അദ്ദേഹം നിലയുറപ്പിച്ചു. കിടങ്ങ് വളരെ വിശാലമല്ലായിരുന്നു, തീർച്ചയായും, ശക്തരും പരിചയസമ്പന്നരുമായ അശ്വാരൂഢൻമാർക്ക് നഗരത്തിലേക്ക് കുതിക്കാൻ കഴിയുന്ന ചില പ്രദേശങ്ങളുണ്ടായിരുന്നു. കൂടാതെ, മദീനയുടെ മുൻഭാഗങ്ങളും കിടങ്ങാൽ സംരക്ഷിക്കപ്പെടാത്തതായിരുന്നു, അവിടെ ഉണ്ടായിരുന്ന ഒരേയൊരു തടസ്സം വീടുകൾ, തോട്ടങ്ങൾ, വലിയ പാറകൾ എന്നിവ അസമമായ നിലയിലാണ് ഉണ്ടായിരുന്നത് എന്നത് മാത്രമായിരുന്നു. സ്വാഭാവികമായും, ശത്രുക്കൾ ഈ വീടുകൾ നശിപ്പിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ചെറിയ ഗ്രൂപ്പുകളായി നഗരത്തിൽ പ്രവേശിച്ച് മറ്റേതെങ്കിലും തന്ത്രത്തിലൂടെ ആക്രമണം നടത്തുന്നത് തടയാൻ, ഈ പ്രദേശങ്ങൾ സുരക്ഷിതമാക്കേണ്ടത് ആവശ്യമാണ്. അതിനാൽ, പ്രവാചകൻ(സ) സ്വഹാബികളെ പല വിഭാഗങ്ങളായി വിഭജിക്കുകയും മദീനയുടെ മറ്റ് മുൻനിരകളിലും ഉചിതമായ സ്ഥലങ്ങളിലും വിവിധ പോസ്റ്റുകളിൽ കാവൽ നിർത്തുയും ചെയ്തു. പകലോ രാത്രിയോ ആകട്ടെ, ഈ സംരക്ഷണത്തിൽ ഏതെങ്കിലും വീഴ്ചയോ അശ്രദ്ധയോ ഉണ്ടാകരുതെന്ന് തിരുമേനി(സ) ഊന്നിപ്പറഞ്ഞു. മറുവശത്ത്, കിടങ്ങിന്‍റെ തടസ്സം കാരണം, ഒരു തുറന്ന മൈതാനത്ത് യുദ്ധം ചെയ്യാനോ നഗരത്തിന് നേരെ ആക്രമണം നടത്താനോ ഇപ്പോൾ അസാധ്യമാണെന്ന് അവിശ്വാസികൾ മനസ്സിലാക്കിയപ്പോൾ, അവർ ഉപരോധത്തിന്‍റെ രൂപത്തിൽ മദീനയെ വളഞ്ഞു. ദുർബ്ബല വിഭാഗങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരങ്ങൾ തേടാൻ തുടങ്ങി.’
((The Life and Character of the Seal of Prophets (sa), Vol. 2, pp. 463-464)
മദീനയിലെ ഗോത്രങ്ങൾ മുസ്‌ലിങ്ങളുമായുള്ള ഉടമ്പടി ലംഘിക്കുന്നു
ഖലീഫ തിരുമനസ്സ് പറയുന്നു: അവിശ്വാസികളായ സൈന്യത്തിന് കിടങ്ങ് കടന്ന് മുസ്‌ലിങ്ങളെ ആക്രമിക്കാൻ കഴിയാതെ വന്നപ്പോൾ, മുസ്‌ലിങ്ങൾക്കെതിരെ ഉള്ളിൽ നിന്ന് ആക്രമണം നടത്തുന്നതിനുവേണ്ടി അബു സുഫ്‌യാനും ഹുയയ്യ് ബിൻ അഖ്തബും മദീനയ്ക്കുള്ളിൽ ഇതിനകം ഉണ്ടായിരുന്ന ബനൂ ഖുറൈസയിലെ ജൂതന്മാരെ അവരുടെ ഉടമ്പടി ലംഘിക്കാൻ പ്രേരിപ്പിക്കാൻ പദ്ധതി ആവിഷ്‌കരിച്ചു.
തുടക്കത്തിൽ, ബനൂ ഖുറൈസയുടെ തലവൻ നബി(സ) യുമായുള്ള ഉടമ്പടിയെ സംന്ധിച്ച പറഞ്ഞുകൊണ്ട് ഹുയയ്യ് ബിൻ അഖ്തബുമായി ചേരാൻ തയ്യാറായില്ല. ബനൂ ഖുറൈസയുടെ തലവനായ കഅബ്, തന്‍റെ ഉടമ്പടി ലംഘിക്കാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് തിരുനബി(സ)യുടെ സത്ഗുണങ്ങളെകുറിച്ചും പെരുമാറ്റത്തെകുറിച്ചും അനുസ്മരിച്ചു. എന്നിരുന്നാലും, ഹുയയ്യ് തന്‍റെ കുതന്ത്രം തുടർന്നു, കുറച്ച് സമയത്തിനും പ്രേരണയ്ക്കും ശേഷം കഅബ് അതിൽ വീണു. അവർ വിജയിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അയാൾ ചോദിച്ചു, അവരോടൊപ്പം അവരുടെ കോട്ടയിൽ പ്രവേശിക്കുമെന്നും അവർക്ക് സംഭവിച്ച അതേ വിധി അനുഭവിക്കുമെന്നും ഹുയയ് മറുപടി നൽകി. നല്ല മനസ്സുള്ള ചില യഹൂദർ ഈ അവസ്ഥകണ്ടുകൊണ്ട് ഇസ്‌ലാംമതം സ്വീകരിക്കുകയുണ്ടായി.
ഹദ്റത്ത് ഉമർ(റ) ബനൂ ഖുറൈസ തങ്ങളുടെ കരാർ ലംഘിച്ച കാര്യമറിഞ്ഞപ്പോൾ പ്രവാചകൻ (സ)നെ വിവരം അറിയിച്ചു. ഹദ്റത്ത് സഅദ് ബിൻ മുആദ്(റ), ഹദ്റത്ത് സഅദ് ബിൻ ഉബാദ(റ) എന്നിവരെ പ്രവാചകൻ(സ) വാർത്ത സത്യമാണോ എന്ന് പരിശോധിക്കുന്നതിനായി അയക്കുകയുണ്ടായി. അവർ അത് ശരിയാണെന്ന് കണ്ടെത്തിയാൽ, അത് മറ്റുള്ളവരുടെ മുന്നിൽ പ്രഖ്യാപിക്കരുതെന്നും മറിച്ച് അത് പ്രവാചകൻ(സ)യെ അറിയിക്കണമെന്നും എന്നാൽ, ഉടമ്പടി ലംഘിച്ചിട്ടില്ലെന്ന് അവർ മനസ്സിലാക്കിയാൽ, അവർ അത് പരസ്യമായി പ്രഖ്യാപിക്കണം മെന്നും തിരുനബി(സ) നിർദ്ദേശം നൽകി. ഉടമ്പടി ലംഘിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയപ്പോൾ, അവർ അക്കാര്യം തിരുനബി(സ)യെ അറിയിച്ചു. അദ്ദേഹം വളരെ ശാന്തനായി, കഅബയുടെ താക്കോലുമായി പ്രദക്ഷിണം വയ്ക്കുന്ന ഒരു സമയം വരുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെന്നും ഖൈസറും കിസ്റയും നശിപ്പിക്കപ്പെടുമെന്നും പറയുകയുണ്ടായി.
ഹദ്റത്ത് മിർസ ബഷീർ അഹ്മദ് (റ) എഴുതുന്നു: ബനൂ നദീറിലെ ജൂത നേതാവായ ഹുയയ്യ് ബിൻ അഖ്തബിനോട് രാത്രിയുടെ മറവിൽ ബനൂ ഖുറൈസയുടെ കോട്ടകളിലേക്ക് പോയി അവരുടെ നേതാവായ കഅബ് ബിൻ അസദിന്‍റെ സഹായത്തോടെ ബനൂ ഖുറൈസയെ കീഴടക്കാൻ ആവശ്യപ്പെട്ടു എന്നതാണ് അബു സുഫിയാൻ പ്രയോഗിച്ച മറ്റൊരു തന്ത്രം. അതിനാൽ, ഹുയയ്യ് ബിൻ അഖ്തബ് ഒരു അവസരം കണ്ടെത്തി കഅബിന്‍റെ വീട്ടിലെത്തി. തുടക്കത്തിൽ, കഅബ് വിസമ്മതിക്കുകയും ഞങ്ങൾ മുഹമ്മദുമായി[സ] ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടെന്നും, അദ്ദേഹം എല്ലായ്പ്പോഴും തന്‍റെ ഉടമ്പടികളും കരാറുകളും വിശ്വസ്തതയോടെ നിറവേറ്റിയിട്ടുണ്ടെന്നും, അതിനാൽ തനിക്ക് അദ്ദേഹത്തോട് വഞ്ചന കാണിക്കാൻ കഴിയില്ല എന്നും പറയുകയുണ്ടായി. പക്ഷെ ഹുയയ് അയാളെ പ്രലോഭിപ്പിക്കുകയും ഇസ്‌ലാമിന്‍റെ ആസന്നമായ നാശത്തെക്കുറിച്ച് അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുകയും ചെയ്തു; ഇസ്‌ലാമിനെ തുടച്ചുനീക്കുന്നതുവരെ മദീനയിൽ നിന്ന് മടങ്ങിവരില്ല എന്ന ശക്തമായ ദൃഢനിശ്ചയത്തോടെയാണ് തങ്ങൾ എത്തിയിട്ടുള്ളതെന്ന് അറിയിച്ചു. ഒടുവിൽ അയാൾ സമ്മതിച്ചു. എന്നിരുന്നാലും, ഹുയയ് അയാളെ പ്രലോഭിപ്പിക്കുകയും ഇസ്‌ലാമിന്‍റെ ആസന്നമായ നാശത്തെക്കുറിച്ച് അയാള്‍ക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തു; ഇസ്‌ലാമിനെ തുടച്ചുനീക്കുന്നതുവരെ മദീനയിൽ നിന്ന് മടങ്ങിവരില്ല എന്ന ശക്തമായ ദൃഢനിശ്ചയത്തോടെയാണ് തങ്ങൾ എത്തിയിട്ടുള്ളതെന്ന് അറിയിച്ചു. ഒടുവിൽ അയാൾ സമ്മതിച്ചു.
ബനൂ ഖുറൈസയുടെ ഈ അപകടകരമായ വഞ്ചനയെക്കുറിച്ച് തിരുനബി(സ)ക്ക് വിവരം ലഭിച്ചപ്പോൾ, പ്രവാചകൻ(സ) സുബൈർ ബിൻ അവ്വാം(റ)യെ രഹസ്യമായി രണ്ട് മൂന്ന് തവണ അയച്ചു. അതിനുശേഷം, പ്രവാചകൻ(സ) ഔസ്, ഖസ്‌റജ് ഗോത്രത്തലവന്മാരായിരുന്ന സഅദ് ബിൻ മുആദ്(റ), സഅദ് ബിൻ ഉബാദ(റ) എന്നിവരെയും സ്വാധീനമുള്ള മറ്റ് ചില അനുചരന്മാരെയും ബനൂ ഖുറൈസയിലേക്ക് ഒരു പ്രതിനിധി സംഘത്തിന്‍റെ രൂപത്തിൽ ഔപചാരികമായി അയക്കുകയുണ്ടായി. ആശങ്കാജനകമായ വാർത്തകളുണ്ടെങ്കിൽ, അവർ മടങ്ങിവരുമ്പോൾ അത് പരസ്യമായി വെളിപ്പെടുത്തരുതെന്നും, ആളുകൾ ഭയപ്പെടാതിരിക്കാൻ രഹസ്യസ്വഭാവം നിലനിർത്തണമെന്നും കർശന നിർദ്ദേശം നൽകി. അവർ ബനൂ ഖുറൈസയുടെ വസതികളിൽ എത്തി. കഅബ് ബിൻ അസദിന്‍റെ അടുത്തെത്തിയപ്പോൾഅയാൾ വളരെ ധിക്കാരപരമായ രീതിയിൽ അവരെ നേരിട്ടു. രണ്ട് സഅദുകളും ഉടമ്പടിയെക്കുറിച്ച് പറഞ്ഞപ്പോൾ, കഅ്ബും അവന്‍റെ ഗോത്രത്തിലെ ആളുകളും ദുഷ്ടരായി മാറി, “പോകൂ! മുഹമ്മദും ഞങ്ങളും തമ്മിൽ ഒരു ഉടമ്പടിയും ഇല്ല. ഈ വാക്കുകൾ കേട്ടപ്പോൾ സ്വഹാബികളുടെ ഈ പ്രതിനിധി സംഘം പുറപ്പെട്ടു. സഅദ് ബിൻ മുആദ്(റ), സഅദ് ബിൻ ഉബാദ(റ) എന്നിവർ പിന്നീട് തിരുനബി(സ) യുടെ മുമ്പാകെ ഹാജരാകുകയും ഉചിതമായ രീതിയിൽ സ്ഥിതിഗതികൾ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
(The Life and Character of the Seal of Prophets (sa), Vol 2, pp. 464-465)
തിരുനബി(സ) ബനൂഖുറൈസയോട് അനീതിയും ക്രൂരതയും കാണിച്ചുവെന്ന ആരോപണങ്ങൾ ഉന്നയിക്കപ്പെടാറുണ്ടെന്ന് ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി. എന്നാൽ ബനൂ ഖുറൈസ തങ്ങളുടെ ഉടമ്പടി ലംഘിക്കുകയും അതനുസരിച്ച് ശിക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് ഈ സംഭവങ്ങൾ കാണിക്കുന്നു. അവർക്കെതിരെ അനീതിയോ ക്രൂരതയോ ഉണ്ടായിട്ടില്ല.
ഈ സംഭവങ്ങളെ സംബന്ധിച്ച വിവരണം ഭാവിയിലും തുടരുന്നതാണെന്ന് ഖലീഫ തിരുമനസ്സ് പറയുകയുണ്ടായി.
0 Comments