മുസ്‌ലിം സൈന്യത്തെ വീക്ഷിച്ച ഉമൈര്‍ പറഞ്ഞു,“ഖുറൈശി സമൂഹമേ! മുസ്‌ലിം സൈന്യത്തില്‍ ഞാന്‍ കണ്ടത് ഇതാണ്. അവരുടെ ഒട്ടകങ്ങളുടെ പുറത്ത് ഇരിക്കുന്നത് മനുഷ്യര്‍ അല്ല, മറിച്ച്, ഓരോ ഒട്ടകവും മരണം പേറിയതായാണ് ഞാന്‍ കണ്ടത്. യസ്‌രിബിലെ ഒട്ടകങ്ങള്‍ സര്‍വനാശവും വഹിച്ചാണ് വന്നിട്ടുള്ളത്.”
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 30 ജൂണ്‍ 2023ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ജൂലൈ 4, 2023
ഹദ്‌റത്ത് സവാദ് ബിന്‍ ഗസിയ്യ നബി(സ)യോട് കാണിച്ച സ്‌നേഹപ്രകടനത്തെ കുറിച്ച് താന്‍ കഴിഞ്ഞ ഖുത്ബയില്‍ പരാമര്‍ശിച്ചിരുന്നുവെന്ന്, തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
തിരുനബി(സ)യോടുള്ള സഹാബികളുടെ സ്നേഹപ്രകടനം
ഹദ്റത്ത് സവാദ് ബിന്‍ ഗസിയ്യ തനിക്ക് തിരുനബി(സ)യോട് പകരം ചോദിക്കണമെന്ന് പറയുകയും, പിന്നീട് തിരുനബി(സ)യെ ആലിംഗനം ചെയ്തു കൊണ്ട് ചുംബിക്കുകയും ചെയ്ത സംഭവം ഹദ്റത്ത് മിര്‍സാ ബഷീര്‍ അഹ്‌മദ്(റ)നെ ഉദ്ധരിച്ച് കൊണ്ട് ഖലീഫാ തിരുമനസ്സ് വിവരിച്ചു.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫ(റ) സമാനമായ ഒരു സംഭവം വിവരിച്ചിട്ടുണ്ടെന്നും, എന്നാൽ അത് ബദ്ര്‍ യുദ്ധത്തിന്റെ സമയത്തല്ല, മറിച്ച് മുഹമ്മദ് നബി(സ)യുടെ വിയോഗ സമയത്തോടടുത്താണെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. തിരുനബി(സ) തന്റെ അനുചരന്മാരോട് താൻ എപ്പോഴെങ്കിലും ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ നഷ്ടം വരുത്തിയിട്ടുണ്ടെങ്കിൽ പറയുകയും അതിനുള്ള പ്രതികാരം ഈ ലോകത്ത് തന്നെ ചെയ്യണമെന്നും പറയുകയുണ്ടായി. തിരുനബി(സ)യോട് സഹാബികൾക്കുണ്ടായിരുന്ന സ്‌നേഹത്തിന്റെ അളവനുസരിച്ച്, ഇത് അവർക്ക് കേൾക്കാൻ തന്നെ എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. തീർച്ചയായും ഇത് കേട്ടപ്പോൾ സഹാബികളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. എന്നിരുന്നാലും, ഒരു അനുചരൻ അത്തരമൊരു സന്ദർഭത്തെ കുറിച്ച് വിവരിക്കുകയുണ്ടായി. ഒരു യുദ്ധസമയത്ത് നബി(സ) പട്ടാള നിരകൾ ക്രമീകരിക്കുകയായിരുന്നു. നബി(സ) നടന്നു പോകുമ്പോൾ നബി(സ)യുടെ കൈമുട്ട് അദ്ദേഹത്തിന്റെ മുതുകിൽ തട്ടി. ഈ വാക്കുകള്‍ അവിടെയുണ്ടായിരുന്ന മറ്റു സഹാബികളെ വളരെയധികം രോഷാകുലരാക്കി. എന്നിരുന്നാലും, തിരുനബി(സ) തിരിഞ്ഞു നിന്നുകൊണ്ട് ആ വ്യക്തിയോട് പ്രതികാരം ചെയ്തുകൊള്ളുക എന്നും, തന്നെ കൈമുട്ട് കൊണ്ട് അടിച്ചുകൊള്ളുക എന്നും പറഞ്ഞു. എന്നാല്‍ തിരുനബി(സ)യുടെ കൈമുട്ട് തന്‍റെ ദേഹത്ത് തട്ടിയ സമയത്ത് തന്റെ പുറം നഗ്നമായിരുന്നുവെന്ന് ആ വ്യക്തി പറഞ്ഞു. തിരുനബി(സ) തന്റെ അനുചരന്മാരോട് തന്റെ കുപ്പായം പുറകിൽ നിന്ന് ഉയർത്താൻ ആവശ്യപ്പെട്ടു. അപ്പോൾ ആ മനുഷ്യൻ തിരുനബി(സ)യുടെ മുതുകിൽ ചുംബിച്ചു. ഇത്രയും നിസ്സാരനായ ഒരു സേവകന് എങ്ങനെയാണ് തിരുനബി(സ)യുടെ ആദരണീയ വ്യക്തിത്വത്തോട് പ്രതികാരം ചെയ്യാൻ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഈ ലോകത്തോട് വിടപറയാനുള്ള സമയം അടുത്തിരിക്കുന്നുവെന്ന് തിരുനബി(സ) പറഞ്ഞതായി അറിഞ്ഞപ്പോൾ അദ്ദേഹം നബി(സ)യെ ചുംബിക്കാൻ ആഗ്രഹിക്കുകയും ഇത് ഒരു അവസരമായി ഉപയോഗിക്കുകയുമാണ് ചെയ്തത്. അതല്ലാതെ തിരുനബിക്ക്(സ) വേണ്ടി തന്റെ ജീവൻ തന്നെ ബലിയർപ്പിച്ച തനിക്ക് ഒരു കൈമുട്ട് തട്ടിയത് കൊണ്ട് എന്തു ബുദ്ധിമുട്ടാണ് ഉണ്ടാവുക. ഈ വ്യക്തിയോട് ആദ്യം ദേഷ്യം തോന്നിയ സഹാബികൾ, അത്തരമൊരു ആശയം തങ്ങളുടെ ചിന്തയിൽ ഉദിച്ചില്ലലോ എന്നോർത്ത് സ്വയം പഴിച്ചു.
യുദ്ധത്തിൽ തിരുനബി(സ)യുടെ നിർദ്ദേശങ്ങൾ
ബദ്ർ യുദ്ധത്തിൽ സഹാബികൾക്ക് പല സ്ഥാനപ്പേരുകൾ ഉണ്ടായിരുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. മുഹാജിറുകളെ ‘യാ ബനീ അബ്ദിര്‍ റഹ്‌മാൻ’ എന്നും ഖസ്റജ് ഗോത്രത്തെ ‘യാ ബനീ അബ്ദില്ലാ’ എന്നും, ഔസ് ഗോത്രത്തെ ‘യാ ബനീ ഉബൈദില്ലാ’ എന്നുമായിരുന്നു വിളിച്ചത്. കൂടാതെ, തിരുനബി(സ) തന്റെ കുതിര സവാരിക്കാർക്ക് ഖൈലുല്ലാഹ് (അല്ലാഹുവിന്റെ കുതിര) എന്ന പദവി നല്കി. മറ്റൊരു നിവേദനമനുസരിച്ച്, പ്രത്യേകിച്ച് രാത്രിയിലോ ഘോരമായ യുദ്ധത്തിനിടയിലോ, അന്‍സാറുകള്‍ ‘അഹദ്’ എന്ന വാക്ക് ഉപയോഗിച്ച് പരസ്പരം തിരിച്ചറിയുമായിരുന്നു.
തിരുനബി(സ) യുദ്ധത്തിന് വിവിധ നിർദേശങ്ങൾ നല്കിയതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. അണികളെ ക്രമീകരിച്ച ശേഷം, പ്രവാചകൻ(സ) താൻ നിർദേശിക്കുന്നത് വരെ മുസ്‌ലിങ്ങൾ ആക്രമിക്കരുതെന്നും, ശത്രുക്കൾ മുന്നേറുകയാണെങ്കിൽ അമ്പുകൾ എയ്‌ത് അവരെ പിന്തിരിപ്പിക്കണമെന്നും നിർദേശിച്ചു. ശത്രുക്കൾ വളരെ അടുത്ത് എത്തുന്നതുവരെ അവരുടെ വാളുകൾ വീശരുതെന്നും തിരുനബി(സ) കല്പിക്കുകയുണ്ടായി. പ്രയാസങ്ങളിൽ സഹിഷ്ണുത പുലർത്തുന്നത് മൂലം ഒരാളുടെ ഉത്കണ്ഠകളെ അല്ലാഹു അകറ്റുന്നതാണെന്നും ദുഃഖത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതാണെന്നും നബി(സ) പറഞ്ഞു.
പ്രസ്തുത യുദ്ധത്തില്‍ ചിലയാളുകളെ കൊല്ലുന്നതിൽ നിന്ന് പ്രവാചകൻ(സ) മുസ്‌ലിങ്ങളെ വിലക്കിയിരുന്നു. ബനൂ ഹാഷിമും മറ്റു ചിലരും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി യുദ്ധത്തിന് വരാൻ നിർബന്ധിതരായതാണെന്നും, അതിനാൽ യുദ്ധത്തില്‍ അവരെ കണ്ടുമുട്ടിയാൽ മുസ്‌ലിങ്ങൾ അവരെ കൊല്ലരുതെന്നും തിരുനബി(സ) അനുചരന്മാരോട് നിർദേശിച്ചു.
ഹദ്റത്ത് മിര്‍സാ ബഷീര്‍ അഹ്‌മദ്(റ) ഉദ്ധരിച്ചു കൊണ്ട് ഖലീഫ തിരുമനസ്സ് പറഞ്ഞു:
“സഹാബികളെ അഭിസംബോധന ചെയ്തു കൊണ്ട് പ്രവാചകൻ(സ) പറഞ്ഞു:
“ഖുറൈശികളുടെ സൈന്യത്തിൽ ചിലർ ഖുറൈശി പ്രമാണിമാരുടെ സമ്മർദത്തിന് വഴങ്ങിക്കൊണ്ട് യുദ്ധത്തിന് വന്നവരുണ്ട്. നമ്മളുമായി യുദ്ധം ചെയ്യാൻ അവർക്ക് താല്പര്യമില്ല, അവര്‍ ഹൃദയം കൊണ്ട് നമുക്ക് എതിരുമല്ല. അതുപോലെ, നമ്മള്‍ മക്കയിലായിരുന്നപ്പോള്‍ നമ്മുടെ കഷ്ടപ്പാടിന്‍റെ അവസ്ഥയില്‍, നമ്മളോട് ഔദാര്യപൂര്‍വം പെരുമാറിയവരും ഈ സൈന്യത്തിലുണ്ട്. അവരോട് പ്രത്യുപകാരം ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഒരു മുസ്‌ലിം അത്തരത്തിലുള്ള ആരെയെങ്കിലും കീഴ്പെടുത്തിയാൽ അയാൾക്ക് ഒരു ഉപദ്രവവും വരുത്താൻ പാടില്ല.”[1]
യുദ്ധത്തിൽ നബി(സ)യുടെ പ്രാർത്ഥന
ഖലീഫാ തിരുമനസ്സ് പറഞ്ഞു, കഅ്ബയുടെ ദിശയിലേക്ക് മുഖം തിരിച്ചു കൊണ്ട് നബി(സ) അല്ലാഹുവിനോട് ഇങ്ങനെ പ്രാർത്ഥിച്ചു, “അല്ലാഹുവേ, നീ വാഗ്ദത്തം ചെയ്തത് എനിക്ക് നീ നല്കേണമേ. അല്ലാഹുവേ, ഈ മുസ്‌ലിം സമൂഹത്തെ നീ നശിപ്പിച്ചാൽ ഈ ഭൂമിയിൽ നിന്നെ ആരാധിക്കുന്നവരായി ആരും തന്നെ ഉണ്ടാവുകയില്ല”. തിരുനബി(സ) കൈകൾ ഉയർത്തി വളരെ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
മുസ്‌ലിങ്ങളുടെ ധീരത ഖുറൈശികളുടെ ഹൃദയങ്ങളിൽ ഭീതി ജനിപ്പിക്കുന്നു
തിരുനബി(സ) ആയിരുന്നു സൈന്യത്തെ നയിച്ചിരുന്നത്. തിരുനബി(സ) മറ്റെല്ലാവരേക്കാളും ധീരതയോടെയാണ് അന്ന് പോരാടിയത് എന്ന് അലി(റ) പ്രസ്താവിച്ചിട്ടുള്ള കാര്യം ഖലീഫാ തിരുമനസ്സ് വിവരിക്കുകയുണ്ടായി.
മുസ്‌ലിം സൈന്യത്തിന്റെ അംഗബലം കൃത്യമായി മനസ്സിലാക്കുന്നതിനും, ഏതെങ്കിലും സൈന്യം അവര്‍ക്ക് പിന്തുണ നല്കാന്‍ മറഞ്ഞിരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിനുമായി ഖുറൈശികള്‍ ഉമൈർ ബിൻ വഹബിനെ മുസ്‌ലിം സൈന്യത്തിന്‍റെ അടുക്കലേക്ക് കുതിരപ്പുറത്ത് പറഞ്ഞയച്ചു.
മുസ്‌ലിം സൈന്യത്തെ വീക്ഷിച്ചതിന് ശേഷം ഖുറൈശികളുടെ അടുക്കല്‍ തിരിച്ചെത്തിയ ഉമൈര്‍ പറഞ്ഞത് ഇപ്രകാരമാണ്, “ഒളിഞ്ഞിരിക്കുന്ന ഒരു സൈന്യത്തെയും എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. എങ്കിലും, ഖുറൈശി സമൂഹമേ! മുസ്‌ലിം സൈന്യത്തില്‍ ഞാന്‍ കണ്ടത് ഇതാണ്. അവരുടെ ഒട്ടകങ്ങളുടെ പുറത്ത് ഇരിക്കുന്നത് മനുഷ്യര്‍ അല്ല, മറിച്ച്, ഓരോ ഒട്ടകവും മരണം പേറിയതായാണ് ഞാന്‍ കണ്ടത്. യസ്‌രിബിലെ ഒട്ടകങ്ങള്‍ സര്‍വനാശവും വഹിച്ചാണ് വന്നിട്ടുള്ളത്”.
ഈ വാർത്ത കേട്ടപ്പോൾ ഖുറൈശി സൈന്യത്തില്‍ ഒന്നടങ്കം ഭീതി പടര്‍ന്നു. ഇതിന് ശേഷം ഉത്ബ ബിന്‍ റബീഅയുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് ഹകീം ബിൻ ഹിസാം അബുല്‍ ഹക്കമിന്‍റെ (അഥവാ അബൂ ജഹ്‌ല്‍) അടുക്കൽ ചെന്ന് ഖുറൈശികളേയും കൂട്ടി മടങ്ങി പോകാൻ നിർദേശിക്കുകയുണ്ടായി. എന്നാൽ ഉത്ബ ഭീരുത്വം പ്രകടിപ്പിക്കുകയാണെന്നും, ഉത്ബക്ക് ഇപ്പോൾ തന്റെ കുടുംബമാണ് വലുതെന്നും, ഒരു കാരണവശാലും തങ്ങള്‍ മടങ്ങിപ്പോകുന്നതല്ലെന്നും അബൂ ജഹ്ല്‍ പറയുകയുണ്ടായി.
അദ്ദേഹം അംർ ഹദ്‌റാമിയുടെ സഹോദരൻ ആമിർ ഹദ്‌റാമിയെ വിളിച്ച് പറഞ്ഞു, “നിങ്ങളുടെ സഖ്യകക്ഷികളിൽ പെട്ട ഉത്ബ പറയുന്നത് നിങ്ങൾ കേട്ടില്ലേ? പ്രത്യേകിച്ചും, നിങ്ങളുടെ സഹോദരന് വേണ്ടി പ്രതികാരം ചെയ്യാനുള്ള അവസരം നമ്മുടെ മുമ്പിൽ എത്തി നിൽക്കുമ്പോൾ”. ആമീറിന്റെ കണ്ണുകളിൽ ക്രോധത്താൽ രക്തം ഒഴുകാൻ തുടങ്ങി, അറബ് ആചാരമനുസരിച്ച്, അയാള്‍ തന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറി നിലവിളിക്കാൻ തുടങ്ങി:
“അഹോ കഷ്ടം! എന്റെ സഹോദരന് വേണ്ടി പ്രതികാരം ചെയ്യുന്നില്ല! അംറിന് നാശം! എന്റെ സഹോദരന് വേണ്ടി പ്രതികാരം ചെയ്യുന്നില്ല!”
ഈ നിലവിളി ഖുറൈശികളുടെ ഹൃദയങ്ങളിൽ ശത്രുതയുടെ അഗ്നി ആളിക്കത്തിക്കുകയും യുദ്ധത്തിന്റെ തീച്ചൂള പൂർണ്ണ ശക്തിയോടെ ജ്വലിക്കുകയും ചെയ്തു.
അടുത്ത വെള്ളിയാഴ്ച ജുമുഅ ഖുത്ബയിൽ ഈ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ (ഇംഗ്ലീഷ്) വാ. 2, പേ. 149-150
0 Comments