എഫ്. എ. നെല്ലിക്കുന്ന്
റമദാന്‍റെ അനുഗ്രഹങ്ങളിലൂടെ കടന്നുപോകുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാനമായ രാവിനെ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായി വിശുദ്ധ ഖുര്‍ആൻ പ്രഖ്യാപിച്ച ആ രാവിന്‍റെ പേരത്രേ ലൈലത്തുൽ ഖദ്ർ അഥവാ നിര്‍ണ്ണയ രാവ്—വിശുദ്ധ ഖുര്‍ആൻ അവതരിച്ചു തുടങ്ങിയ രാവ്.
മലക്കുകൾ ധാരാളമായി ഈ രാവിൽ ഇറങ്ങുന്നതുകൊണ്ട് ഈ രാവ് ഏറെ അനുഗ്രഹീതമാകുന്നു. കാരണം മലക്കുകൾ പരിശുദ്ധരാണ് എന്നതിനാൽ, പരിശുദ്ധ ദാസരെ അന്വേഷിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ചുമതല മലക്കുകള്‍ക്ക് നല്കപ്പെട്ടിട്ടുണ്ട്. മനുഷ്യന് തെറ്റുകുറ്റങ്ങൾ സംഭവിക്കാവുന്നതാണ്. എന്നാൽ മലക്കുകളുടെ പ്രകൃതത്തിൽ തെറ്റുകുറ്റങ്ങളില്ല. എന്നുമാത്രമല്ല, തങ്ങളുടെ കര്‍ത്തവ്യം അവർ കൃത്യമായി നിര്‍വ്വഹിക്കുന്നു. ആയതിനാൽ മലക്കുകളുടെ പ്രാർത്ഥന കൂടുതൽ സ്വീകരിക്കപ്പെടുന്നു.
റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളിൽ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ അന്വേഷിച്ചുകൊളളുകയെന്ന നബി വചനം ഹദീസു ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നു.[1] ഇക്കാരണത്താൽ തന്നെ അവസാനത്തെ പത്തുദിവസങ്ങളിൽ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചുകൊണ്ട് പളളികളിൽ ഭജനമിരിക്കൽ (ഇഅ്തികാഫ്) ഏറെ പുണ്യം നേടാനുളള അവസരമാണ്. ദൈനംദിന ജീവിതത്തിലെ തിരക്കും മറ്റ് അസൗകര്യങ്ങളും മൂലം ഐച്ഛികമായ ആരാധനാ കര്‍മങ്ങള്‍ക്കും നന്മകള്‍ക്കും സമയത്തിന്‍റെ അപര്യാപ്തത നേരിടുമ്പോൾ പത്ത് ദിവസത്തെ മുഴുസമയ ആരാധനാ കര്‍മങ്ങളും, ദൈവസ്മരണയും, വിശുദ്ധ ഖുര്‍ആൻ പരായണവും, മതപഠനവുമെല്ലാം വലിയ പ്രതിഫലം നേടാനുള്ള കാരണമാകുന്നു.
ഭൗതിക ലോകത്തിന്‍റെ കെട്ടുപാടുകളും വര്‍ണശബളിമയും മനുഷ്യനെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വിശുദ്ധ റമദാനിൽ ശൈത്താനെ ബന്ധിച്ചുകൊണ്ടും ആത്മാവിന്‍റെ സംസ്കരണത്തിനും ആത്യന്തിക വിജയത്തിനും കളമൊരുക്കിക്കൊണ്ടും അല്ലാഹു തന്‍റെ ദാസരെ ഈ അവസരം ഫലപ്രദമായി പരലോക വിജയത്തിനായി വിനിയോഗിക്കുന്നതിന് ക്ഷണിക്കുകയാണ്.
വിശ്വാസകാര്യങ്ങളെ ഭൗതികകാര്യങ്ങളെക്കാൾ മുന്തിക്കുന്നവർ ഈ ക്ഷണത്തെ ആത്മീയാനുഭൂതിയുടെ ഉത്തുംഗ ശ്രേണിക്കുളള അവസരമായി കണക്കാക്കിക്കൊണ്ട് അതിലേക്ക് ഓടിയടുക്കുന്നു. എന്നാൽ ഇപ്രകാരം വിശ്വാസത്തെ മുന്തിക്കുന്നതിൽ പതറുന്നവര്‍ക്ക് പതിവുപോലെ ആത്മീയാനുഭൂതിക്കുളള അവസരം നഷ്ടപ്പെടുകയും അവര്‍പിന്തളളപ്പെടുകയും ചെയ്യുന്നു.
എന്താണ് വിധി നിര്‍ണായക രാത്രി?
ഒരു ആത്മീയ പരിഷ്കര്‍ത്താവിന്‍റെ, വിശിഷ്യാ ഒരു പ്രവാചകന്‍റെ, ആഗമന കാലഘട്ടത്തെയാണ് ‘ലൈലത്തുൽ ഖദ്ർ’ പ്രഥമമായും സൂചിപ്പികുന്നത്. കാരണം, ആത്‌മീയപ്രകാശം പരിപൂര്‍ണമായും അപ്രത്യക്ഷമാകുകയും എങ്ങും അന്ധകാരം വ്യാപിക്കുകയും ചെയ്യുന്ന കാലത്താണ് അവർ നിയോഗിതരാകുന്നത്. ഈ അര്‍ഥത്തിൽ, ലൈലത്തുൽ ഖദ്ർ ഒരു രാത്രിയെയല്ല, മറിച്ച് ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നു.
വിശുദ്ധ പ്രവാചകൻ മുഹമ്മദ്(സ)യുടെ ആഗമനം ഇത്തരത്തിൽ ഒരു നിര്‍ണയരാവായിരുന്നു. കാരണം അന്ധകാര നിബിഡമായിരുന്ന അറേബ്യൻ മണലാരണ്യത്തെ പ്രഭാപൂരിതമാക്കിയ മഹാസംഭവമായിരുന്നു നബി തിരുമേനി(സ)യുടെ ആഗമനം. അനേകം മൃതപ്രായര്‍ക്ക് ജീവാമൃതത്തെയും അന്ധകാര ഗര്‍ത്തങ്ങളിൽ പതിച്ച നിത്യദുഃഖിതര്‍ക്ക് സൂര്യതേജസ്സിനെയും ലഭിക്കാനിടയാക്കിയ പരിശുദ്ധമായ ആഗമനമായിരുന്നു അത്. ആയതിനാൽ, ലോകത്തിലെ ഏറ്റവും വലിയ ലൈലത്തുൽ ഖദ്ർ ഇതു തന്നെയായിരുന്നു എന്ന് പറയാം.
അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകനും വാഗ്ദത്ത മസീഹുമായ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‍മദ്(അ) ലൈലത്തുല്‍ ഖദ്റിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു:
“അന്ധകാരം അതിന്‍റെ പൂര്‍ണതയിൽ പരമസീമയിൽ എത്തിച്ചേരുന്ന ഇരുളടഞ്ഞ കാലഘട്ടത്തിനാണ് ‘ലൈലത്തുൽ ഖദ്ർ’ എന്ന് പറയുന്നത്. തന്നിമിത്തം, ആ കാലത്ത് സ്വാഭാവികമായും അന്ധകാരത്തെ നീക്കുന്ന ഒരു പ്രകാശം അവതരിപ്പിക്കണമെന്ന് അതാവശ്യപ്പെടുന്നു. ഈ കാലത്തിനാണ് ആലങ്കാരികമായി ‘ലൈലത്തുൽ ഖദ്ർ’ എന്ന് പേരിട്ടിട്ടുളളത്. യഥാര്‍ഥത്തിൽ ഇത് രാവല്ല, ഒരു കാലഘട്ടമാകുന്നു. അന്ധകാരം നിമിത്തം അതു രാവിന്‍റെ നിറമാര്‍ന്നു. നബിയുടെ അഥവാ നബിയുടെ ആത്മീയ പിന്തുടര്‍ച്ചക്കാരന്‍റെ ചരമത്തിന് ശേഷം ആയിരം മാസം അതായത് ഒരു പുരുഷായുസ് അവസാനിക്കാനടുക്കുന്ന മനുഷ്യന്‍റെ ഇന്ദ്രിയശക്തികൾ അവനിൽ നിന്ന് വിടപറഞ്ഞു തുടങ്ങുന്ന സമയം കഴിയുമ്പോൾ ഈ രാത്രി അതിന്‍റെ നിറം ഒരുമിച്ചുകൂട്ടാൻ തുടങ്ങുന്നു. അപ്പോൾ സ്വര്‍ഗീയമായ പ്രവര്‍ത്തനങ്ങളാൽ ഒളിഞ്ഞ നിലയിൽ ഒന്നോ അധികമോ മുസ്‌ലിഹീങ്ങളുടെ വിത്തിടപ്പെടുന്നു. അതു പുതിയ നൂറ്റാണ്ടിന്‍റെ തലക്കൽ വെളിപ്പെടുന്നതിനു വേണ്ടി ഉളളിൽ നിന്നും തന്നെ തയ്യാറെടുത്ത് തുടങ്ങുന്നു. ഇതിലേക്കാണ് പ്രതാപവാനായ അല്ലാഹു ‘ലൈലത്തുൽ ഖദ്റി ഖൈറും മിൻ അല്‍ഫി ശഹ്ർ’ എന്ന സൂചന നല്കുന്നത്. അതായത് ലൈലത്തുൽ ഖദ്റിന്‍റെ പ്രകാശത്തെ കാണുന്ന കാലഘട്ടത്തിന്‍റെ പരിഷ്കര്‍ത്താവിന്‍റെ സാമീപ്യ സമ്പര്‍ക്കം നേടുന്ന ആൾ ആ ദീപ്തിമത്തായ കാലഘട്ടത്തെ പ്രാപിച്ചിട്ടില്ലാത്ത ഒരു എണ്‍പതുകാരൻ വൃദ്ധനേക്കാളും ശ്രേഷ്ഠനാകുന്നു. ആ കാലഘട്ടത്തിന്‍റെ ഒരു ‘സാഅത്ത്’ അഥവാ ഒരു നിമിഷമെങ്കിലും പ്രാപിച്ചിട്ടുണ്ടെങ്കിൽ ആ ഒരു നിമിഷം കഴിഞ്ഞുപോയ ആയിരം മാസങ്ങളേക്കാൾ—ഒരു പുരുഷായുസ്സിനേക്കാൾ—ശ്രേഷ്ഠതരമാകുന്നു.”[2]
മലക്കുകൾ അധികമായി ഇറങ്ങുന്ന കാലം
“അതിൽ മലക്കുകളും ആ പരിപൂര്‍ണാത്മാവും തങ്ങളുടെ നാഥന്‍റെ അനുമതിയോടെ സകല കല്പനകളും കൊണ്ട് ഇറങ്ങുന്നതാണ്.അത് തികച്ചും സമാധാനമാകുന്നു. പ്രഭാതോദയം വരെ.”[3]
മലക്കുകളുടെ ഇറക്കം അധികമായി സംഭവിക്കുക എന്നത് ലൈലത്തുൽ ഖദ്റിന്‍റെ ഒരു സവിശേഷതയാണെന്ന് മേൽ ഖുര്‍ആൻ വചനം സൂചിപ്പിക്കുന്നു. ഒരു ദൈവദൂതന്‍റെ അവതരണ കാലഘട്ടമാണ് ലൈലത്തുൽ ഖദ്ർ കൊണ്ടുള്ള പ്രഥമ വിവക്ഷ എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ആ ദൈവദൂതന്‍റെ സഹായികളായി അദ്ദേഹത്തോടൊപ്പം ധാരാളം മലക്കുകൾ ഇറങ്ങുന്നു എന്ന വസ്തുതയിലേക്കാണ് പ്രസ്തുത വചനം വിരൽ ചൂണ്ടുന്നത്.
യഥാര്‍ഥത്തിൽ പ്രവാചകന്മാർ ലോകത്ത് കൊണ്ടുവരുന്ന ആത്മീയവിപ്ലവത്തില്‍ മലക്കുകളുടെ ഈ ഇറക്കം വലിയ പങ്ക് വഹിക്കുന്നുണ്ട്.
ദൈവദൂതരുടെ കൂടെ ഇറങ്ങുന്ന മലക്കുകൾ യോഗ്യരായ ജനങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയും, സാധാരണ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ആ ഹൃദയങ്ങള്‍ക്ക് പരിവര്‍ത്തനം സംഭവിക്കുകയും, അവർ ദൈവദൂതനാൽ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.
പ്രവാചകന്മാര്‍ക്ക് പുറമെ, ആത്മീയ പരിഷ്കര്‍ത്താക്കളും, വലിയ്യുമാരും, മലക്കുകളുടെ സാന്നിധ്യത്താൽ സജ്ജനങ്ങളെ ആകര്‍ഷിക്കുന്നു. ഇത്തരത്തിൽ, മലക്കുകളുടെ ഇറക്കവും പ്രഭാവവും മൂലം ദൈവീക മതത്തിന്‍റെ സത്യതയും സ്വീകാര്യതയും വര്‍ധിക്കുകയും, അപ്രകാരം ധാരാളം മനുഷ്യാത്മാക്കൾ സത്യമതത്തിന്‍റെ സ്വാധീനവലയത്തിലാകുകയും ചെയ്യുന്നു. എങ്കിലും, ആത്മീയ വ്യക്തികളുടെ പദവികള്‍ക്കനുസരിച്ച് മലക്കുകളുടെ സാന്നിധ്യത്തിലും പ്രഭാവത്തിലും വ്യത്യാസമുണ്ടാകുന്നു. അതുകൊണ്ടുതന്നെ, ഏറ്റവുമധികം ഹൃദയ പരിവര്‍ത്തനം നടത്തപ്പെടുകയും ആത്മീയവിപ്ലവം സംഭവ്യമാകുകയും ചെയ്യുന്നത് പ്രവാചകന്മാരിലൂടെയാണ്.
പ്രവാചകരുടെയും മറ്റു ആത്മീയ പുരുഷന്മാരുടെയും നിയോഗകാലത്ത് മലക്കുകൾ മുഖാന്തിരം സംഭവിക്കുന്ന ഇത്തരം പരിവര്‍ത്തനങ്ങളെക്കുറിച്ച് വാഗ്ദത്ത മസീഹ്(അ) പറയുന്നു:
“മലക്കുകൾ ഇറങ്ങിയെന്നു പറയുന്നതിന്‍റെ പൊരുളെന്തെന്നു മനസ്സിലാക്കാതെ അജ്ഞരായ ചിലർ അമ്പരക്കുന്നുണ്ടാവാം. മനുഷ്യരുടെ സമുദ്ധാരണാര്‍ഥം ഏതെങ്കിലും റസൂലോ നബിയോ മുഹദ്ദസോ ആകാശത്തിൽ നിന്ന് ഇറങ്ങുമ്പോൾ അതോടൊപ്പം സഹയാത്രികരായി യോഗ്യതയുളള ഹൃദയങ്ങളിൽ പ്രവേശിച്ചു മാര്‍ഗനിര്‍ദേശം നല്കുകയും നന്മക്കു പ്രചോദനം ഉണ്ടാക്കുകയും ചെയ്യുന്ന അത്തരം മാലാഖമാർ ഇറങ്ങിക്കൊണ്ടിരിക്കും എന്നത് അല്ലാഹു അനുവര്‍ത്തിച്ചുവന്നിട്ടുളള പ്രവര്‍ത്തനശൈലി തന്നെയാണെന്നു വ്യക്തമാക്കിക്കൊളളട്ടെ. അവിശ്വാസവും അധര്‍മവും അകന്നു സത്യവിശ്വാസത്തിന്‍റെയും സന്മാര്‍ഗത്തിന്‍റെയും പ്രഭാതം പൊട്ടിവിരിയുന്നതുവരെ ഈ മലക്കുകളുടെ ഇറക്കം തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ്.”[4]
അഥവാ, ആ കാലഘട്ടത്തിൽ മലക്കുകൾ ഇറങ്ങുന്ന കാരണം ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശപ്പൊലിമ ഉണ്ടാകുകയും സദ്‌വിചാരങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. നാനാഭാഗത്തും നന്മയുടെ കാറ്റ് ശക്തമായി വീശുകയും, ലോകർ കൂട്ടം കൂട്ടമായി സത്യമതത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും, തിന്മകള്‍ക്ക് ശോഷണവും നന്മകള്‍ക്ക് പ്രസരിപ്പും അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ അജ്ഞരായ ജനം ഈ പരിവര്‍ത്തനത്തിന്‍റെ കാരണം മനസ്സിലാക്കാൻ സാധിക്കാതെ അമ്പരന്ന് നില്ക്കുന്നു. യഥാര്‍ഥത്തിൽ ഈ പരിവര്‍ത്തനമെല്ലാം ആ ദൈവനിയോഗിതന്‍റെ കൂടെ ആകാശത്തു നിന്നിറങ്ങിയ മലക്കുകളുടെ പ്രവൃത്തിഫലമാണ്.
ഈ അസാമാന്യമായ ആത്മീയ പരിവര്‍ത്തനത്തിന് പുറമെ പ്രവാചകന്മാര്‍ക്ക് മലക്കുകൾ മുഖേന അത്ഭുതകരമായ ഭൗതിക സഹായങ്ങളും ലഭിക്കുന്നു.
ഇതിന്‍റെ ഒരു പ്രത്യക്ഷ ഉദാഹരണമായിരുന്നു ബദ്ർ യുദ്ധത്തിലെ സംഭവങ്ങൾ. കേവലം 313 പേരടങ്ങുന്ന, ഭൗതികമായ കാഴ്ചപ്പാടിൽ ബലഹീനരായി ഗണിക്കപ്പെട്ട, കാര്യമായ ആയുധബലമില്ലാത്ത വിശ്വാസിസംഘം സര്‍വസജ്ജരായ 1000 പേരടങ്ങുന്ന ശത്രുസംഘത്തെ ജയിച്ചടക്കുകയുണ്ടായി. ഇവിടെയും വിശ്വാസികള്‍ക്ക് സഹായകമായ ഘടകം മലക്കുകളുടെ സാന്നിധ്യമായിരുന്നു. ബദ്ർ യുദ്ധം കൂടാതെ, നബി തിരുമേനി(സ)യുടെ മുഴു വിജയങ്ങളിലും അല്ലാഹു തന്‍റെ മലക്കുകളെ സഹായത്തിനായി അയക്കുകയായിരുന്നു. കേവലം 23 വര്‍ഷങ്ങൾ കൊണ്ട് സംഭവിച്ച ഇസ്‌ലാമിന്‍റെ മഹാവിജയ ചരിത്രത്തെ അതുകൊണ്ടുതന്നെ അതുല്യമെന്നേ വിശേഷിപ്പിക്കാൻ സാധിക്കുകയുളളൂ.
വ്യക്തിഗതമായ ലൈലത്തുൽ ഖദ്ർ
ഇനി ഓരോ വ്യക്തിയെ സംബന്ധിച്ചും ഒരു ലൈലത്തുൽ ഖദ്റുണ്ട്. അത് അവന്‍റെ ജീവിതത്തെ പരിവര്‍ത്തന വിധേയമാക്കുന്ന ലൈലത്തുൽ ഖദ്റാണ്. നന്മകൾ സ്വായത്തമാക്കണമെന്നും, തിന്മകളെ കൈവെടിയണമെന്നുമുളള ഒരുവന്‍റെ ഹൃദയത്തിന്‍റെ വിളി ഇത്തരത്തിൽ ലൈലത്തുൽ ഖദ്റാണ്. യഥാര്‍ഥത്തിൽ മനുഷ്യൻ അവന്‍റെ സ്രഷ്ടാവിനെ തിരിച്ചറിഞ്ഞു തുടങ്ങുന്നതു മുതൽ അവന്‍റെ ലൈലത്തുൽ ഖദ്ർ ആരംഭിക്കുന്നു.
സ്രഷ്ടാവിനെ തിരിച്ചറിഞ്ഞതിനുശേഷം അവൻ സ്രഷ്ടാവിനെ തൃപ്തിപ്പെടുത്തുന്ന കര്‍മങ്ങളിലേക്ക് ശ്രദ്ധിച്ച് തുടങ്ങുന്നു. തനിക്ക് തന്‍റെ രക്ഷിതാവ് മതിയായവനാണെന്നും മറ്റെല്ലാ ബന്ധങ്ങളും നൈമിഷികമാണെന്നും അവൻ തിരിച്ചറിയുന്നു. തന്‍റെ ഓരോ കര്‍മവും സമ്പൂര്‍ണമായി സ്രഷ്ടാവിലേക്കെത്തിച്ചേരാൻ അവൻ കൊതിക്കുന്നു. കാരണം, ഭൗതിക താത്പര്യങ്ങളുടെയോ, പ്രകടാനാത്മകതയുടെയോ കറപുരളാത്ത കര്‍മങ്ങളാണ് സമ്പൂര്‍ണ യോഗ്യമായ കര്‍മങ്ങൾ.
അതുകൊണ്ടുതന്നെ, നിര്‍ബന്ധ കര്‍മങ്ങള്‍ക്കു പുറമെ ഒരു വ്യക്തി ഐച്ഛികമായ കര്‍മങ്ങൾ കൂടി നിര്‍വഹിക്കുമ്പോൾ മാത്രമേ അവന് സ്രഷ്ടാവുമായി അഗാധമായ ബന്ധം സാധ്യമാവുകയുളളൂ. അവൻ ഏത് കര്‍മം ചെയ്യുകയാണെങ്കിലും അത് ദൈവസ്മരണയോടുകൂടിയായിരിക്കും. രാത്രിയുടെ യാമങ്ങളിൽ അവൻ തന്‍റെ രക്ഷിതാവുമായി സംവദിക്കുന്നു. തന്‍റെ രക്ഷിതാവിൽ നിന്നുളള വിശുദ്ധ ഗ്രന്ഥത്തെ പാരായണം ചെയ്യുകയും, അതിൽ ധാരാളമായി ചിന്തിക്കുകയും ചെയ്യുന്നു. ലോകത്തിന് കാരുണ്യമായവതരിച്ച വിശുദ്ധ പ്രവാചകന്‍റെ(സ) മേൽ ധാരാളമായി പ്രാർത്ഥനകൾ ചൊല്ലുന്നു. അതുവഴി മാത്രമേ തന്‍റെ കര്‍മങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാൻ സാധിക്കുകയുളളൂവെന്ന് അവന്‍റെ ലൈലത്തുൽ ഖദ്ർ അവനെ പഠിപ്പിക്കുന്നു.
ഈ ലൈലത്തുൽ ഖദ്റിൽ ഒരു വ്യക്തി തന്‍റെ മനസ്സിനകത്തുളള സര്‍വ വിഗ്രഹങ്ങളെയും ഉടയ്ക്കാൻ ശ്രമിക്കുന്നു. അതായത് അഹങ്കാരം, അഹംഭാവം, പൊങ്ങച്ചം, തൻപോരിമ, തന്‍പ്രമാണിത്തം, ദുര്‍ഭാവന, ദുര്‍നോട്ടം, സ്വാര്‍ഥത തുടങ്ങിയ അനേകം ചെറുതും വലുതുമായ വിഗ്രഹങ്ങൾ. ഇപ്രകാരം ഹൃദയ ശുദ്ധീകരണം നടക്കുമ്പോൾ അവന്‍റെ ലൈലത്തുൽ ഖദ്ർ പ്രകാശ പൂരിതമാകുകയും മലക്കുകൾ അവന് ആശംസകളര്‍പ്പിക്കുകയും, സ്വര്‍ഗസമാനമായ ആത്മീയാനുഭൂതിയിലേക്ക് അവൻ പ്രവേശിക്കുകയും ചെയ്യുന്നു.
ഇപ്രകാരം ലൈലത്തുൽ ഖദ്ർ വഴി പ്രകാശപൂരിത ഹൃദയത്തിനുടമയായിത്തീര്‍ന്ന് തന്നിൽ ലയിച്ച തന്‍റെ ദാസനെകുറിച്ച് അല്ലാഹു പറഞ്ഞിരിക്കുന്നത്, അവന്‍റെ കൈ എന്‍റെ കൈയും, അവന്‍റെ കാലുകൾ എന്‍റെ കാലുകളും, അവന്‍റെ നാവ് എന്‍റെ നാവും അവന്‍റെ ശത്രു എന്‍റെ ശത്രുവുമാണ് എന്നാണ്.
ഈ ഉദ്ദേശ്യലബ്ധിക്കുള്ള ഏറ്റവും നല്ല അവസരമാണ് ഓരോ വിശ്വാസിക്കും റമദാനിലൂടെ ലഭിക്കുന്നത്. നാമെല്ലാവരും ഈ റമദാനിൽ ലൈലത്തുൽ ഖദ്റിനു വേണ്ടി പരിശ്രമിച്ച് അത് ലഭ്യമാകുന്നവരും, പ്രകാശപൂരിതമായ വദനവും, ഹൃദയവുമുളളവരായി മാറുന്നവരുമാകാൻ സര്‍വശക്തൻ തുണക്കട്ടെ. ആമീൻ.
ലേഖകന്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് തിരുവനന്തപുരം വിഭാഗത്തിന്‍റെ ജനറല്‍ സെക്രട്ടറിയാണ്.
കുറിപ്പുകള്‍
[1] സഹീഹുൽ ബുഖാരി, കിത്താബ് അത്-തറാവീഹ് (റമദാനിലെരാത്രി നമസ്ക്കാരങ്ങളെ സംബന്ധിച്ച അധ്യായങ്ങൾ)
[2] ഫത്ഹെ ഇസ്‌ലാം (ഇസ്‌ലാമിന്‍റെ വിജയം), പേജ്. 61-62
[3] വിശുദ്ധ ഖുര്‍ആൻ 97:5-6
[4] ഫത്ഹെ ഇസ്‌ലാം (ഇസ്‌ലാമിന്‍റെ വിജയം), പേജ്. 31 ഫൂട്ട്നോട്ട്
0 Comments