ഇനാമുല്ലാഹ് മസ്റൂര്‍, ഖാദിയാന്‍
ഒറിജിനല്‍ ഇംഗ്ലീഷ് ലേഖനം ഇവിടെ വായിക്കാവുന്നതാണ്.
കുറച്ച് കാലം മുമ്പായിരുന്നു എന്‍റെ ഉള്ളുലച്ച് കളഞ്ഞ ആ ഡോകുമെന്‍ററി ഞാന്‍ കണ്ടത്. ഭക്ഷണത്തിനോ ജീവരക്ഷക്കോ വേണ്ടിയല്ലാതെ, കേവലം സ്പെര്‍മാസെറ്റി (spermaceti) എന്ന പദാര്‍ഥത്തിന് വേണ്ടി ചില രാജ്യങ്ങള്‍ തിമിംഗലങ്ങളെ വേട്ടയാടുന്നതിന്‍റെ പൈശാചികതയുടെ കഥ പറയുന്നതായിരുന്നു അത്. തിമിംഗലങ്ങളുടെ തലയിലെ അറകളില്‍ കാണപ്പെടുന്ന മെഴുക് പോലെയുള്ള ഈ അപൂര്‍വ എണ്ണ ഒരു കാലത്ത് വിളക്കുകളിലായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ സര്‍വനാശം വിതക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളില്‍ ഘര്‍ഷണം കുറയ്ക്കാനുള്ള ഉപാധിയായും (ലൂബ്രിക്കന്‍റ്) വളരെ അടുത്ത കാലം വരെ ഇത് ഉപയോഗിക്കപ്പെട്ടിരുന്നു.
ഇതിനായി തിമിംഗലങ്ങളെ കൊന്നൊടുക്കാന്‍ അവലംബിച്ച രീതിയാണ് കൂടുതല്‍ ഭയാനകം. രണ്ടര ടണ്ണോളം ഭാരമുള്ള സ്ഫോടകശേഷിയുള്ള കൂറ്റന്‍ ഹാര്‍പൂണുകള്‍ തിമിംഗലങ്ങള്‍ക്ക് നേരെ തൊടുത്തു വിടുന്നു. ഈ ഹാര്‍പൂണുകള്‍ അവയുടെ ശരീരത്തില്‍ ആഴത്തില്‍ തുളച്ചുകയറുകയും, അതിനുള്ളില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.[1] വിനാശകരമായ ആയുധങ്ങള്‍ക്ക് ഇന്ധനം പകരാനുള്ള എണ്ണ ഊറ്റിയെടുക്കുന്നതിന് വേണ്ടി, പ്രകൃതിയുടെ പ്രൗഢമനോഹരമായ ഈ സൃഷ്ടി അങ്ങനെ അതിക്രൂരമായി ചിന്നിച്ചിതറപ്പെടുന്നു.
ഇക്കാര്യം എന്നെ വളരെ അസ്വസ്ഥനാക്കി. മനുഷ്യരെയൊന്നടങ്കം നശിപ്പിക്കാന്‍ കെല്പുള്ള സംഹാരായുധങ്ങള്‍ നിര്‍മിക്കാനായി പ്രകൃതിയുടെ സൗന്ദര്യത്തെ നശിപ്പിക്കുന്നവരെക്കാള്‍ ഭീകരരായി മറ്റാരുണ്ട്?
ഈ ചോദ്യം മറ്റ് പല ചിന്തകളിലേക്കും എന്‍റെ മനസ്സിനെ നയിച്ചു. പല ചരിത്ര സംഭവങ്ങളെയും പുനര്‍വിചിന്തനം ചെയ്യാനും, പുതിയ വീക്ഷണകോണിലൂടെ നോക്കിക്കാണാനും അത് എന്നെ പ്രേരിപ്പിച്ചു. ഇത്തരത്തില്‍ ചിന്തിക്കുകയും പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ചില താക്കീതുകള്‍ മുന്നില്‍ വച്ച് ആ ചരിത്രസംഭവങ്ങളെ പുനഃപരിശോധിക്കുകയും ചെയ്തപ്പോള്‍ അവയൊന്നും ഒറ്റപെട്ട സംഭവങ്ങളല്ല, മറിച്ച്, കൃത്യമായി ആസൂത്രിതമായ വലിയ ചതിയുടെയും വഞ്ചനയുടെയും ചെറിയ അധ്യായങ്ങളും ഉദാഹരണങ്ങളും മാത്രമാണ് എന്ന വസ്തുത എനിക്ക് മുന്നില്‍ തെളിഞ്ഞ് വന്നു.
സത്യത്തെ വിഴുങ്ങുന്ന നുണകള്‍
വന്‍ശക്തികള്‍ തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിന് അവലംബിക്കുന്ന പ്രധാന മാര്‍ഗമാണ് കപടത. ലോകത്തിന്‍റെ ചിന്താഗതികളെയും കാഴ്ചപ്പാടുകളെയും തങ്ങള്‍ക്കനുകൂലമായി വളച്ചൊടിക്കാനും രാഷ്ട്രങ്ങള്‍ക്ക് മേല്‍ തങ്ങളുടെ പിടി മുറുക്കാനും അവര്‍ വ്യാജവാഗ്ദാനങ്ങളും ചതിയും ആയുധങ്ങളായി ഉപയോഗിക്കുന്നു.
ഈ വഞ്ചനയുടെ ഒരു വലിയ ഉദാഹരണമാണ് ആഫ്രിക്ക. വികസനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പേരില്‍ ഒരുപാട് കാലമായി ആഫ്രിക്ക വന്‍ശക്തികളുടെ ചൂഷണത്തിന് ഇരയാണ്. ഇന്ന് ഈ കപടത തുറന്ന് കാണിക്കുന്ന ഒരു പ്രധാന ശബ്ദമാണ് ബുര്‍ക്കിനാ ഫാസോയുടെ പ്രസിഡന്‍റായ ഇബ്രാഹിം ട്രോറെ. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒന്നിക്കണമെന്നും, വിദേശസഹായങ്ങളുടെയും സാമ്പത്തിക തന്ത്രങ്ങളുടെയും മാധ്യമവാര്‍ത്തകളുടെയും മറവില്‍ ഒളിഞ്ഞിരിക്കുന്ന നവകൊളോണിയലിസത്തിന്‍റെ ഗൂഢോദ്ദേശ്യങ്ങള്‍ക്കെതിരെ ആഫ്രിക്കന്‍ ജനത ശക്തമായി അണിനിരക്കണമെന്നും അദ്ദേഹം നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു.
ഇതിനെ കേവലം രാഷ്ട്രീയ വാചാടോപമായി തള്ളിക്കളയാനാവില്ല. മറിച്ച്, പീഡനത്തെ സ്വാതന്ത്ര്യമായും, പകല്‍കൊള്ളയെ സഹായമായും അവതരിപ്പിച്ചുകൊണ്ട്, ലോകത്തെ മുഴുവന്‍ വഞ്ചിക്കുന്ന ഒരു വ്യവസ്ഥിതിക്കെതിരെയുള്ള പ്രഖ്യാപനമാണ് ട്രോറെയുടെ വാക്കുകള്‍.
ഇത് പ്രവാചകന്‍ മുഹമ്മദ്(സ) 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച ദജ്ജാല്‍ എന്ന നിഗൂഢ ശക്തിയെ പറ്റി പുനര്‍വിചിന്തനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു.
ദജ്ജാല്‍ ഒരു ഭീകര സത്വമോ?
ലോകാവസാനത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒറ്റക്കണ്ണനായ ഒരു ഭീകരരൂപിയാണ് ദജ്ജാല്‍ എന്നതാണ് പൊതുവില്‍ മനസ്സിലാക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍, യഥാര്‍ഥത്തില്‍ ദജ്ജാല്‍ ഇത്തരത്തിലുള്ള ഒരു വിചിത്ര ജീവിയല്ല. മറിച്ച്, നമ്മെ സദാ ചുറ്റിവരിഞ്ഞിരിക്കുന്ന, നാം പോലുമറിയാതെ നമ്മുടെ ചിന്തകളെയും വീക്ഷണങ്ങളെയും സ്വാധീനിക്കുന്ന ഒരു ആഗോള വ്യവസ്ഥിതിയാണ് ദജ്ജാല്‍.
ഇത് മനസ്സിലാക്കാന്‍ ദജ്ജാല്‍ എന്ന പദത്തിന്‍റെ അര്‍ഥങ്ങളിലേക്ക് നാം കടക്കേണ്ടതുണ്ട്.
അറബി ഭാഷയിലെ ‘ദ ജ ല’ (د ج ل) എന്ന മൂന്നക്ഷരങ്ങളുള്ള മൂലപദത്തില്‍ നിന്നാണ് ‘ദജ്ജാല്‍’ (دجّال) എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്. ഇത്തരത്തില്‍ മൂന്നോ (ചിലപ്പോള്‍ നാലോ) അക്ഷരങ്ങളുള്ള മൂലപദങ്ങള്‍ അറബിയില്‍ വ്യക്തമായ അര്‍ഥതലങ്ങള്‍ ഉള്‍കൊള്ളുന്നവയാണ്. അതുകൊണ്ട് തന്നെ, ഒരേ അക്ഷരക്കൂട്ടില്‍ നിന്ന് നിഷ്പന്നമാകുന്ന വ്യത്യസ്ത പദങ്ങളുടെ അര്‍ഥങ്ങളിലും ഒരു ആന്തരിക ബന്ധം നിലനില്‍ക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും.
ഇതിന് വളരെ നല്ലൊരു ഉദാഹരണമാണ് ‘ദജ്ജാല്‍’. ഈ പദത്തിന്‍റെ മൂലരൂപത്തിലുള്ള അക്ഷരങ്ങളെ വിവിധക്രമത്തില്‍ മാറ്റിയെഴുതിയാലും, അവയെല്ലാം ദജ്ജാല്‍ എന്ന ആശയവുമായി എങ്ങനെ താദാത്മ്യം പുലര്‍ത്തുന്നു എന്ന് നമുക്ക് പരിശോധിക്കാം.
ദജല (دجل): നുണ പറയുക, വഞ്ചിക്കുക അല്ലെങ്കില്‍ സത്യത്തെ മൂടി വയ്ക്കുക എന്നൊക്കെയാണ് ഇതിന്‍റെ അര്‍ഥം.[2] ദജ്ജാലിന്‍റെ ഏറ്റവും അടിസ്ഥാനമായ ലക്ഷണമാണിത്. സത്യത്തെ അസത്യവുമായി, അല്ലെങ്കില്‍ അര്‍ധസത്യങ്ങളുമായി കൂട്ടിക്കലര്‍ത്തി വിശ്വസനീയമാക്കി അവതരിപ്പിക്കുന്നതിനെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. ‘ദജല’ എന്ന പദത്തിന്‍റെ തീവ്രരൂപമാണ് (hyperbolic participle) ‘ദജ്ജാല്‍’. അഥവാ, അങ്ങേയറ്റത്തെ വഞ്ചകനോ പെരുംനുണയനോ ആയ ഒരു അസ്തിത്വത്തെയാണ് ‘ദജ്ജാല്‍’ സൂചിപ്പിക്കുന്നത്.
ജദല (جدل): തര്‍ക്കിക്കുക അല്ലെങ്കില്‍ വാദിക്കുക എന്നതാണ് ഇതിന്‍റെ അര്‍ഥം.[3] തങ്ങളുടെ സ്വാര്‍ഥലാഭങ്ങള്‍ക്ക് വേണ്ടി ലോകശക്തികള്‍ വാദങ്ങള്‍ സൃഷ്ടിച്ചും തിരക്കഥകള്‍ മെനഞ്ഞും എങ്ങനെ വസ്തുതകളെ വളച്ചൊടിക്കുന്നു എന്നത് ഇന്ന് നാം കണ്മുന്നില്‍ കാണുന്ന ഒരു യാഥാര്‍ഥ്യമാണ്.
ജലദ (جلد): ബലം പ്രയോഗിക്കുക, അല്ലെങ്കില്‍ ശിക്ഷിക്കുക എന്നര്‍ഥം വരുന്ന പദമാണിത്.[4] സൈനിക അധിനിവേശങ്ങളിലൂടെയും സാമ്പത്തിക ഉപരോധങ്ങളിലൂടെയും കയ്യൂക്കിലൂടെയും മറ്റ് രാജ്യങ്ങള്‍ക്കും ജനതകള്‍ക്കും മേല്‍ ബലം പ്രയോഗിക്കുന്ന ലോകശക്തികളുടെ രീതികളെ ഈ വാക്ക് കൃത്യമായി സൂചിപ്പിക്കുന്നു.[5]
ഇതിന് പുറമെ ‘ദജ്ജാല്‍’ എന്ന പദത്തിന്‍റെ മറ്റൊരു വിശകലനം ഈ വിഷയത്തെ കൂടുതല്‍ സ്പഷ്ടമാക്കുന്നു. സ്വര്‍ണത്തിന്‍റെ ഇംഗ്ലീഷ് പദമായ ‘ഗോള്‍ഡ്’ (gold) അറബിയിലേക്ക് ‘ജൂല്‍ദ്’ (جولد) എന്നാണ് ലിപ്യന്തരണം ചെയ്യപ്പെടുന്നത്. ദജ്ജാലിന്‍റെ മൂലാക്ഷരങ്ങളായ ‘ദ ജ ല’ തന്നെയാണ് ഈ വാക്കിലും ക്രമം മാറി വന്നിട്ടുള്ളതെന്നത് ഇവിടെ ശ്രദ്ധേയമാണ്.
‘ദജ്ജാല്‍’ എന്ന വാക്കിന് ‘ദഹബ്’ (ذھب) എന്നും ‘മാഉദ്ദഹബ്’ (ماء الذھب) എന്നും ആലങ്കാരികമായി അര്‍ഥം നല്കാമെന്ന് അറബിയിലെ പ്രമുഖ നിഘണ്ടുക്കളായ അല്‍മുന്‍ജിദ്, ലിസാനുല്‍ അറബ് എന്നിവ വ്യക്തമാക്കുന്നു.[6] അറബിയില്‍ ‘ദഹബ്’ എന്നാല്‍ സ്വര്‍ണം എന്നും, ‘മാഉദ്ദഹബ്’ എന്നാല്‍ ദ്രാവക സ്വര്‍ണം എന്നുമാണ് അര്‍ഥം. ദ്രാവക സ്വര്‍ണം എന്നാല്‍ (പ്രത്യേകിച്ച് ഇംഗ്ലീഷില്‍ ലിക്വിഡ് ഗോള്‍ഡ് (liquid gold) എന്ന് പറയുന്നത്) പൊതുവെ പെട്രോളിയത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്.
ദജ്ജാലിന്‍റെ പദത്തില്‍ ഉള്ളടങ്ങിയിട്ടുള്ള ഈ ആശയത്തെ സംബന്ധിച്ച് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകനും വാഗ്ദത്ത മസീഹുമായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‍മദ്(അ) ഇപ്രകാരം നിരീക്ഷിക്കുന്നു:
“സ്വര്‍ണത്തിന് ഇംഗ്ലീഷ് ഭാഷയില്‍ ‘ഗോള്‍ഡ്’ എന്നാണ് പറയുന്നത്. ‘ജി ഓ എല്‍ ഡി’ എന്നീ അക്ഷരങ്ങള്‍ കൊണ്ടാണ് ഇത് എഴുതുന്നത്. ഇത് അറബിയിലെ ‘ദജ്ജാല്‍’ എന്ന പദത്തിന്‍റെ രൂപമാറ്റമാണ്. അറബിയില്‍ ‘ദജ്ജാല്‍’ എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം.”[7]
അഥവാ, ദജ്ജാല്‍ എന്നാല്‍ വഞ്ചനയുടെ പ്രതിരൂപം എന്നതിലുപരി, സ്വര്‍ണം, എണ്ണ തുടങ്ങിയ വിലയേറിയ വിഭവങ്ങളുടെ മേല്‍ നിയന്ത്രണം നേടാന്‍ ആഗ്രഹിക്കുന്ന ലൗകികതയുടെ പ്രതീകമായ ഒരു വന്‍ശക്തിയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
ദജ്ജാലിന്‍റെ അടയാളങ്ങള്‍ പ്രവാചക വചനങ്ങളില്‍
ദജ്ജാല്‍ എന്നാല്‍ നുണയും വഞ്ചനയും മുഖമുദ്രയാക്കിയ ഒരു ഭൗതിക ശക്തിയാണെന്ന വസ്തുതയിലേക്ക് തന്നെയാണ് പ്രവാചകവചനങ്ങളും വിരല്‍ ചൂണ്ടുന്നത്.
ദജ്ജാല്‍ ഒരു പെരുംനുണയനായിരിക്കുമെന്ന് നബി തിരുമേനി(സ) വ്യക്തമാക്കിയിരിക്കുന്നു.[8] ഇതിന് ഹദീസില്‍ ഉപയുക്തമായിട്ടുള്ള ‘കദ്ദാബ്’ (کذّاب) എന്ന പദം ‘അസത്യം’ എന്നര്‍ഥം വരുന്ന ‘കിദ്ബ്’ (کذب) എന്ന മൂലപദത്തിന്‍റെ തീവ്രരൂപമാണ് (hyperbolic participle). ‘ദജ്ജാല്‍’ എന്ന വാക്കില്‍ തന്നെ ഉള്ളടങ്ങിയിട്ടുള്ള ചതി, വഞ്ചന എന്ന അര്‍ഥങ്ങള്‍ക്ക് പുറമെയാണ് പ്രവാചകന്‍(സ) ഇത് പറഞ്ഞതെന്ന് ഓര്‍ക്കുക.
നിവേദനങ്ങളില്‍ വന്നിട്ടുള്ള ദജ്ജാലിന്‍റെ മറ്റൊരു ലക്ഷണം അത് വെള്ളത്തെ തീയായും തീയെ വെള്ളമായും അവതരിപ്പിക്കും എന്നതാണ്.[9] വസ്തുതകളെയും യാഥാര്‍ഥ്യങ്ങളെയും വളച്ചൊടിക്കുകയും, ക്രൂരതയെ കരുണയായും കരുണയെ ക്രൂരതയായും അവതരിപ്പിക്കുകയും ചെയ്യുന്ന വന്‍ശക്തികളുടെ കപടതയെ കൃത്യമായി വരച്ചുകാട്ടുന്നതാണ് ഈ പരാമര്‍ശം.
അതുപോലെ, ദജ്ജാലിന്‍റെ വലംകണ്ണ്‍ അന്ധമായിരിക്കും എന്നതാണ് അതിന്‍റെ ഭൗതികമായ അത്യാര്‍ത്തിയെക്കുറിച്ച് നബി തിരുമേനി(സ) നല്കുന്ന മറ്റൊരു സൂചന.[10] ഇസ്‌ലാമിക പ്രയോഗങ്ങളില്‍ വലതുഭാഗം എപ്പോഴും ആത്മീയ ഉള്‍ക്കാഴ്ചയെയും സന്മാര്‍ഗത്തെയും ദൈവിക മാര്‍ഗദര്‍ശനത്തെയുമാണ് സൂചിപ്പിക്കാറുള്ളത്. അതിനാല്‍, ദജ്ജാലിന്‍റെ ഈ അന്ധത ആത്മീയവും ധാര്‍മികവുമായ ഉള്‍ക്കാഴ്ചയുടെ അഭാവവും ഭൗതിക വിഭവങ്ങളോടും അധികാരത്തോടുമുള്ള അടങ്ങാത്ത അഭിനിവേശവുമാണ് തുറന്നുകാണിക്കുന്നത്.
മാത്രമല്ല, ദജ്ജാലിന്‍റെ സ്വാധീനത്തില്‍ നിന്ന് രക്ഷ നേടാന്‍ വിശുദ്ധ ഖുര്‍ആനിലെ അല്‍-കഹ്ഫ് എന്ന അധ്യായത്തിലെ ആദ്യത്തെയും അവസാനത്തെയും പത്ത് വചനങ്ങള്‍ പാരായണം ചെയ്യാന്‍ നബി തിരുമേനി(സ) ഉപദേശിച്ചിരിക്കുന്നു.[11] ഈ സൂക്തങ്ങള്‍ ത്രിത്വവാദത്തെ (trinity) നിരാകരിക്കുന്നവയായതിനാല്‍, അത്തരം വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ ക്രൈസ്തവതയുടെ മറവില്‍ തങ്ങളുടെ ചെയ്തികള്‍ നടപ്പിലാക്കുന്ന പാശ്ചാത്യ ശക്തികളെയാണ് ദജ്ജാല്‍ എന്ന ആശയം സൂചിപ്പികുന്നതെന്ന് വ്യക്തമാകുന്നു.
ഒരുവശത്ത്, അധിനിവേശത്തെയും ഭൗതികതൃഷ്ണകളെയും മറയ്ക്കാന്‍ മതത്തെ ഒരു കരുവാക്കുമ്പോളും, മറുവശത്ത് ഏകദൈവവിശ്വാസത്തെ ആക്രമിക്കുകയും മതവിരുദ്ധവാദങ്ങളെ വാഴ്ത്തുകയും ചെയ്യുന്നു എന്നതാണ് ഇത്തരം ശക്തികളുടെ ഗൂഢതന്ത്രം.
ദജ്ജാലിന്‍റെ യാഥാര്‍ഥ്യത്തെ പ്രതിപാദിച്ച് കൊണ്ട് വാഗ്ദത്ത മസീഹ് ഹദ്റത്ത് അഹ്‍മദ്(അ) പറയുന്നു:
“വാസ്തവത്തില്‍ ദജ്ജാല്‍ എന്നത് ഒരു വ്യക്തിയുടെ പേരല്ല. വിശ്വസ്തരും മതനിഷ്ഠയുള്ളവരുമെന്ന് സ്വയം നടിക്കുകയും, എന്നാല്‍ വിശ്വസ്തരോ മതനിഷ്ഠയുള്ളവരോ അല്ലാതിരിക്കുകയും ചെയ്യുന്ന ഒരു കൂട്ടത്തെയാണ് അറബി ഭാഷയില്‍ ദജ്ജാല്‍ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. അവരുടെ എല്ലാ പ്രവൃത്തികളിലും വഞ്ചനയും തട്ടിപ്പും ഉണ്ടായിരിക്കുന്നതാണ്.”[12]
അധികാരം, വഞ്ചന, സ്വര്‍ണം, പെട്രോളിയം: എല്ലാ ലക്ഷണങ്ങളും കൂട്ടിയോജിപ്പിക്കുമ്പോള്‍
ഇവയെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു.
വഞ്ചനയിലൂടെയും അസത്യപ്രചാരണത്തിലൂടെയും തങ്ങളുടെ ഉദ്ദേശ്യം പൂര്‍ത്തിയാക്കുന്ന ഒരു വ്യവസ്ഥിതിയാണ് ദജ്ജാല്‍. സ്വാതന്ത്ര്യം, പുരോഗതി, ജനാധിപത്യം എന്നിങ്ങനെയുള്ള ആകര്‍ഷകമായ വായ്ത്താരികളുടെ മറവില്‍ അസത്യം പ്രചരിപ്പിക്കുകയാണ് ദജ്ജാല്‍ ചെയ്യുന്നത്. ലോകവീക്ഷണങ്ങളെ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിക്കുകയും, കാലാവസ്ഥാ വ്യതിയാനം മുതല്‍ ആഗോളരാഷ്ട്രീയം വരെ എല്ലാ വിഷയങ്ങളെയും പാശ്ചാത്യ വീക്ഷണകോണിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ദജ്ജാലിന്‍റെ പ്രധാന തന്ത്രം. കൂടാതെ, സൈനികവും സാങ്കേതികവുമായ ശക്തിയും, അതുപോലെ സ്വര്‍ണം, എണ്ണ എന്നീ വിഭവങ്ങളുടെ സ്വാധീനവും ഉപയോഗിച്ച് കൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് കടന്നുകയറി അവരെ തങ്ങളുടെ വരുതിക്ക് നിര്‍ത്തുകയും നിശബ്ദരാക്കുകയും ചെയ്യുകയാണ് ദജ്ജാലിന്‍റെ രീതി.
അഥവാ, ദജ്ജാല്‍ ഭാവിയില്‍ വരാനിരിക്കുന്ന ഒരു സാങ്കല്പിക സൃഷ്ടിയല്ല. മറിച്ച്, ആധുനികതയുടെയും പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും മുഖംമൂടിയണിഞ്ഞ് കാലങ്ങളായി നമുക്കിടയില്‍ നിലനില്ക്കുന്ന ഒരു ലോകക്രമമാണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, വികലമായ ഒരൊറ്റ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണുന്ന ഒരു വ്യവസ്ഥിതിയാണ് ദജ്ജാല്‍. അത് ലൗകികതയെ മഹത്വവല്‍ക്കരിച്ചുകൊണ്ട് മനുഷ്യനെ ആത്മീയ ശൂന്യതയിലേക്ക് തള്ളിയിടുന്നു; ഭൗതികവാദത്തിനും ഉപഭോഗസംസ്കാരത്തിനും പ്രാധാന്യം നല്കിക്കൊണ്ട് മിതത്വം, ആത്മസംതൃപ്തി എന്നീ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നു; സുഖലോലുപത പ്രോത്സാഹിപ്പിച്ചുകൊണ്ട് ധാര്‍മികതയെ അടിച്ചമര്‍ത്തുകയും കൃത്യമായ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് മനുഷ്യമനസ്സുകളെ കാമവികാരങ്ങള്‍ക്ക് അടിമയാക്കുകയും ചെയ്യുന്നു.
ആയതിനാല്‍, ഈ ഗൂഢശക്തിയെ തിരിച്ചറിയുകയും അതിന്‍റെ പരീക്ഷണങ്ങളില്‍ നിന്ന് സ്വയം രക്ഷിക്കുകയും ചെയ്യേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും നിലനില്പിന്‍റെ ആവശ്യമായി മാറുന്നു.
കാപട്യം തിരിച്ചറിയുക
ദജ്ജാല്‍ വരാനിരിക്കുകയല്ല; അത് വന്നുകഴിഞ്ഞിരിക്കുന്നു. അത് നിങ്ങളുടെ വാതിലില്‍ മുട്ടുകയല്ല ചെയ്യുന്നത്; മറിച്ച് നിങ്ങളുടെ വീടുകളിലേക്ക് നുഴഞ്ഞുകയറുകയും നിങ്ങളുടെ പാഠപുസ്തകങ്ങളെ മാറ്റിമറിക്കുകയും, നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ഒരിക്കല്‍ ഈ വഞ്ചന നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍, നിങ്ങള്‍ ഉണര്‍ന്ന് തുടങ്ങുകയായി.
ആ തിരിച്ചറിവിനുള്ള ആഹ്വാനമാണ് ഈ ലേഖനം. പുരോഗതിയുടെ പേരില്‍ തിമിംഗലങ്ങളെ വേട്ടയാടുന്നതും, ലാഭക്കൊതിക്കായി മനുഷ്യകുലത്തെ തന്നെ തകര്‍ക്കുന്നതുമായ ഈ ലോകത്ത്, വിശ്വാസത്തിന്‍റെ സൗന്ദര്യവും സത്യത്തിന്‍റെ തെളിച്ചവും ആത്മീയ പ്രതിരോധത്തിന്‍റെ അനിവാര്യതയും തിരിച്ചറിയാനുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ഈ വാക്കുകള്‍.
അങ്ങനെയെങ്കില്‍ ആരാണ് യഥാര്‍ഥ ഭീകരവാദി?
ഒരുപക്ഷെ, അതിനുത്തരം വിദൂരതയില്‍ മറഞ്ഞിരിക്കുകയല്ല; മറിച്ച്, നാം ആരാധിക്കണം എന്ന് പഠിപ്പിക്കപ്പെട്ട, നമ്മുടെ കണ്മുന്നില്‍ ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥിതികളില്‍ തന്നെയാണ് ഇതിന്‍റെ യഥാര്‍ഥ ഉത്തരം.
ലേഖകന്‍ പഞ്ചാബിലെ ജാമിഅ അഹ്‌മദിയ്യായില്‍ നിന്നും ശാഹിദ് ബിരുദധാരിയാണ്. നിലവില്‍, അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പബ്ലിക്കേഷന്‍സ് വകുപ്പില്‍ സേവനമനുഷ്ഠിക്കുന്നു.
കുറിപ്പുകള്‍
[1] Whales Take up to Two Hours to Die After Being Harpooned, Icelandic Report Finds, 8 May 2023, The Guardian
[2] ലിസാനുല്‍ അറബ്
[3] അഖ്റബുല്‍ മവാരിദ്
[4] Ibid
[5] ‘ദജ്ജാൽ’ എന്ന വാക്കിന്‍റെ വിവിധ അർഥതലങ്ങളെ മുൻനിർത്തിയുള്ള ഈ നിരീക്ഷണം അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ നാലാം ഖലീഫ, ഹദ്റത്ത് മിര്‍സാ താഹിര്‍ അഹ്‍മദ്(റഹ്), 1999 ഫെബ്രുവരി 7-ന് ഫ്രഞ്ച് അതിഥികളുമായി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ വിശദീകരിച്ചിട്ടുണ്ട്.
[6] അല്‍-മുന്‍ജിദ്, ലിസാനുല്‍ അറബ് എന്നീ നിഘണ്ടുക്കളില്‍ ‘ദജല്‍’ എന്ന പദത്തിന് കീഴില്‍ ഈ അര്‍ഥങ്ങള്‍ വിശദീകരിച്ചതായി കാണാം.
[7] മല്‍ഫൂസാത്ത്, വാള്യം. 7, പേജ്. 212
[8] സഹീഹുല്‍ ബുഖാരി, കിതാബുല്‍ തൗഹീദ് (ദൈവത്തിന്‍റെ ഏകത്വത്തെ സംബന്ധിച്ച അധ്യായങ്ങള്‍)
[9] സഹീഹുല്‍ ബുഖാരി, കിതാബുല്‍ ഫിതന്‍ (പരീക്ഷണങ്ങളും ലോകാവസാനവും സംബന്ധിച്ച അധ്യായങ്ങള്‍)
[10] സഹീഹുല്‍ ബുഖാരി, കിതാബുല്‍ തഅ്ബീർ (സ്വപ്നവ്യാഖ്യാനത്തെ സംബന്ധിച്ച അധ്യായങ്ങള്‍)
[11] സഹീഹ് മുസ്‌ലിം, കിതാബു സ്വലാത്തില്‍ മുസാഫിരീന്‍ വ ഖസ്‌രിഹാ (യാത്രക്കാരുടെ നമസ്ക്കാരവും, അത് ചുരുക്കി നിര്‍വഹിക്കുന്നതും പ്രതിപാദിക്കുന്ന അധ്യായങ്ങള്‍)
[12] കിതാബുല്‍ ബരിയ്യ, റൂഹാനി ഖസാഇന്‍, വാള്യം. 13, പേജ്. 233–234
0 Comments