തിരുനബിചരിത്രം: ബനൂനദീര്‍ കോട്ടകളുടെ ഉപരോധം

അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കോട്ടകൾ ജയിച്ചടക്കുക എന്നത് വളരെ പ്രയാസമേറിയതും കഠിനവുമായിരുന്നു എന്ന് മാത്രമല്ല ഒരു നീണ്ട ഉപരോധം തന്നെ ആവശ്യമായിരുന്നു

തിരുനബിചരിത്രം: ബനൂനദീര്‍ കോട്ടകളുടെ ഉപരോധം

അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കോട്ടകൾ ജയിച്ചടക്കുക എന്നത് വളരെ പ്രയാസമേറിയതും കഠിനവുമായിരുന്നു എന്ന് മാത്രമല്ല ഒരു നീണ്ട ഉപരോധം തന്നെ ആവശ്യമായിരുന്നു

ജൂലൈ 4, 2024

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 28 ജൂലൈ 2024 ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ്‌ ശാഹിദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌ അയ്യദഹുല്ലാഹ് തആലാ ബനൂ നദീർ യുദ്ധത്തെ കുറിച്ചുള്ള വിവരണം തുടര്‍ന്നു.

അദ്ദേഹം ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്‌(റ) എഴുതിയ ഭാഗത്തെ ഉദ്ധരിച്ചു. അദ്ദേഹം എഴുതുന്നു:

യുദ്ധമൈതാനത്തേക്ക് ഇറങ്ങുക എന്നല്ലാതെ നബിതിരുമേനി(സ)യുടെ മുന്നിൽ മറ്റു വഴികൾ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം തന്‍റെ അസാന്നിധ്യത്തിൽ മദീനയിൽ നമസ്കാരത്തിന് നേതൃത്വം വഹിക്കാനായി ഇബ്നു മക്‌തൂം(റ)നെ നിശ്ചയിച്ചു. തുടർന്ന് കുറച്ച് സഹാബികളോടൊത്ത് മദീനയിൽ നിന്ന് പുറപ്പെട്ട് ബനൂ നദീർ ഗ്രാമത്തെ വളഞ്ഞു.

അന്നത്തെ യുദ്ധരീതിയനുസരിച്ച് ബനൂ നദീർ തങ്ങളുടെ കോട്ടകളിലേക്ക് കയറി. അബ്‌ദുല്ലാഹ് ബിൻ ഉബയ്യ് ഇബ്നു സുലൂലും മറ്റു ചില കപടവിശ്വാസികളും ബനൂ നദീറിന്‍റെ നേതാക്കളോട് മുസ്‌ലീങ്ങൾക്കെതിരിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാം എന്ന് പറഞ്ഞത് ഈ യുദ്ധത്തിന്‍റെ അവസരത്തിലാണെന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ യുദ്ധം പ്രയോഗികമായി തുടങ്ങിയപ്പോൾ ഈ കപടവിശ്വാസികൾ യുദ്ധമുഖത്ത് മുസ്‌ലിങ്ങൾക്ക് എതിരിൽ പ്രത്യക്ഷ്യമായും പുറത്തുവരാൻ അവർക്ക് ധൈര്യമായുണ്ടായില്ല. അതുപോലെ തന്നെ മുസ്‌ലീങ്ങൾക്കെതിരിൽ പ്രകടമായ രീതിയിൽ യുദ്ധം ചെയ്യാൻ ബനൂ ഖുറൈളക്കും ധൈര്യമുണ്ടായില്ല, അവർ രഹസ്യമായി ബനൂ നദീറിനെ സഹായിക്കുന്നുണ്ടായിരുന്നെങ്കിൽ പോലും. മുസ്‌ലിങ്ങൾക്ക് ഈ കാര്യം അറിയാമായിരുന്നു. 

ബനൂ നദീർ മുസ്‌ലിങ്ങളോട് ഒരു തുറന്ന യുദ്ധത്തിന് തയ്യാറായില്ല. അവർ തങ്ങളുടെ കോട്ടകളിൽ തന്നെ അടച്ചിരുന്നു. അവരുടെ കോട്ടകൾ വളരെ ശക്തമായ കോട്ടകൾ ആയിരുന്നു. അതിനാൽ മുസ്‌ലിങ്ങൾക്ക് തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും അവസാനം നിരാശരായി അവർ സ്വയം ഈ ഉപരോധം അവസാനിപ്പിക്കും എന്ന് അവർ കരുതി. അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കോട്ടകൾ ജയിച്ചടക്കുക എന്നത് വളരെ പ്രയാസമേറിയതും കഠിനവുമായിരുന്നു എന്ന് മാത്രമല്ല ഒരു നീണ്ട ഉപരോധം തന്നെ ആവശ്യമായിരുന്നു.” [1]

ഈ ഉപരോധത്തിനിടയിൽ ബനൂ നദീറിന്‍റെ ചില ഈന്തപ്പനകൾ വെട്ടിക്കളയാൻ ഉത്തരവിട്ടിരുന്നു. ഈ ഈന്തപ്പനകളുടെ മറവിൽ നിന്ന് അവർ കോട്ടകൾക്ക് മുകളിൽ കയറി നിന്ന് അവർ മുസ്‌ലിങ്ങൾക്കെതിരിൽ അമ്പെയ്യുകയും കല്ലുകൾ എറിയുകയും ചെയ്യുകയായിരുന്നു. അവരുടെ തോട്ടങ്ങൾ നശിപ്പിക്കാൻ വേണ്ടിയല്ല ഇങ്ങനെ ചെയ്തത് മറിച്ച് പ്രതിരോധം എന്ന നിലയിൽ മാത്രമായിരുന്നു. മാത്രമല്ല ഒരു സംഘട്ടനം ഒഴിവാക്കാനും കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും കൂടിയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. മനുഷ്യന് അത്രകണ്ട് ഉപകാരപ്രദമല്ലാത്ത ഈന്തപ്പനകളാണ് വെട്ടിക്കളയപ്പെട്ടത് എന്നും നിവേദനങ്ങളിൽ വരുന്നുണ്ട്. ഈ മരങ്ങൾ വെട്ടാനും യഹൂദികളുടെ കോട്ടകൾക്ക് മുന്നിലിട്ട് കത്തിക്കാനും നബിതിരുമേനി(സ) നിർദേശിച്ചത് അല്ലാഹുവിന്‍റെ കൽപന പ്രകാരമാണ് എന്ന് വ്യക്തമാണ്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:

“നിങ്ങൾ വല്ല ഈന്തപ്പനയും മുറിച്ച് കളയുകയോ അല്ലെങ്കിൽ അവയുടെ മുരടുകളിൽ അവയെ നിൽക്കാൻ വിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് അല്ലാഹുവിന്റെ അനുമതിയനുസരിച്ചും അതിക്രമകാരികളെ നിത്യാരാക്കിത്തീർക്കാനും വേണ്ടിയാണ്.” [2]

ഉപരോധത്തിനിടയിൽ നബിതിരുമേനി(സ) യഹൂദികളെ ഒരു പുതിയ ഉടമ്പടിക്കായി ക്ഷണിക്കുകയുണ്ടായി. പക്ഷെ അവർ നിരാകരിച്ചു. എന്നാൽ അവരുടെ ഈന്തപ്പനകൾ വെട്ടുകയും കത്തിക്കുകയും ചെയ്തപ്പോൾ അവർ ഉടമ്പടിക്ക് തയ്യാറായി. ഇതിനെ കുറിച്ച് ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്‌(റ) എഴുതുന്നു.

മുസ്‌ലിങ്ങൾ പല ദിവസങ്ങളോളം ഉപരോധം തുടർന്നു. എന്നാൽ ഫലങ്ങൾ ഒന്നും ഉരുത്തിരിഞ്ഞു വന്നില്ല. ബനൂ നദീർ തങ്ങളുടെ നിഷേധമനോഭാവം തുടരുകയും ഉപരോധം ഫലമില്ലാതെ തുടരുകയും ചെയ്തപ്പോൾ ബനൂ നദീറിന്‍റെ കോട്ടകൾക്ക് പുറത്തുണ്ടായിരുന്ന ചില ഈന്തപ്പനമരങ്ങൾ വെട്ടാൻ നബിതിരുമേനി(സ) ഉത്തരവിട്ടു. വെട്ടിമാറ്റപ്പെട്ട ഈ മരങ്ങൾ ലീന ഗണത്തിൽ പെട്ട മരങ്ങൾ ആയിരുന്നു. ഇവ വളരെ താണ നിലവാരത്തിലുള്ള പഴങ്ങൾ ആണ്. പൊതുവെ ഈ ഈന്തപ്പഴങ്ങൾ മനുഷ്യർ കഴിക്കാറില്ലായിരുന്നു. മരങ്ങൾ വെട്ടിമാറ്റപ്പെടുമ്പോൾ ആ ദൃശ്യം കണ്ടാൽ ബനൂ നദീർ ഭയപ്പെടുകയും കോട്ടവാതിലുകൾ തുറക്കുകയും ചെയ്യട്ടെ എന്ന ലക്ഷ്യത്തിലാണ് ഈ മരങ്ങൾ വെട്ടിമാറ്റപ്പെട്ടത്. ഇപ്രകാരം, അനേകം ജീവനുകൾ നഷ്ടപ്പെടുന്നതിനേക്കാളും, രാജ്യത്ത് ഒരു കുഴപ്പവും വിമത കലാപവും നടക്കുന്നതിനേക്കാളും നല്ലത് കുറച്ച് മരങ്ങളുടെ നഷ്‌ടം തന്നെയാണ്.

വെറും ആറ് മരങ്ങളാണ് വെട്ടിമാറ്റപ്പെട്ടത്. ഈ തന്ത്രം വിജയിക്കുകയും ചെയ്തു. മുസ്‌ലിങ്ങൾ തങ്ങളുടെ എല്ലാ മരങ്ങളും വെട്ടിക്കളയുമോ എന്ന ഭയത്തിൽ ബനൂ നദീറിലെ ജനങ്ങൾ നിലവിളിക്കാൻ തുടങ്ങി. അവരുടെ തോട്ടങ്ങളിൽ നല്ല നിലവാരമുള്ള പഴങ്ങളുള്ള മരങ്ങളും ഉണ്ടായിരുന്നു. വിശുദ്ധ ഖുർആനിൽ വിവരിക്കപ്പെട്ടത് പോലെ ചില മരങ്ങൾ മാത്രമാണ് വെട്ടാൻ അനുവാദം നൽകപ്പെട്ടിരുന്നുള്ളു. അതും ലീന ഗണത്തിൽ പെട്ട മരങ്ങളാണ് വെട്ടിമാറ്റപ്പെട്ടത്. മറ്റുള്ള മരങ്ങൾ സംരക്ഷിക്കപ്പെടാൻ നിർദേശം നല്കപ്പെട്ടു. പൊതുവെ ശത്രുക്കളുടെ മരങ്ങൾ വെട്ടിമാറ്റാനുള്ള അനുമതി ഇല്ല.

എന്തായാലും ഈ തന്ത്രം വിജയിച്ചു. പതിനഞ്ചു ദിവസത്തെ ഉപരോധത്തിന് ശേഷം തങ്ങളെ മദീനയിൽ നിന്നും തങ്ങളുടെ സ്വത്തുസമ്പാദ്യങ്ങളോടെ സമാധാനത്തോടെയും സുരക്ഷിതത്തോടെയും മദീനയിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിക്കണമെന്ന നിബന്ധനയിൽ ബനൂ നദീർ തങ്ങളുടെ കോട്ടവാതിലുകൾ തുറന്നു. യഥാർത്ഥത്തിൽ ഈ നിബന്ധന തന്നെയാണ് നബിതിരുമേനി(സ) അവർക്ക് മുന്നിൽ ആരംഭത്തിൽ തന്നെ വെച്ചിരുന്നത്. ഈ ദൗത്യത്തിന് വേണ്ടി മുസ്‌ലിങ്ങൾ സഹിച്ച ചിലവുകളെയും പ്രയാസങ്ങളെയും കണക്കാക്കാതെ സമാധാനം പുലരണം എന്ന ആഗ്രഹം ഒന്നുകൊണ്ട് മാത്രം ഈ ഘട്ടത്തിലും നബിതിരുമേനി(സ) അവരുടെ ഈ നിബന്ധന അംഗീകരിച്ചു. ബനൂ നദീർ സമാധാനത്തോടെയും സുരക്ഷിതത്തോടെയുമാണ് മദീന വിട്ടു പോകുന്നത് എന്നതിന് മേൽനോട്ടം വഹിക്കാൻ  അദ്ദേഹം തന്‍റെ അനുചരൻ മുഹമ്മദ് ബിൻ മസ്‍ലമയെ ചുമതലപ്പെടുത്തുകയും ചെയ്തു.” [3]

നബിതിരുമേനി(സ) യഹൂദികളുടെ നിബന്ധനകൾ അംഗീകരിച്ച് അവരെ പോകാൻ അനുവദിച്ചു. അവരുടെ ആയുധങ്ങൾ ഒഴികെ അവരുടെ ഒട്ടകങ്ങൾക്ക് എന്തെല്ലാം ചുമന്നു കൊണ്ടുപോകാൻ കഴിയുമോ അതെല്ലാം കൊണ്ടുപോകാനുള്ള അനുമതി നൽകപ്പെട്ടു. മുസ്‌ലിങ്ങൾ യുദ്ധമുതലുകൾ കൈക്കലാക്കാനാണ് യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നത് എന്ന് ആരോപിക്കുന്നവർക്കുള്ള ഒരു മറുപടി കൂടിയാണ് ഈ സംഭവം. ഇവിടെ മുസ്‌ലിങ്ങളെ നിരന്തരം പ്രയാസങ്ങളിലകപ്പെടുത്തിയിരുന്ന ഒരു സമുദായത്തിന് മേൽ മുസ്‌ലിങ്ങൾക്ക് വ്യക്തമായ വിജയം കൈവന്നിരുന്നു. അവർ ചതിയും വഞ്ചനയും ചെയ്തവരായിരുന്നു. അവർക്കെതിരിൽ കഠിനമായ നടപടിയെടുക്കാമായിരുന്നു. എന്നിട്ടും നബിതിരുമേനി(സ) അവരോട് കാരുണ്യത്തോടെ പെരുമാറി. എന്നിട്ടും,യഹൂദികൾ തങ്ങളുടെ കോട്ടകൾ വിട്ടു പോകുന്നതിന് മുൻപ് മുസ്‌ലിങ്ങൾക്ക് ഉപകാരപ്പെടാതിരിക്കാൻ തങ്ങളുടെ വീടുകൾ നശിപ്പിച്ചിട്ടാണ് പോയത് എന്നും രേഖകളിൽ കാണാം.

ബനൂ നദീർ മദീന വിട്ടു പോകുന്നതിനുള്ള നിബന്ധനകൾ ഇപ്രകാരമായിരുന്നു.

  1. മദീനക്ക് പുറത്ത് എവിടെ വേണമെങ്കിലും ബനൂ നദീറിന് താമസിക്കാം
  2. അവർ പോകുമ്പോൾ തങ്ങളുടെ ഒരു ആയുധവും കൊണ്ടുപോകാൻ അനുവാദമില്ല.
  3. ആയുധങ്ങൾ ഒഴികെ യഹൂദികൾക്ക് തങ്ങളുടെ ഒട്ടകങ്ങൾ ചുമന്നു കൊണ്ടുപോകാവുന്നതെല്ലാം കൊണ്ടുപോകാം.
  4. യഹൂദികൾ ഉപേക്ഷിച്ച് പോകുന്നതെല്ലാം മുസ്‌ലിങ്ങളുടെ സ്വന്തമാകും.

ബനൂ നദീറിന്‍റെ പാലായനത്തെ മേൽനോട്ടം വഹിക്കാൻ മുഹമ്മദ് ബിൻ മസ്‌ലമ(റ) നിയോഗിക്കപ്പെട്ടു. തങ്ങൾക്ക് ചില കടങ്ങൾ ഉണ്ട് എന്ന ഒരു കാര്യം ബനൂ നദീർ ഉന്നയിച്ചു. അവർ എന്തെങ്കിലും ഒരു കാരണം കണ്ടുപിടിച്ച് മദീനയിൽ കഴിയുന്നത്ര കൂടുതൽ തങ്ങാനാണ് ശ്രമിച്ചിരുന്നത്. അവർ തങ്ങളുടെ കടങ്ങൾ ഉടനടി വീണ്ടെടുക്കണമെന്നു നബിതിരുമേനി(സ) പറഞ്ഞു. കടം പെട്ടെന്ന് തിരിച്ച് ലഭിക്കുന്നതിനായി അവർ തങ്ങളുടെ കടങ്ങളുടെ മേലുള്ള പലിശ ഒഴിവാക്കണമെന്ന് നിർദേശിച്ചു.  ഇതിനിടയിൽ രണ്ടു യഹൂദികൾ തങ്ങളുടെ തെറ്റ് മനസ്സിലാക്കി മുസ്‌ലിം സൈന്യത്തോടൊപ്പം ചേരുകയും ഇസ്‌ലാമിനോടുള്ള തങ്ങളുട കൂറ് പ്രകടമാക്കുകയും ചെയ്യും.

യഹൂദികൾ 600 ഒട്ടകങ്ങളുടെ പുറത്ത് അവർക്ക് ചുമന്ന് കൊണ്ടുപോകാൻ കഴിയുന്നത്രയും സാധനങ്ങൾ കൊണ്ട് പോയി. അവർ തങ്ങളുടെ വീടുകൾ തകർത്ത് അതിന്‍റെ വാതിലുകൾ വരെ ഒട്ടകപ്പുറത്ത് കയറ്റി കൊണ്ടുപോയി. അവരുടെ ഹൃദയങ്ങളിൽ സങ്കടത്തിന്‍റെ തീ കത്തുന്നുണ്ടായിരുന്നെങ്കിലും, അവർ തങ്ങളുടെ വീടുകൾ ഉപേക്ഷിക്കുന്നതിൽ തങ്ങൾക്ക്  വിഷമമേതും ഇല്ല എന്ന നിലയിലാണ് അവിടം വിട്ടു പോയത്.

ജൂതർ മദീനയിലെ ചന്തയിലൂടെ കടന്നു പോകുമ്പോൾ അവർ ഘോഷയാത്ര പോകുന്നത് പോലെ പാടുകയും തങ്ങളുടെ സ്വത്തുസമ്പാദ്യങ്ങളുടെ പൊലിമ കാട്ടുകയും ചെയ്തു. എന്നാൽ നബിതിരുമേനി(സ) അവരെ തെല്ലും ശ്രദ്ധിച്ചില്ല. നബിതിരുമേനിക്ക് വേണമെങ്കിൽ അവരുടെ വസ്ത്രങ്ങൾ പോലും അനുമതി നൽകാതിരിക്കാമായിരുന്നു. എന്നാൽ നബിതിരുമേനി(സ) അവരോട് കാരുണ്യത്തോടെ പെരുമാറി. അവരുടെ ഒട്ടകങ്ങൾക്ക് ചുമന്ന് കൊണ്ടുപോകാവുന്നതെല്ലാം കൊണ്ടുപോകാൻ അനുമതി നൽകി. എന്നിട്ട് അവർ അഹംഭാവത്തോടെയും പൊങ്ങച്ചത്തോടെയും പെരുമാറി. നബിതിരുമേനി(സ) അവരെ ശ്രദ്ധിച്ചില്ല.

ബനൂ നദീറിലെ ചിലർ സിറിയയിൽ താമസമാക്കി. ചിലർ നേരത്തെ തന്നെ ജൂത കോട്ടകൾ ഉള്ള ഖൈബറിൽ താമസമാക്കി.

ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ്‌(റ) എഴുതുന്നു:

“വളരെ പൊങ്ങച്ചത്തോടെയും അഹംഭാവത്തോടെയും ബനൂ നദീർ തങ്ങൾക്ക് എടുക്കാവുന്ന എല്ലാ വസ്തുക്കളും എടുത്ത് മദീനയിൽ നിന്ന് പുറപ്പെട്ടു. അവർ തങ്ങളുടെ വീടുകൾ പോലും പൊളിച്ച് വീടിന്‍റെ വാതിലുകളും കട്ടിളകളും മറ്റു സകല വസ്തുക്കളും എടുത്തുകൊണ്ട് പോയി. അവർ മദീന വിട്ടു പോകുമ്പോൾ എത്രത്തോളം സന്തോഷത്തോടെയാണ് പോയത് എന്നാൽ അവർ ഒരു വിവാഹ ഘോഷയാത്രയിലെന്നപോലെ  പാടുകയും തങ്ങളുടെ വാദ്യോപകരണങ്ങൾ വായിക്കുകയും ചെയ്തുകൊണ്ടാണ് നീങ്ങിയത്. അവരുടെ യുദ്ധോപകരണങ്ങളും തോട്ടങ്ങൾ പോലെയുള്ള സ്ഥാവര സ്വത്തുക്കളും മുസ്‌ലിങ്ങളുടെ അധീനതയിൽ വന്നു ചേർന്നു. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് സൈനീക ആക്രമണങ്ങൾ ഏതുമില്ലാതെ വന്നു ചേർന്ന യുദ്ധമുതൽ വിതരണം ചെയ്യാനുള്ള 

പൂർണ അധികാരം നബിതിരുമേനി(സ)ക്ക് ആയിരുന്നു. ആരംഭ കാലത്തുള്ള സാഹോദര്യ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ അൻസാറുകളുടെ വരുമാനത്തിൽ കഴിയുന്ന ദരിദ്രരായ മുഹാജിറുകള്‍ക്കിടയില്‍ ഈ സമ്പത്ത് വിതരണം ചെയ്തു.

ബനൂ നദീര്‍ മദീന വിടുന്ന സമയത്ത്  അൻസാറുകൾ ബനൂ നദീറിലെ ചിലരെ തടയാൻ ശ്രമിച്ചു. എന്തെന്നാൽ അവർ യഥാർത്ഥത്തിൽ അൻസാറുകളുടെ സന്തതികൾ തന്നെയായിരുന്നു. അൻസാറുകൾ അവരോട് ചെയ്ത ഉടമ്പടി കാരണം ജൂതരായി മാറിയവർ ആയിരുന്നു അവർ. ബനൂ നദീർ അവരെ തങ്ങളോടൊപ്പം കൊണ്ടുപോകാൻ ആഗ്രഹിച്ചിരുന്നു.എന്നാൽ അൻസാറുകളുടെ ഈ ആവശ്യം “മതത്തിൽ യാതൊരു ബലാൽക്കാരവുമില്ല” എന്ന ഖുർആനിക അധ്യാപനത്തിന് എതിരായിരുന്നു. അതിനാൽ മുസ്‌ലിങ്ങൾ മുന്നോട്ട് വെച്ച ഈ പ്രശ്നത്തിൽ നബിതിരുമേനി(സ) ജൂതർക്ക് അനുകൂലമായി വിധി പറയുകയുണ്ടായി. അൻസാറുകൾ ബനൂ നദീറിലെ ചിലരെ തടയാൻ ശ്രമിച്ചു. എന്തെന്നാൽ അവർ യഥാർത്ഥത്തിൽ അൻസാറുകളുടെ സന്തതികൾ തന്നെയായിരുന്നു. അൻസാറുകൾ അവരോട് ചെയ്ത ഉടമ്പടി കാരണം ജൂതരായി മാറിയവർ ആയിരുന്നു അവർ. ബനൂ നദീർ അവരെ തങ്ങളോടൊപ്പം കൊണ്ടുപോകാൻ ആഗ്രഹിച്ചിരുന്നു.എന്നാൽ അൻസാറുകളുടെ ഈ ആവശ്യം “മതത്തിൽ യാതൊരു ബലാൽക്കാരവുമില്ല” എന്ന ഖുർആനിക അധ്യാപനത്തിന് എതിരായിരുന്നു. അതിനാൽ മുസ്‌ലിങ്ങൾ മുന്നോട്ട് വെച്ച ഈ പ്രശ്നത്തിൽ നബിതിരുമേനി(സ) ജൂതർക്ക് അനുകൂലമായി വിധി പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘ജൂതനായിരിക്കെ ഇവിടം വിടാൻ ആഗ്രഹിക്കുന്ന ഒരാളെയും തയടയാൻ നമുക്കാവില്ല.’ എന്നാൽ ബനൂ നദീറിലെ രണ്ടു പേർ ഇസ്‌ലാം സ്വീകരിക്കുകയും മുസ്‌ലിങ്ങളോടൊപ്പം മദീനയിൽ തങ്ങുകയും ചെയ്തു.

ചില നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ബനൂ നദീറിനോട് നബിതിരുമേനി(സ) സിറിയയിലേക്ക് പോകാൻ നിർദേശിച്ചു. അതായത് അവർ അറേബിയയിൽ താമസിക്കരുത് എന്ന്. എന്നാൽ അവരുടെ ചില നേതാക്കൻമാരായ സലാം ബിൻ അബിൽ ഹുഖൈഖ്, കിനാന ബിൻ റബീഅ, ഹുയയ് ബിൻ അഖ്ത്തബ് എന്നിവരും അവരുടെ ചില കൂട്ടാളികളും ഹിജാസിന്‍റെ വടക്ക് ഭാഗത്ത് പേരുകേട്ട ജൂതഗ്രാമമായ ഖൈബറിലേക്ക് കുടിയേറി. ഖൈബറിലെ ജനങ്ങൾ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു ഇവരാകട്ടെ പിന്നീട് ഇതേ ആളുകൾ അപകടകരമായ രീതിയിൽ ഉപജാപങ്ങൾ മെനയുകയും യുദ്ധാഗ്നി ആളിക്കത്തിക്കുന്നവരായി മാറി.” [4]

ബനൂ നദീറിൽ നിന്നും ലഭിച്ച യുദ്ധമുതൽ ഫൈ എന്ന ഗണത്തിൽ ആണ് ഉൾപ്പെടുക. അതായത് കാഫിറുകളുടെ കയ്യിൽ നിന്നും സൈനീക ആക്രമണങ്ങൾ ഇല്ലാതെ ലഭ്യമാകുന്ന സ്വത്തും സമ്പത്തും ഫൈ എന്ന് പറയപ്പെടുന്നു. ഇതിന്‍റെ പൂർണ അധികാരം നബിതിരുമേനി(സ)ക്ക് ആണ്. അദ്ദേഹം ബനൂ നദീറിൽ നിന്ന് ലഭിച്ച എല്ലാ സമ്പത്തും മുസ്‌ലിംകൾക്കിടയിൽ വിതരണം ചെയ്‌തു. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:

“അല്ലാഹു അവരിൽ നിന്ന് തന്റെ ദൂതന് എന്ത് മുതലുകൾ നൽകിയോ, അതിനായി നിങ്ങൾ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിച്ചിട്ടില്ല. പക്ഷെ അല്ലാഹു തന്റെ ദൂതൻമാരെ താനുദ്ദേശിക്കുന്നവരുടെമേൽ അധികാരികളാക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും പൂർണമായും കഴിവുള്ളവനാകുന്നു.” [5]

നബിതിരുമേനി(സ) എല്ലാ അൻസാർ സഹാബികളോടും തന്‍റെ മുന്നിൽ വരാൻ പറയുകയും ഈ സമ്പത്ത് മുഹാജിറുകളുടെയും അൻസാറുകളുടെയും ഇടയിൽ വിതരണം ചെയ്യണോ- ഇപ്രകാരം വിതരണം ചെയ്താൽ മുഹാജിറുകൾക്ക് വീണ്ടും തങ്ങളുടെ ആവശ്യങ്ങൾക്കായി അൻസാറുകളെ തന്നെ ആശ്രയിക്കേണ്ടി വരും.- അതോ ഈ സമ്പത്ത് മുഹാജിറുകൾക്ക് മാത്രമായി വിതരണം ചെയ്യണോ – ഇപ്രകാരം മുഹാജിറുകൾക്ക് സ്വയംപര്യാപ്തരാകാൻ കഴിയും- എന്ന കാര്യത്തിൽ അഭിപ്രായം ആരാഞ്ഞു. അൻസാറുകൾ വലിയ സ്നേഹത്തോടെയും വിശ്വസ്തതയോടെയും ഇപ്രകാരം പറഞ്ഞു, സമ്പത്ത് മുഴുവനും മുഹാജിറുകൾക്ക് തന്നെ നൽകുക, ഞങ്ങൾ അവരെ സഹായിക്കുന്നത് തുടരുന്നതുമാണ്. ‘ബനൂ നദീർ സൈനീക നീക്കത്തിന്‍റെ വിവരണങ്ങൾ ഇവിടെ പൂർണമാകുന്നു.

കുറിപ്പുകള്‍

[1] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 382 

[2] വിശുദ്ധ ഖുര്‍ആന്‍ 59:6

[3] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 382-384

[4] സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 384 – 385

[5] വിശുദ്ധ ഖുര്‍ആന്‍ 59:7

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed