ഇസ്‌ലാമിക രാജ്യങ്ങൾ തങ്ങളുടെ അഭിവൃദ്ധിക്കായി പാശ്ചാത്യ ശക്തികളെ ആശ്രയിക്കുന്നതിന് പകരം ദൈവത്തിൽ വിശ്വാസമർപ്പിക്കണമെന്നും, പരസ്പരമുള്ള ഐക്യത്തിന് മുൻഗണന നല്കണമെന്നും, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ് ഇസ്‌ലാമിക രാഷ്ട്രങ്ങളെ ഉപദേശിച്ചു.
അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) മാര്‍ച്ച് 6-ന് നിര്‍വഹിച്ച ജുമുഅ ഖുതുബയില്‍ മുസ്‌ലിം ലോകം തങ്ങളുടെ സുരക്ഷയ്ക്കായി പാശ്ചാത്യ ശക്തികളെ ആശ്രയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും, തങ്ങളെ ദ്രോഹിക്കാൻ ശ്രമിക്കുന്നവരുടെ തന്ത്രങ്ങളിൽ നിന്ന് രക്ഷനേടാൻ സമാധാനപരമായി ഒന്നിക്കണമെന്നും ഉദ്ബോധിപ്പിച്ചു.
അദ്ദേഹം പറയുന്നു:
“അമേരിക്ക പല ഇസ്‌ലാമിക രാജ്യങ്ങളിലും സൈനിക താവളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്തിനുവേണ്ടിയാണത്? യഥാർഥത്തിൽ ആരിൽ നിന്നാണ് ഈ രാഷ്ട്രങ്ങൾ ഭീഷണി നേരിട്ടിരുന്നത്? വാസ്തവത്തിൽ, (അമേരിക്ക പോലുള്ള) ഈ ശക്തികൾ തന്നെയാണ് ആ ഭീഷണികൾ സൃഷ്ടിച്ചത്. പിന്നീട്, ഈ (മുസ്‌ലിം) രാഷ്ട്രങ്ങൾ അപകടത്തിലാണെന്നും അതിനാൽ അവയെ സംരക്ഷിക്കാൻ സൈനിക താവളങ്ങൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള ഒരു ആഖ്യാനം പ്രചരിപ്പിക്കപ്പെടുകയുണ്ടായി.”
തുടർന്ന് പറയുന്നു:
“ഈ (സൈനിക) താവളങ്ങളുടെ സാന്നിധ്യം അറബ് രാജ്യങ്ങൾക്ക് മേൽ ആക്രമണത്തിനുള്ള സാധ്യത വർധിക്കാൻ കാരണമായിത്തീർന്നു. ഒടുവിൽ അത്തരം ആക്രമണങ്ങൾ നടക്കുകയും ചെയ്തു. തൽഫലമായി അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്… എന്നിരുന്നാലും, മുസ്‌ലിങ്ങൾക്ക് ഭീഷണിയുയർത്താൻ യഥാര്‍ഥത്തില്‍ സാധ്യതയുള്ള ശക്തികൾക്കെതിരിൽ ഒരിക്കലും തന്നെ ഈ ശക്തികൾ തങ്ങളുടെ കരുത്തോ ആയുധശേഖരമോ പ്രയോഗിക്കുകയില്ല.”
20 മില്യൺ അംഗങ്ങളുള്ള ആഗോള അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആസ്ഥാനമായ യുകെയിലെ ടിൽഫോർഡിലുള്ള മുബാറക് മസ്ജിദിൽ നിന്ന് ജുമുഅ ഖുതുബ നിർവഹിക്കവേ, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നിയന്ത്രണാതീതമായി തുടരാൻ സാധ്യതയുണ്ടെന്നും ഈ യുദ്ധം തുടർന്നാൽ അറബ് രാഷ്ട്രങ്ങളായിരിക്കും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിലാകെ യുദ്ധം വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മുസ്‌ലിം ലോകത്തെ ഭിന്നതകൾ മുതലെടുക്കാൻ പാശ്ചാത്യ ശക്തികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം പറയുന്നു:
“ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ഗവൺമെന്‍റുകളും അവിടുത്തെ രാഷ്ട്രീയക്കാരും ഭരണാധികാരികളും തങ്ങളുടെ വ്യക്തിതാല്പര്യങ്ങൾ മാറ്റിവെച്ചുകൊണ്ട് മുസ്‌ലിം ഉമ്മത്തിന്‍റെ ഐക്യത്തിനായി പരിശ്രമിക്കേണ്ടതാണ്.”
തുടർന്ന് പറയുന്നു:
“പാശ്ചാത്യ ശക്തികൾ മുസ്‌ലിം രാജ്യങ്ങൾക്കുള്ളിൽ അശാന്തി സൃഷ്ടിക്കുകയും, ക്രമേണ ആ അശാന്തിക്ക് ആക്കം കൂട്ടിക്കൊണ്ട് അത് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ രാജ്യങ്ങളിലെ (പ്രകൃതി) വിഭവങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാനും അവയെ തങ്ങളുടെ സ്വാധീനവലയത്തിലാക്കാനും തങ്ങളുടെ ശക്തി ഉപയോഗിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്.”
മുസ്‌ലീങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കും അഭിവൃദ്ധിക്കുമായി പാശ്ചാത്യ ശക്തികളെ ആശ്രയിക്കരുതെന്ന് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) വീണ്ടും ഉപദേശിച്ചു. അദ്ദേഹം പറയുന്നു:
“അവർ [മുസ്‌ലിം രാഷ്ട്രങ്ങൾ] ലോകത്തെ വൻശക്തികളെ തങ്ങളുടെ ദൈവങ്ങളായി കരുതരുത്. കാരണം ശാശ്വതമായ ശക്തി സർവശക്തനായ ദൈവത്തിന്‍റെ ശക്തി മാത്രമാണ്. ഈ വൻശക്തികളെ പരമാധികാരികളായി കരുതിയാൽ, അവർ ഒന്നിന് പുറകെ ഒന്നായി ഓരോ രാജ്യത്തെയും, ഒടുവിൽ മുഴുവൻ മുസ്‌ലിം ലോകത്തെയും തങ്ങളുടെ നിയന്ത്രണത്തിലാക്കും. ഈ ഭൗതിക ശക്തികൾ ഇതിനകം തന്നെ ലോകസമാധാനവും സുസ്ഥിരതയും, പ്രത്യേകിച്ച് മുസ്‌ലിം ലോകത്തിന്‍റെ സമാധാനവും, നശിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഭാവിയിലും അവർ ഇത് തുടരുക തന്നെ ചെയ്യും.”
ഇറാനിലെ ജനങ്ങളെ, പ്രത്യേകിച്ച് അവിടുത്തെ സ്ത്രീകളെ സ്വതന്ത്രരാക്കാനാണ് തങ്ങൾ ഇറാനെ ആക്രമിക്കുന്നത് എന്നാണ് അമേരിക്ക അവകാശപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇറാനിയൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അമേരിക്ക ഈ യുദ്ധം നടത്തുന്നതെന്ന വാദം വ്യാജമാണെന്ന് ഒരു സ്പാനിഷ് യൂറോപ്യൻ പാർലമെന്‍റ് അംഗത്തെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് വ്യക്തമാക്കുകയുണ്ടായി.
മിസ് ഐറിൻ മോണ്ടെറോ (യൂറോപ്യൻ പാർലമെന്‍റ് അംഗം) പറയുന്നു:
“അമേരിക്കൻ ബോംബുകളാലോ നിയമവിരുദ്ധ കടന്നുകയറ്റങ്ങളാലോ ഇന്നുവരെ ഒരൊറ്റ സ്ത്രീ പോലും മോചിപ്പിക്കപ്പെട്ടിട്ടില്ല… ഇറാനിലും അത് സംഭവിക്കാൻ പോകുന്നില്ല.”
നിഷ്കളങ്കരായ സാധാരണ മുസ്‌ലിം ജനവിഭാഗത്തിന്‍റെ ജീവനെ പാശ്ചാത്യ രാജ്യങ്ങൾ എങ്ങനെ നോക്കിക്കാണുന്നു എന്നതിലെ ഇരട്ടത്താപ്പിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഇപ്രകാരം പറഞ്ഞു:
“പാശ്ചാത്യ രാജ്യങ്ങളിലെ സാഹചര്യം നിരീക്ഷിച്ചാൽ, ചില നിരീക്ഷകർ തന്നെ ഇത് ചൂണ്ടിക്കാണിക്കാൻ തുടങ്ങിയിട്ടുണ്ട്; അതായത്, ഇസ്രായേലിലോ അമേരിക്കയിലോ മറ്റേതെങ്കിലും പാശ്ചാത്യ രാജ്യത്തോ ഒരു ആക്രമണം ഉണ്ടാകുകയും അവിടെ കുറച്ച് കുട്ടികൾ കൊല്ലപ്പെടുകയും ചെയ്താൽ പോലും അതിൽ രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള വാർത്തകൾ ദിവസങ്ങളോളം പത്രങ്ങളിൽ അച്ചടിച്ചു വരും. എന്നാൽ ഇറാനിൽ ഒരു സ്‌കൂൾ ബോംബിട്ട് തകർക്കപ്പെടുകയും നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും ചെയ്തിട്ടും ആരും തന്നെ തങ്ങളുടെ ശബ്ദം ഉയർത്തുന്നില്ല. ഫലസ്തീനിലെ അവസ്ഥയും ഇത് തന്നെയായിരുന്നു. ഇപ്പോൾ ഇറാനിലും ഇത് തന്നെ ആവർത്തിക്കുന്നു. അവരുടെ കാഴ്ചപ്പാടിൽ ഒരു മുസ്‌ലിമിന്‍റെ ജീവന് യാതൊരു വിലയുമില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.”
തങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്ത രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന അമേരിക്കയുടെ സമ്മർദ തന്ത്രങ്ങളെ ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) അപലപിക്കുകയുണ്ടായി. അദ്ദേഹം പറയുന്നു:
“യുദ്ധങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾ ഉപരോധങ്ങൾക്കും ശിക്ഷാനടപടികൾക്കും വിധേയമാകുന്നു… അത്തരം സാഹചര്യങ്ങളിൽ നീതി അവശേഷിക്കുകയില്ല. നീതി അപ്രത്യക്ഷമാകുമ്പോൾ നാശം അനിവാര്യമായിത്തീരുന്നു.”
ഈ സംഘർഷത്തിൽ സ്പെയിൻ ഗവൺമെന്‍റ് സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുകൊണ്ട്, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, “സ്പെയിൻ യുദ്ധത്തിൽ പങ്കെടുക്കില്ലെന്നും തങ്ങളുടെ സൈനിക താവളങ്ങൾ അതിനായി വിട്ടുനൽകില്ലെന്നും പ്രസ്താവിക്കാനുള്ള ധൈര്യം കാണിച്ചു” എന്ന് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) അഭിപ്രായപ്പെട്ടു.
യുദ്ധത്തിലൂടെ അമേരിക്കയ്ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുന്നുണ്ടെന്നും അവർ യുദ്ധത്തിന്‍റെ സാമ്പത്തിക ഭാരം വഹിക്കുകയാണെന്നുമുള്ള നിരീക്ഷകരുടെ വാദം വെറും അനുമാനം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വൻശക്തികൾ ഓരോ കാര്യത്തിലും സൂക്ഷ്മമായ കണക്കുകൂട്ടലുകൾ നടത്തുകയും അവ നടപ്പിലാക്കുന്നതിന് മുമ്പായി സമഗ്രമായ വിലയിരുത്തലുകൾ നടത്തുകയും ചെയ്യുന്നു. അറബ് രാഷ്ട്രങ്ങള്‍ക്ക് തങ്ങള്‍ പ്രതിരോധം നല്കുന്നു എന്ന വ്യാജേന അവരെക്കൊണ്ട് തന്നെ ഈ ഭാരിച്ച ചിലവുകൾ ഏറ്റെടുപ്പിക്കാനാണ് സാധ്യത എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്ദേഹം തുടർന്ന് പറയുന്നു:
“ഒരു വശത്ത്, അവരുടെ എണ്ണ ഉല്പാദനം തടസ്സപ്പെടുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്യുന്നു… മറു വശത്ത്, ഈ വലിയ ചിലവുകൾ വഹിക്കാൻ അവർ നിർബന്ധിതരാകുന്നു. ഇത് അവരുടെ സാമ്പത്തിക ശേഖരത്തെ ക്രമേണ കുറയ്ക്കാനോ അല്ലെങ്കിൽ പൂർണമായും ഇല്ലാതാക്കാനോ കാരണമായിത്തീരും. ഒടുവിൽ, അറബ് ലോകത്തിന് കനത്ത സാമ്പത്തിക ആഘാതം സംഭവിക്കും. പാശ്ചാത്യ ലോകത്തിനും നഷ്ടങ്ങൾ സംഭവിച്ചേക്കാമെങ്കിലും, ഏറ്റവും വലിയ നഷ്ടം അറബ് രാഷ്ട്രങ്ങൾക്കായിരിക്കും വന്നു ഭവിക്കുക.”
തന്‍റെയും വിവിധ നിരീക്ഷകരുടെയും അഭിപ്രായത്തിൽ ഒരു ലോകമഹായുദ്ധം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്നും ഖലീഫാ തിരുമനസ്സ് വ്യക്തമാക്കി. എന്നാൽ ഇനിയും മുസ്‌ലിം ലോകം ഒന്നിക്കുകയാണെങ്കിൽ കൂടുതൽ നാശനഷ്ടങ്ങളിൽ നിന്ന് രക്ഷനേടാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം ഉപദേശിച്ചു. അദ്ദേഹം പറയുന്നു:
“മുസ്‌ലിം ലോകം സമാധാനപൂർണമാകാനും പരസ്പരം സഹോദരങ്ങളെപ്പോലെ നിലകൊള്ളാനും പരിശ്രമിക്കേണ്ടതാണ്. ഇതാണ് ഇസ്‌ലാമിന്‍റെ യഥാർഥ അധ്യാപനം. അല്ലാതെ പരസ്പരം കഴുത്തറക്കുന്നവരായി അവര്‍ മാറരുത്… എങ്കിൽ മാത്രമേ ലോകത്തിന്‍റെ ആക്രമണങ്ങളിൽ നിന്ന് നമുക്ക് രക്ഷനേടാനും നമ്മുടെ അന്തസ്സും അഭിമാനവും നിലനിർത്താനും ഇസ്‌ലാംവിരുദ്ധ ശക്തികൾ നമ്മെ ഉള്ളിൽ നിന്ന് ഛിന്നഭിന്നമാക്കുന്നത് തടയാനും നമുക്ക് സാധിക്കുകയുള്ളൂ.”
അറബ് രാഷ്ട്രങ്ങളും ഇറാൻ ഗവൺമെന്‍റും അനുരഞ്ജനത്തിന്‍റെ പാത കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. അദ്ദേഹം പറയുന്നു:
“ചൈനയും പാകിസ്താൻ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളും സമാധാനത്തിന് വഴിയൊരുക്കുന്നതിൽ പങ്കുവഹിക്കാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുണ്ട്. മുസ്‌ലിം ലോകം ഈ വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.”
ലോകസമാധാനത്തിനായി പ്രാർഥിച്ചുകൊണ്ടും, സമാധാനത്തിനായും ലോകത്തിലെ എല്ലാത്തരം അനീതികൾക്കും ക്രൂരതകൾക്കും അറുതിവരുത്തുന്നതിനായും പ്രാർഥിക്കാൻ അഹ്‌മദികളോട് ആഹ്വാനം ചെയ്തുകൊണ്ടും അദ്ദേഹം തന്‍റെ ഖുതുബ അവസാനിപ്പിക്കുകയുണ്ടായി.
ആഗോള അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പ്രസ്സ് ആന്‍ഡ് മീഡിയ ഓഫീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ pressahmadiyya.comല്‍ നിന്ന് അവലംബിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131








2 Comments
Yasar Arafath.R.M. · മാർച്ച് 7, 2026 at 12:32 pm
Correct advice for Muslim world by Hadrat Ameerul Mu-a-mineen(Ayyadahu…..)
Sidhique ch · മാർച്ച് 7, 2026 at 12:33 pm
Very good. Remarkable അഡ്വൈസ് for the world peace and