എഫ്. എ. നെല്ലിക്കുന്ന്
‘ഇസ്‌ലാം’ എന്ന വാക്ക് സമാധാനം എന്ന പദത്തെ ദ്യോതിപ്പിക്കുന്ന അറബി പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണ്. ആധുനിക കാലത്ത് ഈ പദം നാം ഒരുപാട് ചര്‍ച്ച ചെയ്യുന്നുണ്ട്. മനുഷ്യൻ ജീവിതത്തിലുടനീളം ആഗ്രഹിക്കുന്നതും, എന്നാൽ പലപ്പോഴും ലഭിക്കാതെ വരുകയും ചെയ്യുന്നതാണ് സമാധാനം. സമാധാനഭംഗമുണ്ടാക്കുന്ന നിരവധി സംഭവങ്ങൾ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഉണ്ടാകുന്നുണ്ട്. സമാധാനം ലഭ്യമാകുന്നതിനായി മനുഷ്യൻ ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിലേക്കുളള വഴിയെക്കുറിച്ച് അവൻ വേണ്ടത്ര ബോധവാനല്ല എന്നതാണ് വസ്തുത. പണ പാരിതോഷികങ്ങള്‍കൊണ്ട് സമാധാനം വിലക്കുവാങ്ങാൻ സാധ്യമല്ല എന്ന് മനുഷ്യൻ പലപ്പോഴും തിരിച്ചറിയുന്നുമുണ്ട്. വ്യക്തിയിൽ അധിഷ്ഠിതമായ സമാധാനം, സാമൂഹിക തലത്തിൽ ഉണ്ടാകേണ്ട സമാധാനം, ദേശീയമായി ഉടലെടുക്കേണ്ട സമാധാനം, രാജ്യാന്തര സമാധാനം എന്നിങ്ങനെ വിശാലമായ അര്‍ഥ തലങ്ങൾ സമാധാനം എന്ന പദത്തിന് നല്കേണ്ടതുണ്ട്. പലപ്പോഴും അപ്രാപ്യമാകുന്ന വിവിധ തലങ്ങളിലുളള സമാധാനം എങ്ങനെ സ്വായത്തമാക്കാം എന്ന് നമ്മൾ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. കാരണം ലോകം നിലനില്ക്കണമെങ്കിൽ, അഥവാ മനുഷ്യരാശിക്ക് മുന്നോട്ട് പോകണമെങ്കിൽ ഇത് കൂടിയേ തീരൂ.
നേരത്തേ സൂചിപ്പിച്ചതുപോലെ ഇസ്‌ലാം സമാധാനത്തിന് എത്രമാത്രം പ്രാധാന്യം നല്കിയിരിക്കുന്നു എന്ന് നോക്കാം. നബിതിരുമേനി(സ) പതിമൂന്ന് വര്‍ഷം മക്കയിൽ തുല്ല്യതയില്ലാത്ത വിധം സഹനം കൈക്കൊണ്ടു. ഇത് സാമൂഹിക സമാധാനം നിലനിര്‍ത്താൻ വേണ്ടിയായിരുന്നു. അദ്ദേഹത്തെയും അനുയായികളെയും മക്കയിലെ ശത്രുക്കൾ സര്‍വ സീമകളും ലംഘിച്ച് ഉപദ്രവിച്ചപ്പോൾ ആ മഹാത്മാവ് തിരിച്ചടിക്കാനോ, അക്രമം നടത്താനോ കല്പിച്ചില്ല. മറിച്ച് അദ്ദേഹത്തിൽ നിന്ന് അനിതരസാധാരണമായ സഹനം എന്ന ധാര്‍മിക ഗുണം വെളിപ്പെടുകയായിരുന്നു. ഒടുവിൽ അദ്ദേഹത്തിന് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. സമാധാനത്തെ മുൻനിര്‍ത്തിയായിരുന്നു അവിടുന്ന് ഇത്തരത്തിൽ പ്രവര്‍ത്തിച്ചത്. മദീനയിലെത്തിയപ്പോഴും ആ മഹാത്മാവ് അവിടുത്തെ ഇതര മതസ്ഥരോടും, ഗോത്രങ്ങളോടും സമാധാനത്തിൽ വര്‍ത്തിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഒരിക്കലും തന്നെ അവരുടെ മതമോ വിശ്വാസമോ കാരണമായി ശത്രുത പുലര്‍ത്തിയില്ല. മറിച്ച് മനുഷ്യത്വത്തിലും കാരുണ്യത്തിലുമൂന്നിയായിരുന്നു അവിടുന്ന് അവരോട് വര്‍ത്തിച്ചത്. എന്നാൽ ജൂതന്മാർ ഉള്‍പ്പെടുന്ന ഇതര ഗോത്രങ്ങൾ അവിടുത്തെ ഈ വിശാലതയെ അംഗീകരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ വധിച്ചുകളയാൻ തക്കം പാര്‍ത്തുനിന്നു എന്നതാണ് ചരിത്രം.
അറിയുന്നവരോടും, അറിയാത്തവരോടും സലാം (സമാധാനം ആശംസിക്കുക) പറയുക എന്ന് അദ്ദേഹം അനുയായികളെ ഉപദേശിച്ചു. അതായത് ഇത്തരത്തിലുളള സമാധാനാശംസകൾ മുഖേന അന്തരീക്ഷം നിറയണം എന്ന അതിയായ ആഗ്രഹമാണ് അവിടുന്ന് വച്ചു പുലര്‍ത്തിയത്. ഇവിടെ അറിയാത്തവരോടും സമാധാനം ആശംസിക്കാൻ ഉപദേശിച്ചിട്ടുണ്ട്. ഇതിൽ നിന്നു തന്നെ അന്യ ജാതിയിലോ, മതത്തിലോ ഉള്‍പ്പെടുന്നവർ ഇതിന്‍റെ പരിധിയിൽ വരുന്നു എന്ന് വ്യക്തമാണല്ലോ. എന്നാൽ ചില നാമധാരികളായ മുസ്‌ലിം പണ്ഡിതർ സലാം ചെല്ലുന്നതിനെ സമുദായത്തിനകത്തേക്ക് മാത്രം ചുരുക്കിയിരിക്കുന്നു.
നബിതിരുമേനി(സ)യെക്കുറിച്ച് നഊദുബില്ലാഹ് (അല്ലാഹു രക്ഷിക്കട്ടെ) യുദ്ധക്കൊതിയൻ എന്ന ആക്ഷേപം നിലനില്ക്കുന്നുണ്ട്. അദ്ദേഹത്തിന് തന്‍റെ ജീവിതകാലത്ത് നിരവധി യുദ്ധങ്ങളിൽ ഭാഗഭാക്കാവേണ്ടി വന്നു എന്നത് വസ്തുതയാണെങ്കിലും, എന്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത് എന്നത് കൂടി വിവരിക്കേണ്ടതുണ്ട്. അദ്ദേഹം നടത്തിയ യുദ്ധങ്ങളെല്ലാം പ്രതിരോധ യുദ്ധങ്ങളായിരുന്നു. നേരത്തേ പരാമര്‍ശിച്ചതുപോലെ, പതിമൂന്ന് വര്‍ഷത്തെ മക്കാവാസത്തിൽ അദ്ദേഹം പ്രതിരോധ യുദ്ധം പോലും ചെയ്തില്ല എന്ന വസ്തുത എന്ത്കൊണ്ടാണ് അദ്ദേഹത്തിന്‍റെ ആക്ഷേപകർ മുഖവിലയ്ക്കെടുക്കാത്തത്? പലായനം ചെയ്ത് മദീനയിലെത്തിയപ്പോഴും മക്കയിലെ ശത്രുക്കൾ അദ്ദേഹത്തെയും വിശ്വാസികളെയും സ്വൈരജീവിതത്തിന് സമ്മതിച്ചില്ല. സര്‍വസന്നാഹങ്ങളുമായി അവർ മദീനയെ ആക്രമിക്കാൻ വരികയാണുണ്ടായത്. ഈ സന്ദര്‍ഭത്തിലാണ് തന്നെ നിയോഗിച്ച ദൈവം അദ്ദേഹത്തിന് പ്രതിരോധിക്കാൻ അനുവാദം നല്കിയത്. ഈ അനുവാദം ലഭിക്കുംവരെ തന്‍റെ അനുയായികളെ ഭീകരമായ മര്‍ദനങ്ങള്‍ക്ക് വിധേയരാക്കിയ ശത്രുക്കള്‍ക്കെതിരെ യാതൊരു പ്രതികാര നടപടിയും സ്വീകരിച്ചില്ല എന്നതെന്തേ ആക്ഷേപകർ മറച്ചുവയ്ക്കുന്നത്? ദൈവത്തിൽ നിന്ന് പ്രതിരോധ യുദ്ധത്തിന് അനുവാദം ലഭിച്ചില്ലായിരുന്നുവെങ്കിൽ ലോകത്ത് ഇസ്‌ലാം എന്ന മതം ശേഷിക്കുമായിരുന്നില്ല. ഇപ്രകാരമുളള അനുവാദം നല്കിയില്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും മതമോ, പ്രസ്ഥാനമോ ശേഷിക്കുമോ?
ഇവിടെയാണ് ഇസ്‌ലാമിന്‍റെ ഉന്നതമായ അധ്യാപനം സ്ഥാപിതമാകുന്നത്. അഥവാ ശത്രുവിനെ പ്രതിരോധിക്കാനുളള അവസരം. മഹാനായ യേശുക്രിസ്തു ഒരു കവിളിൽ അടി കിട്ടിയാൽ മറ്റേ കവിൾ കൂടി കാണിച്ചുകൊടുക്കാൻ പറഞ്ഞിരിക്കുന്നു. ഈ അധ്യാപനം എക്കാലത്തേക്കുമുളളതായിരുന്നോ? ആയിരുന്നെങ്കിൽ ക്രിസ്തുമതവും ലോകത്ത് ബാക്കിയാകുമായിരുന്നില്ല. അതിനാൽ ഇങ്ങോട്ട് ആക്രമിക്കപ്പെടുന്നവര്‍ക്ക് പ്രതിരോധത്തിനുളള അനുവാദം വിശുദ്ധ ഖുര്‍ആൻ നല്കുകയുണ്ടായി. അതായത് യുദ്ധം അടിച്ചേല്പിക്കപ്പെട്ടവര്‍ക്ക് തിരിച്ചടിക്കാനുളള അനുവാദം.
നബിതിരുമേനി(സ) വ്യക്തികളിലധിഷ്ഠിതമായ സമാധാനം നിലനില്‍ക്കുവാനുളള അധ്യാപനം മുതൽ രാജ്യാന്തര സമാധാനം നിലനില്‍ക്കാനുളള അധ്യാപനം വരെ നല്കുകയുണ്ടായി. അത് എക്കാലത്തും ലോകത്തിന് മാതൃകയാണ്.
അവിടുത്തെ പ്രവചന പ്രകാരം നിയോഗിതനായ വാഗ്ദത്ത മസീഹ് ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദും(അ) സമാധാന സംസ്ഥാപനത്തിനുളള അധ്യാപനം ബൃഹത്തായ രീതിയിൽ നല്കിയിട്ടുണ്ട്. യഥാര്‍ഥത്തിൽ ഒരു ദൈവനിയോഗിതന് മാത്രമേ ഏറ്റവും ഫലവത്തായ അധ്യാപനം എല്ലാ മേഖലകളിലും നല്കുവാൻ സാധിക്കുകയുളളൂ. അവരുടെ ഈ ഉന്നതമായ അധ്യാപനം തന്നെ അവരുടെ സത്യതയിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഏതായാലും എന്തായിരുന്നു സമാധാന സംസ്ഥാപനത്തിനുളള അദ്ദേഹത്തിന്‍റെ അധ്യാപനം എന്ന് പരിശോധിച്ചു നോക്കാം. തന്‍റെ മൈത്രീ സന്ദേശം എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരം പറയുന്നു:
“പ്രിയ സൂഹൃത്തുക്കളേ! ഹിന്ദുക്കളോ മുസ്‌ലീങ്ങളോ ആയ നാമെല്ലാവരും നൂറ്റുക്കണക്കായ വിശ്വാസാഭിപ്രായ വൈപരീത്യങ്ങളോടു കൂടീയവരാണെങ്കിലും, ഈ പ്രപഞ്ചസകലത്തിന്‍റെയും സ്രഷ്ടാവും രക്ഷിതാവുമായ ദൈവത്തിൽ വിശ്വസിക്കുന്ന വിഷയത്തിൽ ഒന്നാകുന്നുവല്ലോ. അപ്രകാരം തന്നെ നാമെല്ലാം മനുഷ്യരെന്ന നിലയിൽ പൊതുതാത്പര്യത്തോട് കൂടിയവരുമാകുന്നു. അതെ, മനുഷ്യരെന്ന പേരിൽ നമ്മളെല്ലാവരും പരസ്പരം ബന്ധിതരായിരിക്കുന്നു. അതുമല്ല, നാം ഒരേ രാജ്യത്തിൽ നിവസിക്കുന്നവരാകയാൽ അന്യോന്യം അയല്‍ക്കാരെന്ന നിലയിലും ബന്ധപ്പെട്ടവരാകുന്നു. അതിനാൽ നമ്മൾ ആത്മാര്‍ഥതയോടും നിഷ്കപടതയോടും കൂടി പരസ്പരം മിത്രങ്ങളായി വര്‍ത്തിച്ചും മതപരവും ലൗകികവുമായ വൈഷമ്യഘട്ടങ്ങളിലെല്ലാം അന്യോന്യം സഹതാപം പ്രദര്‍ശിപ്പിച്ചും ഒരേ ശരീരത്തിലെ അവയവങ്ങളെന്നോണം തമ്മിൽ തമ്മിൽ സഹകരിക്കേണ്ടതു നമ്മുടെ കര്‍ത്തവ്യമാകുന്നു.”[1]
ഭാരതത്തിലെ സമകാലിക സംഭവങ്ങളെ മേൽ ഉദ്ധരണിയുടെ പശ്ചാത്തലത്തിൽ പരിശോധിക്കാവുന്നതാണ്. മത-സാമുദായിക സംഘര്‍ഷങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം സംഭവിക്കുന്നുണ്ട്. എന്നാൽ മനോഹരമായ ഉപര്യുക്ത അധ്യാപനം പ്രാവര്‍ത്തികമാക്കുകയാണെങ്കിൽ ജനങ്ങളുടെ നേരായ പുരോഗതിയും ക്ഷേമവും ദര്‍ശിക്കാൻ സാധിക്കും. ജനങ്ങളുടെ മതബോധം വളരെ താഴ്ന്ന നിലവാരത്തിലുളളതായി കാണാൻ സാധിക്കുമെങ്കിലും, അവരുടെ മതവികാരം വളരെ ഉയര്‍ന്നതും അതേ സമയം നേര്‍ത്തതുമാണ്. ലോലമായ ഈ വികാരത്തെ ചൂഷണം ചെയ്യാൻ ഭരണാധികാരികളും, ജനപ്രതിനിധികളും ഒരുങ്ങിപ്പുറപ്പെടുമ്പോഴാണ് വര്‍ഗീയ ധ്രുവീകരണം പോലുളള ആപത്ത് വന്നുഭവിക്കുന്നത്. ഇത് രാജ്യപുരോഗതിയെ തടസ്സപ്പെടുത്തുകയും നാശത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ജാതി-മത വൈവിധ്യങ്ങളുളള ഭാരതത്തിൽ ഇതിന്‍റെ ദൂരവ്യാപകമായ ഫലങ്ങൾ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കും.
വാഗ്ദത്ത മസീഹ്(അ) തുടര്‍ന്ന് അരുൾ ചെയ്യുന്നു:
“സൂഹൃത്തുക്കളേ! നമ്മളിൽ ഏതെങ്കിലും ഒരു സമുദായക്കാർ ദൈവത്തിന്‍റെ ഈ സമ്പ്രദായങ്ങളെ ആദരിക്കാതെയും അവന്‍റെ പാവനങ്ങളായ ഗുണങ്ങള്‍ക്കൊത്തു തങ്ങളുടെ നടപടികളെ ക്രമപ്പെടുത്താതെയും ഇരിക്കുന്നുവെങ്കിൽ, ആയവർ താമസിയാതെ നാശമടയും. അവരുടെ ഈ അതിക്രമത്തിന്‍റെ ദോഷഫലങ്ങൾ അവരുടെ മേൽ മാത്രമല്ല അവരുടെ ഭാവിതലമുറകളുടെ മേലും വന്നുഭവിക്കുന്നതാണ്. ദൈവത്തിന്‍റെ ഗുണവിശേഷങ്ങളെ തന്നിൽ പ്രതിഫലിപ്പിക്കുന്നതു മൂലമാണ് മനുഷ്യൻ നാശത്തെ അതിജീവിക്കുന്നത്. സര്‍വസമാധാനത്തിന്‍റെയും ഉറവിടങ്ങളായ ദൈവഗുണങ്ങളനുസരിച്ച് ജീവിതചര്യകളെ ക്രമപ്പെടുത്തുന്നതിലാണ് മനുഷ്യന്‍റെ ശാരീരികവും ആത്മീയവുമായ ജീവിതം ആശ്രയിച്ചുനില്ക്കുന്നതും. ഈ പരമാര്‍ഥത്തെ ലോകാരംഭം മുതൽ എല്ലാ രാജ്യങ്ങളിലെയും സത്യസന്ധരായ ദൈവദാസർ സാക്ഷീകരിച്ചു വന്നിരിക്കുന്നു.”[2]
തങ്ങളുടെ ജീവിതം ദൈവീക ഗുണഗണങ്ങളനുസരിച്ച് ക്രമപ്പെടുത്തുകയും, ഈ ദൈവീക ഗുണങ്ങൾ പ്രതിഫലിപ്പിക്കുകയുമാണ് ദൈവദാസരുടെ കടമ. ഇത്തരം സ്ഥിതിവിശേഷം ഭൂമിയെ സ്വര്‍ഗമാക്കുകയും, സാര്‍വലൗകീക സമാധാനത്തെ ആനയിച്ചുകൊണ്ടുവരുകയും ചെയ്യും. എന്നാൽ ജീവനുളള മതത്തിനു മാത്രമേ ഇത്തരം ദാസന്മാരെ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കുകയുളളു. ഇന്ന് ഏതെങ്കിലും മതം ജീവനുളളതായി കാണപ്പെടുന്നുവെങ്കിൽ അത് ഇസ്‌ലാം മതമാണ്. അത് സാര്‍വലൗകീക സമാധാനവും, കാരുണ്യവും വിഭാവനം ചെയ്യുന്ന മതമാണ്. ഇത്രയും വിശാലമായ കാഴ്ചപ്പാട് മറ്റ് മതങ്ങളിൽ കാണാൻ സാധ്യമല്ല തന്നെ.
ഇനി സാര്‍വലൗകീക സമാധാനത്തിനായും, മൂന്നാം ലോക മഹായുദ്ധഭീഷണിക്കുമെതിരെ അഹ്‌മദിയ്യാ ജമാഅത്തിന്‍റെ ഇപ്പോഴത്തെ ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) എന്തൊക്കെ പരിശ്രമങ്ങളാണ് നടത്തിവരുന്നത് എന്ന് പരിശോധിക്കാം.
വിവിധ രാജ്യങ്ങളിലെ ഉന്നതസഭകളിൽ, പ്രത്യേകിച്ചും യൂറോപ്പിൽ, അദ്ദേഹം ഇത് സംബന്ധമായി നിരവധി പ്രഭാഷണങ്ങൾ നിർവഹിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ സവിശേഷമായ നിലവാരത്തിൽ നിലകൊളളുന്നു. സൂര്യൻ പടിഞ്ഞാറ് ഉദിക്കുമെന്ന നബി തിരുമേനി(സ)യുടെ പ്രവചനത്തിന്‍റെ സാക്ഷാല്‍ക്കാരമെന്നോണം പാശ്ചാത്യ ബൗധിക സമൂഹം ഇസ്‌ലാമെന്ന സൂര്യന്‍റെ പ്രഭ അദ്ദേഹത്തിൽ നിന്ന് സ്വായത്തമാക്കിയിട്ടുണ്ട്. ഈ പ്രസംഗങ്ങളുടെയെല്ലാം അടിസ്ഥാനവും, അവലംബവും ഇദംപ്രഥമമായി പരിശുദ്ധ ഖുര്‍ആനും, നബിചര്യകളുമാണ്. കാരണം അവ ലോകാവസാനം വരേക്കുമുളളതാണ്. ഹദ്റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) വാഷിംഗ്ടണ്‍ ഡി.സിയിൽ അമേരിക്കൻ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് കൊണ്ട് ഇപ്രകാരം പറയുന്നു:
“സമാധാനവും നീതിയും വ്യത്യസ്തങ്ങളല്ല. ഒന്ന് കൂടാതെ മറ്റേത് പ്രാപ്യമല്ല. ഈയൊരു തത്വം വിവേകികളും ബുദ്ധിമതികളും തിരിച്ചറിഞ്ഞിട്ടുളളതാണ്. ലോകത്ത് കുഴപ്പം സൃഷ്ടിക്കാനായി ഉഴറി നടക്കുന്നവരെ മാറ്റി നിര്‍ത്തിയാൽ സമൂഹത്തിലോ രാഷ്ട്രത്തിലോ ലോകത്താകമാനം തന്നെയോ നീതിയും നെറിയും നിലനില്ക്കുന്നുണ്ടെങ്കിൽ അസമാധാനവും അക്രമവും നിലനില്‍ക്കുകയില്ലെന്ന കാര്യത്തിൽ ആര്‍ക്കും തന്നെ സംശയമുണ്ടാവുകയില്ല. എന്നാൽ ലോകത്ത് പലയിടങ്ങളിലും അക്രമവും അസമാധാനവും നിലനില്‍ക്കുന്നതായി നാം കാണുന്നു. രാജ്യങ്ങളുടെ ആഭ്യന്തരാവസ്ഥയിലും മറ്റുളള രാജ്യങ്ങളുമായുളള അവയുടെ ബന്ധങ്ങളിലും ഇതുണ്ട്. എല്ലാ ഭരണകൂടങ്ങളും അവർ നീതിയുക്തമായാണ് പ്രവര്‍ത്തിക്കുന്നതെന്നവകാശപ്പെടുന്നുണ്ടെങ്കിലും അസ്ഥിരതയും സംഘര്‍ഷവുമാണ് ചുറ്റും നിഴലിക്കുന്നത്. സമാധാന സംസ്ഥാപനമാണ് എല്ലാവരുടെയും ലക്ഷ്യമെന്ന് അവർ പറയുകയും ചെയ്യുന്നു. എന്നിട്ടുമെന്തേ അസ്വസ്ഥതയും ആകുലതയും ലോകത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു? കുഴപ്പം വ്യാപകമാകുന്നു? നീതിയുടെ നിബന്ധനകൾ എവിടെയെല്ലാമോ പാലിക്കപ്പെടാതെ പോകുന്നുണ്ടെന്നാണിത് കാണിക്കുന്നത്. അതുകൊണ്ട് അസമത്വം എവിടെയെല്ലാം എപ്പോഴെല്ലാം മുളപൊട്ടുന്നുവോ, അവിടെവച്ച് അപ്പോൾ തന്നെ അതിനറുതി വരുത്തേണ്ടതാവശ്യമാണ്.”[3]
സമാധാനം എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും മേൽ പരാമര്‍ശിച്ചതുപോലെ അത് സത്യവുമായി ഒട്ടിച്ചേര്‍ന്നാണ് നിലകൊളളുന്നത്. ജനങ്ങൾ പലപ്പോഴും തങ്ങളുടെ താത്ക്കാലിക ലാഭത്തിനായി കളവിനെ കൂട്ടുപിടിക്കുന്നു. അന്യന്‍റെ അവകാശങ്ങളെ അധികാരികളെ തെറ്റിദ്ധരിപ്പിച്ച് കവര്‍ന്നെടുക്കുന്നു. സ്വാര്‍ഥ താത്പര്യ സംരക്ഷണത്തിനായി ലോലമായ മതവികാരത്തെ വ്രണപ്പെടുത്തുന്നു. അസത്യമായ വിവരങ്ങൾ നല്കി രാജ്യത്തെ നികുതി വെട്ടിക്കുന്നു. എന്നാൽ വിശുദ്ധ ഖുര്‍ആൻ കളവിനെ ദൈവവവുമായി പങ്കുചേര്‍ക്കുന്നതിനോടാണ് ഉപമിച്ചിരിക്കുന്നത്. ഏതായാലും പൊളളത്തരങ്ങൾ അഥവാ അസത്യങ്ങൾ ഒരിക്കൽ മറനീക്കി പുറത്തുവരുമ്പോൾ, അസമാധാനത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും അവസ്ഥ ഉടലെടുക്കുന്നു.
മറ്റൊന്ന് അസമത്വമാണ്. മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന അസമത്വം അസമാധാനത്തിലേക്ക് വഴിവെക്കുന്നു. ദൈവം ഓരോ മനുഷ്യനും വ്യത്യസ്ത കഴിവുകളാണ് നല്കിയിരിക്കുന്നത്. ബുദ്ധിവൈഭവം, കായികശേഷി, മാനസിക നില, സമ്പൽ സമൃദ്ധി ഇവയെല്ലാം ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. എന്നാൽ ലക്ഷ്യം പ്രാപിക്കുവാനും, ഫലപ്രാപ്തി ലഭിക്കാനുമായി ജനങ്ങള്‍ക്ക് പരമാവധി അവസരങ്ങൾ ഉണ്ടാക്കി നല്കേണ്ടത് അതാത് ഭരണ കര്‍ത്താക്കളുടെ കടമയാണ്. ഈ അവസരം ഒരുക്കുന്നതിൽ പക്ഷപാതിത്വമോ, അസന്തുലിതത്വമോ ഉണ്ടായിത്തീര്‍ന്നാൽ അവിടെ അസമത്വം തലപൊക്കുകയും ഒടുവിലത് അസമാധാനത്തിന് വഴിവെക്കുകയും ചെയ്യും.
ഹദ്റത്ത് മിര്‍സാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറയുന്നു:
“എപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യം, മനുഷ്യന്‍റെ അറിവും ബുദ്ധിയും പരിപൂര്‍ണമല്ല മറിച്ച് പരിമിതമാണെന്നുളളതാണ്. ചിന്തകൾ രൂപപ്പെടുമ്പോഴും തീരുമാനങ്ങളിലെത്തിച്ചേരുമ്പോഴും ചില ഘടകങ്ങൾ മനസ്സിൽ പ്രവേശിച്ച് വ്യക്തി സ്വന്തം അവകാശങ്ങൾ നേടാൻ പരിശ്രമിക്കുന്നു. നിഗമനങ്ങൾ അബദ്ധജടിലമാവുകയും തീരുമാനം അനീതിപരമാവുകയും ചെയ്യുന്നു. എന്നാൽ, ദൈവത്തിന്‍റെ നിയമം പരിപൂര്‍ണമാണ്. അതിനാൽ നിക്ഷിപ്ത താത്പര്യങ്ങളില്ല. അന്യായമായ നിബന്ധനകളുമില്ല. ദൈവം തന്‍റെ സൃഷ്ടിയുടെ നന്മയും വളര്‍ച്ചയും മാത്രമേ ഉദ്ദേശിക്കുന്നുളളൂ. അതുകൊണ്ട്, അവന്‍റെ നിയമം പരിപൂര്‍ണമായും നീതിയിൽ ഘടിക്കപ്പെട്ടിരിക്കുന്നു. ലോകം ഈ സത്യം അംഗീകരിക്കുന്നതെന്നോ, അന്നുമാത്രമേ യഥാര്‍ഥവും ശാശ്വതവുമായ ലോക സമാധാനത്തിനുളള അടിത്തറ പാകപ്പെടുകയുളളൂ. ഇത് സംഭവിക്കാത്തിടത്തോളം നാം ഇന്ന് കണ്ടനുഭവിക്കുന്നതു പോലെ, സര്‍വവിധ പരിശ്രമങ്ങളുണ്ടായിട്ടും ലോക സമാധാനം കൈവരില്ല.”[4]
മനുഷ്യ സമത്വവുമായി ബന്ധപ്പെട്ട് ഖലീഫാ തിരുമനസ്സ് പറയുന്നു:
“നമ്മുടെ ദേശീയ വംശീയ പശ്ചാത്തലങ്ങൾ ഒരു തരത്തിലുളള മേന്മയും മഹത്ത്വവും ഒരു പ്രദേശത്തിനും പകര്‍ന്നു നല്കുന്നില്ല. അവയെ തിരിച്ചറിയാനുളള ഉപാധി മാത്രമാണ് അത്തരം ചിഹ്നങ്ങൾ. എല്ലാ ജനതയും തുല്യാവകാശങ്ങളുമായാണ് ജന്മം കൊളളുന്നതെന്ന് വിശുദ്ധ ഖുര്‍ആൻ വ്യക്തമാക്കുന്നു. തന്‍റെ ഒടുവിലത്തെ പ്രഭാഷണത്തിൽ മുഹമ്മദ് നബിതിരുമേനി(സ) ഒരറബിക്ക് അനറബിയുടെ മേലോ ഒരനറബിക്ക് അറബിയുടെ മേലോ പ്രത്യേകമായ ഒരു മേന്മയുമില്ലെന്നു പ്രഖ്യാപിക്കുകയുണ്ടായി. ഒരു വെളളക്കാരന് കറുത്തവൻറെ മേലോ ഒരു കറുത്ത വര്‍ഗക്കാരന് വെളുത്ത വര്‍ഗക്കാരന്‍റെ മേലോ ഒരു തരത്തിലുളള മേന്മയും അവകാശപ്പെടാനില്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. ഇസ്‌ലാമികാധ്യാപനമനുസരിച്ച് എല്ലാ ദേശവാസികളും സമന്മാരാകുന്നു. യാതൊരു പക്ഷപാതവും പ്രത്യേക പരിഗണനയും കൂടാതെ എല്ലാവര്‍ക്കുമുളളതാണ് മനുഷ്യാവകാശങ്ങൾ. രാഷ്ട്രങ്ങൾ തമ്മിലും വിവിധ ദേശീയതകൾ തമ്മിലും സൗഹാര്‍ദ്ദവും ഒരുമയും വളര്‍ത്തിയെടുത്ത് ലോക സമാധാന യജ്ഞം വിജയിപ്പിക്കേണ്ട മാര്‍ഗമിതു തന്നെയാണ്.”[5]
തുടര്‍ന്ന് പറയുന്നു:
“ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം പല രാജ്യങ്ങളിലെയും നേതാക്കൾ ഭാവിയിൽ രാഷ്ട്രങ്ങൾ തമ്മിലുളള നല്ല ബന്ധങ്ങള്‍ക്കാഗ്രഹിച്ചു. അങ്ങനെയാണ് ലോകസമാധാനം നേടാനുളള പരിശ്രമത്തിൽ ലീഗ് ഓഫ് നാഷന്‍സ് രൂപീകൃതമായത്. അതിന്‍റെ മുഖ്യലക്ഷ്യം ലോകസമാധാനം നിലനിര്‍ത്തുക, ഭാവിയിൽ യുദ്ധങ്ങളുണ്ടാകാതെ നോക്കുക എന്നിവയായിരുന്നു. നിര്‍ഭാഗ്യവശാൽ ലീഗ് ഓഫ് നേഷന്‍സ് പാസ്സാക്കിയെടുത്ത പ്രമേയങ്ങള്‍ക്കും നടപ്പാക്കിയ തീരുമാനങ്ങള്‍ക്കും ചില അടിസ്ഥാന പാകപ്പിഴവുകളുണ്ടായിരുന്നു. എല്ലാ ജനതകളുടെയും രാജ്യങ്ങളുടെയും അവകാശങ്ങൾ തുല്യനീതിയോടെ പരിപാലിക്കാൻ അവയ്ക്കായില്ല. തത്ഫലമായി അവ തീര്‍ത്ത സമാധാന വ്യവസ്ഥകൾ അല്‍പായുസ്സുക്കളായി ഭവിച്ചു. ഇത് രണ്ടാം ലോകയുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.”[6]
അഥവാ, ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രൂപീകരിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ് പരാജയപ്പെട്ടു. ഇനിയൊരു ലോകമഹായുദ്ധം സംഭവിക്കരുത് എന്നതായിരുന്നു ലീഗ് ഓഫ് നേഷന്‍സിന്‍റെ ലക്ഷ്യം. പക്ഷേ രണ്ടാം ലോകമഹായുദ്ധം സംഭവിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിനു ജനങ്ങൾ കശാപ്പു ചെയ്യപ്പെട്ടു. ഐക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടു. എന്നാൽ ലീഫ് ഓഫ് നേഷന്‍സിൽ നിന്ന് വ്യതിരിക്തമായിട്ടുളളതൊന്നും ഐക്യരാഷ്ട്രസഭക്ക് വിഭാവനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതിന്‍റെ ഫലമായിട്ടുതന്നെയാണ് മൂന്നാം ലോക മഹായുദ്ധ ഭീഷണിയിൽ ലോകം ഇന്നെത്തി നില്ക്കുന്നത്. പശ്ചിമേഷ്യയിൽ പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടക്കശാപ്പു ചെയ്യുന്ന ഇസ്രായേലും, അതിന് എല്ലാവിധ ഒത്താശയും ചെയ്ത്നല്കുന്ന അമേരിക്കയും നിലനില്ക്കെ, ഐക്യരാഷ്ട്രസഭയുടെ നിലപാടുകള്‍ക്ക് എന്ത് സ്വാധീനമാണുളളത്? ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയായി പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തരവിട്ട അന്താരാഷ്ട്ര നീതിന്യായ കോടതിക്കും ഇവിടെ വിലകല്പിക്കപ്പെടുന്നില്ല.
എല്ലാ നന്മയും പരിപൂര്‍ണതയിലെത്തിക്കാൻ സ്രഷ്ടാവിനെ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. മഹാരക്ഷിതാവിന്‍റെ സന്നിധിയിൽ ഒരോ അണു തിന്മയ്ക്കും ഉത്തരം നല്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് വിശ്വാസികള്‍ക്കുണ്ട്. ആ തിരിച്ചറിവാണ് വിശ്വാസിയെ മുന്നോട്ട് നയിക്കുന്നത്. പ്രതീക്ഷയുടെ കിരണങ്ങൾ ആ വിശ്വാസത്തിലാണ് നിലകൊളളുന്നത്. ഇസ്‌ലാമിക രാഷ്ട്രങ്ങൾ എന്ന പേരിൽ നിരവധി രാഷ്ട്രങ്ങൾ ലോകത്തുണ്ട്. എന്നാൽ ഇസ്‌ലാമിനെ എവിടെയാണ് കാണാനുളളത്? മഹാനായ സാഹിത്യകാരൻ ജോര്‍ജ്ജ് ബര്‍ണാഡ് ഷാ പറഞ്ഞതുപോലെ, “ഇസ്‌ലാം ഏറ്റവും മഹത്തായ മതമാണ്, എന്നാല്‍ മുസ്‌ലീങ്ങള്‍ ഏറ്റവും മോശം അനുയായികളാണ്” എന്നത്, മുസ്‌ലിം ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയാണ് തുറന്ന് കാണിക്കുന്നത്. തങ്ങളുടെ പക്കലുളള മനോഹരമായ അധ്യാപനങ്ങളുള്‍ക്കൊളളുന്ന വിശുദ്ധ ഖുര്‍ആനെ പുറന്തളളിക്കൊണ്ട് രക്ഷയ്ക്കും സ്വസ്ഥതക്കുമായി പാശ്ചാത്യര്‍ക്ക് മുന്നിൽ കൈനീട്ടുന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളെന്നറിയപ്പെടുന്ന അറബ് ലോകത്തിന്‍റെ ദയനീയമായ കാഴ്ച. പശിയടക്കാനുളള മാര്‍ഗമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ വിലപിക്കുന്ന പലസ്തീൻ.
വഴികാട്ടികളെന്നവകാശപ്പെടുന്ന ഇസ്‌ലാമിക പുരോഹിതർ ഈ ദയനീയതക്ക് പരിഹാരം നിര്‍ദേശിക്കാനാകാതെ കൈമലര്‍ത്തുകയും, ആത്മസുഖത്തിന്‍റെ മാത്രം വഴികൾ തേടുകയും ചെയ്യുന്ന കാഴ്ച.
മുസ്‌ലിം ലോകത്തിന് സര്‍വ ആധികളിൽ നിന്ന് മോചനം ലഭിക്കുന്നതിനും, സര്‍വ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കുന്നതിനും വിശുദ്ധ ഖുര്‍ആനിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍റെ ശരിയായ അര്‍ഥവും ആശയവും ലഭിക്കുന്നതിനായി വാഗ്ദത്ത മസീഹിനെ പിന്‍പറ്റേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഖലീഫയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കേണ്ടിയിരിക്കുന്നു. അഹ്‍മദിയ്യാ ഖലീഫയുടെ വാക്കുകൾ പ്രായോഗിക തലത്തിൽ കൊണ്ടുവന്നെങ്കിൽ മാത്രമേ ലോകരാഷ്ട്രങ്ങൾ സര്‍വനാശത്തിന് കാരണമാകുന്ന മൂന്നാം ലോക മഹായുദ്ധത്തിൽ നിന്ന് രക്ഷപ്പെടുകയുളളൂ. കേവല നീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം പിറവിയെടുക്കട്ടെ. സര്‍വ്വശക്തൻ അതിന് തുണക്കട്ടെ. ആമീൻ.
ലേഖകന്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് തിരുവനന്തപുരം വിഭാഗത്തിന്‍റെ ജനറല്‍ സെക്രട്ടറിയാണ്.
കുറിപ്പുകള്‍
[1] മൈത്രീ സന്ദേശം, പേജ്. 5
[2] മൈത്രീ സന്ദേശം, പേജ്. 6-7
[3] ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുളള പാതയും, പേജ്. 75-76
[4]
[5] ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുളള പാതയും, പേജ്. 78
[6] ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുളള പാതയും, പേജ്. 77
0 Comments