അദ്നാന് അഹ്മദ് എ. കെ, ഖാദിയാന്‍
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലടക്കം ലോകത്തിലെ പലയിടങ്ങളിലും ഇസ്ലാമിന്റെ വ്യാപനത്തില്‍ നിർണായക പങ്കുവഹിച്ച ഒരു ആത്മീയ പാരമ്പര്യമാണ് സൂഫിസം. എന്നാൽ ഇന്ന് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ രണ്ട് വിരുദ്ധ ധ്രുവങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഒരു വശത്ത് ആധുനിക സൂഫീ വക്താക്കള്‍ ആത്മീയതയുടെ പേരിൽ ശരീഅത്തിന്റെ അടിസ്ഥാന കല്പനകളെപ്പോലും തള്ളിക്കളയുമ്പോള്‍, മറുവശത്ത് ഇതിനെ വിമര്‍ശിക്കുന്നവര്‍ സൂഫിസത്തിന്റെ പ്രമാണബദ്ധമായ അടിത്തറയെയും ആദ്യകാല സൂഫിവര്യന്മാരുടെ സച്ചരിത പാരമ്പര്യത്തെയും പൂർണമായും നിഷേധിക്കുന്നു.
ഈ പരസ്പര വിരുദ്ധതകൾക്കിടയിൽ, ഇസ്ലാമിക ആത്മീയതയുടെ യാഥാർഥ്യവും ഉത്ഭവവും കാലാതീതമായ പൈതൃകവും പുനരന്വേഷിക്കുകയാണ് ഈ ലേഖന പരമ്പര.
സ്നേഹവും ശാന്തിയും തണൽവിരിക്കുന്ന ഒരു തുരുത്താണ് മനുഷ്യാത്മാവിന്റെ എക്കാലത്തെയും അഭയം. അർഥശൂന്യമായ ആചാരങ്ങളുടെ മണൽക്കാടുകൾ താണ്ടുമ്പോഴും, ഉള്ളിൽ വറ്റാതെകിടക്കുന്ന ദിവ്യപ്രേമത്തിന്റെ ഉറവ തേടിയുള്ള ഹൃദയങ്ങളുടെ തീർഥാടനം ചരിത്രത്തിലെങ്ങും കാണാം. സമീപകാലത്തായി കേരളത്തിലെ മുസ്ലിം വൈജ്ഞാനിക-പൊതുമണ്ഡലങ്ങളിൽ സൂഫിസത്തെയും സ്ത്രീകളുടെ മതപരമായ സ്വാതന്ത്ര്യത്തെയും ശരീഅത്തിന്റെ പ്രസക്തിയെയും സംബന്ധിച്ച് ഉയർന്നുവന്ന ചർച്ചകൾ യഥാർഥത്തിൽ ഈയൊരു ആത്മദാഹത്തിന്റെയും അതിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളുടെയും പ്രതിഫലനമാണ്.
നിർഭാഗ്യവശാൽ, ഈ വിഷയത്തിൽ പലപ്പോഴും പ്രകടമാകുന്നത് രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ള തീവ്ര നിലപാടുകളാണ്. ഒരുവശത്ത്, ആത്മീയ അനുഭവങ്ങളുടെയും ദിവ്യപ്രണയത്തിന്റെയും പേരിൽ മതത്തിന്റെ ബാഹ്യമായ ചട്ടക്കൂടുകളെയും ശരീഅത്ത് വിധിവിലക്കുകളെയും അപ്രസക്തമായി കാണുന്ന അതിരുവിട്ട പ്രവണതകൾ. മറുവശത്താകട്ടെ, ആത്മീയതയുടെയും തസവ്വുഫിന്റെയും ചരിത്രപരമായ അന്തസ്സത്തയെത്തന്നെ പൂർണമായി തള്ളിക്കളയുകയും, കേവല ബാഹ്യ അനുഷ്ഠാനങ്ങളിലേക്ക് മാത്രം മതത്തെ ചുരുക്കിക്കെട്ടുകയും ചെയ്യുന്ന ജീവനറ്റ യാന്ത്രിക സമീപനം.
ഇവിടെ കാലം നമ്മോട് ചോദിക്കുന്ന കാതലായ ഒരു ചോദ്യമുണ്ട്: ഇസ്ലാമിക ആത്മീയതയുടെ സുഗന്ധം സംരക്ഷിക്കണമെങ്കിൽ സൂഫി പാരമ്പര്യത്തിന്റെ പേരിലുള്ള സകലതിനെയും കണ്ണടച്ച് പുല്‍കണമോ? അതുപോലെ, മതത്തിന്റെ പേരിലുള്ള ചില യാന്ത്രിക വ്യാഖ്യാനങ്ങളോട് കലഹിക്കാൻ ആത്മീയതയുടെ പ്രാധാന്യത്തെത്തന്നെ വേരോടെ പിഴുതെറിയേണ്ടതുണ്ടോ?
ഈ രണ്ടു ചോദ്യങ്ങൾക്കും ഒരൊറ്റ ഉത്തരത്തിന്റെ കള്ളിയിൽ ഒതുങ്ങാനാവില്ല. കാരണം, ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ‘സൂഫിസം’ എന്ന പേരിൽ ഒഴുകിയെത്തിയ സകല ചിന്താധാരകളും ഒരേ തെളിമയുള്ളവയായിരുന്നില്ല. ആത്മശുദ്ധീകരണത്തിനും ദൈവസ്നേഹത്തിനും ധാർമിക പരിവർത്തനത്തിനും ജീവൻ നല്കിയ മഹത്തായ വസന്തങ്ങൾ അതിലുണ്ട്. എന്നാൽ, പിൽക്കാലത്ത് അടിഞ്ഞുകൂടിയ ചില ആചാരങ്ങളെയും ദാർശനിക അതിരുവിടലുകളെയും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തിൽ വിമർശനാത്മകമായിത്തന്നെ വായിക്കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ, ഈ വിഷയത്തെ സമീപിക്കേണ്ടത് വിശുദ്ധ ഖുർആന്റെയും തിരുനബി മുഹമ്മദ് മുസ്തഫാ(സ)യുടെ പ്രകാശപൂർണമായ ജീവിതമാതൃകയുടെയും വെളിച്ചത്തിലാണ്.
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നാലാം ഖലീഫ ഹദ്റത്ത് മിർസാ താഹിർ അഹ്മദ്(റഹ്) സൂഫിസത്തെക്കുറിച്ചുള്ള യഥാര്‍ഥ ഇസ്ലാമിക നിലപാട് അതീവ സുന്ദരമായി ഇപ്രകാരം സംഗ്രഹിക്കുന്നു:
“ദൈവത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളിൽ പ്രകടമാക്കപ്പെട്ടിട്ടുള്ള അവന്റെ ഇച്ഛയെ സംബന്ധിച്ച ആഴമേറിയതും ഉദാത്തവുമായ ഒരു ഉൾക്കാഴ്ചയാണ് സൂഫിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ, തീർച്ചയായും ഞാൻ സൂഫിസത്തിൽ വിശ്വസിക്കുന്നു; അല്ലാഹുവിന്റെ സകല പ്രവാചകന്മാരും അങ്ങനെ വിശ്വസിച്ചിരുന്നതുപോലെ തന്നെ… എന്നാൽ, സൂഫിസം എന്നത് ഇതല്ലെങ്കിൽ, ഞാൻ സൂഫിസത്തിൽ വിശ്വസിക്കുന്നതേയില്ല.”[1]
ഈ നിലപാട് രണ്ട് തീവ്രതകൾക്കിടയിലെ കേവലമൊരു ഒത്തുതീർപ്പല്ല; മറിച്ച്, ബാഹ്യമായ അനുഷ്ഠാനങ്ങളാകുന്ന ‘പാത്രവും’ ആന്തരിക ചൈതന്യമാകുന്ന ‘പാനീയവും’ പരസ്പരപൂരകങ്ങളായി നിലനിൽക്കുന്ന ഇസ്ലാമിന്റെ സന്തുലിതമായ മധ്യമമാർഗമാണ്.
സമകാലിക വിവാദം ഉയർത്തുന്ന ഒരു വലിയ ചോദ്യം
കേരളത്തിന്റെ ആത്മീയ മണ്ണിൽ സൂഫിസത്തെക്കുറിച്ചുള്ള സംവാദങ്ങൾ പുതിയതല്ല. ഔലിയാക്കളോടുള്ള ആദരവും ഖബർ സന്ദർശനവും ദിക്റ് ഹൽഖകളും ശരീഅത്തിന്റെ പ്രായോഗികതയുമെല്ലാം പതിറ്റാണ്ടുകളായി ഇവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ പുതിയ കാലത്ത് ഈ സംവാദങ്ങൾക്ക് തികച്ചും വ്യത്യസ്തമായൊരു മാനം കൈവന്നിരിക്കുന്നു. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യം, മതാധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം, ആത്മീയാനുഭവങ്ങളുടെ വൈകാരികത എന്നിവയെല്ലാം ഇന്നിതിനോട് ഇഴചേർന്നു കിടക്കുന്നു.
2026 സെപ്റ്റംബർ–ഒക്ടോബർ മാസങ്ങളിൽ കോഴിക്കോട്ടെ ഫാറൂഖ് കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ശബ്നം നൂർജഹാനുമായി ബന്ധപ്പെട്ട ‘നൂറേ റൂമി’ എന്ന ആത്മീയ കൂട്ടായ്മയും അവരുടെ കാമില: റൂമിയുടെ പ്രണയി എന്ന പുസ്തകവും കേരളീയ പൊതുമണ്ഡലത്തിൽ വലിയൊരു കൊടുങ്കാറ്റുയർത്തി. പുസ്തകത്തിലെ ഉള്ളടക്കം മതവിരുദ്ധമാണെന്ന് ആരോപിച്ച് പള്ളികളിലെ ജുമുഅ ഖുതുബകളിലടക്കം പരസ്യമായ ആക്ഷേപങ്ങളും സൈബർ ഇടങ്ങളിൽ കടുത്ത വിദ്വേഷ പ്രചാരണങ്ങളും അരങ്ങേറിയതായി വാർത്തകൾ വന്നു. വിയോജിപ്പുകൾ ശത്രുതയായി മാറരുതെന്ന് ഹുസൈൻ മടവൂരിനെപ്പോലുള്ളവർ ഓർമിപ്പിക്കുകയും, ഫാറൂഖ് കോളേജ് സ്ഥാപകൻ അബുസ്സബാഹ് മൗലവിയുടെ സൂഫി ആഭിമുഖ്യം ചൂണ്ടിക്കാട്ടി ചില എഴുത്തുകാർ രംഗത്തെത്തുകയും ചെയ്തപ്പോൾത്തന്നെ, മറുവശത്ത് ക്ലാസ് മുറികളിൽ വിദ്യാർഥികളുടെ വിശ്വാസങ്ങളെയും വസ്ത്രധാരണത്തെയും പരിഹസിച്ചുവെന്ന തരത്തിലുള്ള മറുവാദങ്ങളും ഉയർന്നു.
എന്നാൽ, ഒരു വ്യക്തിയെക്കുറിച്ചുള്ള ആരോപണങ്ങളും അവരുടെ യഥാർഥ രചനകളും മറ്റുള്ളവർ അതിന് നല്കുന്ന വ്യാഖ്യാനങ്ങളും ഒന്നല്ല. വ്യക്തിയെക്കാൾ വലുതാണ് ആശയം. ഒരു കവിയുടെ വരികളോ ഒരു ആത്മീയ കൂട്ടായ്മയോ ഒരാളുടെ മുറിവേറ്റ ഹൃദയത്തിന് സാന്ത്വനം നല്‍കിയേക്കാം. എന്നാൽ ആ വൈകാരിക അനുഭവത്തിന്റെ പേരിൽ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ മുഴുവൻ അപ്രസക്തമായി കാണാനാവില്ല. അതുപോലെ, മതത്തിന്റെ പേരിൽ ഒരു സ്ത്രീ അനീതിയോ അവഹേളനമോ നേരിട്ടിട്ടുണ്ടെങ്കിൽ ആ വേദനയെ ഗൗരവത്തോടെ കേൾക്കണം; പക്ഷേ, പുരോഹിതന്മാരുടെയോ സമൂഹത്തിന്റെയോ തെറ്റുകളെ ഇസ്ലാമിന്റെ പരിശുദ്ധമായ അധ്യാപനങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്.
രണ്ട് അതിരുകൾക്കിടയിൽ: യാന്ത്രിക മതവും അതിരുകളില്ലാത്ത ഉന്മാദവും
ഇസ്ലാമിക ആത്മീയതയെക്കുറിച്ചുള്ള ചർച്ചകളിൽ നാം കാണുന്ന ഒന്നാമത്തെ അതിര്, ഹൃദയമില്ലാത്ത യാന്ത്രിക മതത്തിന്റേതാണ്. പ്രണയത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും ഭാഷയെത്തന്നെ സംശയത്തോടെ കാണുന്നവരാണവർ. മുൻകാല മഹാത്മാക്കളുടെ കാവ്യങ്ങളിലെ ഒറ്റപ്പെട്ട വരികൾ അടർത്തിയെടുത്ത് അവരെ മതഭ്രഷ്ടരാക്കാനും, ആരാധനകളെ കേവലം ശാരീരിക ചലനങ്ങളായി ചുരുക്കാനും ഈ സമീപനം കാരണമാകുന്നു.
മറുവശത്തുള്ള രണ്ടാമത്തെ അതിര്, ആത്മീയതയെ സകല മതനിയമങ്ങളിൽ നിന്നും സ്വതന്ത്രമായ ഒരു സ്വകാര്യ ലഹരിയായി മാറ്റുന്നു. ഉള്ളിലൊരു പ്രണയാനുഭവം തോന്നിയെന്നതിനാലോ റൂമിയുടെ കവിതകൾ ഹൃദയത്തെ തൊട്ടുവെന്നതിനാലോ നമസ്കാരവും നോമ്പും ശരീഅത്തിന്റെ എല്ലാ വിധിവിലക്കുകളും ഇനി തനിക്ക് ബാധകമല്ലെന്ന് കരുതുന്ന അപകടകരമായ അവസ്ഥയാണത്.
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ രണ്ടാം ഖലീഫ ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്മദ്(റ) ഈ വ്യതിയാനത്തെ കൃത്യമായി വിലയിരുത്തുന്നുണ്ട്:
“സൂഫിസത്തിലെ ചില അവാന്തര വിഭാഗങ്ങൾ ശരീഅത്തിനെ പൂർണമായി ഉപേക്ഷിക്കുകയും, ആത്മീയ ലക്ഷ്യത്തിന്റെ പേരിൽ ഇസ്ലാം ഒരിക്കലും അനുവദിക്കാത്ത അപകടകരമായ വഴികൾ സ്വീകരിക്കുകയും ചെയ്തു. ഇത് സൂഫി പാരമ്പര്യത്തിന്റെ യഥാർഥ ചൈതന്യമല്ല, മറിച്ച് ശരീഅത്തിനെ മറികടക്കാൻ ശ്രമിച്ച ഗുരുതരമായ വ്യതിചലനമാണ്.”[2]
ആത്മീയതയെ നിരാകരിക്കുന്നവർ ഇസ്ലാമിന്റെ ഹൃദയത്തെയാണ് മറക്കുന്നതെങ്കിൽ, ശരീഅത്തിനെ നിരാകരിക്കുന്നവർ ആ ഹൃദയത്തെ സംരക്ഷിക്കുന്ന ശരീരത്തെയാണ് തകർക്കുന്നത്.
സൂഫിസത്തിന്റെ അടിസ്ഥാന തത്ത്വം ദൈവസ്നേഹവും മനുഷ്യസേവനവുമാണ്; ഇവ രണ്ടും വാസ്തവത്തിൽ ഒരേ ദിവ്യസ്നേഹത്തിന്റെ രണ്ട് മുഖങ്ങളാണ്. ഇസ്ലാം പൂർണമായ ഒരു വൃക്ഷമാണ്, സൂഫിസം അതിന്റെ ഒരു ശാഖ മാത്രവും. സൂഫിസത്തിന് ഇസ്ലാമില്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാവില്ല.
ഇസ്ലാമിന്റെ സഹജമായ ആത്മീയത
ആത്മീയത ഇസ്ലാമിലേക്ക് പുറത്തുനിന്ന് (അഥവാ ക്രൈസ്തവ സന്യാസത്തിൽ നിന്നോ, പേർഷ്യൻ തത്ത്വചിന്തയിൽ നിന്നോ, ഭാരതീയ താപസചര്യകളിൽ നിന്നോ) കടന്നുവന്ന ഒന്നാണെന്ന് ചിലർ വാദിക്കാറുണ്ട്. എന്നാൽ ഇസ്ലാമിന്റെ ആത്മീയത ഹിറാ ഗുഹയിലെ ഏകാന്തതയിലും വിശുദ്ധ ഖുർആന്റെ തിരുവചനങ്ങളിലും പിറവിയെടുത്തതാണ്. തസ്കിയത്തുന്‍ നഫ്സ് (ആത്മശുദ്ധീകരണം), തഖ്വ (ദൈവഭക്തി), ഇഖ്ലാസ് (ആത്മാർത്ഥത), ഇഹ്സാൻ (ദൈവത്തെ കാണുന്നതുപോലെ ആരാധിക്കുക) എന്നിവയെല്ലാം ഖുർആന്റെ സ്വന്തം പദാവലികളാണ്.
വിശുദ്ധ ഖുർആൻ മനുഷ്യാത്മാവിന്റെ വിമോചനത്തെക്കുറിച്ച് ഇപ്രകാരം പ്രഖ്യാപിക്കുന്നു:
“മനുഷ്യാത്മാവിനെക്കൊണ്ടും അതിനെ അന്യൂനമാക്കിയിരിക്കുന്ന വിധത്തെക്കൊണ്ടും സത്യം. എന്നിട്ടവൻ (അല്ലാഹു) അതിന്ന്, അതിന്റെ അധാർമികതയും ധാർമികതയും ബോധനം ചെയ്തു. അതിനെ പരിശുദ്ധമാക്കിയവൻ തീർച്ചയായും വിജയം പ്രാപിച്ചു. അതിനെ ദുഷിപ്പിച്ചവൻ തീർച്ചയായും പരാജയപ്പെടുകയും ചെയ്തു.”[3]
ഹൃദയങ്ങളുടെ അസ്വസ്ഥതകൾക്കുള്ള ഏക മരുന്ന് ദൈവസ്മരണയാണെന്ന് ഖുർആൻ ഓർമിപ്പിക്കുന്നു:
“അറിയുക! അല്ലാഹുവിന്റെ സ്മരണകൊണ്ടു മാത്രമാണ് ഹൃദയങ്ങൾക്ക് സമാധാനം ലഭിക്കുന്നത്.”[4]
മാത്രമല്ല, ദൈവത്തോടുള്ള ഈ സ്മരണയും സ്നേഹവും ഏകപക്ഷീയമായ ഒരു വികാരമല്ല; മറിച്ച് മനുഷ്യനെ ദൈവത്തിന്റെ ദർശനത്തിലേക്ക് (ലിഖാ) നയിക്കുന്ന ഉദാത്തമായ ഒരു പാരസ്പര്യമാണ്. വിശുദ്ധ ഖുർആൻ പറയുന്നു:
“അതുകൊണ്ട്, (ഞാൻ ഇത്രയും അനുഗ്രഹം ചെയ്യുന്നവനായിരിക്കെ) നിങ്ങൾ എന്നെ സ്മരിക്കുവിൻ, ഞാൻ നിങ്ങളെയും സ്മരിക്കാം. എന്നോട് കൃതജ്ഞത കാണിക്കുവിൻ; എന്നോട് നന്ദികേടു കാണിക്കരുത്!”[5]
എന്നാൽ ഈ ദൈവസ്നേഹം തിരുനബി മുഹമ്മദ്(സ)യുടെ ജീവിതമാതൃകയെ (സുന്നത്ത്) അനുസരിക്കുന്നതിലൂടെ മാത്രമേ പൂർണമാകൂ എന്നും ഖുർആൻ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു:
“(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുവിൻ; എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും.”[6]
വിശ്വാസികളെ സംസ്കരിച്ചെടുക്കുക (തസ്കിയ്യത്ത്) എന്നത് തിരുനബി മുഹമ്മദ് മുസ്തഫാ(സ)യുടെ നിയോഗലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. പ്രസിദ്ധമായ ‘ഹദീസ് ജിബ്രീൽ’ ഇഹ്സാനെ മതത്തിന്റെ നിർവചനത്തിൽത്തന്നെ ഉൾപ്പെടുത്തുന്നു:
“അയാൾ ചോദിച്ചു: എനിക്ക് ഇഹ്സാനെക്കുറിച്ച് പറഞ്ഞുതരൂ. പ്രവാചകൻ മറുപടി നല്കി: ‘അല്ലാഹുവിനെ നീ നേരിൽ കാണുന്നതുപോലെ അവനെ ആരാധിക്കുക. അത് സാധ്യമല്ലെങ്കില്‍ അവൻ നിന്നെ കാണുന്നുണ്ട് എന്ന ബോധ്യത്തോടെ.’”[7]
തസവ്വുഫിന്റെ യഥാർഥ അടിത്തറ വിശുദ്ധ ഖുർആനിലും തിരുനബിയുടെ സുന്നത്തിലും ഹദീസിലുമാണ് നിലകൊള്ളുന്നത്. ശരിയായ അർഥത്തിലുള്ള സൂഫി മാർഗം ശരീഅത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, മറിച്ച് ശരീഅത്തിന്റെ ധാർമികവും ആത്മീയവുമായ ലക്ഷ്യങ്ങളുടെ ആന്തരിക സാക്ഷാത്കാരമാണ്.
സൂഫി മഹാത്മാക്കളോടുള്ള ആദരവും, ആശയങ്ങളുടെ സൂക്ഷ്മപരിശോധനയും
ഇസ്ലാമിക ചരിത്രത്തിലെ പ്രകാശഗോപുരങ്ങളായ ഹസൻ അൽ ബസ്രി, റാബിഅത്തുൽ അദവിയ്യ, ജുനൈദുൽ ബഗ്ദാദി, ബായസീദ് ബസ്താമി, ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, മൗലാനാ ജലാലുദ്ദീൻ റൂമി, ഇബ്നു അറബി തുടങ്ങിയ മഹാത്മാക്കള്‍ അങ്ങേയറ്റത്തെ ആദരവിനര്ഹരാണ്. എന്നാൽ ഒരു മഹാത്മാവിനെ സ്നേഹിക്കുക എന്നതിനര്‍ഥം അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കുന്ന സകല ഐതിഹ്യങ്ങളെയും കാവ്യരൂപകങ്ങളെയും ശരീഅത്തിന് മുകളിലുള്ള മതനിയമമായി മാറ്റുക എന്നതല്ല.
ഇന്ന് റൂമിയുടെ പേരിൽ ‘മതാതീത ആത്മീയത’ പ്രചരിപ്പിക്കുന്ന പലരും റൂമി യഥാർഥത്തിൽ ആരായിരുന്നുവെന്ന് മറന്നുപോകുന്നു. വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ്(അ) തന്റെ കൃതികളിൽ മൗലാനാ റൂമിയുടെ കാവ്യങ്ങളെ ആഴത്തിൽ ഉദ്ധരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ബറാഹീനെ അഹ്മദിയ്യ എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ അദ്ദേഹം റൂമിയെ ഉദ്ധരിച്ചുകൊണ്ട് എഴുതുന്നു:
“നേരായ പാത പിന്തുടരുന്നവർക്കായി എത്ര സുന്ദരമായ ഒരു തത്ത്വമാണിത്; മൗലവി [റൂമി] തന്റെ മസ്നവിയിൽ പകർന്നുനല്‍കിയ ഒരു പൈതൃകം: ‘കൗശലബുദ്ധി എന്നത് വിനയത്തിനും എളിമയ്ക്കും കടകവിരുദ്ധമാണ്; കൗശലം വെടിഞ്ഞ് വിനയം സ്വീകരിക്കുക, വിശപ്പും ദാഹവും സഹിച്ചു വലയുന്ന ഒരു മാതാവ് തന്റെ പിഞ്ചോമനയെ മടിയിൽ ചുമന്നുകൊണ്ട് അലഞ്ഞുതിരിയുന്നതുപോലെ.’”[8]
എന്നാൽ അതേ റൂമി തന്നെ പ്രവാചക മാതൃകയെയും സുന്നത്തിനെയും കൈവെടിയുന്നവർക്ക് നല്കിയ കർശനമായ താക്കീത് അദ്ദേഹത്തിന്റെ കാവ്യങ്ങളില്‍ നമുക്ക് വായിക്കാം:
پیشهٔ مردی زِ حق آموختیم
پہلوانِ عشق و یارِ احمدیم
പേശയെ മർദീ സെഹഖ് ആമൂഖ്തീം
പഹല്‍വാനെ ഇശ്ഖൊ യാറെ അഹ്മദീം
“ദൈവത്തില്‍ നിന്നാണ് പൗരുഷത്തിന്റെ പാഠം ഞങ്ങള്‍ അഭ്യസിച്ചത്; ദിവ്യപ്രണയത്തിന്റെ പോരാളികളും, അഹ്മദിന്റെ (മുഹമ്മദ്) സഖാക്കളുമാണ് ഞങ്ങള്‍!”[9]
در میانِ امتِ مرحوم باش
سنتِ احمد مهِل محکوم باش
ദര് മിയാനെ ഉമ്മത്തെ മര്‍ഹൂം ബാഷ്,
സുന്നത്തെ അഹ്മദ് മഹില്‍ മഹ്കൂം ബാഷ്
“ദൈവകാരുണ്യം ലഭിച്ച ഈ സമൂഹത്തില്‍ നിലകൊള്ളുക; അഹ്മദിന്റെ (മുഹമ്മദ്) സുന്നത്ത് കൈവിടാതെ അതിന് വിധേയനായി ജീവിക്കുക!”[10]
റൂമി തന്റെ മസ്നവിയിൽ വിശുദ്ധ ഖുർആനിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
گرچہ قرآن از لبِ پیغمبر است
ہر کہ گوید حق نگفت، او کافر است
ഗർചെ ഖുർആൻ അസ് ലബെ പെയ്ഗംബർ അസ്ത്
ഹർ കെ ഗൂയദ് ഹഖ് നഗുഫ്ത്, ഊ കാഫർ അസ്ത്
“പ്രവാചകന്റെ അധരങ്ങളിൽ നിന്നാണ് ഖുർആൻ പുറപ്പെട്ടതെങ്കിലും അത് ‘ദൈവം പറഞ്ഞതല്ല’ എന്ന് പറയുന്നവൻ നിഷേധിയാണ്.”[11]
ശരീഅത്തിനെ കേവലം പുറംതോടായും ആത്മീയതയെ അകക്കാമ്പായും കണ്ട്, കാമ്പ് കിട്ടിയാൽ തോടിനെ വലിച്ചെറിയാം എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ വേരുകളില്ലാതെ ഒരു വൃക്ഷത്തിനും പൂക്കൾ വിരിയിക്കാനാവില്ല. ആദ്യകാല സൂഫി ആചാര്യന്മാരോ കേരളത്തിലെ യഥാർഥ സൂഫി പണ്ഡിതന്മാരോ ഒരിക്കലും ശരീഅത്തിന് പുറത്തൊരു സമാന്തര ലോകം പണിതവരായിരുന്നില്ല.
യഥാർഥ ആത്മീയതയുടെ മാനദണ്ഡം: ‘ഫനാ’ മുതൽ ‘ലിഖാ’ വരെ
എന്താണ് ഇസ്ലാം വിഭാവനം ചെയ്യുന്ന സാക്ഷാൽ ആത്മീയത? വാഗ്ദത്ത മസീഹ് ഹദ്റത്ത് അഹ്മദ്(അ) മനുഷ്യാത്മാവിന്റെ പരിണാമത്തെയും സൂഫി സങ്കല്പങ്ങളായ ‘ഫനാ’, ‘ബഖാ’, ‘ലിഖാ’ എന്നിവയെയും ഖുർആനിക അടിത്തറയിൽ നിന്നുകൊണ്ട് വിശദീകരിക്കുന്നുണ്ട്.
മൃഗീയമായ പ്രേരണകളുടെ ഘട്ടമായ ‘നഫ്സെ അമ്മാറ’യിൽ നിന്ന്, സ്വയം വിമർശനത്തിന്റെയും പശ്ചാത്താപത്തിന്റെയും ‘നഫ്സെ ലവ്വാമ’യിലൂടെ സഞ്ചരിച്ച്, ഒടുവിൽ ദൈവപ്രീതിയിൽ സമ്പൂർണ ശാന്തി കണ്ടെത്തുന്ന ‘നഫ്സെ മുത്മഇന്ന’യിലേക്ക് ആത്മാവ് വളരുമ്പോഴാണ് യഥാർഥ ആത്മീയ വിപ്ലവം നടക്കുന്നത്. ഈ അവസ്ഥയെക്കുറിച്ച് ഹദ്റത്ത് അഹ്മദ്(അ) എഴുതുന്നു:
“ഒരാൾ തന്റെ സകല കഴിവുകളെയും സമ്പത്തിനെയും സ്വന്തം അസ്തിത്വത്തെത്തന്നെയും ദൈവമാർഗത്തിൽ സമർപ്പിക്കുന്നതിലൂടെയുള്ള പൂർണമായ കീഴടങ്ങലുണ്ട്; ഇത്തരത്തിലുള്ള ആത്മീയ മരണത്തെയാണ് സൂഫികൾ ‘ഫനാ’ എന്ന് വിശേഷിപ്പിക്കുന്നത്.”[12]
തുടർന്ന് ആ ആത്മീയ യാത്രയുടെ പൂർണതയെക്കുറിച്ച് അദ്ദേഹം ഇപ്രകാരം വാചാലനാകുന്നു:
“മനുഷ്യൻ സ്വന്തം അഹന്തയെ ദൈവഹിതത്തിന് മുന്നിൽ പൂർണമായി ഹോമിക്കുമ്പോൾ (ഫനാ), അല്ലാഹു അവന് പുതിയൊരു ആത്മീയ ജീവിതം നല്കുന്നു (ബഖാ). അപ്പോൾ അവൻ ദൈവവുമായി സമ്പൂർണ സാമീപ്യത്തിലും സംവാദത്തിലും (ലിഖാ) ആയിത്തീരുന്നു. എല്ലാ സത്യാന്വേഷികളുടെയും യാത്ര ആ ഘട്ടത്തിൽ പൂർത്തിയാകുന്നു; അങ്ങനെ മാനുഷിക ശ്രേഷ്ഠതകളുടെ വൃത്തം അവിടെ പൂർത്തിയാക്കപ്പെടുകയും ചെയ്യുന്നു.”[13]
ദൈവം മനുഷ്യനോട് സംസാരിക്കുന്ന (വഹ്യ്, ഇൽഹാം) കാലം അസ്തമിച്ചു എന്ന് വിധിയെഴുതിയ പണ്ഡിതലോകത്തിന് മുന്നിൽ, പ്രാർഥനകൾ കേൾക്കുകയും മറുപടി നല്‍കുകയും ചെയ്യുന്ന ഒരു ജീവിക്കുന്ന ദൈവത്തെയാണ് ഹദ്റത്ത് അഹ്മദ്(അ) പരിചയപ്പെടുത്തിയത്. തന്റെ ആത്മീയ ജീവിതത്തിലൂടെയും, പ്രാര്ഥനാസ്വീകാര്യതയുടെയും പ്രവചന പൂര്ത്തീകരണങ്ങളുടെയും നിരവധി ഉദാഹരണങ്ങളിലൂടെയും, ദൈവിക സംഭാഷണം ഇന്നും നിലക്കാത്ത പ്രവാഹമാണെന്ന് ആ ആത്മീയ നായകൻ തെളിയിക്കുകയുണ്ടായി.
എന്നാൽ, ഏതൊരു ദൈവിക വെളിപാടിന്റെയും കശ്ഫിന്റെയും സത്യത പരിശോധിക്കേണ്ടത്, അത് മനുഷ്യന്റെ ധാർമികതയെ എത്രത്തോളം ശുദ്ധീകരിക്കുന്നു എന്നതിലൂടെയും, വിശുദ്ധ ഖുർആനോടും തിരുനബി(സ)യുടെ സുന്നത്തിനോടുമുള്ള അതിന്റെ വിധേയത്വത്തിലൂടെയുമാണെന്ന് അദ്ദേഹം കർശനമായി പഠിപ്പിക്കുകയും ചെയ്തു.[14]
മധ്യമമാർഗം: ഒത്തുതീർപ്പല്ല, അടിസ്ഥാനപ്രമാണങ്ങളിലേക്കുള്ള മടക്കം
വിശുദ്ധ ഖുർആൻ മുസ്ലിം സമൂഹത്തെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്:
“അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ (മറ്റ്) മനുഷ്യരുടെ മേല്നോട്ടക്കാരാകുന്നതിനും ഈ പ്രവാചകന് നിങ്ങളുടെ മേല്നോട്ടക്കാരനാകുന്നതിനും വേണ്ടി.”[15]
ഈ മധ്യമമാർഗം നമ്മോട് ആവശ്യപ്പെടുന്നത് ആശയങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാനും, അതേസമയം വിയോജിക്കുന്നവരുടെ വ്യക്തിത്വത്തെയും അന്തസ്സിനെയും ആദരിക്കാനുമാണ്. അന്യരുടെ കുറവുകളെ മറച്ചുവെക്കുന്ന ‘സത്താർ’ ആയ ദൈവത്തിന്റെ ഗുണം സ്വന്തം ജീവിതത്തിൽ പകർത്താനും, വ്യക്തിഹത്യകൾക്ക് പകരം പ്രാർഥനയുടെയും സമാധാനപരമായ സംവാദത്തിന്റെയും ഭാഷ സ്വീകരിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
എന്നിരുന്നാലും, ആത്മീയതയെ കടിഞ്ഞാണില്ലാത്ത വ്യക്തിഗത അനുഭവങ്ങളിലേക്ക് മാത്രം വിട്ടുകൊടുത്താൽ അത് വ്യക്തിപൂജകളിലേക്കും അനാചാരങ്ങളിലേക്കും വഴിമാറാൻ ഇടയുണ്ട്. ആകർഷക വ്യക്തിത്വങ്ങൾ സ്വയം അധികാരകേന്ദ്രങ്ങളാകുന്ന അപകടത്തിൽനിന്ന് വിശ്വാസത്തെ സംരക്ഷിക്കാനും, ആത്മീയ അനുഭവങ്ങളെ വിശുദ്ധ ഖുർആന്റെയും സുന്നത്തിന്റെയും തൗഹീദിന്റെയും അതിരുകളിൽ നിലനിർത്താനും ദൈവികമായ ഒരു നേതൃത്വം അനിവാര്യമാണ്.
ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ നിലകൊള്ളുമെന്ന് പ്രവാചകന്(സ) സുവാര്‍ത്ത നല്കിയ വ്യവസ്ഥിതിയാണ് ഖിലാഫത്ത്. തന്റേയും സച്ചരിതരായ ഖലീഫമാരുടെയും കാലഘട്ടത്തിന് ശേഷം ഇസ്ലാമിന് അധഃപതനം സംഭവിക്കുമ്പോള്‍, അവസാനനാളില്‍ അല്ലാഹു വീണ്ടും ഖിലാഫത്ത് പുനഃസ്ഥാപിക്കും എന്ന് നബി തിരുമേനി(സ) പ്രവചനം ചെയ്തു. പ്രവാചകത്വത്തിന്റെ മാതൃകയിലുള്ള ഈ ഖിലാഫത്തിന്റെ സുരക്ഷിത തണലിൽ നിലകൊള്ളുമ്പോൾ മാത്രമാണ് ആത്മീയത അതിന്റെ വിശുദ്ധി നഷ്ടപ്പെടാതെ നിലനിൽക്കുന്നത്.
(തുടരും)
ലേഖകന്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ബി.ടെക് ബിരുദധാരിയാണ്. നിലവില്‍ അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ദേശീയ തലസ്ഥാനമായ ഖാദിയാനില്‍ ഐ.ടി അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.
കുറിപ്പുകള്‍
[1] 1998 ഏപ്രില്‍ 19-ന് ലണ്ടനില്‍ വച്ച് നടത്തിയ ചോദ്യോത്തര സദസ്സില്‍ നല്കിയ മറുപടിയില്‍ നിന്ന്, Review of Religions, ഡിസംബർ 2002, പേ. 30–31
[2] അൽ–അസ്ഹാറു ലി ദവാത്തിൽ ഖമാർ, വാ. 1, പേ. 104
[3] വിശുദ്ധ ഖുർആൻ 91:8–11
[4] വിശുദ്ധ ഖുർആൻ 13:29
[5] വിശുദ്ധ ഖുർആൻ 2:153
[6] വിശുദ്ധ ഖുർആൻ 3:32
[7] സ്ഹീഹുല് ബുഖാരി, കിതാബുൽ ഈമാൻ, ഹദീസ് നമ്പര്‍ 50
[8] ബറാഹീനെ അഹ്മദിയ്യ, മൂന്നാം ഭാഗം
[9] ദീവാനെ ശംസെ തബ്രീസി, ഗസൽ 1669
[10] മസ്നവിയെ മഅ്നവി, ദഫ്തർ 6
[11] മസ്നവിയെ മഅ്നവി, ദഫ്തർ 4
[12] ആഈനയെ കമാലാത്തെ ഇസ്ലാം, 2025 ഇംഗ്ലീഷ് പതിപ്പ്, പേ. 82
[13] ആഈനയെ കമാലാത്തെ ഇസ്ലാം, റൂഹാനീ ഖസാഇൻ, വാല്യം 5, പേജ് 63–72
[14] The Essence of Islam, വാ. 2, 79–86
[15] വിശുദ്ധ ഖുർആൻ 2:144 — “ഉമ്മത്തന്‍ വസതന്” എന്നാല്‍ ശ്രേഷ്ഠ സമൂഹം എന്നാണ് പൊതുവില്‍ പരിഭാഷപ്പെടുത്താറുള്ളത്. എങ്കിലും, “വസതന്” എന്നതിന്റെ പദാര്‍ഥം “മധ്യമം” എന്നാണെന്നും, അത്തരത്തില്‍ മധ്യമ നിലപാട് സ്വീകരിക്കുന്നത് ഈ സമുദായത്തിന്റെ ശ്രേഷ്ഠതയെ സൂചിപ്പിക്കുന്ന സവിശേഷതയാണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചതായി കാണാം.
0 Comments