മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് അഹ്‍മദിയ്യാ ഖലീഫയുടെ അര നൂറ്റാണ്ട് പിന്നിട്ട മുന്നറിയിപ്പ്

സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും ലഹരിയിൽ ഉന്മത്തരായിക്കിടക്കുന്ന ലോകശക്തികള്‍ തങ്ങളുടെ ദുഷ്ചെയ്തികളില്‍ നിന്ന് പശ്ചാത്തപിച്ചില്ലെങ്കില്‍ ഒരു മഹാവിപത്ത് അവരെ പിടികൂടുക തന്നെ ചെയ്യും.

മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് അഹ്‍മദിയ്യാ ഖലീഫയുടെ അര നൂറ്റാണ്ട് പിന്നിട്ട മുന്നറിയിപ്പ്

സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും ലഹരിയിൽ ഉന്മത്തരായിക്കിടക്കുന്ന ലോകശക്തികള്‍ തങ്ങളുടെ ദുഷ്ചെയ്തികളില്‍ നിന്ന് പശ്ചാത്തപിച്ചില്ലെങ്കില്‍ ഒരു മഹാവിപത്ത് അവരെ പിടികൂടുക തന്നെ ചെയ്യും.

1967-ലെ തന്‍റെ ചരിത്രപ്രധാനമായ യൂറോപ്യൻ പര്യടനത്തിനിടെ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ മൂന്നാം ഖലീഫ ഹദ്റത്ത് മിര്‍സാ നാസിര്‍ അഹ്‍മദ്(റഹ്) ലോകത്തിന് ഒരു മുന്നറിയിപ്പ് നല്കി. അഹ്‍മദിയ്യത്തിന്‍റെ വന്ദ്യ സ്ഥാപകനും വാഗ്ദത്ത മസീഹുമായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‍മദ്(അ)ന്‍റെ പ്രവചനത്തിന്‍റെ വെളിച്ചത്തില്‍, ആഗോളയുദ്ധത്തിന്‍റെ രൂപത്തില്‍ ലോകത്തിന് മേല്‍ വന്നുഭവിക്കാനുള്ള ഒരു മഹാവിപത്തിനെകുറിച്ച് അദ്ദേഹം ലോകത്തെ ഉണര്‍ത്തുകയുണ്ടായി. അദ്ദേഹം പറയുന്നു:

രണ്ടാം ലോകമഹായുദ്ധത്തേക്കാൾ വലിയ ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്നും വാഗ്ദത്ത മസീഹ്(അ) പ്രവചിച്ചിരിക്കുന്നു. രണ്ട് എതിർചേരികൾ തമ്മിൽ തികച്ചും ആകസ്മികമായി ഏറ്റുമുട്ടുകയും അതിൽ എല്ലാവരും അപ്രതീക്ഷിതമായി അകപ്പെടുകയും ചെയ്യും. ആകാശത്തുനിന്ന് മരണവും നാശവും പേമാരി പോലെ പെയ്തിറങ്ങും. അതിഭയാനകമായ തീജ്വാലകൾ ഭൂമിയെ വിഴുങ്ങുന്നതായിരിക്കും.

ആധുനിക നാഗരികതയുടെ ഈ മഹാസൗധം നിലംപതിക്കും. കമ്മ്യൂണിസ്റ്റ് ചേരിയും അതിനെ എതിർക്കുന്ന പക്ഷങ്ങളും ഈ പ്രക്രിയയിൽ നശിച്ചൊടുങ്ങും. റഷ്യയും അതിന്‍റെ സഖ്യരാഷ്ട്രങ്ങളും ഒരു വശത്തും, അമേരിക്കയും അതിന്‍റെ സഖ്യകക്ഷികളും മറുവശത്തും തകർക്കപ്പെടും. അവരുടെ ശക്തി ക്ഷയിക്കുകയും നാഗരികത നശിക്കുകയും അവരുടെ വ്യവസ്ഥിതികൾ തകരുകയും ചെയ്യും. അതിജീവിക്കുന്നവർ ഈ മഹാദുരന്തം കണ്ട് സ്തംഭിച്ചു നിൽക്കും. പാശ്ചാത്യ രാജ്യങ്ങളേക്കാൾ വേഗത്തിൽ റഷ്യ ഈ വിപത്തിൽ നിന്ന് കരകയറും. റഷ്യൻ ജനത വേഗത്തിൽ കരകയറുകയും അവരുടെ ജനസംഖ്യ അതിവേഗം വർധിക്കുകയും ചെയ്യുമെന്ന് പ്രവചനം വ്യക്തമാക്കുന്നു. അവർ തങ്ങളുടെ സ്രഷ്ടാവുമായി ചേരുകയും ഇസ്‌ലാമിനെയും നബിതിരുമേനി(സ)യെയും സ്വീകരിക്കുകയും ചെയ്യും. ഭൂമിയിൽ നിന്ന് ദൈവത്തിന്‍റെ നാമം തുടച്ചുമാറ്റാനും ആകാശത്തുനിന്ന് അവനെ ആട്ടിയോടിക്കാനും ശ്രമിക്കുന്ന ഒരു ജനത, തങ്ങളുടെ പ്രവൃത്തികളിലെ വിഡ്ഢിത്തം തിരിച്ചറിയുകയും ഒടുവിൽ അവന്‍റെ ഏകത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവരായിക്കൊണ്ട് അവന് കീഴ്‌പ്പെടുകയും ചെയ്യും.

ഹദ്റത്ത് മിര്‍സാ നാസിര്‍ അഹ്‍മദ്(റഹ്)

നിങ്ങൾ ഇതൊരു കല്പിതകഥയായി കരുതിയേക്കാം. എന്നാൽ മൂന്നാം ലോകമഹായുദ്ധത്തെ അതിജീവിക്കുന്നവർ ഞാൻ ഈ പറഞ്ഞ കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതാണ്. ഇവ സർവശക്തനായ ദൈവത്തിന്‍റെ വചനങ്ങളാണ്. അവ നിറവേറ്റപ്പെടുക തന്നെ ചെയ്യും. അവന്‍റെ ഹിതത്തെ തടയാൻ ആരാലും സാധ്യമല്ല.

മൂന്നാം ലോകമഹായുദ്ധത്തിന്‍റെ അന്ത്യം ഇസ്‌ലാമിന്‍റെ വിജയത്തിന്‍റെ തുടക്കമായിരിക്കും. ജനങ്ങൾ കൂട്ടംകൂട്ടമായി അതിന്‍റെ സത്യം അംഗീകരിക്കുകയും ഇസ്‌ലാം മാത്രമാണ് സത്യമതമെന്നും മനുഷ്യവിമോചനം മുഹമ്മദ് നബി(സ)യുടെ സന്ദേശത്തിലൂടെ മാത്രമാണ് സാധ്യമാവുക എന്നവർ തിരിച്ചറിയുകയും ചെയ്യും.

എന്നാൽ മാന്യജനങ്ങളെ, എല്ലാ പ്രവചനങ്ങളെയും പോലെ ഈ പ്രവചനവും ഒരു മുന്നറിയിപ്പാണെന്ന കാര്യം നാം മറന്നുകൂടാ. മനുഷ്യൻ തന്‍റെ നാഥനിലേക്ക് മടങ്ങുകയും തന്‍റെ മാർഗങ്ങളിൽ പശ്ചാത്തപിക്കുകയും തിരുത്തുകയും ചെയ്യുകയാണെങ്കിൽ ഇതിന്‍റെ പൂർത്തീകരണം വൈകിപ്പിക്കാനോ അല്ലെങ്കിൽ മാറ്റിമറിക്കാനോ പോലും കഴിയുന്നതാണ്. സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും വ്യാജ ബിംബങ്ങളെ ആരാധിക്കുന്നത് അവൻ അവസാനിപ്പിക്കുകയും തന്‍റെ നാഥനുമായി യഥാർഥ ബന്ധം സ്ഥാപിക്കുകയും എല്ലാ അതിക്രമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയും ദൈവത്തോടും മനുഷ്യനോടുമുള്ള തന്‍റെ കടമകൾ നിറവേറ്റുകയും യഥാർഥ മാനവക്ഷേമത്തിനായി പ്രവർത്തിക്കാൻ പഠിക്കുകയും ചെയ്താൽ അവന് ഇനിയും ആ ദൈവിക ശിക്ഷയെ തടയാനാകും. ഇതെല്ലാം തന്നെ ഇന്ന് ലോകത്ത് ആധിപത്യം പുലർത്തുന്ന, സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും ലഹരിയിൽ ഉന്മത്തരായിക്കിടക്കുന്ന രാഷ്ട്രങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. ഈ മയക്കത്തിൽ നിന്ന് മോചിതരാകാൻ അവർ തയ്യാറാണോ? ആത്മീയമായ ആനന്ദവും നിർവൃതിയും അവർ ആഗ്രഹിക്കുന്നുണ്ടോ?

ഇല്ല എന്നാണെകിൽ ദൈവിക ശിക്ഷ ഇറങ്ങുക തന്നെ ചെയ്യും. അവർ തങ്ങളുടെ ദുർമാർഗങ്ങൾ കൈവെടിയാതെ തങ്ങളുടെ ധാർഷ്ട്യം തുടരുകയാണെങ്കിൽ, വാഗ്ദത്തം ചെയ്യപ്പെട്ട ആ ശിക്ഷയിൽ നിന്ന് ഒരു ശക്തിക്കോ ഒരു വ്യാജ ദൈവത്തിനോ അവരെ രക്ഷിക്കാനാവുകയില്ല.

അതിനാൽ നിങ്ങളോടും നിങ്ങളുടെ മക്കളോടും നിങ്ങൾ കരുണ കാണിക്കുക! പരമകാരുണികനും കരുണാമയനുമായ നിങ്ങളുടെ നാഥന്‍റെ ശബ്ദത്തിന് കാതോർക്കുക. അവൻ നിങ്ങളെ കാരുണ്യത്തോടെ നോക്കുകയും സത്യം സ്വീകരിക്കാനും അതിൽ നിന്ന് പ്രയോജനമുൾക്കൊള്ളാനുമുള്ള കരുത്തും അവസരവും അവൻ നിങ്ങൾക്ക് നല്കുകയും ചെയ്യട്ടെ.

അവലംബം: A Message of Peace and a Word of Warning, പേജ്: 11-15

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു