വാഗ്ദത്ത മസീഹ് (അ) അല്ലാഹുവിൽ അർപ്പിച്ച പൂർണ്ണമായ തവക്കുൽ

പ്രവാചകന്മാരുടെ ഭയവും സാധാരണക്കാരുടെ ഭയവും തമ്മിലുള്ള പ്രധാന വ്യത്യാസം, പ്രവാചകന്മാർ കഠിനമായ ആശങ്കയിലും ഒരിക്കലും നിരാശരാകുന്നില്ല എന്നതാണ്. അല്ലാഹു തങ്ങളെ നശിപ്പിക്കാൻ വിട്ടുതരില്ലെന്ന പൂർണ്ണ ബോധ്യം അവർക്കുണ്ടായിരിക്കും.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 9 ഒക്ടോബർ 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ ഓതിയ ശേഷം, ഹദ്‌റത്ത് മസീഹ് മൗഊദ് (അ) അല്ലാഹുവിലും അവന്റെ കാരുണ്യത്തിലും എത്രത്തോളം തവക്കൽ അർപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവിധ സംഭവങ്ങൾ തുടർന്ന് വിവരിക്കുന്നതാണെന്ന് ഹുസൂർ തിരുമനസ്സ് പ്രസ്താവിച്ചു.

​ഹദ്‌റത്ത് മസീഹ് മൗഊദ് (അ) രോഗബാധിതനാകുമ്പോൾ ഒരു തരത്തിലുള്ള ചികിത്സയെ മാത്രം ആശ്രയിച്ചിരുന്നില്ല. അദ്ദേഹം യൂനാനി, അലോപ്പതി മരുന്നുകൾ ഉപയോഗിക്കുകയും വിവിധ ഡോക്ടർമാരോട് കൂടിയാലോചിക്കുകയും ചെയ്യുമ്പോൾ തന്നെ ചികിത്സയോടൊപ്പം പ്രാർത്ഥനയിലും മുഴുകിയിരുന്നു.

​പ്രതിസന്ധികളിലും ഭയത്തിലും പ്രവാചകന്മാരും സാധാരണക്കാരും തമ്മിലുള്ള വ്യത്യാസം

​പ്രവാചകന്മാരും സാധാരണക്കാരും അനുഭവിക്കുന്ന ആശങ്കകൾ തമ്മിലുള്ള വ്യത്യാസം ഹദ്‌റത്ത് മസീഹ് മൗഊദ് (അ) വ്യക്തമാക്കിയിട്ടുണ്ട്. ഒരു മനുഷ്യൻ എന്ന നിലയിൽ എല്ലാവർക്കും ഉത്കണ്ഠ അനുഭവപ്പെടാം; ഉദാഹരണത്തിന് ബദർ യുദ്ധവേളയിൽ തിരുനബി ﷺ ആശങ്കാകുലനായിരുന്നു. എന്നാൽ പ്രവാചകന്മാരുടെ ഭയവും സാധാരണക്കാരുടെ ഭയവും തമ്മിലുള്ള പ്രധാന വ്യത്യാസം, പ്രവാചകന്മാർ കഠിനമായ ആശങ്കയിലും ഒരിക്കലും നിരാശരാകുന്നില്ല എന്നതാണ്. അല്ലാഹു തങ്ങളെ നശിപ്പിക്കാൻ വിട്ടുതരില്ലെന്ന പൂർണ്ണ ബോധ്യം അവർക്കുണ്ടായിരിക്കും.

​താൻ ഏതെങ്കിലും തീയിൽ അകപ്പെടുന്ന സാഹചര്യമുണ്ടായാൽ സ്വാഭാവികമായും ഭയം തോന്നാമെങ്കിലും, അല്ലാഹു തന്നെ നശിപ്പിക്കില്ലെന്നും ഇബ്രാഹീം നബി (അ)ക്ക് വേണ്ടി തീയോട് തണുക്കാൻ കൽപ്പിച്ചത് പോലെ തനിക്കും അല്ലാഹു രക്ഷയേകുമെന്നും ഹദ്‌റത്ത് മസീഹ് മൗഊദ് (അ) പ്രസ്താവിക്കുകയുണ്ടായി. എന്നാൽ സാധാരണക്കാർ ഇത്തരം സാഹചര്യങ്ങളിൽ നിരാശപ്പെടാറുണ്ട്. അതിനാൽ, ഒരു സത്യവിശ്വാസി പ്രവാചകന്മാരുടെ മാതൃക പിന്തുടരുകയും പ്രയാസങ്ങളിൽ നിരാശപ്പെടാതെ അല്ലാഹുവിൽ പൂർണ്ണമായി തവക്കുൽ അർപ്പിക്കുകയും വേണം.

​ഹദ്‌റത്ത് ഹകീം മൗലവി നൂറുദ്ദീൻ (റ) ഇബ്രാഹീം നബി (അ)യെ എറിഞ്ഞ തീ എന്ന് ഉദ്ദേശിച്ചത് യുദ്ധത്തിന്റെ തീയാണെന്നും ഭൗതികമായ തീയിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണെന്നും വിശദീകരിച്ചിരുന്നു. എന്നാൽ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ഇതറിഞ്ഞപ്പോൾ, ആ പ്രയോഗം പുസ്തകത്തിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടു. കാരണം ‘തീ തനിക്ക് കീഴൊതുക്കപ്പെട്ടിരിക്കുന്നു എന്നും, തനിക്ക് മാത്രമല്ല തന്റെ അനുയായികൾക്കും അത് കീഴൊതുക്കപ്പെട്ടിരിക്കുന്നു’ എന്നും അല്ലാഹു തനിക്ക് വെളിപ്പെടുത്തിത്തന്നിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. നാടാകെ പടർന്നുപിടിച്ച പ്ലേഗ് രോഗം ഒരു തീയെക്കാൾ കുറഞ്ഞതായിരുന്നില്ല, എന്നിട്ടും ഹദ്‌റത്ത് മസീഹ് മൗഊദിന്റെ (അ) ഭവനം അതിൽ നിന്ന് പൂർണ്ണമായി സംരക്ഷിക്കപ്പെട്ടു. ഇബ്രാഹീം നബി (അ) രക്ഷപ്പെട്ടതും ഇതുപോലെ തന്നെയാണ്. അല്ലാഹുവിൽ അത്രമേൽ ആഴത്തിലുള്ള വിശ്വാസവും തവക്കുലുമായിരുന്നു ഹദ്‌റത്ത് മസീഹ് മൗഊദിന് (അ) ഉണ്ടായിരുന്നത്.

ദൈവത്തിൽ തവക്കുൽ അർപ്പിക്കുന്നവൻ ഒരിക്കലും വഞ്ചിക്കപ്പെടില്ല

ഒരിക്കൽ ലങ്കർ ഖാനയുടെ ചുമതലയുള്ളയാൾ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പണമില്ല എന്ന് ഹദ്‌റത്ത് മസീഹ് മൗഊദിനോട് (അ) പറഞ്ഞു. അതിഥികളെ അയച്ച റബ്ബ് തന്നെ അതിനുള്ള വഴിയും ഉണ്ടാക്കിത്തരുമെന്ന് അദ്ദേഹം മറുപടി നൽകി. അൽപ്പസമയത്തിനകം, കീറിയ വസ്ത്രങ്ങൾ ധരിച്ച ഒരാൾ വന്ന് അദ്ദേഹത്തിന്റെ കയ്യിൽ ഒരു പൊതി ഏൽപ്പിച്ച് മടങ്ങി. അതിൽ പണമുണ്ടായിരുന്നു. ആളെ തിരഞ്ഞുപിടിക്കാൻ ആളയച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. തുടർന്ന് ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ലങ്കർ ഖാനയുടെ ചുമതലയുള്ളയാളെ വിളിച്ച് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പണം ഏൽപ്പിച്ചു.

ഹദ്‌റത്ത് മസീഹ് മൗഊദ് (അ) പ്രസ്താവിച്ചു:

​“യഥാർത്ഥ അന്നദാതാവ് അല്ലാഹുവാണ്. അവനിൽ ഭാരമേൽപ്പിക്കുന്ന ഒരാൾക്കും ഉപജീവനത്തിന് പ്രയാസമുണ്ടാവുകയില്ല. അല്ലാഹുവിൽ തവക്കുൽ അർപ്പിക്കുന്നവന് അവൻ ചിന്തിക്കാത്ത വഴികളിലൂടെ അല്ലാഹു ഉപജീവനം നൽകും. ആകാശത്തുനിന്നും ഭൂമിയിൽനിന്നും അല്ലാഹു അവന് അനുഗ്രഹങ്ങൾ നൽകും. അതിനാൽ എല്ലാവരും അല്ലാഹുവിൽ പൂർണ്ണമായി തവക്കുൽ അർപ്പിക്കണം”

അല്ലാഹുവിലുള്ള തവക്കുൽ ഒരു വ്യക്തിയെ എങ്ങനെ മാറ്റുന്നു

​തന്റെ 9 വയസ്സുള്ള മകനായ ഹദ്‌റത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്മദ് (റ) നോട് ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ഒരു കഥ പറഞ്ഞു കൊടുത്തു:

​ഒരിക്കൽ ഒരു മഹാൻ കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ വഴിപോക്കരെ കൊള്ളയടിക്കുന്ന ഒരു കൊള്ളക്കാരൻ അദ്ദേഹത്തെ തടഞ്ഞു. അപ്പോൾ ആ മഹാൻ ഖുർആനിലെ “നിങ്ങളുടെ ഉപജീവനം ആകാശത്താണ്, നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടതും അതിലുണ്ട്” (51:23) എന്ന സൂക്തം ഓതിക്കേൾപ്പിച്ചു. മോഷണം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും അല്ലാഹു ഉപജീവനം നൽകുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.
​ഇതുകേട്ട് മാനസാന്തരം വന്ന കൊള്ളക്കാരൻ കവർച്ച അവസാനിപ്പിച്ചു. പിന്നീട് അല്ലാഹുവിലുള്ള തവക്കുൽ കാരണം വെള്ളി, സ്വർണ്ണ പാത്രങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള തൗഫീഖ് അവന് ലഭിച്ചു. കുറച്ചുകാലത്തിനുശേഷം ആ മഹാൻ വീണ്ടും ആ കാട്ടിലൂടെ വന്നപ്പോൾ, പൂർണ്ണമായും ഭക്തനായി മാറിയ ആ മുൻ കൊള്ളക്കാരൻ ഖുർആനിലെ മറ്റൊരു ആയത്ത് കൂടി ഓതിത്തരാൻ ആവശ്യപ്പെട്ടു.

“ആകാശത്തിന്റെയും ഭൂമിയുടെയും രക്ഷിതാവിനെത്തന്നെ സത്യം, ഇത് തികച്ചും സത്യമാണ്” (51:24) എന്ന് ഓതിക്കൊടുത്തപ്പോൾ അവൻ കൂടുതൽ ആത്മീയതയിലേക്ക് ഉയർന്നുവന്നു.
​കുട്ടികൾക്ക് ഇത്തരം വിഷയങ്ങൾ മനസ്സിലാകില്ല എന്ന് കരുതരുത് എന്നും, കുട്ടികളെ ചെറുപ്പത്തിലെ തന്നെ അല്ലാഹുവിൽ തവക്കുൽ അർപ്പിക്കാൻ പഠിപ്പിക്കണം എന്നുമാണ് ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ഇതിലൂടെ കാണിച്ചുതന്നത്.

​ഒരു സാത്വികന്റെയും നായയുടെയും കഥ

​ഹദ്‌റത്ത് മസീഹ് മൗഊദ് (അ) പറയാറുള്ള മറ്റൊരു കഥ: ​ഒരു മഹാൻ ദീനീ പ്രബോധനത്തിനായി സ്വയം സമർപ്പിച്ചു. കുറച്ചു ദിവസങ്ങളായി ആഹാരമൊന്നും ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം നഗരത്തിലുള്ള ഒരു സുഹൃത്തിന്റെ അടുത്തേക്ക് പോയി. സുഹൃത്ത് അദ്ദേഹത്തിന് കുറച്ച് ഭക്ഷണം കൊടുത്തു. മടങ്ങുമ്പോൾ ആ സുഹൃത്തിന്റെ നായ വാലാട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ കൂടെ വന്നു. ആ വീടിന് കാവൽ നിൽക്കുന്ന നായക്കും ഇതിൽ അവകാശമുണ്ടെന്ന് കരുതി അദ്ദേഹം ഭക്ഷണത്തിന്റെ മൂന്നിലൊന്ന് നായക്ക് നൽകി. എന്നിട്ടും നായ അദ്ദേഹത്തെ പിന്തുടർന്നു. വീണ്ടും കൊടുത്തപ്പോഴും അത് കൂടെത്തന്നെ വന്നു.

​വിശന്നുവലയുന്ന തനിക്ക് ഇനി മൂന്നിലൊന്ന് ഭക്ഷണം മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞ് അദ്ദേഹം നായയോട് “നിനക്ക് നാണമില്ലേ?” എന്ന് ചോദിച്ചു. അപ്പോൾ ആ നായ അദ്ദേഹത്തോട് സംസാരിക്കുന്നതായി അദ്ദേഹത്തിന് ആത്മീയ അനുഭവമുണ്ടായി: “ഏഴു ദിവസം പട്ടിണി കിടന്നിട്ടും ഞാൻ എന്റെ യജമാനന്റെ വീട്ടുപടിയെ ഉപേക്ഷിച്ച് എവിടെയും പോയില്ല. എന്നാൽ വെറും മൂന്ന് ദിവസം വിശന്നപ്പോഴേക്കും താങ്കൾ പ്രബോധന രംഗം ഉപേക്ഷിച്ച് നഗരത്തിലേക്ക് വന്നില്ലേ? അപ്പോൾ ആർക്കാണ് നാണമില്ലാത്തത്?”

ഇതുകേട്ട് അദ്ദേഹത്തിന്റെ കണ്ണുകൾ തുറന്നു. അദ്ദേഹം ബാക്കി ഭക്ഷണവും നൽകി തിരികെ വീട്ടിലെത്തിയപ്പോൾ, വിഭവസമൃദ്ധമായ ഭക്ഷണവുമായി ഒരാൾ അദ്ദേഹത്തെയും കാത്ത് അവിടെ ഇരിക്കുന്നത് കണ്ടു. അല്ലാഹുവിൽ മാത്രം ഭാരമേൽപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ഗുണപാഠം.

ദൈവത്തിലല്ലാതെ മറ്റൊന്നിനെയും ആശ്രയിക്കാത്ത മുത്തഖി

​ഹദ്‌റത്ത് മസീഹ് മൗഊദ് (അ) പറഞ്ഞു:

​“എന്റെ അഭിപ്രായത്തിൽ ഏറ്റവും വലിയ ശിർക്ക് ചെയ്യുന്നവർ രസവാദികളാണ് (ലോഹങ്ങളെ ഉദാഹരണത്തിന് ചെമ്പ്, ഈയം തുടങ്ങിയ സാധാരണ ലോഹങ്ങളെ മാന്ത്രിക വിദ്യകളിലൂടെയോ പ്രത്യേക കൂട്ടുകളിലൂടെയോ സ്വർണ്ണമാക്കി മാറ്റാൻ ശ്രമിച്ചിരുന്നവരാണ് രസവാദികൾ. ശാസ്ത്രീയ അടിത്തറയില്ലാത്തതും എന്നാൽ എളുപ്പത്തിൽ വലിയ സമ്പത്ത് ഉണ്ടാക്കാമെന്ന വ്യാമോഹത്തിൽ ആളുകൾ പിന്നാലെ നടന്നിരുന്നതുമായ ഒരു കുറുക്കുവഴിയായിരുന്നു ഇത് ). അല്ലാഹു നൽകിയ ഹലാലായ മാർഗ്ഗങ്ങൾ അന്വേഷിക്കാതെ അവർ വെറുതെ അലഞ്ഞുതിരിയുന്നു. എന്നാൽ അല്ലാഹു അരുളുന്നു: ‘ആര് അല്ലാഹുവിനെ ഭയപ്പെടുന്നുവോ, അവന് അല്ലാഹു ഒരു വഴി തുറന്നുനൽകുകയും അവന് വിചാരിക്കാത്ത ഇടത്തുനിന്ന് ഉപജീവനം നൽകുകയും ചെയ്യും’. തഖ്‌വ കൈവരിക്കുന്നവന് ദുനിയാവിലെ മുഴുവൻ അനുഗ്രഹങ്ങളും ലഭിച്ചതുപോലെയാണ്. ഒരു മുത്തഖി ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ല”

ഒരിക്കൽ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ഒരു ദർശനത്തിൽ അല്ലാഹുവിനെ കാണുകയും അല്ലാഹു അദ്ദേഹത്തിന്റെ കഴുത്തിൽ കൈവെച്ച് “നീ എന്റേതാവുകയാണെങ്കിൽ മുഴുവൻ ലോകവും നിന്റേതാകും” എന്ന് അരുളുകയും ചെയ്തു. ഇതാണ് മുഴുവൻ പ്രവാചകന്മാരും ഔലിയാക്കളും പിന്തുടർന്ന വഴി.

അല്ലാഹുവിന്റെ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം

ഹദ്‌റത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്മദ് (റ) വിവരിക്കുന്നു: ​അബ്ദുള്ള ആഥമുമായുള്ള സംവാദത്തിന് ശേഷം, പ്രവചനത്തിന്റെ അവസാന ദിവസം വന്നപ്പോൾ ആളുകൾ വലിയ ആശങ്കയിലായിരുന്നു. എന്നാൽ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) അതിൽ അതൃപ്തി പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ വാഗ്ദാനത്തെക്കുറിച്ച് നമ്മളെക്കാൾ ശ്രദ്ധ അല്ലാഹുവിനുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. അല്ലാഹു ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അത് സംഭവിക്കുക തന്നെ ചെയ്യും. അത് എങ്ങനെ പൂർത്തിയാക്കണം എന്നത് അല്ലാഹുവിന്റെ കാര്യമാണ്.

മറ്റൊരു സംഭവം: ‘ആയിനയെ കമാലാത്തെ ഇസ്‌ലാം’ എന്ന ഗ്രന്ഥം എഴുതുമ്പോൾ അതിന്റെ രണ്ട് പേജുകൾ ഹദ്‌റത്ത് മൗലവി നൂറുദ്ദീൻ (റ) വിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു. അദ്ദേഹം വളരെയധികം സങ്കടപ്പെട്ടു. എന്നാൽ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) പുഞ്ചിരിച്ചുകൊണ്ട് വരികയും അദ്ദേഹത്തിന് ഉണ്ടായ വിഷമത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തു. അല്ലാഹു ഇതിലും മികച്ചത് എഴുതാൻ തനിക്ക് തൗഫീഖ് നൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

​വിജയം അല്ലാഹുവിൽ തവക്കുൽ അർപ്പിക്കുന്നതിലൂടെ മാത്രം

​ഹദ്‌റത്ത് മസീഹ് മൗഊദ് (അ) പറഞ്ഞു:

​“അല്ലാഹുവിൽ തവക്കുൽ അർപ്പിക്കുക എന്നത് മാത്രമാണ് മനുഷ്യനെ വിജയത്തിലെത്തിക്കുന്ന ഏക കാര്യം. സത്യസന്ധമായ ഹൃദയത്തോടെയും തവക്കുലിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയും മുന്നോട്ടു പോകുന്നവന് അല്ലാഹു മതിയായവനാണ്. അവൻ ക്ഷമയും സ്ഥിരതയും കാണിക്കണം. ലോകത്തിലെ ഭൗതിക കാര്യങ്ങളെക്കുറിച്ച് കുറച്ചു മാത്രം സങ്കടപ്പെടുകയും ആഖിറത്തിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുകയും വേണം. മതത്തെക്കുറിച്ചുള്ള ആകുലത ഒരു മനുഷ്യനിൽ അധികമായാൽ, അവന്റെ ദുനിയാവിന്റെ കാര്യങ്ങൾക്ക് അല്ലാഹു തന്നെ ഉത്തരവാദിയാകും”

​ലോകത്ത് ദിനംപ്രതി വൻ ദുരന്തങ്ങളും പ്ലേഗ് പോലുള്ള രോഗങ്ങളും വരുമ്പോഴും ആളുകൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ത്യകാലത്ത് വിവിധ തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാകുമെന്ന് അല്ലാഹു പണ്ടേ വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. എന്നാൽ വിശ്വാസികൾ മാത്രമേ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയുള്ളൂ.

​ദുആ:

​ലോകത്തുള്ള ആളുകൾക്ക് അല്ലാഹുവിനെ തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും നൽകട്ടെയെന്നും, ഹദ്‌റത്ത് മസീഹ് മൗഊദ് (അ) നെ സ്വീകരിച്ചവർക്ക് ഈമാനും തവക്കുലും വർദ്ധിക്കട്ടെയെന്നും ദുആ ചെയ്തുകൊണ്ട് ഹുദൂർ തിരുമനസ്സ് ഖുതുബ അവസാനിപ്പിച്ചു.

അനുബന്ധ വിഷയങ്ങള്‍

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു