സെപ്റ്റംബര്‍11, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)സെപ്റ്റംബര്‍ 6, 2024 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ് ശാഹിദ്
അഹ്‌സാബ് യുദ്ധം എന്ന് അറിയപ്പെടുന്ന ഖന്ദഖ് യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ് പറഞ്ഞു:
ഈ യുദ്ധം നടന്നത് ഹിജ്റ 5, അല്ലെങ്കിൽ 627 AD ഫെബ്രുവരി/മാർച്ച് മാസങ്ങളിലാണ്. വിശുദ്ധ ഖുർആനിൽ അഹ്സാബ് യുദ്ധത്തെ കുറിച്ച് ഇപ്രകാരം പരാമർശിച്ചിട്ടുണ്ട്.
“വിശ്വസിച്ചവരേ, നിങ്ങൾക്ക് അല്ലാഹു ചെയ്‌തു തന്ന അനുഗ്രഹം സ്മരിക്കൂ; നിങ്ങളുടെ നേരെ ചില സൈന്യങ്ങൾ വന്ന സന്ദർഭത്തിൽ. അപ്പോൾ, അവർക്കെതിരെ ഒരു കാറ്റും നിങ്ങൾ കാണാത്ത ചില സൈന്യങ്ങളും നാം അയച്ചു. നിങ്ങൾ പ്രവർത്തിക്കുന്നത് അല്ലാഹു നല്ലവണ്ണം നോക്കിക്കാണുന്നവനാകുന്നു.
അവർ [ശത്രുസൈന്യം] നിങ്ങളുടെ മുകൾഭാഗത്ത് [കുന്നിൻപ്രദേശത്ത്] നിന്നും നിങ്ങളുടെ താഴ്‌ഭാഗത്ത് [താഴ്ന്ന പ്രദേശത്ത്] നിന്നും നിങ്ങളുടെ നേരെ വന്നുകൊണ്ടിരുന്നപ്പോൾ, ദൃഷ്‌ടികൾ പതറുകയും ഹൃദയങ്ങൾ കണ്ഠനാളങ്ങളിൽ കുതിച്ചെത്തുകയും അല്ലാഹുവിനെക്കുറിച്ച് പല ഭാവനകളും നിങ്ങൾ ഭാവിക്കുകയും ചെയ്ത സന്ദർഭത്തിൽ!
അവിടെ [ആ സമയത്ത്] സത്യവിശ്വാസികൾ പരീക്ഷിക്കപ്പെടുകയും ശക്തമായി വിറപ്പിക്കപ്പെടുകയും ചെയ്തു.
അല്ലാഹുവും അവന്‍റെ ദൂതനും വഞ്ചിക്കാൻവേണ്ടി മാത്രമാണ് നമ്മോടു വാഗ്ദാനം ചെയ്‌തതെന്ന് കപടവിശ്വാസികളും തങ്ങളുടെ ഹൃദയങ്ങളിൽ രോഗമുള്ളവരും പറയുകയായിരുന്ന സന്ദർഭം [സ്മരിക്കുക].
“യസ്‌രിബ് [മദീനാ] കാരേ, നിങ്ങൾക്ക് നിലനില്പില്ല. അതുകൊണ്ട് നിങ്ങൾ തിരിച്ചുപോകുകയെന്ന് അവരിലൊരു കുട്ടർ പറഞ്ഞ സന്ദർഭവും [സ്‌മരിക്കുക). ‘ഞങ്ങളുടെ വീടുകൾ അരക്ഷിതാവസ്‌ഥയിലാണെ’ന്ന് പറഞ്ഞ് അവരിൽനിന്നുള്ള ഒരു സംഘം നബിയോട് സമ്മതം ചോദിക്കുകയുമായിരുന്നു. വാസ്തവത്തിൽ അവരുടെ വീടുകൾ അരക്ഷിതാവസ്‌ഥയിലായിരുന്നില്ല അവർ ഓടിപ്പോകാൻ മാത്രമേ ഉദ്ദേശിക്കുന്നുണ്ടായിരുന്നുള്ളൂ.
മദീനായുടെ പല ഭാഗങ്ങളിൽക്കൂടിയും ശത്രുക്കൾ അവരുടെമേൽ പ്രവേശിക്കുകയും എന്നിട്ട്, അവരോട് [മുസ്‌ലിംകൾക്ക്] എതിരിൽ കുഴപ്പമുണ്ടാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിൽ അവരത് ചെയ്യുമായിരുന്നു. [അതിനുശേഷം) കുറച്ചു മാത്രമേ അവർ അവിടെ [അവരുടെ വസതികളിൽ] താമസിക്കുമായിരുന്നുള്ളൂ. തങ്ങൾ[യുദ്ധത്തിൽനിന്ന്] ഒരിക്കലും പിന്തിരിഞ്ഞോടുകയില്ലെന്ന് ഇതിനുമുമ്പേ അല്ലാഹുവിനോട് അവർ [കപടവിശ്വാസികൾ] കരാർ ചെയ്തിരുന്നു. അല്ലാഹുവിനോടുള്ള കരാർ ചോദ്യംചെയ്യപ്പെടുന്നതു തന്നെയാണ്.
പറയുക, “മരണത്തേയോ വധത്തേയോ ഭയന്ന് നിങ്ങൾ ഓടിപ്പോകുന്നപക്ഷം ആ ഓട്ടം നിങ്ങൾക്ക് ഒരു പ്രയോജനവും ചെയ്യുകയില്ല. അങ്ങനെ ഓടിപ്പോവുകയാണെങ്കിൽ നിങ്ങൾ വളരെ കുറച്ചുമാത്രമേ ജീവിതസുഖമനുഭവിക്കുകയുള്ളൂ.’
പറയുക, ‘അല്ലാഹു നിങ്ങൾക്ക് ദോഷം വല്ലതും ഉദ്ദേശിക്കുന്നപക്ഷം അതിൽ നിന്ന് നിങ്ങളെ രക്ഷിക്കാനാരുണ്ട്? അല്ലെങ്കിൽ അവൻ നിങ്ങൾക്ക് കാരുണ്യം വല്ലതും ഉദ്ദേശിക്കുന്നപക്ഷം [അത് തടയാനാരുണ്ട്]. അല്ലാഹുവിന് പുറമെ ഒരു രക്ഷാധികാരിയേയോ ഒരു സഹായകനേയോ അവർ കണ്ടെത്തുകയില്ല.
നിങ്ങളിൽനിന്ന് (മറ്റുള്ളവരെ) പിന്തിരിപ്പിക്കുന്നവരേയും നിങ്ങളുടെ സഹോദരങ്ങളോട് (യുദ്ധത്തിന് പോകാതെ) ഞങ്ങളുടെ അടുക്കലേക്ക് വരിക എന്നു പറയുന്നവരേയും അല്ലാഹുവിന്നറിയാം. വളരെ കുറഞ്ഞപേർ മാത്രമേ യുദ്ധത്തിന് വരുന്നവരായിട്ടുള്ളൂ”.
നിങ്ങളുടെ കാര്യത്തിൽ ലുബ്‌ധ് കാണിക്കുന്നവരാണവർ [നിങ്ങൾക്ക് ഗുണമുണ്ടാകണമെന്ന് അവർ ഒരിക്കലും ആഗ്രഹിക്കുകയില്ല.) എന്നാൽ, ഭയാവസ്ഥ നേരിട്ടാൽ മരണമൂർഛയിൽപെട്ടവനെപ്പോലെ അവരുടെ കണ്ണുകൾ വട്ടം കറങ്ങിക്കൊണ്ട് നിന്‍റെ നേരെ അവർ നോക്കുന്നതായി നീ അവരെ കാണും. പിന്നീട്, ഭയം നീങ്ങിയാൽ ധനത്തിൽ അത്യാർത്തിയുള്ളവരായി മൂർച്ചയുള്ള നാവുകൾകൊണ്ട് അവർ നിങ്ങളെ കുത്തിപ്പറയും. അക്കൂട്ടർ വിശ്വസിച്ചിട്ടില്ല. തന്നിമിത്തം അവരുടെ കർമങ്ങളെ അല്ലാഹു നിഷ്ഫലമാക്കിയിരിക്കുന്നു. അല്ലാഹുവിന് അതെളുപ്പമാണ്.
ആ സഖ്യകക്ഷികൾ [ശത്രുസൈന്യങ്ങൾ] പോയിട്ടില്ലെന്ന് അവർ വിചാരിക്കുന്നു. ഇനി, ആ സഖ്യകക്ഷികൾ വീണ്ടും വരുന്നതായാൽ ബദവികൾക്കിടയിൽ മരുഭൂമിയിൽപോയി താമസിക്കുന്നവരാകാൻ അവർ ആഗ്രഹിക്കും. എന്നിട്ട്, അവർ [അവിടെ വെച്ച്] നിങ്ങളുടെ വിവരങ്ങളന്വേഷിക്കും. അവർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടായാൽ തന്നെ അല്പം മാത്രമേ അവർ യുദ്ധം ചെയ്യുമായിരുന്നുള്ളൂ. നിങ്ങൾക്ക് അല്ലാഹുവിന്‍റെ ദൂതനിൽ തീർച്ചയായും ഒരു ഉത്തമമാതൃകയുണ്ട്. അതായത് അല്ലാഹുവിനേയും അന്ത്യനാളിനേയും ഭയപ്പെടുകയും അല്ലാഹുവിനെ അധികമായി സ്‌മരിക്കുകയും ചെയ്യുന്നവർക്ക്.
സത്യവിശ്വാസികൾ ഐക്യകക്ഷികളെ (ശത്രുസൈന്യങ്ങളെ] കണ്ടപ്പോൾ പറഞ്ഞു: ‘ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്‌തതാണ്. അല്ലാഹുവും അവന്‍റെ ദൂതനും സത്യം പറഞ്ഞിരി ക്കുന്നു.’ അത് [ആ സംഭവം] അവർക്ക് വിശ്വാസവും അനുസരണബോധവും വർധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.
അല്ലാഹുവുമായി ചെയ്‌ത കരാർ പാലിച്ച ചിലയാളുകൾ ആ സത്യവിശ്വാസികളിലുണ്ട്. അങ്ങനെ, [ജീവനർപിച്ച്] അവരിൽ ചിലർ തങ്ങളുടെ പ്രതിജ്‌ഞ പൂർത്തിയാക്കിയിരിക്കുന്നു. അവരിൽ [മറ്റ്] ചിലർ [അതിനായി] അവസരം പാർത്തിരിക്കുകയുമാണ്. അവർ [തങ്ങളുടെ നിലപാടിൽ] ഒരു മാറ്റവും വരുത്തിയിട്ടുമില്ല.
അല്ലാഹു സത്യസന്ധൻമാർക്ക് അവരുടെ സത്യതയ്ക്കുള്ള പ്രതിഫലം നൽകുന്നതിനും കപടവിശ്വാസികളെ അവനുദ്ദേശിക്കുന്നപക്ഷം ശിക്ഷിക്കുകയോ, അല്ലെങ്കിൽ അവരുടെ നേരെ കാരുണ്യത്തോടെ തിരിയുകയോ ചെയ്യുന്നതിനും വേണ്ടിയാണിത്. തീർച്ചയായും അല്ലാഹു സർവഥാ പൊറുക്കുന്നവനും കരുണാമയനുമാകുന്നു.
വിശ്വസിക്കാത്തവരെ അവരുടെ കോപത്തോടുകൂടിത്തന്നെ അല്ലാഹു തിരിച്ചയച്ചു. അവർ ഒരു ഗുണവും നേടിയില്ല. യുദ്ധത്തിൽ, വിശ്വാസികൾക്ക് അല്ലാഹു മതിയായവനാണ്. അല്ലാഹു ശക്തനും പ്രതാപവാനുമാകുന്നു. [1]
അറബ് യുദ്ധത്തിന്‍റെ പൊതുവായ തന്ത്രങ്ങൾക്ക് വ്യത്യസ്തമായി ആദ്യമായി മുസ്‌ലീങ്ങൾ ഒരു കിടങ്ങ് കുഴിച്ച് പ്രതിരോധ യുദ്ധം നടത്തിയതിനാലാണ് ഈ യുദ്ധം ഖന്ദഖ് യുദ്ധം അഥവാ കിടങ്ങ് യുദ്ധം എന്ന് അറിയപ്പെടുന്നത്. മുസ്‌ലീങ്ങൾക്കെതിരെ പോരാടാൻ വിവിധ ഗോത്രങ്ങളും സംഘങ്ങളും ഒരുമിച്ച് ചേർന്നതിനാൽ വിശുദ്ധ ഖുർആനിൽ പരാമർശിച്ച ‘ അഹ്സാബ് യുദ്ധം’ എന്നും ഈ യുദ്ധം അറിയപ്പെടുന്നു.
ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാൻ എതിരാളികൾ ഒരു സേനയിൽ ഒരുമിക്കുന്നു
ഖലീഫ തിരുമനസ്സ് പറയുന്നു, റബീഉൽ അവ്വൽ 4 ഹിജ്റയിൽ, ബനൂ നദീർ അവരുടെ വഞ്ചന, കലാപം, തിരുനബിയെ വധിക്കാനുള്ള ഗൂഢാലോചന എന്നിവയുടെ പേരിൽ മദീനയിൽ നിന്ന് പുറത്താക്കപ്പെട്ടു. നാട്ടിൽ നിന്ന് പുറത്താക്കൽ അവർക്ക് ഏറ്റവും ലഘുവായ ശിക്ഷയായിരുന്നു, അതിനാൽ അവർ ഖൈബറിൽ താമസമാക്കി. വെറും നാല് മാസം കൊണ്ട് മുസ്‌ലീങ്ങളെ പൂർണ്ണമായും ഉന്മൂലനം ചെയ്യാനുള്ള പദ്ധതി ജൂതന്മാർ ആവിഷ്കരിച്ചു. അതിനാൽ, ജൂതന്മാരുടെ അബൂജഹൽ എന്നറിയപ്പെടുന്ന ബനൂ നദീറിന്‍റെ തലവൻ ഹുയയ്യ് ബിൻ അഖ്തബ് മറ്റ് ചില നേതാക്കൾക്കൊപ്പം ഖുറൈശികളുടെ അടുത്ത് ചെന്ന് മുസ്‌ലിംങ്ങൾക്കെതിരെ അവർക്ക് പിന്തുണ അറിയിക്കുകയും ഒരു ഉടമ്പടി രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അബു സുഫ്‌യാൻ അവരെ സ്വാഗതം ചെയ്തു. പ്രവാചകൻ മുഹമ്മദിനെ എതിർക്കാൻ ആഗ്രഹിക്കുന്നവരേക്കാൾ പ്രിയപ്പെട്ടവർ മറ്റാരുമില്ലെന്ന് പറയുകയും ചെയ്തു. മുസ്‌ലിംങ്ങളെ നശിപ്പിക്കുന്നതിന് വേണ്ടി പരസ്പരം പിന്തുണക്കുന്നതാണെന്ന് അവരെല്ലാം ശപഥം ചെയ്തു.
മുസ്‌ലീങ്ങളെ ക്രൂരമായി ഉന്മൂലനം ചെയ്യാനുള്ള ഒരു പദ്ധതി തയ്യാറാക്കിയതിന് ശേഷം, ബനൂ നദീറിന്‍റെ നേതൃത്വം ഇസ്‌ലാമിനെ എതിർക്കുകയും മുമ്പ് മുസ്‌ലീങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത മറ്റ് അറേബ്യൻ ഗോത്രങ്ങളുടെ അടുക്കലേക്ക് പോയി.
ഈ സംഭവത്തെ കുറിച്ച് ഹദ്റത്ത് മിർസാ ബഷീർ അഹ്‌മദ് സാഹിബ്(റ) എഴുതുന്നു:
“മക്കയിലെ ഖുറൈശികളും ഗത്ഫാൻ, സുലൈം എന്നറിയപ്പെടുന്ന നജ്ദിലെ ഗോത്രങ്ങളും നേരത്തെ തന്നെ മുസ്‌ലീങ്ങളെ വധിക്കുവാൻ ആഗ്രഹിക്കുകയും മദീനയെ ആക്രമിക്കാൻ എപ്പോഴും തന്ത്രങ്ങൾ മെനയുകയും ചെയ്തിരുന്നെങ്കിലും, ഇതുവരെ ഒരു മേഖലയിലും തങ്ങളുടെ സൈന്യത്തെ വിന്യസിച്ചിരുന്നില്ല. യഹൂദ ഗോത്രമായിരുന്ന ബനൂ നദീറിലെ ജനങ്ങൾ അവരുടെ വഞ്ചനയും രാജ്യദ്രോഹവും കാരണം മദീനയിൽ നിന്ന് നാടുകടത്തപ്പെട്ടപ്പോൾ, അവരുടെ പ്രമാണിമാർ പ്രവാചകന്‍റെ ഔദാര്യങ്ങളെയെല്ലാം മറന്നു കൊണ്ട് ഇസ്‌ലാമിനെ തുടച്ചുനീക്കാനുള്ള ശ്രമത്തിൽ അറേബ്യയിലെ മുഴുവൻ ചിതറിപ്പോയ സൈന്യങ്ങളെയും ഒരുമിച്ച് കൂട്ടാൻ നിർദേശം നൽകി. യഹൂദ ജനത വളരെ തന്ത്രശാലികളും കൗശലക്കാരും ആയതിനാൽ, അത്തരം ഗൂഢാലോചനകൾ പ്രാവർത്തികമാക്കുന്നതിൽ വലിയ വൈദഗ്ധ്യം ഉണ്ടായിരുന്നു. അവരുടെ ഈ രാജ്യദ്രോഹ ശ്രമങ്ങൾ വിജയിക്കുകയും ചെയ്തു. അറേബ്യയിലെ ഗോത്രങ്ങൾ മുസ്‌ലിംങ്ങൾക്കെതിരെ ഒറ്റക്കെട്ടായി യുദ്ധരംഗത്തിറങ്ങി. യഹൂദ മേധാവികളിൽ സലാം ബിൻ അബിൽ-ഹുഖൈഖ്, ഹുയയ്യ് ബിൻ അഖ്തബ്, കിനാന ബിൻ അർ-റബി എന്നിവർ ഈ കലാപത്തിന്‍റെ പ്രഥമ ഉത്തരവാദികൾ ആണ്. ഈ പദ്ധതി നടപ്പിൽ വരുന്നതിനായി അവരുടെ പുതിയ ദേശമായ ഖൈബറിൽ നിന്ന് പുറപ്പെട്ട് ഹിജാസ്, നജ്ദ് ഗോത്രങ്ങളിൽ പര്യടനം നടത്തി, എന്നാൽ ഏറ്റവും ആദ്യം അവർ മക്കയിലെത്തി ഖുറൈശികളെ തങ്ങളുടെ ഉദ്യമത്തിന് വേണ്ടി കൂടെ കൂട്ടി. ഖുറൈശികളെ പ്രീതിപ്പെടുത്താൻ, അവരുടെ മതം (ബഹുദൈവാരാധനയും വിഗ്രഹാരാധനയും) മുസ്‌ലീങ്ങളുടെ മതത്തേക്കാൾ മികച്ചതാണെന്ന് പോലും അവർ പറഞ്ഞു. തുടർന്ന്, അവർ നജ്ദിലേക്ക് യാത്ര ചെയ്യുകയും ഗത്ഫാൻ ഗോത്രവുമായി സഖ്യമുണ്ടാക്കുകയും ഈ ഗോത്രത്തിന്‍റെ ശാഖകളായ ഫസാറ, മുർറ, അശ്ജ എന്നിവരെയും അവരോടൊപ്പം പുറപ്പെടാൻ തയ്യാറാക്കുകയും ചെയ്തു. ഇതിനുശേഷം ഖുറൈശികളുടെയും ഗത്ഫാന്‍റെയും പ്രേരണയെത്തുടർന്ന് ബനൂ സുലൈമിന്‍റെയും ബനൂ അസദിന്‍റെയും ഗോത്രങ്ങളും ഇസ്‌ലാമിനെ എതിർക്കുന്ന ഈ സംഘത്തിൽ ചേർന്നു. ഇതോടൊപ്പം, ജൂതന്മാർ തങ്ങളുടെ സഖ്യകക്ഷിയായ ബനൂ സഅദിനെ അറിയിക്കുകയും തങ്ങളെ സഹായിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ ശക്തമായ സഖ്യത്തിന് പുറമേ, ഖുറൈശികൾ ചുറ്റുമുള്ള ഗോത്രങ്ങളിൽ നിന്ന് തങ്ങൾക്ക് വിധേയരായ നിരവധി ആളുകളെ കൊണ്ടുവന്നു. ഒടുവിൽ, സമ്പൂർണ തയ്യാറെടുപ്പിനുശേഷം, മുസ്‌ലീങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെ മഹാപ്രളയത്തെ പോലെ അറേബ്യൻ മരുഭൂമിയിലെ ഈ രക്തദാഹികളായ മൃഗങ്ങൾ മദീനയിലേക്ക് ഒഴുകി. മുസ്‌ലിംങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുന്നത് വരെ മടങ്ങിവരില്ലെന്ന് അവർ തീരുമാനിച്ചു.” [2]
ഇരു സൈന്യങ്ങളുടെയും അംഗബലം
ഖുറൈശികളുടെ സൈന്യം അബു സുഫ്‌യാന്‍റെ നേതൃത്വത്തിൽ 4,000 സൈനികരുമായി പുറപ്പെട്ടു. ഖാലിദ് ബിൻ വലീദിന് സവാരികളുടെ മേൽനോട്ടം നൽകുകയും ഉസ്മാൻ ബിൻ ത്വൽഹയെ അവരുടെ പതാകവാഹകനാക്കുയയും ചെയ്തു. ബനൂ സുലൈമിൽ നിന്ന് 700 പേർ, ബനൂ ഫസാറയിലെ 1,000 പേർ, ബനൂ അഷ്ജയിൽ നിന്ന് 400 പേർ, ബനൂ മുറയിൽ നിന്ന് 400 പേർ, ബനൂ ഗത്ഫാനിൽ നിന്ന് വാഗ്ദാനം ചെയ്ത 6,000 സൈനികർ, സൈന്യത്തിന് പിറകെ സഞ്ചരിച്ച 2,000 ജൂത സൈനികർ എന്നിവർ അവരോടൊപ്പം ചേർന്നു. അതുപോലെ, ഈ സൈന്യത്തിന്‍റെ ആകെ എണ്ണം 10,000 അല്ലെങ്കിൽ മറ്റ് റിപ്പോർട്ടുകൾ പ്രകാരം 24,000 ആണെന്ന് കണക്കാക്കപ്പെടുന്നു. അന്നുവരെ അറേബ്യയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സൈന്യമായിരുന്നു ഇത്.
രണ്ടാം ഖലീഫ ഹദ്‌റത്ത് മീർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ) അവിശ്വാസികളുടെ സംഘം ഏകദേശം 20,000 അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കും എന്നാണ് എഴുതിയിരിക്കുന്നത് ഇതിനെതിരിൽ മദീനയിലെ ജനങ്ങൾ എണ്ണത്തിൽ വളരെ കുറവും താരതമ്യേണ വളരെ ദുർബലരുമായിരുന്നു.
നബിതിരുമേനി(സ) അനുചരന്മാരിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നു
ഖലീഫാ തിരുമനസ്സ് പറയുന്നു, അവിശ്വാസികളായ സൈന്യം മുന്നേറുകയും തിരുനബി(സ)യെ ആ വിവരം അറിയിക്കുകയും ചെയ്തപ്പോൾ ഒരു കിടങ്ങ് കുഴിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. തിരുനബി(സ)ക്ക് എല്ലാ ദിശകളിൽ നിന്നും റിപ്പോർട്ടുകൾ ലഭിച്ചുകൊണ്ടിരുന്നുവെങ്കിലും അവിശ്വാസികളുടെ നീക്കങ്ങളെക്കുറിച്ച് തിരുനബി(സ)യുടെ രഹസ്യാന്വേഷണ വിഭാഗം ഇതുവരെ അറിഞ്ഞിരുന്നില്ല. അതിനാൽ, അദ്ദേഹം അനുചരന്മാരെ വിളിച്ചുകൂട്ടുകയും, മദീനയെ പ്രതിരോധിക്കാൻ മദീന വിട്ടുപോകണമോ, അതോ മദീനയിൽ തുടർന്നു കൊണ്ട് പ്രതിരോധ നടപടികൾ ചെയ്യണോ എന്ന് അവരോട് കൂടിയാലോചിച്ചു. മദീനയിൽ നിന്ന് കൊണ്ട് തന്നെ പ്രതിരോധിക്കണം എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായം പറഞ്ഞത്. എന്നാൽ ഒരു സൈന്യം വരുമ്പോൾ പേർഷ്യയിൽ പടയാളികൾക്ക് കടന്നുപോകാൻ കഴിയാത്തവിധം ഒരു കിടങ്ങ് കുഴിക്കുകയാണ് ചെയ്യാറുള്ളതെന്നും അതിനാൽ കിടങ്ങ് കുഴിക്കണമെന്നും ഹദ്‌റത്ത് സൽമാനുൽ ഫാരിസി(റ) നിർദ്ദേശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുനബി(സ) ഈ നിർദ്ദേശത്തെ അഭിനന്ദിക്കുകയും അത് നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു. കിടങ്ങ് കുഴിക്കുക എന്ന ആശയം നബി(സ)ക്കും വെളിപാടിലൂടെ അറിയിക്കപ്പെട്ടതായി ചില രേഖകളിൽ സൂചിപ്പിക്കുന്നു. കാരണം അറേബ്യൻ ജനതക്ക് അന്യമായിരുന്ന ഒരു യുദ്ധ തന്ത്ര രീതിയായിരുന്നു ഇത്.
തങ്ങൾക്ക് മുമ്പിൽ തടസ്സമൊന്നുമില്ലെന്നും മദീന ഇല്ലാതാക്കുമെന്നും ഉറച്ചു വിശ്വസിച്ചുകൊണ്ട് അവിശ്വാസികളായ സൈന്യം അഹങ്കാരത്തോടെ മുന്നേറി. എന്നിരുന്നാലും, അവർ മദീനക്ക് അടുത്തെത്തിയപ്പോൾ 5 കിലോമീറ്റർ നീളവും 8-9 അടി ആഴവും വീതിയുമുള്ള ഒരു കിടങ്ങ് അവർ കണ്ടു, അത് അവരുടെ കുതിരകൾക്ക് പോലും കടക്കാൻ കഴിയുമായിരുന്നില്ല. തൽഫലമായി അവർ പ്രകോപിതരായി. മദീന നശിപ്പിക്കുന്നത് വരെ തങ്ങൾ പിരിഞ്ഞുപോകില്ലെന്ന് പറഞ്ഞ് തങ്ങളുടെ വിഗ്രഹങ്ങളെ വെച്ച് സത്യം ചെയ്ത് കൊണ്ട് അവർ നബി(സ)ക്ക് കത്തയച്ചു. എന്നാൽ മദീനക്ക് ചുറ്റും കിടങ്ങ് കണ്ട് ഈ ആശയം എവിടെ നിന്ന് കിട്ടി എന്നതിൽ അവർ ആശ്ചര്യപ്പെട്ടു. അന്ന് യുദ്ധം നടന്നാലും ഇല്ലെങ്കിലും മദീനയെയും അവിടത്തെ നിവാസികളെയും തകർക്കുന്ന ഒരു ദിവസം വരുമെന്നായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. അതിന് മറുപടിയായി തിരുനബി (സ) അബൂ സുഫിയാന് ഇപ്രകാരം കത്തെഴുതി. മദീനയെ പൂർണ്ണമായും ഇല്ലാതാക്കാനാണ് നിങ്ങളുടെ ഉദ്ദേശത്തിന് അല്ലാഹുവിന്‍റെ കല്പന തടസ്സമായി മാറി. നിങ്ങൾ സത്യം ചെയ്തു പറഞ്ഞ ബിംബങ്ങളെ മറക്കുന്ന ഒരു കാലം വരുന്നതാണ്. കിടങ്ങ് കുഴിക്കാനുള്ള ആശയം എവിടെ നിന്ന് കിട്ടി എന്ന് നിങ്ങൾ ചോദിച്ചിരുന്നു. ഇത് അല്ലാഹു എനിക്ക് വെളിപാടിലൂടെ അറിയിച്ചു തന്നതാണ് .
ഖലീഫാ തിരുമനസ്സ് പറയുന്നു, സൽമാനുൽ ഫാരിസി(റ) കിടങ്ങ് കുഴിക്കാനുള്ള അഭിപ്രായം പറഞ്ഞിട്ടുണ്ടാകാമെങ്കിലും അല്ലാഹുവിന്‍റെ വെളിപാടനുസരിച്ചയായിരിക്കാം നബി(സ) ആ തീരുമാനം നടപ്പിൽ വരുത്തിയത്. ഈ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
പ്രാർത്ഥനകൾക്കുള്ള ആഹ്വാനം
ഈ ദിവസങ്ങളിൽ പാകിസ്ഥാനിലെ അഹ്‌മദികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. പാക്കിസ്ഥാനിലെ അഹ്‌മദികളും പ്രാർത്ഥനകളിലേക്കും ദാനധർമ്മങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കണം. സർവശക്തനായ അല്ലാഹു അവരെ കാത്തുരക്ഷിക്കട്ടെ, എതിരാളികളുടെ തിന്മയിൽ നിന്ന് അവരെ രക്ഷിക്കട്ടെ, കുഴപ്പക്കാരുടെ തിന്‍മകൾ അവരിലേക്ക് തന്നെ തിരിച്ചുവിടട്ടെ. ഖലീഫാ തിരുമനസ്സ് ലോകത്തിന്‍റെ അവസ്ഥ നന്നാവുന്നതിന് വേണ്ടിയും പ്രാർത്ഥിക്കാൻ ആഹ്വാനം നടത്തി. സർവ്വശക്തനായ അല്ലാഹു ലോകത്തെ കുഴപ്പത്തിൽ നിന്ന് സംരക്ഷിക്കട്ടെ.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുർആൻ 33: 10-26
[2] സീറത്ത് ഖാതമുന്നബിയ്യീൻ വാള്യം : 2 , പേജ് : 449- 451
0 Comments