മര്‍ദ്ദിതനെയും മര്‍ദ്ദകനെയും സഹായിക്കുക: തര്‍ക്കപരിഹാരവുമായി ബന്ധപ്പെട്ട ഇസ്‌ലാമികാധ്യാപനങ്ങള്‍

അക്രമത്തെ പിന്തുണക്കുന്നതിന് വേണ്ടി മാത്രമാണ് വീറ്റോ അധികാരം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഈ അധികാരം നിലനില്‍ക്കെ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ ഒരിക്കലും സാധ്യമല്ല.

മര്‍ദ്ദിതനെയും മര്‍ദ്ദകനെയും സഹായിക്കുക: തര്‍ക്കപരിഹാരവുമായി ബന്ധപ്പെട്ട ഇസ്‌ലാമികാധ്യാപനങ്ങള്‍

അക്രമത്തെ പിന്തുണക്കുന്നതിന് വേണ്ടി മാത്രമാണ് വീറ്റോ അധികാരം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഈ അധികാരം നിലനില്‍ക്കെ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ ഒരിക്കലും സാധ്യമല്ല.

അക്രമത്തെ പിന്തുണക്കുന്നതിന് വേണ്ടി മാത്രമാണ് വീറ്റോ അധികാരം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഈ അധികാരം നിലനില്‍ക്കെ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ ഒരിക്കലും സാധ്യമല്ല.

ഇഹ്സാന്‍ അലി, ഖാദിയാന്‍

ഏപ്രില്‍ 23, 2024

ഒറിജിനല്‍ ഇംഗ്ലീഷ് ലേഖനം ഇവിടെ വായിക്കാവുന്നതാണ്.

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഭാവിയിൽ വിനാശകരമായ യുദ്ധങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ലീഗ് ഓഫ് നേഷൻസ് സ്ഥാപിക്കപ്പെട്ടത്. അതിന്‍റെ പ്രാരംഭദശയിൽ, ജർമനി റഷ്യ തുടങ്ങിയ വൻശക്തികൾ പ്രസ്തുത സംഘടനയിൽ ചേരാൻ ശ്രമിക്കുന്ന സമയത്ത്, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ അന്നത്തെ ആഗോള നേതാവും രണ്ടാം ഖലീഫയുമായിരുന്ന ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ്‌ അഹ്‌മദ്‌(റ) ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് അനിവാര്യമായ ചില തത്ത്വങ്ങൾ വിശദീകരിക്കുകയുണ്ടായി. ഇവയെ അവഗണിക്കുകയാണെങ്കിൽ തീര്‍ച്ചയായും ലീഗ് ഓഫ് നേഷൻസ് തകർന്നു പോകുന്നതാണെന്ന് അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചു.

താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം തന്‍റെ നിരീക്ഷണങ്ങൾ മുന്നോട്ട് വെച്ചത്.

വിശ്വാസികളില്‍ പെട്ട രണ്ടു വിഭാഗങ്ങൾ തമ്മിൽ യുദ്ധത്തിലേര്‍പ്പെട്ടാൽ നിങ്ങൾ അവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുക. രഞ്ജിപിന് ശേഷം അവരിൽ ഒരാൾ മറ്റൊരാളോട് അതിക്രമം കാണിച്ചാൽ അല്ലാഹുവിന്‍റെ കൽപ്പനയിലേക്ക് മടങ്ങുന്നത് വരെ അതിക്രമം കാണിക്കുന്ന കക്ഷിയോട് യുദ്ധം ചെയ്യുക. അങ്ങനെ അവർ മടങ്ങിയാൽ അവർക്കിടയിൽ നീതിപൂർവ്വം സമാധാനം സ്ഥാപിക്കുകയും നീതിപൂർവ്വം പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നീതിമാനെ ഇഷ്ടപ്പെടുന്നു.[1]

ഈ വചനത്തിന്‍റെ വെളിച്ചത്തിൽ മിർസാ ബശീറുദ്ദീൻ മഹ്‌മൂദ്‌ അഹ്‌മദ്‌(റ) രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനും ലോകത്തിന്‍റെ സമാധാനം നിലനിർത്തുന്നതിനും അനിവാര്യമായ അഞ്ച് തത്ത്വങ്ങൾ മുന്നോട്ടുവച്ചു.

1. രണ്ടോ അതിലധികമോ രാജ്യങ്ങൾ പരസ്പരം കലഹിക്കുകയാണെങ്കിൽ മറ്റു രാജ്യങ്ങൾ ഇടപെടുകയും അവരുടെ തർക്കം മധ്യസ്ഥ ചര്‍ചക്ക് സമർപിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്.

2. അവരിൽ ആരെങ്കിലും യുദ്ധം തുടങ്ങിയാൽ, ആക്രമണകാരിയെ ചെറുക്കാൻ മറ്റെല്ലാ രാജ്യങ്ങളും ഒന്നിക്കണം.

3. അക്രമം അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞാല്‍ എല്ലാ രാജ്യങ്ങളും ചേര്‍ന്ന് സമാധാന വ്യവസ്ഥകൾ തീരുമാനിക്കണം. ഈ വ്യവസ്ഥകളിൽ പ്രതികാരത്തിന്‍റെയോ ശിക്ഷയുടെയോ ഒരു ഘടകവും ഉണ്ടാകരുത്.

4. തർക്കവിഷയം ന്യായമായ രീതിയില്‍ പരിഹരിക്കപ്പെടണം. ആക്രമണകാരിയായ രാഷ്ട്രത്തിന്‍റെ ഭാഗത്ത് ന്യായമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ അവർ ചെയ്ത ആക്രമണത്തിന്‍റെ പേരിൽ അവരുടെ അവകാശങ്ങൾ നിഷേധിക്കരുത്.

5. മധ്യസ്ഥത വഹിക്കുന്ന രാഷ്ട്രങ്ങള്‍ പക്ഷപാതരഹിതമായും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കതീതമായും തികച്ചും നിഷ്പകഷമായി മധ്യസ്ഥത വഹിക്കേണ്ടതാണ്‌.[2]

എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന് തന്നെ വിവിധ രാജ്യങ്ങളെ ആശ്രയിക്കുന്ന ഒരു സംഘടനക്ക് ഈ തത്ത്വങ്ങൾ പാലിക്കുന്നത് അസാധ്യമാണെന്ന് അഹ്‌മദിയ്യാ ഖലീഫ വ്യക്തമാക്കി.[3] എന്തായാലും, അദ്ദേഹം പ്രവചിച്ചതുപോലെ തന്നെ  ലീഗ് ഓഫ് നേഷൻസ് പരാജയപ്പെടുകയും, ലോകം മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്തു.

ഇന്ന് ചരിത്രം ആവർത്തിക്കുന്നതായി നമുക്ക് കാണാം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സ്ഥാപിതമായ ഐക്യരാഷ്ട്രസഭക്ക് മറ്റൊരു ലോകമഹായുദ്ധത്തെ തടയുക എന്ന ദൗത്യം ഏൽപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഖേദകരമെന്നു പറയട്ടെ, യു.എൻ അതിന്‍റെ മുൻഗാമിയുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് അഹ്‌മദിയ്യാ ഖലീഫ അവതരിപ്പിച്ച സമാധാന തത്ത്വങ്ങൾ ഇന്നും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ഇപ്പോഴത്തെയും അഞ്ചാമത്തെയും ഖലീഫയായ ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) വരാനിരിക്കുന്ന മറ്റൊരു ആഗോള യുദ്ധത്തെക്കുറിച്ച് ലോകത്തിന് പല തവണ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:

കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ട് ലോകമഹായുദ്ധങ്ങൾ നടന്നു. അവയ്ക്കുള്ള കാരണങ്ങള്‍ ചികഞ്ഞു നോക്കിയാല്‍ പലതും കാണുമെങ്കിലും മുഖ്യ ഹേതു ഒന്നു മാത്രമാണ്, നീതിപൂര്‍വമായിരുന്നില്ല ഒത്തുതീര്‍പ്പുകള്‍. ഇത് കാരണം അണഞ്ഞെന്നു കരുതപ്പെട്ട അഗ്നിനാളങ്ങള്‍ തീക്കനലുകളായി നിലനില്‍ക്കുകയും ഒടുവില്‍ ലോകത്തെ മുഴുവന്‍ ഗ്രസിച്ച ഒരുഗ്രന്‍ ആളിക്കത്തലായി രണ്ടാം ലോകമഹായുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു.

ഇന്നിപ്പോള്‍ അസ്വസ്ഥതകള്‍ വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. യുദ്ധങ്ങളും അവയെ ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമങ്ങളും വീണ്ടും നടക്കുന്നു. മറ്റൊരു ആഗോള യുദ്ധത്തിനുള്ള നാന്ദിയായി ഇവ തീര്‍ന്നേക്കാം. കൂടാതെ, സാമ്പത്തിക സാമൂഹ്യ പ്രശ്നങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.[4]

ഈയിടെ ഇസ്റായേലും ഇറാനും[5] തമ്മിലുള്ള സംഘർഷം രൂക്ഷമായത് കാരണം മൂന്നാം ലോക മഹായുദ്ധത്തിന്‍റെ സാധ്യതയെക്കുറിച്ചുള്ള ചർചകൾ സജീവമായ പശ്ചാത്തലത്തിലാണ് ഖലീഫാ തിരുമനസ്സ് മേല്‍പരാമര്‍ശിച്ച പ്രസ്താവന നടത്തിയതെന്ന് പലരും ചിന്തിച്ചേക്കാം. എന്നാൽ 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008ൽ ബ്രിട്ടീഷ് പാർലമെന്‍റിൽ ആഗോള പ്രതിസന്ധി തടയുന്നതിനുള്ള ഇസ്‌ലാമിക തത്ത്വങ്ങൾ വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്കിയത്.

വാസ്തവത്തിൽ  ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ലോകത്തിന്‍റെ മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ച് അദ്ദേഹം തുടർചയായി മുന്നറിയിപ്പ് നല്കി വരുന്നുണ്ട്. അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെ കെടുകാര്യസ്ഥതയെ കുറിച്ച് അദ്ദേഹം ആവർത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾക്ക് മാത്രം ലഭ്യമായ വീറ്റോ അധികാരം, സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗത്വം തുടങ്ങിയ യു.എന്നിന്‍റെ അന്യായമായ നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.[6] അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി എപ്പോഴും വീറ്റോ അധികാരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍, വീറ്റോ അധികാരം നിലനില്‍ക്കെ സമാധാനം സ്ഥാപിക്കാൻ ഒരിക്കലും സാധ്യമല്ലെന്ന് ഈയിടെ നടത്തിയ ഒരു പ്രഭാഷണത്തിൽ അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.[7]

അതുപോലെ, ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കിക്കൊണ്ട് അദ്ദേഹം നിരവധി പാർലമെന്‍റുകളെ അഭിസംബോധന ചെയ്യുകയും ലോകനേതാക്കൾക്ക് കത്തുകൾ എഴുതുകയും ചെയ്തിട്ടുണ്ട്.[8] ലോകത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽ തങ്ങളുടെ ഉത്തരവാദിത്ത്വങ്ങളെ കുറിച്ച് വൻശക്തികളെ അദ്ദേഹം ആവർത്തിച്ച് ഓർമിപ്പിക്കുകയും നീതിയോടെ പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തുവരുന്നു.

തര്‍ക്ക പരിഹാരത്തെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങൾ വിശദീകരിച്ചുകൊണ്ട് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹുല്ലാഹ്) പറയുന്നു:

“രണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ വഴക്കുണ്ടാവുകയും ഇത് ഒരു യുദ്ധത്തിലേക്ക് നയിക്കുകയുമാണെങ്കില്‍ മറ്റു ലോക ഭരണകൂടങ്ങള്‍ ഈ രാഷ്ട്രങ്ങളെ സംവാദത്തിലേക്കും ചര്‍ച്ചകളിലേക്കും നയതന്ത്രപൂര്‍വം ക്ഷണിക്കേണ്ടതാണ്. അങ്ങനെ സമവായത്തിലധിഷ്ഠിതമായ ഒരു ഒത്തുതീര്‍പ്പ് കലഹിക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലും ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതാണ്.”[9]

ഖേദകരമെന്നു പറയട്ടെ, ഈ തത്ത്വങ്ങൾ പാലിക്കേണ്ടത് എത്രത്തോളം അനിവാര്യമാണോ അത്രയും അവഗണയോടെയാണ് ലോകം ഇവയെ കാണുന്നത്. ന്യായമായ ഇടപെടലുകളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുപകരം,  വൻശക്തികൾ ചില കാര്യങ്ങളെ മാത്രം തിരഞ്ഞെടുത്ത് അപലപിക്കുകയും, അന്യായമായ ഉപരോധങ്ങൾ ഏര്‍പ്പെടുത്തുകയും, പ്രതിരോധത്തിനുള്ള അവകാശത്തെ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നു. അതുവഴി അവര്‍ ആക്രമണകാരികളായ രാഷ്ട്രങ്ങളെയും അവരുടെ അക്രമങ്ങളെയും പിന്തുണക്കുകയാണ് ചെയ്യുന്നത്.

അക്രമിയെയും അക്രമത്തിനരയായവനെയും സഹായിക്കണമെന്നുള്ള പരിശുദ്ധ പ്രവാചകൻ മുഹമ്മദ്‌(സ)യുടെ കാലാതീതമായ ഉപദേശം ഈ അവസരത്തിൽ വളരെ പ്രസക്തമാണ്‌. അക്രമത്തിനരയായവനെ സഹായിക്കേണ്ടതിന്‍റെ ആവശ്യകത മനസ്സിലായെങ്കിലും അക്രമിയെ എങ്ങനെയാണ് സഹായിക്കേണ്ടത് എന്ന് പ്രവാചകൻ(സ)യുടെ അനുചരന്മാര്‍ അദ്ദേഹത്തോട് ആരാഞ്ഞു. പ്രവാചകൻ(സ) ഇപ്രകാരം പ്രതിവചിച്ചു:

മറ്റുള്ളവര്‍ക്കെതിരിൽ അതിക്രമം പ്രവര്‍ത്തിക്കുന്നതിൽ നിന്ന് അവനെ തടയുക.[10]

മനുഷ്യ സമൂഹത്തിന്‍റെ അടിസ്ഥാന തലങ്ങൾ മുതല്‍ അന്താരാഷ്ട്ര തലം വരെ ഈ തത്ത്വം പ്രായോഗികമാണ്. സമാധാന സംസ്ഥാപനവുമായി ബന്ധപ്പെട്ട ഈ ഇസ്‌ലാമികാധ്യാപനങ്ങള്‍ പ്രാഥമികമായി മുസ്‌ലിങ്ങളെ അഭിസംബോധന ചെയ്യുന്നതാണെങ്കിലും, എല്ലാ രാജ്യങ്ങളും ഇവ പാലിച്ചാൽ ആഗോളതലത്തിൽ സമാധാനം സ്ഥാപിതമാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ലേഖകന്‍ പഞ്ചാബിലെ ജാമിഅ അഹ്‌മദിയ്യയില്‍ നിന്നും ശാഹിദ് ബിരുദധാരിയാണ്. നിലവില്‍, ജാമിഅ അഹ്‌മദിയ്യയില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.

കുറിപ്പുകള്‍

[1] വിശുദ്ധ ഖുർആൻ 49:10

[2] അഹ്‌മദിയ്യത്ത് അഥവാ യഥാർത്ഥ ഇസ്‌ലാം, പേജ്‌ 288-289

[3] അഹ്‌മദിയ്യത്ത് അഥവാ യഥാർത്ഥ ഇസ്‌ലാം, പേജ്‌ 292

[4] ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും, പേജ് 15

[5] അൽ ജസീറ 14 ഏപ്രിൽ 2024

[6] ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും, പേജ് 149

[7] 2024 യുകെ നാഷണൽ പീസ് സിംപോസിയത്തില്‍ അഹ്‌മദിയ്യാ ഖലീഫ ചെയ്ത പ്രഭാഷണത്തിൽ നിന്ന്

[8] ഈ പ്രഭാഷണങ്ങളും കത്തുകളും ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും എന്ന പുസ്തകത്തിൽ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.

[9] ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും, പേജ് 81

[10] സഹീഹുല്‍ ബുഖാരി, കിത്താബുല്‍ മളാലിം (അക്രമങ്ങള്‍)

Image credit: Creative Commons

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed