നബി തിരുമേനി(സ)യുടെ സഹാബാക്കള്‍ കാണിച്ച ത്യാഗത്തിന്‍റെ മാതൃക ലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കില്ല. അവര്‍ ഇയ്യാംപാറ്റകളെ പോലെ പ്രവാചകന് ചുറ്റും കൂടുകയും പ്രവാചകന് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാൻ തയ്യാറാവുകയും ചെയ്തു.
ജനുവരി 19, 2023
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 12 ജനുവരി 2023ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: സി. എന്‍. താഹിര്‍ അഹ്‌മദ്
ഉഹുദ് യുദ്ധവുമായി ബന്ധപ്പെട്ട് നബിതിരുമേനി(സ)യുടെ ജീവചരിത്രമായിരുന്നു വിവരിച്ചിരുന്നത്. യുദ്ധാവസരത്തിൽ ശത്രുക്കളുടെ ഏറ്റവും സമീപത്തായിരുന്നു നബിതിരുമേനി(സ) ഉണ്ടായിരുന്നത്. പ്രവാചകനൊപ്പം എട്ട് മുഹാജിരീങ്ങളും ഏഴ് അൻസാരി സഹാബികളും അടക്കം പതിനഞ്ചു സഹാബാക്കൾ അടിയുറച്ച് നിന്നു. ഹദ്റത്ത് മിർസാ ബശീർ അഹ്‌മദ് സാഹിബ് ഉഹുദ് യുദ്ധത്തിൽ സഹാബാക്കളുടെ ത്യാഗത്തെ വിവരിച്ച് കൊണ്ട് പറയുന്നു: നബി(സ)യുടെ കൂടെയുണ്ടായിരുന്ന അനുചരൻമാർ കാണിച്ച ത്യാഗത്തിന്‍റെ മാതൃക ലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കില്ല. സഹാബാക്കൾ ഇയ്യാംപാറ്റകളെ പോലെ പ്രവാചകന് ചുറ്റും കൂടുകയും പ്രവാചകന് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാൻ സന്നദ്ധരായിരുന്നു. പ്രവാചകന് എതിരെ ഉണ്ടാകുന്ന ഓരോ ആക്രമണത്തെയും ജീവൻ പണയം വെച്ച് പ്രതിരോധിക്കുകയും തിരിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. ശക്തമായ ശത്രുക്കളുടെ ആക്രമണത്തിന് മുന്നിൽ എണ്ണത്തിൽ പരിമിതരായ സഹാബാക്കൾക്ക് അധിക നേരം പിടിച്ച് നിൽക്കാൻ സാധിച്ചില്ല. ശത്രുക്കളുടെ ആക്രമണത്തിന്‍റെ തിരമാലകൾ മുസ്‌ലിങ്ങളെ ഒഴുക്കിക്കൊണ്ടുപോയിരുന്നു. എന്നാൽ ആക്രമണം അല്പം തണുക്കുമ്പോൾ സഹാബാക്കൾ വീണ്ടും തങ്ങളുടെ പ്രേമഭാജനത്തിനു ചുറ്റും ഒരുമിച്ച് കൂടുമായിരുന്നു.
ഉഹുദ് യുദ്ധത്തിൽ ഹദ്റത്ത് മുസ്അബ് ബിൻ ഉമൈർ(റ) ഇസ്‌ലാമിക പതാകയുടെ സംരക്ഷണത്തിന്‍റെ കടമ പൂർത്തിയാക്കി
ഹദ്റത് മുസ്അബ് ബിൻ ഉമൈർ(റ)നെ ഇബ്നു കൈമിയ ആക്രമിക്കുകയും ഇസ്‌ലാമിക പതാക ഉയർത്തിയിരുന്നു കൈ വെട്ടി എം മാറ്റുകയും ചെയ്‌തു. ഹദ്റത്ത് മുസ്അബ് ബിൻ ഉമൈർ(റ) പതാക തന്‍റെ രണ്ടാമത്തെ കൈ കൊണ്ട് പിടിച്ച് നിർത്തി. ഇബ്നു കൈമിയ വീണ്ടും ആക്രമിച്ച് കൊണ്ട് ആ കൈയും വെട്ടി. പിന്നീട് മുസ്അബ് മുറിഞ്ഞ തന്‍റെ രണ്ടു കൈകൾ കൊണ്ട് പതാകയെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഇബ്നു കൈമിയ മൂന്നാമതും ആക്രമിക്കുകയും അമ്പ് നെഞ്ചിലേക്ക് കുത്തി അമർത്തുകയും ചെയ്തു. അമ്പേറ്റതോടെ മുസ്അബ് നിലം പതിച്ചു. ആ സമയം മറ്റു സഹാബാക്കൾ മുന്നോട്ട് വന്നുകൊണ്ട് പതാക ഏറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തു. മറ്റൊരു നിവേദനത്തിൽ വരുന്നത് ഹദ്റത്ത് മുസ്അബിന്‍റെ ശഹാദത്തിനു ശേഷം നബിതിരുമേനി(സ) ഇസ്‌ലാമിക പതാക ഹദ്റത്ത് അലി(റ)നെ ഏൽപിച്ചു.
ഉഹുദ് യുദ്ധവേളയിൽ മുസ്‌ലിങ്ങൾക്ക് അനുഭവപ്പെട്ട മയക്കം
ഏത് രീതിയിലാണ് ഈ മയക്കം മുഖേന അല്ലാഹു മുസ്‌ലിങ്ങൾക്ക് സമാധാനം നൽകിയത് എന്ന് ഹദ്റത്ത് സുബൈർ ബിൻ അവ്വാം, കഅബ് ബിൻ ഉമർ എന്നിവർ വിവരിച്ചിട്ടുണ്ട്. അബൂ തൽഹ റ നിവേദനം ചെയ്യുന്നു. ഉഹുദ് യുദ്ധ സമയത്ത് തല ഉയർത്തി നോക്കിയപ്പോൾ എല്ലാവരും തന്നെ തങ്ങളുടെ കവചത്തിലേക്ക് തല താഴ്ത്തി നിൽക്കുന്നതായിട്ടാണ് കാണാൻ സാധിച്ചത്. യുദ്ധവേളയിൽ ശത്രുക്കളുടെ ആക്രമണ ഭീതി നിലനിൽക്കുമ്പോൾ മുഴുവൻ സമൂഹത്തിനും മയക്കത്തിന്‍റെ അവസ്ഥയുണ്ടാകുന്നത് യാദൃശ്ചികമായ ഒരു കാര്യമല്ല. അതൊരു ദൃഷ്ടാന്തമാണ്. ഒരു നിവേദനമനുസരിച്ച് ഉഹുദ് യുദ്ധ വേളയിൽ നബിതിരുമേനി(സ)യെ ശത്രുക്കൾ എതുപത് തവണ വാളുകൊണ്ട് ആക്രമിച്ചിരുന്നു. എന്നാൽ ആ ഉപദ്രവങ്ങളിൽ നിന്നെല്ലാം അല്ലാഹു പ്രവാചകനെ സംരക്ഷിച്ചു.
ഹദ്റത്ത് മസീഹ് മൗഊദ്(അ) പറയുന്നു: “യുദ്ധത്തിൽ നബി തിരുമേനി(സ)യുടെ അടുത്ത് നിന്ന് യുദ്ധം ചെയ്യുന്നവരെ ആയിരുന്നു ഏറ്റവും ധീരരായി കണക്കാക്കിയിരുന്നത്, കാരണം നബിതിരുമേനി(സ) യുദ്ധമൈതാനത്ത് ഏറ്റവും അപകടകരമായ സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. സുബ്ഹാനല്ലാഹ്… എന്തൊരു മഹത്വം… ഉഹുദിന്‍റെ യുദ്ധമൈതാനത്തേക്ക് നോക്കുക, വാളുകൾ കൊണ്ട് നിരന്തരം ആക്രമണങ്ങൾ നടന്നു കൊണ്ടിരുന്നു. ഇത്രമാത്രം രൂക്ഷമായ യുദ്ധം സഹാബാക്കൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നിട്ടും അവർ ധൈര്യസമേതം പോരാടിക്കൊണ്ടിരുന്നു.”
വാസ്തവത്തിൽ നബിതിരുമേനി(സ)യുടെ ധീരതയുടെ മാതൃക പ്രകടമാക്കുക എന്നതായിരുന്നു ഇതിലടങ്ങിയ രഹസ്യം.
അബൂ ആമിർ ഫാസിഖ് ഉഹുദ് മൈതാനത്ത് മുസ്‌ലിങ്ങളെ വീഴ്ത്തുന്നതിനു വേണ്ടി കുഴികൾ ഉണ്ടാക്കിയിരുന്നു. നബി തിരുമേനി(സ) അറിയാതെ ആ കുഴിയിൽ വീഴുകയും കാലുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപ്പോൾ അലി(റ) പെട്ടെന്ന് തന്നെ മുന്നോട്ട് വന്നു പ്രവാചകനെ കൈകൾ കൊണ്ട് ഉയർത്തുകയും തൽഹ ബിൻ ഉബൈദുല്ലാഹ് നബി തിരുമേനി(സ)യെ പുറത്തെത്തിക്കുകയും ചെയ്തു.
ഉഹുദ് യുദ്ധത്തിന്‍റെ വിവരണം ഇനിയും തുടരുമെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
ഗസ്സയില്‍ മറ്റൊരു അഹ്‌മദി കൂടി ശഹീദായി
ശേഷം ഖലീഫാ തിരുമനസ്സ് ഫലസ്തീനിലെ ഗസ്സയിൽ നിന്നുള്ള അഹ്‌മദി അബൂ ഹൽമി മുഹമ്മദ് അക്കാശ സാഹിബിനെ കുറിച്ച് പറഞ്ഞു. അദ്ദേഹത്തെ 75-ആം വയസ്സിൽ ശഹീദാക്കപ്പെടുകയുണ്ടായി.
അദ്ദേഹം തബ്‌ലീഗിൽ ആവേശമുള്ള വ്യക്തിയായിരുന്നു. ദീർഘവീക്ഷണമുള്ള ആത്മാർത്ഥനായ അഹ്‌മദി ആയിരുന്നു. ഖലീഫ തിരുമനസ്സ് അദ്ദേഹത്തിന്‍റെ പാപപ്പൊറുതിക്ക് ദുആ ചെയ്യുന്നതോടപ്പം ഗസ്സയിലും ഫലസ്തീനിലും അല്ലാഹു സമാധാനം ഉണ്ടാക്കുന്നതിനും അക്രമങ്ങൾക്ക് അവസാനമുണ്ടാകുന്നതിന് വേണ്ടിയും ദുആ ചെയ്തു.
ഖലീഫ തിരുമനസ്സ് പറയുന്നു: ലബനാനുമായുള്ള അതിർത്തിയിൽ ഇസ്‌റാഈൽ ഹിസ്ബുള്ളക്ക് എതിരെ ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഇത് അവസ്ഥകൾ കൂടുതൽ സങ്കീർണമാകുന്നതാണ്. ഇപ്രകാരം അമേരിക്കയും ബ്രിട്ടനും യമനെതിരെ ആക്രമണം അഴിച്ച് വിടുന്നത് യുദ്ധത്തെ കൂടുതൽ ഭീകരമാക്കുന്നതാണ്. പലരും എഴുതുന്നത് ലോകമഹാ യുദ്ധത്തിന്‍റെ അടയാളങ്ങൾ വളരെ സമീപസ്ഥമായിരിക്കുന്നു എന്നാണ്. അതുകൊണ്ട് വളരെയധികം ദുആയുടെ ആവശ്യമുണ്ട്. അല്ലാഹു മനുഷ്യ കുലത്തിനു ബുദ്ധിയും വിവേകവും നൽകുമാറാകട്ടെ.
0 Comments