മൗലവി സനാഉല്ലാഹ് അമൃത്സരിയുമായുള്ള മുബാഹലയുടെ യാഥാർഥ്യങ്ങൾ

ഒരു ദൈവനിയോഗിതന്‍റെ നിശ്ചയദാർഢ്യത്തോടെ ഹദ്റത്ത് അഹ്‍മദ്(അ) ഓരോ തവണ മുബാഹലയ്ക്കുള്ള വെല്ലുവിളി ഏറ്റെടുത്തപ്പോഴും, ഒരു സത്യനിഷേധിയുടെ പരിഭ്രാന്തിയോടെ മൗലവി സനാഉല്ലാഹ് ഭയന്നോടുകയാണുണ്ടായതെന്നതിന് ചരിത്രം സാക്ഷിയാണ്.

എ താരിഖ്, അലനല്ലൂര്‍

ദൈവനിയോഗിതരുടെയും പ്രവാചകന്മാരുടെയും സത്യതയെ തകർക്കാൻ വേണ്ടി ശത്രുക്കൾ സ്ഥിരം അവലംബിക്കുന്ന മാർഗമാണ് കള്ളത്തരത്തെ കൂട്ടുപിടിക്കുക എന്നത്. പ്രവാചകശ്രേഷ്ഠൻ മുഹമ്മദ് മുസ്തഫാ(സ)യുടെ എതിരാളികൾ ഇന്നും അദ്ദേഹത്തിന്‍റെ സത്യത മറച്ചുവെക്കാൻ വ്യാജാരോപണങ്ങൾ മിനയുകയും, വസ്തുതകളെ വളച്ചൊടിക്കുകയും ചെയ്യുന്നു. ഇതേ ചരിത്രത്തിന്‍റെ ആവർത്തനമാണ് തിരുനബി(സ)യുടെ പ്രവചനമനുസരിച്ച് ഈ കാലഘട്ടത്തിൽ നിയുക്തനായ വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്‍മദ്(അ)ന്‍റെ കാര്യത്തിലും നമുക്ക് കാണാൻ സാധിക്കുന്നത്.

അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകനായ ഹദ്റത്ത് അഹ്‍മദ്(അ)നെതിരെ ശത്രുക്കള്‍ ഉന്നയിക്കുന്ന ഒരു അടിസ്ഥാനരഹിത ആക്ഷേപമാണ്, അക്കാലത്തെ ഒരു അഹ്‌ലെ ഹദീസ് പണ്ഡിതനായ സനാഉല്ലാഹ് അമൃത്സരിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന മുബാഹലയുടെ കഥ.

മൗലവി സനാഉല്ലാഹ് അമൃത്സരിയുമായി ഹദ്റത്ത് അഹ്‍മദ്(അ) മുബാഹല നടത്തിയെന്നും, അതില്‍ അദ്ദേഹത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും, അദ്ദേഹത്തിന് മേല്‍ (നഊദുബില്ലാഹ്) ദൈവശിക്ഷ ഇറങ്ങിയെന്നുമാണ് എതിരാളികള്‍ ആക്ഷേപിക്കാറുള്ളത്. എന്നാല്‍, മേല്‍പ്പറഞ്ഞ മുബാഹലയുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകളെ മറച്ചുവെക്കുകയും വളച്ചൊടിക്കുകയും ചെയ്തുകൊണ്ടാണ് ഇത്തരക്കാര്‍ കാലത്തിന്‍റെ ഇമാമിനെതിരില്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

അതിനാൽ ചരിത്രവസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ മുബാഹലക്ക് പിന്നിലെ യാഥാർഥ്യങ്ങളെ പരിശോധിച്ചറിയുക എന്നത് അത്യന്താപേക്ഷിതമാണ്. അത് തന്നെയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.

മുബാഹാലക്കുള്ള ആദ്യ ആഹ്വാനം

ഹദ്റത്ത് അഹ്‌മദ്‌(അ) 1897 ൽ തന്‍റെ ‘അഞ്ചാമെ ആഥം’ എന്ന ഗ്രന്ഥത്തിലൂടെ പുറപ്പെടുവിച്ച മുബാഹല ആഹ്വാനത്തില്‍ മുബാഹലക്കായി ക്ഷണിക്കപെട്ടവരില്‍ പതിനൊന്നാമത്തെ ആളായിരുന്നു സനാഉല്ലാഹ്. ഹദ്റത്ത് അഹ്‌മദ്‌(അ) തന്‍റെ ആഹ്വാനത്തിൽ ഇപ്രകാരം പറയുന്നു:

“എന്‍റെ മുബാഹലയിലെ ഒരു നിബന്ധന ഇതാണ്: താഴെ പറയുന്ന വ്യക്തികളിൽ കുറഞ്ഞത് പത്ത് പേരെങ്കിലും ഹാജരാകണം, അതിൽ കുറയാൻ പാടുള്ളതല്ല. അതിന് പുറമേ എത്ര പേർ ഉണ്ടായാലും അത് എനിക്ക് സന്തോഷദായകമാണ്. അത് എന്‍റെ ആഗ്രഹവുമാണ്. കാരണം, ഒരു വലിയ വിഭാഗം ആളുകളെ ഒരേസമയം ദൈവിക ശിക്ഷ വലയം ചെയ്യുക എന്നത് സംശയാതീതമായ സുവ്യക്തമായ ഒരു അടയാളമായിരിക്കും.”[1]

എന്നാൽ, പ്രതീക്ഷിച്ചത് പോലെ തന്നെ, ഹദ്റത്ത് അഹ്‌മദ്‌(അ) ഒരു കള്ളവാദിയാണെന്ന് മുദ്രകുത്തിയ ആ ഉലമാക്കളിൽ ആരും തന്നെ ശാപപ്രാർഥന നടത്താനായി മുന്നോട്ടുവന്നില്ല. സനാഉല്ലായും മൗനം ദീക്ഷിച്ചു.

പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം 1902-ൽ തന്‍റെ അനുയായികളുടെ സമ്മർദം സഹിക്കാനാവാതെയാണ് സനാഉല്ലാഹ് മുബാഹലക്ക് സമ്മതം മൂളിയത്.

ഈ സന്ദർഭത്തിൽ ഹദ്റത്ത് അഹ്‌മദ്‌(അ) ഇപ്രകാരം എഴുതി:

“അദ്ദേഹം (സനാഉല്ലാഹ്) ഈ വെല്ലുവിളിയെ സജീവമായി പിന്തുടരുകയും അതിൽ ഉറച്ചുനിൽക്കുകയും, സത്യവാനായ വ്യക്തിക്ക് മുൻപേ വ്യാജവാദി മരണപ്പെടണം എന്ന് നിർബന്ധം പിടിക്കുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും അദ്ദേഹം തന്നെയായിരിക്കും ആദ്യം മരണപ്പെടുക.”[2]

തുടർന്ന് എഴുതുന്നു:

“അദ്ദേഹം മുന്നോട്ടുവെച്ചത് വളരെ നല്ലൊരു നിർദ്ദേശമാണ്. എന്നാൽ അദ്ദേഹം ഇതിൽ ഉറച്ചുനിന്നാൽ മാത്രമേ ഇത് ഫലവത്താവുകയുള്ളൂ.”[3]

സനാഉല്ലാഹ് മുബാഹലയുടെ ആഹ്വാനം സ്വീകരിക്കുന്ന സമയത്ത് ഹദ്റത്ത് അഹ്‌മദ്‌(അ)ന്‍റെ പ്രായം അറുപത്തിയേഴും സനാഉല്ലായുടെ പ്രായം മുപ്പത്തിനാലുമാണ്. അതിനാൽ തന്നെ ഹദ്റത്ത് അഹ്‌മദ്‌(അ) തന്‍റെ വെല്ലുവിളി സ്വീകരിക്കുമെന്ന് അദ്ദേഹം ഒരിക്കലും തന്നെ കരുതിയിരുന്നില്ല. മറുപടി കണ്ട് പരിഭ്രാന്തനായ സനാഉല്ലാഹ് താൻ പത്രാധിപനായ അഹ്‌ലെ ഹദീസ് എന്ന പ്രസിദ്ധീകരണത്തിൽ ഇപ്രകാരം കുറിച്ചു:

“ഈ വിനീതൻ യഥാർഥത്തിൽ നിങ്ങളെപ്പോലെ ഒരു പ്രവാചകനോ, ദൈവദൂതനോ, ദൈവപുത്രനോ അല്ല എന്നതിനാലും, എനിക്ക് വെളിപാടുകൾ ലഭിക്കുന്നുണ്ടെന്ന് ഞാൻ അവകാശപ്പെടാത്തതിനാലും, ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ ധൈര്യപ്പെടുന്നില്ല.”[4]

ഒരു ദൈവനിയോഗിതന്‍റെ ആത്മവിശ്വാസത്തിന് മുന്നില്‍ തങ്ങളുടെ കപടത വെളിവാകുമ്പോള്‍ സത്യനിഷേധികള്‍ എത്തരത്തിലാണ് കൂടുതലായി കള്ളത്തില്‍ ശരണം പ്രാപിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. തന്‍റെ പരാജയം തുറന്ന് സമ്മതിക്കേണ്ടി വരുമ്പോഴും, ജനങ്ങളെ കബളിപ്പിക്കാന്‍ സനാഉല്ലാഹ് ഹദ്റത്ത് അഹ്‍മദ്(അ) താന്‍ ദൈവപുത്രനാണെന്ന് വാദിക്കുന്നുവെന്ന വ്യാജാരോപണം നടത്തുന്നു. എന്നാല്‍ ആ ‘വ്യാജവാദിയെ’ സത്യം കൊണ്ട് നേരിടാന്‍ അദ്ദേഹം തയ്യാറാകുന്നുമില്ല. തന്‍റെ ഈ അസന്നദ്ധതയെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നെഴുതുന്നു:

“ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ധൈര്യം എനിക്കില്ല. ഈ ധൈര്യമില്ലായ്മയെ ഒരു കഴിവുകേടായല്ല, മറിച്ച് ഒരു ബഹുമതിയായാണ് ഞാൻ കണക്കാക്കുന്നത്.”[5]

ഹദ്റത്ത് അഹ്‌മദ്‌(അ) മുമ്പ് സംശയിച്ചത് പോലെ മൗലവി സനാഉല്ലാഹ് തന്‍റെ വെല്ലുവിളിയിൽ ഉറച്ചു നിൽക്കാതെ പിന്തിരിഞ്ഞോടി.

1907-ലെ മടങ്ങിവരവ്

1902-ലെ പിൻവാങ്ങലിന് ശേഷം തന്‍റെ അനുയായികളെ തൃപ്തിപ്പെടുത്താൻ 1907-ലാണ് സനാഉല്ലാഹ് വീണ്ടും തലപൊക്കുന്നത്. മിർസാ സാഹിബ് 72-ാം വയസിൽ എത്തിയെന്നും ആദ്യം ആര് മരണം വരിക്കുമെന്ന വെല്ലുവിളിയെ നേരിടാൻ വാർധക്യത്തിലെത്തിയ അദ്ദേഹം ഭയന്നേക്കുമെന്നും കരുതിയായിരിക്കണം രണ്ടാമതുള്ള ഈ കടന്നുവരവ്. 1907 മാർച്ച്‌ 29-ലെ അഹ്‌ലെ ഹദീസ് പത്രത്തിൽ അയാള്‍ ഇപ്രകാരം എഴുതി:

“മിർസായികളേ, നിങ്ങൾ സത്യസന്ധരാണെങ്കിൽ മുന്നോട്ട് വരിക, നിങ്ങളുടെ അധ്യാപകനെയും കൂടെ കൂട്ടുക… ‘അൻജാമെ ആഥം’ എന്ന പുസ്തകത്തിലൂടെ എനിക്ക് മുബാഹല വെല്ലുവിളി നല്കിയ ആളെ എന്‍റെ മുന്നിൽ കൊണ്ടുവരിക.”[6]

എന്നാൽ സനാഉല്ലായെ അമ്പരപ്പിച്ചു കൊണ്ട് ഹദ്റത്ത് അഹ്‌മദ്‌(അ) ഉടനെത്തന്നെ ആ വെല്ലുവിളി സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ നിർദേശമനുസരിച്ച്, 1907 ഏപ്രില്‍ 4-ന് ബദർ പത്രാധിപർ ഇപ്രകാരം വിളംബരം ചെയ്തു:

“ഹദ്റത്ത് മിർസാ സാഹിബ് ആ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു എന്ന ശുഭവാർത്ത മൗലവി സനാഉല്ലാഹ് സാഹിബിനെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഈ വ്യക്തി (ഹദ്റത്ത് മിർസാ ഗുലാം അഹ്‌മദ്‌(അ)) തന്‍റെ അവകാശവാദങ്ങളിൽ കള്ളം പറയുന്നയാളാണെന്ന് അദ്ദേഹം (സനാഉല്ലാഹ്) സത്യം ചെയ്ത് പറയണം. കൂടാതെ, താൻ നുണ പറയുന്നവനാണെങ്കിൽ ‘ലഅ്നത്തുല്ലാഹി അലൽ കാദിബീൻ’ (കള്ളം കെട്ടിച്ചമക്കുന്നവരുടെമേൽ അല്ലാഹുവിന്‍റെ ശാപം ഉണ്ടാകട്ടെ) എന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിക്കുകയും വേണം. ഇതുകൂടാതെ, തനിക്കായി മരണം പോലുള്ള ഏതൊരു ശിക്ഷയ്ക്കുവേണ്ടിയും പ്രാർഥിക്കാനുള്ള സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്.”[7]

വാഗ്ദത്ത മസീഹ് ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‍മദ്(അ)

ഭയവിഹ്വലനായ സനാഉല്ലാഹ് ഇപ്രകാരം മറുപടി എഴുതി:

“ഞാൻ നിങ്ങളെ ഒരു മുബാഹലയ്ക്ക് വെല്ലുവിളിച്ചിട്ടില്ല, ശപഥം ചെയ്യാനുള്ള എന്‍റെ സന്നദ്ധത അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ നിങ്ങൾ അതിനെ മുബാഹല എന്ന് വിളിക്കുന്നു. മുബാഹല എന്നത് ഇരുപക്ഷവും പരസ്പരം ശപഥമത്സരത്തിൽ ഏർപ്പെടുന്ന ഒന്നാണ്. ഞാൻ ശപഥം ചെയ്യാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ ഒരു മുബാഹലയ്ക്ക് വേണ്ടിയുള്ള വെല്ലുവിളി ഞാന്‍ നടത്തിയിട്ടില്ല. ഏകപക്ഷീയമായി ശപഥം ചെയ്യുന്നതും മുബാഹലയും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്.”[8]

ഇതൊരു മുബാഹല അല്ല എന്ന് പ്രഖ്യാപിച്ച അതേ ലേഖനത്തിൽ തന്നെ തന്‍റെ മുൻവാദത്തിന് വിരുദ്ധമായി സനാഉല്ലാഹ് ഇപ്രകാരം പറയുന്നു:

“തീർച്ചയായും, മുബാഹലയുടെ വാക്കുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഞാൻ നിങ്ങൾക്ക് അയച്ച ക്ഷണം നിങ്ങൾ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.”[9]

ഇടയ്ക്കിടെ തന്‍റെ നിലപാടിൽ മാറ്റം വരുത്തുന്ന, ഒരേ ലേഖനത്തിൽ തന്നെ രണ്ട് പരസ്പരവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ഒരാളെയാണ് അനഹ്‌മദികൾ തങ്ങള്‍ക്ക് സഹായത്തിനെന്നോണം ഒപ്പം കൂട്ടിയിരിക്കുന്നത്.

അവസാനത്തെ വെല്ലുവിളി

മൗലവി സാഹിബിന്‍റെ ഈ ഒളിച്ചുകളിക്ക് ഒരു അന്ത്യം കുറിക്കാനെന്നോണം 1907 ഏപ്രിൽ 15-ന് ‘ആഖ്‌രി ഫൈസ്‌ല’ എന്ന തലക്കെട്ടോടുകൂടി ഹദ്റത്ത് അഹ്‌മദ്‌(അ) ഒരു അവസാന വിധിന്യായം പ്രസിദ്ധീകരിച്ചു. അതില്‍ സത്യവാനായ വ്യക്തിയുടെ ജീവിതകാലത്ത് തന്നെ അസത്യവാദി മരിക്കണമേയെന്ന് അദ്ദേഹം അല്ലാഹുവിനോട് പ്രാർഥിച്ചു. എന്നാൽ, മുബാഹല ഏകപക്ഷീയമായ ഒരു തീരുമാനമല്ലാത്തതിനാലും ഇരുപക്ഷത്തിന്‍റെയും സമ്മതം അതിന് അനിവാര്യമായതിനാലും, മുബാഹലയുടെ നിബന്ധന പൂർത്തിയാക്കുന്നതിനായി ഹദ്റത്ത് അഹ്‌മദ്‌(അ) രണ്ട് ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. അദ്ദേഹം പറയുന്നു:

“അവസാനമായി, [മുബാഹാല സ്വീകരിച്ചു കൊണ്ടുള്ള] ഈ പ്രസ്താവന അദ്ദേഹം തന്‍റെ പത്രത്തില്‍ (അഹ്‌ലെ ഹദീസ്) പ്രസിദ്ധീകരിക്കണമെന്നും അതിന് താഴെ അദ്ദേഹം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എഴുതണമെന്നും നാം മൗലവി സാഹിബിനോട് അഭ്യര്‍ത്ഥിക്കുകയാണ്.”[10]

ഈ വെല്ലുവിളിക്ക് മൗലവി സാഹിബ്‌ നല്കിയ മറുപടി ഇന്ന്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ എതിരാളികള്‍ സൗകര്യപൂര്‍വം മറച്ചു വെക്കുന്ന ഒന്നാണ്. കാരണം, ഈ അവസാന വെല്ലുവിളിക്ക് മൗലവി സനാഉല്ലാഹ് നല്കുന്ന മറുപടിയാണ് ഈ സംഭവപരമ്പരയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. ഹദ്റത്ത് അഹ്‌മദ്‌(അ)ന്‍റെ ഈ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് തന്‍റെ നിബന്ധനകള്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം ഇപ്രകരാമണ് മറുപടി നല്കിയത്:

“ഖാദിയാനിലെ ശ്രീകൃഷ്ണന്‍ ഈ വിനീതനെ ഒരു മുബാഹലക്കാണ് ക്ഷണിച്ചിരിക്കുന്നത്. അതിനുള്ള വിശദമായ ഉത്തരം 1907 ഏപ്രില്‍ 19-ലെ ‘അഹ്‌ലെ ഹദീസില്‍’ തന്നെ നല്കിയിട്ടുള്ളതാണ്.”[11]

അതായത്, “ഞാൻ നിങ്ങളെ ഒരു മുബാഹലയ്ക്ക് വെല്ലുവിളിച്ചിട്ടില്ല, ശപഥം ചെയ്യാനുള്ള എന്‍റെ സന്നദ്ധത അറിയിക്കുക മാത്രമാണ് ചെയ്തത്” എന്ന പ്രസ്താവനയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി വീണ്ടും അദ്ദേഹം പ്രഖ്യാപിക്കുകയും ശാപപ്രാര്‍ഥനയായ ‘ലഅനത്തുല്ലാഹി അലല്‍ കാദിബീന്‍’ (കള്ളം കെട്ടിച്ചമക്കുന്നവരുടെമേൽ അല്ലാഹുവിന്‍റെ ശാപം ഉണ്ടാകട്ടെ) എന്ന ഖുര്‍ആനിക വചനം ചൊല്ലാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ദേഹം ഇപ്രകാരം പറയുന്നു:

“ഈ പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് എന്‍റെ അനുവാദം വാങ്ങിയിട്ടില്ല. എന്‍റെ അനുവാദം കൂടാതെയാണ് ഇത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇത് എനിക്ക് സ്വീകാര്യമല്ലെന്ന്‍ മാത്രമല്ല, ബുദ്ധിയുള്ള ആരും തന്നെ ഇത്തരം ഒരു വെല്ലുവിളി അംഗീകരിക്കില്ല.”[12]

മരണഭയം നിമിത്തം അദ്ദേഹം ഇത് കൂടി കൂട്ടിച്ചേര്‍ത്തു:

“എന്‍റെ മത്സരം നിങ്ങളോടാണ്. ഞാൻ മരിക്കുകയാണെങ്കിൽ അത് എങ്ങനെയാണ് ജനങ്ങൾക്ക് ഒരു തെളിവായിത്തീരുക? നിങ്ങളുടെ അഭിപ്രായത്തിൽ മൗലവി ഗുലാം ദസ്തഗീർ ഖസൂരി, മൗലവി ഇസ്മായീൽ അലിഗഡി, അമേരിക്കക്കാരനായ ഡോക്ടർ ഡോവീ എന്നിവർ ഇപ്രകാരമാണ് മരിച്ചത്. എന്നിട്ട് ആളുകൾ നിങ്ങളെ സത്യവാനായി അംഗീകരിച്ചോ? ഇനിയും ഇത് തന്നെ ആവർത്തിച്ചാൽ അതിൽ എന്ത് പ്രയോജനം?”[13]

താൻ ആദ്യം മരിച്ചേക്കാം എന്ന തന്‍റെ ഭയം വിളിച്ചോതുന്ന തരത്തിൽ അദ്ദേഹം ഇങ്ങനെയും എഴുതിച്ചേർത്തു:

“കള്ളവാദികൾക്കും, കറ്റുകെട്ടുകാർക്കും, സമാധാനഭംഗമുണ്ടാക്കുന്നവർക്കും, അനുസരണയില്ലാത്തവർക്കും അല്ലാഹു അവധി നല്കുകയും അവർക്ക് നീണ്ട ജീവിതം പ്രദാനം ചെയ്യുകയും ചെയ്യുന്നു. അങ്ങനെ തങ്ങളുടെ അവധിയുടെ കാലയളവിൽ അവർ കൂടുതലായി തിന്മകൾ പ്രവർത്തിക്കാൻ.”[14]

തുടർന്ന്, ഇതേ മാസം തന്നെ പ്രസിദ്ധീകരിക്കപ്പെട്ട തന്‍റെ മുറക്കയെ ഖാദിയാനി എന്ന പ്രസിദ്ധീകരണത്തില്‍, നബി(സ)യുടെ കാലത്ത് വ്യാജ പ്രവാചകത്വവാദം ഉന്നയിച്ച മുസൈലിമയോട് ഹദ്റത്ത് അഹ്‌മദ്‌(അ)നെ താരതമ്യപ്പെടുത്തിക്കൊണ്ട് മൗലവി സാഹിബ്‌ ഇങ്ങനെ എഴുതി:

“നബി തിരുമേനി(സ) ഒരു സത്യപ്രവാചകനായിട്ടുകൂടിയും അദ്ദേഹം മുസൈലിമ കദ്ദാബിന് മുമ്പേ മരണമടഞ്ഞു. കള്ളവാദിയായിട്ടുകൂടിയും സത്യവാനായ വ്യക്തിക്ക് ശേഷമാണ് മുസൈലിമ മരിച്ചത്. എന്നാൽ അയാൾ നിരാശയിലും ദുഖത്തിലുമാണ് മരണമടഞ്ഞത്. അതിനാൽ പ്രാർഥനയുടെ സ്വീകാര്യതയുടെ കാര്യത്തിൽ യാതൊരു തർക്കവുമില്ല.”[15]

ഹദ്റത്ത് അഹ്‌മദ്‌(അ)ന്‍റെ കാലത്ത് പ്രസിദ്ധീകരിച്ച തന്‍റെ അവസാനത്തെ പ്രസ്താവനയിൽ മൗലവി സനാഉല്ലാഹ് മുബാഹലയുടെ വെല്ലുവിളി സ്വീകരിക്കാൻ തയ്യാറാവാതെ ശപഥം ചെയ്യാനുള്ള സന്നദ്ധത മാത്രമാണ് അറിയിച്ചത്. കൂടാതെ, സത്യവാദി കള്ളം പറയുന്ന വ്യക്തിയുടെ ജീവിത കാലത്ത് തന്നെ മരിക്കുമെന്ന് പ്രഖ്യാപിച്ചു. അതിന് മുസൈലിമയെ ഉദാഹരണമായി എടുത്തുകാണിച്ചു. അതുപോലെ, ശത്രുവിന് ദീർഘായുസ്സ് നല്കപ്പെടുമെങ്കിലും അയാളുടെ മരണം ദുഖവും നിരാശാജനകവുമായിരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

മൗലവി സനാഉല്ലായുടെ ദാരുണാന്ത്യം

ഇനി എന്ത് സംഭവിച്ചു എന്ന് നോക്കാം. തൊട്ടടുത്ത വർഷം തന്നെ, അതായത് 1908-ൽ തന്നെ ഹദ്റത്ത് അഹ്‌മദ്‌(അ) വഫാത്തായി. എന്നാൽ സനാഉല്ലാഹ് ആകട്ടെ, മുസൈലിമയെപ്പോലെ സത്യവാദിയെ കവച്ചുവെച്ചുകൊണ്ട് 1948-ൽ തന്‍റെ 79-ആം വയസ്സിലാണ് മരണമടയുന്നത്. അത് മാത്രമല്ല, അദ്ദേഹം എത്രമാത്രം നിരാശനായിക്കൊണ്ടാണ് മരിച്ചത് എന്നതിന് ചരിത്രം സാക്ഷിയാണ്.

മൗലവി സാഹിബിന്‍റെ മരണത്തിന് ഒരു കൊല്ലം മുമ്പ് നടന്ന സംഭവവികാസങ്ങളെപ്പറ്റി ചർച്ച ചെയ്തുകൊണ്ട് അൽ അഅത്തിസാൻ എന്ന പത്രത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു:

“1947 ഓഗസ്റ്റിൽ അമൃതസർ, ഒരു ചെറിയ ലോകാവസാനത്തിന് സമാനമായ കാഴ്ചകൾക്കാണ് സാക്ഷ്യം വഹിച്ചത്. മരണഭീതി വിതച്ച ലഹളയുടെ കൊടുങ്കാറ്റ് മൗലാനയുടെ വസതിയെ പൂർണ്ണമായും വരിഞ്ഞുമുറുക്കി. അദ്ദേഹത്തിനും കുടുംബത്തിനും സുരക്ഷിതമായി അവിടെനിന്നും മാറാൻ കഴിഞ്ഞുവെങ്കിലും, അദ്ദേഹത്തിന്‍റെ ഏക മകനായ, യുവാവായ അതാഉല്ലാഹ് മൗലാനയുടെ കൺമുന്നിൽ വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടു. ആ ദുരന്തത്തിന്‍റെ ഭീകരത അദ്ദേഹത്തിന്‍റെ ഹൃദയത്തെ നുറുക്കിക്കളഞ്ഞു.”[16]

സനാഉല്ലായുടെ ജീവചരിത്രമായ സീറത്ത് സനാഇ-യിൽ ഗ്രന്ഥകർത്താവായ മൗലവി അബ്ദുൽ മജീദ് സൊഹ്‌ദർവി എഴുതുന്നു:

“അദ്ദേഹം തന്‍റെ വീട്ടിൽ നിന്ന് ഇറങ്ങിയ നിമിഷം തന്നെ, അവസരം പാർത്തിരുന്ന തെമ്മാടികളും കൊള്ളക്കാരും അവിടേക്ക് ഇരച്ചുകയറുകയും വീട്ടുസാധനങ്ങളും പണവും ആഭരണങ്ങളും ഉൾപ്പെടെയുള്ള സകലതും കൈക്കലാക്കുകയും ചെയ്തു. കൊള്ളയ്ക്കും കവർച്ചയ്ക്കും ശേഷം അവർ ആ വീടിന് തീയിട്ടു. എന്നാൽ അതുകൊണ്ടൊന്നും അവസാനിച്ചില്ല. മൗലാനാ തന്‍റെ വലിയ അധ്വാനത്തിലൂടെയും ചെലവിലൂടെയും സ്വരൂപിച്ചുവെച്ചതും, ആയിരക്കണക്കിന് രൂപ വിലമതിക്കുന്ന അത്യപൂർവ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെട്ടതുമായ അദ്ദേഹത്തിന്‍റെ ഏറ്റവും വിലപ്പെട്ട പുസ്തകശേഖരവും ആ കൊള്ളക്കാർ തീയിട്ട് ചാമ്പലാക്കി. ഈ പുസ്തകങ്ങളുടെ നഷ്ടം തന്‍റെ ഏക മകന്‍റെ നഷ്ടത്തിന് സമാനമായ വേദനയാണ് മൗലാനക്ക് ഉണ്ടാക്കിയത്. ആ പുസ്തകങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യമായിരുന്നു. അവയിൽ ചിലതാകട്ടെ വീണ്ടെടുക്കാൻ പ്രയാസമുള്ളത് എന്ന്‍ മാത്രമല്ല, ഇനി ലഭ്യമാകാത്തവിധം അപൂർവവുമായിരുന്നു.

“ഈ കഠിനമായ ദുഃഖം മരണം വരെ മൗലാനയെ വിട്ടുപോയില്ല. വാസ്തവത്തിൽ, ഈ രണ്ട് ദാരുണ സംഭവങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണത്തിന് പ്രധാന കാരണമായത്. [അതായത്] തന്‍റെ ഏക മകന്‍റെ അപ്രതീക്ഷിത വിയോഗവും അദ്ദേഹത്തിന്‍റെ ഏറ്റവും വിലയേറിയ പുസ്തകശേഖരം കത്തിനശിച്ചതും. ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ രണ്ട് നിർഭാഗ്യങ്ങളും ഏൽപ്പിച്ച തീരാവേദന അദ്ദേഹത്തിന്‍റെ ജീവൻ കവരുകയാണുണ്ടായത്.”[17]

അങ്ങനെ മുബാഹല സ്വീകരിക്കാതെ തന്നെ സനാഉല്ലാഹ് അല്ലാഹുവിന്‍റെ കോപത്തിന് വിധേയനായി മരണമടഞ്ഞു. മൗലവി സാഹിബിന്‍റെ അന്ത്യം അതീവ ദുഃഖകരമാണെങ്കിലും അത് അദ്ദേഹം അല്ലാഹുവിന്‍റെ സത്യവാനായ ദാസനെ വ്യാജവാദി എന്ന് ചാപ്പകുത്തിയതിന്‍റെയും വ്യാജവാദി നീണ്ടകാലം ജീവിച്ചിരിക്കുമെന്നും നിരാശാജനകമായ മരണം വരിക്കുമെന്നും പ്രഖ്യാപിച്ചതിന്‍റെയും ഫലമായി സംഭവിച്ചതാണ്. ഇത് അല്ലാഹുവിന്‍റെ മഹത്തായ അടയാളമല്ലാതെ മറ്റെന്താണ്.

സത്യം ഇത്ര വ്യക്തമാണെന്നിരിക്കെ, ഇതേ മൗലവിയെയും ഒരു നൂറ്റാണ്ടോളം പഴക്കമുള്ള അപൂർണമായ ഒരു മുബാഹലയേയും കൂട്ടുപിടിച്ചു കൊണ്ട്, ആ വാദപ്രതിവാദങ്ങളിൽ തങ്ങൾക്ക് ആവശ്യമുള്ള ഭാഗങ്ങൾ മാത്രം അടർത്തിയെടുത്തുകൊണ്ട്, ഇന്നും അനഹ്‌മദികള്‍ തങ്ങൾക്ക് ചുറ്റും സുരക്ഷാവേലി തീർക്കുന്നത് എന്തിനാണെന്ന് മാത്രം വ്യക്തമല്ല. സ്പഷ്ടമായ തെളിവുകളോട് കൂടി അല്ലാഹു അയച്ച ഒരു വ്യക്തിയെ നേരായ മാർഗത്തിലൂടെ എതിരിടാനും തള്ളിപ്പറയാനും സാധിക്കാത്തതിനാലാവാം അവർ ഇത്തരം കുതന്ത്രങ്ങളെ കൂട്ടുപിടിക്കുന്നത്. അല്ലാഹു അഅലം.

ചണ്ഡിഗഡ് സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ താരിഖ്, നിലവിൽ വിയന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയില്‍ (TU Wien) ക്വാണ്ടം ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നു.

കുറിപ്പുകള്‍

[1] അഞ്ചാമെ ആഥം, പേജ് 67

[2]

[3] ഈജാസെ അഹ്‍മദി, പേ. 24

[4] ഇല്‍ഹാമാത്തെ മിര്‍സ, പേ. 85

[5] Ibid

[6] അഹ്‌ലെ ഹദീസ്, മാർച്ച്‌ 29, 1907, പേ. 10

[7] ബദർ, ഏപ്രില്‍ 4, 1907, പേ. 4

[8] അഹ്‌ലെ ഹദീസ്, ഏപ്രില്‍ 19, 1907, പേ. 10

[9] Ibid

[10] മജ്മൂഅ ഇഷ്തിഹാറാത്ത്, വാള്യം. 3, പേ. 446–448

[11] അഹ്‌ലെ ഹദീസ്, ഏപ്രില്‍ 26, 1907, പേ. 3

[12] അഹ്‌ലെ ഹദീസ്, ഏപ്രില്‍ 26, 1907, പേ. 5

[13] Ibid

[14] Ibid

[15] മുറക്കയെ ഖാദിയാനി, ഏപ്രില്‍ 1907

[16]

[17]

[18]

संबंधित विषय

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു