ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് ശ്രേഷ്ഠരായ സംരക്ഷകരെ പ്രദാനം ചെയ്യേണമേ എന്ന് നബി തിരുമേനി(സ) പ്രാർഥിക്കുകയുണ്ടായി.
ഏപ്രില്‍ 24, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 19 ഏപ്രില്‍ 2024ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് പറഞ്ഞു: ഇന്നത്തെ ഖുത്ബയിലും നബിതിരുമേനി(സ)യുടെ ജീവിതത്തിലെ മനോഹര വശങ്ങൾ പ്രകടമാകുന്ന ഉഹുദ് യുദ്ധത്തിലെ സംഭവങ്ങൾ വിശദീകരിക്കുന്നതാണ്.
രക്തസാക്ഷികളുടെ കുടുംബങ്ങളെ നബിതിരുമേനി(സ) ആശ്വസിപ്പിക്കുന്നു
നബിതിരുമേനി(സ) രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ഉഹുദ് യുദ്ധത്തിൽ ശഹീദായ ഒരു വ്യക്തിയുടെ വൃദ്ധയായ മാതാവിനെ നബിതിരുമേനി(സ) കാണുകയുണ്ടായി. അപ്പോൾ അദ്ദേഹം അവരെ സമാശ്വസിപ്പിക്കുകയും, ‘ഉഹുദ് യുദ്ധത്തിലെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ശ്രേഷ്ഠരായ സംരക്ഷകരെ പ്രദാനം ചെയ്യേണമേ’ എന്ന് പ്രാർഥിക്കുകയും ചെയ്തു. നബിതിരുമേനി(സ) യുടെ അടുത്ത ബന്ധുക്കൾ വധിക്കപ്പെട്ടിരുന്നതിനാൽ അതിയായ ദുഖിതനായിരുന്നിട്ടും സ്വയം പരിക്കേറ്റിട്ടു കൂടിയും തിരുനബി രക്തസാക്ഷികളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധാലുവായിരുന്നത്. ഉഹുദ് യുദ്ധത്തിൽ രക്തസാക്ഷിയായ ഒരു സഹാബിയുടെ വിധവക്ക് വേണ്ടി നബിതിരുമേനിസ ഇപ്രകാരം പ്രാർത്ഥിച്ചു. ‘അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ ഭർത്താവിനേക്കാൾ നല്ല സംരക്ഷകനെ നല്കുമാറാകട്ടെ.’ നബിതിരുമേനിസ മദീനയിലേക്ക് തിരികെ വരുമ്പോഴാണ് കാരുണ്യത്തിന്റെ ഈ സംഭവങ്ങൾ നടന്നത്.
ഖലീഫാ തിരുമനസ്സ് പറയുന്നു, പിതൃസഹോദരന്‍റെയും സഹോദരൻറെയും രക്തസാക്ഷിത്വത്തെക്കുറിച്ച് തിരുനബി(സ) തൻറെ ബന്ധുവായ ഹംന ബിൻത് ജഹ്ശ്(റ)യെ അറിയിച്ചു. ഈ വാർത്ത ലഭിച്ചപ്പോൾ, അവർ വളരെ ക്ഷമയോടെ പറഞ്ഞു, ‘തീർച്ചയായും ഞങ്ങൾ അല്ലാഹുവിൻറേതാണ്, ഞങ്ങൾ അവനിലേക്ക് തന്നെ മടങ്ങുന്നതാണ്. എന്നിട്ട് പറഞ്ഞു അവർ വളരെ മാന്യമായ നിലയിലാണ് മരണം വരിച്ചത്. തിരുനബി(സ) അവരുടെ ഭർത്താവിൻറെ രക്തസാക്ഷിത്വത്തെ കുറിച്ച് അറിയിച്ചപ്പോൾ, അവർക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല. അപ്പോൾ നബി (സ) പറഞ്ഞു: ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഗഹനമായ ബന്ധം നോക്കുക. ഇത്തരം സമയങ്ങളിൽ, ഒരു സ്ത്രീക്ക് അവളുടെ രക്തബന്ധുക്കളുടെ നഷ്ടം സഹിക്കാൻ കഴിയും; എന്നാൽ അവളെ സംബന്ധിച്ചിടത്തോളം ഭർത്താവിനോടുള്ള അവളുടെ സ്നേഹബന്ധത്തെ കവിയുന്ന മറ്റൊന്നില്ല.
ഖലീഫാ തിരുമനസ്സ് പറയുന്നു, ഭർത്താക്കന്മാർ ഭാര്യമാരോട് ക്രൂരത കാണിക്കുന്നതിനുപകരം അവരോട് സ്നേഹത്തോടെയും കരുണയോടെയും പെരുമാറാനുള്ള ഒരു പാഠമാണിത്.
തിരുനബി(സ)യുടെ ഈ വാക്കുകൾ ഒരു വ്യക്തിക്ക് വേണ്ടി മാത്രമുള്ളതല്ല; പകരം, എല്ലാവർക്കും ഉള്ള ഒരു പാഠമാണ്. എന്തിനാണ് ഇങ്ങനെ ദുഃഖം പ്രകടിപ്പിച്ചത് എന്ന് തിരുനബി(സ) ചോദിച്ചപ്പോൾ, തന്റെ മക്കളെ ആരു സംരക്ഷിക്കും എന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ ദൈവം അദ്ദേഹത്തെക്കാൾ മികച്ച രക്ഷാധികാരിയായി മാറുന്ന ഒരു വ്യക്തിയെ അവർക്ക് നല്കട്ടെ എന്ന് തിരുനബി(സ) പ്രാർഥിച്ചു: ഹംന(റ) ഹദ്‌റത്ത് ത്വൽഹ(റ)യെ വിവാഹം കഴിച്ചപ്പോൾ ഈ വാക്കുകൾ പൂർത്തീകരിക്കപ്പെട്ടു. തൻറെ കുട്ടികളേക്കാൾ നന്നായി അദ്ദേഹം അവളുടെ കുട്ടികളോട് പെരുമാറിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മരണ വിലാപത്തെ സംബന്ധിച്ച നിർദേശങ്ങൾ
ഖലീഫാ തിരുമനസ്സ് പറയുന്നു, തിരുനബി(സ) മദീനയിലേക്ക് മടങ്ങിയപ്പോൾ, അനുചരന്മാർ അദ്ദേഹത്തെ മലയിൽ നിന്ന് ഇറങ്ങാൻ സഹായിക്കുകയുണ്ടായി. അദ്ദേഹം നമസ്ക്കരിച്ചതിന് ശേഷം പരിക്കുകൾ കാരണം വിശ്രമിക്കാനായി വീട്ടിലേക്ക് പോയി. ഇതിനിടയിൽ മദീനയിലെ സ്ത്രീകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് അറിഞ്ഞ് കരയാൻ തുടങ്ങി. ഇത് തിരുനബി(സ)യെ വേദനിപ്പിച്ചു, തൻറെ പിതൃസഹോദരൻ ഹംസ(റ)യും രക്തസാക്ഷിയായെന്നും, എന്നിട്ടും അദ്ദേഹത്തിൻറെ വിയോഗത്തിൽ വിലപിക്കാൻ ആരുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പോൾ, തിരുനബി(സ)യുടെ ചെറിയ ആഗ്രഹം പോലും നിറവേറ്റാൻ ആഗ്രഹിച്ച അനുചരന്മാർ അവരുടെ സ്ത്രീകളുടെ അടുത്ത് ചെന്ന് ഹദ്‌റത്ത് ഹംസ(റ)യുടെ രക്തസാക്ഷിത്വത്തിൽ വിലപിക്കാനായി പറഞ്ഞു. തിരുനബി(സ) തൻറെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ സ്ത്രീകൾ വിലപിക്കുന്നത് കണ്ടു. എന്താണ് കാരണമെന്ന് ചോദിച്ചു. അവർ ഹദ്‌റത്ത് ഹംസയുടെ (റ) രക്തസാക്ഷിത്വത്തിൽ വിലപിക്കുകയാണ് എന്നറിയിച്ചപ്പോൾ, അൻസാറുകൾക്ക് (മദീന നിവാസികൾക്ക്) തന്നോട് വളരെയധികം സ്നേഹമുണ്ടെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് തിരുനബി(സ) പറഞ്ഞു. എന്നിരുന്നാലും ജനങ്ങൾ ഇങ്ങനെ വിലപിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. തങ്ങളുടെ സങ്കടങ്ങൾ പരിഹരിക്കാനുള്ള ഒരേയൊരു മാർഗമാണിതെന്ന് അനുചരന്മാർ പറഞ്ഞു. കരയുന്നതിൽ നിന്ന് അവരെ വിലക്കിയിട്ടില്ലെന്ന് തിരുനബി (സ) പറഞ്ഞു; എന്നിരുന്നാലും, സ്വന്തം മുഖത്ത് അടിച്ചും മുടി വലിച്ചും വസ്ത്രം കീറിയും സങ്കടം പ്രകടിപ്പിക്കുന്നതിൽ നിന്ന് അദ്ദേഹം അവരെ വിലക്കി. തിരുനബി(സ) സ്വന്തം ദുഃഖസമയത്ത് പോലും മറ്റുള്ളവരുടെ വികാരങ്ങളെ കുറിച്ചാണ് കൂടുതൽ ശ്രദ്ധാലുവായിരുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
ഹംറാഉൽ അസദ് യുദ്ധം
ഖലീഫാ തിരുമനസ്സ് പറയുന്നു, ഹിജ്റ 3 ശവ്വാലിൽ നടന്ന ഹംറാഉൽ അസദ് യുദ്ധമായിരുന്നു മറ്റൊരു യുദ്ധം. വാസ്തവത്തിൽ, ഈ യുദ്ധം ഉഹ്ദ് യുദ്ധത്തിൻറെ ഭാഗമായിരുന്നു. ഉഹ്ദ് യുദ്ധത്തെ മുസ്‌ലിംകളുടെ വിജയമാക്കി മാറ്റിയ യുദ്ധമാണത്.
ഉഹ്ദ് യുദ്ധത്തിന് ശേഷം, പരിക്ക് വകവയ്ക്കാതെ തിരുനബി(സ) പള്ളിയിൽ തന്നെ നമസ്കരിക്കുകയുണ്ടായി. രാത്രി നമസ്കാരത്തിന് ശേഷം, അബൂസുഫ്‌യാൻ മദീന ആക്രമിച്ചേക്കുമോ എന്ന ആശങ്കയിൽ നബി(സ) രാത്രി മുഴുവൻ ഉണർന്നിരുന്നുവെന്ന് തോന്നുന്നു. തിരുനബി(സ)യുടെ വീടിന് പുറത്ത് സുരക്ഷ ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു. മദീനയിൽ അസ്വസ്ഥതയുമുണ്ടായിരുന്നു. അബൂസുഫ്‌യാൻറെ നീക്കങ്ങളെ കുറിച്ച് വിവരമറിയിക്കാൻ തിരുനബി(സ) ആളെ അയച്ചു, അബൂസുഫ്‌യാൻ മക്കയിലേക്ക് അതിവേഗം പോവുകയാണെന്ന് മനസ്സിലായി. എന്നിരുന്നാലും, തിരുനബി(സ) വിശ്രമിച്ചില്ല, അദ്ദേഹത്തിന്റെ ആശങ്ക ശരിയായിരുന്നു, കാരണം അബൂസുഫ്‌യാൻ മദീനയിലേക്ക് നീങ്ങുകയാണെന്ന് അന്നു രാത്രി തന്നെ അദ്ദേഹത്തിന് വിവരം ലഭിച്ചു.
അബൂസുഫ്‌യാൻ മദീനയിലേക്ക് തിരിക്കാനുള്ള കാരണം മക്കയിലേക്കുള്ള വഴിയിൽ ജനങ്ങൾ അവനെ പരിഹസിക്കുന്നതാണ് എന്ന ചിന്തയായിരുന്നു. അവർക്ക് നബി (സ)യെ കൊല്ലാനോ യുദ്ധമുതലുകൾ കൈക്കലാക്കാനോ പോലും കഴിഞ്ഞില്ല, അപ്പോൾ അവർ എന്ത് വിജയമാണ് നേടിയത്? അങ്ങനെ ആ ചിന്ത കാരണത്താൽ അദ്ദേഹവും സൈന്യവും മദീനയിലേക്ക് തിരിഞ്ഞു. സഫ്‌വാൻ ബിൻ ഉമയ്യയെപ്പോലുള്ളവർ മദീനയിലേക്ക് പോകരുതെന്ന് ഉപദേശിച്ചിട്ടും അബു സുഫ് യാൻ നിർബന്ധം ചെലുത്തുകയുണ്ടായി.
പ്രഭാത നമസ്കാരത്തിന് സമയമായപ്പോൾ, അബൂസുഫ്യാൻറെ സൈന്യത്തിൻറെ ഈ അവസ്ഥയെക്കുറിച്ചും മദീന ആക്രമിച്ച് ഇസ്ലാമിനെ ഉന്മൂലനം ചെയ്യാനുള്ള അവരുടെ ആഗ്രഹത്തെക്കുറിച്ചും ഒരാൾ തിരുനബി(സ)യെ അറിയിച്ചു.
ഇതറിഞ്ഞ തിരുനബി(സ) പറഞ്ഞു, സഫ്‌വാൻ അത്ര ബുദ്ധിമാനല്ലെങ്കിലും അബൂസുഫ്‌യാനോടുള്ള അദ്ദേഹത്തിന്റെ ഉപദേശം ശരിയായിരുന്നു.
ഈ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ലോകത്തിൻറെ ദാരുണമായ സാഹചര്യത്തിന്‍റെ വെളിച്ചത്തിൽ പ്രാർഥനകൾക്കായി ആഹ്വാനം
ഖലീഫാ തിരുമനസ്സ് പറയുന്നു, ഭയപ്പെട്ടതുപോലെ, ഇസ്രായേൽ നേരിട്ട് ഇറാനെ ആക്രമിച്ചു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. ഒരു മൂന്നാം ലോക മഹായുദ്ധത്തിന് ജീവൻ നല്കുന്ന ലോക നേതാക്കൾക്ക് സർവ്വശക്തനായ അല്ലാഹു വിവേകം നല്കട്ടെ. മുസ്‌ലിം ഉമ്മത്തിന് ജ്ഞാനവും വിവേകവും നല്കട്ടെ, അതിലൂടെ അവർ ഐക്യപ്പെടാനും സ്വയം പ്രതിരോധിക്കാനും ബുദ്ധി ഉപയോഗിക്കാനും കഴിയട്ടെ.
മരണപ്പെട്ടവരെ കുറിച്ചുള്ള അനുസ്മരണം
ഖലീഫാ തിരുമനസ്സ് ഖുത്ബയുടെ അവസാനത്തിൽ ജമാഅത്തിലെ ചില വ്യക്തികൾ വഫാത്തായ വിവരം അറിയിക്കുകയും അവരുടെ ദീനീ സേവനങ്ങളെ അനുസ്‌മരിക്കുകയും അവരുടെ മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യുകയും അവരുടെ ജനാസ ഗായിബ് നമസ്കരിക്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.
ജമാഅത്തിലെ മുറബ്ബി ആയിരുന്ന മൗലാനാ ഗുലാം അഹ്‌മദ് നസീം സാഹിബ്, യു.എസ്.എ യിൽ ജമാഅത്തിന്റെ നാഷണൽ പ്രെസിഡൻഡ് ആയിരുന്ന ഡോക്ടർ ഇഹ്സാനുല്ലാഹ് സഫർ സാഹിബ് എന്നിവരെയാണ് ഖലീഫാ തിരുമനസ്സ് അനുസ്‌മരിച്ചത്.
0 Comments