യാസ്മീന്‍ അഷ്‌റഫ്, ഔട്ട്‌റീച്ച് സെക്രട്ടറി, ലജ്നാ ഇമായില്ലാഹ് കോഴിക്കോട്
2026 ഏപ്രിൽ 11-ന്, അഹ്‍മദിയ്യാ മുസ്‌ലിം വനിതാ സംഘടനയായ ലജ്നാ ഇമായില്ലായുടെ കോഴിക്കോട് ഘടകം, “സ്ത്രീകൾ: സമാധാനത്തിന്‍റെയും മാനവികതയുടെയും ശില്പികൾ” എന്ന പ്രമേയത്തിൽ കോഴിക്കോട് ബൈത്തുൽ ഖുദ്ദൂസ് മസ്ജിദിൽ വെച്ച് ഒരു വനിതാ സമ്മേളനം സംഘടിപ്പിച്ചു. ലജ്നാ ഇമായില്ലാഹ് കോഴിക്കോട് പ്രസിഡന്‍റ് ഡോ. വസീമ സലാം സാഹിബ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാഅത്തിന് പുറത്തുനിന്നുള്ള നിരവധി വിശിഷ്ടാതിഥികൾ ഉൾപ്പെടെ 140-ഓളം സ്ത്രീകൾ പങ്കെടുത്തു.
പരിപാടിയുടെ ആരംഭത്തില്‍, എ കോള്‍ അണ്‍റ്റു പീസ് (A Call Unto Peace) എന്ന പേരില്‍, അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള സമാധാന സംസ്ഥാപന ശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് അഷ്ന സനം സാഹിബയുടെ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെ കാര്യപരിപാടികള്‍ ആരംഭിച്ചു. മുബഷിറ നൗഫൽ സാഹിബ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
തന്‍റെ അധ്യക്ഷ പ്രഭാഷണത്തില്‍ ഡോ. വസീമ സലാം സാഹിബ, ഇസ്‌ലാം സ്ത്രീകൾക്ക് നല്കുന്ന മഹനീയമായ സ്ഥാനത്തെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും അടിവരയിട്ട് സംസാരിച്ചു. കോഴിക്കോട് ലജ്നാ അംഗങ്ങൾ അവതരിപ്പിച്ച സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമുള്ള കവിത പരിപാടിക്ക് സൗഹാർദാന്തരീക്ഷം പകർന്നു. ലജ്നാ ഇമായില്ലാഹ് കോഴിക്കോട്-വയനാട് ജില്ലാ പ്രസിഡന്‍റ് ഫായിസ സലാഹുദ്ദീൻ സാഹിബ ഉദ്ഘാടന പ്രസംഗം നടത്തി.
മുഖ്യപ്രഭാഷണം നിർവഹിച്ച മുഹ്സിന താഹിർ സാഹിബ, സമൂഹത്തിൽ സമാധാനം വളർത്തുന്നതിൽ സ്ത്രീകൾക്കുള്ള നിർണായക പങ്കിനെക്കുറിച്ചും, ഇന്നത്തെ ലോകത്ത് മാനവികതയുടെയും കാരുണ്യത്തിന്‍റെയും വർധിച്ചുവരുന്ന ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള അതിഥികള്‍ തങ്ങളുടെ ഉന്നതമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് പരിപാടിക്ക് കൂടുതൽ ശോഭ നല്കി:
ശ്രീമതി കെ.സി. ശോഭിത (വാർഡ് കൗൺസിലർ), ഇത്തരത്തില്‍ പ്രസക്തമായ പരിപാടി സംഘടിപ്പിച്ചതിന് ലജ്നാ ഇമായില്ലായെ അഭിനന്ദിച്ചു. ആഗോള പ്രതിസന്ധികളെക്കുറിച്ചുള്ള ചർച്ചകളെ പ്രകീർത്തിച്ച അവർ, സമാധാനപൂർണമായ ഒരു ലോകത്തിലേക്ക് സമൂഹത്തെ നയിക്കാൻ സ്ത്രീകൾ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തു.
ഒയിസ്ക ഇന്‍റർനാഷണൽ (OISCA International) സൗത്ത് ഇന്ത്യ സെക്രട്ടറിയും, ഡബ്ല്യു.എം.സി വിമൻസ് ഫോറം (WMC Women’s Forum) മലബാർ റീജിയൻ ചെയർപേഴ്സണുമായ ശ്രീമതി ഫൗസിയ മുബഷിർ, ഇസ്‌ലാം സമാധാനത്തിന് നല്കുന്ന ഊന്നലിനെക്കുറിച്ച് സംസാരിച്ചു. ഇന്നത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ലോകത്തെ നയിക്കാൻ വനിതാ നേതാക്കൾക്ക് സാധിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ശ്രീമതി ക്ഷേമ തോമസ് (ജില്ലാ ഇൻഷുറൻസ് ഓഫീസർ, എഴുത്തുകാരി, ട്രാവൽ വ്ലോഗർ) സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വർഷം തോറും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ശ്രമങ്ങളെ അഭിനന്ദിച്ചു. സമൂഹത്തിൽ ബഹുമുഖ ഉത്തരവാദിത്വങ്ങൾ ഒരേസമയം സന്തുലിതമായി കൈകാര്യം ചെയ്യാനുള്ള സ്ത്രീകളുടെ സവിശേഷമായ കഴിവിനെക്കുറിച്ചും അവർ എടുത്തുപറഞ്ഞു.
ശാരിഹ സിദ്ദീഖ് സാഹിബയുടെ നന്ദി പ്രകാശനത്തിന് ശേഷം പരിപാടി അവസാനിച്ചു. തുടർന്ന് മൗനപ്രാർഥനയും ലഘുഭക്ഷണവും ഉണ്ടായിരുന്നു.
ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്ക് മെമെൻ്റോകളും ചെടിച്ചട്ടികളും സ്നേഹോപഹാരമായി നല്കി. കൂടാതെ ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും (World Crisis and the Pathway to Peace), സ്ത്രീ ഇസ്‌ലാമില്‍ (Women in Islam) എന്നീ ഗ്രന്ഥങ്ങളും, ലജ്നയുടെ മലയാളം മാസികയായ അന്നൂറി-ന്‍റെ കോപ്പികളും സമ്മാനിച്ചു.
സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കിയ വിജ്ഞാനപ്രദമായ സ്റ്റാളുകൾ സന്ദർശകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി:
ഖുർആൻ എക്സിബിഷനും കാലിഗ്രാഫി വർക്ക്ഷോപ്പും: “തൻസീൽ: പരിപൂർണമായി സംരക്ഷിക്കപ്പെട്ട ദൈവവചനം” എന്ന പേരിൽ ഒരുക്കിയ ഈ സ്റ്റാളിൽ വിശുദ്ധ ഖുർആന്‍റെ ദിവ്യമായ സംരക്ഷണത്തെക്കുറിച്ചും അതിന്‍റെ ആധികാരികതയെക്കുറിച്ചുമുള്ള വിവരങ്ങൾ നല്കപ്പെട്ടു. ഒപ്പം നടന്ന കാലിഗ്രാഫി വർക്ക്ഷോപ്പിൽ വിവിധ കാലിഗ്രാഫി ശൈലികൾ പരിചയപ്പെടുത്തുകയും ഖുർആൻ വചനങ്ങൾ എഴുതാനുള്ള അവസരം ഒരുക്കുകയുംകയും ചെയ്തു.
ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും: നിലവിലെ ആഗോള സാഹചര്യങ്ങളും സമാധാനത്തിലേക്കുള്ള മാര്‍ഗങ്ങളും അവതരിപ്പിച്ച ഈ സ്റ്റാള്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിർസാ മസ്റൂർ അഹ്‍മദ്(അയ്യദഹുല്ലാഹ്) ലോകസമാധാനവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച മാർഗനിര്‍ദേശങ്ങളെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വന്ദ്യ സ്ഥാപകന്‍റെ പ്രവചനങ്ങളും, നിലവിലെ പ്രതിസന്ധികളെക്കുറിച്ച് ഖലീഫാ തിരുമനസ്സ് മുൻകൂട്ടി നല്കിയ മുന്നറിയിപ്പുകളുടെ സമയരേഖയും, വിവിധ അന്താരാഷ്ട്ര പാർലമെന്‍റുകളിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചു.
വിത്ത് വിതരണ സ്റ്റാൾ: പരിസ്ഥിതി ബോധവൽക്കരണത്തിന്‍റെ ഭാഗമായി “ഗോ ഗ്രീൻ” എന്ന പേരിൽ ഒരുക്കിയ ഈ സ്റ്റാളിൽ നിന്ന് 50 പാക്കറ്റ് പച്ചക്കറി വിത്തുകളും ലജ്നാ ഇമായില്ലായെക്കുറിച്ചുള്ള ലഘുവിവരണ കാർഡുകളും വിതരണം ചെയ്തു.
ബുക്ക് സ്റ്റാൾ: അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ നിരവധി പുസ്തകങ്ങൾ ഇവിടെ ലഭ്യമായിരുന്നു. സമാധാനം, ആത്മീയത, സ്ത്രീകളുടെ അവകാശങ്ങൾ, ഇസ്‌ലാമിക അധ്യാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾ വാങ്ങാനും ഇസ്‌ലാമിന്‍റെ യഥാർഥ സന്ദേശം മനസ്സിലാക്കാനും സന്ദർശകർ ഏറെ താല്പര്യം കാണിച്ചു.
പരസ്പര ഐക്യത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പങ്കുവെച്ചുകൊണ്ട്, സ്ത്രീകൾ സമാധാനത്തിന്‍റെയും മാനവികതയുടെയും ശില്പികളാണെന്ന് അടിവരയിട്ടുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.
0 Comments