ജമാഅത്തിന്‍റെ അല്‍ഹക്കം എന്ന അന്താരാഷ്‌ട്ര ഇംഗ്ലീഷ് വാരികയില്‍ നിന്ന്. വിവര്‍ത്തനം: സക്കീന ടി. കെ., അലനല്ലൂര്‍
ഏപ്രില്‍ 3, 2023
2023 മാര്‍ച്ച് 4ന് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ജമാഅത്തിന്‍റെ യൂ. കെ. യിലെ 17-ാമത് വാര്‍ഷിക പീസ് സിംപോസിയത്തില്‍ പ്രഭാഷണം നടത്തുകയുണ്ടായി. 2015ല്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് പുനര്‍നിര്‍മിക്കപ്പെട്ട ബൈത്തുല്‍ ഫുത്തൂഹ് പള്ളിയോട് അനുബന്ധമായ പുതിയ അഞ്ച് നില കെട്ടിടത്തിന്‍റെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായിരുന്നു. 40 രാജ്യങ്ങളില്‍ നിന്നായി 500 വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെ 1500ലധികം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാര്‍, രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ അതിഥികളില്‍ ഉള്‍പ്പെടുന്നു.
പ്രഭാഷണത്തില്‍ ആഗോള സമാധാനവും സുരക്ഷിതത്വവും എങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ചുള്ള തന്‍റെ വീക്ഷണം നല്‍കിക്കൊണ്ട് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പള്ളികളുടെ നിര്‍മാണത്തിന്‍റെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ലോകത്തിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെടുകയും ചെയ്തു.
നമ്മുടെ സഹജീവികളുടെയും ദൈവത്തിന്‍റെ എല്ലാ സൃഷ്ടികളുടെയും അവകാശങ്ങള്‍ നിറവേറ്റാതെ ദൈവത്തിന്‍റെ അവകാശങ്ങള്‍ നിറവേറ്റുക അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിന്‍റെ ഈ അടിസ്ഥാന തത്ത്വങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് അഹ്‌മദിയ്യാ ജമാഅത്തിന്‍റെ സ്ഥാപകര്‍ ദൈവത്താല്‍ നിയോഗിതനായതെന്ന് അഹ്‌മദി മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നു. ദൈവത്തോടുള്ള ആരാധനയും സമസൃഷ്ടികളോടുള്ള കടമകളും നിറവേറ്റുന്നതില്‍ പരസ്പര ബന്ധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍വശക്തനായ അല്ലാഹുവിനെ ആരാധിക്കുന്നതിന് വേണ്ടിയാണ് പള്ളികള്‍ നിര്‍മിച്ചിരിക്കുന്നത്. മറ്റുള്ളവരോടുള്ള കടമകളില്‍ വീഴ്ച വരുത്തുന്നവരുടെ ആരാധനാ കര്‍മങ്ങള്‍, അവരുടെ മോക്ഷത്തിന് പകരം അവരുടെ അധപതനത്തിനും അപമാനത്തിനും ഹേതുവായി മാറുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. നമസ്ക്കാര വേളയില്‍ കഅ്ബയെ അഭിമുഖീകരിക്കാന്‍ മുസ്‌ലിങ്ങളോട് കല്പിക്കപ്പെട്ട പോലെ തന്നെ കഅ്ബയുടെ നിര്‍മാണ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന കാര്യവും മുന്നില്‍ വയ്ക്കേണ്ടത് അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു:
അതില്‍ (അല്ലാഹുവിന്‍റെ വിശുദ്ധ ഭവനത്തില്‍) ആരെങ്കിലും പ്രവേശിച്ചാല്‍ അവന്‍ നിര്‍ഭയനായി.”[1]
പള്ളികള്‍ വിശുദ്ധ കഅ്ബയെ ആത്മീയമായി പ്രതിഫലിപ്പിക്കുന്നതിനാല്‍ ഈ ഖുര്‍ആന്‍ വചനം തങ്ങള്‍ക്കുവേണ്ടി സമാധാനം തേടുന്നതിലേക്കും മറ്റുള്ളവര്‍ക്ക് സമാധാനത്തിന്‍റെ വഴികാട്ടി ആകുന്നതിലേക്കും ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. മാത്രമല്ല, ദിവസേനയുള്ള ഓരോ നമസ്‌കാരങ്ങളിലും മുസ്‌ലിങ്ങള്‍ സൂറ അല്‍-ഫാത്തിഹ പാരായണം ചെയ്യുന്നു. ദൈവം മുസ്‌ലിങ്ങളുടെത് മാത്രമല്ല, എല്ലാ ലോകങ്ങളുടെയും എല്ലാ ജനങ്ങളുടെയും നാഥനാണെന്ന് സൂറ അല്‍-ഫാത്തിഹ പ്രഖ്യാപിക്കുന്നു. ക്രിസ്ത്യാനികള്‍, ജൂതര്‍, ഹിന്ദുക്കള്‍, സിക്കുകാര്‍ എന്നീ എല്ലാ മതസ്ഥര്‍ക്കും വേണ്ടത് നല്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നവനാണ് ദൈവം. അവന്‍ അവര്‍ക്ക് ജീവന്‍ നല്കുകയും അവന്‍റെ കൃപയും അനുകമ്പയും മുഖേന അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. അതിനാല്‍, മുസ്‌ലിങ്ങള്‍ ഒരിക്കലും മറ്റ് മതസ്ഥരെ ദ്രോഹിക്കരുതെന്നും അവരോട് വിദ്വേഷം വച്ചുപുലര്‍ത്തരുതെന്നും അവരെക്കുറിച്ച് മോശമായി സംസാരിക്കരുതെന്നും വിശുദ്ധ ഖുര്‍ആന്‍ അതിന്‍റെ ആരംഭം മുതല്‍ തന്നെ പഠിപ്പിക്കുന്നു. കാരണം നാമെല്ലാവരും ലോകരക്ഷിതാവിന്‍റെ സൃഷ്ടികളാണ്. അവന്‍റെ കൃപയെ വിലമതിക്കാതിരിക്കുകയും അവന്‍റെ അസ്തിത്വം തന്നെ നിരസിക്കുകയും ചെയ്യുന്നവരെപ്പോലും അവന്‍ പരിപാലിക്കുകയും അവരുടെ അധ്വാനത്തിന്‍റെ ഫലം അവര്‍ക്ക് നല്കുകയും ചെയ്യുന്നു. അങ്ങനെ, സര്‍വലോകപരിപാലകന്‍റെ സ്‌നേഹം നേടിയെടുക്കാന്‍ മാത്രമാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ലോകമെമ്പാടും സമാധാനവും ഐക്യവും വളര്‍ത്താന്‍ ശ്രമിക്കുന്നത്.
“പരമകാരുണികനായ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും മറ്റുള്ളവരുടെ സമാധാനവും ക്ഷേമവും തകര്‍ക്കാന്‍ സാധിക്കില്ല”, ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു. അങ്ങനെ ദൈവത്തിന്‍റെ സാമീപ്യവും സ്നേഹവും നേടുന്നതിന് വേണ്ടി ലോകമെമ്പാടും സമാധാനവും ഐക്യവും വളര്‍ത്തിയെടുക്കാന്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് പരിശ്രമിക്കുന്നു. ജമാഅത്ത് അതിന്‍റെ പ്രാരംഭം മുതല്‍ തന്നെ അനുവര്‍ത്തിക്കുന്ന നയമാണിത്. പീസ് സിംപോസിയങ്ങളും സമാന പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ മാനവികതയുടെ ബാനറിന് കീഴില്‍ ആളുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ അഹ്‌മദികള്‍ ലക്ഷ്യമിടുന്നു. “മനുഷ്യരാശിക്ക് നാശത്തില്‍ നിന്ന് രക്ഷയേകുന്ന യഥാര്‍ത്ഥവും ശാശ്വതവുമായ സമാധാനം സ്ഥാപിതമാകുക എന്നതാണ് [ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിറകിലുള്ള] ഞങ്ങളുടെ ചേതോവികാരം”, ഖലീഫ തിരുമനസ്സ് പറഞ്ഞു. ലോകം ദുരന്തത്തിന്‍റെ പടുകുഴിയിലാണെന്ന വസ്തുതയെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും, മനുഷ്യരെ അവരുടെ ഉത്തരവാദിത്വങ്ങള്‍ തിരിച്ചറിയാന്‍ – ഇന്നത്തെ തലമുറയെ മാത്രമല്ല, ഭാവി തലമുറയെ കൂടി – പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനം സ്ഥാപിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു: “സമാധാനത്തില്‍ മാത്രമേ ലോകത്തിന്‍റെ രക്ഷയുള്ളൂ. സാമൂഹിക പുരോഗതിയിലേക്കും വികസനത്തിലേക്കുമുള്ള വാതില്‍ തുറക്കുന്നതിനുള്ള സുവര്‍ണ്ണ താക്കോലാണ് സമാധാനം”.
സര്‍വശക്തനായ ദൈവത്തില്‍ നിന്ന് ആളുകള്‍ അകന്നുപോയതിനാലും ഭൗതിക നേട്ടങ്ങള്‍ അവരുടെ ആത്യന്തിക ലക്ഷ്യമായി മാറിയതിനാലും ഈ സന്ദേശം ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. എന്നിരുന്നാലും, അത്തരം വ്യര്‍ഥമായ ആഗ്രഹങ്ങളും താല്പര്യങ്ങളും കാരണമാണ് ലോകം രണ്ട് ലോകമഹായുദ്ധങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടത്. എന്നിട്ടും, ഭൂതകാലത്തിന്‍റെ ഭീകരതയില്‍ നിന്ന് പാഠം ഉള്‍കൊള്ളുന്നതിന് പകരം ലോകം വീണ്ടും യുദ്ധത്തിലും സംഘര്‍ഷത്തിലും അകപ്പെട്ടിരിക്കുകയാണ്.
“ഇത് മുസ്‌ലിങ്ങളുടെയോ അമുസ്‌ലിങ്ങളുടെയോ മാത്രം കുറ്റമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ക്രൂരതകളും അനീതികളും ഏതെങ്കിലും ഒരു രാജ്യത്തിന്‍റെയോ ഗ്രൂപ്പിന്‍റെയോ മാത്രം കരുതല്‍ ശേഖരമാണെന്ന് ഞാന്‍ പറയുന്നില്ല”, ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തെയോ മതത്തെ തന്നെയോ നശിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്ന അതിഭീകര സാഹചര്യങ്ങളില്‍ മാത്രമാണ് ഇസ്‌ലാം പ്രതിരോധ യുദ്ധം അനുവദിക്കുന്നത്. ഭൗമരാഷ്ട്രീയ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇസ്‌ലാം ഒരിക്കലും യുദ്ധം അനുവദിച്ചിട്ടില്ല. അനുവദിക്കുകയുമില്ല. സമാധാനം കൈവരിക്കാനുള്ള അങ്ങേയറ്റത്തെ മാര്‍ഗങ്ങളും അവലംബിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ നമ്മോട് നിര്‍ദേശിക്കുന്നത്. അതിന്‍റെ വിജയസാധ്യതകള്‍ എത്ര വിദൂരമായി തോന്നിയാലും ശരി.
വിശുദ്ധ ഖുര്‍ആനില്‍ സര്‍വശക്തനായ അല്ലാഹു പറയുന്നു:
“വിശ്വാസികളില്‍ പെട്ട രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ യുദ്ധത്തിലേര്‍പ്പെട്ടാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുക. എന്നിട്ട് അവരിലൊരു വിഭാഗം മറുവിഭാഗത്തെ ആക്രമിക്കുന്നതായാല്‍ ആക്രമിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്പനയിലേക്ക് മടങ്ങുന്നതുവരെ നിങ്ങള്‍ യുദ്ധം ചെയ്യുക. അങ്ങനെ അവര്‍ മടങ്ങിയാല്‍ അവരുടെയിടയില്‍ ന്യായപൂര്‍വം നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുകയും നീതി പാലിക്കുകയും ചെയ്യുക. നീതി പാലിക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും സ്‌നേഹിക്കുന്നു.”[2]
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രണ്ട് രാഷ്ട്രങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, അവരെ സമാധാനപരമായ ഒത്തുതീര്‍പ്പിലേക്ക് കൊണ്ടുവരാന്‍ മൂന്നാം കക്ഷി ശ്രമിക്കണമെന്ന് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു. അതിക്രമിയായ രാജ്യം യുദ്ധം തുടരുകയാണെങ്കില്‍ അതിനെ തടയാന്‍ ആനുപാതികവും നിയമാനുസൃതവുമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ ഒത്തൊരുമിക്കേണ്ടതുണ്ട്. എന്നിരുന്നാലും അവരത് നിര്‍ത്തിക്കഴിഞ്ഞാല്‍ അന്യായമായ പ്രതികാരം പാടില്ല.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: “വിശ്വസിച്ചവരേ, നിങ്ങള്‍ നീതിക്ക് സാക്ഷ്യം വഹിക്കുന്നവരായി അല്ലാഹുവിന് വേണ്ടി നിലകൊള്ളുക. ഒരു സമുദായത്തോടുള്ള വിരോധം അവരോട് നീതി പാലിക്കാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ [എപ്പോഴും] നീതി പാലിക്കുക. അതു ദൈവഭക്തിയുമായി ഏറ്റവും അടുത്തതാണ്. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മമായി അറിവുള്ളവനാണ്”.[3]
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു രാജ്യത്തോടുള്ള ശത്രുത നീതിയുടെ യഥാര്‍ഥ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയരുതെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. ആയതിനാല്‍, ഒരു രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെയും പുരോഗതിക്കുള്ള കഴിവിനെയും പരിമിതപ്പെടുത്തുന്ന യുദ്ധാനന്തര ശിക്ഷാ ഉപരോധങ്ങള്‍ എന്തുവിലകൊടുത്തും ഒഴിവാക്കണം. റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു കൊണ്ട് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഈ യുദ്ധം എങ്ങനെ, അല്ലെങ്കില്‍ എപ്പോള്‍ അവസാനിക്കുമെന്നതിന് ഒരു സൂചനയും കാണാനില്ലെന്ന് വ്യസനപൂര്‍വം പറഞ്ഞു. യുദ്ധം അവസാനിച്ച് കഴിഞ്ഞാല്‍ റഷ്യയെ കടുത്ത ഉപരോധത്തിന് വിധേയമാക്കുകയും, അവര്‍ ചെയ്ത പ്രവൃത്തികള്‍ക്കുള്ള പ്രതിഫലം അവര്‍ക്ക് നല്കുകയും ചെയ്യണമെന്ന് പറയാന്‍ പോലും ചില രാഷ്ട്രീയ നേതാക്കള്‍ മുതിര്‍ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദ ടൈംസില്‍ പ്രസിദ്ധീകരിച്ച മാത്യു പാരിസിന്‍റെ ഒരു ലേഖനത്തെ ഖലീഫ തിരുമനസ്സ് പരാമര്‍ശിച്ചു. ഇത്തരം അഭിപ്രായങ്ങള്‍ അനിശ്ചിതമായ ഒരു പരിതസ്ഥിതിയെ കൂടുതല്‍ ആളിക്കത്തിക്കാനും സമാധാനത്തിന്‍റെ സാധ്യത വെട്ടിച്ചുരുക്കാനും മാത്രമേ സഹായിക്കൂ എന്നും, ഇപ്പോള്‍ പറയുന്ന വാക്കുകള്‍ക്ക് ഭാവി സാഹചര്യത്തില്‍ കരിനിഴല്‍ വീഴ്ത്താന്‍ സാധിക്കും എന്നതിനെക്കുറിച്ച് നമ്മള്‍ ഇപ്പോഴും അജ്ഞരാണ് എന്നുമുള്ള കോളമിസ്റ്റിന്‍റെ അഭിപ്രായങ്ങളെ അദ്ദേഹം ശരി വച്ചു.
“തങ്ങള്‍ പിന്‍വാങ്ങിയാല്‍ അത് തങ്ങളുടെ നാശത്തിലേക്ക് നയിക്കുമെന്ന് അറിഞ്ഞാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്കും അതിന്‍റെ നേതാക്കള്‍ക്കും എന്ത് പ്രോത്സാഹനമാണ് ലഭിക്കുക?”, ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ചോദിച്ചു. ഒരു സംഘട്ടനത്തിന് സമാധാനപരമായ പരിഹാരം നേടുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്നതാണ് ഇസ്‌ലാമിക അധ്യാപനങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാരണത്താല്‍, ചര്‍ച്ചയുടെ വാതായനങ്ങള്‍ തുറന്നിടുകയും പരസ്പര സ്വീകാര്യമായ കരാര്‍ വ്യവസ്ഥകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും, ഒരു അക്രമി ദുരിതവും നാശവും വരുത്താന്‍ ശ്രമിക്കുകയും പിന്മാറാന്‍ വിസമ്മതിക്കുകയും ചെയ്യുന്നുവെങ്കില്‍, മറ്റ് രാജ്യങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് ക്രൂരത അവസാനിപ്പിക്കാന്‍ ആനുപാതികവും ആവശ്യമായതുമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം എന്നാണ് ഇസ്‌ലാം പറയുന്നത്. പ്രതികാരത്തിന് പകരം, സമാധാന സംസ്ഥാപനം എല്ലായ്പ്പോഴും പ്രധാന ലക്ഷ്യം ആയിരിക്കേണ്ടതാണ്.
പരസ്പര വിരോധികളായ രാഷ്ട്രീയ സഖ്യങ്ങളുടെ രൂപീകരണം യുദ്ധത്തിന്‍റെ അങ്ങേയറ്റം അപകടകരമായ ഒരു അനന്തരഫലമാണെന്ന് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) മുന്നറിയിപ്പ് നല്കി. കൂടാതെ അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ എല്ലാ തരത്തിലും ശത്രുത വര്‍ധിപ്പിക്കാന്‍ നിദാനമാകുന്നുണ്ട്. റഷ്യയും ചൈനയും എങ്ങനെ അടുത്ത ബന്ധം വളര്‍ത്തിയെടുക്കുന്നു എന്നതിനെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. യുദ്ധം പലപ്പോഴും കൂടുതല്‍ യുദ്ധത്തിലേക്ക് വഴി വയ്ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. യുക്രൈന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോ, അല്ലെങ്കില്‍ തങ്ങളുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഉപേക്ഷിച്ച് ബലപ്രയോഗം നടത്താന്‍ മറ്റു രാജ്യങ്ങള്‍ ധൈര്യപ്പെടുമോ എന്ന കൃത്യമായ ആശങ്കകള്‍ നിലനില്ക്കുന്നുണ്ട്.
ജേര്‍ണലിസ്റ്റ് പീറ്റര്‍ ഹിച്ചന്‍സിന്‍റെ ഒരു ലേഖനവും ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പരാമര്‍ശിച്ചു. യുക്രൈന് നല്കപ്പെടുന്ന ടാങ്കുകള്‍ റഷ്യ സ്വന്തം പ്രദേശമായി ധരിക്കുന്ന സ്ഥലങ്ങളിലേക്ക് കടന്നാല്‍ സംഭവിക്കുന്ന ഭവിഷ്യത്തുകളില്‍ ആശ്ചര്യപ്പെട്ടിട്ട് കാര്യമില്ല എന്ന് അതില്‍ പറയുന്നു. ഹിച്ചന്‍സ് തുടരുന്നു, “അതിനാല്‍ യൂറോപ്പിന്‍റെ വലിയൊരു ഭാഗം റേഡിയോ ആക്ടീവ് ശ്മശാനമായി മാറാനുള്ള സാധ്യതയുണ്ട്. അതിനുള്ള അമേരിക്കയുടെ പതിവ് പ്രതികാരനയം (അത് രോഷാകുലവും ശക്തവുമായിരിക്കും) ഭീതി, നാശനഷ്ടം, പലായനം, മഹാമാരി, ദാരിദ്ര്യം എന്നിവയുടെ ലോകത്തേക്ക് ഒരു പടി കൂടി നമ്മെ അടുപ്പിക്കുന്നതാണ്. കൂടാതെ, ഇത്തരം സാഹചര്യങ്ങള്‍ എപ്പോഴും യുദ്ധത്തിലേക്ക് നയിക്കുന്നതുമാണ്”.
പ്രമുഖ സാമ്പത്തിക വിദഗ്ധനായ ജെഫ്രി സാക്സിനെയും ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഉദ്ധരിക്കുകയുണ്ടായി. അദ്ദേഹവും സമാനമായ രീതിയില്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചുണ്ട്. “ഞങ്ങള്‍ സഖ്യങ്ങള്‍ സംഘടിപ്പിക്കുകയും ആയുധശേഖരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു” എന്നും, നിലവിലെ സമീപനം “മറ്റൊരു യുദ്ധത്തിനുള്ള ചേരുവകള്‍” ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു:
“നാം മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ഒരു ഗുരുതരമായ കാലഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അക്കാദമിക വിദഗ്ധരും, രാഷ്ട്രീയ വിചക്ഷണരും, പ്രമുഖ അനലിസ്റ്റുകളും കൂടുതലായി മുന്നറിയിപ്പ് നല്കുന്നു…. മനുഷ്യനിര്‍മിത ആഗോള ദുരന്തത്തിന്‍റെ സാധ്യത പ്രവചിക്കുന്ന, അന്താരാഷ്ട്ര ശാസ്ത്രജ്ഞര്‍ നിയന്ത്രിക്കുന്ന പ്രതീകാത്മകമായ ഡൂംസ്ഡേ ക്ലോക്ക് അടുത്തിടെ അത് ഇതുവരെ പ്രവചിച്ചിട്ടില്ലാത്ത ഒരു ആഗോള ദുരന്തത്തോട് ലോകം വളരെ അടുത്താണ് – അതായത് അര്‍ദ്ധരാത്രിക്ക് ഇനി വെറും 90 സെക്കന്റ് മാത്രമേ ബാക്കിയുള്ളൂ – എന്ന് സൂചിപ്പിച്ചിരിക്കുന്നു.”
ഇതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക അദ്ധ്യാപനങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, “മര്‍ദ്ദിക്കപ്പെടുന്ന ഇരകളെ മാത്രമല്ല, കുറ്റവാളിയെയും അക്രമിയെയും സഹായിക്കണമെന്നാണ് ഇസ്‌ലാം മുസ്‌ലിങ്ങളെ പഠിപ്പിക്കുന്നത്. ഇവിടെ ഉദ്ദേശിക്കുന്നത് അവരെ കൂടുതല്‍ ക്രൂരതകള്‍ ചെയ്യാന്‍ പ്രാപ്തരാക്കുക എന്നല്ല, മറിച്ച് അവരെ അതില്‍ നിന്ന് തടയുക എന്നതാണ്”.
“റഷ്യന്‍ ഭരണകൂടം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ എന്തുതന്നെയായാലും, യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് ആഴത്തിലുള്ള ആഗോള പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന വിശാലമായ ചിത്രം നാം മനസ്സില്‍ കാണേണ്ടതാണ്”, ഖലീഫ തിരുമനസ്സ് കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ലോകശക്തികള്‍ സമാധാന ചര്‍ച്ചകളിലൂടെ ഈ യുദ്ധം അവസാനിപ്പിക്കണമെന്നും, ഇല്ലെങ്കില്‍ ഇത് നിയന്ത്രണാതീതമാവുകയും, ഒരു സമ്പൂര്‍ണ ആണവ ലോകമഹായുദ്ധത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും, അങ്ങനെയൊരു യുദ്ധത്തിന്‍റെ സങ്കല്പാതീതമായ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് താന്‍ വര്‍ഷങ്ങളായി മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാഷണത്തിന്‍റെ അവസാനത്തില്‍ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഇപ്രകാരം പ്രാര്‍ഥിച്ചു:
“സര്‍വ്വശക്തനായ അല്ലാഹു ജനങ്ങള്‍ക്ക് വിവേകം നല്കട്ടെ. ഈ ലോകത്തിന്‍റെ സ്രഷ്ടാവും യജമാനനും നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന പോലെ, അവന്‍റെ അവകാശങ്ങളും അവന്‍റെ സൃഷ്ടികളുടെ അവകാശങ്ങളും നിറവേറ്റാന്‍ മനുഷ്യരാശിക്ക് സാധിക്കട്ടെ. ആമീന്‍”
ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)ന്‍റെ നേതൃത്വത്തില്‍ നടന്ന മൗനപ്രാര്‍ത്ഥനയോടെ പരിപാടി സമാപിച്ചു.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആന്‍ 3:98
[2] വിശുദ്ധ ഖുര്‍ആന്‍ 49:10
[3] വിശുദ്ധ ഖുര്‍ആന്‍ 5:9
0 Comments