തിരുനബി ചരിത്രം: ബദ്ര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍

ഇസ്‌ലാമിനെതിരെ ആളുകളെ പ്രേരിപ്പിച്ചുവെന്ന കാരണത്താല്‍ വധിക്കപ്പെട്ട അസ്മാ ബിന്‍ത്ത് മര്‍വാന്‍ എന്ന ഒരു സ്ത്രീയുടെ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടതായി കാണാം. എന്നാല്‍, വിശദമായ പഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ഈ സംഭവം അടിസ്ഥാനരഹിതമാണ് എന്നാണ്.

തിരുനബി ചരിത്രം: ബദ്ര്‍ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങള്‍

ഇസ്‌ലാമിനെതിരെ ആളുകളെ പ്രേരിപ്പിച്ചുവെന്ന കാരണത്താല്‍ വധിക്കപ്പെട്ട അസ്മാ ബിന്‍ത്ത് മര്‍വാന്‍ എന്ന ഒരു സ്ത്രീയുടെ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടതായി കാണാം. എന്നാല്‍, വിശദമായ പഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ഈ സംഭവം അടിസ്ഥാനരഹിതമാണ് എന്നാണ്.

ഇസ്‌ലാമിനെതിരെ ആളുകളെ പ്രേരിപ്പിച്ചുവെന്ന കാരണത്താല്‍ വധിക്കപ്പെട്ട അസ്മാ ബിന്‍ത്ത് മര്‍വാന്‍ എന്ന ഒരു സ്ത്രീയുടെ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടതായി കാണാം. എന്നാല്‍, വിശദമായ പഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ഈ സംഭവം അടിസ്ഥാനരഹിതമാണ് എന്നാണ്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 29 സെപ്റ്റംബര്‍ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

ഒക്ടോബര്‍ 4, 2023

ബദർ യുദ്ധത്തിന് ശേഷം നടന്ന സംഭവങ്ങളെ കുറിച്ചാണ് വിവരിച്ചുകൊണ്ടിരിക്കുന്നതെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഈ സംഭവങ്ങളെ കുറിച്ച് നാം പഠിക്കാൻ ശ്രമിക്കുമ്പോൾ ചരിത്രത്തെ കുറിച്ചുള്ള അറിവ് ലഭിക്കുന്നതോടൊപ്പം തന്നെ ഇസ്‌ലാമിന്റെ മുഖച്ഛായ വികലമാക്കുന്ന ചില തെറ്റായ നിവേദനങ്ങളുടെ യാഥാർഥ്യം എന്താണെന്നും മനസ്സിലാകുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. ഇസ്‌ലാമിനെ ആക്ഷേപിക്കുന്നതിന് വേണ്ടി ഇസ്‌ലാമിന്റെ ശത്രുക്കൾ ഈ നിവേദനങ്ങൾ ഉപയോഗിക്കുന്നു ,തീവ്രവാദികൾ അവരുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതിനും ഈ നിവേദനങ്ങൾ ഉപയോഗിക്കുന്നു.
ഉമൈർ ബിൻ വഹ്ബിന്റെ സംഭവം

ആദ്യത്തെ സംഭവം ഉമൈർ ബിൻ വഹ്ബിന്റെ സംഭവമാണ്. യുദ്ധാനന്തരം, മക്കക്കാർക്കുണ്ടായ നഷ്ടത്തിന് പ്രതികാരം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, അങ്ങനെ അദ്ദേഹം നബിതിരുമേനി (സ) യെ വധിക്കുക എന്ന ഉദ്ദേശ്യത്തോടെ മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്തു. (പുറപ്പെട്ടു).
ഈ സംഭവത്തെ കുറിച്ച് ഹദ്‌റത്ത് മിർസാ ബഷീർ അഹ്‌മദ്‌ സാഹിബ്‌(റ) എഴുതിയ ഭാഗം ഖലീഫാ തിരുമനസ്സ് ഉദ്ദരിക്കുകയുണ്ടായി.
ബദ്റിലെ പരാജയം ശത്രുക്കളെ വളരെ പരിഭ്രമത്തിലാഴ്ത്തി. യഹൂദികളും ഭയചകിതരായി. അവരും ജാഗരൂകരായി. ബദറിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ഖുറൈശികളിൽ സ്വാധീനമുള്ള ഉമൈർ ബിൻ വഹബും സഫ്‌വാൻ ബിൻ ഉമയ്യ ബിൻ ഖൽഫും കഅ്‌ബയുടെ മുറ്റത്ത് ഇരുന്ന് ബദറിലെ മരണങ്ങളെ കുറിച്ച് വിലപിക്കുകയുണ്ടായി. സഫ്‌വാൻ ഉമൈറിനെ നോക്കി പറഞ്ഞു “ജീവിതം മടുത്തിരിക്കുന്നു.” ഇത് കേട്ട് ഉമൈർ പറഞ്ഞു: “എന്റെ ജീവൻ അപകടത്തിലാക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ എന്റെ മക്കളെയും കടങ്ങളെയും കുറിച്ചുള്ള ചിന്ത എന്നെ ഇതിൽ നിന്നും തടയുന്നു. ഈ ചിന്ത ഇല്ലായിരുന്നുവെങ്കിൽ രഹസ്യമായി മദീനയിൽ പോയി മുഹമ്മദ് (സ)നെ വധിക്കുക എന്നത് ഒരു നിസ്സാരമായ കാര്യമാണ്. എന്റെ മകൻ അവിടെ തടവിലായതിനാൽ എനിക്ക് അവിടെ പോകാൻ ഒരു കാരണവുമുണ്ട്.” സഫ്‌വാൻ പറഞ്ഞു, “നിങ്ങളുടെ കടങ്ങളുടെയും കുട്ടികളുടെയും ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. നിങ്ങൾ പോയി ഈ ജോലി ഏതെങ്കിലും വിധത്തിൽ നിർവഹിക്കണം. ഈ നിർദേശം സ്വീകരിച്ചു കൊണ്ട് വീട്ടിലെത്തിയ ഉമൈർ വിഷത്തിൽ വാൾ മുക്കി മക്കയിൽ നിന്ന് പുറപ്പെട്ടു. മദീനയിൽ എത്തിയപ്പോൾ ഉമർ(റ) ഇദ്ദേഹത്തെ കാണാനിടയായി. ഹദ്റത് ഉമർ (റ) അദ്ദേഹത്തെ കണ്ടപ്പോൾ ആശങ്കപ്പെട്ടു. അദ്ദേഹം ഉടനെ നബിതിരുമേനി (സ) യുടെ അടുത്ത് ചെന്ന് ഉമൈർ വന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ താൻ ആശങ്കാകുലനാണെന്നും അറിയിച്ചു. തിരുനബി (സ) അദ്ദേഹത്തോട് ഉമൈറിനെ കൊണ്ടുവരാൻ നിർദ്ദേശിച്ചു. ഹദ്റത് ഉമർ (റ) ഉമൈറിനെ കൊണ്ടുവരാൻ പോയി, എന്നാൽ പോകുന്നതിന് മുമ്പ്, നബിയെ കാണാൻ ഉമൈറിനെ കൊണ്ടുവരാൻ പോകുകയാണെന്ന് അദ്ദേഹം സ്വഹാബികളോട് പറഞ്ഞു. പ്രവാചകനോടൊപ്പം ഇരിക്കുകയും ജാഗ്രത പാലിക്കുകയും വേണം എന്ന് അദ്ദേഹം അവരോട് നിർദ്ദേശിക്കുകയുണ്ടായി. അതിനുശേഷം, ഹദ്റത് ഉമർ (റ) ഉമൈറിനെയും കൂട്ടി നബിതിരുമേനി (സ) യുടെ സന്നിധിയിൽ എത്തി . തിരുനബി (സ) ഉമൈറിനോട് തന്റെ അടുത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് ചോദിച്ചു, ” ഉമൈർ താങ്കൾ ഇവിടെ വരാനുള്ള കാരണം?” ഉമൈർ പ്രതികരിച്ചു, “എന്റെ മകൻ നിങ്ങളുടെ കയ്യിൽ തടവിലാക്കപ്പെട്ടിരിക്കുന്നു. അവനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്”. തിരുനബി (സ) പറഞ്ഞു: പിന്നെന്തിനാണ് ഈ വാൾ തോളിൽ തൂക്കിയത്? അയാൾ മറുപടി പറഞ്ഞു, “വാള് കൊണ്ട് എന്താണ് ഗുണം ? ബദറിൽ വാളുകൾ കൊണ്ട് ഞങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടായിരുന്നോ.? “നീ എന്തിനാണ് വന്നതെന്ന സത്യം എന്നോട് പറയൂ” എന്ന് വീണ്ടും നബി തിരുമേനി(സ) ആവശ്യപ്പെടുകയുണ്ടായി. അയാള്‍ പറഞ്ഞു “ഞാൻ എന്റെ മകനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെടാൻ വേണ്ടിയാണ് വന്നത്.”
തിരുനബി (സ) പറഞ്ഞു, ” നിങ്ങൾ കഅ്ബയുടെ മുറ്റത്ത് വച്ച് സഫ്‌വാനുമായി ഒരു ഗൂഢാലോചന നടത്തിയില്ലേ?” ഉമൈർ ഞെട്ടിപ്പോയി, പക്ഷേ നിയന്ത്രണം കൈവരിച്ചു കൊണ്ട് പറഞ്ഞു, “ഞാൻ യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല”.
തിരുനബി (സ) പറഞ്ഞു: “നീ എന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയില്ലേ? എന്നാൽ ഓർക്കുക, എന്നിലേക്ക് എത്താനുള്ള കഴിവ് ദൈവം നിങ്ങൾക്ക് തരില്ല. ഉമൈർ ചിന്തയിൽ മുഴുകിപ്പോയി. ശേഷം പറഞ്ഞു:
“നിങ്ങൾ പറയുന്നത് സത്യമാണ്, നിങ്ങൾ പറഞ്ഞതുപോലെ ഞങ്ങൾ ഗൂഢാലോചന നടത്തി. ഞങ്ങളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിച്ച ദൈവം നിങ്ങളോടൊപ്പമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാനും സഫ്‌വാനും ഈ വിഷയം ചർച്ചചെയ്യുമ്പോൾ ഞങ്ങളുടെ ഇടയിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ല. ഇതെല്ലം ഞാൻ വിശ്വാസി ആകുന്നതിന് വേണ്ടി അല്ലാഹിവിന്റെ പദ്ധതിയായിരിക്കാം. ആത്മാർഥമായ ഹൃദയത്തോടെ ഞാൻ താങ്കളെ വിശ്വസിക്കുന്നു.
ഉമൈറിന്‍റെ ഇസ്ലാം സ്വീകരണത്തിൽ സന്തുഷ്ടനായ തിരുനബി (സ) സ്വഹാബികളോട് പറഞ്ഞു: “ഇപ്പോൾ അദ്ദേഹം നിങ്ങളുടെ സഹോദരനാണ്. അദ്ദേഹത്തെ ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ പഠിപ്പിക്കുകയും അദ്ദേഹത്തിന്റെ തടവുകാരനെ മോചിപ്പിക്കുകയും ചെയ്യുക. താമസിയാതെ തന്നെ അദ്ദേഹം തന്റെ വിശ്വാസത്തിലും ആത്മാർഥതയിലും പ്രകടമായ പുരോഗതി നേടി. എത്രത്തോളമെന്നാൽ അദ്ദേഹം ഇസ്‌ലാമിന്റെ അധ്യാപനം തന്റെ ഉറ്റവരെ അറിയിക്കുന്നതിന് വേണ്ടി മക്കയിലേക്ക് പോകാൻ പ്രവാചകനോട് (സ) അനുമതി തേടുകയുണ്ടായി. നബിതിരുമേനി (സ) അദ്ദേഹത്തിന് അനുമതി നൽകുകയുണ്ടായി. മക്കയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ( രഹസ്യമായ പ്രബോധനം കാരണം നിരവധി ആളുകൾ ഇസ്ലാം സ്വീകരിക്കുകയുണ്ടായി. സഫ്‌വാൻ, നബിതിരുമേനി(സ)യുടെ കൊലപാതക വാർത്ത കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു. ഖുറൈശികളോട് സന്തോഷവാർത്തയ്‌ക്കായി തയ്യാറെടുക്കാൻ പറഞ്ഞിരുന്നു. എന്നാൽ , ഈ കാഴ്ച കണ്ടപ്പോൾ അയാൾ അസ്വസ്ഥനായി.
( സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 170-172 )

കപടവിശ്വാസി അബ്ദുല്ലാഹ് ബിൻ ഉബയ്യ് ബിൻ സുലുൽ

ബദ്ർ യുദ്ധത്തിനു ശേഷം പ്രത്യക്ഷത്തിൽ ഇസ്ലാം സ്വീകരിച്ചവരും എന്നാൽ യഥാർഥത്തിൽ കപടവിശ്വാസികളായിരുന്നവരും ഉണ്ടായിരുന്നു എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഉദാഹരണത്തിന്, അബ്ദുല്ലാഹ് ബിൻ ഉബയ്യ് ബിൻ സുലുൽ. ഇതിനെക്കുറിച്ച് ഹദ്റത്ത് മിർസ ബഷീർ അഹ്മദ് (റ) എഴുതുന്നു:
‘ഇതുവരെ, ഔസ്, ഖസ്രജ് ഗോത്രങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ബഹുദൈവാരാധനയിൽ ഉറച്ചുനിന്നു. ബദ്‌റിന്റെ വിജയം ഈ ആളുകൾക്കിടയിൽ ഒരു ചലനത്തിന് കാരണമായി, ഈ ഗംഭീരവും അസാധാരണവുമായ വിജയം കണ്ടപ്പോൾ, അവരിൽ നിന്നുള്ള നിരവധി ആളുകൾക്ക് ഇസ്‌ലാമിന്റെ സത്യത്തെക്കുറിച്ച് ബോധ്യപ്പെട്ടു. അതിനുശേഷം, മദീനയിൽ വിഗ്രഹാരാധന വളരെ വേഗത്തിൽ കുറയാൻ തുടങ്ങി. എന്നിരുന്നാലും, ഇസ്‌ലാമിന്റെ ഈ വിജയം ചിലരിൽ പകയുടെയും അസൂയയുടെയും തീ ആളിക്കത്തിക്കുകയുണ്ടായി. പരസ്യമായി എതിർക്കുന്നത് ബുദ്ധിയല്ലെന്ന് കരുതി, പ്രത്യക്ഷത്തിൽ അവർ ഇസ്ലാം സ്വീകരിച്ചു, എന്നാൽ ഇസ്‌ലാമിനെ പിഴുതെറിയാൻ അവര്‍ തങ്ങളുടെ മനസ്സുകളിൽ ആഗ്രഹിക്കുകയും ശ്രമിക്കുകയും കപടവിശ്വാസികളുടെ സംഘത്തിൽ ചേരുകയും ചെയ്തു. ഖസ്‌റജ് ഗോത്രത്തിലെ പ്രമുഖനായ അബ്‌ദുല്ല ബിൻ ഉബയ്യ് ബിൻ സുലൂൽ ആയിരുന്നു ഇവരിലെ ഏറ്റവും പ്രമുഖൻ. നബി തിരുമേനി(സ) യുടെ മദീനയിലേക്കുള്ള വരവ് മൂലം , തന്റെ പദവി തന്നിൽ നിന്ന് പോയതിന്റെ വിഷമം നേരത്തെ തന്നെ അയാളുടെ ഉള്ളിലുണ്ടായിരുന്നു . ബദ്റിന് ശേഷം, ഈ വ്യക്തി തുടക്കത്തിൽ തന്നെ മുസ്ലീമായിത്തീർന്നു, പക്ഷേ അയാളുടെ ഹൃദയയത്തിൽ ഇസ്ലാമിനോടുള്ള വിദ്വേഷമായിരുന്നു. അയാൾ കപടവിശ്വാസികളുടെ നേതാവായി മാറി. രഹസ്യമായി ഇസ്ലാമിനും തിരുനബി (സ) ക്കും എതിരെ ഗൂഢാലോചനകൾ നടത്തി. അതുപോലെ ചില സന്ദർഭങ്ങളിൽ ഈ വ്യക്തി ഇസ്ലാമിന് വളരെ സങ്കീർണമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കാരണമായി മാറിയെന്ന് പിന്നീട് നടന്ന സംഭവങ്ങളിൽ നിന്ന് വ്യക്തമാകും.
( സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 172-173 )

ബനൂ സുലൈമിലേക്കുള്ള സൈനിക നീക്കം

ബദ്‌റിലെ വിജയത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ബനൂ സുലൈമിലെയും ബനൂ ഗത്‌ഫാനിലെയും ആളുകൾ ഖർത്തറത്തുൽ കുദ്‌ർ എന്ന സ്ഥലത്ത് ഒരുമിച്ചുകൂടി മദീന ആക്രമിക്കാൻ പദ്ധതിയിടുന്നതായി നബിക്ക് (സ) അറിവ് ലഭിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഈ പദ്ധതി അവസാനിപ്പിക്കാൻ മുസ്‌ലിംകൾ തന്നെ പോകണമെന്ന് തിരുനബി (സ) തീരുമാനിച്ചു, അങ്ങനെ മുന്നൂറു മുസ്‌ലിംകളുടെ ഒരു സൈന്യവുമായി നബി (സ) ബനൂ സുലൈമിലേക്ക് പുറപ്പെട്ടു. ബനൂ സുലൈമും ബനൂ ഗത്ഫാനും മുസ്‌ലിംകളുടെ വരവ് പ്രതീക്ഷിച്ചിരുന്നില്ല, അവർ മല മുകളിലേക്ക് പലായനം ചെയ്തു. അതുപോലെ, ശത്രുക്കളുടെ ഇടയിൽ നിന്ന് ഒരാളെപ്പോലും മുസ്‌ലിംകൾ കണ്ടില്ല. നബി തിരുമേനി (സ) മൂന്ന് രാത്രികൾ അല്ലെങ്കിൽ ചില വിവരണങ്ങൾ അനുസരിച്ച് പത്ത് രാത്രികൾ അവിടെ താമസിച്ചു.
ഇതിനെക്കുറിച്ച് ഹദ്‌റത്ത് മിർസാ ബഷീർ അഹ്മദ് (റ) എഴുതിയത് ഖലീഫാ തിരുമനസ്സ് ഉദ്ധരിച്ചു:
‘ മക്കയിലെ ഖുറൈശികൾ അറേബ്യയിലെ വിവിധ ഗോത്രങ്ങളിൽ പര്യടനം നടത്തുകയും അവരിൽ പലരെയും മുസ്ലീങ്ങളുടെ കഠിന ശത്രുക്കളാക്കി മാറ്റുകയും ചെയ്തു. ഈ ഗോത്രങ്ങളിൽ, ശക്തിയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ, ഏറ്റവും ശ്രദ്ധേയമായ രണ്ട് ഗോത്രങ്ങളായിരുന്നു അറേബ്യയുടെ മധ്യമേഖലയായ നജ്ദിലെ ബനൂ സുലൈം, ബനൂ ഗത്ഫാൻ എന്നീ ഗോത്രങ്ങൾ. മക്കയിലെ ഖുറൈശികൾ ഈ രണ്ട് ഗോത്രങ്ങളുമായി പ്രത്യേക ബന്ധം സ്ഥാപിക്കുകയും മുസ്‌ലിംകൾക്കെതിരെ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതുപോലെ, സർ വില്യം മ്യൂർ എഴുതുന്നു:
“ഖുറൈശ് ഇപ്പോൾ ഈ പ്രദേശത്തേക്ക് [അതായത്, നജ്ദ്] അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിൽ വസിക്കുന്ന ഗോത്രങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു. അന്നുമുതൽ ബനീ സുലൈമിന്റെയയും ഗത്ഫാന്റെെയും, പ്രത്യേകിച്ച് ബനൂ സുലൈം മുഹമ്മദിനോട് കഠിനമായ ശത്രുത പുലർത്തി. ഖുറൈശികളുടെ പ്രേരണ കാരണത്താൽ അവർ മദീനയ്ക്ക് നേരെ ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു.” നബി തിരുമേനി(സ) ബദ്റിൽ നിന്ന് മദീനയിൽ വന്ന് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ, സുലൈം, ഗത്ഫാൻ ഗോത്രങ്ങൾ അടങ്ങുന്ന ഒരു വലിയ സൈന്യം മദീനയെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടെ കർഖറത്തുൽ-കുദ്‌റിൽ ഒരുമിച്ചു കൂടിയിരിക്കുന്നു എന്ന വാർത്ത ലഭിച്ചു. ഈ വാർത്ത ലഭിച്ചയുടൻ, ഒരു മുൻകരുതൽ നടപടിയെന്ന നിലയിൽ, നബി തിരുമേനി (സ) ഉടൻ തന്നെ സ്വഹാബികളുടെ ഒരു സേനയെ വിളിച്ചുകൂട്ടി നജ്ദിലേക്ക് പുറപ്പെട്ടു. എന്നാൽ ദിവസങ്ങളോളം കഠിനമായ യാത്രയ്ക്ക് ശേഷം, തിരുനബി (സ) അൽ-കുദ്ർ എന്നറിയപ്പെടുന്ന ഒരു സ്ഥലത്തെത്തിയപ്പോൾ ബനൂ സുലൈമിലെയും ബനൂ ഗത്ഫാനിലെയും ആളുകൾ സമീപത്തെ പർവതങ്ങളിൽ അഭയം പ്രാപിച്ചു. നബി തിരുമേനി (സ) അവരെ തേടി മുസ്ലീങ്ങളുടെ ഒരു സംഘത്തെ അയച്ചു. അവര്‍ താഴ്‌വരയുടെ ഹൃദയഭാഗത്തേക്ക് പോയി. പക്ഷേ അവരുടെ ഒരു അടയാളവും കണ്ടെത്താനായില്ല. എന്നിരുന്നാലും, അടുത്തുള്ള താഴ്‌വരയിൽ മേയുന്ന ഒരു വലിയ ഒട്ടകക്കൂട്ടത്തെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. അവയെ, യുദ്ധനിയമങ്ങൾ അനുസരിച്ച് അവർ പിടിച്ചെടുത്തു; അതിനുശേഷം തിരുനബി (സ) മദീനയിലേക്ക് മടങ്ങി. ഈ ഒട്ടകങ്ങളുടെ ഇടയൻ യാസർ എന്ന അടിമയായിരുന്നു, അയാളും ഒട്ടകങ്ങൾക്കൊപ്പം ബന്ദിയാക്കപ്പെട്ടു. നബി തിരുമേനി (സ) യുടെ സഹവാസം ഈ വ്യക്തിയെ ആഴത്തിൽ സ്വാധീനിച്ചു , ചുരുങ്ങിയ കാലത്തിനുശേഷം അദ്ദേഹം മുസ്ലീമായി. നബി തിരുമേനി(സ) അദ്ദേഹത്തെ ഔദാര്യപൂർവം മോചിപ്പിച്ചെങ്കിലും, അദ്ദേഹം അവസാന ശ്വാസം വരെ തിരുനബി (സ) യുടെ സേവനം ഉപേക്ഷിച്ചില്ല.
( സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 277-279 )

ആദ്യത്തെ ഈദുൽ ഫിത്ർ

ഹിജ്റ 2 റമദാൻ സമാപനത്തിലാണ് ആദ്യത്തെ ഈദുൽ ഫിത്ർ ആഘോഷിച്ചതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ഹദ്‌റത്ത് മിർസാ ബഷീർ അഹ്മദ് (റ) ഇതിനെക്കുറിച്ച് എഴുതുന്നു.
‘ റമളാന്റെ അവസാനത്തിൽ , റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം , പ്രവാചകൻ (സ) ദൈവിക കല്പന പ്രകാരം സദഖത്തുൽ-ഫിത്റിന്റെ നിർദേശം പുറപ്പെടുവിച്ചു . അതിന് ശേഷിയുള്ള ഓരോ മുസ്‌ലിമും ഈത്തപ്പഴം, മുന്തിരി, ബാർലി അല്ലെങ്കിൽ ഗോതമ്പ് മുതലായവ ഓരോ വ്യക്തിയും തൻറെയും കുടുംബത്തിൻറെയും ആശ്രിതരുടെയും പേരിൽ സംഭാവനയായി നൽകണം. ഈ ദാനധർമ്മം ദരിദ്രർ, അനാഥർ, വിധവകൾ തുടങ്ങിയവർക്കിടയിൽ വിതരണം ചെയ്തു. അതിനാൽ ഇത് വ്രതാനുഷ്ഠാന വേളയിൽ ഉണ്ടായേക്കാവുന്ന ഏതെങ്കിലും പിഴവുകൾക്ക് പ്രായശ്ചിത്തമായി വർത്തിക്കുകയും ദരിദ്രർക്ക് ഒരു സഹായമായി മാറുകയും ചെയ്യുന്നു. തിരുനബി (സ) യുടെ കല്പന പ്രകാരം, റമളാന്റെ അവസാനത്തിൽ എല്ലാ ‘ഈദ്’ നും മുമ്പ് , സദഖത്തുൽ-ഫിത്ർ ഔപചാരികമായി ചെറുപ്പക്കാരും പ്രായമായവരുമായ എല്ലാ മുസ്ലീം പുരുഷൻമാരിൽ നിന്നും സ്ത്രീകളിൽ നിന്നും ശേഖരിച്ച് അനാഥർക്കും പാവപ്പെട്ടവർക്കും, ആവശ്യക്കാർക്കും വിതരണം ചെയ്യുന്നു.
ഈ വർഷം തന്നെ ഈദുൽ ഫിത്റും ആരംഭിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, റമദാൻ മാസം പൂർത്തിയാകുമ്പോൾ , മുസ്‌ലിംകൾ ശവ്വാൽ ഒന്നാം തിയ്യതി ഈദ് ആഘോഷിക്കണമെന്ന് പ്രവാചകൻ കല്പിച്ചു . റമദാനിൽ ആരാധന നടത്താനുള്ള കഴിവ് അല്ലാഹു അവർക്ക് നൽകിയതിന്റെ സന്തോഷത്തിലായിരുന്നു ഈദ്. എന്നിരുന്നാലും, ഈ സന്തോഷത്തിന്റെ പ്രകടനത്തിന് പോലും, പ്രവാചകൻ ഒരു ആരാധന നിർദ്ദേശിച്ചു എന്നത് വളരെ ആകർഷകമാണ്. അതിനാൽ, ഈദ് ദിനത്തിൽ എല്ലാ മുസ്ലീങ്ങളും ഒരു തുറസ്സായ സ്ഥലത്ത് ഒത്തുകൂടി രണ്ട് റക്അത്ത് നമസ്കാരം അനുഷ്ഠിക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു. പിന്നെ, ഈ നമസ്കാരത്തിന് ശേഷം, മുസ്‌ലിംകൾ തീർച്ചയായും അവരുടെ ബാഹ്യമായ സന്തോഷം പ്രകടിപ്പിക്കണം, കാരണം ആത്മാവ് സന്തോഷം അനുഭവിക്കുമ്പോൾ, ശരീരത്തിനും അതിൽ പങ്കുചേരാനുള്ള അവകാശമുണ്ട്. യഥാർഥത്തിൽ, സർവ്വശക്തനായ അല്ലാഹു കൂട്ടായി ആചരിക്കുന്ന എല്ലാ പ്രധാനപ്പെട്ട ആരാധനകളുടെയും അവസാനം ഒരു പെരുന്നാൾ വച്ചിട്ടുണ്ട്. ഒരാഴ്ചത്തെ നമസ്കാരങ്ങൾ അനുഷ്ഠിച്ചതിന് ശേഷം വരുന്ന വെള്ളിയാഴ്ച ജുമുഅ ദിവസമാണ് നമസ്കാരങ്ങളുടെ പെരുന്നാൾ. ‘പെരുന്നാളുകളിൽ ഏറ്റവും മികച്ചതായി ഇത് പരാമർശിക്കപ്പെടുന്നു. തുടർന്ന്, റമദാനിന്റെ അവസാനത്തിൽ വരുന്ന പെരുന്നാൾ ഈദുൽ-ഫിത്ർ ആണ് നോമ്പിന്റെ പെരുന്നാൾ ഹജ്ജ്‌ കർമത്തിന് ശേഷം ഈദുൽ-അദ്ഹാ എന്ന പെരുന്നാൾ ആഘോഷിക്കുന്നു. ഈ ആഘോഷങ്ങളെല്ലാം തന്നെ ആരാധനയുടെ ഒരു രൂപമാണ്. അതിനാൽ, പെരുന്നാളുകൾക്ക് ഇസ്‌ലാമിൽ ഒരു മഹത്വമുണ്ട്. ഇസ്‌ലാമിന്റെ. യാഥാർഥ്യത്തിലേക്ക് അത് വെളിച്ചം വീശുന്നു. മുസ്‌ലിംകളുടെ ഓരോ പ്രവൃത്തിയും അല്ലാഹുവിന്റെ സ്മരണയുമായി ബന്ധിപ്പിക്കാൻ ഇസ്‌ലാം ആഗ്രഹിക്കുന്നു.
നിൽക്കുക, ഇരിക്കുക, സഞ്ചരിക്കുക, ഉറങ്ങുക, ഉണരുക, ഭക്ഷണം കഴിക്കുക, കുടിക്കുക, കുളിക്കുക, വസ്ത്രം മാറുക, ഷൂസ് ധരിക്കുക, വീട്ടിൽ കയറുക, പുറത്തിറങ്ങുക, മടങ്ങുക, ഒരാളെ കണ്ടുമുട്ടുക, തുമ്മുക, തുടങ്ങിയ നിസ്സാര പ്രാധാന്യമുള്ള ദൈനംദിന ജോലികൾ ചെയ്യുമ്പോഴും ദൈവത്തെ സ്മരിക്കുവാൻ നിർദേശിച്ചിരിക്കുന്നു. ലൗകിക മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ പ്രവർത്തി ഒരു ഭ്രാന്തായി തോന്നിയേക്കാം എന്നാൽ സ്വന്തം അസ്തിത്വത്തിന്റെ യാഥാർഥ്യം ജീവിതത്തിന്റെആൾക്ക് ഇത് ജീവിതത്തിന്റെ സത്തയാണെന്ന് ബോധ്യമാവുന്നതാണ്.
( സീറത്ത് ഖാത്തമുന്നബിയ്യീൻ വാള്യം 2 പേജ് 113- 114 )
കെട്ടിച്ചമച്ച സംഭവങ്ങൾ

ഖലീഫാ തിരുമനസ്സ് പറഞ്ഞു: ബദ്‌റിന്റെ കാലഘട്ടത്തിലെ രണ്ട് സംഭവങ്ങളുണ്ട്, ഈ സംഭവങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഏതായാലും വ്യക്തമാണ്. ആദ്യത്തേത് അസ്മ ബിൻത് മർവാന്റെ കൊലപാതകമാണ്. അവൾ ഇസ്‌ലാമിനെതിരെ ആളുകളെ പ്രേരിപ്പിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു എന്ന് കഥകളുണ്ട്. അങ്ങനെ, ഉമൈർ ബിൻ അദി അവളെ കൊന്നുവെന്ന് ചില വിവരണങ്ങൾ വാദിക്കുന്നു. ഈ സംഭവത്തിന് വ്യത്യസ്തമായ വിവരണങ്ങളുണ്ട്. ചരിത്രത്തിലെ ചില പുസ്തകങ്ങൾ അതേപോലെ ആറ് ആധികാരികമായ ഹദീസ് പുസ്തകങ്ങളിൽ ഒരിടത്തും ഇത് പരാമർശിച്ചിട്ടില്ല.
എല്ലാ രേഖകളിൽ നിന്നും വ്യക്തമായും ഈ സംഭവം കെട്ടിച്ചമച്ചതാണ് എന്ന് മനസ്സിലാവുന്നതാണ്. രണ്ടാമത്തെ കെട്ടിച്ചമച്ച സംഭവം ഭാവിയിൽ പരാമർശിക്കുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed